Wednesday, May 16, 2018

ബിഷപ്പ് ദാനിയേല്‍ വില്‍സന്‍റെ വരവും മാവേലിക്കര പടിയോലയും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


ഇങ്ങനെയിരിക്കുമ്പോള്‍ 1835-ാമാണ്ടു വൃശ്ചികമാസം 6-നു കല്‍ക്കത്തായിലെ ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ വില്‍സണ്‍ അവര്‍കള്‍ കോട്ടയത്തു വന്നു. ............................. മെത്രാപ്പോലീത്തായും കോട്ടയത്തു വന്നു തമ്മില്‍ കണ്ടാറെ ആറു കൂട്ടം കാര്യങ്ങള്‍ സുറിയാനി മര്യാദയില്‍ നിന്നും വ്യത്യാസം വരുത്തണമെന്നും പറഞ്ഞാറെ ........................................ മെത്രാപ്പോലീത്തായുടെ സ്ഥിര .......................................................................................... ന്തമായിട്ടും ഉടയക്കാവതല്ലെന്നും ...............................യന്‍റെ വാക്കായിട്ടും പള്ളിക്കാരുമായിട്ടു നിശ്ചയിച്ചു ബോധിപ്പിച്ചു കൊള്ളാമെന്നും പറയുകയും ചെയ്തു. അപ്പോള്‍ ഞാനും വെറുവിട്ട കത്തങ്ങളും പാതിരിമാരും കൂടെയുണ്ടായിരുന്നു. പിന്നത്തേതില്‍ ബിഷപ്പും പാതിരിമാരും കൂടെ ബെയിലി പാതിരിയുടെ വടക്കേ മുറിയില്‍ മെത്രാപ്പോലീത്തായെ തന്നെ കൊണ്ടുപോയി ചില സ്വകാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു ചെറിയപള്ളിയില്‍ വന്നശേഷം സുറിയാനി മര്യാദ ഇപ്പോള്‍ തന്നെ വ്യത്യാസം വരുത്താമെങ്കില്‍ ആയിരം രൂപ മെത്രാപ്പോലീത്തായ്ക്കു ഇനാം കൊടുക്കാമെന്നും ബിഷപ്പ് പറഞ്ഞു എന്നും മെത്രാപ്പോലീത്താ പറഞ്ഞു. പിന്നത്തേതില്‍ ആ ഞായറാഴ്ച ബിഷപ്പ് അവര്‍കള്‍ കോട്ടയത്തു ചെറിയപള്ളിയില്‍ പ്രസംഗം പറഞ്ഞുംവച്ചു പോകുകയും പോകുംവഴി കണ്ടനാടു പള്ളിയിലും പ്രസംഗിക്കുകയും ചെയ്തു. സുറിയാനിപള്ളികള്‍ കൈക്കലാക്കി എന്നുള്ള അഹമ്മതി മനസ്സില്‍ വച്ചുംകൊണ്ട് ഗലിയാനായില്‍ ഞാന്‍ തുറന്നു ആരും പൂട്ടുകയില്ലെന്നു പറഞ്ഞിരിക്കുന്ന പാസോക്കാ കൊണ്ടത്രെ പ്രസംഗിച്ചത്.

ആറു കൂട്ടം കാര്യം വ്യത്യാസം വരുത്തണമെന്നു പറഞ്ഞതിനു വിചാരം.

ഒന്നാമത്, പാതിരിമാരുടെ അനുവാദം കൂടാതെ ആര്‍ക്കും പട്ടം കൊടുക്കരുതെന്ന്.
രണ്ടാമത്, പള്ളിവക മുതല്‍കാര്യങ്ങളെ പാതിരിമാരെ ഏല്പിച്ചു ചുമതലപ്പെടുത്തണമെന്ന്.
മൂന്നാമത്, മരിച്ചവര്‍ക്കുവേണ്ടി പട്ടക്കാരന്‍ കുര്‍ബ്ബാന ചൊല്ലണ്ട എന്ന്. 
നാലാമത്, എല്ലാ പള്ളികളിലും പള്ളിക്കൂടം വച്ച് പട്ടക്കാരെ ആശാന്മാരാക്കണമെന്ന്. 
അഞ്ചാമത്, പട്ടക്കാര്‍ ഇംഗ്ലീഷ് മര്യാദപ്രകാരം പ്രസംഗിക്കണമെന്ന്.
ആറാമത്, പല കുര്‍ബ്ബാനക്രമങ്ങള്‍ ഉള്ളതു നീക്കിക്കളഞ്ഞ് ചെറുതായി ഒന്നുണ്ടാക്കി മ..........................ചൊല്ലണമെന്ന്.

മേല്‍പറഞ്ഞ സംഗതിയില്‍ റെസിഡണ്ട് കാസ്മേജര്‍ സായിപ്പ് അവര്‍കള്‍ കോട്ടയത്തു വന്നു ബിഷപ്പ് അവര്‍കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചു വേഗത്തില്‍ നടത്തണമെന്നു കലശലായിട്ടു പറകകൊണ്ടും എല്ലാ പള്ളിക്കാരും മാവേലിക്കര പള്ളിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതി എല്ലാവരും കൂടുകയും ചെയ്തു. ഈ ആറു കൂട്ടം കാര്യവും നടക്കത്തക്കവണ്ണം നിശ്ചയിക്കാമെന്നുള്ള ഉറപ്പില്ലാഴിക കൊണ്ടും കൂട്ടത്തില്‍ പോകയും അങ്ങനെ നിശ്ചയിക്കാതെ പിരിയുകയും ചെയ്താല്‍ പാതിരിമാര്‍ക്കു നീരസം വരുമെന്നു നിരൂപിക്കകൊണ്ടും എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അടങ്ങപ്രത്തു യൗസേപ്പ് കത്തനാരും പാലക്കുന്നത്തു അബ്രഹാം കത്തനാരും കൂട്ടത്തില്‍ വന്നില്ല. എങ്കിലും ഭയപ്പെടുത്തി കൂട്ടം പിരിക്കുന്നതിനായിട്ടു കൂടിയവരുടെ പേര്‍ എഴുതുവാന്‍ എന്നും പറഞ്ഞ് ഒരു കടലാസും പെന്‍സിലും കയ്യില്‍ പിടിച്ചുംകൊണ്ട് മര്‍ക്കോസ് കത്തനാരു മാവേലിക്കര വന്നു കൂട്ടം പിരിയുവോളം ലാസി നടക്കുകയും തല്‍ക്കമുണ്ടാക്കി കൂട്ടം പിരിക്കുന്നതിനായിട്ടു പുതുപ്പള്ളില്‍ കൈതയില്‍ വര്‍ഗീസ് കത്തനാരെ അയക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരും കൂടിയാറെ നിശ്ചയിച്ചു സ്ഥിരപ്പെടുത്തുവാന്‍ തക്കവര്‍ ചുരുക്കമായിരുന്നു. മൂലമനൂക്കാര്‍ അധികമായിരുന്നു. വല്ലതും സാധ്യം വരുത്താമെന്നുള്ള അത്യാഗ്രഹം കാരണമായി ബിഷപ്പ് ചമക്കുന്നതിന്‍വണ്ണം അനുസരിക്കുന്നതു കൊള്ളാമെന്നു തെക്കരില്‍ മിക്കവര്‍ക്കും മനസ്സില്‍ ഉണ്ടായിരുന്നു. മെത്രാന്‍റെ പ്രത്യേകനായിരുന്ന കൊട്ടാരക്കര തെക്കേടത്തു കത്തനാരും ഞാനും തമ്മില്‍ ആ സംഗതിവശാല്‍ വാക്കു കലശലുണ്ടായി. പാക്കു കച്ചവടത്തിനും കപ്പക്കിഴങ്ങു നടുന്നതിനും മറ്റും ത്രാണിയുള്ള വടക്കരോടു കൂടെ ആലോചിപ്പാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞ് പോരുവാനായിട്ടു എണീറ്റാറെ മെത്രാപ്പോലീത്താ അവസാനപ്പെടുത്തുകയും യാതൊരു കാര്യം ഉണ്ടായാലും സഭയുടെ പ്രമാണിയും അയാള്‍ക്ക് ഇണങ്ങുന്നവരെയും കൂട്ടി ന്യായമായിട്ടു ആലോചിക്കയല്ലാതെ പള്ളിക്കാരെ കൂട്ടികൂടായെന്നു ഞാന്‍ നിരൂപിക്കയും ചെയ്തു. കൂട്ടത്തില്‍ കോനാട്ട് മല്പാന്‍ മുതലായ ആളുകള്‍ ഒഴികെ ശേഷമുള്ളവര്‍ തക്കമെങ്കില്‍ തക്കം അല്ലെങ്കില്‍ വെക്കമെന്നുള്ള ഭാവത്തോടു കൂടിയാണ് കൂടിയത്. എങ്കിലും ദൈവകൃപ കൊണ്ടും തമ്പുരാനെപെറ്റ എന്നേക്കും കന്യകയായ മറിയത്തിന്‍റെയും മാര്‍ത്തോമ്മായുടെയും സഹായംകൊണ്ടും എല്ലാവരും ഒരുമ്പെട്ട് മഷനറിമാരുമായുള്ള ഐക്യതയെ ഉപേക്ഷിച്ച് ഒരു പടിയോല എഴുതുകയും ചെയ്തു. പടിയോല എഴുതി എഴുത്തിടുവാറായപ്പോള്‍ മെത്രാനോടു കത്തനാരുപട്ടം ഏറ്റ് പിന്നീട് അത്താനാസ്യോസ് ബാവായോടു ശെമ്മാശുപട്ടം ഏറ്റ് ബാവാ പോയശേഷം കുര്‍ബ്ബാന ചൊല്ലിയ 14-ാമത് ലക്കത്തില്‍ പറയുന്നപ്രകാരമുള്ള വേങ്കിടത്തു മാത്തു കത്തനാര്‍ ശെമ്മാശു കണ്ണില്‍ ദീനമെന്നു പറഞ്ഞു പോകയും ചെയ്തു. എന്നാല്‍ പടിയോല എഴുതി എല്ലാവരും മെത്രാന്മാരു രണ്ടും ഒപ്പിട്ടു മെത്രാപ്പോലീത്താ ദീവന്നാസ്യോസ് വശം ഏല്പിച്ചു പിരിയുകയും ചെയ്തു. 
ആ പടിയോലയുടെ പകര്‍പ്പ്:

