241. നീലംപേരൂര്‍ പള്ളി ഇടവകയില്‍ ചേര്‍ന്ന വാലടിയില്‍ തേര്‍വാലടി ആനക്കാട്ടു ഈ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട വീട്ടുകാരുടെ ശ്രമത്താല്‍ തുരുത്തിയില്‍ മുളയ്ക്കാംതുരുത്തിപാറ എന്ന സ്ഥലത്തു ഒരു പള്ളി 1912 ഈയോര്‍ 3-നു 1087 ഇടവം 3-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം എന്നാല്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍) കല്ലിടപ്പെടുകയും കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി സ്ഥാപിച്ചത് ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ആകുന്നു.
242. മേല്‍ 237-ാം വകുപ്പില്‍ പറയുന്നപ്രകാരം കോട്ടയത്തു ചെറിയപള്ളിയും പുത്തന്‍പള്ളിയും പുത്തനങ്ങാടി കുരിശുപള്ളിയും സെമിനാരി പള്ളിയും പൂട്ടിയ ശേഷം മുറയ്ക്കു രണ്ടു മാസം കഴിയുമ്പോള്‍ തുറന്നു കൊടുക്കാന്‍ മജിസ്ട്രേറ്റിനു ചുമതലയുണ്ടെങ്കിലും തുറന്നാല്‍ കലഹമുണ്ടാകുമെന്നുള്ള കാരണത്താല്‍ ഇരുകക്ഷികളും തമ്മില്‍ രാജിപ്പെടുകയോ ഒരു സിവില്‍ വ്യവഹാരത്താല്‍ തീര്‍ച്ചപ്പെടുകയോ ചെയ്യുന്നതുവരെ ഈ പള്ളികള്‍ തുറക്കുവാന്‍ പാടില്ലെന്നു ഹജൂര്‍ അനുവാദപ്രകാരം 1087 മേടമാസത്തില്‍ ഗവര്‍മെന്‍റ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
243. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിന്‍റെ മകന്‍ ഇ. പി. മാത്യു 1911 ഏപ്രില്‍ മാസത്തില്‍ നടന്ന ബി.എ. പരീക്ഷയില്‍ മലയാളം, ചരിത്രം ഈ രണ്ടു വിഷയങ്ങളിലും ചേരുകയും ജയിക്കയും ചെയ്തു. പിന്നീട് 1912 ഏപ്രില്‍ മാസത്തിലെ പരീക്ഷയില്‍ ഇംഗ്ലീഷിലും അവന്‍ ജയിച്ചിരിക്കയാല്‍ ഇപ്പോള്‍ മുഴുവന്‍ ബി.എ. ക്കാരനായിരിക്കുന്നു. ദൈവത്തിനു സ്തുതി.
244. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിങ്കല്‍ ഉണ്ടായ മലയാളത്തെ മേല്‍ വിവരിച്ചിട്ടുള്ള കുഴപ്പങ്ങളുടെ ഫലമായി മുടക്കപ്പെട്ട മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാന്‍റെയും ആ കക്ഷികളുടെയും ശ്രമത്താല്‍ മേല്‍ 176-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായെ മലയാളത്തേക്കു ക്ഷണിച്ചു വരുത്തിയിരിക്കുന്നു. ഇവര്‍ തങ്ങളുടെ പാത്രിയര്‍ക്കീസായിട്ടു ഇദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മുടക്ക് അസാധുവാണെന്നും മറ്റും മുമ്പ് കമ്പിയും കല്പനകളും അയച്ചിട്ടുള്ളതുമായി വിവരിച്ചിട്ടുണ്ടല്ലോ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിനു വേണ്ടി ദീവന്നാസ്യോസും കൂട്ടരും നൂറു പവന്‍ അദ്ദേഹത്തിനു അയച്ചിട്ടുണ്ട്. അതനുസരിച്ചു അദ്ദേഹം പുറപ്പെട്ട് 1912 ഇടവ മാസത്തില്‍ ബാഗ്ദാദില്‍ എത്തുകയും അവിടെ നിന്നു പുറപ്പെട്ടതായി കമ്പി അടിക്കയും ചെയ്തു. പിന്നീട് ആ മാസത്തില്‍ തന്നെ അദ്ദേഹം കറാച്ചി തുറമുഖത്തു വന്നിറങ്ങിയതായി കമ്പി വരികയാല്‍ അദ്ദേഹത്തെ എതിരേറ്റു കൊണ്ടുവരുവാന്‍ ഇവിടെ നിന്നു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ബോംബേയ്ക്കു പോയിരിക്കുന്നു. ഇദ്ദേഹം ഈ നാട്ടില്‍ വന്നാല്‍ വളരെ കലഹം ഉണ്ടാകുന്നതാകകൊണ്ടു ഇവിടെ പ്രവേശിപ്പിക്കരുതെന്നും മറ്റും കൂറിലോസ് മെത്രാനും കൂട്ടരും ഹര്‍ജിയും കമ്പിയും മദ്രാസിനും മഹാരാജാവ് മുതല്‍പേര്‍ക്കും അയച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ഹര്‍ജിക്കു ഗവര്‍മെന്‍റ് നിഷ്പക്ഷമായിരിക്കയേ ഉള്ളൂ എന്ന് റസിഡണ്ട് മറുപടി കൊടുത്തതായി കേള്‍ക്കുന്നു.
245. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് കറാച്ചിയില്‍ നിന്നും ബോംബെയില്‍ എത്തുകയും അവിടെ വച്ചു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ചെന്നു കാണുകയും ഒരുമിച്ചു ബോംബെയില്‍ നിന്നും 1912 ജൂണ്‍ 8-നു പുറപ്പെട്ട് പട്ടാമ്പി വഴി കുന്നംകുളങ്ങരയില്‍ എത്തുകയും അവിടെ കുറച്ചു ദിവസം താമസിച്ചശേഷം കൊച്ചിയില്‍ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍ നിന്നു തെക്കന്‍പറവൂര്‍, മുളന്തുരുത്തി ഈ പള്ളികളിലേക്കു പോയിരിക്കുന്നു.
246. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇവിടെ നിന്നു പോയശേഷം ഈജിപ്റ്റില്‍ കെയ്റോ പട്ടണത്തില്‍ എത്തി. അവിടെ ഏഴെട്ടു മാസമായി താമസിച്ചു വരുന്നു. അവിടെ ഇത്ര അധികം താമസിക്കുന്നതിന്‍റെ കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ല എങ്കിലും ഈജിപ്റ്റില്‍ ഉള്ള ഒരു ഇറ്റാലിയന്‍ ബാങ്കില്‍ പാത്രിയര്‍ക്കീസിന്‍റെ പണം ഇട്ടിട്ടുള്ളത് സമുദായം വകയാണെന്നും പലിശയല്ലാതെ മുതല്‍ പാത്രിയര്‍ക്കീസിനു കൊടുത്തു കൂടാ എന്നു തുര്‍ക്കിയിലെ മെത്രാന്മാര്‍ ബാങ്കുകാര്‍ക്കു നോട്ടീസ് അയച്ചിട്ടുള്ളതിനാല്‍ ബാവാ അതിനെ ഭേദപ്പെടുത്തുവാന്‍ വേണ്ടി ഈജിപ്റ്റില്‍ താമസിക്കുന്നതാണെന്നും കേള്‍ക്കുന്നു. ബാവായ്ക്കു അവിടെവച്ചു വാതത്തിന്‍റെ ദീനം പിടിപെട്ടിരിക്കുന്നു എന്നും കേള്‍വിയുണ്ട്.
247. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ പാസ്പോര്‍ട്ട് മനോരമയില്‍ പ്രസിദ്ധപ്പെടുത്തി കാണുന്നു. പഴയസുറിയാനിക്കാരുടെ പാത്രിയര്‍ക്കീസ് എന്ന് അതില്‍ ബാവായുടെ പേര്‍ വര്‍ണ്ണിച്ചിരിക്കുന്നത് കൂടാതെ ആത്മീയാധികാരം നടത്താന്‍ വരുന്നതില്‍ ആരും തടയരുതെന്നും പറയുന്നുണ്ട്. ഇത് ശരിയായ പാസ്പോര്‍ട്ടാണോ എന്നു സംശയമുണ്ട്.
248. മേല്‍ 232-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നതുപോലെ വട്ടിപ്പണക്കാര്യം മദ്രാസ് ഗവര്‍മെന്‍റില്‍ ആലോചിച്ച ശേഷം കൂറിലോസ് മെത്രാനും ട്രസ്റ്റികള്‍ക്കും കൂടി രണ്ടു വര്‍ഷത്തെ പലിശ റസിഡണ്ട് കൊടുത്തതു അവരെക്കൊണ്ടു തിരിയെ കെട്ടി വെയ്പ്പിച്ചു പലിശ കോര്‍ട്ടില്‍ കെട്ടി വച്ചു രണ്ടു കക്ഷികളെയും പ്രതി ചേര്‍ത്ത് റസിഡണ്ട് ഒരു ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം ചെയ്യണമെന്നു മദ്രാസ് ഗവര്‍മെന്‍റില്‍ നിന്നും 1912 ജൂലൈ മാസത്തില്‍ തീര്‍ച്ച ചെയ്തിരിക്കുന്നു. അതിനാല്‍ കെട്ടി വാങ്ങിച്ച രണ്ടു വര്‍ഷത്തെ പലിശ തിരിച്ചു റസിഡണ്ടാപ്പീസില്‍ ഏല്പിക്കണമെന്ന് റസിഡണ്ട് കൂറിലോസ് മെത്രാനും കൂട്ടു ട്രസ്റ്റികള്‍ക്കും നോട്ടീസയച്ചിരിക്കുന്നു.
249. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുള്ളവര്‍ 1088 ചിങ്ങം 12-നു ചൊവ്വാഴ്ച പരുമല സെമിനാരിയില്‍ ഒരു യോഗം കൂടിയിരുന്നു. അവിടെ എന്തെല്ലാം നിശ്ചയിച്ചു എന്ന് പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ കിഴക്കിന്‍റെ കാതോലിക്കാ (മഫ്രിയാനാ) ആയിട്ടു വാഴിക്കണമെന്നും പുന്നൂസ് റമ്പാന്‍, വാകത്താനത്തു കാരുചിറ റമ്പാന്‍ മുതലായി നാലഞ്ചു പേരെ മെത്രാന്മാരായി വാഴിക്കണമെന്നും തീര്‍ച്ചയാക്കയും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ അതിനെ സമ്മതിക്കയും ചെയ്തു.
250. 1912 സെപ്റ്റംബര്‍ മാസം 8-നു 1088 ചിങ്ങം 24-നു ഞായറാഴ്ച പരുമല സെമിനാരി പള്ളിയില്‍ വച്ച് കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനെ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് വാഴിച്ചിരിക്കുന്നു. അപ്പോള്‍ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. ഈ ഗ്രീഗോറിയോസ് കുറിച്ചി പള്ളി ഇടവകയില്‍ ഉള്‍പ്പെട്ട കല്ലാശ്ശേരില്‍ ഉലഹന്നന്‍റെ മകന്‍ ആകുന്നു.
251. മേല്‍ 249-ാം വകുപ്പില്‍ പറയുന്നപ്രകാരം മുറിമറ്റത്തില്‍ മാര്‍ പൗലോസ് ഈവാനിയോസ് മെത്രാപ്പോലീത്തായെ മാര്‍ ബസേലിയോസ് എന്ന പേരില്‍ കിഴക്കിന്‍റെ കാതോലിക്കാ എന്ന സ്ഥാനത്തില്‍ മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് 1088-മാണ്ടു ചിങ്ങം 31-നു 1912 സെപ്റ്റംബര്‍ 15-നു ഈലൂല്‍ 2-നു ഞായറാഴ്ച നിരണത്തു പള്ളിയില്‍ വച്ച് വാഴിച്ചിരിക്കുന്നു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പുതിയ മെത്രാന്‍ മാര്‍ ഗ്രീഗോറിയോസും ഉണ്ടായിരുന്നു.
