Monday, June 25, 2018

ശവം പള്ളിയ്ക്കകത്ത് അടക്കിയതിനെക്കുറിച്ച് ഒരു വിവരണം (1866)

244. ഒളശയില്‍ ....... ചാക്കോയുടെ മകന്‍ കത്തനാര്‍ ..... മര്‍ക്കോസ് കത്തനാരുടെ മകള്‍ ചാച്ചി എന്ന പെണ്ണിനെ കെട്ടിയിരുന്നാറെ അവര്‍ക്കു എട്ടു മാസം ഗര്‍ഭം ആയപ്പോള്‍ ദേഹമൊക്കെയും നീരുവന്നു കോട്ടയത്ത് .... കൊണ്ടുവന്നു പാര്‍പ്പിച്ച് പ്രസവം കഴിഞ്ഞു നാലാറു ദിവസം കഴിഞ്ഞാറെയും ദീനത്തിനു ഭേദം വരാതെ മരിച്ചുപോകയും ഘോഷത്തോടുകൂടെ ചെറിയപള്ളിയില്‍ കൊണ്ടുപോയി പള്ളിയകത്ത് മുന്‍ ശെമ്മാശന്മാരെ അടക്കിവരുന്ന സ്ഥലത്ത്  പള്ളിയകത്തു അഴിക്കുനേരെ തെക്കുവശത്തു പെട്ടിയില്‍ വച്ച് 1042-മാണ്ടു വൃശ്ചിക മാസം 14-നു അടക്കുകയും ചെയ്തു. എന്നാല്‍ ഇനിമേലില്‍ പള്ളിയകത്ത് പട്ടക്കാരെ അല്ലാതെ ആരെയും അടക്കികൂടാ എന്നു നിശ്ചയിച്ചു പള്ളിക്കു പടിഞ്ഞാറ് നാടകശാല തീര്‍പ്പിച്ച് വളരെ സംവത്സരം മുമ്പുതൊട്ടു പ്രഭുക്കന്മാരെ കൂടെയും അതില്‍ അടക്കി വരുന്നതും പ്രസവം കഴിഞ്ഞാല്‍ 54 ദിവസം കഴിയാതെ സ്ത്രീകള്‍ പള്ളിയകത്തു പ്രവേശിച്ചു കൂടായെന്നു പ്രത്യേകം വേദമര്യാദ ഉള്ളതും ആയിരിക്കുമ്പോള്‍ ഈ ശവം പള്ളിയകത്തു അടക്കണമെന്നു തോന്നിയത് ഹൃദയത്തിന്‍റെ വന്‍ കുരുട്ടും അഹമ്മതിയുടെ ഉച്ചവും ദൈവനിഷേധവും ആകുന്നു എന്ന് കുരുടന്മാര്‍ അല്ലാത്തവര്‍ക്ക് അറിയാവുന്നതും ആകുന്നു. അതു തന്നെയുമല്ല വേങ്കടത്തു കത്തനാരച്ചന്മാരെന്നു പേരു പറയുന്ന അച്ചന്മാര്‍ മുതലായ എല്ലാ അച്ചന്മാരും കൂടി ........ കത്തനാര്‍ക്കു കുറെ ദിവസം മുമ്പ് പാലക്കുന്നന്‍റെ അമിശ മുടക്കു വരുത്തി കുര്‍ബ്ബാന ചൊല്ലിക്കൂടാ എന്നു വിരോധിച്ചത് ...ക്കന്‍റെ അവധിയില്‍ ഉണ്ടാകുന്ന വരവ് അനുഭവിക്കാമെന്നു കരുതികൊണ്ട് ആകുന്നുവെന്നും ഈ ദൈവവിരോധവും ന്യായക്കേടും ആയി പള്ളിയകത്തു ശവം അടക്കിയതിനെക്കുറിച്ച് അല്പമെങ്കിലും വിരോധം പറഞ്ഞാല്‍ അതില്‍ വച്ച് ഒരു കാശിനു ........ ഉപകാരം ഇല്ലാത്തതുകൊണ്ടു ആകുന്നു എന്നും വിചാരിച്ചാല്‍ എല്ലാവര്‍ക്കും അറിയാവുന്നതും ആകുന്നു. വിശേഷിച്ചും നാടകശാല എന്നു പറഞ്ഞാല്‍ സ്ത്രീകള്‍ വേഷം ധരിച്ചു നാടകം കളിക്കുന്ന ഒരു പുരയുടെ പേരായിരിക്കുമ്പോള്‍ പള്ളിയുടെ മുഖമണ്ടപമെന്ന പേരു പറവാന്‍ ന്യായമായിരിക്കുമ്പോള്‍ നാടകശാലയെന്നു അഹമ്മതി ആയി ഇപ്പറഞ്ഞ അവസ്ഥയ്ക്കു യോഗ്യമുള്ളതായ ആ പേരോടുകൂടെ ഈ പ്രവൃത്തിയെയും കൂട്ടിനോക്കുമ്പോള്‍ ശരാശരി ആയി കാണുന്നു. മുന്‍ യൂദന്മാരുടെ ശുദ്ധമുള്ള ആലയത്തില്‍ പന്നിയെ അറുത്തു ബലി കഴിച്ചതും ഇപ്പോള്‍ മലയാളത്തിലുള്ള അസീറിയാക്കാരുടെ പള്ളികളില്‍ ചെയ്തുവരുന്ന ക്രിയകളും തമ്മില്‍ കൂട്ടിനോക്കിയാല്‍ നന്നായി ചേര്‍ന്നു കാണുന്നു. എങ്ങനെ ആയാലും .......... 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Monday, June 18, 2018

തൊഴിയൂര്‍ വ്യവഹാരം (1861)

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

രണ്ടാം വിവാഹത്തിന് അനുമതി

185. കോട്ടയത്തു വലിയപള്ളി ഇടവകയില്‍ ചേര്‍ന്ന മൂഴിയില്‍ പോത്തന്‍ എന്നവന്‍ ...... കൊച്ചീരിയം എന്നവളെ കെട്ടിയതു മുതല്‍ അവള്‍ അവന്‍റെ കൂടെ പാര്‍ക്കാതെ ആങ്ങളമാരുടെ കൂടെ പാര്‍ത്ത് വ്യഭിചാരം ചെയ്ത് ആങ്ങളമാര്‍ക്കു വളരെ ലാഭമുണ്ടാക്കി കൊടുത്തുവരുമ്പോള്‍ ഒടുക്കം കോട്ടയത്തു ........ ജോനകന്‍ കുഞ്ഞെനായുടെ മകന്‍ അവള്‍ക്കു ഗുണദോഷമായി ഗര്‍ഭം ഉണ്ടാകകൊണ്ടു അവള്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചശേഷം അവള്‍ ജോനകവേദത്തില്‍ ചേര്‍ന്നു അവന്‍റെകൂടെ പാര്‍ത്തുവരുന്നു. അതിനാല്‍ പോത്തനെക്കൊണ്ടു വേറെ കെട്ടിച്ചുകൊള്ളുന്നതിനു 1861 മത വൃശ്ചികമാസം 28-നു മാര്‍  കൂറിലോസ് ബാവാ സാധനം കൊടുത്തയക്കയും ചെയ്തു.

കാട്ടുമങ്ങാട്ടു റമ്പാന്‍റെ സ്ഥാനം: കൊച്ചി രാജാവിന്‍റെ തീട്ടൂരം

184. ഒന്നാം പുസ്തകം 26 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കാട്ടുമങ്ങാടന്‍റെ സ്ഥാനം ശരിയല്ലെന്നു നിശ്ചയിച്ചും മൂന്നാം പുസ്തകം നാലാം ലക്കത്തില്‍ പറയുന്ന തീട്ടൂരത്തിനു വിരോധമായും പെരുമ്പടപ്പില്‍ നിന്നു എഴുതിയ തീട്ടൂരത്തിനു പകര്‍പ്പ്.

അരുളിചെയ്ക. നമ്മുടെ മാര്‍ തോമ്മന്‍ മെത്രാനു. എന്നാല്‍ പരരാജ്യത്തുനിന്നും വന്നിരുന്ന മെത്രാനോടു കാട്ടുമങ്ങാട്ടു റമ്പാന്‍ സ്ഥാനങ്ങള്‍ ഏറ്റതിന്‍റെ ശേഷം ആയതു മര്യാദ അല്ലാതെ ചെയ്തിരിക്കുന്നതാകുന്നു എന്നും കീഴിലെപോലെ നടത്തിച്ചു തരണമെന്നും പുത്തന്‍കുറ്റിലുള്ള ആളുകളും മെത്രാനും കൂടി നമ്മോടു സങ്കടം പറകകൊണ്ടു കീഴ്മര്യാദ നടന്നുവന്നിരിക്കുന്നതിനെ നാം വിചാരിച്ചാറെ കാട്ടുമങ്ങാട്ടു റമ്പാനു മെത്രാന്‍റെ സ്ഥാനം ഏല്‍പ്പാന്‍ ന്യായമുള്ളതല്ലെന്നു നമുക്കു ബോധിക്കകൊണ്ടും കൊച്ചിയില്‍ കോട്ടയില്‍ കുമരേലില്‍ കേട്ടാറെയും ന്യായമല്ലെന്നു വിധിച്ചു അപ്രകാരം നമുക്കു കോട്ടയില്‍ നിന്നും എഴുതി വരികകൊണ്ടും കാട്ടുമങ്ങാട്ടു റമ്പാനു മെത്രാന്‍റെ സ്ഥാനം ഏല്‍പ്പാന്‍ ന്യായമില്ലെന്നു നാം നിശ്ചയിച്ച് കാട്ടുമങ്ങാട്ടു റമ്പാനെ മെത്രാന്‍റെ അടുക്കല്‍ കൂട്ടി അയയ്ക്കുന്നു. കാട്ടുമങ്ങാട്ടു റമ്പാന്‍ മെത്രാന്‍റെ സ്ഥാനം എടുക്കുന്നതിനു മുമ്പേ കീഴില്‍ നടന്നുവെന്നപ്രകാരം ഒരു പോരായ്ക വരുത്താതെ നടത്തിച്ചു കൊള്ളുമാറും കല്പിച്ചു നാം നീട്ടും തന്നു. 

എന്ന് കൊല്ലം 1029 മത മിഥുന മാസം 21-നു കല്പിച്ച അരുളിയമെയ്ക്കു ചിറയ്ക്കല്‍ കോവിലകത്തു ഇരുന്തരുളെ പള്ളിയില്‍ കണ്ടന്‍ കുമാരന്‍ കൈഎഴുത്ത്.

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

സുറിയാനി കത്തോലിക്കരുടെ ഇടയിലെ തര്‍ക്കങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും (1861)

