Sunday, August 19, 2018

ഇടവഴിക്കല്‍ ഡയറി 4:220-240

220. മേല്‍ 213-ാം വകുപ്പില്‍ പറയുന്ന മുടക്ക് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സെമിനാരി ട്രസ്റ്റികളായ കുന്നുംപുറത്തു ഉലഹന്നന്‍ കുര്യനും കോനാട്ട് മാത്തന്‍ മല്പാനും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുമായി വിരുദ്ധപ്പെടുകയും സെമിനാരിയുടെ കൈവശം കൈക്കലാക്കാന്‍ വേണ്ടി ഇവര്‍ സെമിനാരിയിലെ റൈട്ടരില്‍ നിന്നു നെല്‍പ്പുരയുടെയും മറ്റും താക്കോല്‍ കൈക്കലാക്കിക്കൊണ്ടു സെമിനാരിയുടെ കൈവശത്തെക്കുറിച്ചു ഒരു തര്‍ക്കം പുറപ്പെടുവിക്കയാല്‍ പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ 1086-ല്‍ സമരി 58-ാം നമ്പ്രായി വിചാരണ തുടങ്ങി ഉലഹന്നന്‍ കുര്യനും മാത്തന്‍ മല്പാനും ഹര്‍ജിക്കാരും ദീവന്നാസ്യോസ് മെത്രാനും സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാരും എതിര്‍ ഹര്‍ജിക്കാരായും വിസ്താരം നടന്നു വരുന്നു. 

221. ദീവന്നാസ്യോസ് മെത്രാനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയതിനെ സംബന്ധിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്ക് ദീവന്നാസ്യോസിന്‍റെ കൂട്ടര്‍ കമ്പി അടിച്ചതിനു മറുപടിയായി അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും താഴെ പറയുംപ്രകാരം ഒരു മറുപടി കമ്പി വന്നിരിക്കുന്നു.  ...........
222. മേല്‍ 220-ാം വകുപ്പില്‍ പറയുന്ന സമരി കേസ് 187 ചിങ്ങം 19-നു 1911 സെപ്റ്റംബര്‍ 4-നു കോട്ടയം ഡിവിഷ്യന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു ഗുണമായും അദ്ദേഹത്തിന്‍റെ കൈവശം സ്ഥാപിച്ചും വിധി പ്രസ്താവിച്ചിരിക്കുന്നു. അടുത്ത ദിവസം ഉത്തരവുംപ്രകാരം സെമിനാരിയുടെ മുദ്ര എടുത്തു മെത്രാപ്പോലീത്തായ്ക്കു കൈവശപ്പെടുത്തി കൊടുത്തു.

223. മേല്‍ 218-ാം വകുപ്പില്‍ പറയുന്നപ്രകാരം 1087 ചിങ്ങം 14-നു ബുധനാഴ്ച പള്ളിക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടി. വടക്കന്‍ പള്ളിക്കാര്‍ മിക്കവാറും ഉണ്ടായിരുന്നു. തെക്കു നിന്നു നാലാറു പള്ളികളില്‍ നിന്നു മാത്രം ചിലര്‍ ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അഗ്രാസനം വഹിച്ചു. 14-നു ബുധനാഴ്ച പള്ളിക്കാരുടെ സമ്മതപത്രം വാങ്ങിക്കയും ബാവാ പ്രസംഗിക്കയും ചെയ്തു. അടുത്ത ദിവസമായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊണ്ടു യോഗം അവസാനിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി അസോസിയേഷനെ പരിഷ്ക്കരിച്ചതാണ് യോഗത്തിലെ പ്രധാന നടപടി. പള്ളികളില്‍ നിന്നു അധികാരപ്പെടുത്തി അയക്കുന്നവരുടെ യോഗം പൊതുയോഗമെന്നും പൊതുയോഗം തിരഞ്ഞെടുക്കുന്നവരായി 32 പട്ടക്കാരും 64 അയ്മേനികളും ട്രസ്റ്റികളും മെത്രാന്മാരും ചേരുന്ന യോഗം അസോസിയേഷന്‍ എന്നും ഇവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരായി 4 പട്ടക്കാരും 24 അയ്മേനികളും ചേര്‍ന്ന യോഗം മാനേജിംഗ് കമ്മിറ്റിയായും സഭാഭരണത്തിന്‍റെ ഘടന നിശ്ചയിച്ചു. കമ്മിറ്റി പ്രസിഡണ്ടും മലങ്കര മെത്രാപ്പോലീത്തായുമായി മാര്‍ പൗലോസ് കൂറിലോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. അസോസിയേഷന്‍ മെമ്പറന്മാരെ പൊതുയോഗം തിരഞ്ഞെടുക്കണം. ഭരണാധികാരം അസോസിയേഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മിറ്റിക്കു ചില്ലറ സംഗതികള്‍ അല്ലെങ്കില്‍ ....... മാത്രം ചെയ്യാനേ അധികാരമുള്ളു. മെത്രാന്മാരുടെ തീരുമാനത്തിന്‍റെ അപ്പീല്‍ അസോസിയേഷനില്‍ ഉണ്ട്. പാത്രിയര്‍ക്കീസ് ബാവായുടെ അധികാരത്തെക്കുറിച്ചു ചെയ്തിട്ടുള്ള നിശ്ചയം ഇപ്രകാരമാണ്: "മെത്രാന്മാരും പട്ടക്കാരും മറ്റു ഭരണക്കാരും പള്ളികളിലും ജനങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നുണ്ടോ എന്ന് അന്വേഷിപ്പാനും ശരിയല്ലെങ്കില്‍ ശരിപ്പെടുത്തി തീരുമാനിക്കാനും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേയ്ക്കു മുമ്പിനാലെ ഉള്ള അധികാരം എപ്പോഴും ഇന്നും ഉണ്ടായിരിക്കേണ്ടതു മലങ്കരസഭയുടെ ക്ഷേമത്തിനു ആവശ്യമാണെന്നു ഈ യോഗം നിശ്ചയിച്ചു" ഇങ്ങനെയാണ്. ഒസ്താത്യോസ് (അന്ത്യോഖ്യാ പ്രതിനിധി) ബാവായ്ക്കുള്ള അധികാരം റെശീസാ പിരിക്കുക, അന്ത്യോഖ്യായ്ക്കു എഴുത്തുകുത്തു ചെയ്ക മുതലായതു മാത്രമായിട്ടാണ് ഈ യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗനിശ്ചയം ശരിയായി കോടതി സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. 

224. മേല്‍ 217-ാം വകുപ്പില്‍ പറയുന്നപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരമുള്ള പൊതുയോഗം 1087 ചിങ്ങം 22-നു 1911 സെപ്റ്റംബര്‍ 7-നു വ്യാഴാഴ്ച കോട്ടയം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. തെക്കന്‍ പള്ളിക്കാര്‍ എല്ലാവരും വടക്കരില്‍ ഏതാനും പള്ളിക്കാരും ഉണ്ടായിരുന്നു. ആകെ ഇരുന്നൂറില്‍ അധികം പള്ളിക്കാര്‍ ഉണ്ടെന്നാണ് പറയുന്നത്. മെത്രാപ്പോലീത്തായുടെ അഗ്രാസനത്തിന്‍കീഴു യോഗം നടത്തി. സെമിനാരി ട്രസ്റ്റികളായ കോനാട്ട് മല്പാന്‍, സി. ജെ. കുര്യന്‍ ഇവരെ നീക്കി പകരം പാലപ്പള്ളില്‍ പൗലോസ് കത്തനാരെയും കോട്ടയത്തു പുത്തനങ്ങാടിയില്‍ ചിറക്കടവിലായ വളഞ്ഞാറ്റില്‍ അബ്രഹത്തിനെയും ട്രസ്റ്റികളായി നിയമിച്ചു. മേല്‍ 216-ാം വകുപ്പിലെ മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങളെയെല്ലാം സ്ഥിരപ്പെടുത്തി. മുടക്കു കല്പന സ്വീകരിക്കാന്‍ പാടില്ലെന്നു നിശ്ചയിച്ചു. സെക്രട്ടറിയായി കെ. വി. ചാക്കോ ബി.എ.,എല്‍.റ്റി. യെ സ്ഥിരപ്പെടുത്തി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് സ്വീകരിക്കണ്ട എന്നും അദ്ദേഹം ശപിക്കപ്പെട്ടവനാണെന്നും മറ്റും വിവരിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ദീവന്നാസ്യോേസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരു കല്പന ഈ യോഗത്തിനു രണ്ടു ദിവസം മുമ്പു വരികയും യോഗത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. 