252. തുര്‍ക്കി ഗവര്‍മെന്‍റ് അംഗീകരിച്ചിരിക്കുന്ന ന്യായമായ പാത്രിയര്‍ക്കീസ് അബ്ദുള്ളാ ആണെന്നും അബ്ദല്‍ മശിഹാ സ്ഥാനത്തില്‍ നിന്നു തള്ളപ്പെട്ടവനാണെന്നും ആ വിവരം ഇവിടെ അറിയിക്കണമെന്നും തുര്‍ക്കി ഗവര്‍മെന്‍റിന്‍റെ ലണ്ടനിലെ അംബാസിഡര്‍ ഇംഗ്ലീഷ് ഗവര്‍മെന്‍റിനെ അറിയിച്ചിരിക്കുന്നതായി ഇംഗ്ലീഷ് ഗവര്‍മെന്‍റ് തിരുവിതാംകൂര്‍, കൊച്ചി ഗവര്‍മെന്‍റുകളെ അറിയിക്കയും ഹജൂരില്‍ നിന്നും പേഷ്ക്കാരന്മാര്‍ക്കും ഡിവിഷനില്‍ നിന്നും താലൂക്കുകളിലേക്കും എഴുതിയയ്ക്കയും ചെയ്തിരിക്കുന്നു.
253. പാമ്പാക്കുട ചെറിയപള്ളിയില്‍ വികാരിയായ പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍ മാര്‍ അബ്ദുള്ളാ പാത്രിയക്കീസ് ബാവായ്ക്കു വിരോധമായി മുടക്കപ്പെട്ട മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കൂടെ ചേര്‍ന്ന കാരണത്താലും കോനാട്ട് മല്പാന്‍റെ പ്രേരണയാലും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ടി പൗലോസ് കത്തനാരെ മുടക്കുകയും ആ പള്ളിക്കു വേറെ കത്തങ്ങളെ നിയമിക്കയും ചെയ്തു. അതെപ്പറ്റി തര്‍ക്കിച്ചു പള്ളിയുടെ കൈവശത്തെപ്പറ്റി മൂവാറ്റുപുഴ താലൂക്ക് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ ഒരു സമരി കേസ് വിസ്താരം നടന്നതില്‍ സമാധാന ലംഘനമുണ്ടാകുമെന്നു കണ്ടു ഒരു സിവില്‍ വ്യവഹാര തീര്‍ച്ച വരെ പള്ളി പൂട്ടിയിടാന്‍ ഒരു വിധിയുണ്ടായി. ഈ വിധിയിന്മേല്‍ പൗലോസ് കത്തനാര്‍ ഹൈക്കോര്‍ട്ടില്‍ പരിശോധന അപ്പീല്‍ കൊടുത്തതില്‍ പള്ളി ടി പാലപ്പള്ളി കത്തനാരുടെയും കൈക്കാരന്മാരുടെയും കൈവശമാണെന്നു അഭിപ്രായപ്പെട്ടു. മജിസ്ട്രേറ്റ് വിധിയെ അസ്ഥിരപ്പെടുത്തി അവര്‍ക്കു നടത്തി കൊടുപ്പാന്‍ 1088 ചിങ്ങത്തില്‍ വിധിച്ചിരിക്കുന്നു.
254. മേല്‍ 238-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന കുലപാതക കേസ് കോട്ടയം സെഷന്‍സ് കോര്‍ട്ടിലേക്കു കമ്മിറ്റു ചെയ്തശേഷം അവിടെ 1087-ല്‍ 29-ാം നമ്പരായി വിസ്തരിച്ചു 1088 കന്നി 26-നു വിധി പറഞ്ഞിരിക്കുന്നു. പിടികിട്ടിയ പ്രതികള്‍ 11 പേര്‍ക്കും ജീവപര്യന്തം തടവാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. അക്കര പാപ്പച്ചന്‍ മുതലായി പിടികിട്ടാനുള്ള ശേഷം പ്രതികളെ ഉടനെ പിടിപ്പിക്കാന്‍ ആജ്ഞാപിച്ചിട്ടുമുണ്ട്. പ്രതികള്‍ക്കു അപ്പീല്‍ ഉണ്ട്.
255. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ എന്നെ സിവില്‍ നിയമപ്രകാരം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നതായി 1088 കന്നി മാസം 30-നു തിരുവിതംകൂര്‍ ഗവര്‍മെന്‍റ് ഗസെറ്റിന്‍റെ 1962-ാം പുറത്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഗസെറ്റിന്‍റെ ഇംഗ്ലീഷ് 1912 ഒക്ടോബര്‍ മാസം 15-ാം തീയതിയും നോട്ടീസിന്‍റെ നമ്പര്‍ ജെനറല്‍ നമ്പ്ര 6961 ഉം ആകുന്നു. നോട്ടീസിന്‍റെ പകര്‍പ്പ്.
(ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)
മേല്‍പ്രകാരം അനുവദിച്ച വിവരത്തിനു കോട്ടയം താലൂക്കില്‍ നിന്നും 1088 തുലാം 21-നു 923-ാം നമ്പ്രില്‍ എനിക്കു ഇണ്ടാസും കിട്ടിയിരിക്കുന്നു.
256. കരിനാട്ടു പള്ളി ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കു 1088 തുലാം 16-നു ഞായറാഴ്ച കോട്ടയത്തു വലിയപള്ളിയില്‍ വച്ചു ഞാന്‍ മ്സമ്രോനാ പട്ടം കൊടുത്തിരിക്കുന്നു.
257. മേല്‍ 254-ാം വകുപ്പില്‍ പറയുന്ന കുലപാതക കേസില്‍ സെഷന്‍സ് കോര്‍ട്ടിലെ വിധിയിന്മേല്‍ പ്രതികള്‍ അപ്പീല്‍ ചെയ്തു. ഹൈക്കോര്‍ട്ടില്‍ 1088-ല്‍ 38 മുതല്‍ 45 വരെ ..... ചെയ്തു. ചീഫ് ജസ്റ്റീസ് കൃഷ്ണന്‍ നായരും ജസ്റ്റീസ് മുത്തുനായരും പിള്ളയും ചേര്‍ന്ന ബഞ്ചില്‍ ഈ കേസ് കേട്ടു ഒന്നും രണ്ടും മൂന്നൂം പ്രതികളായ മുഹമ്മദീയരുടെ മേല്‍ കുറ്റം സ്ഥാപിച്ചു കീഴ്കോടതി വിധി സ്ഥിരപ്പെടുത്തുകയും ശേഷം പ്രതികളെ വിട്ടയക്കയും ചെയ്തതായി 1088 വൃശ്ചിക മാസം 13-നു വിധി പറഞ്ഞതായി കമ്പി വന്നിരിക്കുന്നു. ഈ കേസ് ഹൈക്കോര്‍ട്ടില്‍ സെഷന്‍സ് അപ്പീല്‍ 1088-ല്‍ 38 മുതല്‍ 45 വരെ നമ്പ്രാണ്.
