149. അയിലോന്ത രാജ്യം ഐടവാര്‍ലം ഏലീസെന്നു പേരായ ഒരു പാതിരി സായ്പ് 16 കൂട്ടം ചോദ്യം എഴുതി അതില്‍ ഇനാം വച്ച് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ആയത് ജയത്തിനുവേണ്ടി അഹമ്മതിയാല്‍ ആകയുംകൊണ്ട് അതില്‍ ചിലതിനു ഉത്തരം എഴുതി ആയതും ചില ചോദ്യങ്ങളും കൊടുത്തയച്ച് ഒരു വര്‍ഷം കഴിഞ്ഞാറെയും കാതോലിക്കാ ലയിമന്‍ എന്നു പേരായ അച്ചടിച്ച വര്‍ത്തമാന കടലാസ് കൊടുത്തയച്ചു വരുന്നതല്ലാതെ മറുപടി വരുന്നില്ല. ആയതു കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് ഇവിടെ പ്രസിദ്ധപ്പെടുത്തിയതാകയാല്‍ അയാള്‍ക്കു എഴുതി അയച്ചാറെയും മറുപടി വരുത്തി തരുന്നില്ല. കൊടുത്തയച്ച എഴുത്ത് വളരെ ആകയാല്‍ ചിലത് താഴെ കാണിക്കുന്നു.
പ്രസിദ്ധപ്പെടുത്തിയതായി കോട്ടയം മിഷന്‍ പ്രസ്സില്‍ കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് മുഖാന്തിരം അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതു താഴെ പറ്റിച്ചു കാണിക്കുന്നു. .....
അയാള്‍ക്കു കൊടുത്തയച്ച ചില ഉത്തരങ്ങളും ചില ചോദ്യങ്ങളും തപാലില്‍ ഏല്‍പിച്ച വകയ്ക്കു തന്ന രസീത് താഴെ പറ്റിച്ചിരിക്കുന്നു. ആ സായിപ്പിനു കൊടുത്തയച്ച ഉത്തരങ്ങള്‍ പകര്‍പ്പ്.
... പിന്നീട് 1858 മത മെയ് മാസം 21-നും ജൂണ്‍ മാസം 5-നും 11-നും ആഗസ്റ്റ് മാസം 19-നും ആ സായ്പിനു എഴുത്തുകള്‍ കൊടുത്തയച്ചാറെയും മറുപടി വന്നിട്ടില്ല.
150. ഈ സംഗതി പ്രമാണിച്ച് കൊച്ചിയില്‍ പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി വൈറ്റ് ഹൗസ് സായിപ്പിനു എഴുതിയ എഴുത്തുകള്‍ക്കും അയാള്‍ അയച്ച മറുപടികള്‍ക്കും പകര്‍പ്പ്.
രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായിപ് അവര്‍കള്‍ക്കു കോട്ടയത്തു വല്യ പള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.
എന്നാല്‍ 16 ചോദ്യമായി ബഹുമാനപ്പെട്ട ... ഐറീഷ് ചര്‍ച്ച് മിഷന്‍ ഓഫീസില്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ സായ്പ് അവര്‍കള്‍ മുഖാന്തിരം പ്രസിദ്ധപ്പെടുത്തിയതായും കോട്ടയത്തു മിഷന്‍ പ്രസില്‍ അച്ചടിച്ചതായും ഒരു ചോദ്യകടലാസ് എന്‍റെ പക്കല്‍ കിട്ടുകയും ആയത് താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ചതായി കേള്‍ക്കുകയും ചെയ്തു. ആയതു വായിച്ചുകേട്ടതിന്‍റെ ശേഷം എല്ലാ ക്രിസ്തുമതക്കാരും ഒരു വേദപുസ്തകം കൈക്കൊണ്ടിരിക്കുമ്പോള്‍ വിശ്വാസപ്രമാണവും ക്രമങ്ങളും മറ്റും പല മാതിരിയായി നടക്കുന്നതിനാല്‍ അതില്‍ പരമാര്‍ത്ഥം ഏതെന്നറിവാനുള്ള അത്യാഗ്രഹംകൊണ്ട് ഇപ്രകാരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതാകുന്നു എന്ന് എനിക്കു തോന്നുകകൊണ്ട് അതില്‍ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി ആയതും വിശ്വാസപ്രമാണങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്ന ഒരു കോപ്പിയും 1857 മത ഒക്ടോബര്‍ മാസം 28-നു തപാലില്‍ ഏല്‍പിച്ച് ആ സായ്പ് അവര്‍കള്‍ക്കു ഞാന്‍ കൊടുത്തയയ്ക്കയും ചെയ്തു. എന്നാറെ ഇതുവരെ ഏകദേശം ആറുമാസമായിട്ടും മറുത്തരം കിട്ടാത്തത് എന്തുകൊണ്ട് എന്നും ഞാന്‍ വിഷാദിക്കുന്നു. അതിനാല്‍ ആ സായ്പ് അവര്‍കള്‍ക്ക് താങ്കള്‍ എഴുതി അയച്ച് എനിക്ക് മറുപടി അയക്കാതെയിരിക്കുന്ന കാരണം അറിഞ്ഞ് എന്നെ അറിയിക്കണമെന്നും ഏറ്റവും താഴ്മയോടെ താങ്കളോടു ഞാന്‍ അപേക്ഷിക്കുന്നു.
1855 മത ഏപ്രില്‍ മാസം 24-നു കോട്ടയത്തു നിന്നും.