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു. ആ സമയം സമാധാന മാര്‍ഗ്ഗമാലോചിക്കാനെന്നുള്ള ഭാവത്തില്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എറണാകുളത്തു എത്തി ഒരു വീട് കൂലിക്കെടുത്തു എട്ടു പത്തു ദിവസത്തോളം അവിടെ താമസിച്ചുംകൊണ്ടു കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ, ചെറിയമഠത്തില്‍ കത്തനാര്‍ മുതലായ ദൂതന്മാരെ ബാവായുടെ അടുക്കല്‍ അയച്ചതില്‍ ലൗകികാധികാരം സമ്മതിച്ചു ഉടമ്പടി കൊടുക്കയും മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു ഒരു ഇടവക മെത്രാന്‍സ്ഥാനം സ്വീകരിക്കുകയും സെമിനാരിയുടെ കൈവശം ഒഴിഞ്ഞു കൂറിലോസ് മെത്രാനെ ഏല്പിക്കയും ചെയ്യുന്നപക്ഷം മുടക്ക് തീര്‍ക്കാമെന്നു ബാവാ കല്പിക്കയാല്‍ ദീവന്നാസ്യോസ് അതിനു സമ്മതമില്ലാതെ തമ്മില്‍ കാണാതെ പിരിഞ്ഞു. യാത്രദിവസങ്ങളില്‍ പലരും വന്നു ബാവായ്ക്കു പണം വച്ചു കൈ മുത്തി കടശ്ശി 1911 ഒക്ടോബര്‍ 14-നു 1087 കന്നി 28-നു ബാവാ ആലുവായില്‍ നിന്നു ബോംബേയ്ക്കു തീവണ്ടിമാര്‍ഗ്ഗം പുറപ്പെട്ടു. പള്ളിയില്‍ നിന്നു സ്റ്റേഷന്‍ വരെ വളരെ വെള്ളിക്കുരിശ്, കൊട, കൊടി മുതലായ ആഘോഷങ്ങളോടുകൂടെയാണ് ബാവായെ യാത്രയയച്ചത്. രണ്ടു മൂവായിരം ജനങ്ങളും ഹാജരുണ്ടായിരുന്നു. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിനെ ബാവായെ യാത്രയയപ്പാന്‍ എന്‍റെ പ്രതിപുരുഷനായി അയച്ചിട്ടുണ്ടായിരുന്നു. അവന്‍ ഷൊര്‍ണ്ണൂര്‍ വരെ പോയി ബാവായെ അയച്ചേച്ചു തിരിച്ചു പോന്നു. ഫ്രാന്‍സില്‍ തയിപ്പിച്ചതും ഏകദേശം അഞ്ചു പവന്‍ വിലയുള്ളതുമായ ഒരു കസവിന്‍റെ വേലയുള്ള ശീലമുടി എന്‍റെ സമ്മാനമായി ഈ സമയത്തു ടി ഫീലിപ്പോസിന്‍റെ പക്കല്‍ ഞാന്‍ കൊടുത്തയയ്ക്കയും അത് ബാവായ്ക്കു കൊടുക്കയും ചെയ്തു. ബാവായ്ക്കു അത് വളരെ തൃപ്തിപ്പെട്ടതായി കല്പിക്കയും എനിക്കു മറുപടി അയക്കയും ചെയ്തു. എന്‍റെ സ്ഥാത്തിക്കോനും ഈ സമയത്ത് ഫീലിപ്പോസ് വശം ബാവാ കൊടുത്തയച്ചു. പഴയ സെമിനാരി കേസില്‍ പാലക്കുന്നത്തു മെത്രാനോടു സ്ഥാനചിഹ്നങ്ങള്‍ ഒഴിപ്പിച്ചു വാങ്ങിയപ്പോള്‍ അവര്‍ വെച്ചൊഴിഞ്ഞ ഒരു ചെറിയ വെള്ളി അംശവടി ബാവായുടെ കൈവശം വന്നത് ഞാന്‍ സ്ഥാനമേറ്റപ്പോള്‍ തല്‍ക്കാല ഉപയോഗത്തിനായി ഞാന്‍ ബാവായോടു വായ്പ വാങ്ങിച്ചിരുന്നു. എങ്കിലും ബാവായുടെ യാത്രസമയം അത് തിരിച്ചുവാങ്ങാതെ ഞാന്‍ ഉപയോഗിച്ചുകൊള്ളുന്നതിനു അനുവദിച്ചു എനിക്ക് വിട്ടുതന്നു. ബാവാ ബോംബെയില്‍ നിന്നു കപ്പല്‍ കയറുന്നതു അടുത്ത ശനിയാഴ്ച (അതായതു 1911 ഒക്ടോബര്‍ 21-നു) ആകുന്നു. ഈ ബാവായുടെ വരവുകൊണ്ടു മലങ്കരസഭയില്‍ ഒരു വലിയ ഭിന്നതയും കക്ഷിവഴക്കും മേല്‍ വലിയ വ്യവഹാരങ്ങള്‍ക്കുള്ള അടിസ്ഥാനവും ഇട്ടു എന്നല്ലാതെ യാതൊരു ഗുണവും മലങ്കരയ്ക്കു ഉണ്ടായെന്നു പറയാനില്ല. എനിക്കു തന്നിരിക്കുന്ന സ്ഥാത്തിക്കോന്‍ മലങ്കരയുള്ള ക്നാനായ സമുദായത്തിലെ പള്ളികള്‍ക്കും ടി സമുദായത്തില്‍ മേല്‍ ഉണ്ടാകുന്ന പള്ളികള്‍ക്കുമായിട്ടാകുന്നു. എന്‍റെ ഇടവകയുടെ പേര്‍ മലങ്കര കോട്ടയം ക്നാനായ ഇടവക എന്നാകുന്നു. 

226. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ ചങ്ങനാശ്ശേരി (റോമ്മാ) വികാരി അപ്പോസ്തോലിക്കായായി ഭരിച്ചു വരുമ്പമ്പോള്‍ ആ ഇടവകയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗര്‍ തങ്ങളുടെ സ്വജാതിയില്‍ ഒരു മെത്രാനെ കിട്ടണമെന്നു റോമ്മായ്ക്കു ഹര്‍ജികള്‍ അയക്കയും യോഗങ്ങള്‍ നടത്തുകയും പല ബഹളങ്ങള്‍ ഉണ്ടാക്കയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അതുകൊണ്ടു ഒരു ഫലവുമില്ലാതെയിരുന്നു എങ്കിലും 1911 മേടത്തില്‍ മാക്കിയില്‍ മെത്രാന്‍ റോമ്മായ്ക്കു പോയി പാപ്പായെ കാണുകയും വടക്കുംഭാഗരെയും തെക്കുംഭാഗരെയും പ്രത്യേകം ഇടവകകളായി തിരിച്ചു വേറെ വേറെ മെത്രാനെ കൊടുക്കണമെന്നു മാക്കിയില്‍ മെത്രാന്‍ തന്നെ അപേക്ഷിക്കയും അതിനായി ശുപാര്‍ശ ചെയ്കയും ചെയ്തതുകൊണ്ടു ചങ്ങനാശ്ശേരി, എറണാകുളം ഈ രണ്ട് വികാരിയത്തിലുമുള്ള റോമ്മാ തെക്കുംഭാഗ പള്ളികളെ വേര്‍തിരിച്ചു അത് ഒരു മെത്രാസന ഇവകയാക്കി അതിലേക്കു മാക്കിയില്‍ മെത്രാനെ നിയമിക്കയും ചങ്ങനാശ്ശേരി വികാരിയത്തിലെ വടക്കുംഭാഗ പള്ളികളെ തിരിച്ചു ഒരു പ്രത്യേക ഇടവകയാക്കി അതിലേക്കു ചമ്പക്കുളം ഇടവകയില്‍ കുര്യാളശേരില്‍ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കുന്നതിനു അനുവദിക്കയും ചെയ്തിരിക്കുന്നു. ഇതിലേക്കുള്ള ബൂളാകള്‍ റോമ്മായില്‍ നിന്നും 1911 ഒക്ടോബര്‍ മാസത്തില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇയാളുടെ സ്ഥാനപ്പേേര്‍ പെല്ലായുടെ മെത്രാനും ചങ്ങനാശ്ശേരി വികാരി അപ്പോസ്തോലിക്കായും എന്നാകുന്നു. മാക്കിയില്‍ മെത്രാന്‍ മേല്‍ കോട്ടയം വികാരി അപ്പോസ്തോലിക്കാ എന്ന സ്ഥാനപ്പേര്‍ ധരിക്കുന്നതാണ്. വടക്കുംഭാഗരെയും തെക്കുംഭാഗരെയും വേര്‍തിരിച്ചു രണ്ടു മെത്രാസനമാക്കാന്‍ പാടില്ലെന്നു ഡെലിഗേറ്റ് മെത്രാന്‍ ബലമായി എഴുതിയയച്ചിരുന്നു. മെത്രാന്‍മാരെ നിയമിക്കുന്നതു ജാതി തിരിച്ചല്ലെന്നും റീത്തിനു മാത്രമേ ഒരു സ്ഥലത്തു പ്രത്യേകം പ്രത്യേകം മെത്രാന്മാരെ കൊടുക്കയുള്ളു എന്നുമാണ് റോമ്മായിലെ നിയമം. ഈ ക്രമത്തിനു തെക്കുംഭാഗരെയും വടക്കുംഭാഗരെയും രണ്ടുജാതികളായി വേര്‍തിരിക്കുന്നതു പാടില്ലെന്നായിരുന്നു ഡെലിഗേറ്റിന്‍റെ അഭിപ്രായം. ഇപ്പോള്‍ വേര്‍തിരിച്ചതു ജാതി രണ്ടെന്നുള്ള നിലയില്‍ അല്ല. തെക്കുംഭാഗര്‍ പരദേശത്തു നിന്നു വന്നു ഇവിടെ കുടിയേറി പാര്‍ക്കുന്ന ഒരു പ്രത്യേക കോളനിയും വടക്കുംഭാഗര്‍ നാട്ടു ക്രിസ്ത്യാനികളുമാണെന്നുള്ള ന്യായത്തിന്മേലാണ് തിരിക്കാന്‍ അനുവദിച്ചത്.

227. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ മുടക്കിനെ ഗണ്യമാക്കാതെ 1911 ഒക്ടോബര്‍ 22-നു 1087 തുലാം 6-നു ഞായറാഴ്ച സെമിനാരി പള്ളിയില്‍ കുര്‍ബാന ആദ്യം ചൊല്ലിയിരിക്കുന്നു. മുടക്ക് വകവയ്ക്കണ്ടാ എന്ന അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പന ഉണ്ടെന്നുള്ള ന്യായത്തിന്മേലാണ് ഇങ്ങനെ ചൊല്ലിയത്. അതിന്‍റെ ശേഷം തുലാം 20-നു ചാത്തത്തിനു പരുമലയും ചൊല്ലുകയും അടുത്ത ഞായറാഴ്ച ആറേഴു പേര്‍ക്ക് കശീശാ മുതലായ പട്ടം കൊടുക്കയും ചെയ്തു. 

228. മേല്‍ 222-ാം വകുപ്പില്‍ പറയുന്ന സെമിനാരി സമരികേസിലെ വിധിയിന്മേല്‍ ഹര്‍ജിക്കാരായ സി. ജെ. കുര്യനും കോനാട്ടു മല്പാനും ഹൈക്കോര്‍ട്ടില്‍ പരിശോധന അപ്പീല്‍ കൊടുത്തിരിക്കുന്നു. 1087 തുലാ മാസത്തിലാണ് അപ്പീല്‍ കൊടുത്തത്. 

229. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന എറണാകുളം മിസ്സത്തിന്‍റെ റോമ്മാ മെത്രാന്‍ ളൂയിസിനു പ്രായാധിക്യമാണെന്നു എഴുതി ബോധിപ്പിക്കയാല്‍ അദ്ദേഹത്തിന്‍റെ സഹായിയായി ചെമ്പില്‍ പള്ളി ഇടവകയില്‍ കണ്ടത്തില്‍ ആഗസ്റ്റീന്‍ കത്തനാരെ മെത്രാനായി വാഴിക്കാന്‍ റോമ്മായില്‍ നിന്നു അനുവദിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെയും കുര്യാളശ്ശേരിയുടെയും വാഴ്ച 1911 നവംബര്‍ 3-നു ഞായറാഴ്ച കാണ്ടിയില്‍ വച്ചു ദെലഗാദിനാല്‍ നടത്തപ്പെട്ടു. കുര്യാളശ്ശേരി മെത്രാനെ വലിയ ആഘോഷത്തോടു കൂടെ ആയാണ്ടു ഡിസംബര്‍ 15-നു ചങ്ങനാശ്ശേരിയിലേക്കു എതിരേറ്റു.

230. കോട്ടയത്തു ചെറിയപള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഭാഗക്കാരും ദീവന്നാസ്യോസ് മെത്രാന്‍റെ ഭാഗക്കാരും തമ്മില്‍ കുറെ നാളായി തര്‍ക്കിച്ചു കിടക്കയായിരുന്നു. വേങ്കടത്ത് അലക്സന്ത്രയോസ് കത്തനാര്‍ മിക്കവാറും ബാവായുടെ ഭാഗത്തും എരുത്തിക്കല്‍ ദാനിയേല്‍ കത്തനാര്‍ മെത്രാന്‍റെ ഭാഗത്തുമായി നടന്നുവരുമ്പോള്‍ ദാനിയേല്‍ കത്തനനാര്‍ 1087 വൃശ്ചികത്തില്‍ മരിച്ചുപോയി. മെത്രാന്‍റെ ഭാഗത്തു വേറെ പട്ടക്കാര്‍ ഇല്ലാഴികയാല്‍ അവര്‍ ആറ്റുമാലില്‍ സ്കറിയാ കത്തനാരെ കൊണ്ടു ചൊല്ലിക്കാന്‍ വരികയാല്‍ 1087 വൃശ്ചികം 25-നു 1911 ഡിസംബര്‍ 10-നു ഞായറാഴ്ച പള്ളിയില്‍ വച്ച് രണ്ടു കക്ഷികളും തമ്മില്‍ ലഹളയും അടികലശലും ഉണ്ടായി. അതുമൂലം അന്ന് കുര്‍ബാന ഉണ്ടായില്ല. പിറ്റേ ഞായറാഴ്ചയ്ക്കു മജിസ്ട്രേറ്റില്‍ നിന്നും ചെറിയപള്ളി പൂട്ടിച്ചു കക്ഷികള്‍ തമ്മില്‍ രാജിപ്പെട്ടു ബോധിപ്പിക്കയോ സിവില്‍ അന്യായം കൊടുത്തു വിധി സമ്പാദിക്കയോ ചെയ്യുന്നതുവരെ രണ്ടു മാസത്തേക്കു ആരും കുര്‍ബാന ചൊല്ലിക്കൂടാ എന്ന ഒരു നോട്ടീസ് പരസ്യപ്പെടുത്തിയിരിക്കുന്നു. ഇതു മുതല്‍ ചെറിയപള്ളി കുര്‍ബാന ഇല്ലാതെ പൂട്ടികിടക്കയാണ്. പിന്നീട് കുംഭം 6-ന് പള്ളി തുറന്നു കുര്‍ബാന ചൊല്ലി. 