258. ഇന്ത്യായില്‍ ഇംഗ്ലീഷ് സഭ പല സ്ഥലത്തും സ്ഥാപിച്ചിട്ടുള്ളതും അതിനു പ്രത്യേകം ബിഷപ്പന്മാരെ നിയമിച്ചിട്ടുള്ളതുമാണെങ്കിലും യൂറോപ്യന്മാര്‍ മാത്രമാണ് ഇതേവരെ ഈ സ്ഥാനത്തില്‍ ഇരുന്നിട്ടുള്ളു. ഇപ്പോള്‍ ഒരു നാട്ടുകാരനെ ഇദംപ്രഥമമായി നിശ്ചയിച്ചിരിക്കുന്നു. ആദ്യത്തെ നാട്ടു ബിഷപ്പായി വാഴിക്കപ്പെട്ടതു തിരുനല്‍വേലി ജില്ലയില്‍ ജനിച്ചുവളര്‍ന്ന റവറണ്ട് വി. എസ്. അസ്സറിയാ എന്ന പാദ്രിയാണ്. ഇയാളെ 1912 ഡിസംബര്‍ 29-നു കല്‍ക്കത്തായില്‍ വച്ചു വാഴിച്ചിരിക്കുന്നു. മദ്രാസ് ബിഷപ്പിന്‍റെ അസിസ്റ്റന്‍റായിട്ടാണത്രെ.
259. നീലംപേരൂര്‍ പള്ളി പരുത്തിക്കാട്ടു കുടുംബക്കാരാല്‍ സ്ഥാപിക്കപ്പെട്ടതും ആ കുടുംബക്കാര്‍ കൈസ്ഥാനം ഭരിച്ചു വരുന്നതും ഇടവകക്കാരായ മറ്റാളുകള്‍ക്കു തൃപ്തിയില്ലാതെ അവര്‍ക്കും കൈസ്ഥാനവും പട്ടവും കിട്ടണമെന്നു ആവശ്യപ്പെട്ടിട്ടു സമ്മതിക്കാതിരിക്കയാല്‍ 241-ാം വകുപ്പില്‍ പറയുന്ന തുരുത്തിയില്‍ പാറയില്‍ പള്ളി സ്ഥാപിക്കാന്‍ ഇടയായി. ഈ കാരണത്താല്‍ തന്നെ കുറിച്ചി മുറിയിലുള്ള നീലംപേരൂര്‍ പള്ളി ഇടവകക്കാര്‍ ചേര്‍ന്നു ചങ്ങനാശ്ശേരി താലൂക്ക് മഞ്ചാടിക്കര പ്രവൃത്തിയില്‍ കുറിച്ചി മുറിയില്‍ പാറപറമ്പു പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിക്കയും അവിടെ 1913 മകരം (സുറിയാനി കണക്കില്‍) 15-നു 1088 മകരം 16-നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം കല്ലിട്ടു കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി മാര്‍ ഇഗ്നാത്യോസ് നൂറോനോ സഹദായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു.
260. ഇരവിപേരൂര്‍ ഇടവകയില്‍ കല്ലുകുഴിയില്‍ ഇട്രിയോക്കന്‍റെ മകന്‍ പുന്നൂസ് എന്ന ചെറുക്കനു കോറൂയോയായി 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച കോട്ടയത്തു വച്ചു ഞാന്‍ പട്ടം കൊടുത്തു.
261. കല്ലിശ്ശേരി പള്ളി ഇടവകക്കാരായി വെമ്പാല മുതലായ സ്ഥലങ്ങളിലുള്ളവര്‍ സര്‍ക്കാര്‍ അനുവാദപ്രകാരം തിരുവല്ലാ പ്രവൃത്തിയില്‍ തെങ്ങേലി മുറിയില്‍ .......... പുരയിടത്തില്‍ നമ്മുടെ അനുവാദപ്രകാരം ഒരു തല്‍ക്കാല കെട്ടിടം ഉണ്ടാക്കി കുരിശ് വച്ചു 1913 മകരം 20-നു ഞായറാഴ്ച (1088 മകരം 21-നു) കുര്‍ബാന ചൊല്ലിയിരിക്കുന്നു. ഈ പള്ളി പ്രതിഷ്ഠിക്കാന്‍ അനുവദിച്ചതു ദൈവമാതാവിന്‍റെ നാമത്തില്‍ ആകുന്നു.
262. വാകത്താനത്തു കാരുചിറ ഗീവര്‍ഗീസ് റമ്പാനെയും കണ്ടനാട്ടു കരോട്ടുവീട്ടില്‍ യൂയാക്കീം റമ്പാനെയും 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ചു മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ മെത്രാന്മാരായി വാഴിച്ചിരിക്കുന്നു. പാത്രിയര്‍ക്കീസിനോടു കൂടെ മുറിമറ്റത്തില്‍ ബസേലിയോസ് കാതോലിക്കായും മെത്രാന്മാരായ ദീവന്നാസ്യോസും ഗ്രീഗോറിയോസും ഉണ്ടായിരുന്നു. ഇവരില്‍ ഗീവറുഗീസ് റമ്പാനു പീലക്സിനോസ് എന്നും യൂയാക്കീം റമ്പാനു ഈവാനിയോസ് എന്നും സ്ഥാനപ്പേര്‍ നല്‍കിയിരിക്കുന്നു.
263. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് തെക്കന്‍ പള്ളികളില്‍ സഞ്ചരിച്ചശേഷം കോട്ടയം ഡിവിഷനിലുള്ള പള്ളികളില്‍ സഞ്ചരിക്കാന്‍ കോട്ടയം പേഷ്ക്കാര്‍ അനുവദിച്ചില്ല. ലഹളയുണ്ടാകുമെന്ന് എതിര്‍കക്ഷികളുടെ ഹര്‍ജി ഉണ്ടായിരുന്നതുകൊണ്ടാണ് പേഷ്ക്കാര്‍ അനുവദിക്കാഞ്ഞത്. ബാവാ 1913 മാര്‍ച്ച് 3-നു 1088 കുംഭം 20-നു തിങ്കളാഴ്ച രാത്രി പരുമല നിന്നും എറണാകുളത്തേയ്ക്കും ഉടനെ തന്നെ അവിടെ നിന്നു തീവണ്ടി മാര്‍ഗ്ഗം ബോംബേയ്ക്കും പോയി. ആ വഴി സ്വദേശത്തേക്കു മടങ്ങുകയാണ്. ഊര്‍ശ്ലേം വഴിക്കാണ് പോകുന്നത്.
264. തൃശിനാപ്പള്ളിയില്‍ താമസിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഒരു സുറിയാനി പട്ടക്കാരന്‍ തൃശിനാപള്ളിയില്‍ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്നതിനു മദ്രാസ് ബിഷപ്പ് അനുവദിച്ചതനുസരിച്ച് രാമംഗലത്തു പെലയന്‍കാട്ടില്‍ യോഹന്നാന്‍ കത്തനാര്‍ 1913 മാര്‍ച്ച് 2-നു ഞായറാഴ്ച തൃശിനാപ്പള്ളിയിലെ ഇംഗ്ലീഷ് പള്ളിയില്‍ സുറിയാനി കുര്‍ബാന ചൊല്ലിയിരിക്കുന്നു.
265. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു കണ്ണു കാണാനും ചെവി കേള്‍ക്കാനും പാടില്ലാത്തവിധത്തില്‍ പൂനിക്കിയില്‍ താമസിക്കുന്നു എന്നു അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുകള്‍ വന്നിരിക്കുന്നതായി ആ കൂട്ടര്‍ പറയുന്നു. വാസ്തവം ദൈവത്തിനറിയാം.
266. കിടങ്ങൂര്‍ പ്രവൃത്തിയിലുള്ള പത്തു കരകളും കിടങ്ങൂര്‍ ദേവനും അവിടത്തെ ഊരാണ്മക്കാരായ ബ്രാഹ്മണര്‍ക്കും സങ്കേതമായി കിട്ടിയിട്ടുള്ളതാകയാല്‍ അവിടെ ക്രിസ്ത്യാനി പള്ളികള്‍ സ്ഥാപിച്ചു കൂടാ എന്ന് തര്‍ക്കമുണ്ട്. അതില്‍പെട്ട പുറയാര്‍ കരയില്‍ ഒരു പള്ളി വെയ്ക്കാന്‍ 1054-ല്‍ അപേക്ഷിച്ചിട്ടു ദിവാന്‍ ശങ്കര സുബ്ബയ്യര്‍ സങ്കേതം കാരണം പറഞ്ഞു അനുവദിച്ചില്ല. 1904-ല്‍ വീണ്ടും ക്രിസ്ത്യാനികള്‍ അവിടെ ഒരു പള്ളിക്കു അപേക്ഷിച്ചു. ഈ വക അപേക്ഷകള്‍ 60 ദിവസത്തിനകം അനുവദിക്കയോ നിഷേധിക്കയോ ചെയ്യാതിരുന്നാല്‍ പള്ളി വെയ്ക്കാമെന്നു വിളംബരം ഉണ്ട്. ഈ അവധിക്കകം ഈ അപേക്ഷയ്ക്കു തീരുമാനം ഉണ്ടാകാഞ്ഞതിനാല്‍ 60 ദിവസം കഴിഞ്ഞ ഉടനെ ക്രിസ്ത്യാനികള്‍ പള്ളി സ്ഥാപിച്ചു. അതിനെപ്പറ്റി നമ്പൂതിരിമാര്‍ ഹജൂരില്‍ ബോധിപ്പിച്ചതില്‍ ക്രിസ്ത്യാനികള്‍ തിരുവെഴുത്തു വിളംബരത്തിനു വിരോധം ചെയ്തിട്ടില്ലാത്തതിനാല്‍ ഹര്‍ജി തള്ളി. അപ്പോള്‍ ഊരാണ്മക്കാര്‍ വാദികളായും മാക്കില്‍ മെത്രാന്‍, വികാരി, കൈക്കാരന്മാര്‍ മുതലായവരെയും ഗവര്‍മെന്‍റിനെയും പ്രതികളാക്കിയും ഒരു സിവില്‍ വ്യവഹാരം കോട്ടയം ജില്ലയില്‍ 1086-ല്‍ സിവില്‍ 39-ാം നമ്പ്രായി ഫയല്‍ ചെയ്തു. ദേവസ്വത്തിലേക്കു സങ്കേതാവകാശം ഉള്ളതായി തെളിവുണ്ടെങ്കിലും അവ ഓരോന്നോരോന്നായി നശിച്ചു വേദം നാമമാത്രമായി തീര്‍ന്നിരിക്കുന്നു എന്നും സങ്കേതാവകാശം ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തെ തടയത്തക്കതല്ലെന്നും അങ്ങനെയുള്ള ഒരു അവകാശ സ്ഥാപനം, പരിഷ്ക്കാര കാലത്തെ നടപടികള്‍ക്കും സ്വാതന്ത്ര്യത്തിനും മതവിഷയത്തിലുള്ള ഗവര്‍മെന്‍റിന്‍റെ നയത്തിനും എതിരാകയാല്‍ ഒരു കോടതിക്കു അനുവദിക്കാന്‍ പാടില്ലെന്നും പറഞ്ഞു അന്യായം തള്ളി വിധിച്ചിരിക്കുന്നു. 1088 കുംഭം ഒടുവിലാണ് ഈ വിധി.