കത്തനാര്‍ ഏപ്രില്‍ മാസം 24-നു നമ്മുടെ പേര്‍ക്കു എഴുതി കൊടുത്ത യച്ച കത്ത് എത്തി വിവരങ്ങള്‍ ഒക്കെയും ഗ്രഹിക്കയും ചെയ്തു. കത്തനാര്‍ മിസ്റ്റര്‍ ഇല്ലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം എഴുതി അയച്ച സംഗതി ഇടപെട്ട് നമുക്ക് ഒരു എഴുത്തും അവിടെ നിന്നു വന്നുചേര്‍ന്നിട്ടില്ല. മിസ്റ്റര്‍ ഇലീസിനു എഴുതി അയച്ചതു നാം മുഖാന്തരം അല്ലാഞ്ഞതിനാല്‍ ഇപ്പോള്‍ ആ ദേഹത്തിനു ആ സംഗതി പ്രമാണിച്ച് ഇവിടെ നിന്നു എഴുതുവാന്‍ കഴിയുന്നതല്ല. എന്നാല്‍ ആ ചോദ്യങ്ങള്‍ യൂറോപ്പില്‍ മഹാ വിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാഞ്ഞവയാകുന്നുവെന്ന് കത്തനാര്‍ ഓര്‍ക്കണം. ആ ഉത്തരങ്ങള്‍ക്കു മറുപടി വരാഞ്ഞത് വിചാരിക്കുമ്പോള്‍ ആ ദേഹം മറുപടി എഴുതത്തക്കവിധം കത്തനാരുടെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കതല്ല എന്ന് വിചാരിക്കുന്നതിനേ നമുക്ക് ഇടയുള്ളു. താങ്കള്‍ക്കു എന്‍റെ സലാം.
ഇത് കോട്ടയത്ത് വല്യപള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ക്കു എഴുതിയത്.
തോമസ് വൈറ്റ് ഹൗസ്
1858 മത ഏപ്രില്‍ മാസം 26-നു കൊച്ചിയില്‍ നിന്നും.
രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്ക് ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.
ഏപ്രില്‍ മാസം 26-നു താങ്കള്‍ എനിക്കു എഴുതി കൊടുത്തയച്ച മറുപടി കടലാസ് കിട്ടി വായിച്ചു കണ്ടുകൊള്‍കയും ചെയ്തു. എന്നാല്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ് സായ്പ് അവര്‍കള്‍ എഴുതിയ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതിയ സംഗതി ഇടപെട്ട് ഒരു എഴുത്തും താങ്കള്‍ക്കു വന്നിട്ടില്ലെന്നും ആ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചത് താങ്കള്‍ മുഖാന്തരം അല്ലാത്തതിനാല്‍ മറുപടി വരാത്ത സംഗതി പ്രമാണിച്ച് എഴുതി അയപ്പാന്‍ താങ്കള്‍ക്കു കഴിയുന്നതല്ലെന്നും താങ്കളുടെ കത്തിന്‍റെ ആദ്യമടക്കില്‍ എഴുതിയിരിക്കുന്നുവല്ലോ.
എന്നാല്‍ അതിന്‍റെ മര്യാദ അങ്ങനെതന്നെ ആയിരിക്കും. എങ്കിലും ആ ചോദ്യങ്ങള്‍ താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതായി കേള്‍ക്കയാല്‍ എഴുതി അയപ്പാന്‍ താങ്കള്‍ക്കു മുറയുണ്ടെന്നു നിരൂപിക്കകൊണ്ട് ഞാന്‍ താങ്കള്‍ക്കു എഴുതുവാന്‍ ഇടവന്നതാകുന്നു.
പിന്നെയും യൂറോപ്പില്‍ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാത്തവയാകുന്നു എന്ന് ഞാന്‍ ഓര്‍ക്കണമെന്നും രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.
കേട്ടാലും അപ്രകാരം ആരെങ്കിലും മുമ്പുകൂട്ടി എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു എങ്കില്‍ ഏറ്റം മഹാവിദ്വാനും, മഹാ വിദ്വാനും, വിദ്വാനും അല്ലാത്ത ഞാന്‍ ഉത്തരം എഴുതി കൊടുത്തയയ്ക്കാഞ്ഞേനേ. അതു തന്നെയുമല്ല, വളരെ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ ഇപ്പോള്‍ യൂറോപ്പില്‍ ഉണ്ടായിരിക്കും. എങ്കിലും മറ്റു രാജ്യക്കാര്‍ വിദ്വാന്മാരായി കൂടായെന്ന് യാതൊരുത്തരും വിലക്കിയിട്ടില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ വിദ്വാന്മാരില്ലെന്നും യാതൊരുത്തരും നിശ്ചയിച്ചു കൂടാത്തതാകുന്നു. അത് തന്നെയുമല്ല, യൂറോപ്പില്‍ മാത്രമേ വിദ്വാന്മാര്‍ ഉള്ളൂ എന്ന് താങ്കള്‍ക്കു നിശ്ചയമുണ്ടെങ്കില്‍ ആ ചോദ്യങ്ങള്‍ ഇവിടെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാന്‍ ആവശ്യമില്ലാത്തതും ആയിരുന്നു. അതു തന്നെയുമല്ല, മഹാവിദ്വാന്മാരായുള്ള ആളുകള്‍ ഒട്ടും വിദ്വാന്മാരല്ലാത്ത ആളുകള്‍ എന്നറിഞ്ഞുംകൊണ്ട് അങ്ങനെയുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ച് മടക്കി ജയിക്കുന്നത് സൂക്ഷ്മജയമെന്നും കാര്യത്തില്‍ ജയിച്ചുവെന്നും നിരൂപിച്ചു കൂടാത്തതാകുന്നു. അതു തന്നെയുമല്ല, മശിഹാ ദൈവമല്ലാഴികകൊണ്ട് മരിച്ചതു സത്യം തന്നെയെന്നു നിരൂപിച്ച ഒരു വിശ്വാസരീതിയില്‍ മരിച്ചെന്നെഴുതുവാനും മശിഹാ ദൈവമാക കൊണ്ട് മരിക്കുന്നതല്ലെന്നു നിരൂപിച്ച് ഒരു വിശ്വാസരീതിയില്‍ മരിച്ചുയെന്നു എഴുതാതെയിരിപ്പാനും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നുയെന്ന് എഴുതുവാനും അവന്‍റെ കൃപകൊണ്ട് അവന്‍ മനസായ്കപോലെ ദൈവമായ ക്രിസ്തു ജനിക്കയും മരിക്കയും അടക്കുകയും ജീവിച്ചെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുമ്പോള്‍ ദീര്‍ഘദര്‍ശിമാര്‍ എഴുതിയിരിക്കുന്നതുപോലെ ജനിക്കയും കഷ്ടതപ്പെടുകയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്ന് എഴുതുവാനും പൊതുവിലുള്ള റോമ്മാ പള്ളിയെന്ന് എഴുതുവാനും മെത്രാന്മാരും പട്ടക്കാരും വേണ്ടാ എന്നു വയ്പാനും പ്രായം ചെന്നിട്ട് മാത്രം മാമ്മൂദീസാ മുഴുകിയാല്‍ മതിയെന്നു നിശ്ചയിപ്പാനും, മറ്റൊരുത്തന്‍ ഉണ്ടാക്കിയ സ്തോത്രം ചെയ്തുകൂടായെന്നും ത്രിത്വമില്ലെന്നും നിശ്ചയിപ്പാനും, ഭൂമിയില്‍ മനുഷ്യമക്കള്‍ വര്‍ദ്ധിപ്പാന്‍വേണ്ടി ആദത്തെയും ഹവ്വായെയും സൃഷ്ടിച്ചതല്ലാതെ കാമവികാരത്തിനു വേണ്ടി സൃഷ്ടിച്ചതല്ലാതെയിരിക്കുമ്പോള്‍ പ്രസവകാലം കഴിഞ്ഞ പെണ്ണുങ്ങളെ അറിഞ്ഞുംകൊണ്ട് വിവാഹം ചെയ്യാമെന്ന് നിശ്ചയിപ്പാനും വിവാഹ ഭാര്യമാരെ വന്ദിക്കണമെന്നു നിശ്ചയിപ്പാനും രണ്ടാം വിവാഹം ചെയ്തവര്‍ക്കു ക്ലെര്‍ജി സ്ഥാനം കൊടുക്കാമെന്നും ക്ലെര്‍ജി സ്ഥാനത്ത് ആയശേഷം വിവാഹം ചെയ്യാമെന്നും പിന്നീട് ഭാര്യമാര്‍ മരിക്കുമ്പോള്‍ ഒക്കെയും വിവാഹം ചെയ്യാമെന്നും മറ്റും നിശ്ചയിപ്പാനും തക്ക വിദ്യാഴ്മ ആസിയായിലുള്ള ക്രിസ്തുമതക്കാരായ അറിവും പഠിത്വവും സംസര്‍ഗ്ഗവുമുള്ള വിദ്വാന്മാര്‍ക്കു ഇല്ലാഞ്ഞൂയെന്നു വരികിലും ദൈവമായ ക്രിസ്തുവും അപ്പോസ്തോലന്മാരും ഒരുമിച്ച് മുഖാമുഖമായി പ്രസംഗിച്ചതും ആദ്യസഭ ഉണ്ടായതും കണ്ടു പഠിത്വത്തിനു ഇടവന്നതും ആസ്യായില്‍ ആകയാല്‍ മതമര്യാദ ഉള്‍പ്പെട്ട കാര്യങ്ങളില്‍ മറ്റു ദിക്കുകാരെക്കാള്‍ ആസിയായിലുള്ള ആദ്യ ക്രിസ്തു മതക്കാര്‍ പരിചയമുള്ളവരാകുന്നുയെന്നു എല്ലാവര്‍ക്കും നിരൂപിപ്പാന്‍ ഇടയുണ്ട്. അതു തന്നെയുമല്ല, അവരവരുടെ ജനനമതമാകുന്ന നിര്‍ബന്ധ ഹൃദയത്തെയും ദ്രവ്യമോഹത്തെയും മാറ്റിവയ്ക്കാതെ സത്യവഴിയില്‍ യാതൊരുത്തര്‍ക്കും കണ്ണു പറ്റുന്നതല്ലെന്നും ന്യായത്തിന്‍റെ പിന്നാലെ ഇശ്ച ചെലുത്താതെ ഇശ്ചയുടെ പിന്നാലെ ദുര്‍ന്യായമുണ്ടാക്കി വലിച്ചു ചേര്‍ക്കുന്ന ചീത്തത്വമാകുന്നുയെന്നും ക്രിസ്തുവിന്‍റെ ജനനം ഓരോരുത്തര്‍ തമ്മില്‍ തര്‍ക്കിച്ച് ജയിപ്പാന്‍വേണ്ടി ഉണ്ടായതല്ലെന്നും എല്ലാ ക്രിസ്തുമതക്കാരും നിരൂപിക്കേണ്ടതാകുന്നു. അതു തന്നെയുമല്ല, ചോദ്യങ്ങള്‍ ചോദിച്ചോ ഉത്തരങ്ങള്‍ കൊടുത്തോ മടക്കുന്നവരുടെ പേരില്‍ സന്തോഷിക്കാതെ കര്‍ഷിക്കുന്നത് അധമത്തില്‍ അധമമാകുന്നു എന്ന് ഉത്തമന്മാര്‍ക്കു അറിയാവുന്നതാകുന്നു.
പിന്നെയും ഞാന്‍ എഴുതിയ ഉത്തരങ്ങള്‍ക്കു മറുപടി വരാത്തതുകൊണ്ട് താങ്കള്‍ വിചാരിച്ചാല്‍ മറുപടി എഴുതത്തക്കവിധം എന്‍റെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കവയല്ലെന്നു താങ്കള്‍ക്കു വിചാരിക്കുന്നതിനേ ഇടയുള്ളെന്നും മൂന്നാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.
കണ്ടാലും എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവയല്ലെന്നു വരികിലും ആ വിവരം മറുപടി മുഖാന്തിരം എന്നെ അറിയപ്പെടുത്തുവാന്‍ മുറയായിരിക്കുമ്പോള്‍ അപ്രകാരം ചെയ്യാത്തത് ഞാന്‍ എഴുതിയ ഉത്തരം ചെന്നു ചേരാഴികകൊണ്ടോ ആയതു ശരി തന്നെയെന്നു സമ്മതം വരിക കൊണ്ടോ, ആലോചിച്ച് മറുപടി എഴുതുന്നതിനുള്ള താമസംകൊണ്ടോ ആകുന്നുയെന്ന് താങ്കള്‍ക്കു നിരൂപിപ്പാന്‍ ഇടയുള്ളതല്ലാതെ മറുപടിയുടെ താമസത്തെക്കുറിച്ച് താങ്കള്‍ നിരൂപിക്കുന്ന നിരൂപണ ശരിയായിട്ടുള്ളതല്ലെന്നു നല്ലതിന്മണ്ണം നിരൂപിച്ചാല്‍ താങ്കള്‍ക്കും അറിയാവുന്നതാകുന്നുയെന്നു എന്ന് ഞാന്‍ നിരൂപിക്കുന്നു.
എന്നാല്‍ താങ്കള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചോദ്യകടലാസ് ഞാന്‍ കണ്ടതിന്‍റെ ശേഷം ഒരു ക്രിസ്തുവിനെയും ഒരു വേദപുസ്തകത്തെയും അനുസരിച്ചുംകൊണ്ട് വിശ്വാസവും മതമര്യാദകളും പലവിധമായി നടക്കുന്നതിനാല്‍ അതില്‍ സൂക്ഷ്മം ഏത് എന്ന് അറിയുവാനുള്ള അത്യാഗ്രഹംകൊണ്ട് എന്നുംവച്ച് അച്ചടിപ്പിച്ചതായിരിക്കുമെന്ന് ഞാന്‍ നിരൂപിക്കയാല്‍ എന്‍റെ ആലോചന ആ സായ്പ് അവര്‍കളെ അറിയിക്കയും മറുപടിയാല്‍ ആ സായ്പ് അവര്‍കളുടെ ആലോചന എനിക്കു പഠിക്കയും ചെയ്യാന്‍ ഇടവരണമെന്നു കരുതി ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചതായിരിക്കുമ്പോള്‍ അതിന്‍റെ മറുത്തരം അയയ്ക്കുന്നതിനു താമസം ചെയ്യുന്നത് പോരാത്തതാകുന്നു എന്ന് എനിക്ക് മാത്രമല്ല താങ്കള്‍ക്കും മറ്റ് എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു.
വിശേഷിച്ചും ആ സായ്പ് അവര്‍കള്‍ ചെയ്തിരിക്കുന്ന ചോദ്യങ്ങള്‍ക്കു യാതൊരുത്തരും ഉത്തരം കൊടുത്തില്ലെന്നു വരുത്തി ജയം കിട്ടണമെന്നു കരുതി ആ സായ്പ് അവര്‍കള്‍ ചോദ്യങ്ങള്‍ എഴുതിയതായിരിക്കുമെന്നും അപ്രകാരം തന്നെ താങ്കളും വിചാരിച്ചുംകൊണ്ട് ആ ചോദ്യങ്ങള്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായിരിക്കുമെന്നും ഒരുനാളും ഞാന്‍ നിരൂപിക്കുന്നില്ല. എങ്കിലും ആ ചോദ്യങ്ങള്‍ മലയാളഭാഷയില്‍ പരിഭാഷപ്പെടുത്തി ഇപ്പോള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതില്‍ ആ സായ്പ് അവര്‍കളുടെ ഊരും പേരും തള്ളിയിരിക്കുന്നതും എനിക്ക് മറുപടി കിട്ടാത്തത് എന്‍റെ ഉത്തരം മതിയാകത്തക്കവയല്ലാത്തതുകൊണ്ട് ആയിരിക്കുമെന്നും യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ക്കും ഉത്തരം കൊടുപ്പാന്‍ കഴിയാത്തവയാകുന്നുയെന്നു ഞാന്‍ ഓര്‍ക്കണമെന്നു രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നതും കൊണ്ട് നിരൂപിച്ചു നോക്കിയാല്‍ ഈ ചോദ്യങ്ങള്‍ ഇടയില്‍ മറ്റ് ആരാണ്ട് ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് പ്രസിദ്ധപ്പെടുത്തായ്കയാല്‍ യാതൊരുത്തരും ഉത്തരം എഴുതി ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് എഴുതി കൊടുത്തയച്ചു പോകരുതെന്നും കരുതി ഊരും പേരും തള്ളി അച്ചടിപ്പിച്ചിരിക്കുന്നതാകുന്നു എന്ന് ചിലര്‍ക്കെങ്കിലും നിരൂപിപ്പാന്‍ ഇടയുണ്ട് എന്ന് ഞാന്‍ നിരൂപിക്കുന്നു. അതു തന്നെയുമല്ല, എന്‍റെ ഉത്തരങ്ങളെ ആക്ഷേപിച്ചു മറുപടി എഴുതി അയപ്പാന്‍ പക്ഷേല്‍ ആ സായ്പ് അവര്‍കളാല്‍ കഴിയാത്തതുകൊണ്ട് മറുപടി വരാത്തതായിരിക്കുമെന്നു സംശയിക്കാതെ എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവ അല്ലാഴിക കൊണ്ട് മറുപടി വരാത്തതായിരിക്കുമെന്ന് താങ്കള്‍ നിരൂപിക്കുന്നു എങ്കില്‍ ആ സായ്പ് അവര്‍കളുടെ ചോദ്യങ്ങള്‍ മതിയാകത്തക്കവ അല്ലാത്തതുകൊണ്ട് യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ ഉത്തരം എഴുതാത്തത് ആയിരിക്കുമെന്ന് താങ്കള്‍ നിരൂപിപ്പാനും കൂടെ ഇടയുള്ളതായിരിക്കുമ്പോള്‍ അപ്രകാരം നിരൂപിക്കാത്തതില്‍ ഏറ്റവും ഞാന്‍ അത്ഭുതപ്പെടുന്നു. ഇനി ആ സായ്പ് അവര്‍കള്‍ക്ക് ഒരിക്കല്‍ കൂടെ എഴുതി താങ്കള്‍ മുഖാന്തിരം കൊടുത്തയയ്ക്കണമെന്ന് നിരൂപിക്കകൊണ്ട് താമസിയാതെ എഴുതി താങ്കളുടെ അടുക്കല്‍ കൊടുത്തയക്കുന്നതാകയാല്‍ താങ്കള്‍ കൃപ തോന്നി കൊടുത്തയച്ച് മറുപടി വരുത്തി തരുമാറാകണമെന്നും അപേക്ഷിക്കുന്നു. ഈ കത്ത് താങ്കള്‍ക്കു കിട്ടിയ വിവരത്തിനും താങ്കള്‍ ദൈവകൃപയാല്‍ ദേഹസൗഖ്യത്തോടിരിക്കുന്ന വിവരത്തിനും കൊടുത്തയയ്ക്കുന്ന മറുപടി കാണ്മാന്‍ ഇപ്പോള്‍ തൊട്ടു ഞാന്‍ കാത്തിരിക്കുന്നു.
1858 മത മെയ് മാസം 14-നു കോട്ടയത്തു നിന്നും.
തോമസ് വൈറ്റ് ഹൗസ് സായ്പ്.
ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.
തര്‍ക്കമുള്ള കാര്യങ്ങളെപ്പറ്റി എഴുത്തുകള്‍ എഴുതി കാലം പോക്കുന്നതില്‍ ഒരു ഗുണവും വരുന്നതല്ലാഴികകൊണ്ട് ആയതിനു തുനിയുവാന്‍ നമുക്ക് തീരെ മനസ്സില്ല. പിന്നെയും നമുക്ക് അനേകം ജോലികള്‍ ഉള്ളതുകൊണ്ട് ദൈവത്തിന്‍റെ മാര്‍ഗ്ഗത്തിനു യാതൊരു ഗുണവും വരുവാന്‍ പാടില്ലാതുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഇടയില്ല. താന്‍ മറുപടി നോക്കിപാര്‍ക്കുന്നുയെന്നു എഴുത്തില്‍ കണ്ടിരിക്കുന്നു. അതുകൊണ്ട് എത്രയും ചുരുക്കത്തില്‍ മറുപടി എഴുതുന്നതുമല്ലാതെ മേലെഴുതിയ കാരണങ്ങള്‍ മൂലം ഈ സംഗതിയെ സംബന്ധിച്ച് അങ്ങോട്ടും ഇങ്ങോട്ടും മേലാല്‍ എഴുത്തുകള്‍ എഴുതുന്നതിനു നമുക്കു മനസില്ല.
