Tuesday, June 12, 2018

വിവാഹ കൂദാശയിലെ പുതിയ പ്രവണതകള്‍ക്കെതിരെ ഒരു കത്ത്

143. 33 ഉം 53 ഉം ലക്കങ്ങളില്‍ പറയുന്ന കത്തങ്ങളില്‍ ഒരുത്തന്‍റെ മകനാകുന്ന കല്ലിച്ചേരില്‍ ചെമ്പകശ്ശേരില്‍ ഇട്ടിയവിരാ കത്തനാര്‍ കൈ പിടിപ്പിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം വഹിയായെന്നും പറകയും കൈപിടുത്തം കൂടാതെ നടത്തി തുടങ്ങുകയും ചെയ്കയില്‍ എഴുതിയതിനു പകര്‍പ്പ്. 

പണിയപ്പെട്ട പല പള്ളികളില്‍ മുമ്പിനാലെ ഒരു ഇടവകയായി നടന്നുവരുന്ന കോട്ടയം, കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ ഈ പള്ളികള്‍ക്കും ദൈവകൃപയാല്‍ ഇനിമേല്‍ സ്ഥാപിക്കപ്പെടുന്ന പള്ളികള്‍ക്കും ഒരു ഇടവകപട്ടക്കാരനായി കോട്ടയത്തു പാര്‍ക്കുന്ന ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ കുറി. 

മേലെഴുതിയ പള്ളികള്‍ക്കു ഇടവകപട്ടക്കാരനായി കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ മുതലായ ദിക്കുകളില്‍ പാര്‍ത്തുവരുന്ന സഹോദരന്മാരായ പട്ടക്കാരും എണങ്ങരും കൂടെക്കണ്ടെന്നാല്‍,

തെക്കുംഭാഗരെന്നു കൊടുങ്ങല്ലൂര്‍ വച്ചു പേര്‍പെട്ടവരായ നമ്മുടെ പള്ളികളില്‍ പെണ്‍കെട്ടിനു സുറിയാനി വാക്കില്‍ മ്മക്കീറൂസായെന്നു പറയുന്ന കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയക്രമവും ബൂറക് എസ്ക്കസായെന്നു പറയുന്ന മോതിരം വാഴ്ത്തല്‍ ക്രമവും ബൂറക്ക്കീലീലായെന്നു പറയുന്ന കിരീടം വാഴ്ത്തല്‍ ക്രമവും മരിച്ചു ശവം പള്ളിയില്‍ വന്നാല്‍ യാതൊന്നും പട്ടക്കാര്‍ പറിച്ചെടുക്കാതെയുള്ള ശവം അടക്കലും മുന്‍പിനാലെ നമ്മുടെ പള്ളികളില്‍ നടന്നുവരുന്നതല്ലോ ആകുന്നു. 

എന്നാല്‍ പെണ്ണുങ്ങള്‍ മരിച്ചു ശവം പള്ളിയില്‍ കൊണ്ടുചെന്നാല്‍ കുമ്പളത്താലിയും പുരുഷന്മാര്‍ മരിച്ചു ചെന്നാല്‍ മറ്റൊന്നും പട്ടക്കാര്‍ക്കു അവകാശമുള്ളതാകുന്നുയെന്നും പറഞ്ഞു ഇപ്പോള്‍ ചിലര്‍ പറിച്ചെടുത്തുവരുന്ന പ്രകാരവും അതു കൂടാതെ മ്മക്കീറൂസാസെന്നു പറയുന്ന പെണ്‍കെട്ടു നിശ്ചയം ചെയ്യുന്ന സമയത്ത് ഇന്നവന്‍റെയും ഇന്നവളുടെയും മകനാകുന്ന ഇന്നവനെകൊണ്ടു ഇന്നവന്‍റെയും ഇന്നവളുടെയും മകളാകുന്ന ഇന്നവളെ കെട്ടിക്കത്തക്കവിധം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടു എന്നു പെണ്ണിന്‍റെയും ചെറുക്കന്‍റെയും തകപ്പന്മാരുടെ കൈകള്‍ തമ്മില്‍ കൂട്ടിപിടിച്ചുകൊണ്ട് പള്ളിനടയില്‍ വച്ചു പറഞ്ഞു മ്മക്കീറൂസാ തികച്ചുവരുന്നപ്രകാരം പറഞ്ഞു തികയ്ക്കുന്നതിനു ചിലര്‍ക്കു അവരുടെ ഭാര്യമാരെ വിശ്വാസമില്ലാത്തതിനാല്‍ ആ പള്ളിക്രമം മാറ്റണമെന്നും അല്ലെങ്കില്‍ അങ്ങനെ സംശയമുള്ള കത്തങ്ങളുടെ ആകട്ടെ, മാപ്പിളമാരുടെ ആകട്ടെ, ഭാര്യമാര്‍ക്കു അവരുതന്നെ മക്കളെ പെറ്റതിനു സംശയമില്ലാത്തതിനാല്‍ ഭാര്യമാരെ കൊണ്ടു കൈപിടിപ്പിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കേണ്ടതാകുന്നുയെന്നും നമ്മളില്‍ തന്നെ ചിലരു വാദിച്ചു പറയുന്നപ്രകാരം കേള്‍ക്കുന്നു. 

