പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്.
ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ് കശീശാ (പിന്നീട് ക്നാനായ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ 1927 ല്‍ കാലം ചെയ്ത ഗീവറുഗീസ് മാര്‍ സേവേറിയോസ് തിരുമേനി) യുടെ നാളാഗമത്തില്‍ (ഡയറി) നിന്ന് ശ്രീ. ഇ.എ. ഫിലിപ്പ് എഴുതിയെടുത്തു തന്നതാണ് ഈ വിവരം.
"പാത്രിയര്‍ക്കീസു ബാവായാല്‍ പുത്തനായിട്ടു വാഴിച്ചു നിരണം മുതലായ പള്ളികള്‍ക്കു അധികാരപ്പെടുത്തിയ മെത്രാനും പരുമലെ സിമ്മനാരിയില്‍ പഠിത്വവെല നടത്തിച്ചുവരുന്ന ആളുമായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗൊറിയൊസ ഗീവറുഗീസ മെത്രാപൊലീത്താ വലിയ ദൈവഭക്തനും നൊമ്പുകാരനുമാകുന്നു. ഇദ്ദെഹത്തിന്‍റെ അടുക്കല്‍ ഒരു പിശാചു പരീക്ഷിപ്പാനായി ആള്‍ രൂപത്തില്‍ കാണപ്പെട്ട പ്രകാരം സൂക്ഷ്മമായി അറിവു കിട്ടിയിരിക്കുന്നു. പിശാചു കാണപ്പെട്ടതു താഴെപ്പറയും പ്രകാരമായിരുന്നു.
1880-ാമാണ്ട വൃശ്ചികമാസം 27-നു ക്കു മലയാം 26-നു സന്ധ്യ കഴിഞ്ഞു നമസ്ക്കാരശെഷം മൂന്നു നാലു നാഴിക ഇരുട്ടിയ സമയം അദ്ദെഹം സിമ്മനാരി മുറ്റത്തു ലാസുന്ന സമയം വെള്ള വസ്ത്രം ധരിച്ചതായ ഒരാള്‍ വെലിയ്ക്കു പുറത്തു നില്ക്കുന്നതു കണ്ടു. ആര്‍ എന്നു ചൊദിച്ചാറെ മിണ്ടാഴികയാല്‍ അടുത്തു ചെന്നു ചൊദിച്ചപ്പോള്‍ "ഞാന്‍ നിന്‍റെ പിതാവാണന്നും നീ വീണു എന്നെ വന്ദിച്ചാല്‍ നിനക്കു രക്ഷ കിട്ടുമെന്നും" അവന്‍ പറകയും "ദൈവം മാത്രം എന്‍റെ പിതാവെന്നും നീ എന്‍റെ പിതാവല്ലെന്നും" മറ്റും അദ്ദെഹം കല്പിച്ചപ്പൊള്‍ "നിന്നെ രക്ഷിപ്പാനും ശിക്ഷിപ്പാനും ഇനിക്കു അധികാരമുണ്ടെന്നും" മറ്റും അവന്‍ പറഞ്ഞാറെ ഈയൊബിന്‍റെ സംഗതി അദ്ദേഹം പറഞ്ഞും കൊണ്ട് ഈശൊമിശിഹായുടെ നാമത്തില്‍ നീ പൊക എന്നു അവനൊടു പറഞ്ഞു അദ്ധെഹം ദൈവത്തൊടു അപെക്ഷിച്ചു കുരിശുവരച്ചു. ഉടന്‍ അവന്‍ മാഞ്ഞുപൊകയും ചെയ്തു. ഇപ്രകാരം ഉണ്ടായി എന്നു സൂക്ഷമായി കെട്ടു. അദെഹം ഒരിയ്ക്കലും വ്യാജം പറയുന്നതല്ലന്നു സര്‍വ്വസമ്മതമാകയാല്‍ എല്ലാവരും ഇതു വിശ്വസിക്കുന്നു."
തൃപ്പൂണിത്തുറ മൂക്കഞ്ചേരി പൈലി വര്‍ക്കി എഴുതി മലയാള മനോരമ 1903 ല്‍ പ്രസിദ്ധപ്പെടുത്തിയ "മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ" എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഇതാണ് പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് പ്രസിദ്ധീകൃതമായ ആദ്യ കൃതി. ഈ സംഭവത്തെപ്പറ്റി ആദ്യമായി പരാമര്‍ശിക്കുന്നത് ഫാദര്‍ ഇ. ജെ.ഏബ്രഹാം എഴുതിയ ജീവചരിത്രഗ്രന്ഥത്തിലാണ്. പരിഷ്കരിച്ച പതിപ്പിന്‍റെ (1988) 40, 41 പേജുകളില്‍ ഈ സംഭവം വിവരിക്കുന്നു. ഇതിന്‍റെ ആദ്യപതിപ്പ് പ്രസിദ്ധപ്പെടുത്തിയത് 1938 ലാണ്. "മാര്‍ ഗ്രിഗോറിയോസ് വിയോഗം പൊന്‍ ജൂബിലി സൂവെനീര്‍" (1952) 39 - ാം പേജിലും ഈ സംഭവം വിവരിക്കുന്നുണ്ട്. ഇസഡ്. എം. പാറേട്ട് "പരുമല പുണ്യവാളന്‍" എന്ന ചരിത്രോപാഖ്യാനത്തില്‍ (1965) ഈ സംഭത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ട് (പേജ് 266). തിരുമേനിയുടെ ജീവിതവിശുദ്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിന് ചിലര്‍ ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ കെട്ടുകഥയായി അദ്ദേഹം ഇതിനെ കാണുന്നു.
തലമുറകളായി എഴുതിവന്ന ഇടവഴീക്കല്‍ നാളാഗമത്തില്‍ (ഡയറി) നിന്ന് 19-ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ നടന്ന സംഭവങ്ങളുടെ തല്‍സമയ വിവരണം ലഭ്യമാണ്. ആ നിലയ്ക്ക് ഇത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണെന്ന് വെളിവാകുന്നു.
സമ്പാദകന്‍: വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
No comments:
Post a Comment