267. ഊര്‍ശ്ലേമിലെ സുറിയാനി മെത്രാപ്പോലീത്തായായിരുന്ന മാര്‍ ഏലിയാസ് ഈവാനിയോസിനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുമ്പില്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ മുടക്കുകയുണ്ടായി. പിന്നീട് മലയാളത്തേക്കു വരുംവഴി ഈ മുടക്ക് തീര്‍ത്തതായി കേട്ടിട്ടുണ്ട് എങ്കിലും ഊര്‍ശ്ലേം ഇടവക അദ്ദേഹത്തിനു കൊടുക്കാതെ അവിടെ ഗ്രീഗോറിയോസ് അപ്രേം എന്നൊരു മെത്രാനെ നിയമിച്ചു. മേല്‍പറഞ്ഞ ഈവാനിയോസ് മെത്രാപ്പോലീത്തായും പൂനിക്കിലേക്കു മാര്‍ അബ്ദുള്ളാ ബാവാ വാഴിച്ച ...........യോലിയോസ് അബ്രഹാം മെത്രാപ്പോലീത്തായും കൂടി യാക്കോബായ സഭ വിട്ടു മക്കുബായ എന്നു പറയപ്പെടുന്ന റോമ്മാ സഭയ്ക്കു കീഴുള്ള പാത്രിയര്‍ക്കീസിനോടു ചേര്‍ന്നതായി അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുവന്നതായി പറയുന്നു.
268. വെളിയനാട്ടു പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബക്കാരാല്‍ പണിയിക്കപ്പെട്ടതാണ്. അവിടെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പുതിയ പ്രമാണികള്‍ക്കു പള്ളിയില്‍ കൈസ്ഥാനവും പ്രമാണത്വവും കിട്ടാത്തതുകൊണ്ടു അവര്‍ വെളിയനാട്ടു പ്രവൃത്തിയില്‍ കുന്നാകരി മുറിയില്‍ കുന്നങ്കരി ബേതലഹേം പള്ളി എന്ന പേരില്‍ ഒരു പള്ളി പണിയിക്കയും അത് 1913 മീനം (ഓദോര്‍) 30-നു 1088 മീനം 30-നു ശനിയാഴ്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തില്‍ പ്രതിഷ്ഠിക്കയും ചെയ്തു. ഈ പള്ളിയുടെ സ്ഥാപകന്മാരില്‍ പ്രധാനികള്‍ വലിയ പറമ്പന്‍, കണ്ണോത്തുകാര്‍, പുത്തന്‍കളവന്‍ മുതല്‍പേരാണ്.
269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും അവിടെ വച്ചു നീസോന്‍ മാസം 19-നു 1088 മേടം 20-നു വെള്ളിയാഴ്ച (മെയ് മാസം 2-നു) കാലം ചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയോസ് യൂയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാനും പോയിരുന്നു.
270. എന്‍റെ ജ്യേഷ്ഠപുത്രന്‍ ലൂക്കോസ് കത്തനാരുടെ രണ്ടാമത്തെ മകന്‍ തോമ്മായ്ക്കു 1088 മേടം 25-നു 1913 മേടം (നീസോന്‍) 24-നു പെരുനാള്‍ ദിവസം കോട്ടയത്തു വലിയപള്ളിയില്‍ വച്ച് യവ്പദ്യക്കിനോ എന്ന ശെമ്മാശുപട്ടം ഞാന്‍ കൊടുത്തു.
271. മാര്‍ ബസേലിയോസ് കാതോലിക്കായും കല്ലാശ്ശേരി ഗ്രീഗോറിയോസ്, വാകത്താനം പീലക്സിനോസ്, കരോട്ടുവീട്ടില്‍ ഈവാനിയോസ് ഈ മെത്രാന്മാരും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും സ്ഥാനം ഏറ്റതു സാധുവല്ലെന്നും ഇവരെ മുടക്കിയിരിക്കുന്നു എന്നും മറ്റും കാണിച്ചു അബ്ദുള്ളാ പാത്രിയര്‍ക്കീസ് കല്പന അയച്ചിരിക്കുന്നു. 1913 മീനത്തില്‍ പൂനിക്കില്‍ നിന്ന് എഴുതിയ കല്പനയാണ് ഇത്.
272. മേല്‍ 263-ാം വകുപ്പില്‍ പറയുന്നപ്രകാരം മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ ബാവാ ഇന്ത്യയില്‍ നിന്ന് ഊര്‍ശ്ലേമിലേക്കു പോയശേഷം കുറച്ചു ദിവസം അവിടെയുള്ള മര്‍ക്കോസിന്‍റെ ദയറായില്‍ താമസിച്ചു. അവിടെ നിന്നും മെസപ്പത്തോമിയായിലേക്കു പോകുന്നു എന്നുള്ള ഭാവേന ഇറങ്ങി ഊര്‍ശ്ലേമിലുള്ള റോമ്മാ ലത്തീന്‍ മെത്രാന്‍റെ അടുക്കല്‍ ചെന്നു എഴുതി വച്ചു റോമ്മാ സഭയില്‍ ചേര്‍ന്നിരിക്കുന്നതായി റോമ്മായില്‍ നിന്നും പ്രസിദ്ധപ്പെടുത്തുന്ന ഒരു പത്രത്തില്‍ കണ്ടിരിക്കുന്നു.
273. ബസേലിയോസ് കാതോലിക്കായുടെ നാല്പതാം ദിവസം അടിയന്തിരം പാമ്പാക്കുട ചെറിയപള്ളിയില്‍ വച്ച് 1088 ഇടവം 18-നു ശനിയാഴ്ച കഴിച്ചിരിക്കുന്നു.
273 എ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ട ബസേലിയോസ് കാതോലിക്കായും ഗ്രീഗോറിയോസ്, ഈവാനിയോസ്, പീലക്സിനോസ് ഈ മെത്രാന്മാരും മെത്രാന്മാര്‍ അല്ലെന്നും അവരെ അയ്മേനികളായിട്ടു മാത്രമേ വിചാരിക്കാവൂ എന്നും മറ്റും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ അയച്ച കല്പനയുടെ തര്‍ജ്ജമ 1088 ഇടവ മാസത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
274. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ പൂനിക്കിയില്‍ താമസിക്കയായിരുന്നല്ലോ. ഇദ്ദേഹത്തെയും പാത്രിയര്‍ക്കാ സ്ഥാനത്തില്‍ നിന്നു മര്‍ദ്ദീനിലെ മജിലിസ് (കമ്മിറ്റിക്കാര്‍) നീക്കി സഭാകാര്യം അന്വേഷിപ്പാന്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഈവാനിയോസ് എന്ന രണ്ടു മെത്രാന്മാരെ നിയമിച്ചിരിക്കുന്നു എന്ന് 1913 ജൂലൈ 19-ലെ മലയാള മനോരമയില്‍ ഒരു മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടിയ അറിവ് എവിടെ നിന്നെന്നും പറഞ്ഞിട്ടില്ല.
