Saturday, September 29, 2018

പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാരുടെ ഷഷ്ടിപൂര്‍ത്തി (1920)

56. മലങ്കര മല്പാന്‍ ദി. ശ്രീ. പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാര്‍ അവര്‍കളുടെ ഷഷ്ടിപൂര്‍ത്തി 1095 മീനം 17-നു പാമ്പാക്കുട പള്ളിയില്‍ വച്ച് സ്വശിഷ്യവര്‍ഗ്ഗത്തില്‍ ഭംഗിയായി നടത്തിയിരിക്കുന്നു. ഈ മല്പാന്‍ സുറിയാനി ഭാഷയുടെ പ്രചാരണത്തിനായി വളരെ പരിശ്രമിച്ചിട്ടുള്ള ഒരാളാകുന്നു. കൈയെഴുത്തായി കിടന്നിരുന്ന പല പള്ളിക്രമ പുസ്തകങ്ങളും ഇദ്ദേഹം സ്വന്ത ചെലവില്‍ സുറിയാനിയില്‍ അച്ചടിപ്പിച്ചിട്ടുണ്ട്. "ജീവനിക്ഷേപം" എന്നൊരു മാസിക നടത്തി പല സുറിയാനി ഗ്രന്ഥങ്ങളും തര്‍ജ്ജമ ചെയ്യുകയും സഭാംഗങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കയും ചെയ്തു. സമുദായ വഴക്കുണ്ടായതോടു കൂടി ആ മാസികയും നിന്നുപോയി. "സീമത്ഹായെ" എന്ന പേരില്‍ ഒരു സുറിയാനി മാസിക ആരംഭിച്ചിട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പ് അത് നിര്‍ത്തി കളഞ്ഞു. ഇദ്ദേഹം ഒരു നല്ല സുറിയാനി ഭാഷാ പണ്ഡിതനാണ്. മലയാളത്തിലും സാമാന്യം നന്നായി എഴുതുവാന്‍ കഴിയും.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Friday, September 28, 2018

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ എല്ലാ വാദങ്ങള്‍ക്കും അനുകൂലമായിട്ടാണ് വിധിച്ചത്. ഈ വിധിയില്‍ 4 മുതല്‍ 6 വരെ പ്രതികളെയും അവരുടെ സാക്ഷികളെയും കഠിനമായി ആക്ഷേപിച്ചിട്ടുമുണ്ട്. 

54. മേല്‍പറഞ്ഞ വട്ടിപ്പണക്കേസില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാന്‍ കൊടുത്ത മൊഴിയില്‍ തനിക്കു മലങ്കര മെത്രാന്‍ എന്ന നിലയ്ക്കു മലങ്കര സഭയില്‍ ആത്മികവും ലൗകികവുമായ സര്‍വ്വ അധികാരങ്ങളുമുണ്ടെന്നും മലങ്കരയുള്ള മറ്റു മെത്രാന്മാര്‍ തന്‍റെ കീഴുള്ളവരാണെന്നും അവരുടെ കര്‍മ്മം വിരോധിക്കാനും അനുവദിക്കാനും തനിക്കു അധികാരമുണ്ടെന്നും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അധികാര പ്രകടനത്താല്‍ അദ്ദേഹത്തിന്‍റെ സ്വന്ത കക്ഷികള്‍ക്കുപോലും അദ്ദേഹത്തോടു വിരോധമുണ്ടായി. ഇതിന്‍റെ ഫലമായി 1095 കന്നി മാസം മുതല്‍ "സുറിയാനിസഭ" എന്ന പേരില്‍ ഒരു മാസിക തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതില്‍ വൈദികന്മാര്‍ക്കു ഭരണവിഷയത്തില്‍ അയ്മേനികളേക്കാള്‍ കൂടുതലായി യാതൊരു അധികാരവുമില്ലെന്നും ഭരണാധികാരം വൈദികന്മാരുള്‍പ്പെടെ ജനത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും മെത്രാന്മാര്‍ പോലും പൊതുയോഗത്തിനു കീഴ്പെട്ടിരിക്കണമെന്നും വൈദികന്മാര്‍ക്കു ആത്മിക അധികാരവും ആത്മിക