Sunday, August 19, 2018

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914)



1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (............) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തലചുറ്റും തളര്‍ച്ചയും ഉണ്ടായതുപോലെ തോന്നുകയും എന്‍റെ അമ്മയുടെ സഹായത്താല്‍ ഉടനെതന്നെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കിടക്കയും ചെയ്തു. തളര്‍ച്ചയോടു കൂടെ ഒരു മണിക്കൂറോളം കിടന്നപ്പോള്‍ ബോധം മറഞ്ഞു പോയി. അപ്പോത്തിക്കരി വന്നു കണ്ടപ്പോള്‍ ദീനം ആപല്‍ക്കരമെന്നു കണ്ടു വിനാഗിരി കൊണ്ടു തല കഴുകിയാല്‍ മാത്രം മതിയെന്നു പറഞ്ഞേച്ചു തിരുവനന്തപുരത്തായിരുന്ന എന്‍റെ പേര്‍ക്ക് കമ്പിയടിക്കാന്‍ ഗുണദോഷിച്ചു. പിതാവ് ബോധംകെട്ട സ്ഥിതിയില്‍ കിടന്നപ്പോഴാണ് ഉപ്രിശുമായും മറ്റും എത്തിയത്. തലേദിവസം (ഞായറാഴ്ച) കുമ്പസാരിച്ചു വി. കുര്‍ബ്ബാന കൈക്കൊണ്ടിരുന്നതിനാല്‍ കുര്‍ബ്ബാന കൈക്കൊണ്ടില്ലല്ലോ എന്ന മനസ്താപത്തിനു ഇടയുണ്ടായില്ല. ഇങ്ങനെ ബോധമില്ലാത്ത സ്ഥിതിയില്‍ രാത്രി മുഴുവന്‍ കിടന്നശേഷം ചൊവ്വാഴ്ച രാവിലെ ആറു മണിയോടു കൂടി താന്‍ സേവിച്ചു വന്നിരുന്ന കര്‍ത്താവിന്‍റെ അടുക്കലേക്കു വാങ്ങി. അന്നു വൈകുന്നേരം ശവം ആഘോഷപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോയി എങ്കിലും എനിക്ക് അന്ന് കോട്ടയത്തു വന്നുചേരുവാന്‍ സാധിക്കാഞ്ഞതിനാല്‍ അന്ന് ശവമടക്ക് ഉണ്ടായില്ല. പിറ്റേദിവസം (ബുധനാഴ്ച) രാവിലെ ഞാന്‍ വന്നുചേരുകയും ദിവ്യശ്രീ പള്ളിക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍, കരോട്ടു തോമസ് കത്തനാര്‍, ഒറ്റത്തൈക്കല്‍ തോമസ് കത്തനാര്‍ എന്നീ പട്ടക്കാരുടെ മൂന്നുമ്മേല്‍ കുര്‍ബ്ബാനയുടെ ശേഷം ഏകദേശം 11 മണിയോടു കൂടെ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍ വലിയപള്ളിയുടെ തെക്കുവശത്തു പ്രത്യേകം കെട്ടപ്പെട്ട കബറില്‍ അടക്കപ്പെടുകയും ചെയ്തു. ശവസംസ്കാര ശുശ്രൂഷയില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള ഇടവകകളിലെ മിക്ക പട്ടക്കാരും പള്ളിപ്രമാണികളും കൂടാതെ ഈ കോട്ടയത്തുള്ള നാനാജാതി മതസ്ഥന്മാരും സംബന്ധിച്ചിരുന്നു. ശുശ്രൂഷയില്‍ സംബന്ധിച്ചവര്‍ക്കു കഞ്ഞിയും സാധുക്കള്‍ക്കു കോടിയും പണവും കൊടുക്കയുണ്ടായി. ശവപ്പെട്ടി മുതലായ സാമാനങ്ങള്‍ അച്ചാച്ചന്‍റെ ഒരു ഉറ്റസ്നേഹിതനായിരുന്ന എറികാട്ടു മാത്തു സ്കറിയാ അവര്‍കളുടെ പേര്‍ക്കും കോടി (35 രൂപായ്ക്കു) മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കും ആയിരുന്നു. 10-ാം തീയതിയിലെ മനോരമ പത്രത്തില്‍ ഒരു ദീര്‍ഘമായ പ്രസംഗം അച്ചാച്ചന്‍റെ സ്വഭാവഗുണങ്ങളെപ്പറ്റിയും മറ്റും വിസ്തരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മരണത്തെപ്പറ്റി ഒരു അറിയിപ്പ് ഇംഗ്ലീഷില്‍ അടിപ്പിച്ചു അച്ചാച്ചന്‍റെ സ്നേഹിതന്മാരും പരിചയക്കാരുമായി മലയാളത്തും ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള അനേകം മഹാന്മാര്‍ക്കു ഞാന്‍ അയച്ചുകൊടുക്കയും അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചും അച്ചാച്ചന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിച്ചും എനിക്ക് നൂറോളം അനുശോചന കമ്പികളും എഴുത്തുകളും പലരില്‍ നിന്നു കിട്ടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ കൂറിലോസ് മെത്രാച്ചന്‍, മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ മുടക്കപ്പെട്ടവരായ മാര്‍ ദീവന്നാസ്യോസ്, മാര്‍ പീലക്സിനോസ് എന്നീ മെത്രാന്മാര്‍, പനയ്ക്കല്‍ പാത്തപ്പന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, ഫാ പി. റ്റി. ഗീവര്‍ഗീസ് എം.