231. മേല്‍ 228-ാം വകുപ്പില്‍ പറയുന്ന സെമിനാരി സമരിക്കേസിന്മേല്‍ ട്രസ്റ്റികള്‍ ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരിശോധന ഹര്‍ജി 1087-ല്‍ 146-ാം നമ്പ്രായി പതിഞ്ഞു. എതിര്‍കക്ഷിക്കു നോട്ടീസ് കൊടുത്തു വാദം കേട്ടശേഷം സെമിനാരി മെത്രാന്‍റെയും ഹര്‍ജിക്കാരായ രണ്ടു കൂട്ടുട്രസ്റ്റികളുടെയും കൂട്ടുകൈവശമിരിക്കുന്നതാണെന്നും ഇതില്‍ ക്രിമിനല്‍ നടപടി ..... കോര്‍ട്ടിനു അധികാരമില്ലെന്നും അഭിപ്രായപ്പെട്ട് മജിസ്ട്രേറ്റിലെ വിധിയെ അസ്ഥിരപ്പെടുത്തി പ്രൊസിഡിങ്ങ്സ് ഹൈക്കോര്‍ട്ടില്‍ ഒന്നാം ജഡ്ജി കൃഷ്ണന്‍ നായരും ജഡ്ജി രാമചന്ദ്രരായരും കൂടി പ്രസിദ്ധപ്പെടുത്തി. ഈ വിധി പരസ്യപ്പെടുത്തിയത് 1087 ധനു 4-നു ആയിരുന്നു.

232. സുറിയാനിക്കാരുടെ വക വട്ടിപ്പണത്തിന്‍റെ പലിശ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കും ട്രസ്റ്റികളായ കുന്നുംപുറത്തു കുര്യന്‍, കോനാട്ട് മാത്തന്‍ മല്പാന്‍ ഇവര്‍ക്കും കൊടുക്കണമെന്നു പാത്രിയര്‍ക്കീസ് ബാവാ തന്‍റെ യാത്രയ്ക്കു മുമ്പ് റസിഡണ്ടിന് എഴുതി അയയ്ക്കയും ഇവര്‍ അപേക്ഷിക്കയും ചെയ്തതനുസരിച്ചു മുടങ്ങിക്കിടന്ന ഒന്നു രണ്ടു വര്‍ഷത്തെ പലിശ രൂപ 1680 ടി മെത്രാപ്പോലീത്തായ്ക്കും കൂട്ടുട്രസ്റ്റികള്‍ക്കും 1087 വൃശ്ചികത്തില്‍ റസിഡണ്ടാപ്പീസില്‍ നിന്നു കൊടുത്തു. അതു ന്യായമല്ലെന്നും വട്ടിപ്പണത്തിന്‍റെ കടപത്രവും പണം വിനിയോഗിക്കേണ്ട സെമിനാരിയും തന്‍റെ കൈവശമാണെന്നും കാണിച്ചു ദീവന്നാസ്യോസ് മെത്രാപ്പോലീത്താ റസിഡണ്ട് സായ്പിനു എഴുതിയയച്ചതിനു സിവില്‍ വ്യവഹാരം കൊണ്ടു അവകാശം സ്ഥാപിക്കുന്നതുവരെ മേലാല്‍ ആര്‍ക്കും കൊടുക്കയില്ലെന്നു റസിഡണ്ട് മറുപടി കൊടുത്തിരിക്കുന്നു. 

233. 1087 വൃശ്ചികം 18-നു 1911 ഡിസംബര്‍ 3-നു ഞായറാഴ്ച വെളിയനാട്ടു പള്ളിയില്‍ വച്ചു പള്ളത്തു ഒറ്റത്തൈക്കല്‍ തോമ്മാ ശെമ്മാശിനു ഞാന്‍ ആദ്യമായി കശീശാപട്ടം കൊടുത്തു. പിറ്റേ ഞായറാഴ്ച (വൃശ്ചികം 25-നു ഡിസംബര്‍ 10-നു) റാന്നിയില്‍ പള്ളിയില്‍ വച്ചു തുരുത്തിക്കാട്ടു എരണയ്ക്കല്‍ കുറിയാക്കോസ് ശെമ്മാശനും കശീശാപട്ടം ഞാന്‍ കൊടുത്തു. 

234. മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞ ഒരു ദീര്‍ഘദര്‍ശനത്തിന്‍റെ നിവര്‍ത്തി മേല്‍ 200-ാം വകുപ്പില്‍ എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം ഈയ്യിടെ പറഞ്ഞ വേറൊരു ദീര്‍ഘദര്‍ശനം താഴെ ഓര്‍മ്മയ്ക്കായി പകര്‍ത്തുന്നു. 1087 വൃശ്ചിക മാസത്തില്‍ അദ്ദേഹം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരെഴുത്തില്‍ പാമ്പാക്കുട കോനാട്ട് കഴിഞ്ഞുപോയ അബ്രഹാം മല്പാനും യോഹന്നാന്‍ മല്പാനും സുറിയാനി സഭയ്ക്കു വളരെ ദോഷം ചെയ്തവരാണെന്നും ആ കുടുംബത്തില്‍ ഇപ്പോള്‍ ഉള്ള മാത്തന്‍ മല്പാന്‍ അവരെപ്പോലെ തന്നെ ഈ സഭയെ വളരെ ഉപദ്രവിക്കുന്നു എന്നും ഈ മാത്തന്‍ മല്പാന്‍ 39 മാസവും പത്തു ദിവസവും തികയുന്നതിനകം മരിച്ചുപോകുമെന്നും പാമ്പാക്കുട പള്ളി മാരാമണ്‍ പള്ളി ഇടിഞ്ഞുവീണതുപോലെ ഇടിഞ്ഞു വീഴുമെന്നും എഴുതിയിരിക്കുന്നു. ഓര്‍മ്മയ്ക്കായി ഇതെഴുതുന്നു. ഇതുപോലെ തന്നെ വേറെയും ചില ദീര്‍ഘദര്‍ശനങ്ങള്‍ അദ്ദേഹം ബലമായി പറയുന്നു. അതായത് കൂറിലോസ് മെത്രാച്ചന്‍ കുരുടനാകുമെന്നും സി. ജെ. കുര്യന് പല കുടുംബനാശങ്ങള്‍ വരുമെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ സിംഹാസനം പ്രാപിക്കയില്ല എന്നും മറ്റുമാണ്. ഇതിന്‍റെ ഒക്കെയും ഫലം കാണ്മാന്‍ ഇത് എഴുതുന്നു എന്നേ ഉള്ളു. 

235. മേല്‍ 230-ാം വകുപ്പില്‍ പറയുംപ്രകാരം കോട്ടയത്തു ചെറിയപള്ളി തുറന്നു കുംഭം 6-നു വേങ്കടത്ത് കത്തനാര്‍ കുര്‍ബാന ചൊല്ലിയതു മൂപ്പന്‍ കത്തനാരായ ഉപ്പൂട്ടില്‍ യാക്കോബ് കത്തനാര്‍ക്കു പകരമാണെന്നുള്ള സങ്കല്പത്തിന്മേല്‍ അടുത്ത 13-നു വേങ്കടത്തു കത്തനാര്‍ വീണ്ടും ചൊല്ലി. പിന്നീട് 20-നു ഞായറാഴ്ച ആറ്റുമാലില്‍ കത്തനാരുടെ അവധിയാണെന്നുള്ള സങ്കല്പത്തിന്മേല്‍ അയാളെക്കൊണ്ടു ചൊല്ലിക്കുവാന്‍ മെത്രാന്‍ കക്ഷികളും ചൊല്ലിക്കാതിരിക്കാന്‍ ബാവായുടെ കക്ഷികളും ആള്‍ശേഖരമായി കൂടി എങ്കിലും ആറ്റുമാലില്‍ ചൊല്ലുകയും ബാവായുടെ കക്ഷികള്‍ പിന്മാറുകയും ചെയ്തു. പിന്നീട് 27-നു ഞായറാഴ്ചയും രണ്ടു കക്ഷികളും ആള്‍ശേഖരിച്ചു കൂടി എങ്കിലും ആരും ചൊല്ലിയില്ല. 

236. സെമിനാരി സമരികേസില്‍ കൂട്ടുകൈവശം വിധിച്ചതനുസരിച്ചു 1087 കുംഭ മാസത്തില്‍ ട്രസ്റ്റികളായ കോനാട്ട് മല്പാനും സി. ജെ. കുര്യനും കൂടി ആള്‍ശേഖരത്തോടു കൂടി ഒരു ദിവസം സെമിനാരിയില്‍ ചെന്നു തേങ്ങാ ഇടുവിക്കയും തെങ്ങിനു പൊത്തിടുവിക്കയും ചെയ്തു. ആ സമയം സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍ ചെന്നു വിരോധിക്കയാല്‍ അയാളെ മറ്റെ കക്ഷി അടിച്ചു ഹേമദണ്ഡം ചെയ്തു. പിറ്റേ ഞായറാഴ്ച മെത്രാന്‍ കക്ഷികള്‍ സെമിനാരിയില്‍ ചെന്നു തേങ്ങാ ഇടുകയും പൊത്തു പൊളിക്കയും ചെയ്തു. ഇങ്ങനെ വഴക്കു മുറയ്ക്കു നടക്കുന്നു.