ബാവായും പുത്രനും റൂഹാദകുദിശയുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ തിരുനാമത്താലെ പള്ളികള്‍ അവയൊക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തിന്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ ബാവായും തലവരുടെ തലവനും ആയ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചകീഴ് മലങ്കര യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അനന്തിരവന്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും തങ്ങളുടെ വിചാരത്തില്‍ ഉള്‍പ്പെട്ട അങ്കമാലി മുതലായ പള്ളികളുടെ വിഗാരിമാരും പട്ടക്കാരും ജനങ്ങളും കൂടി മിശിഹാകാലം 1816-ക്കു ചേര്‍ന്ന കൊല്ലം 1011-ാമാണ്ടു മകര മാസം 5-നു തമ്പുരാനെപെറ്റ കന്യാസ്ത്രീയമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വച്ചു നിശ്ചയിച്ച് എഴുതിവച്ച പടിയോല. 
കല്‍ക്കത്തായില്‍ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ അവര്‍കള്‍ കഴിഞ്ഞ വൃശ്ചിക മാസത്തില്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായുമായി കണ്ടശേഷം നമ്മുടെ സുറിയാനി പള്ളികളില്‍ നടന്നുവരുന്ന കുര്‍ബ്ബാന, നമസ്കാരം മുതലായ പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും ചില വ്യത്യാസം വരുത്തി നടക്കണമെന്നും പറഞ്ഞാറെ എല്ലാ പള്ളിക്കാരുമായി വിചാരിച്ചു നിശ്ചയിച്ചു ബോധിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞിരിക്കുന്ന സംഗതിക്കു. 

