Friday, December 17, 2021

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയും നാട്ടുചികിത്സയും ഇവിടെ ധാരാളം ചെയ്തശേഷം മദ്രാസില്‍ പോയി ഇംഗ്ലീഷ് ചികിത്സ ചെയ്തു. എങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല. കുറെ മൂത്തപ്പോള്‍ അദ്ദേഹം പാണമ്പടിക്കല്‍ വരികയും അവിടെ വച്ചും പല ചികിത്സകള്‍ ചെയ്തെങ്കിലും ദീനം ഒന്നിനൊന്നിനു വര്‍ദ്ധിക്കുകയാണ് ചെയ്തത്. കുറെ മാസങ്ങള്‍ ഇങ്ങനെ കിടന്നശേഷം 1917 ഡിസംബര്‍ 14-നു ഇരുപത്തിയഞ്ചു നോമ്പിന്‍റെ ആദ്യദിവസം സമാധാനത്താലെ കാലം ചെയ്തു. ഇദ്ദേഹത്തിന്‍റെ മരണകിടക്കയില്‍ വടക്കര്‍ മിക്ക പള്ളിക്കാരും ഇദ്ദേഹത്തെ വന്നു കണ്ടു കൈമുത്തുകയും അനുഗ്രഹങ്ങള്‍ വാങ്ങിക്കയും ചെയ്തു. മരണം ആസന്നമായതോടുകൂടി നി.വ.ദി.ശ്രീ. മാന്മാരായ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്നിവര്‍ പാണമ്പടിക്കല്‍ വന്നു താമസിച്ചുകൊണ്ടു വേണ്ട ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരുന്നു. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ വലിയപള്ളിയില്‍ നിന്നു കൂടെക്കൂടെ പാണമ്പടിക്കല്‍ പോയി അന്വേഷിച്ചുകൊണ്ടുമിരുന്നു. മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് എത്രയും ഹൃദയംഗമായവിധത്തില്‍ ഒരു അന്ത്യകല്പന എഴുതി എല്ലാ പള്ളിക്കാര്‍ക്കും അയച്ചു കൊടുത്തു. ശവസംസ്കാരം മൂന്ന് മെത്രാന്മാരും അനേകം പട്ടക്കാരും ശെമ്മാശന്മാരും കൂടി 14-നു നാലു മണിയോടുകൂടി ഭംഗിയായി കഴിച്ചുകൂട്ടി. പാണമ്പടിക്കല്‍ പള്ളിയുടെ വടക്കുവശത്തു ഭിത്തിയോടു ചേര്‍ത്താണ് അടക്കിയത്. ഇദ്ദേഹം വലിയ ലുബ്ധനായിരുന്നുവെങ്കിലും ഭക്തനും സമര്‍ത്ഥനുമായിരുന്നു. പുറമെ അധികമൊന്നും ഭാവിക്കാത്ത ആളായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യം അടുത്തു പരിചയിച്ചിട്ടുള്ളവര്‍ക്കേ മനസ്സിലായിട്ടുള്ളു. കോട്ടയം പഴയസെമിനാരി പള്ളിയും പുരയിടവും ഇപ്പോഴത്തെ സ്ഥിതിയിലായതു ഇദ്ദേഹത്തിന്‍റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്. തിരുവനന്തപുരം പള്ളി ഇദ്ദേഹത്തിന്‍റെ നിത്യസ്മാരകമാണ്. വേറെയും പല പള്ളികള്‍ ഇദ്ദേഹത്തിന്‍റെ ഉത്സാഹംകൊണ്ടു പണിയപ്പെട്ടിട്ടുണ്ട്. അന്ത്യോഖ്യാ സിംഹാസനത്തോടു വളരെ ഭക്തിയുള്ള ആളായിരുന്നു. നോമ്പ്, നമസ്കാരം മുതലായ സഭയുടെ കല്പനകളെ കൃത്യമായി അനുഷ്ഠിക്കുന്നതില്‍ വലിയ നിര്‍ബന്ധക്കാരനായിരുന്നു. പറയത്തക്ക ദൂഷ്യങ്ങളൊന്നും ഇദ്ദേഹത്തിലില്ലായിരുന്നു. പാണമ്പടിക്കല്‍ പള്ളിക്കാര്‍ ഇദ്ദേഹത്തിന്‍റെ കബര്‍ വളരെ ഭംഗിയായി കെട്ടിക്കയും അതിരിക്കുന്ന വശത്തു ഒരു വരാന്ത പള്ളിയില്‍ നിന്നു ചാര്‍ത്തി കെട്ടുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ മുപ്പതാം ദിവസം അടിയന്തിരം പല പള്ളിക്കാരുടെ ചെലവില്‍ 1918 ജനുവരി 15-നു വളരെ ഭംഗിയായി കഴിഞ്ഞുകൂടി. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...