ചുമതലയും മാത്രമേയുള്ളുവെന്നും മറ്റും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സഭയിലെ എപ്പിസ്കോപ്പല്‍ ഭരണസമ്പ്രദായത്തെ ഇടിച്ചു ജനാധിപത്യത്തെ സ്ഥാപിക്കണമെന്നാണ് ഈ മാസിക പ്രവര്‍ത്തകന്മാരുടെ ഉദ്ദേശ്യം. ഈ അഭിപ്രായത്തില്‍ ദീവന്നാസ്യോസ് മെത്രാന്‍റെ ഉറ്റ കക്ഷിക്കാരായി നിന്നിരുന്ന കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ മുതലായ പല മഹാന്മാര്‍ യോജിക്കുന്നുണ്ട്. ചില വൈദികരും ഈ അഭിപ്രായക്കാരാണ്. ദീവന്നാസ്യോസ് മെത്രാനും ശേഷം മെത്രാന്മാരും ഈ മാസികയുടെ അഭിപ്രായത്തെ തീരെ നിഷേധിക്കയാണ്. മാസിക പ്രവര്‍ത്തകന്മാര്‍ മെസ്സേര്‍സ് പത്രോസ് മത്തായി എം.എ.ബി.എല്‍., പി. കെ. മാത്യു ബി.എ., ബി. എല്‍., എ. ജെ. ഡേവിഡ് ബി.എ. എന്നിവരാണ്.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ആചാര്യത്വത്തിന്‍റെ മാഹാത്മ്യം

കല്ലൂപ്പാറ മാരേട്ടുവീട്ടില്‍ നിന്നു കുറെ പൊന്‍പണ്ടങ്ങള്‍ മോഷണം പോയി. മോഷ്ടാവ് തുരുത്തിക്കാട് പള്ളി ഇടവകക്കാരനും മോഷണകുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുറെനാള്‍ കിടന്നശേഷം തടവുചാടി സ്വദേശത്തും സമീപസ്ഥലങ്ങളിലും ഒളിച്ചു നടന്നവനുമായ മാത്തന്‍ എന്ന കേഡിയാണെന്നു പരക്കെ സംശയം തോന്നി. ഏറെ താമസിയാതെ അവനെ ചിങ്ങവനത്തു വച്ചു പിടിച്ചു തിരുവല്ലാ സ്റ്റേഷനില്‍ അടച്ചു. ഇവന്‍ ഒളിച്ചു നടന്നപ്പോള്‍ ഇവനു അഭയം കൊടുക്കയും ഇവന്‍ മോഷ്ടിച്ച സാമാനങ്ങള്‍ വാങ്ങി എടുക്കയും ചെയ്തു എന്ന കുറ്റങ്ങള്‍ ആരോപിച്ചു ..... കുറിയാക്കോസ് കത്തനാരെ അറസ്റ്റു ചെയ്യാന്‍ പോലീസുകാരും അവരെ സഹായിക്കുവാന്‍ ടി കത്തനാരുടെ ചില ശത്രുക്കളും ഉദ്യമിച്ചു കുറെനാളുകള്‍ അന്വേഷിച്ചു നടന്നു. കേസിന്‍റെ ഗൗരവം കുറഞ്ഞു എന്നു വിചാരിച്ചു കുറെ മാസങ്ങളുടെ ശേഷം ടി കത്തനാര്‍ സ്വയമായി തിരുവല്ലാ മജിസ്ട്രേട്ടു കച്ചേരിയില്‍ ഹാജരായി. ഹാജരായാല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടുകൊള്ളാമെന്നു മജിസ്ട്രേട്ടു പത്മനാഭ പണിക്കരുടെ വാഗ്ദത്തം തിരുവല്ലാ കോടിയാട്ടു കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മുഖാന്തിരം വാങ്ങിച്ചുകൊണ്ടാണത്രെ ഹാജരായത്. എന്നാല്‍ ഹാജരായപ്പോള്‍ ജാമ്യത്തില്‍ വിടാന്‍ പാടില്ലെന്നു പറഞ്ഞു മജിസ്ട്രേട്ടു കുറിയാക്കോസ് കത്തനാരെ ജയിലില്‍ അടച്ചു. ഇത് 1092 തുലാം 18-നോ 19-നോ ആണ്. ഇങ്ങനെ കുറെനാളുകള്‍ - ഏകദേശം രണ്ടു മാസത്തോളം ജയിലില്‍ കിടന്നശേഷം കത്തനാരില്‍ നിന്നു തെളിവുകള്‍ ഒന്നും കിട്ടാഴികയാല്‍ അയാളെ ജാമ്യത്തില്‍ വിടുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. മോഷണകുറ്റത്തിനു കെ. ഡി. മാത്തനെ കോട്ടയം