Friday, December 17, 2021

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയും നാട്ടുചികിത്സയും ഇവിടെ ധാരാളം ചെയ്തശേഷം മദ്രാസില്‍ പോയി ഇംഗ്ലീഷ് ചികിത്സ ചെയ്തു. എങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല. കുറെ മൂത്തപ്പോള്‍ അദ്ദേഹം പാണമ്പടിക്കല്‍ വരികയും അവിടെ വച്ചും പല ചികിത്സകള്‍ ചെയ്തെങ്കിലും ദീനം ഒന്നിനൊന്നിനു വര്‍ദ്ധിക്കുകയാണ് ചെയ്തത്. കുറെ മാസങ്ങള്‍ ഇങ്ങനെ കിടന്നശേഷം 1917 ഡിസംബര്‍ 14-നു ഇരുപത്തിയഞ്ചു നോമ്പിന്‍റെ ആദ്യദിവസം സമാധാനത്താലെ കാലം ചെയ്തു. ഇദ്ദേഹത്തിന്‍റെ മരണകിടക്കയില്‍ വടക്കര്‍ മിക്ക പള്ളിക്കാരും ഇദ്ദേഹത്തെ വന്നു കണ്ടു കൈമുത്തുകയും അനുഗ്രഹങ്ങള്‍ വാങ്ങിക്കയും ചെയ്തു. മരണം ആസന്നമായതോടുകൂടി നി.വ.ദി.ശ്രീ. മാന്മാരായ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്നിവര്‍ പാണമ്പടിക്കല്‍ വന്നു താമസിച്ചുകൊണ്ടു വേണ്ട ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരുന്നു. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ വലിയപള്ളിയില്‍ നിന്നു കൂടെക്കൂടെ പാണമ്പടിക്കല്‍ പോയി അന്വേഷിച്ചുകൊണ്ടുമിരുന്നു. മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് എത്രയും ഹൃദയംഗമായവിധത്തില്‍ ഒരു അന്ത്യകല്പന എഴുതി എല്ലാ പള്ളിക്കാര്‍ക്കും അയച്ചു കൊടുത്തു. ശവസംസ്കാരം മൂന്ന് മെത്രാന്മാരും അനേകം പട്ടക്കാരും ശെമ്മാശന്മാരും കൂടി 14-നു നാലു മണിയോടുകൂടി ഭംഗിയായി കഴിച്ചുകൂട്ടി. പാണമ്പടിക്കല്‍ പള്ളിയുടെ വടക്കുവശത്തു ഭിത്തിയോടു ചേര്‍ത്താണ് അടക്കിയത്. ഇദ്ദേഹം വലിയ ലുബ്ധനായിരുന്നുവെങ്കിലും ഭക്തനും സമര്‍ത്ഥനുമായിരുന്നു. പുറമെ അധികമൊന്നും ഭാവിക്കാത്ത ആളായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യം അടുത്തു പരിചയിച്ചിട്ടുള്ളവര്‍ക്കേ മനസ്സിലായിട്ടുള്ളു. കോട്ടയം പഴയസെമിനാരി പള്ളിയും പുരയിടവും ഇപ്പോഴത്തെ സ്ഥിതിയിലായതു ഇദ്ദേഹത്തിന്‍റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്. തിരുവനന്തപുരം പള്ളി ഇദ്ദേഹത്തിന്‍റെ നിത്യസ്മാരകമാണ്. വേറെയും പല പള്ളികള്‍ ഇദ്ദേഹത്തിന്‍റെ ഉത്സാഹംകൊണ്ടു പണിയപ്പെട്ടിട്ടുണ്ട്. അന്ത്യോഖ്യാ സിംഹാസനത്തോടു വളരെ ഭക്തിയുള്ള ആളായിരുന്നു. നോമ്പ്, നമസ്കാരം മുതലായ സഭയുടെ കല്പനകളെ കൃത്യമായി അനുഷ്ഠിക്കുന്നതില്‍ വലിയ നിര്‍ബന്ധക്കാരനായിരുന്നു. പറയത്തക്ക ദൂഷ്യങ്ങളൊന്നും ഇദ്ദേഹത്തിലില്ലായിരുന്നു. പാണമ്പടിക്കല്‍ പള്ളിക്കാര്‍ ഇദ്ദേഹത്തിന്‍റെ കബര്‍ വളരെ ഭംഗിയായി കെട്ടിക്കയും അതിരിക്കുന്ന വശത്തു ഒരു വരാന്ത പള്ളിയില്‍ നിന്നു ചാര്‍ത്തി കെട്ടുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ മുപ്പതാം ദിവസം അടിയന്തിരം പല പള്ളിക്കാരുടെ ചെലവില്‍ 1918 ജനുവരി 15-നു വളരെ ഭംഗിയായി കഴിഞ്ഞുകൂടി. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, October 1, 2020

കോനാട്ട് കോര മാത്തന്‍ കത്തനാര്‍ മരിച്ചു (1927 നവംബര്‍ 8)


120. പാമ്പാക്കുട കോനാട്ട് കോര മാത്തന്‍ കത്തനാര്‍ 1103 തുലാം 22-നു (1927 നവംബര്‍ 8) സ്വഭവനത്തില്‍ വച്ചു മരിച്ചു. ഒരു എലി കടിച്ചതില്‍ ഉണ്ടായ സുഖക്കേട് വര്‍ദ്ധിച്ചതാണ് മരണത്തിനു കാരണം. തലേ കന്നി 3-നു ഞാന്‍ അദ്ദേഹത്തെ സ്വഭവനത്തില്‍ ചെന്നു കണ്ടു. സുറിയാനി, മലയാളം എന്നീ ഭാഷകളില്‍ നല്ല വ്യുല്‍പത്തി ഉണ്ടായിരുന്നു. മിക്ക സുറിയാനി പള്ളിക്രമങ്ങളും അദ്ദേഹത്തിന്‍റെ വകയായ പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ്സില്‍ അച്ചടിച്ചു മലയാളത്തെ പള്ളിക്രമപുസ്തക ദാരിദ്ര്യം നീക്കി. ഇത് ഒരു വലിയ സേവനമായിരുന്നു. പാമ്പാക്കുട പ്രസ്സില്‍ നിന്നു ജീവനിക്ഷേപം എന്നൊരു മാസിക മലയാളത്തിലും സീമത്ഹായെ എന്നൊരു മാസിക സുറിയാനിയിലും അദ്ദേഹം വളരെനാള്‍ പ്രയോജനകരമായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു വലിയ സമുദായാഭിമാനിയും മലങ്കരസഭയിലെ വൈദിക ട്രസ്റ്റിയുമായിരുന്നു. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യ ആശ്വാസം കൊടുക്കട്ടെ.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Monday, August 17, 2020