യാക്കോബായ സുറിയാനിക്കാരായ നാം അന്ത്യോക്യായുടെ പാത്രിയര്‍ക്കീസിന്‍റെ വാഴ്ചകീഴ് ഉള്‍പ്പെട്ടവരും അദ്ദേഹത്തിന്‍റെ കല്പനയാല്‍ അയക്കപ്പെട്ട മേല്‍പട്ടക്കാരാല്‍ നടത്തപ്പെട്ടിരിക്കുന്ന പള്ളിക്രമങ്ങളും ചട്ടങ്ങളും നടന്നുവരുന്നതും ആകയാല്‍ ആയതിനു വേറൊരു വ്യത്യാസമെങ്കിലും വരുത്തി നമ്മുടെ പള്ളികളില്‍ നടക്കയും അവരവരുടെ പാത്രിയര്‍ക്കീസന്മാരുടെ അനുവാദം കൂടാതെ ഒരു മതക്കാരുടെ പള്ളിയില്‍ വേറൊരു മതക്കാര്‍ അറിവിക്കുകയും പഠിപ്പിക്കുകയും ചെയ്ക ഒരുത്തര്‍ക്കും അധികാരമില്ലാത്തതിനാല്‍ ആയതിന്‍വണ്ണം നടത്തിക്കയും ചെയ്യുന്നതിനും നമ്മുടെ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്‍പനയാല്‍ അയക്കപ്പെട്ടിരുന്ന മേല്‍പട്ടക്കാരുടെ സഹായത്താലും അതാത് ഇടവകയിലുള്ള ജനങ്ങളുടെ മനസാലും പണിയിക്കപ്പെട്ടു. അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട് ആണ്ടുതോറും കാണിക്ക, വഴിപാട് മുതലായിട്ടു നടക്കുന്ന നടവരവുകള്‍ അന്ത്യോക്യായിലുള്ള പള്ളികളിലും ഇവിടെയും മറ്റു ദിക്കുകളിലും ഉള്ള അന്യ മതക്കാരുടെ പള്ളികളിലും നടന്നുവരുന്നപ്രകാരം നമ്മളുടെ പള്ളികളുടെ കണക്കു നമ്മുടെ മേല്‍പട്ടക്കാരെ കേള്‍പ്പിക്കത്തക്കവണ്ണം ചട്ടംകെട്ടി നടന്നുവരുന്നതിന്മണ്ണം അല്ലാതെ വ്യത്യാസമായിട്ടു നടക്കുന്നതിനും നടത്തുന്നതിനും നമുക്കു അധികാരവും സമ്മതവുമില്ല. 