275. മാര്‍ ഒസ്താത്യോസ് ബാവായെയും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെയും കോനാട്ട് മല്പാനെയും മുടക്കിയിരിക്കുന്നതായി അബ്ദല്‍ മശിഹാ തന്‍റെ യാത്രാസമയം എഴുതിയ കല്പനയുടെ തര്‍ജ്ജമ എന്നു പറഞ്ഞു ഒരു മുടക്കു കല്പന ഒരു കൂട്ടര്‍ എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. 1088 മിഥുനത്തിലാണ് ഇത് ഇങ്ങനെ പരസ്യം ചെയ്തത്.
276. മേല്‍ 248-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്നപ്രകാരം സുറിയാനിക്കാരുടെ വക വട്ടിപ്പണത്തിന്‍റെ പലിശയെപ്പറ്റിയുള്ള ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം 1088-ല്‍ സിവില്‍ 94-ാം നമ്പ്രായി സ്റ്റേറ്റ് സെക്രട്ടറി വാദിയും പകരം മദ്രാസ് ഗവര്‍മെന്‍റ് ചീഫ് സെക്രട്ടറി ഓണറബിള്‍ എ. ജി. കാര്‍ഡു ഒപ്പിട്ടു തിരുവനന്തപുരം ജില്ലയില്‍ ഫയല്‍ ചെയ്തിരിക്കുന്നു. അന്യായത്തിന്‍റെ തീയതി 1913 ജൂണ്‍ 4 ആണ്. പ്രതികള്‍: 1. മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ. 2. പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍. 3. ചിറക്കടവില്‍ കോരുള അബ്രഹാം. 4. മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ. 5. കോനാട്ട് കോര മാത്തന്‍ കത്തനാര്‍. 6. സി. ജെ കുര്യന്‍ ഇവരാണ്. .......... 1912 ഡിസംബര്‍ ഒന്നിനു വരെ കുടിശിഖയായി കിടപ്പുള്ള പലിശ ബ്രിട്ടീഷ് രൂപാ 3360-നു സര്‍ക്കാര്‍ രൂപ 3420. ഇത് മാര്‍ ജോസഫ് ദീവന്നാസ്യോസ് പറ്റിയതിനു പിമ്പുള്ള നാലു വര്‍ഷത്തെ പലിശയാണ്.
277. മേല്‍ 274-ാം വകുപ്പില്‍ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസിനെ സ്ഥാനഭ്രഷ്ടനാക്കി എന്നു പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും അദ്ദേഹവും ജനങ്ങളില്‍ ചിലരും തമ്മില്‍ ചില തൃപ്തികേടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്‍റെ സ്ഥാനത്തിനു ഒരു ന്യൂനതയും വന്നിട്ടില്ലെന്നും പിന്നീട് അറിവ് കിട്ടിയിരിക്കുന്നു. എന്നാലും പാത്രിയര്‍ക്കീസിന്‍റെ പ്രതിപുരുഷനായി സമുദായക്കാര്‍ ഒരു മെത്രാനെ മര്‍ദ്ദീനില്‍ കുര്‍ക്കുമാ ദയറായില്‍ നിയമിച്ചിട്ടുണ്ടെന്നറിയുന്നു. പാത്രിയര്‍ക്കീസ് ബാവാ കുറെ നാളായി ഊര്‍ശ്ലേമില്‍ തന്നെ താമസിക്കുന്നു. മലയാളത്തു നിന്നു പോയിട്ടു ഇതുവരെ മര്‍ദ്ദീനിലേക്കു പോയിട്ടില്ല (1913 ധനു).
278. ഇംഗ്ലണ്ടില്‍ നിന്നു സ്കൂള്‍ വകയ്ക്കു എന്നു പറഞ്ഞു ഒരു പണപ്പിരിവിനു പാത്രിയര്‍ക്കീസ് ബാവാ ഇംഗ്ലണ്ടില്‍ വച്ചു പരിശ്രമിച്ചിട്ടു ഫലമില്ലാതെയാണ് അവിടെനിന്നു തിരിച്ചുപോന്നത്. എന്നാല്‍ 1913-ല്‍ ബാവാ ഊര്‍ശ്ലേമില്‍ താമസിക്കുമ്പോള്‍ മൂസല്‍കാരന്‍ അപ്രേം ബര്‍സൂം എന്നു പേരായ ഒരു റമ്പാനെ ടി പണപ്പിരിവിനായി കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ്, ലണ്ടന്‍ ബിഷപ്പ് മുതലായ മഹാന്മാര്‍ക്കു എഴുത്തുകളും കൊടുത്തു ഇംഗ്ലണ്ടിലേക്കയച്ചു. ഈ റമ്പാന്‍ ഇംഗ്ലണ്ടില്‍ സഞ്ചരിച്ചിട്ടു യാതൊരു സഹായവും ലഭിച്ചില്ല. ആര്‍ച്ച് ബിഷപ്പ് മുതല്‍പേര്‍ അയാളുടെ കല്പനയ്ക്കു ഒരു മറുപടി പോലും കൊടുക്കാതെ അപേക്ഷ സാധിക്കാന്‍ നിവൃത്തിയില്ലെന്നു വാക്കാല്‍ പറഞ്ഞയച്ചതേയുള്ളു. ഈ റമ്പാന്‍ ചുറ്റിത്തിരിഞ്ഞു തിരിച്ചുപോകാന്‍ പോലും പണമില്ലാതെ ഡോക്ടര്‍ ബാബായുടെ അതിഥിയായി താമസിച്ചശേഷം ഡോക്ടര്‍ ബാബായുടെ ഔദാര്യത്തിന്മേല്‍ ലണ്ടനില്‍ നിന്നും പാരീസിലേയ്ക്കു തിരിച്ചു പോയിരിക്കുന്നു. ഇത് 1913 ഒടുവില്‍ ആയിരുന്നു. പാത്രിയര്‍ക്കീസ് ബാവായുടെ ലണ്ടന്‍ യാത്രയില്‍ ബാവായെക്കുറിച്ചു ഇംഗ്ലീഷ് ബിഷപ്പന്മാര്‍ക്കും മറ്റും ഉണ്ടായ ചീത്ത അഭിപ്രായമാണ് അന്നു തന്നെ ബാവായ്ക്കു ഒരു സഹായവും ലഭിക്കാതിരിപ്പാനുള്ള കാരണം. പിന്നെയും ഒരു റമ്പാനെ അയച്ചതുകൊണ്ടു കുറെക്കൂടെ ലജ്ജാവഹമായി തീര്‍ന്നതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.
