കല്ലൂപ്പാറ മാരേട്ടുവീട്ടില്‍ നിന്നു കുറെ പൊന്‍പണ്ടങ്ങള്‍ മോഷണം പോയി. മോഷ്ടാവ് തുരുത്തിക്കാട് പള്ളി ഇടവകക്കാരനും മോഷണകുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുറെനാള്‍ കിടന്നശേഷം തടവുചാടി സ്വദേശത്തും സമീപസ്ഥലങ്ങളിലും ഒളിച്ചു നടന്നവനുമായ മാത്തന്‍ എന്ന കേഡിയാണെന്നു പരക്കെ സംശയം തോന്നി. ഏറെ താമസിയാതെ അവനെ ചിങ്ങവനത്തു വച്ചു പിടിച്ചു തിരുവല്ലാ സ്റ്റേഷനില്‍ അടച്ചു. ഇവന്‍ ഒളിച്ചു നടന്നപ്പോള്‍ ഇവനു അഭയം കൊടുക്കയും ഇവന്‍ മോഷ്ടിച്ച സാമാനങ്ങള്‍ വാങ്ങി എടുക്കയും ചെയ്തു എന്ന കുറ്റങ്ങള്‍ ആരോപിച്ചു ..... കുറിയാക്കോസ് കത്തനാരെ അറസ്റ്റു ചെയ്യാന്‍ പോലീസുകാരും അവരെ സഹായിക്കുവാന്‍ ടി കത്തനാരുടെ ചില ശത്രുക്കളും ഉദ്യമിച്ചു കുറെനാളുകള്‍ അന്വേഷിച്ചു നടന്നു. കേസിന്‍റെ ഗൗരവം കുറഞ്ഞു എന്നു വിചാരിച്ചു കുറെ മാസങ്ങളുടെ ശേഷം ടി കത്തനാര്‍ സ്വയമായി തിരുവല്ലാ മജിസ്ട്രേട്ടു കച്ചേരിയില്‍ ഹാജരായി. ഹാജരായാല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടുകൊള്ളാമെന്നു മജിസ്ട്രേട്ടു പത്മനാഭ പണിക്കരുടെ വാഗ്ദത്തം തിരുവല്ലാ കോടിയാട്ടു കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മുഖാന്തിരം വാങ്ങിച്ചുകൊണ്ടാണത്രെ ഹാജരായത്. എന്നാല്‍ ഹാജരായപ്പോള്‍ ജാമ്യത്തില്‍ വിടാന്‍ പാടില്ലെന്നു പറഞ്ഞു മജിസ്ട്രേട്ടു കുറിയാക്കോസ് കത്തനാരെ ജയിലില്‍ അടച്ചു. ഇത് 1092 തുലാം 18-നോ 19-നോ ആണ്. ഇങ്ങനെ കുറെനാളുകള്‍ - ഏകദേശം രണ്ടു മാസത്തോളം ജയിലില്‍ കിടന്നശേഷം കത്തനാരില്‍ നിന്നു തെളിവുകള്‍ ഒന്നും കിട്ടാഴികയാല്‍ അയാളെ ജാമ്യത്തില്‍ വിടുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. മോഷണകുറ്റത്തിനു കെ. ഡി. മാത്തനെ കോട്ടയം ജില്ലയിലേക്കു കമ്മിറ്റു ചെയ്തു എങ്കിലും നിര്‍ദോഷിയെന്നു ജില്ലാ ജഡ്ജി വിധിച്ചു. അതിനോടെ കുറിയാക്കോസ് കത്തനാരെയും തെളിവില്ലെന്നുള്ള കാരണത്തിന്മേല്‍ തിരുവല്ലാ മജിസ്ട്രേറ്റ് വിട്ടു. ഇതിനിടയ്ക്കു പല സംഭവങ്ങള്‍ നടക്കയുണ്ടായി. കുറിയാക്കോസ് കത്തനാര്‍ ജയിലില്‍ കിടന്നപ്പോള്‍ തൊണ്ടി കാണിച്ചുകൊടുക്കണമെന്നു പറഞ്ഞു തിരുവല്ലാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാമസ്വാമി അയ്യര്‍ എന്നയാള്‍ കത്തനാരെ കൈവിലങ്ങോടെ നടത്തി തുരുത്തിക്കാടിനു കൊണ്ടുപോയി. ഇങ്ങനെ ഒരു പട്ടക്കാരനെ അപമാനിച്ച ആള്‍ അധികം താമസിയാതെ മുന്‍പറഞ്ഞ മജിസ്ട്രേട്ടു പത്മനാഭപ്പണിക്കരുടെ വീട്ടില്‍ കല്ലെറിയുക മുതലായ ദ്രോഹങ്ങള്‍ ചെയ്തു എന്ന കുറ്റത്തില്‍ ജയിലില്‍ അകപ്പെട്ടു. ഹാജരായാല്‍ ജാമ്യത്തില്‍ വിടാം എന്നു കരാര്‍ ചെയ്തശേഷം ഹാജരായപ്പോള്‍ കത്തനാരെ ജാമ്യത്തില്‍ വിടാതെ രണ്ടു മാസത്തോളം ജയിലില്‍ വച്ച മജിസ്ട്രേറ്റു പത്മനാഭപ്പണിക്കര്‍ പോലീസുകാര്‍ തന്‍റെ വീട്ടില്‍ ദ്രോഹം ചെയ്ത കാരണം ഭ്രാന്തു പിടിച്ചു മരിച്ചു. കത്തനാരുടെ കേസ് നടത്തിയതും വിസ്തരിച്ചതും വേറെ ഇന്‍സ്പെക്ടരും വേറെ മജിസ്ട്രേറ്റുമായിരുന്നു. തടവുചാടിയ പുള്ളിക്കു അഭയം കൊടുക്കയും അവനോടു മോഷ്ടിച്ച പണ്ടങ്ങള്‍ വാങ്ങിക്കയും ചെയ്തതു ടി കത്തനാര്‍ തന്നെയാണെന്നാണ് ജനബോദ്ധ്യം. അത് വാസ്തവമായിരിക്കാന്‍ എളുപ്പമുണ്ട്. എങ്കിലും അനാവശ്യമായി ഒരു പുരോഹിതനെ ഉപദ്രവിച്ച ഇന്‍സ്പെക്ടറെയും മജിസ്ട്രേറ്റിനെയും ദൈവം ശിക്ഷിച്ചു. ഇതാണ് ആചാര്യത്വത്തിന്‍റെ മാഹാത്മ്യം.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)
No comments:
Post a Comment