ഗാന്ധിജിയുടെ കോട്ടയം സന്ദര്‍ശനം: ഓര്‍മ്മകള്‍ / ഇ. പി. മാത്യു ഇടവഴിക്കല്‍


1100 മീനം 2-നു (1925 മാര്‍ച്ച് 15) മഹാത്മാഗാന്ധി എന്ന ലോകപ്രസിദ്ധ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് കോട്ടയത്തു വരികയും അന്ന് വൈകുന്നേരം ആറു മണിക്കു പബ്ലിക്കിന്‍റെ വകയായി ഒരു മംഗളപത്രം സമര്‍പ്പിക്കുകയും അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഞാനും ആ യോഗത്തിനു പോയിരുന്നു. അദ്ദേഹം പതിവുപോലെ അര്‍ദ്ധനഗ്നനായിട്ടാണ് യോഗത്തില്‍ വന്നത്. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം

ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം

ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം യൂറോപ്പില്‍ ആരംഭിച്ചു ഇന്ത്യായിലേക്കു പരന്നു തിരുവിതാംകൂര്‍ നിറഞ്ഞിരിക്കുന്നു. ഇത് ഒരുതരം പനിയാണ്. മൂന്നുനാലു ദിവസത്തേക്കു മാത്രമേ പനി സാധാരണ കാണുകയുള്ളു. പനി വിടുന്നയുടനെ കുളിച്ചാല്‍ നിശ്ചയമായും പനി വീണ്ടും വരികയും മരിക്കയും ചെയ്യും. പനി വിട്ടു രണ്ടുമൂന്നു ആഴ്ച കഴിഞ്ഞിട്ടു          കുളിക്കാമെങ്കില്‍ ദോഷമൊന്നുമില്ല. ഈ പനിയുടെ കൂടെ ന്യൂമോണിയ വന്നാല്‍ രക്ഷപെടാന്‍ പ്രയാസം. പനി ഭേദമായാലുടന്‍ ഉണ്ടാകുന്ന ക്ഷീണം അതി കഠിനം. ഇത് വായുവില്‍ കൂടി പകരുന്നതാകകൊണ്ടു ഒരു പ്രദേശത്തു വന്നാല്‍ ക്ഷണനേരംകൊണ്ടു അവിടെയുള്ള എല്ലാവര്‍ക്കും ഉണ്ടാകും. 94 ചിങ്ങത്തില്‍ കോട്ടയത്തു വന്ന കൂട്ടത്തില്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഒരുപോലെ വന്നു. ഈ സമയത്തു ഞാന്‍ ചിങ്ങവനം തെക്കേപ്പള്ളിമുറിയില്‍ താമസിച്ചു ബി.എല്ലിനു പഠിക്കയായിരുന്നു. എനിക്കും അവിടെ വച്ചു ദീനം പിടിപെട്ടു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഇവിടെയും എല്ലാവരും ദീനമായി കിടക്കയായിരുന്നു. ദൈവകൃപയാല്‍ വലിയ ഉപദ്രവമൊന്നും കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും ദീനം സുഖമായി. സുഖക്കേട് എല്ലാവര്‍ക്കും വന്നതുകൊണ്ടു വളരെ കഷ്ടപ്പെട്ടതു മാത്രമേയുള്ളു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)

Monday, March 11, 2019

ശെമവൂന്‍ മാര്‍ അത്താനാസ്യോസ്


49. ഇതിന്‍റെ ശേഷം ബഹു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളുടെ കല്പനയാലെ മാര്‍ അത്താനാസ്യോസ് ശെമവൂന്‍ മെത്രാപ്പോലീത്താ എന്ന ദേഹം 1880-മാണ്ട് വൃശ്ചിക മാസം 30-നു ബോംബെയില്‍ എത്തി അവിടെ നിന്നും തീവണ്ടി വഴിയായി മദ്രാസില്‍ ചെന്ന് ബഹു. ഗവര്‍ണര്‍ സായ്പ് അവര്‍കളെ കണ്ടു മലയാളത്തുള്ള പള്ളികളില്‍ സഞ്ചരിക്കുന്നതിനു പാസ്പോര്‍ട്ടും വാങ്ങിക്കൊണ്ടു 1881-മാണ്ട് മകര മാസം 1-നു 1056-മാണ്ട് മകര മാസം 2-നു വ്യാഴാഴ്ച കൊച്ചിയില്‍ എത്തുകയും ചെയ്തു. കൂടെ സ്ലീബാ എന്നു പേരായ ഒരു ശെമ്മാശും (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ് - എഡിറ്റര്‍) ഉണ്ട്. ഉടനെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായും എത്തി ഒരുമിച്ചു കൊച്ചിയില്‍ താമസിക്കുന്നു. ഇപ്പോള്‍ വന്ന അത്താനാസ്യോസ് ശെമവൂന്‍ എന്ന ഈ ബാവാ മുന്‍ രണ്ടാം പുസ്തകം 89-ാം ലക്കത്തിലും പിന്നാലെയും പറയുന്ന മാര്‍ അത്താനാസ്യോസ് സ്തേഫാനോസ് എപ്പിസ്കോപ്പായോടു കൂടെ 1849-മാണ്ട് കുംഭ മാസം 3-നു കൊച്ചിയില്‍ വന്നിറങ്ങി മലയാളത്തു താമസിച്ചു തിരിച്ചുപോയ ശെമവൂന്‍ റമ്പാന്‍ ആകുന്നു. ഈ ദേഹം വന്നതിന്‍റെ പ്രധാന താല്‍പര്യം പാത്രിയര്‍ക്കീസ് ബാവായ്ക്കു ചെല്ലുവാനുള്ള റെശീസാ പിരിച്ചയക്കുന്നതിനു വേണ്ടിയാകുന്നു. ഇവിടത്തെ മെത്രാന്മാര്‍ക്കും പള്ളിക്കാര്‍ക്കും ആയിട്ട് പാത്രിയര്‍ക്കീസ് ബാവാ കൊടുത്തയച്ച കല്പനകള്‍ മകരം 30-നു വെട്ടിക്കല്‍ ദയറായില്‍ വച്ച് മെത്രാന്മാര്‍ക്കു കൊടുത്തു.  

54. മുന്‍ 49-മത് ലക്കത്തില്‍ പറയുന്ന അത്താനാസ്യോസ് ശെമവൂന്‍ ബാവാ വടക്കുള്ള പള്ളികളില്‍ സഞ്ചരിച്ചു പിരിച്ചുണ്ടായ റിശീസാ പണം 1882 മേട മാസത്തില്‍ കൊച്ചിയില്‍ വച്ച് ബോംബേയില്‍ ദാവീദ് സാസൂന്‍ മുഖാന്തിരം പാത്രിയര്‍ക്കീസ് ബാവായ്ക്കു കൊടുത്തയച്ചു. ആദ്യം കൊടുത്തയച്ചത് ആയിരം രൂപാ ആയിരുന്നു. കൊച്ചിയില്‍ നിന്നും തെക്കേ പള്ളികളില്‍ സഞ്ചരിച്ചു റിശീസാ പിരിച്ചു വരുന്നു. 

93. നാലാം പുസ്തകം 49-ാം ലക്കത്തില്‍ പറയുന്നതും 1056 മകര മാസത്തില്‍ മലയാളത്തു വന്ന ആളുമായ മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവായ്ക്കു മൂന്നു മാസത്തോളം കാലം വയറ്റിലും കാലിലും നീരായി രോഗത്തില്‍ കിടന്ന ശേഷം 1889 ജൂണ്‍ 11-നു 1064-മാണ്ടു ഇടവം 30-നു ചൊവ്വാഴ്ച പകല്‍ 11 മണിക്കു കോട്ടയത്തു സെമിനാരിയില്‍ വച്ച് കാലം ചെയ്തു. മരണസമയം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. അടുത്ത ദിവസമാകുന്ന ബുധനാഴ്ച സമീപമുള്ള പള്ളിക്കാര്‍ കൂടി ഒരുമിച്ച് ആഘോഷമായി കോട്ടയത്തു പുത്തന്‍പള്ളിയില്‍ വടക്കേ റാന്തലില്‍ കബറടക്കം ചെയ്തു. ഈ ദേഹം 1849-ല്‍ റമ്പാനായി മലയാളത്തു വന്നു താമസിച്ചു മടങ്ങിപോകയും പിന്നീട് 1881-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ എപ്പിത്രോപ്പാ എന്ന അധികാരത്തില്‍ മെത്രാനായി വന്നു മലയാളത്തു മരണത്തോളം താമസിക്കയും ചെയ്ത ആള്‍ ആണ്. ഈ ദേഹം ഒരു നല്ലവനും പരമാര്‍ത്ഥിയും ദ്രവ്യാഗ്രഹം ഇല്ലാത്തവനും സ്നേഹശീലനും കോപം ഇല്ലാത്തവനും സാധുവും ആയിരുന്നു. കാര്യത്രാണിയും മലയാളസൂത്രങ്ങളും കുറവുള്ളവന്‍ ആയിരുന്നു എങ്കിലും തന്നെ ഏല്പിക്കപ്പെട്ട സ്ഥാനത്തെ സത്യത്തോടെ വഹിച്ചവന്‍ ആയിരുന്നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എഴുതിയതില്‍ നിന്നും; മലങ്കരസഭാ ചരിത്രരേഖകള്‍, എഡി. ജോയ്സ് തോട്ടയ്ക്കാട്, സോഫിയാ ബുക്സ്, കോട്ടയം, 2019, പേജ് 222-223)

Monday, March 4, 2019

മാണിക്യവാചരുടെ വരവ്


മാലിയാംകരയിലും കോട്ടകായലിലും ഗോക്കമങ്ങലത്തും നിരണത്തും ചായലിലും കൊരക്കേണി കൊല്ലത്തും പാലൂരും ഈ ഏഴു ദിക്കില്‍ കുരിശുംവച്ച് ആകെ ............ പരുഷം മലനാട്ടില്‍ തന്നെ സഞ്ചരിക്കയും ചെയ്തു. പിന്നത്തേതില്‍ മാര്‍ത്തോമ്മാ പാണ്ടിനാട്ടില്‍ ചെന്നു മാര്‍ഗ്ഗം അറിയിച്ചുവരുമ്പോള്‍ ഒരു എമ്പ്രാന്‍ ശൂലം ചാണ്ടിക്കൊല്ലുക കൊണ്ട് മയിലാപ്പൂര്‍ എന്ന മലയില്‍ അവനെ അടക്കുകയും ഉറഹായില്‍ അവന്‍ പണിത പള്ളിയില്‍ അവനെ അടക്കണമെന്നു അപേക്ഷിക്കുകകൊണ്ട് മാലാഖമാര്‍ അവിടെനിന്നു ഉറഹായ്ക്കു അവനെ കൊണ്ടുപോകയും അവിടെ അടക്കയും ചെയ്തു. ഈ മാര്‍ത്തോമ്മാ പല അതിശയങ്ങള്‍ ചെയ്തിട്ടുള്ളതൊക്കെയും തിരക്കുകൊണ്ടു എല്ലാവര്‍ക്കും ഗ്രഹിപ്പാന്‍ ഇടയുണ്ട്. ഏറെ കാലംവരെ കൊരക്കേണി കൊല്ലം മുതല്‍ പാലൂര്‍ വരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ കൂദാശാ നേര്‍വഴിയെ നടന്നു. അന്നു പട്ടക്കാര്‍ ഇല്ലാഴികകൊണ്ടും മൂപ്പന്മാര്‍ തന്നെ മാമ്മോദീസാ മുക്കുകയും പെണ്ണുകെട്ടിക്കുകയും ചെയ്തുവന്നു. 

