Wednesday, July 18, 2018

മലങ്കര സുറിയാനി മഹാജനസഭ യോഗ നിശ്ചയങ്ങള്‍ (1910)

209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ പള്ളികളില്‍ യോഗം കൂടി ബാവായ്ക്കു ലൗകികാധികാരം കൊടുപ്പാന്‍ പാടില്ലെന്നും അസോസ്യേഷന്‍ കമ്മിറ്റിയുടെ സമ്മതം കൂടാതെ മെത്രാന്മാരെ വാഴിക്കാനും മുടക്കാനും പാടില്ലെന്നും നിശ്ചയങ്ങള്‍ ചെയ്തുവരുന്നു. ഇതെല്ലാം കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളികളിലാണ്. പോയ മേടമാസത്തില്‍ കോട്ടയത്തു കൂടിയ മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നും നാലഞ്ചു പേരെ ഡപ്യൂട്ടേഷനായി നിയമിച്ച സംഘത്തിന്‍റെ അപേക്ഷയോടുകൂടെ ബാവായുടെ അടുക്കല്‍ അയയ്ക്കയുണ്ടായി. അപേക്ഷയുടെ ചുരുക്കം ഇപ്പോള്‍ ഉള്ള ക്ഷോഭം നീക്കാന്‍ മുളന്തുരുത്തി സുന്നഹദോസിലെ നിശ്ചയങ്ങള്‍ ബാവാ അംഗീകരിക്കാമെന്നു സമ്മതിക്കണമെന്നും ഒരു പൊതുയോഗം കൂടണമെന്നുമായിരുന്നു. ഈ ഡപ്യൂട്ടേഷന്‍കാര്‍ക്കു ബാവാ കൊടുത്ത മറുപടിയില്‍ സുന്നഹദോസിനെ ആദരിക്കുന്നുവെന്നും അതിലെ നിശ്ചയങ്ങളെ പരിഷ്ക്കരിക്കണമെന്നും വടക്കന്‍ പള്ളികളിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ യോഗം കൂട്ടാന്‍ വിചാരിച്ചിട്ടുണ്ടെന്നുമായിരുന്നു. ഈ കല്പന ഒരുവിധം ആളുകള്‍ക്കു തൃപ്തികരമായിരുന്നു എങ്കിലും കരിങ്ങാശ്ര, കണ്ടനാട് ഈ പള്ളിക്കാരെ കൊണ്ടും മാര്‍ അത്താനാസ്യോസ്, മാര്‍ സേവേറിയോസ് ഈ മെത്രാന്മാരെ കൊണ്ടും എഴുതിച്ച ഉടമ്പടികളിലും ശല്‍മൂസാകളിലും ബാവായ്ക്കു ലൗകികാധികാരം വിവരിച്ചിരുന്നതുകൊണ്ടു തെക്കരുടെ വഴക്കു മൂത്തു. മനോരമ പത്രം ആ വഴക്കിനെ വളരെ വര്‍ദ്ധിപ്പിച്ചു. ലഘുലേഖകള്‍ കണക്കില്ലാതെ ഇറങ്ങി തുടങ്ങി. ഹൈക്കോര്‍ട്ടു വക്കീല്‍ ഇ. ജെ. ജോണ്‍ മുതലായ പലരുടെ ഉത്സാഹത്താല്‍ പത്തിരുനൂറു പേര് ഒപ്പുവച്ച ഒരു നോട്ടീസ് അയച്ചതനുസരിച്ചു 1910 കന്നി 4-നു 1910 സെപ്റ്റംബര്‍ 20-നു കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളിക്കാരുടെ ഒരു യോഗം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. ഈ യോഗത്തില്‍ 150 പള്ളികളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നു എന്നാണ് പറയുന്നത്. യോഗത്തില്‍ പട്ടക്കാരും വളരെയുണ്ടായിരുന്നു. ബാവായുടെ ലൗകികാധികാരത്തെ നിഷേധിച്ചും ബാവായെയും മറ്റും ആക്ഷേപിച്ചും പല പ്രസംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായി. പ്രാസംഗികന്മാരില്‍ പ്രധാനന്മാര്‍ തിരുവനന്തപുരം വികാരി പൂതക്കുഴി അബ്രഹാം കത്തനാര്‍, ഫാ. പി. റ്റി. ഗീവര്‍ഗീസ് എം.എ., വക്കീല്‍ പി. പി. ജോണ്‍, വക്കീല്‍ എ. ഫീലിപ്പോസ്, വക്കീല്‍ ജോണ്‍, ചെറിയ മഠത്തില്‍ യാക്കോബ് കത്തനാര്‍, കെ. സി. മാമ്മന്‍ മാപ്പിള മുതല്‍പേരായിരുന്നു. ഈ യോഗത്തില്‍ താഴെ പറയുന്ന നിശ്ചയങ്ങള്‍ പാസ്സാക്കി. ബാവായുടെ ഭാഗം താങ്ങാന്‍ ഇംഗ്ലീഷ് പഠിച്ചവരായ കോട്ടയത്തു കുന്നുംപുറത്തു സി. ജെ. കുര്യന്‍, വാരിക്കാട്ടു അബ്രഹാം വക്കീല്‍, കളപ്പുരയ്ക്കല്‍ ചാക്കോ തരകന്‍, എം. എം. പോത്തന്‍ ഇങ്ങനെ നാലഞ്ചു പേരേ ആകെ ഉള്ളൂ. യോഗ നിശ്ചയങ്ങള്‍:

"1. പൊതു സുന്നഹദോസുകള്‍, സഭയുടെ കാനോനാകള്‍, സഭാചരിത്രം, മലങ്കരസഭയിലെ കീഴ്നടപ്പ്, കൊല്ലം 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങള്‍, റോയല്‍കോര്‍ട്ട് വിധികള്‍, ഇവകളിന്‍പ്രകാരം അന്ത്യോഖ്യാ സിംഹാസനത്തിലേക്കു മലങ്കരസഭമേലുള്ള സര്‍വ്വ അധികാരങ്ങളെയും ഈ യോഗം സമ്മതിക്കയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 

2. കാതോലിയ്ക്കാക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വി. സുറിയാനി സഭയുടെ സര്‍വ്വ ഉപദേശ ആചാരനടപടികളെയും ഈ യോഗം വിശ്വസിക്കയും അംഗീകരിക്കയും സമ്മതിക്കയും ഉറപ്പിക്കയും ചെയ്തിരിക്കുന്നതും അവയ്ക്കനുസരണമായി എല്ലാ കാര്യങ്ങളും നടക്കുന്നതിനു ഉറപ്പിച്ചിരിക്കുന്നതുമാകുന്നു. 

3. സെമിനാരി കേസിനെ സംബന്ധിച്ചുണ്ടായ ................. റോയല്‍ കോടതി വിധി 347-ാം ............ "മലങ്കരസഭയുടെ ലൗകിക ................ ഭരണത്തിന്മേല്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരം ഒരിയ്ക്കലും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ഈ സഭ ഒരു സ്വതന്ത്രസഭ ആയിരുന്നു" എന്ന പ്രകാരവും അതിനനുരൂപമായി കൊച്ചിയിലെ റോയല്‍ കോടതി വിധിയിലും മലങ്കരസഭാ സ്വത്തുക്കളെയും അവയുടെ ഭരണത്തെയും സംബന്ധിച്ചിട്ടുണ്ടായിട്ടുള്ള വ്യവസ്ഥകളെ ഭേദപ്പെടുത്തുന്നതായ യാതൊരു പ്രവൃത്തിയെയും ഈ യോഗം സമ്മതിക്കുന്നതല്ലാത്തതും സമ്മതിക്കാന്‍ പാടില്ലാത്തതുമാകുന്നു. ഇവയ്ക്കു വിപരീതമായി കൂടുതല്‍ അധികാരങ്ങള്‍ ബാവാ തിരുമനസ്സിലേക്കു വേണമെന്നു ആഗ്രഹിക്കുന്നതായി കാണുന്നതില്‍ ഈ യോഗം നിര്‍വ്യാജമായി വ്യസനിക്കുന്നു.

4. മലങ്കര മെത്രാപ്പോലീത്തായെയും വേണ്ടി വരുന്ന ഇടവക മെത്രാന്മാരെയും വാഴിക്കുന്നതിനുള്ള അധികാരം അന്ത്യോഖ്യാ സിംഹാസനത്തില്‍ ഇരിക്കുന്നു എങ്കിലും കാനോനാകളാലും വിധികളാലും അങ്ങനെ വാഴിക്കപ്പെടുന്ന മെത്രാപ്പോലീത്തന്മാര്‍ ......... ഈ സഭയില്‍ മുറപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരും ആയിരുന്നാല്‍ മാത്രമേ മലങ്കരസഭയിന്മേലോ ഇടവകകളിന്മേലോ സ്ഥാനത്തിനടുത്ത അധികാരം വഹിപ്പാന്‍ പാടുള്ളു എന്ന് സഭാചട്ടങ്ങളാലും കോടതിവിധികളാലും സ്ഥിരപ്പെട്ടിരിക്കുന്ന തത്വത്തെ ഈ യോഗം അംഗീകരിച്ചു ദൃഢപ്പെടുത്തുന്നു. 