169. മലയാളത്തു നിന്നും ബഗദാദിനു പോയിരുന്ന കലല്‍ദായക്കാരായ അന്തോന്‍ കത്തനാരു മുതല്‍പേരും മാര്‍തോമ്മാ മെത്രാപ്പോലീത്താ ഒരുമിച്ചു 1861 മത മേട മാസം 21-നു കൊച്ചിയില്‍ വന്നു ഇറങ്ങികൊള്‍കയും ചെയ്തു. ആ മെത്രാന്‍ മൂസലല്‍കാരന്‍ ആകുന്നു. മേലെഴുതിയ പാലാ പള്ളിയില്‍ കുടക്കച്ചറെ അന്തോനി കത്തനാരും ഭരണങ്ങാനത്തു പള്ളിയില്‍ തൊണ്ടനാട്ടു അന്തോനി കത്തനാരും കൂടെ ബഗദാദില്‍ നിന്നു അവരുടെ സ്വന്ത ഒരു കല്‍ദായ സുറിയാനി മെത്രാനെ കൊണ്ടുവരണമെന്നു വിചാരിച്ച് അഞ്ചു വര്‍ഷം മുമ്പേ കപ്പല്‍ കയറി ചെന്നു ബഗദാദിലെ കല്‍ദായ പാത്രിയര്‍ക്കീസെന്നു പേരായിരിക്കുന്ന യൗസേപ്പ് പാത്രിയര്‍ക്കീസിനെ കണ്ടതിന്‍റെ ശേഷം ഉറപ്പായിട്ടു പള്ളിക്കാരുടെ എഴുത്തു കൊണ്ടുചെന്നാല്‍ മെത്രാനെ അയയ്ക്കാമെന്നു പറയുക കൊണ്ട് തൊണ്ടനാട്ടു കത്തനാരെ അവിടെ പാര്‍പ്പിച്ചുംവച്ച് കുടക്കച്ചറെ കത്തനാരു മലയാളത്ത് തിരികെ വന്നു എഴുത്തുകളും വാങ്ങി പല ദിക്കുകാരായിട്ടും ശെമ്മാശന്മാരായിട്ടും പിള്ളേരായിട്ടും ശേഖരിച്ച് രണ്ടാമതു കപ്പല്‍ കയറി ബഗദാദില്‍ എത്തിയ ഉടന്‍ കുടക്കച്ചറെ കത്തനാര്‍ക്കു ദീനമായി മരിക്കയും ഏതാനും പിള്ളേരും മരിക്കയും ചെയ്തു. പാത്രിയര്‍ക്കീസിന്‍റെയും അവിടെയുള്ള ജനങ്ങളുടെയും സഹായത്തോടുകൂടി അവിടെ മൂസലില്‍ ഇവര്‍ പാര്‍ക്കയും മൂസലിന്‍റെ കല്‍ദായ പള്ളിയില്‍ ചെന്നു യൗസേപ്പ് ശെമ്മാശിന്‍റെയും ആ ദേഹത്തിന്‍റെ സഹോദരനും ചെറുപ്പത്തിലേ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് മൂസലിന്‍റെ ബ്രിട്ടീഷ് കോണ്‍സലായി വന്നു പാര്‍ക്കുന്നവനും ആകുന്ന സായിപ്പിന്‍റെയും ജനങ്ങളുടെയും സഹായത്താല്‍ മേലെഴുതിയ മാര്‍ തോമ്മാ മെത്രാപ്പോലീത്തായെ അയക്കയും ആ ദേഹവും ആ ദേഹത്തിന്‍റെ ശുശ്രൂഷക്കാരായ രണ്ട് ആളുകളും മരിച്ചതു നീക്കി തൊണ്ടനാട്ടു കത്തനാര്‍ മുതലായി പതിനൊന്നു മലയാളത്തുകാരും ഒരുമിച്ച് മേലെഴുതിയ മേട മാസം 27-നു വ്യാഴാഴ്ച കൊച്ചിയില്‍ വന്ന് ഇറങ്ങിയിരിക്കുന്നു. എന്നാല്‍ അവര്‍ അങ്ങുനിന്നു പുറപ്പെടുന്നതിനു മുമ്പേ തന്നെ വഴിച്ചിലവു വകയ്ക്കു 2000 രൂപ വരുത്തണമെന്നു പറഞ്ഞു ഇവരോടു 2000 രൂപായ്ക്കു കച്ചീട്ടു വാങ്ങി രൂപാ മുന്നമേ കൊടുത്തുംവച്ച് ബോംബെയില്‍ കച്ചവടം മോന്‍ ജിതാന്‍ജി വശം ആലപ്പുഴ കച്ചവടം ബന്യാന്‍ തുരുസിയാ മുഖാന്തിരം ഉണ്ടിയല്‍ അയയ്ക്കയും ആ ഉണ്ടിയല്‍ പാലായില്‍ എത്തി അവിടെയുള്ള ചില ആളുകളുടെ സഹായത്താല്‍ 1500 രൂപ കൊടുത്തയയ്ക്കയും ചെയ്തു. ആ വക രൂപ എത്തുന്നതിനു മുമ്പായിട്ടു വാങ്ങിയ രൂപായും കൊണ്ടു ഇവര്‍ പോന്നിരിക്കുന്നു. ഈ സമയത്ത് മലയാളത്തുള്ള കല്‍ദായ പള്ളികളും ലത്തീന്‍ പള്ളികളും ഉള്‍പ്പെട്ട റോമാപള്ളികള്‍ ഭരിച്ചുവരുന്നത് 114 മത ലക്കത്തില്‍ പ്രൊവിഗാരി അപ്പോസ്തോലിക്കായെന്നു എഴുതിയിരിക്കുന്ന പ്രനെദീനോസ് എന്നുള്ള ........ ന്‍കാരന്‍ മെത്രാപ്പോലീത്താ ആകുന്നു. ഇയാള്‍ ഈ സമയത്ത് കന്യാസ്ത്രീ മഠമെന്നു പേരായി ഒരു വല്യ മതില്‍ക്കെട്ടു വരാപ്പിഴെ പണിയിച്ചു വരുന്നു. പാപ്പായ്ക്കു രാജിതവും പട്ടസുഖവും കൂടെ ഉള്ളതു ശരിയല്ലെന്ന് ഇത്തല്യാന്‍ എന്ന റോമ്മാക്കാര്‍ തന്നെ പറഞ്ഞു കുറെ ആണ്ടു മുമ്പ് ജനങ്ങള്‍ മത്സരിച്ചു ശണ്ഠ തുടങ്ങുകയാല്‍ പാപ്പാ അവിടെ നിന്നും മാറി നെയിപ്പീള്‍സ് രാജ്യത്തു പോയി പാര്‍ക്കയാല്‍ ഫ്രാന്‍സ് രാജാവ് നെപ്പോളിയന്‍ കൂടെ സഹായം ചെയ്തു മത്സരക്കാരെ ഒതുക്കി പാപ്പായെ തിരികെ പാര്‍പ്പിച്ചു എങ്കിലും ആ മത്സരം ഈ സമയത്തും മുതിരുകയും സാര്‍ടിനിയാ രാജാവ് പുറപ്പെടുകയും കൊണ്ടു ഫ്രാന്‍സ് മുതലായ രാജാക്കന്മാര്‍ക്കും സമ്മതം വരിക കൊണ്ടും സാര്‍ടിനിയാ രാജാവ് മുതിര്‍ന്ന് നെയിപ്പള്‍സ് മുതലായ രാജ്യങ്ങള്‍ പിടിക്കയും റോമ്മാ മുതലായി ഇത്തലിയാ ഒക്കെയുടെയും രാജാവെന്നു ജനങ്ങള്‍ സാര്‍ടിനിയാ രാജാവിനെ പേരു വിളിക്കയും കൊണ്ടും റോമ്മായില്‍ എത്തി രാജിതം ഒഴിഞ്ഞും വച്ചു പട്ടസുഖം മാത്രം പാപ്പാ നടത്തിക്കൊള്ളണമെന്നു മുറുക്കം തുടങ്ങിയിരിക്കകൊണ്ടും അതിനു മറുതലിപ്പാന്‍ പാപ്പായ്ക്കു ശക്തിയും സഹായക്കാരും ഇല്ലാഴിക കൊണ്ടും പാപ്പായ്ക്കു ഞെരുക്കം വന്നിരിക്കുന്നതിനാല്‍ ജനങ്ങള്‍ കഴിയുന്ന സഹായം ചെയ്യണമെന്നു പറഞ്ഞു ഈ വരാപ്പിഴെ മെത്രാപ്പോലീത്താ ജനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും രൂപാ പിരിച്ചും വരുന്നു. എങ്കിലും ഫ്രാന്‍സ് സഹായിച്ച് പാപ്പായെ മുന്‍പോലെ ഇരുത്തുകയും സാര്‍ടിനിയാ എന്ന ഇത്താല്യക്കാര്‍ വിടവാങ്ങുകയും ചെയ്തു.
171. മാര്‍ത്തോമ്മാ മെത്രാന്‍റെ വകയ്ക്കു വന്ന ഉത്തരവിനു പകര്‍പ്പ്.
നമ്പ്ര് 5152 മത.
റെവനിയൂര
കോട്ടയത്തു മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ കൃഷ്ണമേനവനു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍ മലയാളത്തില്‍ പാര്‍ക്കുന്ന റോമ്മന്‍ കാതോലിക്കാക്കാരായ സുറിയാനികളുടെ മെത്രാനായിട്ടു കാലടിയാ ദേശത്തുള്ള മാര്‍ തോമ്മസ് കൊച്ചിയില്‍ വന്നുചേര്‍ന്നിരിക്കുന്നപ്രകാരവും തിരുവിതാംകൂര്‍, കൊച്ചി രണ്ടു സര്‍ക്കാരില്‍ നിന്നും വേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുപ്പാന്‍ നിദാനം വരണമെന്നും മാര്‍ തോമ്മാസ് മഹാ രാജശ്രീ റസിഡണ്ട് സായ്പ് അവര്‍കളുടെ പേര്‍ക്കു എഴുതിയ ലെറ്ററിനും മതസംബന്ധമായ കാര്യത്തില്‍ അവരവരുടെ മനസുപോലെ നടപ്പാന്‍ തക്കവണ്ണം ബ്രിട്ടീഷ് ഗവര്‍മെന്‍റിലെ അനുവാദം ഉണ്ട് എന്നു വരികിലും സമാധാനത്തിന് വിരോധമായി നടക്കുന്ന ഏതൊരു കക്ഷിക്കാരെയും നെയിറ്റിയൂര്‍ ഗവര്‍മെന്‍റില്‍ നിന്നും ശിക്ഷിക്കുന്നതിലേക്കു ബ്രിട്ടീഷ് ഗവര്‍മെന്‍റിലെ അനുകൂലമുണ്ടാകുമെന്നും മറ്റും മാര്‍ തോമസിനു അയച്ചിട്ടുള്ള മറുപടിക്കും പകര്‍പ്പുകള്‍ സായ്പ് അവര്‍കളുടെ അടുക്കല്‍ നിന്നും വന്നിട്ടുള്ളതിനും പകര്‍പ്പുകള്‍ എഴുതിച്ചു കൊടുത്തയയ്ക്കുന്ന പ്രകാരവും ഈ മെത്രാന്‍ വന്നിരിക്കുന്ന നിമിത്തം മതസംബന്ധമായ കാര്യത്തില്‍ യാതൊരുത്തരും സമാധാനത്തിനു വിരോധമായി നടന്നു ശല്യങ്ങള്‍ക്കും കലശലിനും ഇടയുണ്ടാകാതെയിരിപ്പാന്‍ തക്കവണ്ണവും അങ്ങനെ അല്ലാതെ വിപരീതമായി ഏതൊരു പക്ഷക്കാര്‍ എങ്കിലും നടന്നു കലശലുകള്‍ക്കും മറ്റും ഇടയുണ്ടാകുന്നുയെങ്കില്‍ അവരെ പോലീസ് കുറ്റത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിഷ്കര്‍ഷ ആയി ചട്ടം ചട്ടം കെട്ടി നടത്തിക്കണമെന്നും രായസം വക 4059 മത നമ്പ്രില്‍ എഴുതിവന്നിരിക്ക കൊണ്ടു അപ്രകാരം നടത്തിച്ചുകൊള്‍കയും വേണം. ഇച്ചെയ്തിക്കു എഴുതിയ ദിവാന്‍ പേഷ്ക്കാര്‍ ആദിച്ചന്‍ രാമന്‍.
1036 മാണ്ടു വൈകാശി മാസം 12-നു ചേര്‍ത്തല.
181. 171 മത ലക്കപ്രകാരമുള്ള മാര്‍ തോമ്മാസ് മെത്രാപ്പോലീത്തായെ കാരക്കുന്നത്തു മല്‍പാന്‍ മുതലായ 100 കല്‍ദായ പള്ളിക്കാര്‍ വരെ അനുസരിക്കയും മാന്നാനത്തു കൊവേന്തയില്‍ പാര്‍ക്കുന്ന ചാവറ കുറിയാക്കോസ് കത്തനാര്‍ മുതലായവര്‍ വിവദായിട്ടു നില്‍ക്കയും കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചു വളരെപേര്‍ക്കു ശെമ്മാശുപട്ടവും കത്തനാരു പട്ടവും കൊടുക്കയും ചെയ്തു. ശേഷം 221-ല്‍ കാണും. പിന്നീട് ഏതാനും പള്ളികളില്‍ ചില ആളുകള്‍ മാര്‍ തോമ്മാസ് മെത്രാപ്പോലീത്തായുടെ കൂടെ ചേര്‍ന്നു ശല്യങ്ങള്‍ ചെയ്തുവരുന്നപ്രകാരം ഈ കുറിയാക്കോസ് കത്തനാര്‍ മുതലായി ചില ആളുകളുടെ ഹര്‍ജിയും വരാപ്പുഴ മെത്രാന്‍റെ എഴുത്തുംകൂടെ ഹജൂരില്‍ ചെന്നശേഷം പള്ളിക്കാരുടെ മനസുപോലെയുള്ള മെത്രാനെ അനുസരിച്ചുകൊള്ളണമെന്നും ശല്യങ്ങള്‍ ഉണ്ടാക്കിയാല്‍ ആ വക ആളുകളെ പോലീസ് നമ്പ്രില്‍ ചേര്‍ത്ത് കുറ്റം കൊടുക്കണമെന്നും 1036 മാണ്ടു ആടി മാസം 21-നു പോലീസ് വക 2890 മത നമ്പ്രില്‍ ഉത്തരവു വന്നിട്ടുള്ളതു കൂടാതെ പിന്നീടും ഉത്തരവു വരികയും ചെയ്തു. ആയതിനു പകര്‍പ്പ്.
നമ്പ്ര 324 മത.
പോലീസ്.
കോട്ടയം മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ കൃഷ്ണമേനവന് എഴുതുന്ന ഉത്തരവ് എന്തെന്നാല്‍ ഈ മലയാളത്തില്‍ പാര്‍ക്കുന്ന റോമ്മന്‍ കാതോലിക്കാക്കാരായ സുറിയാനികളുടെ മെത്രാനായിട്ടു ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് എന്ന ആളും വരാപ്പിഴ പാര്‍ക്കുന്ന മെത്രാനും രണ്ടു കക്ഷിയായിട്ടു തീര്‍ന്നു ഹര്‍ജികള്‍ ബോധിപ്പിച്ചു വരുന്നതിനെപ്പറ്റി ഇതിനു മുമ്പില്‍ ഹജൂരില്‍ നിന്നും എഴുതിവന്നു ഉത്തരവു കൊടുത്തയച്ചിട്ടുണ്ടല്ലോ. ആ ഉത്തരവിലെ താല്‍പര്യപ്രകാരമല്ലാതെ സ്ഥലത്തുള്ള പാര്‍വത്യക്കാരന്മാര്‍ മുതലായതില്‍ ചില ചില്ലറ ജീവനക്കാര്‍ ഓരോ കക്ഷിക്കാര്‍ക്കു ചില സഹായങ്ങള്‍ ചെയ്തുവരുന്നതായി കേട്ടിരിക്കുന്നപ്രകാരവും ഉത്തരവിനു വിപരീതമായി പ്രവൃത്തിക്കുന്നവരെ നമ്പ്രില്‍ ചേര്‍ത്തു വിസ്തരിച്ചു തക്കകുറ്റം നിശ്ചയിക്കേണ്ട സംഗതിയെക്കുറിച്ചും രാസയം വക 231 മത നമ്പ്രില്‍ ആവണി മാസം 31-നു എഴുതിയ സാധനം വന്നിരിക്കുന്നു. മതസംബന്ധമായ കാര്യത്തില്‍ ആ ഉത്തരവിലെ താല്‍പര്യംപോലെ ജനങ്ങള്‍ അവനവന്‍റെ മനസുംപ്രകാരം നടപ്പാനുള്ളതല്ലാതെ ഇന്ന ആളിന്‍റെ കീഴ്വഴങ്ങി നടന്നുകൊള്ളണമെന്നു നിര്‍ബന്ധം ചെയ്വാന്‍ പാടില്ലാഴികയാല്‍ വരാപ്പിഴ മെത്രാനു കീഴ്വഴങ്ങി നടപ്പാന്‍ മനസുള്ള ആളുകള്‍ അങ്ങനെയും ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാനെ ആദരിച്ചു നടക്കണമെന്നു ഇഷ്ടം ഉള്ളവര്‍ അപ്രകാരവും നടക്കാവുന്നതും ഈ രണ്ട് വകയ്ക്കും സര്‍ക്കാര്‍ ആളുകള്‍ പ്രവേശിച്ചു യാതൊരു സഹായവും വിരോധവും ചെയ്യാവുന്നതല്ലാത്തതും ആകകൊണ്ട് അങ്ങനെ ശരിയായി ചട്ടംകെട്ടി നടക്കയും നടത്തിക്കയും ചെയ്യുന്നതുമല്ലാതെ ഈ വക തര്‍ക്കം ഹേതുവാല്‍ ജനങ്ങളുടെ സൗഖ്യത്തിനും സമാധാനവിരോധത്തിനും ഇടവരുത്തുന്ന ആളുകളുടെ പേരിലുള്ള കാര്യം പോലീസ് നമ്പ്രില്‍ ചേര്‍ത്തു വിസ്തരിച്ചു ഉത്തരവിലെ നിബന്ധന പോലെയും റിഗലേഷ നിയമപ്രകാരവും തീര്‍ച്ചയാക്കിക്കൊള്ളുകയും വേണം. ഈ ഉത്തരവിലെയും ഇതിനു മുമ്പില്‍ ഇതു സംബന്ധന്ധമായി വന്നിട്ടുള്ള ഉത്തരവുകളിലെയും താല്‍പര്യം ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന സുറിയാനി റോമ്മന്‍ കാതോലിക്കാ പള്ളിക്കാരെ ഒക്കെയും കൂടെ തെര്യപ്പെടുത്തി കൊള്ളുവാനുള്ളതും ആകുന്നു. ഇച്ചെയ്തികള്‍ക്ക് എഴുതിയ ടിപ്പാടി പെഷ്ക്കാരു രാമന്‍ ശങ്കരന്‍. 137 മാണ്ടു പുരട്ടാതി മാസം 8-നു.

186. 183 മത ലക്കത്തില്‍ കാണുന്ന ഉത്തരവിനു വിരോധമായി റസിഡണ്ട് സായ്പ് എഴുതിയ മെമ്മോറാണ്ടത്തിനു പകര്‍പ്പ്. 

ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാന്‍റെയും വരാപ്പിഴ ബിഷപ്പിന്‍റെയും അധികാരത്തെക്കുറിച്ചുള്ള തര്‍ക്കം ഇടപെട്ടു പല റോമ്മാ സുറിയാനി പള്ളികളിലെ കത്തങ്ങള്‍ മുതലായവരില്‍ നിന്നും പല പല ആവലാധികളും എഴുത്തുകളും റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു വന്നിരിക്കുന്നു. 

ഇതു കൂടാതെ കൊച്ചിയിലെ ദിവാനും ചേര്‍ത്തല ടിപ്പുടി പേഷ്ക്കാര്‍ ശങ്കുണ്ണി മേനവനും കൊടുത്ത ഉത്തരവുകളുടെ പകര്‍പ്പുകളും റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു കിട്ടിയിരിക്കുന്നു. 

പക്ഷേ ഭേദംകൂടാതെ നടക്കണമെന്നുള്ള ഗവര്‍മെന്‍റ് കല്‍പനയെ ഈ ഉത്തരവുകള്‍ കൊണ്ടു ലംഘിച്ചിരിക്കുന്നു എന്നു പലര്‍ സങ്കടഹര്‍ജികള്‍ ബോധിപ്പിച്ചുമിരിക്കുന്നു. ഈ ആവലാധികള്‍ക്കു എല്ലാം താഴെ പറയുന്ന പ്രകാരം റസിഡണ്ട് സായ്പ് അവര്‍കള്‍ ഉത്തരവു കൊടുക്കുന്നു. 

1. ഇപ്രകാരമുള്ള ആവലാധികള്‍ ബ്രിട്ടീഷ് റസിഡണ്ട് സായ്പ് അവര്‍കളുടെ മുമ്പാകെ ബോധിപ്പിക്കേണ്ടതല്ല. ഇങ്ങനത്തെ തര്‍ക്കങ്ങള്‍ രാശി ആകുവാന്‍ കഴികയില്ലെങ്കില്‍ കോര്‍ട്ടില്‍ ബോധിപ്പിപ്പാനുള്ളതാകുന്നു. 
ഒരു ഭാഗത്തില്‍ ജനങ്ങള്‍ അധികമുണ്ടാകകൊണ്ടു ഇന്നാര്‍ക്കു പള്ളി നടപ്പാക്കി കൊടുക്കുവാന്‍ ന്യായമെന്നു തീര്‍പ്പാക്കുന്നത് റസിഡണ്ട് സായ്പ് അവര്‍കളുടെ മുറയല്ല. ഈ കാര്യങ്ങള്‍ മുറപ്രകാരം കോര്‍ട്ടില്‍ ബോധിപ്പിച്ചു തീര്‍ച്ച വരുത്തുവാനുള്ളതാകുന്നു. 

2. അടിപിടി, അക്രമങ്ങള്‍ വരാതെയിരിപ്പാന്‍ ചട്ടംകെട്ടുന്നതിലല്ലാതെ പോലീസുകാര്‍ക്കു ഏര്‍പ്പെടുവാന്‍ മുറയില്ല. 

ഒരു പള്ളിക്കാരില്‍ ഏതാനുംപേര്‍ ആ പള്ളി തങ്ങളുടെ വകയെന്നു നിശ്ചയിച്ചിരിക്കുമ്പോള്‍ മറുഭാഗക്കാര്‍ എങ്കിലും പോലീസുകാര്‍ എങ്കിലും വിരോധിക്കുന്നുയെങ്കില്‍ ചെയ്വാനുള്ളത് എന്തെന്നാല്‍, അവര്‍ സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിച്ച് ന്യായം തെളിയിച്ച് കല്പന വാങ്ങിക്കയും വേണം. 