ഇങ്ങനെയിരിക്കുമ്പോള്‍ മാണിക്കവാചരെന്ന ഒരു ക്ഷുദ്രക്കാരന്‍ കൊരക്കേണിയിലും കൊല്ലം മുതല്‍ കൊട്ടാര്‍ വരെയും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കു അവന്‍റെ ക്ഷുദ്രംകൊണ്ടു ദീനങ്ങള്‍ ഉണ്ടാക്കയും അവന്‍റെ ഭസ്മം ധരിച്ചാല്‍ ശമിക്കുകയും ചെയ്ത കാരണത്താല്‍ ചിലര്‍ അവനു ചേരുകയും ചെയ്തു. 

അവരുടെ പേര്‍ മണിഗ്രാമക്കാരെന്നും ചിലര്‍ അവന്‍റെ ധരിക്കാതെ .......................ര്യമായിട്ടു പാര്‍ക്കുകയും ചെയ്തു. അവരുടെ പേര്‍ ധരിയായികള്‍ എന്നും ഇന്നുവരെ പറഞ്ഞുവരുന്നു.

കാതോലിക്കായോടു സ്വപ്നത്തില്‍ മാര്‍ തോമ്മാ പറയുകകൊണ്ട് ക്നാന്‍ എന്ന നാട്ടുകാരന്‍ കച്ചവടക്കാരനാകുന്ന തോമ്മായെ അയച്ചു മലയാളത്തില്‍ ക്രിസ്ത്യാനിമതം തീരെ മറഞ്ഞിട്ടില്ലാത്ത വിവരം അറിയിക്കുകകൊണ്ട് ഉണ്ടായ വിവരങ്ങള്‍ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനെ അറിയിച്ചു വേണ്ടുന്ന അനുവാദങ്ങളും വരുത്തി ഉറഹായുടെ യൗസേപ്പ് എപ്പിസ്കോപ്പായെയും രണ്ടു പട്ടക്കാരെയും ശെമ്മാശന്മാരെയും യാക്കോബായ സുറിയാനിക്കാരായ ഏറിയ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും മേല്‍പറഞ്ഞ കച്ചവടക്കാരന്‍ തോമ്മായോടുകൂടെ മലയാളത്തിനയക്കയും ചെയ്തു. അന്ത്യോഖ്യായുടെ മാര്‍ ഒസ്താത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കാലത്ത്.
അവര്‍ മൂന്നു കപ്പലിലായി മിശിഹാകാലം 365-ല്‍ കൊടുങ്ങല്ലൂര്‍ ചങ്ങലഅഴിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവര്‍ ചേരകോന്‍ പെരുമാള്‍ രാജാവിനെ ചെന്നു കണ്ടാറെ രാജാവിനു സന്തോഷമായി. പള്ളിയും പട്ടണവും വയ്ക്കുന്നതിനു ആനകോലാല്‍ .................. കോല്‍ ഭൂമിയും കല്പിച്ചു കൊടുത്തു. കൊടുങ്ങല്ലൂര്‍ നടയുടെ വടക്കുവശത്ത് തെക്കോട്ടു ദര്‍ശനമായി പട്ടണവും വച്ചു പാര്‍ക്കയും ചെയ്തു.
പിന്നത്തേതില്‍ രണ്ടു പന്തിയായിട്ടു പട്ടണം തീര്‍ന്നതിനാല്‍ തെക്കുംഭാഗമെന്നും വടക്കുംഭാഗമെന്നും രണ്ടുനാമം ക്രിസ്ത്യാനികളില്‍ ഉണ്ടായി.

ഇങ്ങനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍റെ വടക്കുവശത്തു പട്ടണവും പള്ളിയും വച്ചു പാര്‍ത്തുവരുമ്പോള്‍ ആ ദെഹിയുടെ

പട്ടണമെന്നു ഈ പട്ടണത്തെ വിളിച്ചുവന്നു. മലനാട്ടില്‍ മുമ്പേ രാജാവില്ലാത്തതിനാല്‍ പാണ്ടിയില്‍ നിന്നും ശോഷപെരുമാള്‍ രാജാവിന്‍റെ താവഴിയില്‍ നിന്നും ഓരോ രാജാക്കള്‍ പന്തീരാണ്ടുതോറും മാറി മാറി വന്നു മലനാട്ടില്‍ കാര്യം വിചാരിക്കയും തിരികെ പോകയും ചെയ്തുവന്നാറെ കാര്യവിചാരത്തിനു വന്നിരുന്ന ചേരകോന്‍ പെരുമാള്‍ രാജാവിനെ തിരികെ അയയ്ക്കാതെയും അതുകാരണത്താല്‍ പാണ്ടിയില്‍ നിന്നും വന്ന പട ഇവര്‍ ഒഴിച്ചയയ്ക്കയും മലനാട്ടിന്‍റെ ഉടയക്കാരാകുന്ന ബ്രാഹ്മണരില്‍ നിന്നു ഇവരുടെ ഉപായത്താല്‍ നശിച്ച ക്ഷേത്രങ്ങളും നാട്ടുവഴികളും രാജാവിനു ഒഴിഞ്ഞുകിട്ടി ചുങ്കം മുതലായതു കിട്ടുവാന്‍ ഇടവരികയും രാജധാനി ബലപ്പെടുത്തുകയും ചെയ്കകൊണ്ടു ഈ വംശക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും രാജധാനിയില്‍ ചെന്നാല്‍ ഇരുന്ന് തിരുമനസ്സറിയിച്ചുകൊള്ളത്തക്കവണ്ണം സമ്മതിച്ച് രാജയിഷ്ടന്മാര്‍ക്കു കല്പിച്ചു കൊടുത്തുവരുന്ന നാമധേയത്തില്‍ ഉയര്‍ന്നതായി മഹാപിള്ളമാരെന്നു പുരുഷന്മാര്‍ക്കും പെണ്‍പിള്ളമാരെന്നു സ്ത്രീകള്‍ക്കും പേര് കല്പിക്കുകയും ഇതു 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Saturday, February 2, 2019

തൊഴിയൂര്‍ പള്ളി വ്യവഹാരവും പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരും


122. 21 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം അഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ പാര്‍ത്തിരുന്ന കൂറിലോസ് ഗീവറുഗീസ് മെത്രാന്‍ 1856 മത മിഥുന മാസം 2-നു കൊല്ലം 1031-മാണ്ടു മിഥുന മാസം 2-നു ശനിയാഴ്ച മരിച്ചു ആ പള്ളിയില്‍ തന്നെ അടക്കുകയും ചെയ്തു. അന്ന് ഊര്‍ശ്ലേമിന്‍റെ ബാവാ തുമ്പമണ്‍ പള്ളിയിലും കൂറിലോസ് ബാവാ തിരുവല്ലാ പള്ളിയിലും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്താ നിരണത്തു പള്ളിയിലും ആയിരുന്നതിനാല്‍ ഉടനെ മെത്രാപ്പോലീത്താ ആഞ്ഞൂരെക്കു പോകയും പുറകെ കൂറിലോസ് ബാവായും പോകയും ചെയ്തു. 

123. കഴിഞ്ഞുപോയ മെത്രാനു പകരം ഒരാളെ മെത്രാനാക്കി തൊഴിയൂര്‍ പാര്‍പ്പിക്കണമെന്നു മെത്രാപ്പോലീത്താ ഭാവിച്ചാറെ ആയതിനു കൂറിലോസ് ബാവായ്ക്കു മനസ്സില്ലാതെ ബാവാ തന്നെ പാര്‍ത്തുകൊള്ളാമെന്നു പറകയാല്‍ ആയതിനു തമ്മില്‍ ചേരാതെ വിവദിക്കയും മെത്രാനെ ഉണ്ടാക്കണമെന്നു നിശ്ചയിച്ച ദിവസം ആയതു നടത്താതെയിരിക്കുന്നതിനുവേണ്ടി ബാവായും ഈയപ്പനും തമ്മില്‍ ചേര്‍ന്ന് വഴക്കിനു കുന്നംകുളങ്ങര നിന്നും ആള്‍ ശേഖരപ്പെട്ടു വന്നാറെ ആയതു മെത്രാപ്പോലീത്താ കണ്ടു കമ്പനി ചാവക്കാട്ടു താലൂക്കില്‍ ബോധിപ്പിച്ചു തഹസീല്‍ദാര്‍ മുതലായ ആളുകള്‍ വന്നു ശേഖരപ്പെട്ട് ആളുകളെ പിടിപ്പിച്ചു കൊണ്ടുപോയി വിസ്താരം ചെയ്കയും ചെയ്തു. 

124. തൊഴിയൂരെ മുതലിനു ബാവായ്ക്കു സംഗതി ആകുന്നുയെന്നും മറ്റും ബാവായും കുന്നംകുളങ്ങര പനയ്ക്കല്‍ ഈയപ്പന്‍ മുതല്‍പേരും കൂടി കോഴിക്കോട്ടു ഹര്‍ജി ബോധിപ്പിച്ചു രണ്ടുപക്ഷക്കാരും നാലഞ്ചു മാസം പാലക്കാട്ടുശേരില്‍ പോയി പാര്‍ത്തു വിസ്തരിച്ചു രണ്ടു പക്ഷക്കാരും ഏറിയ രൂപായും ചിലവിട്ടു വഴക്കു പറഞ്ഞാറെ മുന്‍ നടന്നുവന്നപ്രകാരം തൊഴിയൂര്‍ക്കാരു തന്നെ നടപ്പാനും ബാവായ്ക്കും മറ്റും അവകാശമുണ്ടെങ്കില്‍ സിവില്‍ എന്ന അദാലത്തായി ബോധിപ്പിപ്പാനും സംഗതിയെന്നു ജോയിന്‍റ് മജിസ്ട്രേറ്റ് തീര്‍ച്ചയാക്കി സെഷന്‍സ് കോര്‍ട്ട് അനുവദിക്കയും കൊണ്ടു മെത്രാപ്പോലീത്താ കോട്ടയത്തു പോരികയും ബാവാ വടക്കുതന്നെ പാര്‍ക്കയും ചെയ്തുവരുന്നു. 

130. തൊഴിയൂര്‍ പള്ളിയിലെ മുതല്‍ ഇടപെട്ടും മലയാളത്തെ മെത്രാന്‍റെ സ്ഥാനം ഇടപെട്ടും 1857 നു 1032 മാണ്ടു മീന മാസം 23-നു കൂറിലോസ് ബാവാ കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ എട്ടു പ്രതികളുടെ പേരില്‍ അന്യായം വച്ചു. 

ആവലാധിയിലുള്ള പ്രതികളുടെ പേരുവിവരം: 

ഒന്നാം പ്രതി അത്താനാസ്യോസ് മെത്രാപ്പോലീത്താ. സ്ഥാനത്തില്‍ നിന്നും നീക്കപ്പെട്ടിട്ടുള്ള പാലക്കുന്നത്ത് മത്തായി എന്നു. 

രണ്ടാം പ്രതി കൊച്ചിയില്‍ ശീമയില്‍ ..... കോവിലകത്തുംവാതുക്കല്‍ കുന്നംകുളങ്ങര പ്രവൃത്തിയില്‍ ആലത്തൂര്‍ മുറിയില്‍ ഉള്ള ആളായ ഇപ്പോള്‍ ... ആലത്തൂര്‍ അംശത്തില്‍ പാര്‍ക്കും പനയ്ക്കല്‍ ഇട്ടൂപ്പ് കത്തനാര്‍ (അതായത് 120 മത ലക്കത്തില്‍ കാണുന്നപ്രകാരം വാഴിച്ച പുത്തന്‍ മെത്രാന്‍ ആകുന്നു).