ആയതുകൊണ്ട് വിചാരിച്ചാറെ കുമ്പളത്താലി മുതലായതു പട്ടക്കാര്‍ക്കു അവകാശമാകുന്നുയെന്നു പറഞ്ഞുംകൊണ്ട് പറിച്ചെടുക്കുന്നവന്‍ കാലക്രമം കൊണ്ടു ശാപത്തിന്‍റെ വസ്ത്രങ്ങള്‍ ഒക്കെയും പറിച്ചെടുപ്പാനും നഗ്നമായി ശവം അടക്കം ചെയ്വാനും ഇടവരുമെന്നു നിരൂപിക്കുന്നു. 

മ്മക്കീറൂസായെന്നു പറയുന്ന പള്ളിക്രമം അവന്‍റെ ഭാര്യയെ ഉള്ള അവിശ്വാസംകൊണ്ടു ആവശ്യമില്ലെന്നു പറയുന്നവന്‍ കാലക്രമം കൊണ്ടു കാട്ടുപോത്ത്, നാട്ടുപോത്ത്, കാട്ടുപന്നി, നാട്ടുപന്നി മുതലായ മൃഗങ്ങള്‍ക്കും ചാക്കന്മാരും പതിയാന്മാരും മുതലായ ആളുകള്‍ക്കും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയവും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടും ഇല്ലാതെ സന്തതികള്‍ ഉണ്ടായി കണ്ടുവരുന്നതിനാല്‍ ഇപ്രകാരമുള്ള വികൃതികള്‍ ചെയ്തിട്ടു ആവശ്യമില്ലെന്നും ഏവന്‍ഗേലിയോനിലും കുറികളിലും ശ്ലീഹന്മാരുടെ കൈയൊപ്പും മുദ്രയും ഇല്ലാത്തതിനാല്‍ ആയതു വിശ്വസിച്ചു കൂടാത്തതാകുന്നുയെന്നും പറയുവാനും ഇടവരുമെന്നും ഞാന്‍ നിരൂപിക്കുന്നു. 

എന്നാല്‍ ചൊറിയണ വൃക്ഷത്തില്‍ നിന്നുണ്ടാകുന്ന കായ ആ വൃക്ഷത്തെക്കാള്‍ കടിക്കുന്നതാകുന്നുയെന്നും കരിമ്പില്‍ നിന്നുണ്ടാകുന്ന ശര്‍ക്കരയില്‍ ചിലതു മധുരം കുറഞ്ഞിരിക്കും എങ്കിലും കൈക്കുന്നതായി തീരുന്നതല്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. 

യൂദാ സ്കറിയോത്താ യൂദന്മാരോടു പണം വാങ്ങിച്ചുംകൊണ്ട് മശിഹാ കര്‍ത്താവിനെ ഒറ്റുവാനും തന്നത്താന്‍ കെട്ടിച്ചാടി ചാകുവാനും ഇടവരാതെ പീലാത്തോസിനോടു സ്ത്രീധനം വാങ്ങിച്ചുംകൊണ്ട് വയസ്സുകാലത്തില്‍ അറപ്പുകെട്ടു പെണ്ണുകെട്ടുവാനും ഒരു കൊച്ച് യൂദാ സ്കറിയോത്താ ഉണ്ടാകുവാനും ഇടവരാഞ്ഞതുകൊണ്ട് നിരൂപിച്ചാല്‍ ഇത് കുറെ ആശ്വാസം തന്നെ ആകുന്നുയെന്നു സന്തോഷിപ്പാനേ ഇടയുള്ളു. 