3. കൊച്ചിയിലെ ദിവാന്‍റെയും ചേര്‍ത്തല ടിപ്പുടി പേഷ്ക്കാരുടെയും ഉത്തരവുകള്‍ റസിഡണ്ട് സായ്പ് അവര്‍കള്‍ വായിച്ച് മനസ്സിലാക്കി. ആ ഉത്തരവുകളിലെ താല്‍പര്യം ഇത്രെയുള്ളു. തല്‍ക്കാല സ്ഥിതി പ്രബലപ്പെടുത്തണമെന്നും അതിനു സമ്മതമില്ലാത്തവരെ വാദികളാക്കണമെന്നും തന്നെ. പോലീസുകാര്‍ക്ക് എപ്പോഴെങ്കിലും ഈ സംഗതികളില്‍ ഏര്‍പ്പെടുവാന്‍ ആവശ്യമുണ്ടാകുമ്പോള്‍ ഇങ്ങനെ ഉത്തരവ് കൊടുപ്പാനേയുള്ളു. 
മേല്‍പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ സമാധാന രക്ഷയ്ക്കായിട്ടു മാത്രം ഈ ഉത്തരവുകള്‍ കൊടുത്തു എന്നു റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു തോന്നുന്നതുകൊണ്ട് അവയില്‍ ഏര്‍പ്പെടുവാന്‍ ആവശ്യം കാണുന്നില്ല. 

4. എന്നാല്‍ ഒരു പള്ളിക്കാര്‍ എല്ലാവരും കൂടി പുതിയ മെത്രാനെ ക്കൈൊള്‍വാന്‍ സമ്മതിക്കുന്നതു വരെ അവര്‍ ആ മെത്രാനെ സ്വീകരിച്ചു കൂടായെന്നു ചേര്‍ത്തല ടിപ്പടി പേഷ്ക്കാര്‍ ഉത്തരവ് കൊടുത്തത് ന്യായമല്ലെന്നു റസിഡണ്ട് സായ്പ് അവര്‍കള്‍ നശ്ചയിച്ചിരിക്കുന്നു. പൊതുവിലുള്ള ചട്ടമായിട്ടു ഇങ്ങനെ കല്‍പിച്ചു കൂടാ. പള്ളിയുടെ താക്കോല്‍ ആരുടെ പക്കല്‍ ആകുന്നുയെന്നും മറ്റും കൂടെ വിചാരിപ്പാനുള്ളതാകുന്നു. പിന്നെയും സമാധാന ഭംഗം സംഭവിപ്പാറായി എന്നു കാണുവോളത്തിനു യാതൊരു കല്പനയും കൊടുപ്പാന്‍ പോലീസുകാര്‍ക്ക് ആവശ്യമില്ല. തല്‍ക്കാല സ്ഥിതിയെ സമ്മതിക്കാത്തവന്‍ പള്ളി മുതലായ ഏതു സ്ഥലത്തെങ്കിലും കയറുന്നതുകൊണ്ട് സമാധാനഭംഗം സംഭവിക്കുന്നുയെങ്കില്‍ ഉത്തരം പറയേണ്ടി വരും. ആയതുകൊണ്ട് ഇങ്ങനെ ചെയ്യുന്നതിനു പകരം സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിക്കയാകുന്നു വേണ്ടുന്നത്. 

5. ഓരോരോ പള്ളിക്കാര്‍ തങ്ങളുടെ അസഹ്യ തര്‍ക്കങ്ങള്‍ രാശി ആകുന്നതില്‍ വച്ചു കഴിയുന്ന സഹായങ്ങള്‍ ചെയ്വാന്‍ റസിഡണ്ട് ആഗ്രഹിക്കുന്നു. അതല്ലാതെ ഡിവിഷന്‍ പേഷ്ക്കാര്‍മാരും തഹസീല്‍ദാരന്മാരും കൂടെ കഴിയുന്നിടത്തോളം ഇങ്ങനെ ആക്കുവാന്‍ നോക്കുകയും വേണം. ഈ സംഗതി ഇടപെട്ടു വാദികള്‍ സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിക്കുമ്പോള്‍ വേഗത്തില്‍ വിസ്തരിക്കുന്നതിനും തടസ്സരെകൊണ്ടു വിധിപ്പിക്കുന്നതിനുമായിട്ടു സിഡണ്ട് സായ്പ് അവര്‍കള്‍ മഹാരാജാവ് അവര്‍കളോടു ആലോചന പറയുകയും ചെയ്തു. 

6. എല്ലാവര്‍ക്കും അവരവരുടെ മനസാക്ഷിപ്രകാരം നടപ്പാനായിട്ടും പള്ളിയില്‍ നിന്നെങ്കിലും സഭയില്‍ നിന്നെങ്കിലും പിരിഞ്ഞുപോകുവാനായിട്ടും അവരവര്‍ക്കു ബോധിക്കുന്ന സ്ഥലത്തില്‍ ആരാധിപ്പാനായിട്ടും ബോധിക്കുന്ന അധികാരത്തിന്‍കീഴില്‍ ഇരിപ്പാനായിട്ടും പൂര്‍ണ്ണ അനുവാദം ഉണ്ട് എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കട്ടെ. 

എന്ന് 1861 വര്‍ഷം ഡിസംബര്‍ മാസം 21-നു 1037-മാണ്ട് ധനു മാസം 18-നു കോട്ടയത്ത് റസിഡണ്ട് ആപ്പീസില്‍ നിന്നും.

ഹര്‍ജിക്കാര്‍ക്കു.

റസിഡണ്ട് ഒപ്പ്

എന്‍. മാല്‍റ്റബി
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, June 14, 2018

തിരുവഞ്ചൂര്‍ വേങ്കിടത്തു അയ്പ് അലക്സന്ത്രയോസ് കത്തനാര്‍


50. കോട്ടയത്ത് ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്ന തിരുവഞ്ചൂര്‍ വേങ്കിടത്തു അയ്പ് അലക്സന്ത്രയോസ് കത്തനാര്‍ ചെറുപ്പം മുതല്‍ പാലക്കുന്നത്തു ബലയാറിനോടു കൂടെ സഹവാസം ചേര്‍ന്ന് അയാളില്‍ നിന്നു .... മുതലായ ഘോരപാപങ്ങള്‍ ശീലിച്ചു. .... ഇങ്ങനെയിരിക്കുമ്പോള്‍ 1881 മേട മാസത്തില്‍ ഈ കത്തനാര്‍ മുളക്കുളത്തിനു പോകുമ്പോള്‍ .... വെട്ടിക്കാട്ടു മുക്ക് എന്ന സ്ഥലത്തിനു സമീപം ആറ്റില്‍ കുളിക്കയില്‍ മുങ്ങി ചത്തുപോയി. വിവരത്തിനു ശേഷക്കാര്‍ ചെന്ന് ശവം എടുപ്പിച്ചപ്പോള്‍ അഞ്ചാറു ദിവസമായി പോയതിനാല്‍ ഏതാനും അംശങ്ങള്‍ മാത്രം കിട്ടിയതിനെ മുളക്കുളത്തു പള്ളിയില്‍ കൊണ്ടുപോയി അടക്കം ചെയ്തു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Wednesday, June 13, 2018

പാലക്കുന്നത്ത് മെത്രാന്‍ കാപ്പയിട്ട് രാജാവിനെ മുഖം കാണിച്ചത്


151. 1859 നു കൊല്ലം 1034 മാണ്ട് മകര മാസം 19-നു പാലക്കുന്നത്ത് മെത്രാന്‍ കൊല്ലത്തു വച്ച് തമ്പുരാക്കന്മാരെ മുഖം കാണിക്കയും ചെയ്തു. എന്നാല്‍ ഇതിനു മുമ്പ് ഒരു മെത്രാന്മാരും ചെയ്തിട്ടില്ലാത്തപ്രകാരം കശവുള്ള മൂറീസിനു പാദം വരെയും ഇറക്കമില്ലായ്കകൊണ്ട് കുര്‍ബ്ബാനയ്ക്കുള്ള കശവു കൊണ്ടുള്ള കാപ്പ മുതലായതു ഇട്ട് അത്രെ മുഖം കാണിച്ചത്. കല്പിച്ചു സമ്മാനം കൊടുത്തതും അങ്ങനെ തന്നെ. ഇതിനു മുമ്പ് ഒരു മെത്രാന്മാര്‍ക്കും കൊടുത്തിട്ടില്ലാത്തവിധം വീരചങ്ങല മുതലായത് അത്രെ സമ്മാനം കൊടുത്തത്. എന്നാല്‍ മുഖം കാണിച്ച സമയത്ത് തമ്പുരാന്‍ തിരുമനസ്സുകൊണ്ട് ഇരിക്കയും മെത്രാന്‍ നില്‍ക്കയും അത്രെ ചെയ്തത്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരും റവ. തോമസ് വൈറ്റ് ഹൗസും തമ്മിലുള്ള എഴുത്തുകുത്തുകള്‍




149. അയിലോന്ത രാജ്യം ഐടവാര്‍ലം ഏലീസെന്നു പേരായ ഒരു പാതിരി സായ്പ് 16 കൂട്ടം ചോദ്യം എഴുതി അതില്‍ ഇനാം വച്ച് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ആയത് ജയത്തിനുവേണ്ടി അഹമ്മതിയാല്‍ ആകയുംകൊണ്ട് അതില്‍ ചിലതിനു ഉത്തരം എഴുതി ആയതും ചില ചോദ്യങ്ങളും കൊടുത്തയച്ച് ഒരു വര്‍ഷം കഴിഞ്ഞാറെയും കാതോലിക്കാ ലയിമന്‍ എന്നു പേരായ അച്ചടിച്ച വര്‍ത്തമാന കടലാസ് കൊടുത്തയച്ചു വരുന്നതല്ലാതെ മറുപടി വരുന്നില്ല. ആയതു കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് ഇവിടെ പ്രസിദ്ധപ്പെടുത്തിയതാകയാല്‍ അയാള്‍ക്കു എഴുതി അയച്ചാറെയും മറുപടി വരുത്തി തരുന്നില്ല. കൊടുത്തയച്ച എഴുത്ത് വളരെ ആകയാല്‍ ചിലത് താഴെ കാണിക്കുന്നു.

പ്രസിദ്ധപ്പെടുത്തിയതായി കോട്ടയം മിഷന്‍ പ്രസ്സില്‍ കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് മുഖാന്തിരം അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതു താഴെ പറ്റിച്ചു കാണിക്കുന്നു. .....

അയാള്‍ക്കു കൊടുത്തയച്ച ചില ഉത്തരങ്ങളും ചില ചോദ്യങ്ങളും തപാലില്‍ ഏല്‍പിച്ച വകയ്ക്കു തന്ന രസീത് താഴെ പറ്റിച്ചിരിക്കുന്നു. ആ സായിപ്പിനു കൊടുത്തയച്ച ഉത്തരങ്ങള്‍ പകര്‍പ്പ്.

... പിന്നീട് 1858 മത മെയ് മാസം 21-നും ജൂണ്‍ മാസം 5-നും 11-നും ആഗസ്റ്റ് മാസം 19-നും ആ സായ്പിനു എഴുത്തുകള്‍ കൊടുത്തയച്ചാറെയും മറുപടി വന്നിട്ടില്ല.
150. ഈ സംഗതി പ്രമാണിച്ച് കൊച്ചിയില്‍ പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി വൈറ്റ് ഹൗസ് സായിപ്പിനു എഴുതിയ എഴുത്തുകള്‍ക്കും അയാള്‍ അയച്ച മറുപടികള്‍ക്കും പകര്‍പ്പ്.

രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായിപ് അവര്‍കള്‍ക്കു കോട്ടയത്തു വല്യ പള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

എന്നാല്‍ 16 ചോദ്യമായി ബഹുമാനപ്പെട്ട ... ഐറീഷ് ചര്‍ച്ച് മിഷന്‍ ഓഫീസില്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ സായ്പ് അവര്‍കള്‍ മുഖാന്തിരം പ്രസിദ്ധപ്പെടുത്തിയതായും കോട്ടയത്തു മിഷന്‍ പ്രസില്‍ അച്ചടിച്ചതായും ഒരു ചോദ്യകടലാസ് എന്‍റെ പക്കല്‍ കിട്ടുകയും ആയത് താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ചതായി കേള്‍ക്കുകയും ചെയ്തു. ആയതു വായിച്ചുകേട്ടതിന്‍റെ ശേഷം എല്ലാ ക്രിസ്തുമതക്കാരും ഒരു വേദപുസ്തകം കൈക്കൊണ്ടിരിക്കുമ്പോള്‍ വിശ്വാസപ്രമാണവും ക്രമങ്ങളും മറ്റും പല മാതിരിയായി നടക്കുന്നതിനാല്‍ അതില്‍ പരമാര്‍ത്ഥം ഏതെന്നറിവാനുള്ള അത്യാഗ്രഹംകൊണ്ട് ഇപ്രകാരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതാകുന്നു എന്ന് എനിക്കു തോന്നുകകൊണ്ട് അതില്‍ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി ആയതും വിശ്വാസപ്രമാണങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്ന ഒരു കോപ്പിയും 1857 മത ഒക്ടോബര്‍ മാസം 28-നു തപാലില്‍ ഏല്‍പിച്ച് ആ സായ്പ് അവര്‍കള്‍ക്കു ഞാന്‍ കൊടുത്തയയ്ക്കയും ചെയ്തു. എന്നാറെ ഇതുവരെ ഏകദേശം ആറുമാസമായിട്ടും മറുത്തരം കിട്ടാത്തത് എന്തുകൊണ്ട് എന്നും ഞാന്‍ വിഷാദിക്കുന്നു. അതിനാല്‍ ആ സായ്പ് അവര്‍കള്‍ക്ക് താങ്കള്‍ എഴുതി അയച്ച് എനിക്ക് മറുപടി അയക്കാതെയിരിക്കുന്ന കാരണം അറിഞ്ഞ് എന്നെ അറിയിക്കണമെന്നും ഏറ്റവും താഴ്മയോടെ താങ്കളോടു ഞാന്‍ അപേക്ഷിക്കുന്നു.

1855 മത ഏപ്രില്‍ മാസം 24-നു കോട്ടയത്തു നിന്നും.

കത്തനാര്‍ ഏപ്രില്‍ മാസം 24-നു നമ്മുടെ പേര്‍ക്കു എഴുതി കൊടുത്ത യച്ച കത്ത് എത്തി വിവരങ്ങള്‍ ഒക്കെയും ഗ്രഹിക്കയും ചെയ്തു. കത്തനാര്‍ മിസ്റ്റര്‍ ഇല്ലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം എഴുതി അയച്ച സംഗതി ഇടപെട്ട് നമുക്ക് ഒരു എഴുത്തും അവിടെ നിന്നു വന്നുചേര്‍ന്നിട്ടില്ല. മിസ്റ്റര്‍ ഇലീസിനു എഴുതി അയച്ചതു നാം മുഖാന്തരം അല്ലാഞ്ഞതിനാല്‍ ഇപ്പോള്‍ ആ ദേഹത്തിനു ആ സംഗതി പ്രമാണിച്ച് ഇവിടെ നിന്നു എഴുതുവാന്‍ കഴിയുന്നതല്ല. എന്നാല്‍ ആ ചോദ്യങ്ങള്‍ യൂറോപ്പില്‍ മഹാ വിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാഞ്ഞവയാകുന്നുവെന്ന് കത്തനാര്‍ ഓര്‍ക്കണം. ആ ഉത്തരങ്ങള്‍ക്കു മറുപടി വരാഞ്ഞത് വിചാരിക്കുമ്പോള്‍ ആ ദേഹം മറുപടി എഴുതത്തക്കവിധം കത്തനാരുടെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കതല്ല എന്ന് വിചാരിക്കുന്നതിനേ നമുക്ക് ഇടയുള്ളു. താങ്കള്‍ക്കു എന്‍റെ സലാം.

ഇത് കോട്ടയത്ത് വല്യപള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ക്കു എഴുതിയത്.

തോമസ് വൈറ്റ് ഹൗസ്

1858 മത ഏപ്രില്‍ മാസം 26-നു കൊച്ചിയില്‍ നിന്നും.

രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്ക് ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

ഏപ്രില്‍ മാസം 26-നു താങ്കള്‍ എനിക്കു എഴുതി കൊടുത്തയച്ച മറുപടി കടലാസ് കിട്ടി വായിച്ചു കണ്ടുകൊള്‍കയും ചെയ്തു. എന്നാല്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ് സായ്പ് അവര്‍കള്‍ എഴുതിയ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതിയ സംഗതി ഇടപെട്ട് ഒരു എഴുത്തും താങ്കള്‍ക്കു വന്നിട്ടില്ലെന്നും ആ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചത് താങ്കള്‍ മുഖാന്തരം അല്ലാത്തതിനാല്‍ മറുപടി വരാത്ത സംഗതി പ്രമാണിച്ച് എഴുതി അയപ്പാന്‍ താങ്കള്‍ക്കു കഴിയുന്നതല്ലെന്നും താങ്കളുടെ കത്തിന്‍റെ ആദ്യമടക്കില്‍ എഴുതിയിരിക്കുന്നുവല്ലോ.