മൂന്നാം പ്രതി വാഴപ്പള്ളി യാക്കോബ് കത്തനാര്‍. 
നാലാം പ്രതി താന്നിക്കല്‍ പൗലോസ് കത്തനാര്‍.
അഞ്ചാം പ്രതി ചൊവ്വല്ലൂര്‍ ചുമ്മാര്‍.
ആറാം പ്രതി അയ്യംകുളങ്ങര വര്‍ഗീസ്.
ഏഴാം പ്രതി മണ്ടുമ്പാല്‍ ഗീവര്‍ഗീസ് കത്തനാര്‍.
എട്ടാം പ്രതി കുന്നംകുളങ്ങരെ വര്‍ഗീസ്.

മെത്രാപ്പോലീത്തായ്ക്കു വന്ന നോട്ടീസിനു പകര്‍പ്പ്.

കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ 1857-ല്‍ ആറാം നമ്പ്ര 1. 

അന്യായക്കാരന്‍ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ്           യൂയാക്കീം മെത്രാപ്പോലീത്താ. 

വക്കീല്‍ വെങ്കിടേശ്വരയ്യര്‍. 

പ്രതികള്‍: 1. പാലക്കുന്നത്ത് മത്തായി. വേറെ 7. 
തിരുവിതാംകോട് സംസ്ഥാനത്ത് കോട്ടയത്ത് മണ്ടപത്തുംവാതുക്കല്‍ കോട്ടയത്തു സെമിനാരിയില്‍ പാര്‍ക്കും പാലക്കുന്നത്ത് മത്തായിക്കു എഴുതിയ നോട്ടീസ്. ചാവക്കാട്ടു താലൂക്ക് പടയത്തൂര്‍ അംശത്തില്‍ പാര്‍ക്കും മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ. വക്കീല്‍ മുഖാന്തരം തന്‍റെയും മറ്റും മേല്‍പണ്ടങ്ങള്‍ മുതലായതിന്‍റെ വില വാങ്ങി കൊടുപ്പാനും വകകളിന്‍മേലും ചമയങ്ങളിന്‍മേലും ഉള്ള തേര്‍ച്ചപ്പെടുത്തുവാനും മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്ഥാപിപ്പാനും ഈ കോടതിയില്‍ വ്യവഹാരപ്പെട്ടിരിക്കുന്ന വിവരം തന്നെ അറിയിച്ചിരിക്കുന്നു. 

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

196. 188 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു രണ്ടാമതു നമ്പ്ര ..... വിസ്തരിച്ചാറെ ..... വാദിസാക്ഷികളും ........... തെളികയും പ്രതിസാക്ഷികളു ....... തെളിഞ്ഞു യോജിപ്പാകാതെ തീരുകയും ചെയ്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിലോട്ടുള്ള ശുപാര്‍ശ കൊണ്ടു സാക്ഷികള്‍, ആധാരങ്ങള്‍ മുതലായതിന്‍റെ തെളിവുകള്‍ വിധിയില്‍ കാണിക്കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വേദസംബന്ധമായും മറ്റും യാതൊരു അധികാരവും ഇല്ലെന്നു പ്രതികള്‍ ധിക്കരിച്ചു പറഞ്ഞിരിക്കുമ്പോള്‍ വാദിക്കു പാത്രിയര്‍ക്കീസില്‍ നിന്നു കിട്ടിയിരിക്കുന്ന മെത്രാപ്പോലീത്താ സ്ഥാനം തൊഴിയൂര്‍ പള്ളിയില്‍ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലായെന്നു മുതലിന്‍റെ അധികാരം സഭയ്ക്കു ആകുന്നു എന്നും 1862 മത മേട മാസത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു. 

