Wednesday, May 16, 2018

പീറ്റ് സായിപ്പും കോട്ടയം വൈദികസെമിനാരിയും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


1833-ല്‍ കര്‍ക്കടക മാസത്തില്‍ പാതിരി യൗസേപ്പ് പീറ്റ് സായ്പ് ശീമയില്‍ നിന്നും കോട്ടയത്തു വന്നു പഠിപ്പിച്ചു. അപ്പോള്‍ മെത്രാപ്പോലീത്തായുടെ പക്കല്‍ താക്കോലിരിക്കുന്ന അലമാരിയുടെ താഴ് എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അയാളുടെ മരുമകന്‍ കുട്ടംചിറ ശെമ്മാശും മുഖാന്തിരം ഞായറാഴ്ച പറിപ്പിച്ച് സര്‍വ്വസ്വവും കൊണ്ടുപോകയും അയാള്‍ക്കു തന്നെ സിമ്മനാരിയില്‍ വസിച്ചു പഠിപ്പിക്കണമെന്നുള്ള ആഗ്രഹംകൊണ്ട് കോനാട്ടു മല്പാനെയും അടങ്ങപ്രത്തു കത്തനാരെയും ഇയ്യാ കത്തനാരെയും സിമ്മനാരിയില്‍ നിന്നും അയയ്ക്കയും മെത്രാപ്പോലീത്തായ്ക്കു വിരോധമായും ബോധീരാ ഒക്കെയും ഈ പാതിരി ഓരോ കാര്യങ്ങള്‍ ചെയ്കയും സുറിയാനി വേദത്തിനു വിരോധമായി പ്രസംഗിക്കുകയും ചെയ്തതിനാല്‍ സിമ്മനാരി വിട്ടു മെത്രാപ്പോലീത്താ പള്ളികളില്‍ പോയി പാര്‍ക്കുകയും ചെയ്തു. 13-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ലൂക്കാ കത്തനാരു കൊച്ചിയില്‍ പാതിരിയുടെ അടുക്കല്‍ പോയി പാര്‍ക്കുകയും വൈധവിയാകുന്ന കണികോളത്തു കൊച്ചുപെണ്ണ് എന്നവളെ അവിടെ വച്ച് ആ പാതിരി തന്നെ കെട്ടിച്ചു കൊടുത്ത് അവിടെ പാര്‍ത്തിരുന്നാറെ അവള്‍ മരിച്ചുപോകകൊണ്ടും 1834 വൃശ്ചികമാസം 12-നു കോട്ടയത്തു സിമ്മനാരിയില്‍ വച്ച് ചെറിയപള്ളി ഇടവകയില്‍ ചെങ്ങളത്തില്‍ പാലപ്പറമ്പില്‍ മാണിയുടെ മകളെ കെട്ടുകയും ചെയ്തു. 1834-ല്‍ കര്‍ക്കടകമാസം പാതിരി ലൂടകോക്കു ശീമയില്‍ നിന്നും കോട്ടയത്തു വന്നു പാര്‍ക്കയും ചെയ്തു. 
ഇങ്ങനെയിരിക്കുമ്പോള്‍ ദേമാനില്‍ നിന്നും സിക്രട്ടറിയാകുന്ന പാതിരി ...........................

ഈ ആണ്ട് മകരമാസത്തില്‍ കോട്ടയത്തു വന്നു പള്ളികളില്‍ കേറി സുറിയാനി മതത്തിനു വിരോധമായിട്ട് പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്തു എന്നാറെ ബലഹീനത കൊണ്ടു വിരോധിക്കാന്‍ ആരാലും കഴിഞ്ഞില്ല. പിന്നത്തേതില്‍ അയാളും ബയിലി പാതിരിയും എരുത്തിക്കല്‍ കത്തനാരും കൂടെ മാവേലിക്കര ചെന്നു മെത്രാപ്പോലീത്തായെ കണ്ടു പറഞ്ഞ് കബളിപ്പിച്ച് രണ്ടു വര്‍ഷത്തേയ്ക്കു ആര്‍ക്കും പട്ടം കൊടുക്കയില്ലെന്നു ഒരു കടലാസ് എഴുതി എഴുത്തിടുവിച്ച് കൈക്കലാക്കിയും കൊണ്ടു തിരികെ കോട്ടയത്തു വന്ന് സുറിയാനി പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരില്‍ ഇംഗ്ലീഷു മതത്തില്‍ മനസു വയ്ക്കയില്ലെന്നുള്ളവരെ അയച്ചുകളയുകയും കോനാട്ടു മല്പാന്‍ പോയശേഷം പാലക്കുന്നത്തു കത്തനാരെ വരുത്തി പഠിപ്പിച്ചു വരികകൊണ്ടു അയാള്‍ മുഖാന്തിരം ചില ശെമ്മാശന്മാരെയും പൈതങ്ങളെയും നിറുത്തി പഠിപ്പിക്കുകയും ഇവര്‍ സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടു പറഞ്ഞു തുടങ്ങുകയും പാതിരിമാരുടെ ഇഷ്ടപ്രകാരം നോമ്പ് മുതലായതു വിട്ടു തുടങ്ങുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...