Wednesday, May 16, 2018

നെച്ചൂര്‍ പള്ളിയും ചേപ്പാട്ട് ദീവന്നാസോസും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


നെച്ചൂര്‍ പള്ളിയില്‍ മാളിയേക്കല്‍ പൗലോസ് കത്തനാരുടെ വികാരിത്തം മാറ്റിനല്‍കണമെന്നും വരിക്കോലില്‍ തോമ്മാ കത്തനാരും കാട്ടില്‍ കത്തനാരും കാവായേല്‍ യോഹന്നാന്‍ കത്തനാരും കൂടെ ഈ മെത്രാപ്പോലീത്തായോടു പറഞ്ഞാറെ ആയതു നടത്തിക്കാഴ്ക കൊണ്ട് പള്ളിവക വസ്തുക്കളും വികാരിയുടെ വസ്തുക്കളും വച്ചു പൂട്ടിയിരിക്കുന്ന മുറിക്കു ഇവര്‍ മേമ്പൂട്ട് ഇട്ടിരിക്കുന്ന സംഗതിയിങ്കല്‍ 1835-ല്‍ കോതമംഗലത്തു പോകുംവഴി മെത്രാപ്പോലീത്താ അവിടെ കേറി താഴ് അറുപ്പിച്ച് മേല്‍നടപ്പിനു ഒരു വര്യോലയും എഴുതിച്ച് പോയ സംഗതിക്കു രാത്രികാലങ്ങളില്‍ മെത്രാപ്പോലീത്താ മുതല്‍പേരു വന്നു താഴ് പറിച്ച് മുതല്‍കാര്യങ്ങള്‍ കൊണ്ടുപോയി എന്നും ബലംചെയ്ത് വര്യോലയ്ക്കു എഴുത്തിടുവിച്ചു എന്നും പതിനെട്ടു മാസശേഷം പാതിരിമാരും കൂടി റെസിഡണ്ട് സായ്പ് അവര്‍കളുടെ അടുക്കല്‍ സങ്കടം വയ്പിച്ച് കോര്‍ട്ടില്‍ വിസ്തരിക്കുന്നതിനു ഉത്തരവ് കൊടുപ്പിക്കുകയും ചെയ്തു. പിന്നത്തേതില്‍ ആ ഉത്തരവിന്‍പ്രകാരം മെത്രാപ്പോലീത്തായുടെ പേരില്‍ ഇവര്‍ വച്ച ആവലാതി എടുത്തു വിസ്തരിക്കായ്കകൊണ്ട് പിറവത്തു മണ്ടപത്തും വാതുക്കല്‍ പോലീസ് ഗുമസ്തനെ മാറ്റി ആളാക്കി മെത്രാപ്പോലീത്തായുടെ പേരില്‍ വെയ്ക്കുന്ന ആവലാതികള്‍ എടുത്തു നമ്പരില്‍ ചേര്‍ത്തു വിസ്തരിച്ചു കൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതില്‍കള്‍ക്കെല്ലാം ഉത്തരവ് കൊടുത്തയക്കയും ഈ സംഗതി കൊല്ലം 1011-മാണ്ട് വക 1060 നമ്പരില്‍ ചേര്‍ക്കയും ചെയ്തു. പിന്നത്തേതില്‍ പിറവത്തു മണ്ടപത്തുംവാതുക്കല്‍ നിന്നും സമനും വാറണ്ടും നോട്ടീസും വരികയാല്‍ ആ സംഗതിക്കായിട്ടും മുഖം കാട്ടുന്നതിനായിട്ടും മെത്രാപ്പോലീത്തായും പള്ളിക്കാരും 1836-ല്‍ തുലാ മാസം 4-നു നിരണത്തു നിന്നും യാത്രപുറപ്പെട്ടു തിരുവനന്തപുരത്തിനു പോകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയാറെ മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഫീലിപ്പോസ് കത്തനാരുടെ അമ്മായിയപ്പനാകുന്ന കൈപ്പട്ടൂര്‍ കൊച്ചുകോശിയും പിന്നെ തെക്കേ ദിക്കുകാര്‍ ചിലരും മെത്രാപ്പോലീത്തായ്ക്കു ഗുണദോഷികളും ഇക്കാര്യം വിചാരികളും ആയിത്തീര്‍ന്നതിനാല്‍ ബുദ്ധിമോശം കൊണ്ടും ദൈവകോപം കൊണ്ടും ദിവാന്‍ജിയെ തന്നെയും കാണുന്നതിനും മുഖം കാട്ടുന്നതിനും വളരെ താമസം വരികയും ചെയ്തു. അവിടെ വെച്ചുണ്ടായ കുഴപ്പങ്ങള്‍ എഴുതുവാന്‍ പാടില്ലാ എങ്കിലും കൊച്ചുകോശി മുതലായവരുടെ ഭാവവും ഭള്ളും സ്ഥിരമില്ലായ്മയും കൊണ്ട് കാര്യസാധ്യം കുഴയുന്നതിനാലും ചോദിച്ചു പ്രവൃത്തിക്കുന്നതു അവര്‍ക്കു അപമാനമെന്നുള്ള ഭാവം കണ്ടതിനാലും തിരിയെ കോട്ടയത്തിനു പോകുവാന്‍ രണ്ടു പ്രാവശ്യം ഞാന്‍ ഒരുങ്ങിയാറെ പുതുപ്പള്ളി താഴത്തു ചെറിയതു കത്തനാരും ................................. ഉതുപ്പാന്‍ കത്തനാരും വിരോധത കൊണ്ടു പോരാതെ താമസിക്കയും ചെയ്തു. പിന്നത്തേതില്‍ ഒരുവിധത്തില്‍ തുലാ മാസം 10-നു 7 മണിക്കു മുഖം കാട്ടത്തക്കവണ്ണം തലേദിവസം കല്പന വന്നശേഷം മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പണം മെത്രാപ്പോലീത്തായ്ക്കു എടുക്കണമെന്നാഗ്രഹിച്ചുംകൊണ്ട് എന്നെ അറിയിക്കാതെ അന്നസ്തമിച്ച് എട്ടുനാഴിക ഇരുട്ടിയശേഷം പള്ളിക്കാരെ വിളിച്ചുകൂട്ടി പള്ളിക്കാര്‍ വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു സമയമില്ലെന്നും അതിനാല്‍ പള്ളിക്കാരുടെ പണം കൂടെ മെത്രാപ്പോലീത്താ വാങ്ങിച്ചു വച്ച് മുഖം കാട്ടിയാല്‍ മതിയെന്നും ആയതേ കഴിയൂ എന്നും സര്‍വ്വാദികാര്യക്കാരു പറഞ്ഞപ്രകാരം പറഞ്ഞ് പണം വാങ്ങിച്ചു തുടങ്ങിയശേഷം ഈ വിവരം ഞാന്‍ അറിഞ്ഞു. ചെറിയതു കത്തനാരും ഒരുമിച്ച് അവിടെ ചെന്നു. മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാരും ഇതുവരെ താമസിച്ച് ബുദ്ധിമുട്ടി വരുമ്പോള്‍ ഇപ്രകാരം ആകുവാന്‍ എന്തെന്നും പള്ളിക്കാരു കൂടെ മുഖം കാട്ടുവാന്‍ വിചാരിച്ചാറെ കഴിഞ്ഞില്ലെങ്കില്‍ ആ വിവരം പറയാഞ്ഞത് എന്തെന്നും ചോദിച്ചാറെ എല്ലാവരും .....................................

