Wednesday, July 18, 2018

വലിയപള്ളിക്കു ഒരു വെള്ളിക്കുരിശ് നേര്‍ച്ചയായി ലഭിക്കുന്നു

123. എന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഫീലിപ്പോസ് വലിയപള്ളിക്കു ഒരു വെള്ളിക്കുരിശ് തന്‍റെ നേര്‍ച്ചയായി ഉണ്ടാക്കി വയ്ക്കണമെന്നു വിചാരിച്ചു അവന്‍റെ കൈയില്‍ നിന്നും ഏതാനും രൂപാ മുടക്കിയും പോരാത്തതിനു വെളിയനാട്ടു, നീലംപേരൂര്‍, കല്ലിശ്ശേരി, മാന്നാര്‍, റാന്നി, പള്ളം ഇവിടങ്ങളില്‍ ഉള്ള ചില പ്രത്യേക സ്നേഹിതന്മാരുടെയും അവന്‍റെ കീഴുള്ള ഗ്രാന്‍റ് പള്ളിക്കൂടം ഇന്‍സ്പെക്ടര്‍മാര്‍, വാദ്ധ്യാന്മാര്‍ ഇവരുടെ സഹായത്തോടുകൂടി മുന്നൂറില്‍ താഴെ രൂപാ ഉണ്ടാക്കി വലിയപള്ളി വകയും എന്‍റെ ജ്യേഷ്ഠന്‍ കഴിഞ്ഞുപോയ കോറി ഫീലിപ്പോസിനാല്‍ ഉണ്ടാക്കിച്ചതും മള്ളൂച്ചേരി, പാലപ്പുര മുതല്‍പേര്‍ പാലക്കുന്നന്‍ വശം സെമിനാരിക്കു പണയം വച്ചതുമായ പഴയ വെള്ളിക്കുരിശ് വിലയ്ക്കു വാങ്ങി വലിയപള്ളിക്കു ദാനമായി കൊടുത്തിരിക്കുന്നു. ഇത് വാങ്ങിച്ചത് 1068 തുലാ മാസം 25-നു ആയിരുന്നു. കൈസ്ഥാനമുറയ്ക്കു ടി മാത്തു ഫീലിപ്പോസിന്‍റെ വശം ആ കുരിശ് ഇരിക്കുന്നതും ഇരിക്കേണ്ടതുമല്ലാതെ തറവാട്ടിലേക്കു അതിന്മേല്‍ പ്രത്യേക അവകാശം ഇല്ലാത്തതായി പള്ളിക്കു ഒഴിഞ്ഞു കൊടുത്തിട്ടുള്ളതും പള്ളിയുടെ ആവശ്യത്തിലേക്കല്ലാതെ തറവാട് ആവശ്യത്തിനു അതിനെ ഉപയോഗിക്കുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്വാന്‍ അനുവദിച്ചിട്ടില്ലാത്തതും ആകുന്നു. എങ്കിലും വലിയപള്ളിയിലെ മാറാകൈസ്ഥാന അവകാശ വഴി ഈ കുരിശും മറ്റ് സാമാനങ്ങളും ടി മാത്തു ഫീലിപ്പോസിന്‍റെയും അവന്‍റെ അനന്തരവനായ പില്‍ക്കാല കൈസ്ഥാനക്കാരുടെയും കൈവശം എന്നും ഇരിക്കേണ്ടതും പള്ളിയില്‍ ചേര്‍ന്ന മറ്റ് യാതൊരുത്തര്‍ക്കും ഇവമേല്‍ യാതൊരു അവകാശവും സംബന്ധവും ഉണ്ടാകാത്തതുമാകുന്നു. ഈ കുരിശ് വകയ്ക്കു വലിയപള്ളി ഇടവകക്കാരില്‍ ഒരുത്തനില്‍ നിന്നും ഒരു ചക്രവും മുടക്കമില്ലാത്തതാകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...