202. 196 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു സിവില്‍ കോര്‍ട്ടില്‍ ഉണ്ടായ തീര്‍പ്പിനെക്കുറിച്ച് മദ്രാസ് സദര്‍കോര്‍ട്ടില്‍ 1862 മത 23 മത നമ്പ്രില്‍ അപ്പീല്‍ ചെയ്ത് പ്രതികളാകുന്ന പാലക്കുന്നന്‍ മുതല്‍പേര്‍ക്കു സമന്‍ വരികയും ചെയ്തു. ഈ വ്യവഹാര കാര്യത്തിനു ആദ്യം മുതല്‍ പ്രധാനമായിട്ടു അദ്ധ്വാനം ചെയ്യുന്നത് മൂന്നാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഇട്ടൂപ്പ് കത്തനാരുടെ അനന്തിരവനാകുന്ന പുലിക്കോട്ടില്‍ കൊച്ചു യൗസേപ്പ് കത്തനാര്‍ ആകുന്നു. 
208. 202 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മദ്രാസ് സദര്‍ കോടതിയില്‍ അപ്പീലായി ബോധിപ്പിച്ച് വിസ്തരിച്ചാറെ അവിടെയും സിവില്‍ കോര്‍ട്ടിലെ തീര്‍പ്പുപോലെ ആക്കുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍ 1031-ാമാണ്ട് അഞ്ഞൂര് പള്ളിയില്‍ ഉണ്ടായ വ്യവഹാരം കോഴിക്കോട്ട് സിവില്‍ കോര്‍ട്ടില്‍ വിസ്തരിച്ച് സാക്ഷിയായി കോട്ടയത്ത് വലിയപള്ളിയില്‍ എടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരച്ചനെയും കുറുപ്പംപടിക്കല്‍ എടവകയില്‍ വെളിയത്ത് കോരത് കത്തനാരച്ചനെയും മണ്ണത്തൂര്‍ പള്ളിയില്‍ തോലാനിക്കുന്നില്‍ ആദായി കത്തനാരച്ചനെയും കണ്ടനാട് പള്ളിയില്‍ തുകലന്‍ മത്തായി കത്തനാരച്ചനെയും ടി പള്ളിയില്‍ കരവട്ട് ശീമോന്‍ കത്തനാരച്ചനെയും ശ്രായിപള്ളിയില്‍ കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാരെയും തെക്കേ ദിക്കില്‍ ബാവാ സാക്ഷിബോധിപ്പിച്ചവരെയും കൂനപ്പള്ളി അബ്രഹാം കത്തനാരെയും കൊണ്ടുപോകുവാന്‍ കുന്നംകുളങ്ങര പനയ്ക്കല്‍ ഇയ്യപ്പന്‍റെ എഴുത്തോടുകൂടി പുലിക്കോട്ടില്‍ യോസേപ്പ് കത്തനാര്‍ വന്നു. 37-ാമാണ്ട് ധനു മാസം 15-ന് കൊച്ചിയില്‍ നിന്ന് കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാര്‍ ഒഴികെ ശേഷം പേരും പോകയും ചെയ്തു. 16-ന് കുന്നംകുളങ്ങര എത്തി 22-ന് അവിടെ നിന്നും കോയി (ഴി) ക്കോടിന് പോയി. ബാവാ കൂടെ ഇല്ലായ്കയാലും  മറ്റ് ചില കാരണത്താലും താമസം ഉണ്ടെന്ന് അറികയാല്‍ ആദായി കത്തനാരച്ചന്‍ കോഴിക്കോട് നിന്ന് തിരിച്ചു പോരികയും ശേഷം പേര്‍ അവിടെ ബാവാ വരുന്നതുവരെയും താമസിച്ചു. ബാവാ മകരമാസം 18-ന് അവിടെ എത്തി. 20-ന് തെക്കു നിന്നും സാക്ഷിയായി പോയവരും കുന്നംകുളങ്ങരെ നിന്ന് സാക്ഷിക്കായി  വന്ന പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ മുതലായി നാലു പേരും കോടതിയില്‍ ഹാജരായാറെ എടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചനും വെളിയത്ത് കോരത് കത്തനാരച്ചനും കരവട്ട് ശീമോന്‍ കത്തനാരച്ചനും പനയ്ക്കല്‍ യാക്കോബ് കത്തനാരച്ചനും  സാക്ഷി എഴുതുകയും അവര്‍ എഴുതിയതില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിന്‍കീഴ് സകല സുറിയാനിപ്പള്ളികളും ആകുന്നു എന്നും അഞ്ഞൂര്‍ പള്ളി ഗ്രിഗോറിയോസ് ബാവായുടെ മുതല്കൊണ്ട് കാട്ടുമങ്ങാടന്മാര്‍ പണിയിച്ചിരിക്കുന്നു എന്നും മേല്‍പറഞ്ഞ അഞ്ഞൂര്‍പള്ളി മുതലായ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയോടു കൂടെ വന്നിരിക്കുന്ന കൂറിലോസ് ബാവായുടെ കൈവശത്തില്‍ ഏല്പിക്കേണ്ടതാകുന്നു എന്നും ആയതിന് മനസ് അതത് സഭക്കാര്‍ക്ക് ഇല്ല എങ്കില്‍ പള്ളിയും പള്ളിവക വസ്തുക്കളും പാത്രിയര്‍ക്കീസിനോ അദ്ദേഹം നിയമിച്ച ആള്‍ക്കോ ഒഴിഞ്ഞ്കൊടുത്ത് മറ്റ് സഭയില്‍ അവര്‍ ചേരേണ്ടതാകുന്നു എന്നും ആയതല്ലാതെ അഞ്ഞൂര്‍ പള്ളിയുടെ മേലും മുതല്‍ മേലും സഭക്കാര്‍ക്കാകട്ടെ പാലക്കുന്നത്തു മെത്രാച്ചനാകട്ടെ ഇപ്പോള്‍ ആ പള്ളിയില്‍ മെത്രാനെന്ന് പറഞ്ഞിരിക്കുന്ന ആലത്തൂക്കാരനാകട്ടെ യാതൊരു അധികാരവും ഇല്ലെന്നും മറ്റും എഴുതി. ശേഷം പേരെഴുതാത്തത് നാല് സാക്ഷി മതി എന്ന് കോര്‍ട്ടില്‍ നിന്ന് കല്പിക്കയാലത്രേ എഴുതാഞ്ഞത്. ഇപ്രകാരം തന്നെ ബാവായും പാത്രിയര്‍ക്കീസ് മലയാളത്തില്‍ മെത്രാനായി നമ്മെ അയച്ചിരിക്കുന്നു എന്നും അതിനാല്‍ സുറിയാനി പള്ളികളും മുതലുകളും നമ്മുടെ കീഴ് ആകേണ്ടതാകുന്നു എന്നും മറ്റും എഴുതി അവിടെനിന്ന് എല്ലാവരും 21-ന് പോരികയും ചെയ്തു. അവിടെനിന്നും ബാവാ കൊച്ചിയില്‍ എത്തി താമസിച്ചു. ഇതിന്മണ്ണം പാലക്കുന്നത്ത് മെത്രാച്ചന്‍റെ ഭാഗത്തില്‍ നിന്ന് തെക്കു നിന്നും മാരാമണ്ണുകാരന്‍ ചെമ്പപൊളി .... അമീനദാരയും കോട്ടയത്ത് ചെറിയപള്ളിയില്‍ വേങ്കടത്ത് കൊച്ചുകത്തനാരച്ചനെയും കണ്ടനാട്ടുപള്ളിയില്‍ പാടത്തുകാരന്‍ അബ്രഹാം കത്തനാരച്ചനെയും മെത്രാച്ചന്‍റെ അനന്തരവന്‍ അയിരൂര്‍ ചെറുകര പീലിപ്പോസ് കത്തനാരച്ചന്‍ കൂട്ടികൊണ്ട് അഞ്ഞൂര് ചെന്ന് അവിടെനിന്നും ആലത്തൂക്കാരനും മണ്ടുമ്പാല കത്തനാരച്ചനും കോലാടി താവുവും കോട്ടയത്തുകാരന്‍  കുരിയന്‍ റൈട്ടരും പുത്തന്‍കാവ്കാരന്‍  വറീയത് എന്ന് പറയുന്ന ചാവക്കാട്  മുന്‍സിപ്പും കൂടെ കോഴിക്കോട്ട് ചെന്ന്  കുംഭം 18-ന് കോര്‍ട്ടില്‍ സാക്ഷിയ്ക്കായി ഇവര്‍ ഹാജരായി. സാക്ഷി ബോധിപ്പിച്ചതില്‍ സുറിയാനി പള്ളികള്‍ മുതലായ അഞ്ഞൂര്‍ പള്ളി മേലും വസ്തുക്കള്‍ മേലും പാത്രിയര്‍ക്കീസിനും ബാവായ്ക്കും യാതൊരു അധികാരവും ഇല്ലെന്നും പള്ളികളും വസ്തുക്കളും ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കയാല്‍ സഭക്കാരുടെ മനസുപോലെ നടക്കേണ്ടതാകുന്നു എന്നും അഞ്ഞൂര്‍ പള്ളിയില്‍ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും ഇല്ലെന്നും അഞ്ച് സാക്ഷിക്കാരും മെത്രാനെന്ന് പറയുന്ന ആലത്തൂക്കാരന്‍ സഭക്കാരുടെ സമ്മതത്താലും കഴിഞ്ഞുപോയ കൂറിലോസ് മെത്രാന്‍റെ നിയമത്താലും നമ്മെ മെത്രാനായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാന്‍ പട്ടംകെട്ടിയിരിക്കയാല്‍ നമുക്കല്ലാതെ പാത്രിയര്‍ക്കീസിനും കൂറിലോസ് ബാവായ്ക്കും ഈ  അഞ്ഞൂര്‍ പള്ളിമേല്‍ യാതൊരു അധികാരവും ഇല്ലെന്നും അയാളും എഴുതി 21-ന് അവരും കോഴിക്കോട്ട് നിന്ന് പോരികയും ചെയ്തു.

