Friday, July 13, 2018

ചെറിയപള്ളി ഭണ്ഡാരം ചാണ്ടപ്പിള്ള ശെമ്മാശ് എടുപ്പിച്ചതിനെക്കുറിച്ച് കേസ്

19. 1868 മത് ചിങ്ങ മാസം 13-നു ചൊവ്വാഴ്ച രാത്രി ചെറിയപള്ളിയിലെ ഭണ്ഡാരം കൊച്ചു വേങ്കടവനും പുന്നത്ര ചാണ്ടപ്പിള്ള ശെമ്മാശും കൂടി വെട്ടിപൊളിച്ച് മോഷ്ടിച്ച് എടുക്കയും ചെയ്തു. 26 സംവത്സരം മുമ്പ് സ്ഥാപിച്ചിരുന്ന ഭണ്ഡാരമാകകൊണ്ടു 2000 രൂപയില്‍ അധികം ഉണ്ടെന്നു എല്ലാവരും പറയുന്നു. ഈ സംഗതിക്കു എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാര്‍ മുതല്‍പേര്‍ പോലീസ് 1044 മാണ്ടു 10 മത് നമ്പ്രായി ബോധിപ്പിച്ചു വിസ്തരിച്ചു വരുന്നു.

20. രണ്ടാം പുസ്തകം 171 ലും 175 ലും പറഞ്ഞിരിക്കുന്ന പ്രെ. ബര്‍ണ്ണദീനോസ് എന്ന മെത്രാപ്പോലീത്താ 1868 മത് ചിങ്ങ മാസം 24-നു ആകുന്ന ഇംഗ്ലീഷ് കണക്കില്‍ കന്നി മാസം 5-നു ശനിയാഴ്ച വരാപ്പുഴയില്‍ വച്ചു മരിച്ചു വരാപ്പുഴ പള്ളിയില്‍ ഞായറാഴ്ച അടക്കുകയും ചെയ്തു. ഈ മെത്രാനെ ഞാന്‍ കണ്ടിട്ടില്ല. അയാളുടെ വേദത്തേല്‍ നല്ല വൈരാഗിയും സത്യമുള്ളവരെ സ്നേഹമുള്ളവനും ദുഷ്ടന്മാരോടു വഴക്കുള്ളവനും സത്യത്തോടെ ന്യായം നടത്തുന്നവനും ആയിരുന്നു. 

21. മേല്‍ 19 മത് ലക്കത്തില്‍ പറയുന്ന ഭണ്ഡാര മോഷണം പോലീസ് 10 മതു നമ്പ്രില്‍ വിസ്താരം തുടങ്ങിയതിന്‍റെ ശേഷം തഹശീല്‍ദാര്‍ മുതലായവര്‍ ശെമ്മാശ് മുതല്‍പേര്‍ക്കു സ്വാധീനമായി അവര്‍ക്കു കുറ്റം കൂടാതെ ഒതുക്കണമെന്നു നിശ്ചയിച്ചും തഹശീല്‍ദാര്‍ അത്താനാസ്യോസ് എന്ന പാലക്കുന്നന്‍റെ പേര്‍ക്കു എഴുത്തു കൊടുത്തയയ്ക്കയും ശെമ്മാശും വേങ്കടവനും പള്ളിയുടെ പുരാതന കൈക്കാരും കര്‍ത്തവ്യക്കാരും ആകുന്നുയെന്നും പാലക്കുന്നന്‍റെ വരുതിപ്രകാരം അവര്‍ ഭണ്ഡാരം എടുത്തു എന്നും മറ്റും 1868 ക്കു 1044 മാണ്ട് ചിങ്ങ മാസം 18-നു അത്താനാസ്യോസ് തഹശീല്‍ദാര്‍ക്കു മറുപടി കൊടുത്തയയ്ക്കയും ചെയ്തതിന്‍റെ ശേഷം മെത്രാന്‍റെ വരുതിപ്രകാരം ഭണ്ഡാരം എടുക്കയും ആ പണം മെത്രാന്‍റെ പക്കല്‍ ഇരിക്കയും ചെയ്തിരിക്കുന്നപ്രകാരം മെത്രാന്‍റെ എഴുത്തില്‍ കാണുന്ന സ്ഥിതിക്കു അയാളെ കൂടെ പ്രതി ചേര്‍ക്കേണ്ട സ്ഥിതിക്കു അനുവാദത്തുംപേരില്‍ വേണ്ടില്ലാഴികയാല്‍ ഏതുപ്രകാരം വേണ്ടൂയെന്നും മറ്റും വിസ്താരങ്ങളോടുകൂടെ ഡിവിഷനിലേക്കു തഹശീല്‍ദാര്‍ സാധനം അയയ്ക്കയും ഒന്നാം വാദിയാകുന്ന എരുത്തിക്കല്‍ കത്തനാരു മെത്രാനാല്‍ പള്ളിയില്‍ നിന്നു നീക്കപ്പെട്ട ആളും ശേഷം വാദികളാകുന്ന പുത്തനങ്ങാടിക്കാര്‍ വേറെ പള്ളി കെട്ടി പോയവരെന്നും മെത്രാന്‍റെ എഴുത്തില്‍ കാണുന്ന സ്ഥിതിക്കു ഇവര്‍ കൈവശം പള്ളി വകകള്‍ ഇരുന്നു വരുന്നുയെന്നു നിരാധാരമായി സംശയിക്കേണ്ടിയിരിക്കുന്നുയെന്നും മറ്റും 1044 മാണ്ടു 166 മത് നമ്പ്രില്‍ ആവണി മാസം 21-നു ഡിവിഷനില്‍ നിന്നും ഉത്തരവ് വരികയും ചെയ്തതിന്‍റെ ശേഷം വാദികള്‍ സിവില്‍ അന്യായപ്പെട്ടു അവകാശമുള്ളവരെന്നു തീര്‍ച്ച ഉണ്ടായശേഷം ഈ നമ്പ്രിലെ തെളിവു ഉപയോഗപ്പെടുത്തി അന്ന് ന്യായതീര്‍ച്ച ഉണ്ടാകുമെന്നും ഇപ്പോള്‍ ഈ നമ്പ്ര് ഫയലില്‍ നിന്നും നീക്കുവാനും ഡാണാവില്‍ വയ്പിച്ചിരിക്കുന്ന ഭണ്ഡാര ചെമ്പുകുടം മുതലായതു പ്രതികളെ ഏല്പിക്കാനും സംഗതിയെന്നു 1044 മാണ്ട് കന്നി മാസം 15-നു തഹശീല്‍ദാര്‍ തീര്‍പ്പാക്കുകയും ചെയ്തു. 

22. മേല്‍ 14 മത് ലക്കത്തില്‍ പറയുന്നതുപോലെ എരുത്തിക്കല്‍ കത്തനാര്‍ പള്ളിയില്‍ കയറിക്കൂടായെന്നു പോലീസില്‍ തീര്‍പ്പ് ഉണ്ടായ സംഗതിക്കു ചേര്‍ത്തല ഡിവിഷനില്‍ അപ്പീല്‍ ചെയ്തതിന്‍റെ ശേഷം മുന്‍ 1041 മാണ്ട്  98 മത് നമ്പ്രില്‍ പോലീസില്‍ എരുത്തിക്കനു വിരോധമായി തീര്‍പ്പ് ഉണ്ടായിരിക്കുന്ന ക്രമത്തിനു തഹശീല്‍ദാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന തീര്‍പ്പ് ശരി തന്നെയെന്നു 1043 മാണ്ടു മീന മാസം 26-നു 2627 മത് നമ്പ്രില്‍ പേഷ്ക്കാര്‍ അവര്‍കള്‍ എരുത്തിക്കന്‍ കത്തനാര്‍ക്കു ഇണ്ടാസ് കൊടുക്കയും ചെയ്തു. 

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...