നാം തനിക്കു മുമ്പില്‍ അയച്ച എഴുത്തില്‍ വിദ്യയെയും വിദ്വാന്മാരെയും കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അത് ആസിയായിലുള്ളവര്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന ബുദ്ധിശക്തിയെ സംബന്ധിച്ച് പറഞ്ഞതല്ല. അവരില്‍ ഏറ്റവും ബുദ്ധിമാന്മാരായ ആളുകള്‍ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. എങ്കിലും സാക്ഷാല്‍ വിദ്യ എന്നുള്ളത് ആസ്യാക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നുയെന്ന് നാം ഇതുവരെ കേട്ടിട്ടില്ല. കിഴക്കേ സഭയിലുള്ള ക്രിസ്ത്യാനികള്‍ ഒരു സമയത്ത് വിദ്യയ്ക്കു കേള്‍വിപ്പെട്ടിരുന്നു. എന്നാല്‍ 1200 വര്‍ഷത്തിനിപ്പുറം അവരുടെ ഇടയില്‍ പ്രകാശിച്ചു വന്ന വിദ്യയ്ക്കു വീഴ്ച വന്ന് അത് ഒന്നിനൊന്നിനു കുറഞ്ഞുവരുന്നു. വായിപ്പാന്‍ കൊള്ളാവുന്ന ഒരു പുസ്തകവും പിന്നീട് എഴുതിയിട്ടുണ്ടെന്നും തോന്നുന്നില്ല. ഒരു ആശാരിക്കു വേണ്ടുന്ന പണിക്കോപ്പുകള്‍ ഇല്ലാഞ്ഞാല്‍ അവനു നല്ലവണ്ണം വേല ചെയ്വാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെ തന്നെ ഒരാള്‍ എത്ര ബുദ്ധിവിശേ ഷതയുള്ളവന്‍ ആയാലും അവനു മുമ്പില്‍ ഉണ്ടായിരുന്ന കൊള്ളാവുന്നവരും കേള്‍വിപ്പെട്ടവരുമായ ആളുകള്‍ ചെയ്തിരിക്കുന്ന വേലയെ കണ്ടു പഠിക്കാതെ അവനു ഒരു പ്രകാരത്തിലും വിദ്വാനായിത്തീരുവാന്‍ കഴിയുന്നതല്ല. സുറിയാനി പട്ടക്കാരില്‍ ചിലര്‍ തങ്ങള്‍ക്കുള്ള ഏതാനും പുസ്തകങ്ങള്‍ കൊണ്ട് നല്ല പ്രയോജനം വരുത്തുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ പടിഞ്ഞാറെ ക്രിസ്ത്യാനികളുടെ ഇടയില്‍ വര്‍ദ്ധിച്ചു പ്രകാശിച്ചു വരുന്ന വിദ്യയോടുകൂടി നോക്കുമ്പോള്‍ അത് ഏതുമില്ല. ഹിന്ദുക്കളുടെ ഉപായ തന്ത്രങ്ങള്‍ ഒക്കെയും വശമുള്ളവനും കഴിഞ്ഞ കാലങ്ങളിലും വരുംകാലത്തും ഉള്ള വിദ്യയെ അഭ്യസിച്ചവനും ആയ ഒരു റോമ്മാക്കാരനായ ജസ്യൂട്ടിനു പോലും ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ ഉത്തരം കൊടുപ്പാന്‍ കഴികയില്ല. അറിവും പഠിത്വവും ഇല്ലാത്ത ആളുകളെ അസത്യ യുക്തികൊണ്ട് സമ്മതിപ്പിക്കാം. എന്നാല്‍ അത് യൂറോപ്പില്‍ ആകുന്നുവെങ്കില്‍ കള്ളം തെളിയിച്ച് വെളിയില്‍ ആകുന്നതും ആകുന്നു. ക്രിസ്ത്യാനി മാര്‍ഗ്ഗത്തിന്‍റെ തുടസ്സം ആസിയായില്‍ ആകുന്നു സത്യം തന്നെ. എന്നാല്‍ തന്‍റെ എഴുത്തില്‍ കണ്ടിരിക്കുന്ന മതവിരോധങ്ങളില്‍ മിക്കവയും കിഴക്കേ സഭയില്‍ ഉത്ഭവിച്ചു താനും റോമ്മാ സഭയിലുള്ള തെറ്റുകള്‍ ഒന്നും വേദത്തിനു വിരോധമായുള്ളവ അല്ലെന്നു കാണിപ്പാനായിട്ടു താന്‍ നന്നായിട്ട് പ്രയാസപ്പെടുന്നുണ്ടല്ലോ. ആ തെറ്റുകള്‍ ഒക്കെയും ആ പിഴച്ചുപോയ സഭ പുതിയനിയമ വിശ്വാസപ്രമാണത്തോട് കൂട്ടിച്ചേര്‍ത്തവയാകുന്നു. താന്‍ എഴുതിയിരിക്കുന്ന ഉത്തരങ്ങള്‍ ദൈവത്തിന്‍റെ വചനത്തിനു ചേരുന്നതോ ചേരാത്തതോ, രണ്ടില്‍ ഒന്നു താന്‍ വിശ്വസിപ്പാന്‍ മുറയുണ്ട്. അവ തന്‍റെ തിരുവചനത്തിനു വിരോധമല്ല എന്നു താന്‍ വിശ്വസിക്കുന്നു എങ്കില്‍ അവ സത്യത്തിനു ചേരാത്ത യുക്തിപ്രയോഗം മാത്രം ആകുന്നു. അവയ്ക്കായിട്ട് വെറുതെ നേരം കളയുന്നതും ദോഷമാകുന്നു. താന്‍ അവയെ വിശ്വസിക്കുന്നു എങ്കില്‍ താന്‍ റോമ്മാ മാര്‍ഗ്ഗത്തില്‍ ചേര്‍ന്നു നടപ്പാനുള്ളതാകുന്നു. ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ നമുക്ക് ഒരു കാര്യവും ഇല്ല. നമ്മുടെ സ്നേഹിതന്‍ മിസ്റ്റര്‍ പീറ്റ് സായ്പ് അവയെ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിപ്പിച്ചപ്പോള്‍ മിസ്റ്റര്‍ ഈലീസാ സായ്പിന്‍റെ ഊരും പേരും വിട്ടിരിക്കണം. സ്നേഹിതാ, നാം ഇരുവരും സഭയുടെ തലവന്‍റെ മുമ്പാകെ താമസിയാതെ കാണപ്പെടുവാനുള്ളവരാകുന്നു. അപ്പോള്‍ നാം ദുഃഖത്തോടെ അല്ല, സന്തോഷത്തോടെ നമ്മുടെ കണക്ക് ബോധിപ്പിക്കേണ്ടുന്നതിനു വേണ്ടി നാം അവന്‍റെ തിരുവചനത്തോട് നല്ലപോലെ ചേര്‍ന്നുകൊണ്ട് അതിനെ നമ്മുടെ വാക്കുകളാലും നടപ്പിലും പ്രസിദ്ധപ്പെടുത്തുവാന്‍ നാം ശ്രമിക്കണം. അന്നു നമുക്കു ഗുണം വരുന്നത് ഉപായയുക്തിയാലും പ്രയോജനമില്ലാത്ത അറിവിനാലും അല്ല, നമ്മുടെ യജമാനന്‍റെ പഠിത്തത്തിനു നമ്മെ അനുസരണമുള്ളവരാക്കി തീര്‍ക്കുന്നത് ഹൃദയത്തിലെ ജീവനുള്ള വിശ്വാസത്താല്‍ അത്രെ. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ ഒടുക്കത്തെ ദിവസത്തില്‍ ന്യായം വിധിക്കും.