ഇപ്രകാരം വിസ്താരങ്ങളും പല പ്രകാരത്തിലും ഉള്ള ആധാരലക്ഷ്യങ്ങളും ബാവായുടെ ഭാഗത്തില്‍ നിന്ന് കാണിച്ചാറെ ആയതൊക്കെയും ജഡ്ജി സായിപ്പ് അവര്‍കള്‍ നോക്കാതെ മീനമാസം 14-ന് പാത്രിയര്‍ക്കീസിനാകട്ടെ കൂറിലോസ് ബാവായ്ക്കാകട്ടെ അഞ്ഞൂര്‍ പള്ളിമേലും പള്ളി വക വസ്തുക്കള്‍ മേലും യാതൊരു അധികാരവും ഇല്ലെന്നും ആ പള്ളിയില്‍ ഉള്ള സഭക്കാരുടെ മനസ്സ് പോലെ നടക്കേണ്ടതാകുന്നു എന്നും ചാവക്കാട് മുന്‍സിഫ് ആയിരിക്കുന്ന പുത്തന്‍കാവുകാരന്‍ വറീയതിന്‍റെ ശുപാര്‍ശപ്രകാരവും അന്‍ (യ്) മനത്തുകാരന്‍ ജോണ്‍ മുന്‍ഷിയുടെ ശുപാര്‍ശപ്രകാരവും സായിപ്പ് അവര്‍കള്‍ അവരുടെ പക്ഷത്തില്‍ നിന്ന് മേല്‍പ്രകാരം വിധിക്കുകയും ചെയ്തു. ...

അഞ്ഞൂര്‍ വ്യവഹാരം കോഴിക്കോട് വിധി ആയ ശേഷം ആ വിധി സമ്മതമല്ലെന്നും മറ്റും ബാവാ പിന്നെയും മദിരാസില്‍ ഹൈക്കോര്‍ട്ടില്‍ രണ്ടാമത് അപ്പീല്‍ ചെയ്താറെ കോഴിക്കോട് വിധിപ്രകാരം അന്യായക്കാരന്‍ നടക്കേണ്ടതാകുന്നു എന്നും നേരല്ലാതെ പ്രതിക്കാരെ ബുദ്ധിമുട്ടിച്ചതിന് പ്രതിക്കാര്‍ക്ക് 1900 രൂപ ചിലവുണ്ടെന്നും അതിനാല്‍ ചെലവുള്ള രൂപാ ഒരായിരത്തി തൊള്ളായിരവും അന്യായക്കാരനായ കൂറിലോസ് ബാവാ കെട്ടികൊടുക്കത്തക്കവണ്ണം കൊല്ലം 138-ാമാണ്ട് മിഥുന മാസം 16-ന് മദിരാസില്‍ നിന്ന് വിധിച്ചു. മേല്‍പറഞ്ഞ വിധി പ്രകാരം അവധിയ്ക്ക് രൂപാ കെട്ടി കൊടുക്കായ്കയാല്‍ 139-ാമാണ്ട് കന്നി മാസത്തില്‍ ചാലിശ്ശേരി പള്ളിയും പോര്‍ക്കുളത്തു പള്ളിയും  കൊച്ചികോട്ടയില്‍ പള്ളിയും ഈ പള്ളി മൂന്നും സര്‍ക്കാരില്‍ നിന്നും കണ്ടുകെട്ടി. ആ വിവരം ബാവാ കോട്ടൂര്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ അറികയാല്‍ ഇപ്രകാരം പറയിക്കുന്നതും ചെയ്യിക്കുന്നതും ശരി അല്ല എന്നും മറ്റും പനയ്ക്കല്‍ ഇയ്യപ്പനു എഴുതി കൊടുത്തയച്ചാറെ. അന്യായം തുടങ്ങിയ മുതല്‍ ഇതുവരെയും 15000 രുപ വരെയും എനിയ്ക്കു ചെലവുണ്ടെന്നും അതിനാല്‍ ഈ വക രൂപ 15000 ബാവാ കൊടുക്കേണ്ടതാകുന്നു എന്നും മറ്റും മറുപടി വന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍പറഞ്ഞ ആണ്ട് ധനു മാസം 5-ന് രണ്ടാമതും മേല്‍പറഞ്ഞ പള്ളികളില്‍ 29-ാം തിയ്യതിക്കകം രൂപ തീര്‍ത്തില്ലെങ്കില്‍ പള്ളികള്‍ ലേലത്തില്‍ വിറ്റ് മുതലാക്കുമെന്ന് പരസ്യം തറച്ചിരിക്കുന്നു.

(മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...