കൊല്ലം 813-മാണ്ടു കാലം ചെയ്ത വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടു ബഹുമാനപ്പെട്ട കേണല്‍ മക്കാളി സായ്പ് അവര്‍കള്‍ 3000 പൂവരാഹന്‍ കടം വാങ്ങി കടമുറി എഴുത്തും കൊടുത്തു പലിശ പറ്റിവന്ന വകയില്‍ മുടങ്ങിക്കിടന്ന വട്ടിപ്പണം കൊല്ലം 900-മാണ്ട് കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഏറ്റവും ബഹുമാനപ്പെട്ട കേണല്‍ മണ്‍റോ സായ്പ് അവര്‍കളെ ബോധിപ്പിച്ചു വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണിയിച്ചു മുന്‍ അന്ത്യോക്യയില്‍ നിന്നും വന്നിരുന്ന മേല്‍പട്ടക്കാര്‍ കൊണ്ടുവന്നിരുന്ന വസ്തുക്കളും പാലമറ്റത്തു തറവാട്ടില്‍ കഴിഞ്ഞ മേല്‍പട്ടക്കാരുടെ വസ്തുവകകളും സിമ്മനാരിയില്‍ വരുത്തി ആ വകയില്‍ ഏതാനും ദ്രവ്യവും സുറിയാനി പൈതങ്ങള്‍ക്കുവേണ്ടി ധര്‍മ്മമായിട്ടു തമ്പുരാന്‍ തിരുമനസു കൊണ്ടു കല്പിച്ചു തന്നിരുന്ന രൂപായും കാണമിട്ടു പഠിച്ചുവരുന്ന പൈതങ്ങളുടെ ചിലവു കഴിക്കയും അവരുടെ ധാരാളമായ കൃപകൊണ്ടു തന്നെ കോട്ടയത്തു വന്നിരിക്കുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന മിഷണറി സായിപ്പന്മാരവര്‍കള്‍ ഈ സിമ്മനാരിയില്‍ വന്നു ഇംഗ്ലീഷ് മുതലായ ഭാഷകളും കൂടെ പഠിപ്പിച്ചു ഇവയുള്ള പിതാക്കന്മാരെ പോലെ നമ്മുടെ പൈതങ്ങളെ രക്ഷിക്കുകയും സകല ജാതിക്കാര്‍ക്കും ഉപകാരത്തിനായിട്ടു പുസ്തകങ്ങള്‍ അച്ചടിപ്പിക്കുകയും നമ്മുടെ പള്ളികളില്‍ നടന്നുവരുന്ന സുറിയാനി മര്യാദപോലെ നടക്കുന്നതിനു സായ്പന്മാരവര്‍കള്‍ വേണ്ടുന്ന ഒത്താശകള്‍ ചെയ്കയും ആണ്ടുതോറും വരുവാനുള്ള വട്ടിപ്പണം മെത്രാപ്പോലീത്താ പറ്റുശീട്ടു എഴുതിക്കൊണ്ടു വാങ്ങിച്ചു ചിലവിട്ടു സിമ്മനാരി ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിക്കയും ഇങ്ങനെ നടന്നുപോയ പ്രകാരവും മേല്പട്ടക്കാരുടെ കര്‍ത്തവ്യപ്രകാരവും പട്ടംകൊടുക്കയും ചെയ്തുവരുമ്പോള്‍ മെത്രാപ്പോലീത്തായെ സിമ്മനാരി ഇടപെട്ട കാര്യങ്ങളെ നടത്തുകയും മെത്രാപ്പോലീത്തായുടെ പറ്റുശീട്ടിന്‍പ്രകാരം വാങ്ങിക്കുന്ന വട്ടിപ്പണം സായ്പന്മാരു തന്നെ ചിലവിടുകയും പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരെ സിമ്മനാരിയില്‍ നിന്നും പിരിച്ചയയ്ക്കയും നമ്മുടെ മതമര്യാദയ്ക്കു വിരോധമായിട്ടു വിചാരിക്കയും തമ്മില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതു ഏറ്റവും സങ്കടവും ബുദ്ധിമുട്ടും ആയിട്ടു തീര്‍ന്നിരിക്കുന്നതിനാല്‍ എന്നേക്കും ഭാഗ്യം നിറയപ്പെട്ടവളും ശുദ്ധമാകപ്പെട്ടവളും വാഴ്ത്തപ്പെട്ടവളും ആവലാതി ഒക്കെയില്‍ നിന്നും തണുപ്പിക്കുന്നവളും ആയ തമ്പുരാനെപെറ്റ അമ്മയുടെ നമസ്കാരത്താലെയും ശുദ്ധമാകപ്പെട്ടവര്‍ ഒക്കെയുടെയും നമസ്കാരങ്ങളാലെയും നാം രക്ഷപെടേണ്ടുന്നതിനു സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ പഠിത്വത്തിലും ക്രമവിശ്വാസത്തിലും അല്ലാതെ വേറെ യാതൊരു പഠിത്വവും ക്രമവിശ്വാസവും നമ്മള്‍ അനുസരിച്ചു കൈക്കൊള്ളുന്നില്ല. ഇവമേല്‍ ബാവായും പുത്രനും റൂഹാദക്കുദിശായും സാക്ഷി. ആമ്മീന്‍. 

ഇങ്ങനെ പടിയോല എഴുതി എഴുത്തിട്ടു കഴിഞ്ഞശേഷം പടിയോല മിഷണറി പാതിരിമാര്‍ നമ്മളെ ഉപദ്രവിക്കാതിരിപ്പാനായിട്ടു ഒരു ............................. വിട്ടു മാത്രമേ ആയിതീര്‍ന്നിട്ടുള്ളു എന്നും എത്രയുംവേഗത്തില്‍ അന്ത്യോക്യയില്‍ നിന്നും ബാവാന്മാരെ അയക്കുന്നതിനു എഴുതിക്കൊടുത്തയച്ചുകൊള്ളാമെന്നും മെത്രാപ്പോലീത്തായോടു ഞാന്‍ പറഞ്ഞുകൊണ്ടും അത്താനാസ്യോസ് ബാവായെ അയച്ചപ്പോള്‍ തൊട്ടു അന്ത്യോഖ്യായ്ക്കു ഞാന്‍ എഴുതി തുടങ്ങിയ വിവരം മെത്രാപ്പോലീത്താ അറികകൊണ്ടും അകമെ നീരസം ഉറയ്ക്കയും ചെയ്തു എങ്കിലും മെത്രാപ്പോലീത്താ മറിഞ്ഞേക്കുമോ എന്നുള്ള ഭയംകൊണ്ടു ഞാന്‍ കൂട്ടാക്കാതെ ചേര്‍ന്നു നില്‍ക്കയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...