1858 മത ഇടവമാസം 18-നു കൊച്ചിയില്‍ നിന്നും.
മേല്‍ 18-നു ആ സായ്പ് എഴുതിയ മറുപടി ഇവിടെ വന്നു ചേരുന്നതിനു ഒരു ദിവസം മുമ്പ് അങ്ങോട്ട് കൊടുത്തയച്ച എഴുത്തിനു പകര്‍പ്പ്.
വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം.
ഈ മാസം 11-നു ഞാന്‍ താങ്കള്‍ക്കു എഴുതിയതില്‍ എഴുതിയിരിക്കുന്ന പ്രകാരം ഇലീസ സായ്പ് അവര്‍കള്‍ക്കു കൊടുത്തയയ്ക്കുന്നതിനു ഒരു കടലാസ് എഴുതി മുദ്രയിട്ടു മേല്‍വിലാസവും വച്ച് ഇതില്‍ അടക്കം ചെയ്തു കൊടുത്തയയ്ക്കുന്നു. മേല്‍വിലാസത്തില്‍ പേരുമാത്രം വച്ചിരിക്കകൊണ്ട് കൃപതോന്നി ദിക്കും നമ്പ്രും മുറപോലെ എഴുതി താങ്കള്‍ മുഖാന്തിരം വേഗത്തില്‍ കൊടുത്തയച്ച് ആ വിവരത്തിനു മറുപടി കൊടുത്തയപ്പാറാകണമെന്നും ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു.
1858 മത മെയ് മാസം 21-നു കോട്ടയത്തു നിന്നും.
റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.
ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.
തന്‍റെ എഴുത്ത് ഇവിടെ വന്നുചേര്‍ന്നു. അതില്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്ക് കൊടുത്തയപ്പാന്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന എഴുത്ത് നമ്മുടെ ഒരു എഴുത്തോടുകൂടെ ഇനിയും ബിലാത്തി കത്തുകള്‍ പോകുമ്പോള്‍ അയയ്ക്കയും ചെയ്യാം. ചോദ്യകടലാസില്‍ കണ്ടിരിക്കുന്ന സമ്മാനം ലഭിക്കേണ്ടതിനായിട്ട് താന്‍ അത്ര പ്രയാസപ്പെടരുത്. ആ വക പണം റോമ്മാ കാതോലിക്കാ സഭക്കാര്‍ക്കു കൊടുക്കാമെന്നേ വിചാരിച്ചിട്ടുള്ളു. താന്‍ അവരുടെ സഭയിലുള്ള തെറ്റുകള്‍ സാക്ഷാല്‍ തെറ്റുകള്‍ അല്ലായെന്ന് കാണിപ്പാനായിട്ടു ശ്രമിക്കുന്നു എങ്കിലും താന്‍ ഒരു റോമ്മാക്കാരന്‍ അല്ലെന്നത്രെ നാം കേട്ടിരിക്കുന്നത്. അങ്ങനെയായിരിക്കുമ്പോള്‍ ആ സമ്മാനത്തെ ന്യായമായിട്ട് ആഗ്രഹിപ്പാന്‍ മുറയില്ല. പിന്നെയും താന്‍ റോമ്മാ സഭയിലെ ചില തെറ്റുകളെ വെളിപ്പെടുത്തി എഴുതിയിരിക്കുന്ന ഒരു പുസ്തകം നമുക്ക് കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ആ സഭക്കാര്‍ക്കു വിരോധമായിട്ടും പിന്നൊരു സമയത്ത് അവര്‍ക്ക് അനുകൂലമായും എഴുതുവാന്‍ തനിക്ക് ഏതുപ്രകാരം കഴിയും. ഇത് എങ്ങനെയോ നമുക്കു ഗ്രഹിപ്പാന്‍ പാടില്ല.
1858 മത ഇടവ മാസം 26-നു കൊച്ചിയില്‍ നിന്നും.
റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.
ഇനിയും ബിലാത്തി കത്തുകള്‍ പോകുന്ന സമയത്ത് റവറണ്ട് ഇലീസ സായ്പ് അവര്‍കള്‍ക്കു എന്‍റെ കത്തുംകൂടെ കൊടുത്തയയ്ക്കുമെന്ന താങ്കളുടെ മറുപടിയില്‍ എഴുതിയിരിക്കുന്നതിനാല്‍ ഏറ്റവും ഞാന്‍ സന്തോഷിക്കുന്നു. താങ്കളുടെ കൃപയ്ക്കു വളരെ സലാം.