എന്നാല്‍ അതിന്‍റെ മര്യാദ അങ്ങനെതന്നെ ആയിരിക്കും. എങ്കിലും ആ ചോദ്യങ്ങള്‍ താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതായി കേള്‍ക്കയാല്‍ എഴുതി അയപ്പാന്‍ താങ്കള്‍ക്കു മുറയുണ്ടെന്നു നിരൂപിക്കകൊണ്ട് ഞാന്‍ താങ്കള്‍ക്കു എഴുതുവാന്‍ ഇടവന്നതാകുന്നു.

പിന്നെയും യൂറോപ്പില്‍ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാത്തവയാകുന്നു എന്ന് ഞാന്‍ ഓര്‍ക്കണമെന്നും രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.

കേട്ടാലും അപ്രകാരം ആരെങ്കിലും മുമ്പുകൂട്ടി എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു എങ്കില്‍ ഏറ്റം മഹാവിദ്വാനും, മഹാ വിദ്വാനും, വിദ്വാനും അല്ലാത്ത ഞാന്‍ ഉത്തരം എഴുതി കൊടുത്തയയ്ക്കാഞ്ഞേനേ. അതു തന്നെയുമല്ല, വളരെ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ ഇപ്പോള്‍ യൂറോപ്പില്‍ ഉണ്ടായിരിക്കും. എങ്കിലും മറ്റു രാജ്യക്കാര്‍ വിദ്വാന്മാരായി കൂടായെന്ന് യാതൊരുത്തരും വിലക്കിയിട്ടില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ വിദ്വാന്മാരില്ലെന്നും യാതൊരുത്തരും നിശ്ചയിച്ചു കൂടാത്തതാകുന്നു. അത് തന്നെയുമല്ല, യൂറോപ്പില്‍ മാത്രമേ വിദ്വാന്മാര്‍ ഉള്ളൂ എന്ന് താങ്കള്‍ക്കു നിശ്ചയമുണ്ടെങ്കില്‍ ആ ചോദ്യങ്ങള്‍ ഇവിടെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാന്‍ ആവശ്യമില്ലാത്തതും ആയിരുന്നു. അതു തന്നെയുമല്ല, മഹാവിദ്വാന്മാരായുള്ള ആളുകള്‍ ഒട്ടും വിദ്വാന്മാരല്ലാത്ത ആളുകള്‍ എന്നറിഞ്ഞുംകൊണ്ട് അങ്ങനെയുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ച് മടക്കി ജയിക്കുന്നത് സൂക്ഷ്മജയമെന്നും കാര്യത്തില്‍ ജയിച്ചുവെന്നും നിരൂപിച്ചു കൂടാത്തതാകുന്നു. അതു തന്നെയുമല്ല, മശിഹാ ദൈവമല്ലാഴികകൊണ്ട് മരിച്ചതു സത്യം തന്നെയെന്നു നിരൂപിച്ച ഒരു വിശ്വാസരീതിയില്‍ മരിച്ചെന്നെഴുതുവാനും മശിഹാ ദൈവമാക കൊണ്ട് മരിക്കുന്നതല്ലെന്നു നിരൂപിച്ച് ഒരു വിശ്വാസരീതിയില്‍ മരിച്ചുയെന്നു എഴുതാതെയിരിപ്പാനും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നുയെന്ന് എഴുതുവാനും അവന്‍റെ കൃപകൊണ്ട് അവന്‍ മനസായ്കപോലെ ദൈവമായ ക്രിസ്തു ജനിക്കയും മരിക്കയും അടക്കുകയും ജീവിച്ചെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുമ്പോള്‍ ദീര്‍ഘദര്‍ശിമാര്‍ എഴുതിയിരിക്കുന്നതുപോലെ ജനിക്കയും കഷ്ടതപ്പെടുകയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്ന് എഴുതുവാനും പൊതുവിലുള്ള റോമ്മാ പള്ളിയെന്ന് എഴുതുവാനും മെത്രാന്മാരും പട്ടക്കാരും വേണ്ടാ എന്നു വയ്പാനും പ്രായം ചെന്നിട്ട് മാത്രം മാമ്മൂദീസാ മുഴുകിയാല്‍ മതിയെന്നു നിശ്ചയിപ്പാനും, മറ്റൊരുത്തന്‍ ഉണ്ടാക്കിയ സ്തോത്രം ചെയ്തുകൂടായെന്നും ത്രിത്വമില്ലെന്നും നിശ്ചയിപ്പാനും, ഭൂമിയില്‍ മനുഷ്യമക്കള്‍ വര്‍ദ്ധിപ്പാന്‍വേണ്ടി ആദത്തെയും ഹവ്വായെയും സൃഷ്ടിച്ചതല്ലാതെ കാമവികാരത്തിനു വേണ്ടി സൃഷ്ടിച്ചതല്ലാതെയിരിക്കുമ്പോള്‍ പ്രസവകാലം കഴിഞ്ഞ പെണ്ണുങ്ങളെ അറിഞ്ഞുംകൊണ്ട് വിവാഹം ചെയ്യാമെന്ന് നിശ്ചയിപ്പാനും വിവാഹ ഭാര്യമാരെ വന്ദിക്കണമെന്നു നിശ്ചയിപ്പാനും രണ്ടാം വിവാഹം ചെയ്തവര്‍ക്കു ക്ലെര്‍ജി സ്ഥാനം കൊടുക്കാമെന്നും ക്ലെര്‍ജി സ്ഥാനത്ത് ആയശേഷം വിവാഹം ചെയ്യാമെന്നും പിന്നീട് ഭാര്യമാര്‍ മരിക്കുമ്പോള്‍ ഒക്കെയും വിവാഹം ചെയ്യാമെന്നും മറ്റും നിശ്ചയിപ്പാനും തക്ക വിദ്യാഴ്മ ആസിയായിലുള്ള ക്രിസ്തുമതക്കാരായ അറിവും പഠിത്വവും സംസര്‍ഗ്ഗവുമുള്ള വിദ്വാന്മാര്‍ക്കു ഇല്ലാഞ്ഞൂയെന്നു വരികിലും ദൈവമായ ക്രിസ്തുവും അപ്പോസ്തോലന്മാരും ഒരുമിച്ച് മുഖാമുഖമായി പ്രസംഗിച്ചതും ആദ്യസഭ ഉണ്ടായതും കണ്ടു പഠിത്വത്തിനു ഇടവന്നതും ആസ്യായില്‍ ആകയാല്‍ മതമര്യാദ ഉള്‍പ്പെട്ട കാര്യങ്ങളില്‍ മറ്റു ദിക്കുകാരെക്കാള്‍ ആസിയായിലുള്ള ആദ്യ ക്രിസ്തു മതക്കാര്‍ പരിചയമുള്ളവരാകുന്നുയെന്നു എല്ലാവര്‍ക്കും നിരൂപിപ്പാന്‍ ഇടയുണ്ട്. അതു തന്നെയുമല്ല, അവരവരുടെ ജനനമതമാകുന്ന നിര്‍ബന്ധ ഹൃദയത്തെയും ദ്രവ്യമോഹത്തെയും മാറ്റിവയ്ക്കാതെ സത്യവഴിയില്‍ യാതൊരുത്തര്‍ക്കും കണ്ണു പറ്റുന്നതല്ലെന്നും ന്യായത്തിന്‍റെ പിന്നാലെ ഇശ്ച ചെലുത്താതെ ഇശ്ചയുടെ പിന്നാലെ ദുര്‍ന്യായമുണ്ടാക്കി വലിച്ചു ചേര്‍ക്കുന്ന ചീത്തത്വമാകുന്നുയെന്നും ക്രിസ്തുവിന്‍റെ ജനനം ഓരോരുത്തര്‍ തമ്മില്‍ തര്‍ക്കിച്ച് ജയിപ്പാന്‍വേണ്ടി ഉണ്ടായതല്ലെന്നും എല്ലാ ക്രിസ്തുമതക്കാരും നിരൂപിക്കേണ്ടതാകുന്നു. അതു തന്നെയുമല്ല, ചോദ്യങ്ങള്‍ ചോദിച്ചോ ഉത്തരങ്ങള്‍ കൊടുത്തോ മടക്കുന്നവരുടെ പേരില്‍ സന്തോഷിക്കാതെ കര്‍ഷിക്കുന്നത് അധമത്തില്‍ അധമമാകുന്നു എന്ന് ഉത്തമന്മാര്‍ക്കു അറിയാവുന്നതാകുന്നു.

പിന്നെയും ഞാന്‍ എഴുതിയ ഉത്തരങ്ങള്‍ക്കു മറുപടി വരാത്തതുകൊണ്ട് താങ്കള്‍ വിചാരിച്ചാല്‍ മറുപടി എഴുതത്തക്കവിധം എന്‍റെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കവയല്ലെന്നു താങ്കള്‍ക്കു വിചാരിക്കുന്നതിനേ ഇടയുള്ളെന്നും മൂന്നാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.

കണ്ടാലും എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവയല്ലെന്നു വരികിലും ആ വിവരം മറുപടി മുഖാന്തിരം എന്നെ അറിയപ്പെടുത്തുവാന്‍ മുറയായിരിക്കുമ്പോള്‍ അപ്രകാരം ചെയ്യാത്തത് ഞാന്‍ എഴുതിയ ഉത്തരം ചെന്നു ചേരാഴികകൊണ്ടോ ആയതു ശരി തന്നെയെന്നു സമ്മതം വരിക കൊണ്ടോ, ആലോചിച്ച് മറുപടി എഴുതുന്നതിനുള്ള താമസംകൊണ്ടോ ആകുന്നുയെന്ന് താങ്കള്‍ക്കു നിരൂപിപ്പാന്‍ ഇടയുള്ളതല്ലാതെ മറുപടിയുടെ താമസത്തെക്കുറിച്ച് താങ്കള്‍ നിരൂപിക്കുന്ന നിരൂപണ ശരിയായിട്ടുള്ളതല്ലെന്നു നല്ലതിന്മണ്ണം നിരൂപിച്ചാല്‍ താങ്കള്‍ക്കും അറിയാവുന്നതാകുന്നുയെന്നു എന്ന് ഞാന്‍ നിരൂപിക്കുന്നു.

എന്നാല്‍ താങ്കള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചോദ്യകടലാസ് ഞാന്‍ കണ്ടതിന്‍റെ ശേഷം ഒരു ക്രിസ്തുവിനെയും ഒരു വേദപുസ്തകത്തെയും അനുസരിച്ചുംകൊണ്ട് വിശ്വാസവും മതമര്യാദകളും പലവിധമായി നടക്കുന്നതിനാല്‍ അതില്‍ സൂക്ഷ്മം ഏത് എന്ന് അറിയുവാനുള്ള അത്യാഗ്രഹംകൊണ്ട് എന്നുംവച്ച് അച്ചടിപ്പിച്ചതായിരിക്കുമെന്ന് ഞാന്‍ നിരൂപിക്കയാല്‍ എന്‍റെ ആലോചന ആ സായ്പ് അവര്‍കളെ അറിയിക്കയും മറുപടിയാല്‍ ആ സായ്പ് അവര്‍കളുടെ ആലോചന എനിക്കു പഠിക്കയും ചെയ്യാന്‍ ഇടവരണമെന്നു കരുതി ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചതായിരിക്കുമ്പോള്‍ അതിന്‍റെ മറുത്തരം അയയ്ക്കുന്നതിനു താമസം ചെയ്യുന്നത് പോരാത്തതാകുന്നു എന്ന് എനിക്ക് മാത്രമല്ല താങ്കള്‍ക്കും മറ്റ് എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു.

വിശേഷിച്ചും ആ സായ്പ് അവര്‍കള്‍ ചെയ്തിരിക്കുന്ന ചോദ്യങ്ങള്‍ക്കു യാതൊരുത്തരും ഉത്തരം കൊടുത്തില്ലെന്നു വരുത്തി ജയം കിട്ടണമെന്നു കരുതി ആ സായ്പ് അവര്‍കള്‍ ചോദ്യങ്ങള്‍ എഴുതിയതായിരിക്കുമെന്നും അപ്രകാരം തന്നെ താങ്കളും വിചാരിച്ചുംകൊണ്ട് ആ ചോദ്യങ്ങള്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായിരിക്കുമെന്നും ഒരുനാളും ഞാന്‍ നിരൂപിക്കുന്നില്ല. എങ്കിലും ആ ചോദ്യങ്ങള്‍ മലയാളഭാഷയില്‍ പരിഭാഷപ്പെടുത്തി ഇപ്പോള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതില്‍ ആ സായ്പ് അവര്‍കളുടെ ഊരും പേരും തള്ളിയിരിക്കുന്നതും എനിക്ക് മറുപടി കിട്ടാത്തത് എന്‍റെ ഉത്തരം മതിയാകത്തക്കവയല്ലാത്തതുകൊണ്ട് ആയിരിക്കുമെന്നും യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ക്കും ഉത്തരം കൊടുപ്പാന്‍ കഴിയാത്തവയാകുന്നുയെന്നു ഞാന്‍ ഓര്‍ക്കണമെന്നു രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നതും കൊണ്ട് നിരൂപിച്ചു നോക്കിയാല്‍ ഈ ചോദ്യങ്ങള്‍ ഇടയില്‍ മറ്റ് ആരാണ്ട് ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് പ്രസിദ്ധപ്പെടുത്തായ്കയാല്‍ യാതൊരുത്തരും ഉത്തരം എഴുതി ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് എഴുതി കൊടുത്തയച്ചു പോകരുതെന്നും കരുതി ഊരും പേരും തള്ളി അച്ചടിപ്പിച്ചിരിക്കുന്നതാകുന്നു എന്ന് ചിലര്‍ക്കെങ്കിലും നിരൂപിപ്പാന്‍ ഇടയുണ്ട് എന്ന് ഞാന്‍ നിരൂപിക്കുന്നു. അതു തന്നെയുമല്ല, എന്‍റെ ഉത്തരങ്ങളെ ആക്ഷേപിച്ചു മറുപടി എഴുതി അയപ്പാന്‍ പക്ഷേല്‍ ആ സായ്പ് അവര്‍കളാല്‍ കഴിയാത്തതുകൊണ്ട് മറുപടി വരാത്തതായിരിക്കുമെന്നു സംശയിക്കാതെ എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവ അല്ലാഴിക കൊണ്ട് മറുപടി വരാത്തതായിരിക്കുമെന്ന് താങ്കള്‍ നിരൂപിക്കുന്നു എങ്കില്‍ ആ സായ്പ് അവര്‍കളുടെ ചോദ്യങ്ങള്‍ മതിയാകത്തക്കവ അല്ലാത്തതുകൊണ്ട് യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ ഉത്തരം എഴുതാത്തത് ആയിരിക്കുമെന്ന് താങ്കള്‍ നിരൂപിപ്പാനും കൂടെ ഇടയുള്ളതായിരിക്കുമ്പോള്‍ അപ്രകാരം നിരൂപിക്കാത്തതില്‍ ഏറ്റവും ഞാന്‍ അത്ഭുതപ്പെടുന്നു. ഇനി ആ സായ്പ് അവര്‍കള്‍ക്ക് ഒരിക്കല്‍ കൂടെ എഴുതി താങ്കള്‍ മുഖാന്തിരം കൊടുത്തയയ്ക്കണമെന്ന് നിരൂപിക്കകൊണ്ട് താമസിയാതെ എഴുതി താങ്കളുടെ അടുക്കല്‍ കൊടുത്തയക്കുന്നതാകയാല്‍ താങ്കള്‍ കൃപ തോന്നി കൊടുത്തയച്ച് മറുപടി വരുത്തി തരുമാറാകണമെന്നും അപേക്ഷിക്കുന്നു. ഈ കത്ത് താങ്കള്‍ക്കു കിട്ടിയ വിവരത്തിനും താങ്കള്‍ ദൈവകൃപയാല്‍ ദേഹസൗഖ്യത്തോടിരിക്കുന്ന വിവരത്തിനും കൊടുത്തയയ്ക്കുന്ന മറുപടി കാണ്മാന്‍ ഇപ്പോള്‍ തൊട്ടു ഞാന്‍ കാത്തിരിക്കുന്നു.

1858 മത മെയ് മാസം 14-നു കോട്ടയത്തു നിന്നും.

തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

തര്‍ക്കമുള്ള കാര്യങ്ങളെപ്പറ്റി എഴുത്തുകള്‍ എഴുതി കാലം പോക്കുന്നതില്‍ ഒരു ഗുണവും വരുന്നതല്ലാഴികകൊണ്ട് ആയതിനു തുനിയുവാന്‍ നമുക്ക് തീരെ മനസ്സില്ല. പിന്നെയും നമുക്ക് അനേകം ജോലികള്‍ ഉള്ളതുകൊണ്ട് ദൈവത്തിന്‍റെ മാര്‍ഗ്ഗത്തിനു യാതൊരു ഗുണവും വരുവാന്‍ പാടില്ലാതുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഇടയില്ല. താന്‍ മറുപടി നോക്കിപാര്‍ക്കുന്നുയെന്നു എഴുത്തില്‍ കണ്ടിരിക്കുന്നു. അതുകൊണ്ട് എത്രയും ചുരുക്കത്തില്‍ മറുപടി എഴുതുന്നതുമല്ലാതെ മേലെഴുതിയ കാരണങ്ങള്‍ മൂലം ഈ സംഗതിയെ സംബന്ധിച്ച് അങ്ങോട്ടും ഇങ്ങോട്ടും മേലാല്‍ എഴുത്തുകള്‍ എഴുതുന്നതിനു നമുക്കു മനസില്ല.

നാം തനിക്കു മുമ്പില്‍ അയച്ച എഴുത്തില്‍ വിദ്യയെയും വിദ്വാന്മാരെയും കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അത് ആസിയായിലുള്ളവര്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന ബുദ്ധിശക്തിയെ സംബന്ധിച്ച് പറഞ്ഞതല്ല. അവരില്‍ ഏറ്റവും ബുദ്ധിമാന്മാരായ ആളുകള്‍ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. എങ്കിലും സാക്ഷാല്‍ വിദ്യ എന്നുള്ളത് ആസ്യാക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നുയെന്ന് നാം ഇതുവരെ കേട്ടിട്ടില്ല. കിഴക്കേ സഭയിലുള്ള ക്രിസ്ത്യാനികള്‍ ഒരു സമയത്ത് വിദ്യയ്ക്കു കേള്‍വിപ്പെട്ടിരുന്നു. എന്നാല്‍ 1200 വര്‍ഷത്തിനിപ്പുറം അവരുടെ ഇടയില്‍ പ്രകാശിച്ചു വന്ന വിദ്യയ്ക്കു വീഴ്ച വന്ന് അത് ഒന്നിനൊന്നിനു കുറഞ്ഞുവരുന്നു. വായിപ്പാന്‍ കൊള്ളാവുന്ന ഒരു പുസ്തകവും പിന്നീട് എഴുതിയിട്ടുണ്ടെന്നും തോന്നുന്നില്ല. ഒരു ആശാരിക്കു വേണ്ടുന്ന പണിക്കോപ്പുകള്‍ ഇല്ലാഞ്ഞാല്‍ അവനു നല്ലവണ്ണം വേല ചെയ്വാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെ തന്നെ ഒരാള്‍ എത്ര ബുദ്ധിവിശേ ഷതയുള്ളവന്‍ ആയാലും അവനു മുമ്പില്‍ ഉണ്ടായിരുന്ന കൊള്ളാവുന്നവരും കേള്‍വിപ്പെട്ടവരുമായ ആളുകള്‍ ചെയ്തിരിക്കുന്ന വേലയെ കണ്ടു പഠിക്കാതെ അവനു ഒരു പ്രകാരത്തിലും വിദ്വാനായിത്തീരുവാന്‍ കഴിയുന്നതല്ല. സുറിയാനി പട്ടക്കാരില്‍ ചിലര്‍ തങ്ങള്‍ക്കുള്ള ഏതാനും പുസ്തകങ്ങള്‍ കൊണ്ട് നല്ല പ്രയോജനം വരുത്തുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ പടിഞ്ഞാറെ ക്രിസ്ത്യാനികളുടെ ഇടയില്‍ വര്‍ദ്ധിച്ചു പ്രകാശിച്ചു വരുന്ന വിദ്യയോടുകൂടി നോക്കുമ്പോള്‍ അത് ഏതുമില്ല. ഹിന്ദുക്കളുടെ ഉപായ തന്ത്രങ്ങള്‍ ഒക്കെയും വശമുള്ളവനും കഴിഞ്ഞ കാലങ്ങളിലും വരുംകാലത്തും ഉള്ള വിദ്യയെ അഭ്യസിച്ചവനും ആയ ഒരു റോമ്മാക്കാരനായ ജസ്യൂട്ടിനു പോലും ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ ഉത്തരം കൊടുപ്പാന്‍ കഴികയില്ല. അറിവും പഠിത്വവും ഇല്ലാത്ത ആളുകളെ അസത്യ യുക്തികൊണ്ട് സമ്മതിപ്പിക്കാം. എന്നാല്‍ അത് യൂറോപ്പില്‍ ആകുന്നുവെങ്കില്‍ കള്ളം തെളിയിച്ച് വെളിയില്‍ ആകുന്നതും ആകുന്നു. ക്രിസ്ത്യാനി മാര്‍ഗ്ഗത്തിന്‍റെ തുടസ്സം ആസിയായില്‍ ആകുന്നു സത്യം തന്നെ. എന്നാല്‍ തന്‍റെ എഴുത്തില്‍ കണ്ടിരിക്കുന്ന മതവിരോധങ്ങളില്‍ മിക്കവയും കിഴക്കേ സഭയില്‍ ഉത്ഭവിച്ചു താനും റോമ്മാ സഭയിലുള്ള തെറ്റുകള്‍ ഒന്നും വേദത്തിനു വിരോധമായുള്ളവ അല്ലെന്നു കാണിപ്പാനായിട്ടു താന്‍ നന്നായിട്ട് പ്രയാസപ്പെടുന്നുണ്ടല്ലോ. ആ തെറ്റുകള്‍ ഒക്കെയും ആ പിഴച്ചുപോയ സഭ പുതിയനിയമ വിശ്വാസപ്രമാണത്തോട് കൂട്ടിച്ചേര്‍ത്തവയാകുന്നു. താന്‍ എഴുതിയിരിക്കുന്ന ഉത്തരങ്ങള്‍ ദൈവത്തിന്‍റെ വചനത്തിനു ചേരുന്നതോ ചേരാത്തതോ, രണ്ടില്‍ ഒന്നു താന്‍ വിശ്വസിപ്പാന്‍ മുറയുണ്ട്. അവ തന്‍റെ തിരുവചനത്തിനു വിരോധമല്ല എന്നു താന്‍ വിശ്വസിക്കുന്നു എങ്കില്‍ അവ സത്യത്തിനു ചേരാത്ത യുക്തിപ്രയോഗം മാത്രം ആകുന്നു. അവയ്ക്കായിട്ട് വെറുതെ നേരം കളയുന്നതും ദോഷമാകുന്നു. താന്‍ അവയെ വിശ്വസിക്കുന്നു എങ്കില്‍ താന്‍ റോമ്മാ മാര്‍ഗ്ഗത്തില്‍ ചേര്‍ന്നു നടപ്പാനുള്ളതാകുന്നു. ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ നമുക്ക് ഒരു കാര്യവും ഇല്ല. നമ്മുടെ സ്നേഹിതന്‍ മിസ്റ്റര്‍ പീറ്റ് സായ്പ് അവയെ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിപ്പിച്ചപ്പോള്‍ മിസ്റ്റര്‍ ഈലീസാ സായ്പിന്‍റെ ഊരും പേരും വിട്ടിരിക്കണം. സ്നേഹിതാ, നാം ഇരുവരും സഭയുടെ തലവന്‍റെ മുമ്പാകെ താമസിയാതെ കാണപ്പെടുവാനുള്ളവരാകുന്നു. അപ്പോള്‍ നാം ദുഃഖത്തോടെ അല്ല, സന്തോഷത്തോടെ നമ്മുടെ കണക്ക് ബോധിപ്പിക്കേണ്ടുന്നതിനു വേണ്ടി നാം അവന്‍റെ തിരുവചനത്തോട് നല്ലപോലെ ചേര്‍ന്നുകൊണ്ട് അതിനെ നമ്മുടെ വാക്കുകളാലും നടപ്പിലും പ്രസിദ്ധപ്പെടുത്തുവാന്‍ നാം ശ്രമിക്കണം. അന്നു നമുക്കു ഗുണം വരുന്നത് ഉപായയുക്തിയാലും പ്രയോജനമില്ലാത്ത അറിവിനാലും അല്ല, നമ്മുടെ യജമാനന്‍റെ പഠിത്തത്തിനു നമ്മെ അനുസരണമുള്ളവരാക്കി തീര്‍ക്കുന്നത് ഹൃദയത്തിലെ ജീവനുള്ള വിശ്വാസത്താല്‍ അത്രെ. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ ഒടുക്കത്തെ ദിവസത്തില്‍ ന്യായം വിധിക്കും.

1858 മത ഇടവമാസം 18-നു കൊച്ചിയില്‍ നിന്നും.

മേല്‍ 18-നു ആ സായ്പ് എഴുതിയ മറുപടി ഇവിടെ വന്നു ചേരുന്നതിനു ഒരു ദിവസം മുമ്പ് അങ്ങോട്ട് കൊടുത്തയച്ച എഴുത്തിനു പകര്‍പ്പ്.

വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം.

ഈ മാസം 11-നു ഞാന്‍ താങ്കള്‍ക്കു എഴുതിയതില്‍ എഴുതിയിരിക്കുന്ന പ്രകാരം ഇലീസ സായ്പ് അവര്‍കള്‍ക്കു കൊടുത്തയയ്ക്കുന്നതിനു ഒരു കടലാസ് എഴുതി മുദ്രയിട്ടു മേല്‍വിലാസവും വച്ച് ഇതില്‍ അടക്കം ചെയ്തു കൊടുത്തയയ്ക്കുന്നു. മേല്‍വിലാസത്തില്‍ പേരുമാത്രം വച്ചിരിക്കകൊണ്ട് കൃപതോന്നി ദിക്കും നമ്പ്രും മുറപോലെ എഴുതി താങ്കള്‍ മുഖാന്തിരം വേഗത്തില്‍ കൊടുത്തയച്ച് ആ വിവരത്തിനു മറുപടി കൊടുത്തയപ്പാറാകണമെന്നും ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു.

1858 മത മെയ് മാസം 21-നു കോട്ടയത്തു നിന്നും.

റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

തന്‍റെ എഴുത്ത് ഇവിടെ വന്നുചേര്‍ന്നു. അതില്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്ക് കൊടുത്തയപ്പാന്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന എഴുത്ത് നമ്മുടെ ഒരു എഴുത്തോടുകൂടെ ഇനിയും ബിലാത്തി കത്തുകള്‍ പോകുമ്പോള്‍ അയയ്ക്കയും ചെയ്യാം. ചോദ്യകടലാസില്‍ കണ്ടിരിക്കുന്ന സമ്മാനം ലഭിക്കേണ്ടതിനായിട്ട് താന്‍ അത്ര പ്രയാസപ്പെടരുത്. ആ വക പണം റോമ്മാ കാതോലിക്കാ സഭക്കാര്‍ക്കു കൊടുക്കാമെന്നേ വിചാരിച്ചിട്ടുള്ളു. താന്‍ അവരുടെ സഭയിലുള്ള തെറ്റുകള്‍ സാക്ഷാല്‍ തെറ്റുകള്‍ അല്ലായെന്ന് കാണിപ്പാനായിട്ടു ശ്രമിക്കുന്നു എങ്കിലും താന്‍ ഒരു റോമ്മാക്കാരന്‍ അല്ലെന്നത്രെ നാം കേട്ടിരിക്കുന്നത്. അങ്ങനെയായിരിക്കുമ്പോള്‍ ആ സമ്മാനത്തെ ന്യായമായിട്ട് ആഗ്രഹിപ്പാന്‍ മുറയില്ല. പിന്നെയും താന്‍ റോമ്മാ സഭയിലെ ചില തെറ്റുകളെ വെളിപ്പെടുത്തി എഴുതിയിരിക്കുന്ന ഒരു പുസ്തകം നമുക്ക് കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ആ സഭക്കാര്‍ക്കു വിരോധമായിട്ടും പിന്നൊരു സമയത്ത് അവര്‍ക്ക് അനുകൂലമായും എഴുതുവാന്‍ തനിക്ക് ഏതുപ്രകാരം കഴിയും. ഇത് എങ്ങനെയോ നമുക്കു ഗ്രഹിപ്പാന്‍ പാടില്ല.

1858 മത ഇടവ മാസം 26-നു കൊച്ചിയില്‍ നിന്നും.

റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

ഇനിയും ബിലാത്തി കത്തുകള്‍ പോകുന്ന സമയത്ത് റവറണ്ട് ഇലീസ സായ്പ് അവര്‍കള്‍ക്കു എന്‍റെ കത്തുംകൂടെ കൊടുത്തയയ്ക്കുമെന്ന താങ്കളുടെ മറുപടിയില്‍ എഴുതിയിരിക്കുന്നതിനാല്‍ ഏറ്റവും ഞാന്‍ സന്തോഷിക്കുന്നു. താങ്കളുടെ കൃപയ്ക്കു വളരെ സലാം.

ചോദ്യകടലാസില്‍ പറഞ്ഞിരിക്കുന്ന സമ്മാനത്തെക്കുറിച്ച് ഞാന്‍ താങ്കള്‍ക്ക് ഒന്നുംതന്നെ എഴുതിയിട്ടില്ലാതിരിക്കുമ്പോള്‍ അതില്‍ പറയുന്ന സമ്മാനം ലഭിപ്പാന്‍ ഞാന്‍ പ്രയാസപ്പെടേണ്ടായെന്നും അധികപ്രസംഗമായി താങ്കള്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് വിചാരിച്ചാറെ ഒരുത്തന്‍ തന്‍റെ മാതാവിന് ഭ്രഷ്ട് ഉണ്ടെന്നു ആരെങ്കിലും തെളിയിച്ചു കൊടുത്താല്‍ അവനു സമ്മാനം കൊടുക്കാമെന്നു എഴുതി പ്രസിദ്ധപ്പെടുത്തുകയും ആരെങ്കിലും തെളിയിച്ചു കൊടുക്കയും ചെയ്താല്‍ പിന്നീട് സമ്മാനം കൊടുക്കാമെന്നു പ്രസിദ്ധപ്പെടുത്തിയവന്‍ ഒരുനാളും കൊടുക്കുന്നതല്ലാത്തപ്രകാരം തന്നെ. ഇലീസ് സായ്പ് അവര്‍കള്‍ ചോദ്യകടലാസില്‍ എഴുതിയിരിക്കുന്ന സമ്മാനം ഉത്തരം എഴുതുന്നവനു കൊടുക്കുന്നതല്ലെന്നു താങ്കള്‍ നിശ്ചയിച്ചുംകൊണ്ട് സമ്മാനം ലഭിക്കുമെന്നു വച്ച് ഞാന്‍ പ്രയാസപ്പെടേണ്ടായെന്നു താങ്കള്‍ എനിക്കു എഴുതിയിരിക്കുന്നതും ആ ചോദ്യകടലാസ് ഇപ്പോള്‍ മലയാഴ്മയായി അച്ചടിപ്പിച്ചതില്‍ ലജ്ജ നിരൂപിക്കാതെ കൂട്ടിയും കുറച്ചും വ്യത്യാസമായി അച്ചടിപ്പിച്ചതും ഇലീസ സായ്പ് അവര്‍കള്‍ക്കു ഏറ്റവും അപമാനമുള്ളതാകുന്നുയെന്ന് നിങ്ങള്‍ നിരൂപിക്കാഞ്ഞതു എന്തുകൊണ്ടെന്നും ഞാന്‍ നിരൂപിക്കുന്നു.

പിന്നെയും നേരും ന്യായവും സത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഉള്ളപ്പോള്‍ ആ പഠിത്വം പുറകോട്ടു കിടക്കയും നേരുകേടും ന്യായകേടും അസത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഇല്ലാതെയിരിക്കുമ്പോള്‍ ഈ പഠിത്വം മുമ്പോട്ടു കിടക്കയും ചെയ്യുന്നതിനെക്കുറിച്ച് ആരെങ്കിലും നിരൂപിച്ചാല്‍ ഈ വകയ്ക്കുള്ള പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഏതെന്നു അറിയാവുന്നതാകുന്നു.

കടലില്‍ കിടക്കുന്ന ഉപ്പുവെള്ളവും കടയില്‍ നിന്നും പാത്രത്തില്‍ കോരിവച്ചിരിക്കുന്ന ഉപ്പുവെള്ളവും പുളിവെള്ളം തന്നെയെന്നു എനിക്കറിയാവുന്നതാകയാല്‍ ദ്രവ്യമോഹം കൊണ്ടു മറ്റു ചില ആളുകളെപോലെ പാപ്പുലതക്കാര്‍ മുതലായ പിഴച്ചുപോയ യാതൊരു സഭക്കാരുടെയും കൂടെ ഞാന്‍ ചേരുവാന്‍ ദൈവകൃപ എന്നോടു സമ്മതിക്കുന്നതല്ലെന്നു താങ്കള്‍ ഗ്രഹിച്ചിരിക്കട്ടെ.