....................... നേരം അര്‍ദ്ധരാത്രി ആയി എങ്കിലും എല്ലാവരും വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു ബോധിപ്പിച്ച് ഇപ്പോള്‍തന്നെ ചട്ടംകെട്ടാമെന്നും ഞാന്‍ പറഞ്ഞ് കോട്ടയ്ക്കകത്തു പോയി തിരികെ വന്നു പള്ളിക്കാരുടെ പണം തിരിയെ കൊടുപ്പിക്കുകയും ചെയ്തു. പിറ്റേദിവസിയാകുന്ന 10-നു വെള്ളിയാഴ്ച കാലത്തു മുഖം കാട്ടുകയും ചെയ്തു. മെത്രാപ്പോലീത്താ മൂന്ന് കുത്ത് പട്ടും 51 തങ്കക്കാശും വച്ചു മുഖം കാട്ടി. അപ്പോള്‍ 12 പള്ളിക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പള്ളി ഒന്നുക്കു നൂറിതേ കലിപ്പണം വച്ച് പള്ളിക്കാരു മുഖം കാട്ടി. മെത്രാപ്പോലീത്തായ്ക്കു കല്പിച്ചു ഒരു സാലുവാ കൊടുക്കയും ചെയ്തു. ഉടന്‍തന്നെ മറ്റൊരു സ്ഥലത്തു വച്ച് ഇളയതമ്പുരാന്‍റെയും മുഖം കാട്ടുകയും മൂന്നു കുത്തു പട്ടും 300 കലിപ്പണവും മെത്രാപ്പോലീത്താ മാത്രം വയ്ക്കയും ചെയ്തു. രണ്ടു തിരുമനസുകൊണ്ടും മെത്രാപ്പോലീത്തായും നില്‍ക്കയത്രെ ചെയ്തത്. തമ്പുരാക്കന്മാരു രണ്ടുപേരുടെയും കല്പന വേണ്ടുംപ്രകാരം ആയിരുന്നു. പിറവത്തുകാരുടെ സംഗതി ഇടപെട്ടും മിഷണറിമാരുടെ ഉപദ്രവം ഇടപെട്ടും ഈ മാര്‍ഗ്ഗത്തെ നിലനിര്‍ത്തി രക്ഷിക്കേണ്ടുന്ന സംഗതി ഇടപെട്ടും ചുരുക്കമായിട്ടു മാത്രമേ തിരുമനസറിയിച്ചുള്ളു. എന്നാറെ കീഴ്മര്യാദ പോലെ നടത്തിക്കൊള്ളണമെന്നു കല്‍പനയാകയും മുഖം കാട്ടി കഴിഞ്ഞയുടന്‍ തന്നെ പള്ളിക്കാര്‍ പിരിയുകയും ഞാന്‍ കോട്ടയത്തിനു പോരികയും ചെയ്തു. പിന്നത്തേതില്‍ പിറവത്തെ സംഗതിക്കായിട്ടു മെത്രാപ്പോലീത്താ അവിടെ പാര്‍ത്തിരിക്കുമ്പോള്‍ പിറവത്തു പോയി വിസ്തരിക്കുന്നതിനു ഉത്തരവെഴുതി മെത്രാപ്പോലീത്തായുടെ കയ്യില്‍ കൊടുക്കയും ചെയ്തു. മിഷണറി പാതിരിമാരുടെ ശല്യങ്ങള്‍ക്കു ബംഗാളത്തിനും മദിരാശിക്കും മെത്രാന്‍ എഴുതുകയും ചെയ്തു. ഇപ്രകാരമൊക്കെയും ചെയ്താറെയും പിറവത്തെ കാര്യത്തിനു മണ്ടപത്തുംവാതുക്കല്‍ ചെല്ലാതെയിരിപ്പാന്‍ കഴിയാതെ മെത്രാപ്പോലീത്താ പിറവത്തു മണ്ടപത്തുംവാതുക്കല്‍ പോയിയും ആലപ്പുഴ കോര്‍ട്ടില്‍ പോയിയും വിസ്തരിക്കയും ചെയ്തു. പിറവത്തും ആലപ്പുഴയും വിസ്തരിക്കുന്നതിനു പുതുപ്പള്ളിക്കാര്‍ ഏറ്റവും സഹായിക്കയും വിസ്താരസമയത്തും വിസ്താരം കഴിഞ്ഞശേഷവും പുതുപ്പള്ളിയില്‍ തന്നെ പാര്‍പ്പിക്കയും ചെയ്തു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...