എ., പി. എം. ചാക്കോ ബി.എ. (പള്ളം), കെ. സി. ചാക്കോ എം.എ. (ബാംഗ്ലൂര്‍), റവ. എല്‍. എ. ഡെറോന്‍ എം.എ., വൈ.എം.സി.എ., പ്രാക്കുളം ഡി. പത്മനാഭപിള്ള, തേരകത്തു കൊച്ചുകോശി മുതലാളി, തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍, റവ. സി. ജോസ് ചാണ്ടി (റോമന്‍ ബിഷപ്പ് ഓഫ് കോട്ടയം), എം. പി. ജേക്കബ്, .., ജോര്‍ജ് ഏബ്രഹാം, പാവുണ്ണി, എം. ...... വികാരി ജനറല്‍, ചങ്ങനാശ്ശേരി, ........ (ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)
മരണം മുതല്‍ 57 ദിവസത്തേക്കു നിത്യ കുര്‍ബാനയും 3, 9, 30, 40 ദിവസങ്ങളില്‍ മുന്നുമ്മേല്‍ കുര്‍ബാനയും അച്ചന്മാര്‍ക്കു കഞ്ഞിയും വൈകിട്ട് സദ്യയും ഉണ്ടായിരുന്നു. 57-ാം ദിവസവും അച്ചന്മാര്‍ക്കു കഞ്ഞി കൊടുത്തു. 40-ാം ദിവസം (40 കന്നി 17-ാം തീയതി) ദൈവകൃപയാല്‍ വളരെ ഭംഗിയായി കഴിഞ്ഞുകൂടി. അതിനു 75 പറ അരിയും നൂറോളം രൂപായും ചിലവായി. നമ്മുടെ കൂട്ടത്തിലും വടക്കുംഭാഗത്തിലുമുള്ള ചിലരുടെ സ്വല്പമായ സഹായങ്ങളും ഉണ്ടായി. നമ്മുടെ കൂട്ടത്തില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള എല്ലാ അച്ചന്മാരും മിക്ക ഇടവകയിലെയും പ്രമാണികളും ഹാജരായിരുന്നതു കൂടാതെ വടക്കുംഭാഗത്തിലും പലരുണ്ടായിരുന്നു. അനേകം സാധുക്കള്‍ (ആയിരത്തോളം) വന്നിരുന്നവര്‍ക്കു തൃപ്തിയായി ഭക്ഷണം കൊടുത്തു. ഈ അടിയന്തിരം ശനിയാഴ്ച കഴിച്ചതുകൊണ്ടു സ്ഥലത്തുള്ള റോമന്‍ കത്തോലിക്കരാരും വന്നില്ല. വേറെ സൗകര്യമായ ദിവസമില്ലാഞ്ഞതു കൊണ്ടായിരുന്നു ശനിയാഴ്ച കഴിച്ചത്. റോമാക്കാര്‍ക്കു അന്ന് ഇറച്ചിക്കു പകരം മുട്ട കറിയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എങ്കിലും അസൂയയും ദുര്‍വാശിയും നിമിത്തമെന്നു തോന്നുന്നു അവരിലാരും വന്നില്ല. അവരുടെ അറിവില്ലാഴിക എന്നല്ലാതെ എന്തു പറയേണ്ടു. ദൈവം അറിവും ജ്ഞാനവും അവര്‍ക്കു കൊടുത്ത് അവര്‍ ഇത്തരം മൂഢത്തം ഇനിയെങ്ങും കാണിക്കാതിരിക്കട്ടെ. പരിപ്പില്‍ തണ്ണാകുരിയിലെയും തയ്യിലെയും ആളുകളും കൈനടിയില്‍ പള്ളിത്താനത്തു ലൂക്കാ മത്തായി അവര്‍കളും വന്ന് ഇറച്ചിക്കു പകരം മുട്ട കൂട്ടി ഉണ്ടതിനാലാണ് ഇവിടുത്തുകാരുടെ പ്രവൃത്തി മൂഢത എന്നു പറഞ്ഞത്. അച്ചാച്ചന്‍ അവരില്‍ ഓരോരുത്തര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങളും, ഒരു പുരയിടകേസ് സംബന്ധിച്ച് അവരുടെ സമുദായം ഇപ്പോഴും ഇവിടുത്തെ പിടിയില്‍ ഇരിക്കുന്ന സംഗതിയും പുത്തന്‍കൂറ്റുകാര്‍ പഴയതിലേക്കു ചേരുന്നതിനു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഓര്‍ത്താല്‍ ഈ സ്വല്പകാര്യത്തില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നത് അറിവില്ലാഴിക കൊണ്ടല്ലയോ. ഏതെങ്കിലും നമുക്ക് അവരോട് യാതൊരു വിരോധവുമില്ല. ദൈവം അവരോടു ക്ഷമിക്കയും അവര്‍ക്കു വേണ്ട ജ്ഞാനം കൊടുക്കയും ചെയ്വാന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതേയുള്ളു. 
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...