279. വെളിയനാട്ടു പഴയപള്ളി ഇടവക പുത്തന്‍ പുരയ്ക്കലായ മൊഴച്ചേരില്‍ കോരക്കുഞ്ഞിന്‍റെ മകന്‍ ജോര്‍ജിനും മാന്നാത്തു ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കും 1914 ......... 8-നു മാര്‍ സ്തേഫാനോസ് സഹദായുടെ പെരുനാള്‍ ദിവസം ഞാന്‍ കോറൂയോ പട്ടം കൊടുത്തു.
280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്‍റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ കോട്ടയത്തുള്ള തന്‍റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍ കാണപ്പെട്ടു. ആദ്യം നിസ്സാരമായി വിചാരിച്ചു എങ്കിലും അത് കലശലായി 1914 ജനുവരി 26-നു 1089 മകരം 13-നു തിങ്കളാഴ്ച പകല്‍ അഞ്ചു മണിക്കു കാലം ചെയ്തു. സ്ഥലത്തെയും ചങ്ങനാശ്ശേരിയിലെയും ഡോക്ടര്‍മാര്‍ വന്നു ചികിത്സ ചെയ്തു. അവരുടെയെല്ലാം അഭിപ്രായത്തില്‍ ദീനം വസൂരി തന്നെയെന്നാണ് തീര്‍ച്ചപ്പെടുത്തിയത്. പുറമെ കുരുക്കള്‍ ഇറങ്ങിയില്ല. അകത്തു ഒതുങ്ങുകയാണ് ചെയ്തത്. വസൂരി എന്നുള്ള സംശയം കൊണ്ട് അത്യന്തം താല്പര്യക്കാര്‍ അല്ലാതെ വളരെ ആള്‍ക്കൂട്ടമൊന്നും ഉണ്ടായില്ല. മൃതശരീരം പെട്ടിയില്‍ വച്ചു അടച്ചു ആണി തറച്ചു ആഘോഷമൊന്നും കൂടാതെ രാത്രിയില്‍ കോട്ടയത്തു എടയ്ക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചൊവ്വാഴ്ച റാസ മുതലായ ശുശ്രൂഷകള്‍ കഴിച്ചു ഇടയ്ക്കാട്ടുപള്ളി മദ്ബഹായില്‍ കബറടക്കം ചെയ്കയും ചെയ്തു. കബറടക്കത്തിനു മുമ്പായി പല പള്ളിക്കാര്‍ പള്ളി സാമാനങ്ങളോടുകൂടി വന്നു ഇതില്‍ സംബന്ധിച്ചു.
281. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു തിരിച്ചു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ വളരെ നാളായി യെറുശലേമില്‍ താമസിച്ചു വരുന്നു. കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ലെങ്കിലും ബാവായും സഭയും തമ്മില്‍ നല്ല രസമില്ലെന്നു മിക്കവാറും തീര്‍ച്ചയാകുന്നു. അതിന്‍റെ ഫലമെന്നു തോന്നുന്നു സഭാകാര്യങ്ങള്‍ നടത്താന്‍ മെത്രാന്മാരും അയ്മേനികളും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തി തുര്‍ക്കി ഗവര്‍മെന്‍റില്‍ നിന്നു വിളംബരം ചെയ്തിരിക്കുന്നതായി 1914 ജനുവരി മാസം ഒടുവില്‍ ഇംഗ്ലണ്ടില്‍ നിന്നു കിട്ടിയ ഒരെഴുത്തില്‍ കാണുന്നു. ഇതുകൊണ്ട് പാത്രിയര്‍ക്കീസിന്‍റെ സ്വാതന്ത്ര്യാധികാരം പൊയ്പോയിരിക്കണം.
മേല്പറഞ്ഞ കമ്മിറ്റിയെ നിശ്ചയിച്ചു വിളംബരം ചെയ്ത സംഗതി ശരിയാണെന്നു പിന്നീട് തുര്‍ക്കിയില്‍ നിന്നു വന്ന ചില എഴുത്തുകള്‍ കൊണ്ടും അറിയുന്നു.
282. മുടക്കപ്പെട്ട ഗീവര്‍ഗീസ് ദീവന്നാസ്യോസിന്‍റെ സംഗതിയെക്കുറിച്ചും മലയാളത്തെ കുഴപ്പങ്ങളെക്കുറിച്ചും ആലോചിക്കാന്‍ ഡയര്‍ബക്കറില്‍ (ആമ്മീദില്‍) നൂറില്‍ അധികം ആളുകള്‍ ചേര്‍ന്ന ഒരു യോഗം കൂടി എന്നും ദീവന്നാസ്യോസിന്‍റെ മുടക്ക് തീര്‍ക്കണമെന്നു അവര്‍ ബാവായ്ക്കു എഴുത്തയച്ചു എന്നും മറ്റും കപ്പൂര്‍ത്തിലെ മെത്രാന്‍ അബ്ദല്‍ നൂര്‍ ദീവന്നാസ്യോസും ആമ്മീദില്‍ പാത്രിയര്‍ക്കാ പ്രതിനിധിയായിരിക്കുന്ന മെത്രാന്‍ തോമ്മാ അത്താനാസ്യോസും അയച്ച എഴുത്തുകള്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനു 1914 ഫെബ്രുവരി മാസത്തില്‍ കിട്ടിയിരിക്കുന്നു.
283. ..........
284. തുറബ്ദീനില്‍ മാര്‍ അബ്ദല്‍ ആഹാദ് പീലക്സിനോസ് എന്നു പേരായ ഒരു മെത്രാന്‍റെ എഴുത്ത് 1914 ഇടവ മാസത്തില്‍ വന്നതില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ കണ്ണുകള്‍ പോയി എന്നും അകത്തും വെളിക്കും ഇറക്കുന്നതു കൈയ്ക്കു പിടിച്ചു വേണമെന്നും പറഞ്ഞിരിക്കുന്നു.