പിന്നെയും നാലും മൂന്നും ആറാകുന്നു എന്ന് വല്യ മേലെഴുത്തു പിള്ള പറഞ്ഞാലും അത് തെറ്റാകുന്നു. അത് ഏഴാകുന്നുയെന്ന് പള്ളിക്കൂടത്തില്‍ ഇന്നു പഠിപ്പാന്‍ ആക്കിയ ഒരു പൈതല്‍ പറഞ്ഞാല്‍ അത് തെറ്റില്ലാത്തതാകുന്നു.

1858 മത ജൂണ്‍ മാസം 4-നു കോട്ടയത്തു നിന്നും.

റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

ഈ മാസം 4-നു താന്‍ എഴുതി അയച്ച കത്ത് ഇവിടെ വന്നുചേര്‍ന്നു. അതിനു മുമ്പില്‍ ശീമ കത്തുകള്‍ പോയതിനാല്‍ അപ്പോള്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്കുള്ള തന്‍റെ എഴുത്ത് നമ്മുടെ ഒരു കത്തോടുകൂടെ അയയ്ക്കയും ചെയ്തു. ഇപ്രകാരം തര്‍ക്കമുള്ള സംഗതികളെ സംബന്ധിച്ച് എഴുത്തുകള്‍ എഴുതി കാലം പോക്കുവാന്‍ നമുക്ക് തീരെ മനസില്ലാത്തതിനാല്‍ ആയതിനു മേലാല്‍ താന്‍ തുനിയുകയില്ലല്ലോ.

1858 മത മിഥുന മാസം 12-നു കൊച്ചിയില്‍ നിന്നും.

Tuesday, June 12, 2018

വിവാഹ കൂദാശയിലെ പുതിയ പ്രവണതകള്‍ക്കെതിരെ ഒരു കത്ത്

143. 33 ഉം 53 ഉം ലക്കങ്ങളില്‍ പറയുന്ന കത്തങ്ങളില്‍ ഒരുത്തന്‍റെ മകനാകുന്ന കല്ലിച്ചേരില്‍ ചെമ്പകശ്ശേരില്‍ ഇട്ടിയവിരാ കത്തനാര്‍ കൈ പിടിപ്പിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം വഹിയായെന്നും പറകയും കൈപിടുത്തം കൂടാതെ നടത്തി തുടങ്ങുകയും ചെയ്കയില്‍ എഴുതിയതിനു പകര്‍പ്പ്. 

പണിയപ്പെട്ട പല പള്ളികളില്‍ മുമ്പിനാലെ ഒരു ഇടവകയായി നടന്നുവരുന്ന കോട്ടയം, കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ ഈ പള്ളികള്‍ക്കും ദൈവകൃപയാല്‍ ഇനിമേല്‍ സ്ഥാപിക്കപ്പെടുന്ന പള്ളികള്‍ക്കും ഒരു ഇടവകപട്ടക്കാരനായി കോട്ടയത്തു പാര്‍ക്കുന്ന ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ കുറി. 

മേലെഴുതിയ പള്ളികള്‍ക്കു ഇടവകപട്ടക്കാരനായി കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ മുതലായ ദിക്കുകളില്‍ പാര്‍ത്തുവരുന്ന സഹോദരന്മാരായ പട്ടക്കാരും എണങ്ങരും കൂടെക്കണ്ടെന്നാല്‍,

തെക്കുംഭാഗരെന്നു കൊടുങ്ങല്ലൂര്‍ വച്ചു പേര്‍പെട്ടവരായ നമ്മുടെ പള്ളികളില്‍ പെണ്‍കെട്ടിനു സുറിയാനി വാക്കില്‍ മ്മക്കീറൂസായെന്നു പറയുന്ന കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയക്രമവും ബൂറക് എസ്ക്കസായെന്നു പറയുന്ന മോതിരം വാഴ്ത്തല്‍ ക്രമവും ബൂറക്ക്കീലീലായെന്നു പറയുന്ന കിരീടം വാഴ്ത്തല്‍ ക്രമവും മരിച്ചു ശവം പള്ളിയില്‍ വന്നാല്‍ യാതൊന്നും പട്ടക്കാര്‍ പറിച്ചെടുക്കാതെയുള്ള ശവം അടക്കലും മുന്‍പിനാലെ നമ്മുടെ പള്ളികളില്‍ നടന്നുവരുന്നതല്ലോ ആകുന്നു. 

എന്നാല്‍ പെണ്ണുങ്ങള്‍ മരിച്ചു ശവം പള്ളിയില്‍ കൊണ്ടുചെന്നാല്‍ കുമ്പളത്താലിയും പുരുഷന്മാര്‍ മരിച്ചു ചെന്നാല്‍ മറ്റൊന്നും പട്ടക്കാര്‍ക്കു അവകാശമുള്ളതാകുന്നുയെന്നും പറഞ്ഞു ഇപ്പോള്‍ ചിലര്‍ പറിച്ചെടുത്തുവരുന്ന പ്രകാരവും അതു കൂടാതെ മ്മക്കീറൂസാസെന്നു പറയുന്ന പെണ്‍കെട്ടു നിശ്ചയം ചെയ്യുന്ന സമയത്ത് ഇന്നവന്‍റെയും ഇന്നവളുടെയും മകനാകുന്ന ഇന്നവനെകൊണ്ടു ഇന്നവന്‍റെയും ഇന്നവളുടെയും മകളാകുന്ന ഇന്നവളെ കെട്ടിക്കത്തക്കവിധം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടു എന്നു പെണ്ണിന്‍റെയും ചെറുക്കന്‍റെയും തകപ്പന്മാരുടെ കൈകള്‍ തമ്മില്‍ കൂട്ടിപിടിച്ചുകൊണ്ട് പള്ളിനടയില്‍ വച്ചു പറഞ്ഞു മ്മക്കീറൂസാ തികച്ചുവരുന്നപ്രകാരം പറഞ്ഞു തികയ്ക്കുന്നതിനു ചിലര്‍ക്കു അവരുടെ ഭാര്യമാരെ വിശ്വാസമില്ലാത്തതിനാല്‍ ആ പള്ളിക്രമം മാറ്റണമെന്നും അല്ലെങ്കില്‍ അങ്ങനെ സംശയമുള്ള കത്തങ്ങളുടെ ആകട്ടെ, മാപ്പിളമാരുടെ ആകട്ടെ, ഭാര്യമാര്‍ക്കു അവരുതന്നെ മക്കളെ പെറ്റതിനു സംശയമില്ലാത്തതിനാല്‍ ഭാര്യമാരെ കൊണ്ടു കൈപിടിപ്പിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കേണ്ടതാകുന്നുയെന്നും നമ്മളില്‍ തന്നെ ചിലരു വാദിച്ചു പറയുന്നപ്രകാരം കേള്‍ക്കുന്നു. 

ആയതുകൊണ്ട് വിചാരിച്ചാറെ കുമ്പളത്താലി മുതലായതു പട്ടക്കാര്‍ക്കു അവകാശമാകുന്നുയെന്നു പറഞ്ഞുംകൊണ്ട് പറിച്ചെടുക്കുന്നവന്‍ കാലക്രമം കൊണ്ടു ശാപത്തിന്‍റെ വസ്ത്രങ്ങള്‍ ഒക്കെയും പറിച്ചെടുപ്പാനും നഗ്നമായി ശവം അടക്കം ചെയ്വാനും ഇടവരുമെന്നു നിരൂപിക്കുന്നു. 

മ്മക്കീറൂസായെന്നു പറയുന്ന പള്ളിക്രമം അവന്‍റെ ഭാര്യയെ ഉള്ള അവിശ്വാസംകൊണ്ടു ആവശ്യമില്ലെന്നു പറയുന്നവന്‍ കാലക്രമം കൊണ്ടു കാട്ടുപോത്ത്, നാട്ടുപോത്ത്, കാട്ടുപന്നി, നാട്ടുപന്നി മുതലായ മൃഗങ്ങള്‍ക്കും ചാക്കന്മാരും പതിയാന്മാരും മുതലായ ആളുകള്‍ക്കും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയവും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടും ഇല്ലാതെ സന്തതികള്‍ ഉണ്ടായി കണ്ടുവരുന്നതിനാല്‍ ഇപ്രകാരമുള്ള വികൃതികള്‍ ചെയ്തിട്ടു ആവശ്യമില്ലെന്നും ഏവന്‍ഗേലിയോനിലും കുറികളിലും ശ്ലീഹന്മാരുടെ കൈയൊപ്പും മുദ്രയും ഇല്ലാത്തതിനാല്‍ ആയതു വിശ്വസിച്ചു കൂടാത്തതാകുന്നുയെന്നും പറയുവാനും ഇടവരുമെന്നും ഞാന്‍ നിരൂപിക്കുന്നു. 

എന്നാല്‍ ചൊറിയണ വൃക്ഷത്തില്‍ നിന്നുണ്ടാകുന്ന കായ ആ വൃക്ഷത്തെക്കാള്‍ കടിക്കുന്നതാകുന്നുയെന്നും കരിമ്പില്‍ നിന്നുണ്ടാകുന്ന ശര്‍ക്കരയില്‍ ചിലതു മധുരം കുറഞ്ഞിരിക്കും എങ്കിലും കൈക്കുന്നതായി തീരുന്നതല്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. 

യൂദാ സ്കറിയോത്താ യൂദന്മാരോടു പണം വാങ്ങിച്ചുംകൊണ്ട് മശിഹാ കര്‍ത്താവിനെ ഒറ്റുവാനും തന്നത്താന്‍ കെട്ടിച്ചാടി ചാകുവാനും ഇടവരാതെ പീലാത്തോസിനോടു സ്ത്രീധനം വാങ്ങിച്ചുംകൊണ്ട് വയസ്സുകാലത്തില്‍ അറപ്പുകെട്ടു പെണ്ണുകെട്ടുവാനും ഒരു കൊച്ച് യൂദാ സ്കറിയോത്താ ഉണ്ടാകുവാനും ഇടവരാഞ്ഞതുകൊണ്ട് നിരൂപിച്ചാല്‍ ഇത് കുറെ ആശ്വാസം തന്നെ ആകുന്നുയെന്നു സന്തോഷിപ്പാനേ ഇടയുള്ളു. 

എന്നാല്‍ പറങ്കികള്‍ ബലംകൊണ്ട് പള്ളിക്രമങ്ങള്‍ മാറ്റിയ കാലത്തും പെണ്‍കെട്ടു നിശ്ചയത്തിന്‍റെ കൈപിടുത്തം മാറ്റുവാന്‍ സമ്മതിക്കാതെ മശിഹാകാലം 325-ല്‍ ഉറഹാ എന്ന നാട്ടില്‍ നിന്നും നമ്മുടെ കാരണവന്മാരു വന്ന നാള്‍മുതല്‍ ഇതുവരെ നമ്മളുടെ പള്ളികളിലും ബഹുമാനപ്പെട്ട നമുക്കുള്ള വേദപിതാക്കന്മാരുടെ പിതാവാകുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ വിചാരത്തില്‍ ഉള്‍പ്പെട്ടു പരദേശത്തുള്ള പള്ളികളിലും മേലെഴുതിയപ്രകാരം നടന്നു വരുന്നതായിരിക്കുമ്പോള്‍ ഒരു കത്തനാര്‍ക്കോ മാപ്പിളയ്ക്കോ തന്‍റെ ഭാര്യമേല്‍ തോന്നുന്ന സംശയം നിമിത്തം കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം മാറ്റുവാനും സംശയമുള്ളവന്‍റെ ഭാര്യയെകൊണ്ടു കൈപിടിപ്പിപ്പാനും ഇടയുള്ളതല്ലെന്നു എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. എങ്കിലും സംശയമുള്ള കത്തനാരോ മാപ്പിളയോ ഉണ്ടെങ്കില്‍ ഒത്തുകല്യാണത്തിനു മുമ്പ് പള്ളിയില്‍ വന്നു അവന്‍റെ ഭാര്യമേല്‍ തോന്നിയിട്ടുള്ള സംശയത്തെക്കുറിച്ചു ഒരു വര്യോല എഴുതി കയ്യൊപ്പിട്ടു നട മുഖേനേ വച്ചതിന്‍റെ ശേഷം അവന്‍റെ ഭാര്യയെ വരുത്തി അവന്‍റെ ഉറപ്പിനു വേണ്ടി അവളെകൊണ്ടു സത്യം ചെയ്യിച്ചു ഉറപ്പു വരുത്തി കൊടുത്ത് പിന്നീട് പള്ളിയില്‍ വന്നു കീഴുമര്യാദപ്രകാരം കൈപിടിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കത്തക്കവിധം ഒരു പുതുചട്ടം കൂട്ടി വെയ്പാന്‍ ഇടയുള്ളതായി കാണുന്നു. എങ്കിലും കീഴ്മര്യാദയായി  പൊതുവില്‍ നടന്നുവരുന്ന കാര്യം ഒരാള്‍തന്നെ നിശ്ചയിച്ചു കൂട്ടുകയും കുറയ്ക്കയും ചെയ്യുന്നത് ഏറ്റവും മഹാ വല്യ ചണ്ടാഴ്മയാകകൊണ്ട്    താമസിയാതെ ദൈവകൃപയ്ക്കു തക്കവണ്ണം ഞാന്‍ അങ്ങോട്ടു വരുന്നതാകയാല്‍ അപ്പോള്‍ കൂടി നിശ്ചയിച്ചു ഏതുപ്രകാരം വേണ്ടൂയെന്ന് ഉറച്ചുകൊള്‍കയുമാകാം. 

വിശേഷിച്ചും മശിഹാകാലം 52-ല്‍ മലയാളത്തില്‍ വന്നു മാര്‍ഗ്ഗം അറിയിച്ച ശ്ലീഹാ ആകുന്ന മാര്‍ തോമ്മായെയും 325-ല്‍ വന്നു മാര്‍ഗ്ഗം നടത്തിയ ക്രിസ്ത്യാനിയാകുന്ന തോമ്മായെയും 1653 മത മകര മാസം 3-നു വെള്ളിയാഴ്ച നാള്‍ വീണുപോയ നമ്മുടെ സുറിയാനി മതത്തെ നിലനിര്‍ത്തിയ കത്തനാരാകുന്ന തോമ്മായെയും നാം എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ടതും അവരുടെ പിന്നടിയില്‍ കൂടെ നടക്കേണ്ടതും ആകുന്നു. 

കൊല്ലം 1033-മാണ്ട് കര്‍ക്കടകമാസം 3-നു മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം എഴുത്തു. 

രണ്ടാംകെട്ടുകാരനായ ശെമ്മാശനെ കത്തനാരാക്കുന്നു





125. 121 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ഊര്‍ശ്ലേമിന്‍റെ ബാവാ തെക്കേ ദിക്കിലുള്ള പള്ളികളില്‍ ഈ സമയം സഞ്ചരിക്കയും എല്ലാ പള്ളികളില്‍ നിന്നും ജനങ്ങള്‍ വരിയിട്ടു ഏറിയ രൂപ കൊടുക്കയും ചെയ്ത് പുതുപ്പള്ളി പള്ളിയില്‍ വന്നിരിക്കുമ്പോള്‍ ആ പള്ളിയില്‍ കാരാപ്പുഴ ഇട്ടി കത്തനാരുടെ മകന്‍ ശെമ്മാശ് ഒന്നാമത് കെട്ടിയിരുന്നവള്‍ മരിച്ചതിന്‍റെ ശേഷം രണ്ടാമത് കെട്ടിയ വിവരം ബാവാ അറിഞ്ഞാറെ ആയതു സുറിയാനി മര്യാദയ്ക്കു വിരോധമാകയാല്‍ ഇനി കത്തനാരുപട്ടം ഏല്‍ക്കരുതെന്നു വിരോധിക്കയും അപ്പോള്‍ ബാവായെ കാണുന്നതിനു മെത്രാപ്പോലീത്താ വരികയാല്‍ ഈ ശെമ്മാശിനു കത്തനാരുപട്ടം കൊടുക്കരുതെന്നും ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ ഉണ്ടാക്കുന്നത് മര്യാദ അല്ലാഴിക കൊണ്ട്  തൊഴിയൂരേക്കു ഒരു മെത്രാനെ ഉണ്ടാക്കരുതെന്നും വിരോധിക്കയും ചെയ്തു.



