Wednesday, July 18, 2018

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്യുന്നു (1877)



33. മുന്‍ 33-മതു ലക്കത്തില്‍ പറയുന്നപ്രകാരം പാത്രിയര്‍ക്കീസ് ബാവാ ശീമയ്ക്കു പോകുവാനായി കുന്നംകുളങ്ങര താമസിച്ചുവരുമ്പോള്‍ ബലയാര്‍ കൊല്ലത്തു പാര്‍ക്കയായിരുന്നു. അവിടെ വച്ച് രാത്രി ഉറങ്ങുന്ന സമയം അയാളുടെ കാലേല്‍ ഉണ്ടായിരുന്ന പ്രമേഹകുരുവില്‍ ഒരു എലി കടിക്കയും ഇതുനിമിത്തം കാലു പഴുക്കുകയും മറ്റും ചെയ്ത കാരണത്താല്‍ അയാള്‍ മാരാമണ്ണു വന്ന് അയാളുടെ വക മേടയില്‍ താമസിക്കയും ക്രമേണ വ്രണം കടുത്ത് ഏകദേശം രണ്ടു മാസം വരെ കഠിന രോഗത്തില്‍ കിടന്നാറെ 1877 കര്‍ക്കടകം 4-നു തിങ്കളാഴ്ച മലയാളം 1053 കര്‍ക്കടകം 2-ാം തീയതിക്കു ഇംഗ്ലീഷ് കണക്കിനു ജൂലൈ മാസം 16-നു ഏകദേശം ഉച്ചസമയം മേടയില്‍ വച്ചു തന്നെ മരിക്കയും പിറ്റേദിവസം ചൊവ്വാഴ്ച മാരാമണ്ണു പള്ളിയില്‍ കബറടക്കം ചെയ്കയും ചെയ്തു. കൂടെ ചുമ്മാതെയും കത്തിരുകാരനും ഉണ്ടായിരുന്നു. ഇയാളുടെ ദീനവും നിര്യാണവും കാണുന്നവര്‍ ഒക്കെയും ഇത് ദൈവകോപം എന്ന് സംശയം കൂടാതെ അട്ടഹസിക്കത്തക്കവിധത്തില്‍ എന്ന് കേട്ടിരിക്കുന്നു. 

34. ഇതിന്‍റെശേഷം ചുമ്മാ തോമ്മായും ആഞ്ഞൂക്കാരനും കൂടെ ഒന്നിച്ചു കോട്ടയത്തു സെമിനാരിയില്‍ തിരികെ വരികയും ആഞ്ഞൂക്കാരന്‍ താമസിയാതെ വടക്കോട്ടു പോകയും ചെയ്തു. പിന്നീട് മരിച്ചുപോയ ബലയാറിന്‍റെ നാല്‍പതാം ദിവസമായി 1877 ചിങ്ങം 25-ാം തീയതിക്കു മലയാളം 1053 ചിങ്ങം 23-നു വ്യാഴാഴ്ച കോട്ടയത്തു സെമിനാരിയില്‍ വച്ച് ഒരു അടിയന്തിരം കഴിക്കയും ചെയ്തു. ഈ അടിയന്തിരം കഴിച്ചത് ദിവസം കണക്കിനു നാല്പതാം ദിവസം അല്ല. 41-ാം ദിവസമായിരുന്നു. അതും നാല്‍പതാം ദിവസത്തിന്‍റെ ക്രമത്തിനുള്ള മീന്‍ കൂട്ടിയല്ലാഞ്ഞു. പുലകുളിയുടെ ക്രമത്തില്‍ ഇഞ്ചി, പുളിനാരങ്ങാ, വറത്തത് കൂട്ടിയായിരുന്നു. ഈ അടിയന്തിരത്തില്‍ ആഞ്ഞൂക്കാരനും തോമ്മായും കൂടെ ഉണ്ടായിരുന്നു. പള്ളികളില്‍ ബലയാര്‍ കക്ഷികള്‍ ഉള്ളവര്‍ ഒക്കെയും അവരവരുടെ പാങ്ങുപോലെ പല സാമാനങ്ങളും രൂപായും കൊണ്ടുവന്നു തോമ്മായ്ക്കു കൊടുത്തതായി കേള്‍ക്കുന്നു. ഈ സമയത്ത് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുവല്ലാ പള്ളിയില്‍ ആയിരുന്നു. ആഞ്ഞൂക്കാരന്‍ ഉടനെ വടക്കോട്ടു പോകയും ചെയ്തു. ചുമ്മാ തോമ്മാ സെമിനാരിയില്‍ തന്നെ താമസിക്കുന്നു. അടിയന്തിരത്തില്‍ തഹശീല്‍ദാരും ഗുമസ്തനും കൂടെ സമാധാന രക്ഷയ്ക്കായിട്ടു സെമിനാരിയില്‍ വന്നിട്ടുണ്ടായിരുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...