Friday, July 13, 2018

റോമിലെ സുന്നഹദോസില്‍ പോയി വിശ്വാസം പഠിക്കാന്‍ കത്തോലിക്കാ മെത്രാന്‍റെ കത്ത് (1869)

28. ശുദ്ധമാന പള്ളി റോമ്മാ പള്ളി തന്നെ ആകുന്നു എന്നും അതില്‍ ഉള്‍പ്പെടാത്തവര്‍ക്കു രക്ഷയില്ലെന്നും ഈ ആണ്ട് ധനു മാസം 8-നു പാപ്പാ റോമ്മായില്‍ നിശ്ചയിച്ചിരിക്കുന്ന വലിയ കൂട്ടത്തില്‍ ചെന്നു ചേര്‍ന്ന് സത്യം പഠിച്ചുകൊള്ളണമെന്നും ആയവയ്ക്കു വരാപ്പുഴ നിന്നും എഴുത്ത് കൊടുക്കുമെന്നും അഹങ്കാരമായിട്ടും ഡംഭായിട്ടും 1869 കുംഭം 28-നു വരാപ്പുഴ മെത്രാന്‍ പുത്തന്‍കൂറ്റിലെ മെത്രാന്മാര്‍ക്കും പട്ടക്കാര്‍ക്കും എഴുതി അയയ്ക്കയും പുത്തന്‍കൂറ്റില്‍ ഒരുത്തനും തക്ക മറുപടി അയയ്ക്കാതെയും ഇരിക്കുന്നു. തക്ക മറുപടി അയപ്പാന്‍ എനിക്കു മനസുണ്ട്. എങ്കിലും ഇപ്പോള്‍ പുത്തന്‍കൂറിലെ മെത്രാന്മാര്‍, പട്ടക്കാര്‍, ജനങ്ങള്‍ തമ്മില്‍ തമ്മില്‍ അസൂയകൊണ്ടും ശത്രുത കൊണ്ടും അവിശ്വാസം കൊണ്ടും നിറഞ്ഞ് അവരുടെ മനസ് ആങ്ങള മരിച്ചിട്ടെങ്കിലും നാത്തൂന്‍റെ ദുഃഖം കാണ്മാന്‍ ആഗ്രഹിക്കുന്ന പെങ്ങളുടെ മനസുപോലെ ആയി തീര്‍ന്നിരിക്കകൊണ്ടു എഴുതി അയപ്പാന്‍ ഞാന്‍ ശങ്കിക്കുന്നു.

............

45. മേല്‍ 28 മത് ലക്കത്തില്‍ പറയുന്നപ്രകാരമുള്ള റോമ്മായിലെ സുന്നഹദോസിനു മേല്‍ 248 മത് ലക്കത്തില്‍ പറയുന്നവണ്ണമുള്ള ളൂയീസ് എന്ന വരാപ്പുഴ മെത്രാനും പോയിരുന്നാറെ 1870 മത് കന്നിമാസത്തില്‍ തിരിച്ചു വരികയും ചെയ്തു. എങ്കിലും സുന്നഹദോസില്‍ ഉണ്ടായ കാര്യവിവരം ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. അത് നോക്കുമ്പോള്‍ സുന്നഹദോസ് ഉണ്ടാക്കിയത് ഒരു സാര സംഗതിയെക്കുറിച്ചല്ലെന്നോ അല്ലെങ്കില്‍ റോമ്മാ രാജ്യത്തിലെ പാപ്പായുടെ രാജാധികാരത്തിനു മുന്‍ 169 മത് ലക്കത്തില്‍ പറയുന്നപ്രകാരം സഹായി ആയിരുന്ന ഫ്രാന്‍സിലെ നെപ്പോളിയന്‍ ചക്രവര്‍ത്തിയും പ്രഷ്യ രാജാവും തമ്മില്‍ ഈ സമയം ഉണ്ടായ യുദ്ധത്തില്‍ ഫ്രാന്‍സ് തോറ്റു ചക്രവര്‍ത്തിയെ പിടിച്ചു പോകകൊണ്ടു പാപ്പായുടെ രാജാധികാരത്തിനു മുമ്പേ തന്നെ വിരോധികളായിരുന്ന ഇറ്റലിക്കാര്‍ റോമ്മായില്‍ കയറി കവരുകയാല്‍ പാപ്പായ്ക്കും കൂടിയ ശേഷംപേര്‍ക്കും മന്നമായി പിരിഞ്ഞെന്നോ വിചാരിക്കാം. മുന്‍ 231 മത് ലക്കത്തില്‍ പറയുന്നപ്രകാരം തോമ്മാ മെത്രാനോടു പട്ടം ഏറ്റവര്‍ മുടങ്ങി നിന്നു വന്നാറെ ആ പട്ടം വാസ്തവമെന്നു നിശ്ചയിച്ചു വരാപ്പുഴ മെത്രാന്‍റെ ഈ തിരിച്ചുവരവില്‍ അവരുടെ കുറ്റം തീരുന്നതിനു അനുവാദം ഉണ്ടാകയും ചെയ്തു. 

50. മേല്‍ 45 മത് ലക്കത്തില്‍ പറയുന്ന സുന്നഹദോസ് പിരിയുന്നതിനു മുമ്പ് ഇറ്റലി രാജാവായ പിക്തര്‍ ഇമ്മാനുവേല്‍ റോമ്മായില്‍ കയറി രാജാധികാരം എടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...