126. ഉടന്‍ മെത്രാപ്പോലീത്താ പുതുപ്പള്ളിയില്‍ നിന്നും സെമിനാരിയില്‍ എത്തി മേലെഴുതിയ കാരാപ്പിഴെ ശെമ്മാശിനും മറ്റു ശെമ്മാശന്മാര്‍ക്കും കത്തനാരുപട്ടം കൊടുത്തും വച്ച് തൊഴിയൂര്‍ പള്ളിയില്‍ പോയി കഴിഞ്ഞുപോയ ഗീവറുഗീസ് കൂറിലോസ് മെത്രാന്‍റെ കൂടെ പാര്‍ത്തിരുന്ന ആലത്തൂക്കാരന്‍ യൗസേപ്പ് കത്തനാരെ 1857 മാണ്ടു (1032) മകര മാസം 20-നു കൂറിലോസെന്നു പേരിട്ടു മെത്രാനാക്കുകയും ചെയ്തു. അതു കൂടാതെ .... യിട്ടും തെറ്റായിട്ടും മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിക്കുകയും ചെയ്തു. കുന്നംകുളങ്ങര ഈയപ്പന്‍ മുതലായവര്‍ കൂടിയതുമില്ല. മെത്രാപ്പോലീത്താ ഉണ്ടാക്കിയ കൂറിലോസ് യൗസേപ്പ് മെത്രാനെ ഉടനെ സെമിനാരിയില്‍ കൊണ്ടുവരികയും കുംഭ മാസം 2-നു സെമിനാരിയില്‍ പെരുന്നാള്‍ ദിവസം ഓക്സിയോസ് ചൊല്ലി ഉയര്‍ത്തുകയും ചെയ്തു. കൂറിലോസ് ബാവാ വിവദിച്ചത് തൊഴിയൂരെ മുതല്‍കാര്യങ്ങളെ പറ്റിയല്ലാതെ സുറിയാനി മതത്തെയും കാനോനിനെയും പാത്രിയര്‍ക്കീസ് ബാവായെയും സ്നേഹിച്ചല്ല.



(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പാലക്കുന്നത്ത് അത്താനാസ്യോസും യൂയാക്കിം മാര്‍ കൂറിലോസും ഒന്നിക്കുന്നു

120. കൂറിലോസ് ബാവാ വടക്കേ ദിക്കില്‍ നിന്നും കോനാട്ട് മല്പാന്‍ മുതല്‍പേരു അറിയാതെ 1856 മത കുംഭ മാസം 3-നു കോട്ടയത്തു സെമിനാരിയില്‍ വന്നു മെത്രാപ്പോലീത്തായുമായിട്ടു ഇണക്കമായിട്ടു പാര്‍ത്തുവരുന്നു. അതും അല്ലാതെ പള്ളികള്‍ക്കു ഒരുമിച്ചു സാധനവും എഴുതിവരുന്നു. 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ദീവന്നാസ്യോസിനോടു കൂറിലോസ് ബാവാ വാങ്ങിച്ചിരുന്ന വെള്ളി കാപ്പാ കോതമംഗലത്തു ചെറിയപള്ളിക്കാര്‍ക്കു വിറ്റു വില വാങ്ങിക്കയും ചെയ്തു.

ക്രിസ്തുമതത്തില്‍ ചേരുന്നവരുടെ 'ജാതി' പ്രശ്നം (1850)



117. മാവേലിക്കര പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി റവ. പീറ്റ് വേദത്തില്‍ ചേര്‍ത്ത ഈഴവര്‍ കീഴ്മര്യാദപ്രകാരം തീണ്ടുതിരിവായിട്ടും തന്നെ നടക്കണമെന്നു മാവേലിക്കര കൊട്ടാരത്തില്‍ തമ്പുരാക്കന്മാരും ഏതാനും ശൂദ്രരും കൂടെ തര്‍ക്കിച്ചു കോയിമ്മയില്‍ വ്യവഹാരമുണ്ടായി എല്ലാ ദിക്കിലും ചേരുന്ന ഈഴവര്‍ തീണ്ടു തിരിവായിട്ടും തന്നെ നടക്കണമെന്നു ഉത്തരവ് പുറപ്പെടുകയാല്‍ സുറിയാനി വേദത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കു തീണ്ടലില്ലെന്നും അതിനാല്‍ ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കും തീണ്ടുതിരിവിനു ആവശ്യമില്ലെന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെക്കൊണ്ടു എഴുതിക്കയും ഇംഗ്ലീഷ് പാതിരിമാരു മദ്രാസ് കമ്മിട്ടിയില്‍ സങ്കടം ബോധിപ്പിക്കയും ചെയ്കയാല്‍ ഈ കാര്യത്തിന്‍റെ ന്യായം നിശ്ചയം വരേണ്ടുന്നതിനു വേണ്ടി സുറിയാനി മതത്തില്‍ ചേരുന്ന ഹീനജാതിക്കാരുടെ നടപ്പ് എങ്ങനെയെന്നും ഇംഗ്ലീഷ് മതത്തില്‍ കൂടുന്ന ഹീനജാതിക്കാരെ ഏതുപ്രകാരം നടത്തുവാന്‍ ന്യായമെന്നും മറ്റും മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടി ആലോചിച്ചു അഭിപ്രായത്തോടുകൂടെ മറുപടി ബോധിപ്പിക്കണമെന്ന് ദിവാന്‍ കൃഷ്ണരായരു അവര്‍കളുടെ ഉത്തരവോടുകൂടി ചോദ്യകടലാസും കൊണ്ടു ഹജൂര്‍ പോലീസ് ശിരസ്തദാരു ശങ്കുണ്ണി മേനവന്‍ 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന 1853 മത മീന മാസത്തില്‍ പള്ളിക്കാര്‍ സെമിനാരിയില്‍ കൂടിയ സമയത്തു വരികയാല്‍ മെത്രാപ്പോലീത്തായും ശേഷംപേരും കൂടി നിശ്ചയിച്ചു സുറിയാനി വേദത്തില്‍ കൂടുന്ന ഈഴവര്‍ മുതലായവര്‍ക്കു ഹീനത്വമുണ്ടെന്നും ഇംഗ്ലീഷില്‍ കൂടുന്ന ഹീനജാതിക്കാര്‍ (പറങ്കികളുടെ വേദത്തില്‍ ചേര്‍ന്ന എഴുന്നൂറ്റിക്കാരു മുതലായ) ഏറിയ കാലമായിട്ട് ഇതുവരെ തീണ്ടുതിരിവായിട്ടു നടന്നുവരുന്നപ്രകാരം ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഈഴവര്‍ മുതലായവരു തീണ്ടുതിരിവായിട്ടു തന്നെ നടപ്പാന്‍ ന്യായമെന്നും മറുപടി എഴുതി മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടെ കൊടുക്കയും ചെയ്തു. സുറിയാനി വേദത്തില്‍ ഹീനജാതിക്കാര്‍ കൂടിയവരല്ലാതെ സ്വതേ ഉള്ളവര്‍ ചുരുക്കമാകകൊണ്ടു സുറിയാനി വേദത്തിലും ഇംഗ്ലീഷിലും കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതിയാല്‍ സുറിയാനിക്കാര്‍ മിക്കവരും ഹീനന്മാര്‍ ആകുന്നുയെന്നു തെളിഞ്ഞു സുറിയാനിക്കാര്‍ക്കും തീണ്ടലിനു ഇട വരുമെന്നും ചില പള്ളിക്കാര്‍ പറഞ്ഞു തര്‍ക്കിച്ചു ഒപ്പിടുകയും പ്രത്യേകമായിട്ടു ചെങ്ങൂര്‍ പള്ളിക്കാര്‍ തര്‍ക്കിച്ചു അവര്‍ ഈഴവരു മുതലായ ഹീനജാതിക്കാര്‍ കൂടിയവരാകുന്നു എന്ന് പറഞ്ഞ് ഒപ്പിടാഴികയാല്‍ അവരുടെ പേര് ചുരണ്ടികളയുകയും ചെയ്തു. പിന്നീട് ശിരസ്തദാര്‍ വരാപ്പിഴെ ചെന്നാറെ ആ മെത്രാപ്പോലീത്തായും മേലെഴുതിയപ്രകാരം തന്നെ വേദത്തില്‍ കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതികൊടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കോട്ടയം വലിയപള്ളി – ചെറിയപള്ളി പെരുന്നാള്‍ തര്‍ക്കം (1850)

116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു പകര്‍പ്പ്.

വല്യപള്ളിയില്‍ വികാരിയും കൈക്കാരും കൂടെ എഴുതി ബോധിപ്പിക്കുന്നത്.

പോയാണ്ട് മേടമാസത്തില്‍ വസന്തദീനത്തിന്‍റെ കലശല്‍ കൊണ്ടു ഒരു വസന്ത പെരുനാള്‍ കഴിക്കുന്ന വകയ്ക്കു അനുവദിക്കണമെന്നും തിരുമനസ്സുകൊണ്ടു മുളന്തുരുത്തി പള്ളിയില്‍ ഇരിക്കുമ്പോള്‍ ചെറിയപള്ളിക്കാര്‍ എഴുതി ബോധിപ്പിച്ചാറെ ആ മാസത്തില്‍ ഈ പള്ളിയില്‍ ഒരു പെരുന്നാള്‍ ആഘോഷിച്ചുവരുന്ന വിവരം കല്‍പിച്ചു അറിഞ്ഞിട്ടില്ലാത്തതിനാല്‍ ആയാണ്ടില്‍ ഒരു വസന്ത പെരുനാള്‍ കഴിച്ചുകൊള്ളുന്നതിനു അനുവദിക്കയും അതിനാല്‍ ശുദ്ധമാന പള്ളിയുടെ നീതിക്കും ചട്ടത്തിനും കീഴ്മര്യാദയ്ക്കും വിരോധമായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ മറുതല തൂക്കം കഴിച്ചുവരുന്നവിധം ദിവസമാറ്റം എങ്കിലും ചെയ്യാതെ തമ്പുരാനെ പെറ്റമ്മയുടെ ഈ പള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന പെരുനാളിനു മറുതല പെരുനാളായി ആ ദിവസം തന്നെ തമ്പുരാനെ പെറ്റമ്മയുടെ നാമത്തിലുള്ള ചെറിയപള്ളിയില്‍ മറുതല പെരുനാള്‍ കഴിക്കയും വാദ്യഘോഷത്തോടുകൂടെ പള്ളിപ്രദക്ഷിണം കഴിക്കയും ചെയ്തിരിക്കുന്ന വിവരം തിരുമനസറിയിച്ചിട്ടുള്ളതല്ലോ ആകുന്നു. ഇന്നേ ദിവസം പകല്‍ 12 മണി കഴിഞ്ഞതിന്‍റെ ശേഷം പല മേല്‍പട്ടക്കാര്‍ ഒരുമിച്ചു പള്ളിയില്‍ എത്തിയാല്‍ വേണ്ടുന്ന ക്രമത്തില്‍ അധികമായിട്ടു ചെറിയപള്ളിയില്‍ കൂട്ടമണി, വെടി വാദ്യങ്ങള്‍ തകര്‍ക്കയാല്‍ ആയതു എന്തൊരു കാരണമെന്നും തിരക്കിയാറെ ഈയാണ്ടിലും മറുതല പെരുനാള്‍ കഴിക്കുന്ന വകയ്ക്കു കൊടി ഏറ്റുന്നതിനു ഒരു വരട്ടു കപ്ലങ്ങ മണി, വാദ്യഘോഷത്തോടു കൂടെ കൊണ്ടുവരികയത്രെ ചെയ്തു എന്നു കേള്‍ക്കയും ചെയ്തു. പള്ളി എന്തിനു ആകുന്നുയെന്നും മണി തൂക്കിയിരിക്കുന്നത് എന്തിനു ആകുന്നുയെന്നും ഏതെല്ലാം സമയത്ത് മണി അടിക്കേണ്ടതാകുന്നു എന്നും അറിവാന്‍ പ്രാപ്തിയില്ലാതെ വരണ്ട കവുങ്ങ് കൊണ്ടുവരുമ്പോഴും കാട്ടുപന്നിയെ വെടിവച്ചു കൊണ്ടുവരുമ്പോഴും മറ്റും മണി അടിക്കുന്ന അവസ്ഥ കൊണ്ടു വിചാരിച്ചാറെ ഇവരു മറുതല പെരുനാള്‍ കഴിക്കുന്നതില്‍ അത്ഭുതപ്പെടുവാന്‍ ഇല്ലെന്നു സ്ഥിരം വന്നിരിക്കുന്നു. അതിനാല്‍ കുംഭമാസം 8-നു ചെറിയപള്ളിയില്‍ കഴിച്ചുവരുന്ന നെസ്തോര്‍ അവുപ്പന്‍റെ ചാത്തത്തിനു മറുതലയായി അറിയോസ് മൂപ്പന്‍റെ ചാത്തം കഴിക്കണമെന്നു വിചാരിച്ചാറെ ശുദ്ധമാന പള്ളിയില്‍ കാണിക്കുന്ന വികൃതിക്കു പകരം വികൃതികള്‍ കാണിക്കുന്നത് യുക്തമല്ലെന്നും നിരൂപിച്ചു വേണ്ടായെന്നു വെയ്ക്കയും ചെയ്തു. മുന്‍ ഒരാണ്ടില്‍ അന്നു ചെറിയപള്ളിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മേടമാസം 24-നു കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ഒരു മറുതല പെരുനാള്‍ കഴിക്കയാല്‍ അന്നു ഞങ്ങളുടെ കാരണവന്മാര്‍ കോയ്മയില്‍ ബോധിപ്പിച്ചു ചെറിയപള്ളിയില്‍ കൈക്കാരന്മാര്‍ മുതലായവരെ വരുത്തി അതു വീണ പെരുന്നാളാകുന്നു എന്ന് നിശ്ചയിച്ചു പിഴയേറ്റു എഴുതി വെപ്പിച്ചു 326 പണം പ്രായശ്ചിത്തവും കെട്ടി വെയ്പിച്ചു മേലാല്‍ ഗബറിയേല്‍ മെത്രാപ്പോലീത്തായുടെ ചാത്തവും അമ്പതു നോമ്പ് വീടലും ഒഴികെ മേട മാസം 24-നു വാദ്യഘോഷത്തോടു കൂടെ യാതൊരു പെരുനാളും കഴിച്ചു കൂടായെന്നും മറ്റും ചട്ടം വച്ചു ഉടമ്പടി ചെയ്ത് അപ്രകാരം പിന്നെയും ഏറിയകാലമായിട്ടു ഇന്നുവരെ നടന്നുവരുമ്പോള്‍ ആയതിനു വിരോധമായി ഇന്നു ചെറിയപള്ളിയില്‍ ഉള്ള ആളുകള്‍ മറുതല പെരുനാള്‍ കഴിപ്പാന്‍ തുടങ്ങിയിരിക്കുന്നതാകുന്നു. ദാഹമുള്ള മക്കള്‍ തന്‍റെ മാതാവിന്‍റെ മുലപ്പാല്‍ വന്നു കുടിച്ചു പ്രാണനെ രക്ഷിപ്പാന്‍ വേണ്ടി വാത്സല്യമക്കളെ മാതാവ് വിളിക്കുന്നപ്രകാരം മാതാവായ ശുദ്ധമാന പള്ളിയില്‍ അതിന്‍റെ മക്കള്‍ വന്നു ശുദ്ധമുള്ള രഹസ്യങ്ങളിലും മറ്റും സംബന്ധിച്ചു ആത്മത്തെ രക്ഷിപ്പാനായികൊണ്ടു വിളിക്കുന്ന മാതാവായ ശുദ്ധമാന പള്ളിയുടെ വിളിയാകുന്ന മണിഅടിപ്പിനെ കലഹ തമ്പേറായി വരട്ടു കവുങ്ങുകൊണ്ട് വരുമ്പോഴും മറ്റും അനാവശ്യ സമയങ്ങളിലും സമീപെയുള്ള ഈ ചെറിയപള്ളിയില്‍ മണി അടിക്കുന്നത് മറുതല പെരുനാളിനേക്കാള്‍ ഒന്നുകൂടെ വഷളായിട്ടുള്ളതാകകൊണ്ട് അതില്‍ ഏറ്റവും ലജ്ജ തോന്നുന്നു. അതിനാല്‍ തിരുമനസുണ്ടായിട്ടു പള്ളിയും മണിയും പട്ടക്കാരും ഇന്നവകയ്ക്കാകുന്നുയെന്നും ചെറിയപള്ളിയിലുള്ള കത്തനാരച്ചന്മാരു മുതലായവരു പഠിപ്പാന്‍ ഇടവരുത്തുകയും കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി വീണപെരുനാള്‍ തുടങ്ങുവാന്‍ എന്തെന്നും മുന്‍ ഒരാണ്ടില്‍ ഇപ്രകാരം തുടങ്ങിയാറെ നടപ്പില്ലാതെ തീരുവാന്‍ കാരണം എന്തെന്നും കല്‍പിച്ചു ചോദിക്കയും ചെയ്ത് ഇപ്രകാരമുള്ള വികൃതികള്‍ ചെയ്യാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടം കെട്ടി ആ വിവരത്തിനു മുന്‍ ഇപ്രകാരമുള്ള മറുതലപെരുന്നാള്‍ തുടങ്ങിയാറെ കോയ്മയില്‍ ബോധിപ്പിച്ചു നില വരുത്തിയിരിക്കുന്നപ്രകാരം ഇപ്പോഴും ബോധിപ്പിച്ചു നില വരുത്തണമെന്നു നിശ്ചയിച്ചിരിക്കകൊണ്ടു ആയതിനും വേണ്ടുന്ന കല്‍പനകള്‍ കൊടുത്തയപ്പാറാകണമെന്നും അപേക്ഷിക്കുന്നു.