5. 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങളില്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ (ഇവിടുത്തെ മജിലിസിന്‍റെ) അനുമതിയോടു കൂടി നമ്മുടെ സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യപ്പെടുന്ന സകല ഏര്‍പ്പാടുകളും സാധുവായിരിക്കുകയും ചെയ്യണമെന്നു നിശ്ചയിച്ചിട്ടുള്ളതു സിംഹാസനത്തിങ്കല്‍ നിന്നു ഈ സഭയിലേക്കുള്ള സകല പ്രവൃത്തികളെയും ബാധിക്കുന്നതാണെങ്കിലും മെത്രാപ്പോലീത്തന്മാരുടെ ഇടവകകള്‍ ........... ഭരിക്കുന്ന മെത്രാന്മാരുടെ അംശം മുടക്കി ഭരണവിരോധവും കര്‍മ്മവിരോധവും ചെയ്ക മുതലായ പ്രവൃത്തികള്‍ കമ്മിറ്റിയുടെ പ്രേരണയിന്‍പേരിലും കമ്മിറ്റി മുഖാന്തരവും കമ്മിറ്റിയുടെ അനുമതിയോടും കാനോന്‍ നിയമങ്ങളെ അനുസരിച്ചും മാത്രമേ പാടുള്ളു എന്നുള്ളത് സഭയുടെ രക്ഷയ്ക്കു എത്രയും ഭദ്രമായി പാലിക്കപ്പെടുവാന്‍ ആവശ്യമുള്ള തത്വമായി ഈ യോഗം ഗണിച്ചിരിക്കുന്നതും അതിനു വിരോധമായുള്ള പ്രവൃത്തികളെ മലങ്കരസഭയുടെ പൊതുവിന്നടുത്ത അസോസിയേഷനില്‍ കൊണ്ടുവരുന്ന തീരുമാനംപോലെ അല്ലാതെ അനുസരിപ്പാന്‍ പാടില്ലാത്തതും ആവശ്യമില്ലാത്തതുമാകുന്നതുപോലെ തന്നെ മറ്റു വൈദികന്മാരോടോ അയ്മേനികളോടോ ഈ യോഗത്തില്‍ ഭരണതത്വങ്ങളായി നാം ഇന്നു രേഖപ്പെടുത്തുന്ന നിശ്ചയങ്ങളുടെ ആത്മാവിനും സ്വഭാവത്തിനും വിപരീതമായി സത്യഅധികാരം കവര്‍ന്നു അധികാരവാഹികളാല്‍ ചെയ്യപ്പെടുന്ന പ്രവൃത്തികളെയും മേല്‍പ്രകാരം മാത്രമേ സമ്മതിച്ചു പ്രവൃത്തിപ്പാന്‍ ഇടയുള്ളു എന്നും യോഗം നിശ്ചയിച്ചു. 

6. സഭയില്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്കു പരിഹാരമാര്‍ഗ്ഗം ആലോചിക്കുന്നതിനായി ശട്ടംകെട്ടുകള്‍ ചെയ്യണമെന്നും മറ്റും പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ അടുക്കല്‍ അപേക്ഷിക്കുന്നതിനു വേണ്ടി മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നയച്ച ഡപ്യൂട്ടേഷന്‍കാര്‍ക്കു പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കൊടുത്തിട്ടുള്ള 19-ാം നമ്പര്‍ മറുപടി കല്പനയില്‍ വടക്കന്‍ പള്ളികളിലെ യാത്ര കഴിഞ്ഞാലുടന്‍ പൊതുയോഗം വിളിച്ചുകൂട്ടി കുഴപ്പങ്ങള്‍ തീര്‍ക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതും, ഇപ്പോള്‍ വടക്കന്‍ സര്‍ക്കീട്ട് മിക്കവാറും അവസാനിച്ചിരിക്കുന്നതും ആകയാല്‍ ഈ അവസരത്തില്‍ തിരുമനസ്സുകൊണ്ടു കൃപയായി കോട്ടയത്തു സെമിനാരിയില്‍ എഴുന്നള്ളിയിരുന്നു വാഗ്ദാനപ്രകാരമുള്ള പൊതുയോഗം വിളിച്ചുകൂട്ടുന്നതിനു വേണ്ട ശട്ടംകെട്ടുകള്‍ ചെയ്വാന്‍ ആരംഭിക്കുന്നതിനു ഇനിയും താമസം വരുത്തരുതെന്നും, സഭയില്‍ സമാധാനം കണ്ടതിനുമേല്‍ അല്ലാതെ തിരുമനസ്സുകൊണ്ടു ടി മദ്ധ്യസ്ഥരംഗത്തു മാറാതെ ഇരിക്കണമെന്നും തിരുമേനിയോടു ഈ യോഗ പ്രതിനിധികള്‍ വിനയമായും കഴിക്കയും അപേക്ഷിക്കണമെന്നും ഈ നിവൃത്തിക്കു മുമ്പ് ഉള്‍പ്രദേശങ്ങളിലെ പള്ളികളില്‍ തിരുമേനി സഞ്ചരിക്കുന്നപക്ഷം തെറ്റിദ്ധാരണ വര്‍ദ്ധിപ്പാനും ഭിന്നത അധികരിപ്പാനും ഇടവന്നേക്കുമെന്നുള്ളതുകൊണ്ടും ഈ യോഗത്തില്‍ ചേര്‍ന്നിരിക്കുന്ന പള്ളിക്കാരാരും അങ്ങനെയുള്ള കലഹത്തിനു ഇടവരുത്താതെ ഇരിപ്പാന്‍ നിര്‍ബന്ധമായും ശപഥം ചെയ്യണമെന്നും ഈ യോഗം നിശ്ചയിച്ചു. 

7. മലങ്കര സുറിയാനി സഭയുടെ ഭരണ ............... ദേശീയമായിരിക്കണമെന്നുള്ള പ്രമാണത്തിനു വിപരീതമായി പരദേശീയനായ മാര്‍ ഒസ്താത്യോസ് ബാവാ തിരുമേനിയെ ഈ വംഗ നാട്ടില്‍ സ്ഥിരവാസത്തിനനുവദിച്ചു അധികാരപ്പെടുത്തിയതുപോലെ അറിയുന്നതില്‍ ഈ യോഗം കുണ്ഠിതപ്പെടുകയും ഈ തിരുമേനിയുടെ ഇംഗിതജ്ഞാനമില്ലാത്ത സ്വഭാവ വിശേഷത്താല്‍ ജനങ്ങളില്‍ സമാധാനഭംഗം ഉണ്ടാകാന്‍ ഇടവന്നിട്ടുള്ളതും പൊതുജനാഭിപ്രായത്തില്‍ ഇപ്പോഴത്തെ കുഴപ്പത്തിന്‍റെ ഒരു പ്രധാന കാരണം ഈ തിരുമേനിയുടെ അധികാരഭ്രമം ആണെന്നു വിചാരമുള്ളതാകകൊണ്ടു ബാവാ തിരുമനസ്സിലെ കൃപയുണ്ടായി ഇങ്ങനെയുള്ള തിരുമേനിയെ സഭയ്ക്കു ഭാരമാകാതിരിപ്പാന്‍ അപേക്ഷിക്കണമെന്നും ഈ യോഗം നിശ്ചയിച്ചു. 

8. മലങ്കരസഭയിലെ ഭരണസംബന്ധമായ വ്യവസ്ഥകള്‍ ചെയ്യുന്നതിനും തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും മുളന്തുരുത്തി സുന്നഹദോസില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന യോഗം മെത്രാപ്പോലീത്തന്മാര്‍, മറ്റു വൈദികന്മാര്‍, അയ്മേനികള്‍ മുതലായവര്‍ ഉള്‍പ്പെട്ട അസോസ്യേഷന്‍ എന്നു നാമമുള്ള പൊതു സംഘമായിരിക്കുന്നതും അവര്‍ ഭരണത്തില്‍പെട്ടവരും ചുമതല വഹിക്കുന്നവരും ആകകൊണ്ടു കീഴുനടപ്പിന്‍പ്രകാരവും ഭരണരീതിയുടെ നിര്‍ണ്ണയത്തില്‍ അവസാന അധികാരികളായി ഈ യോഗം ഗണിക്കുന്നതും; അധികാരവാഹികളായ സ്ഥാനികള്‍ അവരുടെ നിശ്ചയപ്രകാരം മാത്രം പ്രവര്‍ത്തിക്കേണ്ടതെന്ന് ഈ യോഗം വച്ചിരിക്കുന്നതും; വൈദികസ്ഥാനികളോടുകൂടി അയ്മേനികള്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയെ പൊതു അസോസ്യേഷന്‍റെ പേര്‍ക്ക് അധികാരം വഹിക്കുന്നവരായി ഗണിക്കേണ്ടതും ആകുന്നു എന്നുള്ള തത്വത്തെ ഈ യോഗം പ്രസ്താവിച്ചു സ്ഥിരപ്പെടുത്തുന്നു. 

9. ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെ ദൈവഭക്തിയിലും വിശ്വാസ സ്ഥിരതയിലും അനിതരസാധാരണമായ കാര്യശേഷിയിലും ഈ യോഗത്തിനു പൂര്‍ണ്ണമായ വിശ്വാസമുണ്ട്. 

10. മേല്‍പ്പറഞ്ഞ നിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു താഴെ പറയുന്ന ആളുകളെ ഈ യോഗത്തിന്‍റെ പ്രതിനിധി കമ്മിറ്റിയായി നിശ്ചയിച്ചിരിക്കുന്നതും അവര്‍ ബാവാ തിരുമനസ്സിലേയും മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെയും അടുക്കല്‍ വിവരങ്ങള്‍ അറിയിച്ചു അധിക കാലതാമസം കൂടാതെ വേണ്ട തീര്‍ച്ചകള്‍ സമ്പാദിക്കേണ്ടതും യോഗോദ്ദേശ നിവൃത്തിക്കായി ആവശ്യപ്പെട്ട സകല നടപടികളും അവര്‍ നടത്തേണ്ടതും അതു സംബന്ധിച്ചു വേണ്ടിവരുന്ന ചിലവിലേക്കു പണം പള്ളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിക്കുന്നതിനു അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതും ഇതിലേക്കു ആവശ്യപ്പെട്ട വിശേഷാല്‍ ചിലവുകള്‍ ............ വയ്ക്കുന്നതിനും വഹിക്കുന്നതിനും കമ്മിറ്റിക്കാരെ ഇതിനാല്‍ അധികാരപ്പെടുത്തി ചുമതലയേറ്റിരിക്കുന്നതുമാകുന്നു. 

മെസേഴ്സ് ഇ. ജെ. ജോണ്‍ ബി.എ., ബി.എല്‍., (പ്രസിഡണ്ട്), സി. ചെറിയാന്‍, ലൂക്കോസ് വക്കീല്‍, പി. ഐ. മാണി, എം. പി. വര്‍ക്കി, കല്ലറയ്ക്കല്‍ ഇ. എം. ജോസഫ്.

സെക്രട്ടറിമാര്‍: കെ. സി. മാമ്മന്‍ മാപ്പിള ബി.എ., കെ. വി. ചാക്കോ ബി.എ., എല്‍.റ്റി., പി. പി. ജോണ്‍ ബി.എ., ബി.എല്‍., എ. ഫീലിപ്പോസ് എം.എ., ബി.എല്‍.

11. ഈ യോഗം മേല്‍പ്രകാരം ചെയ്തിട്ടുള്ള നിശ്ചയങ്ങള്‍ മലങ്കര സുറിയാനി സമുദായത്തിലെ സത്യമായ ഭൂരിപക്ഷാഭിപ്രായത്തിനു അനുകൂലമെന്നു യോഗം വിശ്വസിക്കുന്നു. എന്നു വരികിലും ബാവാ മുഖാന്തിരമോ മെത്രാപ്പോലീത്താ മുഖാന്തിരമോ ടി യിലെ മെമ്പറന്മാര്‍ മുഖാന്തിരമോ മുറപ്രകാരം വിളിച്ചുകൂട്ടപ്പെടുന്ന ഒരു പൊതുയോഗത്തില്‍ സഭയുടെ ഭൂരിപക്ഷാഭിപ്രായം ഏതെങ്കിലും കാര്യത്തില്‍ ഭിന്നമാകുന്നു എന്നു പ്രത്യക്ഷപ്പെടുന്നപക്ഷം ആ വിഷയത്തില്‍ ഈ യോഗനിശ്ചയങ്ങളെ ഭേദപ്പെടുത്തി സത്യ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിച്ചു പ്രവര്‍ത്തിപ്പാനും ഈ യോഗാംഗങ്ങള്‍ സന്നദ്ധരായിരിക്കുന്നു എന്നു കൂടി രേഖപ്പെടുത്തിയിരിക്കുന്നു."

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...