ജില്ലയിലേക്കു കമ്മിറ്റു ചെയ്തു എങ്കിലും നിര്‍ദോഷിയെന്നു ജില്ലാ ജഡ്ജി വിധിച്ചു. അതിനോടെ കുറിയാക്കോസ് കത്തനാരെയും തെളിവില്ലെന്നുള്ള കാരണത്തിന്മേല്‍ തിരുവല്ലാ മജിസ്ട്രേറ്റ് വിട്ടു. ഇതിനിടയ്ക്കു പല സംഭവങ്ങള്‍ നടക്കയുണ്ടായി. കുറിയാക്കോസ് കത്തനാര്‍ ജയിലില്‍ കിടന്നപ്പോള്‍ തൊണ്ടി കാണിച്ചുകൊടുക്കണമെന്നു പറഞ്ഞു തിരുവല്ലാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാമസ്വാമി അയ്യര്‍ എന്നയാള്‍ കത്തനാരെ കൈവിലങ്ങോടെ നടത്തി തുരുത്തിക്കാടിനു കൊണ്ടുപോയി. ഇങ്ങനെ ഒരു പട്ടക്കാരനെ അപമാനിച്ച ആള്‍ അധികം താമസിയാതെ മുന്‍പറഞ്ഞ മജിസ്ട്രേട്ടു പത്മനാഭപ്പണിക്കരുടെ വീട്ടില്‍ കല്ലെറിയുക മുതലായ ദ്രോഹങ്ങള്‍ ചെയ്തു എന്ന കുറ്റത്തില്‍ ജയിലില്‍ അകപ്പെട്ടു. ഹാജരായാല്‍ ജാമ്യത്തില്‍ വിടാം എന്നു കരാര്‍ ചെയ്തശേഷം ഹാജരായപ്പോള്‍ കത്തനാരെ ജാമ്യത്തില്‍ വിടാതെ രണ്ടു മാസത്തോളം ജയിലില്‍ വച്ച മജിസ്ട്രേറ്റു പത്മനാഭപ്പണിക്കര്‍ പോലീസുകാര്‍ തന്‍റെ വീട്ടില്‍ ദ്രോഹം ചെയ്ത കാരണം ഭ്രാന്തു പിടിച്ചു മരിച്ചു. കത്തനാരുടെ കേസ് നടത്തിയതും വിസ്തരിച്ചതും വേറെ ഇന്‍സ്പെക്ടരും വേറെ മജിസ്ട്രേറ്റുമായിരുന്നു. തടവുചാടിയ പുള്ളിക്കു അഭയം കൊടുക്കയും അവനോടു മോഷ്ടിച്ച പണ്ടങ്ങള്‍ വാങ്ങിക്കയും ചെയ്തതു ടി കത്തനാര്‍ തന്നെയാണെന്നാണ് ജനബോദ്ധ്യം. അത് വാസ്തവമായിരിക്കാന്‍ എളുപ്പമുണ്ട്. എങ്കിലും അനാവശ്യമായി ഒരു പുരോഹിതനെ ഉപദ്രവിച്ച ഇന്‍സ്പെക്ടറെയും മജിസ്ട്രേറ്റിനെയും ദൈവം ശിക്ഷിച്ചു. ഇതാണ് ആചാര്യത്വത്തിന്‍റെ മാഹാത്മ്യം.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍ മാപ്പിള ബി.എ., ..., രാ. രാ. പോള്‍ ദാനിയേല്‍ ബി.എ., എല്‍.റ്റി. അവര്‍കള്‍ .... എന്നിവര്‍ അംഗങ്ങളായും മുന്‍സിഫ് മിസ്റ്റര്‍ വര്‍ഗീസ് ചാണ്ടി ബി.എ., ബി.എല്‍. സെക്രട്ടറിയായും ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി നടന്നു പ്രധാനികളായ ക്രിസ്ത്യാനികളുടെ മൊഴി വാങ്ങിയശേഷം ഒരു നക്കല്‍ നിയമം എഴുതി നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കി. ഇതില്‍ മകള്‍ക്കു പിതാവിന്‍റെ സ്വത്തില്‍ അവകാശവും വിധവയ്ക്കും വിധുരനും മരിച്ചുപോയ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും സ്വത്തില്‍ ഓഹരിയും മറ്റും വച്ചിരിക്കുന്നതിനാല്‍ കോവൂര്‍ കത്തനാര്‍ ഇതില്‍ യോജിക്കാതെ ഒരു ഭിന്നാഭിപ്രായം എഴുതി ഗവര്‍മെന്‍റില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ ഒരു വലിയ ബഹളം അങ്കുരിച്ചു. കീഴ്നടപ്പിനെ അടിസ്ഥാനപ്പെടുത്തി നിയമമുണ്ടാക്കിയാല്‍ മതിയെന്നുള്ള കോവൂര്‍ കത്തനാരോടു തിരുവിതാംകൂറിലുള്ള എല്ലാ വക ക്രിസ്ത്യാനികളിലും ഭൂരപക്ഷം യോജിക്കയാല്‍ അവര്‍ യോഗം കൂടിയും പത്രമുഖേനയും ലഘുലേഖകള്‍ വഴിയായും ദിവാന്‍, മഹാരാജാവ്, റസിഡണ്ട്, മദ്രാസ് ഗവര്‍ണര്‍ മുതല്‍പേരുടെ അടുക്കല്‍ ഡപ്യൂട്ടേഷനായോ, ഹര്‍ജിയായോ തങ്ങളുടെ അഭിപ്രായവ്യത്യാസം പ്രസ്താവിച്ചു. കമ്മീഷന്‍റെ ബില്ലിനെ എതിര്‍ത്തു ചില മെത്രാന്മാര്‍ ഗവര്‍മെന്‍റിലേക്കു എഴുതുകയുണ്ടായി. ഇവരില്‍ ആദ്യം എഴുതിയത് മാര്‍ സേവേറിയോസ് തിരുമേനിയല്ലയോ എന്നു സംശയിക്കുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ തീയതി 1913 മെയ് 10 ആണ്. തിരുമനസ്സുകൊണ്ടു ഇങ്ങനെ എഴുതിയതു കൂടാതെ ക്നാനായ സമുദായത്തിനു പൊതുവെയുള്ള അഭിപ്രായം നിര്‍ണ്ണയിക്കാനായി 1916 ജൂണ്‍ 22, 23 തീയതികളില്‍ കൂടിയ ക്നാനായ പൊതുയോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ആലോചിക്കയും സമുദായം ഒരു പ്രത്യേക മെമ്മോറിയല്‍ തയ്യാറാക്കി തിരുമേനിയും വികാരി ജനറാളും എല്ലാ പള്ളികളിലെയും വികാരിമാരും ഈരണ്ടു പ്രതിനിധികള്‍ വീതവും ഒപ്പിട്ടു തിരുവിതാംകൂര്‍ മഹാരാജാവിനും ബ്രിട്ടീഷ് റസിഡണ്ട് വഴി മദ്രാസ് ഗവര്‍ണര്‍ക്കും അയച്ചുകൊടുത്തു. ഈ മെമ്മോറിയലിന്‍റെ താല്പര്യം ഇപ്പോള്‍ നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമം കേരളീയ സുറിയാനിക്കാരും പ്രത്യേകിച്ചു ക്നാനായ സുറിയാനിക്കാരുടെ കീഴ്നടപ്പിനും മര്യാദയ്ക്കും വിപരീതമാകയാല്‍ അതിനെ തള്ളിക്കളയുകയോ അല്ലാത്തപക്ഷം ക്നാനായ സമുദായത്തെ അതില്‍നിന്നു ഒഴിക്കയോ ചെയ്യണമെന്നാണ്. ഇതിനു മറുപടിയായി ബ്രിട്ടീഷ് റസിഡണ്ട് ആര്‍. എ. ഗ്രാനാം ഐ.സി.എസ്. അവര്‍കള്‍ 1916 സെപ്റ്റംബര്‍ 14-നു R.O.C. No. 1014/16 നമ്പരായി കരുപഠാന എന്ന സ്ഥലത്തുള്ള തന്‍റെ പാളയത്തില്‍ നിന്നു മെത്രാപ്പോലീത്താ തിരുമനസ്സിലേക്കു എഴുതിയ എഴുത്തില്‍ ഹര്‍ജിക്കാര്‍ ഒരു പ്രത്യേക സമുദായവും ഏകാഭിപ്രായക്കാരുമാണെങ്കില്‍ അവര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അടുക്കലാണ് ആദ്യം ബോധിപ്പിക്കേണ്ടതെന്നു താന്‍ അഭിപ്രായപ്പെടുന്നു എന്നു പ്രസ്താവിച്ചിരുന്നു. മഹാരാജാവ് തിരുമനസ്സില്‍ നിന്നു യാതൊരു മറുപടിയും അയച്ചില്ല. തിരുവിതാംകൂറിലുള്ള ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിന്‍റെ വിരോധത്തെ ഗവര്‍മെന്‍റില്‍ നിന്നും വകവച്ചില്ല. ദിവാന്‍ കൃഷ്ണന്‍ നായര്‍ മുതല്‍പേരെ എതിരഭിപ്രായക്കാരില്‍ ചിലര്‍ സ്വാധീനപ്പെടുത്തിയിരുന്നതിനാലോ എന്തോ 1916 ഡിസംബര്‍ 21-നു 92 ധനു 7-നു നിയമ നിര്‍മ്മാണ സഭയില്‍ നിന്നു കമ്മീഷന്‍ ഹാജരാക്കിയ നക്കലിനെ 109-ലെ രണ്ടാം റെഗുലേഷനായി പാസ്സാക്കി.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...