1020 മാണ്ട് മേട മാസം 18-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം (1850)


114. 102-ാമതു ലക്കത്തില്‍ 158-ാമതു ....... നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു രൂപത വിചാരിച്ചിരുന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് വരാപ്പിഴെ സെമിനാരിയില്‍ ഇരുന്ന ഒരു ആളിനെ കൊല്ലത്തു രൂപതയ്ക്കു നിയമിക്കയും ആയതിനു വിളംബരം വരികയും ചെയ്തു. 

നമ്പ്ര 1027-മത
വിളംബരം
രായസം 

എന്തെന്നാല്‍ കൊല്ലത്തെ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു നിയമിച്ചിരുന്ന മാരീശ എന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് അതിനു പകരം റോമ്മായിലെ എഴുത്തിന്‍പ്രകാരം വരാപ്പിഴെ സിമ്മനാരിയില്‍ സെക്രട്ടറി ആയിരുന്ന റവറണ്ട് പ്രെകാളെ  സദെസാന്ത എന്ന ആളിനെ നിശ്ചയിച്ചിരിക്കുന്നു എന്നും വരാപ്പിഴെ ബിഷപ്പിന്‍റെ എഴുത്തു വന്നിരിക്കുന്ന സംഗതി ഇടപെട്ടു ബ്രിട്ടീഷ് റസിഡണ്ട് 1854-ാം പരുഷം ഡിസംബര്‍ മാസം 5-നു എഴുതിയ കായസം വന്നിരിക്കകൊണ്ടും പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ ഈ രാജ്യത്ത്  പാര്‍ക്കുന്നതില്‍ കൊല്ലത്തു രൂപതയില്‍ ചേര്‍ന്നു നടക്കുന്ന ആളുകള്‍ ഒക്കെയും മതസംബന്ധമായുള്ള കാര്യങ്ങള്‍ക്കു മേലെഴുതിയ റവറണ്ട് പ്രെകാളെര്‍സ ദെസാന്ത എന്ന ആളിന്‍റെ ആജ്ഞയില്‍ ഉള്‍പ്പെട്ടു കീഴുമര്യാദ പോലെ നടന്നുകൊള്‍കയും വേണം. 

എന്ന് 1020-മാണ്ട് തുലാ മാസം 24-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Monday, June 4, 2018

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം



112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ ആഘോഷത്തോടുകൂടെ പെരുന്നാള്‍ മെത്രാപ്പോലീത്താ കഴിപ്പിക്കയും മേല്‍ ആണ്ടത്തെ പെരുനാള്‍ അമയന്നൂര്‍കാരന്‍ നക്ഷത്ര ബംഗ്ലാവില്‍ റൈട്ടറു കുര്യനും കോട്ടയത്തു കുന്നുംപുറത്ത് കുര്യനും കൂടെ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചു അതിന്മണ്ണം എരുത്തിക്കല്‍ കത്തനാരെ കൊണ്ടു പള്ളിയില്‍ .... കൂടെ പറയിക്കയും ചെയ്തതു കൂടാതെ അന്നുതന്നെ അച്ചടി തുടങ്ങുകയും ചെയ്കയാല്‍ അന്നു അടിച്ച സാധനത്തില്‍ ഒന്നു ഈ പുസ്തകത്തോടുകൂടെ ചേര്‍ത്തിട്ടുള്ളതാകുന്നു. ....

155. മുന്‍ 102 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം സെമിനാരിയില്‍ ഉണ്ടാക്കിയ പ്രസ്സില്‍ ആദ്യം മതവിരോധമായും തെറ്റായും കൗമ്മാപ്പടി നമസ്കാരം അച്ചടിച്ചാറെ ഏറെ പിരിവില്ലാഴിക കൊണ്ട് പിന്നീട് വൈദ്യപുസ്തകം അച്ചടിപ്പിക്കയും ചെയ്തു. പിന്നീട് മറ്റൊന്നു അച്ചടിപ്പിക്കുന്നതിനു ഇല്ലാഴികകൊണ്ട് ഇപ്പോള്‍ പഞ്ചതന്ത്രവും ചാണക്യസൂത്രവും അച്ചടിപ്പിച്ചു വരുന്നു. മെത്രാന്‍ കള്ളഎഴുത്തുണ്ടാക്കി മൂസലില്‍ ചെന്നു ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരാകുന്നുയെന്നു പറഞ്ഞ് അവിടെ കുര്‍ബ്ബാന ചൊല്ലുകയും കള്ളഎഴുത്ത് കൊടുത്ത് സ്ഥാനം മോഷ്ടിക്കയും ചെയ്തത് ചാണക്യന്‍റെ സൂത്രത്തേക്കാള്‍ വല്യ സൂത്രമാകുന്നു. മെത്രാന്‍റെ നടപ്പും ..... നിരൂപിച്ചു നോക്കിയാല്‍ ഇനി പൂരപ്പാട്ടു കൂടെ അച്ചടിപ്പാന്‍ യോഗ്യതയുള്ളതായി കാണുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അനധികൃത പെണ്‍കെട്ടും മുടക്കും (1855)


പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍

മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
വല്യപള്ളിക്കാരു കണ്ടെന്നാല്‍.
ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍ മുതല്‍പേരോടു നിര്‍ബ്ബന്ധിച്ചപ്രകാരം ചെയ്യാഴികയാല്‍ പുലകുളി കഴിഞ്ഞയുടനെ പതിനേഴിനു മുമ്പ് ശനിയാഴ്ച രാത്രിയില്‍ രഹസ്യമായിട്ടു ഒരു പെണ്ണിനെയും കൊണ്ട് അവന്‍ ആ പള്ളിയില്‍ വന്നു നിങ്ങള്‍ അറിയാതെയും ദേശകുറി കൂടാതെയും പസാരം വയ്പിക്കാതെയും ന്യായവിരോധമായിട്ടു …….. കത്തനാരു രാത്രികാലങ്ങളില്‍ പെണ്‍കെട്ടു കഴിപ്പിച്ചു അയച്ചിരിക്കുന്ന സംഗതി കൊണ്ടും കത്തങ്ങളും കൈക്കാരും കൂടി നമ്മെ എഴുതി ബോധിപ്പിച്ചു വിചാരിച്ചതിലും മേലെഴുതിയപ്രകാരം കെട്ടിച്ചു അയച്ചിരിക്കുന്നത് പരമാര്‍ത്ഥമെന്നു അറിയപ്പെട്ടു. പുലകുളി കഴിഞ്ഞയുടനെ കെട്ടിക്ക മുറയില്ലാത്തതും അപ്രകാരം ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ആയിരിക്കുമ്പോള്‍ പരിഷ മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ചെയ്തിരിക്കുന്ന മേലെഴുതിയ കത്തനാരോടു അതിന്‍റെ അവസ്ഥ പോലെ വിചാരിപ്പാനുള്ളതാകയാല്‍ ഈ സംഗതിക്കു ഇന്നപ്രകാരമെന്നു നിശ്ചയിച്ചു കല്‍പന അയക്കുന്നതുവരെയും ……. കത്തനാരുടെ അംശപ്രവൃത്തികള്‍ നാം മുടക്കിയിരിക്കകൊണ്ടും നടത്തികൊള്‍കയും അരുത്. എന്ന് 1854-മത ധനു മാസം 3-നു കല്ലൂപ്പാറ പള്ളിയില്‍ നിന്നും എഴുത്ത്.
പകര്‍പ്പ്.
കൂടെ കണ്ടെന്നാല്‍,
ആ ഇടവകയില്‍ കൂടുന്നതില്‍ …… മാത്തനെന്നവനെ കൊണ്ട് സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടുള്ള മുറയില്‍ …… കത്തനാര്‍ വിവാഹം കഴിപ്പിച്ചിരിക്കുന്നപ്രകാരം നമുക്കു അറിയപ്പെട്ടു മേലെഴുതിയ കത്തനാര്‍ക്കു അംശമുടക്കായി നാം കല്‍പന അയച്ചിട്ടുണ്ടായിരുന്നുവല്ലോ. ഇപ്പോള്‍ മേലെഴുതിയ കത്തനാര്‍ ആ കാര്യത്തെക്കുറിച്ച് അനുതപിച്ചു എന്ന് സ്ഥിരമായി അറിഞ്ഞു അയാളെ കൊണ്ടു അതിനു തക്കതായ പ്രായശ്ചിത്തവും ചെയ്യിച്ചു മുടക്കു തീ
ര്‍ത്തിരിക്കുന്നതിനാല്‍ മുന്‍നാളിലെപോലെ നടന്നുകൊള്ളുന്നതിനു ഈ കല്പനയാല്‍ അയാള്‍ക്കു നാം അനുവാദം കൊടുത്തിരിക്കുന്നു. അതിന്മണ്ണം നടത്തിച്ചുകൊള്‍കയും വേണം.
എന്ന് 1855 മത മകരമാസം 3-നു സിമ്മനാരിയില്‍ നിന്നും എഴുത്ത്.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില പഴയ സര്‍ക്കാര്‍ ഉത്തരവുകള്‍



100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്:
നമ്പ്ര് 1612-മത്.
ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു. 
101. പകര്‍പ്പ്.
നമ്പ്ര് 249-മത്.
രായസം
ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.
എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം. 
എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.
എന്നാല്‍ അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിളംബരത്തില്‍ എഴുതി കാണുന്നതും മാര്‍ അത്താനാസ്യോസ് കൊണ്ടുവന്നതായി കൊടുത്തയച്ച പാത്രിയര്‍ക്കീസ് ബാവായുടെ കത്തും കൊട്ടാരത്തില്‍ ഏല്‍പിച്ചിരിക്കുന്നപ്രകാരം 99-ാമതു ലക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന മറുപടിയില്‍ കാണുന്നതുംകൊണ്ട് നിരൂപിച്ചാല്‍ മാര്‍ അത്താനാസ്യോസ് എസ്തപ്പാനോസ് ബാവായ്ക്കു ഈ വിളംബരം ഉപയോഗമായിരിക്കുന്നു. എന്നാല്‍ ഈ വിളംബരം മാര്‍ അത്താനാസ്യോസ് മത്തിയൂസിന്‍റെ പേര്‍ക്കു ആകുന്നുവെങ്കില്‍ വലിയ അത്ഭുതം തന്നെ.
102. മുന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിളംബരത്തിന്‍റെയും ഉത്തരവിന്‍റെയും പകര്‍പ്പുകള്‍ താഴെ എഴുതുന്നു. 
നമ്പ്ര 306-മത
ഉത്തരവ് എന്തെന്നാല്‍ 
എത്രയും ബഹുമാനപ്പെട്ടതും സ്ഥലപ്പെട്ടതും ആയ റോമ്മായില്‍ പാപ്പായുടെ നിയോഗത്താല്‍ അമ്മാത്ത എന്ന നാട്ടിലേക്കു വാഴിച്ചിരിക്കുന്ന ബിഷപ്പിനെ 1840 പരുഷം ജൂലൈ മാസം 8-നു ചാടതികാ എന്ന നാട്ടിലേക്കും മലയാളമൊക്കെയുടെയും ആയി ബിഷപ്പായിട്ടും വരാപ്പിഴെയ്ക്കു വിഗാരി അപ്പസ്തോലിക്കാ ആയിട്ടും വാഴിച്ചിരിക്കുന്നപ്രകാരം ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ മേലെഴുതിയ വിവരം എല്ലാ ദിശികളിലും തെര്യപ്പെടുത്തേണ്ടുന്നതിനു ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ നിന്നും റസിഡണ്ട് ഓഫീസില്‍ എഴുതി വന്നിരിക്കയാല്‍ മേലെഴുതിയ വിവരം എല്ലാ മണ്ടപത്തുംവാതുക്കലും തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ ആ മണ്ടപത്തും വാതുക്കലുള്ള പാര്‍വത്യക്കാരന്മാരെ അഞ്ചു ദിവസത്തിനകം തെര്യപ്പെടുത്തിക്കൊള്ളണം. ഈ ചെയ്തിക്കു ഉത്തരവെഴുതിയ ദിവാന്‍ സുബ്ബാരായര്‍. 
എന്ന് 1016-മാണ്ട് ആവണി മാസം 16-നു.
ഈ മെത്രാപ്പോലീത്താ വരാപ്പിഴെ തന്നെ മരിച്ച് അടക്കുകയും ചെയ്തു. 
നമ്പ്ര 158 മത
വിളംബരം എന്തെന്നാല്‍.
വരാപ്പിഴെ രൂപതയില്‍ ചേര്‍ന്നിരിക്കുന്ന ക്രൈസ്തവരുള്‍പ്പെട്ട ആളുകള്‍ക്കു വിഗാരി അപ്പോസ്തോലിക്കായും സാദ്രിസില്‍ ആര്‍ച്ച് ബിഷപ്പും ആയിരുന്ന പ്രഞ്ചീസ്ക്ക തവിയേര്‍ എന്ന ആള്‍ കഴിഞ്ഞുപോയതിന്‍റെ ശേഷം റോമ്മായിലെ എഴുത്തുംപ്രകാരം ഇറോപ്പ് ബിഷപ്പ് പ്രളുദൂവിക്കോസദെസാന്തത്രവിയാ എന്ന ആള്‍ വരാപ്പിഴെ വിഗാരി അപ്പോസ്തോലിക്കാ ആയിരിക്കുന്നതല്ലാതെയും പിന്നത്തേതില്‍ ശീറില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനമായിട്ടും അവിടെ നിന്നും നിശ്ചയിച്ച് എഴുതി ചെന്നിരിക്കുന്നപ്രകാരം ആയാളിന്‍റെ എഴുത്ത് വന്നിരിക്കുന്നതിനാല്‍ ആയതു മാമ്മൂല്‍പ്രകാരം പ്രസിദ്ധപ്പെടുത്തുവാനുള്ളതാകുന്നു എന്ന റസിഡണ്ട് ജനറല്‍ കല്ലന്‍ സായിപ്പ് 1846-ാം പരുഷം ഫെബ്രുവരി മാസം 18-നു എഴുതിയ കായിതം വന്നിരിക്കുന്നുയെന്ന് നമ്മെ ബോധിപ്പിച്ചിരിക്കകൊണ്ട് മേലെഴുതിയ വിവരം എല്ലാവരും അറിഞ്ഞുകൊള്‍കയും വേണം. 
എന്ന് 1022 മാണ്ട് മീനമാസം 27-നു. 
റോമ്മന്‍ ക്രൈസ്തവര്‍ തമ്മില്‍ സമാധാന വിരോധവും അക്രമങ്ങളും ഉണ്ടായാല്‍ ആയതു വിസ്തരിച്ചു തീര്‍ച്ച വരുത്തുന്നതല്ലാതെ പള്ളി ഇടപെട്ടു വേദകാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഏര്‍പ്പെടരുതെന്നും 1014 മാണ്ട തുലാമാസം 23-നു 800-മത നമ്പ്രില്‍ ഉത്തരവു എല്ലാ മണ്ടപത്തുംവാതുക്കലും അയച്ചിട്ടുണ്ട്.

....
107 മത. പകര്‍പ്പ്. ഇസ്ത്യാര്‍ നാമാബനാമെആങ്കി എല്ലാവര്‍ക്കും പരസ്യമായി അറിയിക്കുന്ന വിളംബരം എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാരുടെ മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ ദീവന്നാസ്യോസിനു വയസുകാലമായതിനാല്‍ ആ സ്ഥാനത്തില്‍ നിന്നും ഒഴികകൊണ്ട് അന്ത്യോഖ്യായില്‍ നിന്നും മേലെഴുതിയ സ്ഥാനത്തിനു പിടിപാടും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അപ്രകാരം തന്നെ നമ്മുടെ സംസ്ഥാനത്തും സ്വീകരിച്ചിരിക്ക കൊണ്ടു ഇതിനാല്‍ കല്‍പിക്കുന്നത് എന്തെന്നാല്‍ കൊച്ചി സംസ്ഥാനത്ത് മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ചു വഴങ്ങി കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം എന്ന് 1029-മാണ്ട് കന്നി മാസം 20-ാം തീയതിക്കു 1853 മത ഒക്ടോബര്‍ മാസം 4-നു തൃപ്പൂണിത്തുറ നിന്നും.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...