244. ഒളശയില്‍ ....... ചാക്കോയുടെ മകന്‍ കത്തനാര്‍ ..... മര്‍ക്കോസ് കത്തനാരുടെ മകള്‍ ചാച്ചി എന്ന പെണ്ണിനെ കെട്ടിയിരുന്നാറെ അവര്‍ക്കു എട്ടു മാസം ഗര്‍ഭം ആയപ്പോള്‍ ദേഹമൊക്കെയും നീരുവന്നു കോട്ടയത്ത് .... കൊണ്ടുവന്നു പാര്‍പ്പിച്ച് പ്രസവം കഴിഞ്ഞു നാലാറു ദിവസം കഴിഞ്ഞാറെയും ദീനത്തിനു ഭേദം വരാതെ മരിച്ചുപോകയും ഘോഷത്തോടുകൂടെ ചെറിയപള്ളിയില്‍ കൊണ്ടുപോയി പള്ളിയകത്ത് മുന്‍ ശെമ്മാശന്മാരെ അടക്കിവരുന്ന സ്ഥലത്ത് പള്ളിയകത്തു അഴിക്കുനേരെ തെക്കുവശത്തു പെട്ടിയില്‍ വച്ച് 1042-മാണ്ടു വൃശ്ചിക മാസം 14-നു അടക്കുകയും ചെയ്തു. എന്നാല്‍ ഇനിമേലില്‍ പള്ളിയകത്ത് പട്ടക്കാരെ അല്ലാതെ ആരെയും അടക്കികൂടാ എന്നു നിശ്ചയിച്ചു പള്ളിക്കു പടിഞ്ഞാറ് നാടകശാല തീര്‍പ്പിച്ച് വളരെ സംവത്സരം മുമ്പുതൊട്ടു പ്രഭുക്കന്മാരെ കൂടെയും അതില്‍ അടക്കി വരുന്നതും പ്രസവം കഴിഞ്ഞാല്‍ 54 ദിവസം കഴിയാതെ സ്ത്രീകള്‍ പള്ളിയകത്തു പ്രവേശിച്ചു കൂടായെന്നു പ്രത്യേകം വേദമര്യാദ ഉള്ളതും ആയിരിക്കുമ്പോള്‍ ഈ ശവം പള്ളിയകത്തു അടക്കണമെന്നു തോന്നിയത് ഹൃദയത്തിന്‍റെ വന്‍ കുരുട്ടും അഹമ്മതിയുടെ ഉച്ചവും ദൈവനിഷേധവും ആകുന്നു എന്ന് കുരുടന്മാര്‍ അല്ലാത്തവര്‍ക്ക് അറിയാവുന്നതും ആകുന്നു. അതു തന്നെയുമല്ല വേങ്കടത്തു കത്തനാരച്ചന്മാരെന്നു പേരു പറയുന്ന അച്ചന്മാര്‍ മുതലായ എല്ലാ അച്ചന്മാരും കൂടി ........ കത്തനാര്‍ക്കു കുറെ ദിവസം മുമ്പ് പാലക്കുന്നന്‍റെ അമിശ മുടക്കു വരുത്തി കുര്‍ബ്ബാന ചൊല്ലിക്കൂടാ എന്നു വിരോധിച്ചത് ...ക്കന്‍റെ അവധിയില്‍ ഉണ്ടാകുന്ന വരവ് അനുഭവിക്കാമെന്നു കരുതികൊണ്ട് ആകുന്നുവെന്നും ഈ ദൈവവിരോധവും ന്യായക്കേടും ആയി പള്ളിയകത്തു ശവം അടക്കിയതിനെക്കുറിച്ച് അല്പമെങ്കിലും വിരോധം പറഞ്ഞാല്‍ അതില്‍ വച്ച് ഒരു കാശിനു ........ ഉപകാരം ഇല്ലാത്തതുകൊണ്ടു ആകുന്നു എന്നും വിചാരിച്ചാല്‍ എല്ലാവര്‍ക്കും അറിയാവുന്നതും ആകുന്നു. വിശേഷിച്ചും നാടകശാല എന്നു പറഞ്ഞാല്‍ സ്ത്രീകള്‍ വേഷം ധരിച്ചു നാടകം കളിക്കുന്ന ഒരു പുരയുടെ പേരായിരിക്കുമ്പോള്‍ പള്ളിയുടെ മുഖമണ്ടപമെന്ന പേരു പറവാന്‍ ന്യായമായിരിക്കുമ്പോള്‍ നാടകശാലയെന്നു അഹമ്മതി ആയി ഇപ്പറഞ്ഞ അവസ്ഥയ്ക്കു യോഗ്യമുള്ളതായ ആ പേരോടുകൂടെ ഈ പ്രവൃത്തിയെയും കൂട്ടിനോക്കുമ്പോള്‍ ശരാശരി ആയി കാണുന്നു. മുന്‍ യൂദന്മാരുടെ ശുദ്ധമുള്ള ആലയത്തില്‍ പന്നിയെ അറുത്തു ബലി കഴിച്ചതും ഇപ്പോള്‍ മലയാളത്തിലുള്ള അസീറിയാക്കാരുടെ പള്ളികളില്‍ ചെയ്തുവരുന്ന ക്രിയകളും തമ്മില്‍ കൂട്ടിനോക്കിയാല്‍ നന്നായി ചേര്‍ന്നു കാണുന്നു. എങ്ങനെ ആയാലും ..........
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment