Saturday, July 14, 2018

കല്ലുങ്കത്ര പടിയോല (1843)

8. രണ്ടാം പുസ്തകം 62 മത് ലക്കത്തില്‍ പറയുന്നപ്രകാരം കണ്ടനാട്ടു നിന്നു പാലക്കുന്നനെ ഒഴിച്ചു അയച്ചതിന്‍റെ ശേഷം അവര്‍ പോരുംവഴി കല്ലുങ്കത്ര പള്ളിയില്‍ കയറി അയാളും അയാളുടെ കൂട്ടുകാരും കൂടി എഴുതി ഒപ്പിട്ട പടിയോലയ്ക്കു പകര്‍പ്പ്.

സര്‍വ്വശക്തനായി ആദ്ധ്യാന്തമില്ലാത്ത മുന്മത്വത്തിന്‍റെ തിരുനാമത്താലെ പള്ളികള്‍ ഒക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പള്ളിയില്‍ പത്രോസിനടുത്ത സിംഹാസനത്തുന്മേല്‍ മുഷ്കരപ്പെട്ടിരിക്കുന്ന തലവരുടെ തലവനും ഇടയരുടെ ഇടയനും ബാവാന്മാരുടെ ബാവായും ആയ ബഹുമാനപ്പെട്ട നമ്മുടെ ബാവാ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചയിന്‍കീഴില്‍ ഉള്‍പ്പെട്ട മലങ്കര ഇടവകയുടെ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസും (മത്തിയൂസ്) അങ്കമാലി, നിരണം ഉള്‍പ്പെട്ട പള്ളിക്കാരും കൂടി കോട്ടയത്തു കല്ലുങ്കത്ര ശുദ്ധമാകപ്പെട്ട മാര്‍ ഗീവറുഗീസ് സഹദായുടെ പള്ളിയില്‍ വച്ച് 1843 മത് കൊല്ലം 1019-മാണ്ട് കന്നി മാസം 3-നു വെള്ളിയാഴ്ച ദിവസം എഴുതിയ പടിയോല. 

മലയാളത്തില്‍ സുറിയാനിക്കാരുടെ മേല്‍ മെത്രാപ്പോലീത്താ ആയിട്ട് പാലമറ്റത്തു തറവാട്ടില്‍ നിന്നുള്ള മര്‍ത്തോമ്മന്‍ മെത്രാന്‍ ബഹുമാനപ്പെട്ട നമ്മുടെ ബാവാ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ സ്താത്തിക്കോനോടുകൂടി ബാവാന്മാരാല്‍ മാര്‍ ദീവന്നാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്താ ആയിട്ടു വാഴിച്ച് ആ ദേഹം സുറിയാനി സഭയെ വിചാരിച്ചു വരുമ്പോള്‍ 583-മാണ്ടു മീന മാസത്തില്‍ കാലം ചെയ്തതിന്‍റെ ശേഷം ആ വകയിലുള്ള മാര്‍ത്തോമ്മാമാര്‍ 990 മത് ധനു മാസം വരെയും പള്ളികള്‍ വിചാരിച്ചു വന്നാറെ അവരുടെ കാലം കഴിഞ്ഞതിന്‍റെ ശേഷം ആ തറവാട്ടില്‍ പ്രാപ്തിയുള്ള ആളുകള്‍ ഇല്ലാതെയും അന്ത്യോഖ്യായില്‍ നിന്നു ബാവാന്മാര്‍ വന്നുചേരാതെയും തീരുകയാല്‍ മുമ്പില്‍ (വല്യ) മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും യോഗക്കാരും കൂടി മലങ്കര ഇടവകയ്ക്കു പുറത്താക്കിയിരുന്ന കാട്ടുമങ്ങാട്ടു മെത്രാന്മാരുടെ വകയില്‍ ഉള്ള കിടങ്ങന്‍ പീലക്സിനോസ് (ഗീവറുഗീസ്) മെത്രാപ്പോലീത്തായോടു കോട്ടയത്ത് സെമിനാരി പണിയിച്ചു പാര്‍ത്തിരുന്ന പുലിക്കോട്ടു യൗസേപ്പ് റമ്പാന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന സ്ഥാനം ഏറ്റ് വരികയും മെത്രാപ്പോലീത്തന്മാരുടെ മുറയ്ക്കു  സ്ഥാനം ലഭിച്ചിട്ടുള്ളതല്ലാഴികയാല്‍ ജനങ്ങളെകൊണ്ടു അനുസരണം വരുത്തുന്നതിനുവേണ്ടി നൂതനമായിട്ടു വിളംബരം ഉണ്ടാക്കിച്ചു ആ ദേഹത്തെ അനുസരിച്ചു നടക്കേണ്ടുന്നതിനു പരസ്യം ചെയ്യിച്ച ആ നാള്‍ മുതല്‍ ആ വകയില്‍ മെത്രാന്മാര്‍ പള്ളികള്‍ വിചാരിച്ചു വരുമ്പോള്‍ അന്ത്യോഖ്യായില്‍ നിന്നും ബഹുമാനപ്പെട്ട ബാവാ പാത്രിയര്‍ക്കായുടെ കല്‍പനയോടുകൂടെ സ്താത്തിക്കോന്‍ മുതലായതുംകൊണ്ട് അത്താനാസ്യോസ് (അബ്ദല്‍ മശിഹാ) മെത്രാപ്പോലീത്തായും റമ്പാന്‍ ബസാറായും 1001-മാണ്ട് വൃശ്ചിക മാസത്തില്‍ മലയാളത്തു ഇറങ്ങിയതിന്‍റെ ശേഷം അന്ന് ഇവിടെ ഉണ്ടായിരുന്ന കിടങ്ങന്‍ പീലക്സിനോസ് (ഗീവറുഗീസ്) മെത്രാപ്പോലീത്തായും ഇപ്പോള്‍ ഇരിക്കുന്ന ചേപ്പാട്ടു പള്ളി ഇടവകയില്‍ ആഞ്ഞിലിമൂട്ടില്‍ ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും മുഖാന്തിരത്താല്‍ തിരികെ അയച്ച് അവര്‍ തന്നെ പിന്നെയും വിചാരിച്ചു വരുന്നതും ഇവര്‍ക്കു സ്ഥാനം തികവില്ലാഴികയാല്‍ മേല്‍പട്ടക്കാരെയും സ്താത്തിക്കോനും അയച്ച് സുറിയാനി സഭയെ ഭരിക്കുന്നതിനും ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായ്ക്കു സ്ഥാനം തികച്ചു കൊടുക്കുന്നതിനും അപേക്ഷിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ തിരുമനസറിയിക്കുന്നതിനു എഴുതികൊടുത്തയച്ചാറെ മലയാളത്തുള്ള സുറിയാനി സഭയും പള്ളികളും ഭരിക്കുന്നതിനു ബാവാന്മാരെയും മൂറോനും പുസ്തകങ്ങളും കൊടുത്തയക്കുമെന്നും ആ കല്പന എഴുതപ്പെട്ട നേരംതൊട്ടു നിങ്ങളില്‍ നിന്നു ഒരുത്തന്‍ ശെമ്മാശിനെയെങ്കിലും കശീശായെങ്കിലും ഉണ്ടാകുന്നതിനു റൂഹാദ കുദിശായില്‍ നിന്നും എന്നില്‍ നിന്നും അനുവദിക്കപ്പെട്ടതാകുന്നില്ലായെന്നും മറ്റും പാത്രിയര്‍ക്കീസ് ബാവാ കല്പിച്ചു നമുക്കായിട്ടു എഴുതിയ റിപ്പൂതാ കല്പന മാറോഗിയെന്നവന്‍ 1016-മാണ്ട് കുംഭ മാസത്തില്‍ തുമ്പമണ്‍ പള്ളിയില്‍ കൊണ്ടുവന്നു മേല്‍ എഴുതിയ മെത്രാപ്പോലീത്തായുടെ പക്കല്‍ കൊടുക്കയും വായിച്ചു കണ്ട് അന്നു മുതല്‍ 10 സംവത്സരം മുടങ്ങി കല്‍പന അനുസരിച്ച് പട്ടം കൊടുക്കാതെ പാര്‍ത്തതും പിന്നത്തേതില്‍ കല്പന മറുത്ത് പട്ടം കൊടുക്കയും എല്ലാ പള്ളികളിലും ജനങ്ങളെ ഭിന്നിപ്പിച്ച് കലഹങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്ന സംഗതിയിങ്കല്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്തു മത്തായി (മത്തിയൂസ്) ശെമ്മാശന്‍ ഇവിടെനിന്നും പുറപ്പെട്ടു മര്‍ദീനീല്‍ ചെന്നു അന്ത്യോഖ്യായുടെ ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായെ കണ്ട് ഇവിടുത്തെ വസ്തുതകള്‍ ഒക്കെയും അറിയിച്ചാറെ അവിടത്തെ ഇഷ്ടപ്രകാരം സുന്നഹദോസ് കൂടി വിചാരിച്ചു മുന്‍ അപേക്ഷപ്രകാരം മലയാളത്തുള്ള സുറിയാനിക്കാരെ ഭരിക്കുന്നതിനു ഈ ദേഹത്തെ പട്ടം കെട്ടി അയച്ചാല്‍ കൊള്ളാമെന്നു അവര്‍ നിശ്ചയിച്ചപ്രകാരം (മത്തിയൂസിനു) അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്ന സ്ഥാനവും മലയാളത്തേക്കു സ്ഥാത്തിക്കോന്‍ മുതലായതും തിരുവിതാംകൂര്‍ - കൊച്ചി രണ്ടു സംസ്ഥാനങ്ങളിലേക്കും ബഹുമാനപ്പെട്ട ഗവര്‍മെന്‍റിലേക്കും എഴുത്തുകളും കൊടുത്തു മര്‍ദീനില്‍ നിന്നും യാത്രയാക്കി 1018-മാണ്ട് ഇടവ മാസത്തില്‍ കൊച്ചിയില്‍ വന്നതിന്‍റെ ശേഷം കോനാട്ട് (അബ്രഹാം) മല്പാനും വടക്കരില്‍ ഏതാനും പള്ളിക്കാരും കൂടി ചെന്നു സ്ഥാത്തിക്കോനും കണ്ടു കൈയും മുത്തി കാട്ടുമങ്ങാട്ടു മെത്രാന്മാരുടെ വക വിവരത്തിനു എഴുതിയ കടലാസും കാണിച്ച് പകര്‍പ്പും കൊടുത്ത് പിന്നത്തേതില്‍ നിരണത്തു എത്തി ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും കോനാട്ട് മല്പാന്‍ മുതലായി ഏതാനും പള്ളിക്കാരും കൂടി നിശ്ചയിച്ച് മുന്‍ ചിങ്ങ മാസം 20-നു കണ്ടനാട്ടു പള്ളിയില്‍ വച്ച് സ്ഥാത്തിക്കോന്‍ വായിച്ചു മേല്‍നടപ്പു നിശ്ചയിച്ചുകൊള്ളാമെന്നു പറഞ്ഞു ബോധിച്ചതിന്മണ്ണം പള്ളികളിലേക്കു സാധനം എഴുതുകയും മുറപ്രകാരം ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും നിരണത്തു പള്ളിക്കാരും മറ്റും അപ്പോള്‍ കൂടെ ഉണ്ടായിരുന്ന പള്ളിക്കാരും അനുസരിച്ചു കൈകൊള്ളുകയും കാപ്പാ, പത്രസീന്‍ മുതലായതു കൊടുക്കയും മേല്‍ എഴുതിയ പള്ളിക്കാര്‍ മോതിരം ഇടുകയും ചെയ്തതിന്‍റെ ശേഷം സാധനത്തിന്‍പ്രകാരം അവധിക്കു കണ്ടനാട്ടു പള്ളിയില്‍ എല്ലാവരും കൂടിയാറെ കോനാട്ട് (അബ്രഹാം) മല്പാനും ഇടവഴിക്കല്‍ (ഫീലിപ്പോസ്) പോത്തന്‍ കത്തനാരും ചാലില്‍ കോരയും ഏതാനും മാപ്പിളമാരും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂടി ആലോചിച്ചു കല്പനപ്രകാരം സ്ഥാത്തിക്കോന്‍ വാങ്ങിച്ചു വായിക്കാതെ ഇരിക്കേണ്ടതിനു ഈ അത്താനാസ്യോസ് (മത്തിയൂസ്) ബാവായുടെ പേരില്‍ ഇവിടെ നടന്നുവരുന്നതില്‍ സുറിയാനി മര്യാദകള്‍ക്കു ക്രമഭേദമുണ്ടെന്നും പറഞ്ഞും മറ്റും കൃത്രിമങ്ങള്‍ തുടങ്ങി. ചില പള്ളിക്കാരെ അയച്ചതിന്‍റെ ശേഷം മുന്‍ വന്ന കല്പന മറുത്തു പട്ടംകൊട മുതലായതു ചെയ്തുവരുന്നതു വീതത്തിലും അധികമായിട്ടുള്ള നേരുകേടുകള്‍ നിശ്ചയിച്ചിരിക്കുന്നതാകുന്നുയെന്നു കണ്ടു അത്താനാസ്യോസ് (മത്തിയൂസ്) ബാവായും നമ്മളും കണ്ടനാട്ടു നിന്നും പിരിഞ്ഞു ഇവിടെ വന്നു എല്ലാവരുംകൂടി സത്യമായിട്ടും മുറയായിട്ടും ഉള്ള ഈ സ്ഥാനത്തെ കല്പന അനുസരിച്ചു നടക്കേണ്ടുന്നതിനും കണ്ടനാട്ടു വച്ചു പറഞ്ഞു കേട്ട വിവദുകളുടെ വിവരത്തെ കൊണ്ടു ആലോചിച്ചു നിശ്ചയിച്ച കാര്യങ്ങള്‍ ഇതിനു താഴെ എഴുതുന്നു. 

ഒന്നാമത്, മലയാളത്തുള്ള യാക്കോബായ സുറിയാനിക്കാരായ നമ്മള്‍ അന്ത്യോഖ്യായുടെ ശുദ്ധമാകപ്പെട്ടതും ബഹുമാനപ്പെട്ടതുമായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവായുടെ കൈക്കീഴില്‍ ഉള്ളവരും മുമ്പിനാലെ അവിടെനിന്നും ബഹുമാനപ്പെട്ട ബാവാന്മാരും പ്രധാനിയായ ക്രിസ്ത്യാനി തോമ്മാ മുതലായ ആളുകളും വന്നു നമ്മെയും നമ്മുടെ പള്ളികളെയും സംരക്ഷണ ചെയ്ത് നമുക്കും പള്ളികള്‍ക്കും വേണ്ട വസ്തുക്കളും തന്നു തലമുറതലമുറയായി നടന്നുവരുന്ന ക്രമംപോലെ ബഹുമാനപ്പെട്ട ബാവായില്‍ നിന്നും പട്ടംകെട്ടി അയക്കുന്ന മേല്പട്ടക്കാരെ നാം കൈക്കൊള്ളുവാനുള്ളതാകകൊണ്ടു ഇപ്പോള്‍ അയച്ചിരിക്കുന്ന അത്താനാസ്യോസ് (മത്തിയൂസ്) ബാവായെ സ്ഥാത്തിക്കോന്‍ കണ്ടതിന്മണ്ണം നാം കൈക്കൊള്ളുവാനും യാക്കോബായ സുറിയാനിക്കാരായ നമ്മുടെ ബാവാന്മാരുടെ മുറപോലെ നമ്മെയും നമ്മുടെ പള്ളികളെയും നടത്തിപ്പാനും ഉള്ളതാകുന്നു. 

രണ്ടാമത്, ഇവിടെ നടന്നുവരുന്നതില്‍ സുറിയാനി മര്യാദകള്‍ക്കു ക്രമഭേദം ഉണ്ടെന്നു കണ്ടനാട്ടു വച്ചു പറഞ്ഞുകേട്ട സംഗതിയെക്കൊണ്ടു ആലോചിച്ചാറെ ശുദ്ധമാന പുസ്തകത്തിന്‍പ്രകാരം നിഖ്യായിലും കുസ്തന്തീനോപോലീസിലും (എപ്പേസോസിലും) ഉണ്ടായ മൂന്നു സുന്നഹദോസിന്‍റെയും കാനോനാപോലെ അന്ത്യോഖ്യായുടെ സഭയില്‍ ശുദ്ധമാകപ്പെട്ട ബാവാന്മാര്‍ നടത്തി വരുന്നക്രമം പോലെയും ഇപ്പോള്‍ വന്നിരിക്കുന്ന സ്ഥാത്തിക്കോന്‍ പോലെയും നടക്കയും നടത്തിക്കയും ചെയ്തുകൊള്ളുന്നു. 

മൂന്നാമത്, മേല്‍പറഞ്ഞ എഴുതിയിരിക്കുന്നതിന്മണ്ണം നടക്കുകയും നടത്തിക്കയും ചെയ്യുന്ന നാള്‍ ഒക്കെയും ഈ അത്താനാസ്യോസ് (മത്തിയൂസ്) ബാവായെയും ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് ബാവായുടെ കല്പന പ്രകാരം സ്ഥാത്തിക്കോനോടുകൂടെ ഉണ്ടായി വരുന്ന മേല്പട്ടക്കാരെയും അനുസരിച്ചുകൊള്ളാമെന്നും പരസ്പരം ഏകീകരിച്ചു നടന്നുകൊള്ളുവാനും ഇതുവരെയും നടന്നുവന്നിരിക്കുന്ന കാട്ടുമങ്ങാടന്‍ വക മെത്രാന്മാരുടെ പേര്‍ക്കു സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്ന തിരുവെഴുത്തു വിളംബരത്തിന്‍റെ സംഗതി (മഹാരാജാവിന്‍റെ) തിരുമനസ് അറിയിച്ചു നില വരുത്തിക്കൊള്ളുവാനുള്ളതെന്നും നിശ്ചയിച്ച് പടിയോല എഴുതി. 

അത്താനാസ്യോസിന്‍റെ മുദ്ര ഒപ്പ് 

ചെങ്ങന്നൂര്‍, കല്ലട, കല്ലിശ്ശേരി, കടമ്പനാട്, കുണ്ടറ, മാരാമണ്ണ്, കായംകുളം, കൊട്ടാരക്കര, കോഴഞ്ചേരി, പുത്തന്‍കാല, തേവലക്കര, റാന്നി, തുമ്പമണ്‍, ചാത്തന്നൂര്‍, തിരുവല്ല, ഓമല്ലൂര്‍, ചേപ്പാട്, കല്ലുംകത്ര, കല്ലൂപ്പാറ, കാര്‍ത്തികപ്പള്ളി, കണ്ണന്‍കോട്, വെണ്‍മണി ഇത്രയും പള്ളിയില്‍ നിന്നുള്ളവരുടെ ഒപ്പിട്ടു.

- ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...