Wednesday, July 18, 2018

ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാന്‍ സ്ഥാനമേല്ക്കുന്നു (1910)


206. തെക്കുംഭാഗക്കാരായ ക്നാനായ സമുദായ പള്ളിക്കാരുടെ അപേക്ഷപ്രകാരം .................... ഇടവഴിക്കല്‍ ചെറിയാന്‍ ഫീലിപ്പോസ് കശീശായുടെ ഇളയ മകന്‍ ടിയില്‍ ഗീവര്‍ഗീസ് കശീശായായ എന്നെ അന്ത്യോഖ്യായുടെ രണ്ടാം അബ്ദുള്ളാ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ 1910 ഓബ് മാസം 8-നു ആഗസ്റ്റ് 21-നു 1046-മാണ്ടു ചിങ്ങ മാസം 5-നു ഞായറാഴ്ച പാമ്പാക്കുട പള്ളിയില്‍ വച്ച് റമ്പാനായി പട്ടംകെട്ടുകയും അടുത്ത ഞായറാഴ്ചയായ ഓബ് 15-നു ആഗസ്റ്റ് 28-നു ചിങ്ങം 12-നു (കന്യാസ്ത്രീ അമ്മയുടെ വാങ്ങിപ്പു പെരുന്നാള്‍ ദിവസം) വടകര പള്ളിയില്‍ വച്ച് മാര്‍ സേവേറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കയും ചെയ്തു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടെ മാര്‍ സ്ലീബാ ഒസ്താത്ത്യോസ് ബാവായും മാര്‍ പൗലൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. വാഴ്ച ദിവസം വളരെ ആള്‍ കൂടുകയും പട്ടക്കാരും ശെമ്മാശന്മാരും അമ്പതില്‍ അധികവും ഉണ്ടായിരുന്നു. മിസ്റ്റര്‍ ഇ. എം. ഫീലിപ്പോസിനു ചില ................. കൂടിയ പട്ടക്കാര്‍ മുതല്‍പേര്‍ ................ കൊടുക്കയുണ്ടായി. 

207. മേല്‍ വിവരിച്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സ്ഥാനമേറ്റശേഷം രാമംഗലത്തു പള്ളിയില്‍ പോയി രണ്ടാഴ്ച താമസിച്ചശേഷം വെളിയനാട്ടു നിന്നും .......... 1910 സെപ്റ്റംബര്‍ 12-നു 1046 ചിങ്ങം 27-നു തിങ്കളാഴ്ച കോട്ടയത്തു സെമിനാരിയില്‍ വരികയും അന്ന് അവിടെ താമസിച്ച് അടുത്ത ദിവസമായ ചൊവ്വാഴ്ച നൂറ്റില്‍ചില്വാനം മുത്തുക്കുട, കൊടി, വാദ്യം, ചെണ്ട, ബാന്‍റ്, ഏഴ് വെള്ളിക്കുരിശ്, ഈ വക സന്നാഹങ്ങളോടുകൂടി കോട്ടയത്തു വലിയപള്ളിയിലേക്കു കരമാര്‍ഗ്ഗം എഴുന്നള്ളിക്കയും വലിയപള്ളി യുടെ നടയ്ക്കു താഴെ കെട്ടി ഉണ്ടാക്കി അലങ്കരിച്ചിരുന്ന പന്തലില്‍ വച്ചു വലിയപള്ളിക്കാരുടെ ആയി ഒരു മംഗളപത്രവും പൊന്‍ മസ്നപ്സായും സമ്മാനം കൊടുക്കയും ചെയ്തശേഷം പള്ളിയിലേക്കു എഴുന്നള്ളി അവിടെ വച്ച് ഓക്സിയോസ് ചൊല്ലി കൈമുത്തിച്ചു ശേഷം കൂടിയ ജനങ്ങള്‍ പിരിയുകയും ചെയ്തു. എതിരേല്പിനു ക്നാനായക്കാരുടെ എല്ലാ പള്ളികളില്‍ നിന്നും ധാരാളം ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. കോട്ടയത്തുള്ള വടക്കുംഭാഗരില്‍ പ്രധാനന്മാരാരും എതിരേല്പില്‍ സംബന്ധിച്ചില്ല. അവര്‍ കവലമുക്കുകളില്‍ കൂടി നിന്നു നോക്കിക്കൊണ്ടിരുന്നതേയുള്ളു. പിന്നീട് വടക്കുംഭാഗത്തിലെ പ്രധാനന്മാര്‍ എല്ലാവരും വന്നു കൈമുത്തിപ്പോയി. എതിരേല്പ് അവര്‍ വിചാരിച്ചിരുന്നതില്‍ കേമമായിപ്പോയതുകൊണ്ടു അവര്‍ക്കു ഇച്ഛാഭംഗമായി. തങ്ങള്‍ ഒഴിഞ്ഞു നിന്നതുകൊണ്ടു ഫലമില്ലെന്നു കണ്ടപ്പോള്‍ ചേരാഞ്ഞതില്‍ പലര്‍ക്കും ലജ്ജ തോന്നിയിട്ടുണ്ട്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...