ചോദ്യകടലാസില്‍ പറഞ്ഞിരിക്കുന്ന സമ്മാനത്തെക്കുറിച്ച് ഞാന്‍ താങ്കള്‍ക്ക് ഒന്നുംതന്നെ എഴുതിയിട്ടില്ലാതിരിക്കുമ്പോള്‍ അതില്‍ പറയുന്ന സമ്മാനം ലഭിപ്പാന്‍ ഞാന്‍ പ്രയാസപ്പെടേണ്ടായെന്നും അധികപ്രസംഗമായി താങ്കള്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് വിചാരിച്ചാറെ ഒരുത്തന്‍ തന്‍റെ മാതാവിന് ഭ്രഷ്ട് ഉണ്ടെന്നു ആരെങ്കിലും തെളിയിച്ചു കൊടുത്താല്‍ അവനു സമ്മാനം കൊടുക്കാമെന്നു എഴുതി പ്രസിദ്ധപ്പെടുത്തുകയും ആരെങ്കിലും തെളിയിച്ചു കൊടുക്കയും ചെയ്താല്‍ പിന്നീട് സമ്മാനം കൊടുക്കാമെന്നു പ്രസിദ്ധപ്പെടുത്തിയവന്‍ ഒരുനാളും കൊടുക്കുന്നതല്ലാത്തപ്രകാരം തന്നെ. ഇലീസ് സായ്പ് അവര്‍കള്‍ ചോദ്യകടലാസില്‍ എഴുതിയിരിക്കുന്ന സമ്മാനം ഉത്തരം എഴുതുന്നവനു കൊടുക്കുന്നതല്ലെന്നു താങ്കള്‍ നിശ്ചയിച്ചുംകൊണ്ട് സമ്മാനം ലഭിക്കുമെന്നു വച്ച് ഞാന്‍ പ്രയാസപ്പെടേണ്ടായെന്നു താങ്കള്‍ എനിക്കു എഴുതിയിരിക്കുന്നതും ആ ചോദ്യകടലാസ് ഇപ്പോള്‍ മലയാഴ്മയായി അച്ചടിപ്പിച്ചതില്‍ ലജ്ജ നിരൂപിക്കാതെ കൂട്ടിയും കുറച്ചും വ്യത്യാസമായി അച്ചടിപ്പിച്ചതും ഇലീസ സായ്പ് അവര്‍കള്‍ക്കു ഏറ്റവും അപമാനമുള്ളതാകുന്നുയെന്ന് നിങ്ങള്‍ നിരൂപിക്കാഞ്ഞതു എന്തുകൊണ്ടെന്നും ഞാന്‍ നിരൂപിക്കുന്നു.
പിന്നെയും നേരും ന്യായവും സത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഉള്ളപ്പോള്‍ ആ പഠിത്വം പുറകോട്ടു കിടക്കയും നേരുകേടും ന്യായകേടും അസത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഇല്ലാതെയിരിക്കുമ്പോള്‍ ഈ പഠിത്വം മുമ്പോട്ടു കിടക്കയും ചെയ്യുന്നതിനെക്കുറിച്ച് ആരെങ്കിലും നിരൂപിച്ചാല്‍ ഈ വകയ്ക്കുള്ള പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഏതെന്നു അറിയാവുന്നതാകുന്നു.
കടലില്‍ കിടക്കുന്ന ഉപ്പുവെള്ളവും കടയില്‍ നിന്നും പാത്രത്തില്‍ കോരിവച്ചിരിക്കുന്ന ഉപ്പുവെള്ളവും പുളിവെള്ളം തന്നെയെന്നു എനിക്കറിയാവുന്നതാകയാല്‍ ദ്രവ്യമോഹം കൊണ്ടു മറ്റു ചില ആളുകളെപോലെ പാപ്പുലതക്കാര്‍ മുതലായ പിഴച്ചുപോയ യാതൊരു സഭക്കാരുടെയും കൂടെ ഞാന്‍ ചേരുവാന്‍ ദൈവകൃപ എന്നോടു സമ്മതിക്കുന്നതല്ലെന്നു താങ്കള്‍ ഗ്രഹിച്ചിരിക്കട്ടെ.
പിന്നെയും നാലും മൂന്നും ആറാകുന്നു എന്ന് വല്യ മേലെഴുത്തു പിള്ള പറഞ്ഞാലും അത് തെറ്റാകുന്നു. അത് ഏഴാകുന്നുയെന്ന് പള്ളിക്കൂടത്തില്‍ ഇന്നു പഠിപ്പാന്‍ ആക്കിയ ഒരു പൈതല്‍ പറഞ്ഞാല്‍ അത് തെറ്റില്ലാത്തതാകുന്നു.
1858 മത ജൂണ്‍ മാസം 4-നു കോട്ടയത്തു നിന്നും.
റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.
ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.
ഈ മാസം 4-നു താന്‍ എഴുതി അയച്ച കത്ത് ഇവിടെ വന്നുചേര്‍ന്നു. അതിനു മുമ്പില്‍ ശീമ കത്തുകള്‍ പോയതിനാല്‍ അപ്പോള്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്കുള്ള തന്‍റെ എഴുത്ത് നമ്മുടെ ഒരു കത്തോടുകൂടെ അയയ്ക്കയും ചെയ്തു. ഇപ്രകാരം തര്‍ക്കമുള്ള സംഗതികളെ സംബന്ധിച്ച് എഴുത്തുകള്‍ എഴുതി കാലം പോക്കുവാന്‍ നമുക്ക് തീരെ മനസില്ലാത്തതിനാല്‍ ആയതിനു മേലാല്‍ താന്‍ തുനിയുകയില്ലല്ലോ.
1858 മത മിഥുന മാസം 12-നു കൊച്ചിയില്‍ നിന്നും.
No comments:
Post a Comment