237. മേല്‍ വകുപ്പുകളില്‍ വിവരിക്കുന്ന കുഴപ്പങ്ങള്‍ മൂത്തു വരികയാല്‍ കോട്ടയത്തു സെമിനാരി പള്ളി, ചെറിയപള്ളി, പുത്തന്‍പള്ളി, പുത്തനങ്ങാടി കുരിശുപള്ളി ഈ നാലു പള്ളികളും 1087 മീനം 5-നു ഞായറാഴ്ച കാലത്തു ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് വന്ന് പൂട്ടിയിരിക്കുന്നു. അതിനാല്‍ കുര്‍ബാന മുടങ്ങിയിരിക്കുന്നു. 

238. മേല്‍ വിവരിച്ച കഴപ്പങ്ങളും തര്‍ക്കങ്ങളും നിമിത്തം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കാവലിനായി തെക്കു നിന്നു ചിലര്‍ വന്നു സെമിനാരിയില്‍ താമസിച്ചു വരുമ്പോള്‍ അവരില്‍ ഒരുവനായ കാരയ്ക്കല്‍ക്കാരന്‍ വര്‍ക്കി എന്നവനെ 1047-മാണ്ടു ഓശാനയുടെ തലേ ദിവസമായ ശനിയാഴ്ച സെമിനാരി മണല്‍പുറത്തു വച്ചു ഇവിടത്തുകാര്‍ കുറെ ജോനകര്‍ ചേര്‍ന്ന് ഭയങ്കരമായി അടിച്ച് കൊന്നിരിക്കുന്നു. ജോനകര്‍ക്കു വിശേഷാല്‍ വഴക്ക് ഉണ്ടായിട്ടല്ല. മെത്രാന്‍റെ ആളുകളെ ഉപദ്രവിക്കുവാന്‍ സി. ജെ. കുര്യന്‍ മുതല്‍പേര്‍ ജോനകരെ ശട്ടംകെട്ടിയിട്ടാണെന്നാണ് സംസാരം. ഇത് മിക്കവാറും വാസ്തവമാണെന്നു വിചാരിപ്പാന്‍ ന്യായവുമുണ്ട്. ഇതിനെക്കുറിച്ചു പോലീസ് അന്വേഷണം നടന്നു വരുന്നു. സി. ജെ. കുര്യന്‍റെ ജ്യേഷ്ഠപുത്രന്‍ പെരാട്ടു പാപ്പച്ചന്‍ എന്നവനെ കൂടെ അന്യായത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

239. മേല്‍ 237-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന കാരണത്താല്‍ കോട്ടയത്തു പുത്തനങ്ങാടി കുരിശുപള്ളിയില്‍ പതിവുള്ള പുതുഞായറാഴ്ച ആഘോഷം 1087-ല്‍ മുടങ്ങിയിരിക്കുന്നു. 

240. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കശീശായുടെയും എന്‍റെ ജ്യേഷ്ഠന്‍ കോറി ഫീലിപ്പോസിന്‍റെയും സ്മാരകമായി കോട്ടയത്തു വലിയപള്ളിയില്‍ രണ്ടു നിലയില്‍ ഒരു മുറി ഞാന്‍ പണിയിക്കയും അതിനു അവരുടെ പേരിന്‍ പ്രകാരം 'കസ് ആന്‍ഡ് കോറി ഫീലിപ്പോസ് മെമ്മോറിയല്‍ ഹാള്‍' എന്നു പേര് കൊടുക്കയും ചെയ്തതിനു പുറമെ ഈ പിതാക്കന്മാരുടെ ഓര്‍മ്മ മാര്‍ബിളില്‍ കൊത്തിയ ഒരു കല്ല് കാലംചെയ്ത മാര്‍ യൗസേഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ താല്പര്യത്താല്‍ 1908-ല്‍ വരുത്തി വച്ചിരുന്നത് മേല്‍പ്പറഞ്ഞ മുറിയുടെ രണ്ടാംനിലയില്‍ ഭിത്തിമേല്‍ സ്ഥാപിച്ചിരിക്കുന്നു. ഇത് സ്ഥാപിച്ചത് 1912 മീനത്തില്‍ ആണ്. 

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...