എന്നാല്‍ പറങ്കികള്‍ ബലംകൊണ്ട് പള്ളിക്രമങ്ങള്‍ മാറ്റിയ കാലത്തും പെണ്‍കെട്ടു നിശ്ചയത്തിന്‍റെ കൈപിടുത്തം മാറ്റുവാന്‍ സമ്മതിക്കാതെ മശിഹാകാലം 325-ല്‍ ഉറഹാ എന്ന നാട്ടില്‍ നിന്നും നമ്മുടെ കാരണവന്മാരു വന്ന നാള്‍മുതല്‍ ഇതുവരെ നമ്മളുടെ പള്ളികളിലും ബഹുമാനപ്പെട്ട നമുക്കുള്ള വേദപിതാക്കന്മാരുടെ പിതാവാകുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ വിചാരത്തില്‍ ഉള്‍പ്പെട്ടു പരദേശത്തുള്ള പള്ളികളിലും മേലെഴുതിയപ്രകാരം നടന്നു വരുന്നതായിരിക്കുമ്പോള്‍ ഒരു കത്തനാര്‍ക്കോ മാപ്പിളയ്ക്കോ തന്‍റെ ഭാര്യമേല്‍ തോന്നുന്ന സംശയം നിമിത്തം കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം മാറ്റുവാനും സംശയമുള്ളവന്‍റെ ഭാര്യയെകൊണ്ടു കൈപിടിപ്പിപ്പാനും ഇടയുള്ളതല്ലെന്നു എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. എങ്കിലും സംശയമുള്ള കത്തനാരോ മാപ്പിളയോ ഉണ്ടെങ്കില്‍ ഒത്തുകല്യാണത്തിനു മുമ്പ് പള്ളിയില്‍ വന്നു അവന്‍റെ ഭാര്യമേല്‍ തോന്നിയിട്ടുള്ള സംശയത്തെക്കുറിച്ചു ഒരു വര്യോല എഴുതി കയ്യൊപ്പിട്ടു നട മുഖേനേ വച്ചതിന്‍റെ ശേഷം അവന്‍റെ ഭാര്യയെ വരുത്തി അവന്‍റെ ഉറപ്പിനു വേണ്ടി അവളെകൊണ്ടു സത്യം ചെയ്യിച്ചു ഉറപ്പു വരുത്തി കൊടുത്ത് പിന്നീട് പള്ളിയില്‍ വന്നു കീഴുമര്യാദപ്രകാരം കൈപിടിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കത്തക്കവിധം ഒരു പുതുചട്ടം കൂട്ടി വെയ്പാന്‍ ഇടയുള്ളതായി കാണുന്നു. എങ്കിലും കീഴ്മര്യാദയായി  പൊതുവില്‍ നടന്നുവരുന്ന കാര്യം ഒരാള്‍തന്നെ നിശ്ചയിച്ചു കൂട്ടുകയും കുറയ്ക്കയും ചെയ്യുന്നത് ഏറ്റവും മഹാ വല്യ ചണ്ടാഴ്മയാകകൊണ്ട്    താമസിയാതെ ദൈവകൃപയ്ക്കു തക്കവണ്ണം ഞാന്‍ അങ്ങോട്ടു വരുന്നതാകയാല്‍ അപ്പോള്‍ കൂടി നിശ്ചയിച്ചു ഏതുപ്രകാരം വേണ്ടൂയെന്ന് ഉറച്ചുകൊള്‍കയുമാകാം. 

വിശേഷിച്ചും മശിഹാകാലം 52-ല്‍ മലയാളത്തില്‍ വന്നു മാര്‍ഗ്ഗം അറിയിച്ച ശ്ലീഹാ ആകുന്ന മാര്‍ തോമ്മായെയും 325-ല്‍ വന്നു മാര്‍ഗ്ഗം നടത്തിയ ക്രിസ്ത്യാനിയാകുന്ന തോമ്മായെയും 1653 മത മകര മാസം 3-നു വെള്ളിയാഴ്ച നാള്‍ വീണുപോയ നമ്മുടെ സുറിയാനി മതത്തെ നിലനിര്‍ത്തിയ കത്തനാരാകുന്ന തോമ്മായെയും നാം എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ടതും അവരുടെ പിന്നടിയില്‍ കൂടെ നടക്കേണ്ടതും ആകുന്നു. 

കൊല്ലം 1033-മാണ്ട് കര്‍ക്കടകമാസം 3-നു മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം എഴുത്തു. 

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...