205. കൊല്ലം 1045-മാണ്ടു മേട മാസം ഒടുവില്‍ മുതല്‍ ഇടവ മാസം അവസാനം വരെ ഒരു വലിയ വാല്‍നക്ഷത്രം കാണപ്പെട്ടു. ഈ നക്ഷത്രത്തിന്‍റെ പേര്‍ പറയുന്നത് ഹാലിയുടെ നക്ഷത്രം എന്നാണ്. കിഴക്കുഭാഗത്തു ഉദയനക്ഷത്രത്തോടടുത്ത് വെളുപ്പിനു അഞ്ചാറുനാഴിക വെളുപ്പുള്ളപ്പോള്‍ നക്ഷത്രം താഴെ കാലില്‍ മേല്‍പ്പോട്ടുമായി വളരെ ദിവസം കണ്ടുകൊണ്ടിരുന്നു. വാല്‍ ആദ്യം ചെറുപ്പമായിരുന്നു. എങ്കിലും നാള്‍ക്കുനാള്‍ വളര്‍ന്നു ആകാശത്തിന്‍റെ മദ്ധ്യം വരെ നീളം ഉണ്ടായി. പിന്നീട് ഈ നക്ഷത്രം സന്ധ്യയ്ക്കു പടിഞ്ഞാറു ഉദിച്ചുകൊണ്ടിരുന്നു. അവിടെയും വാല്‍ മേല്പോട്ടായിട്ടാണ് കണ്ടത്. വാല്‍ ക്രമേണ മേല്‍പറഞ്ഞതുപോലെ വളര്‍ന്നുകൊണ്ടിരുന്നു. ഈ നക്ഷത്രം പണ്ട് യൂലിയസ് കൈസറിന്‍റെ മരണത്തിങ്കലും മറ്റും കണ്ടതാണത്രെ. ഇത് കാണപ്പെടുമ്പോള്‍ ലോകത്തില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാകുക പതിവുണ്ട് എന്ന് പറയുന്നു. ഇംഗ്ലണ്ടിലെ ഏഴാം എഡ്വേര്‍ഡ് ചക്രവര്‍ത്തിയുടെ മരണവും ഈ പ്രാവശ്യം ഈ നക്ഷത്രം കാണപ്പെട്ടപ്പോള്‍ ആയിരുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment