Wednesday, October 18, 2017

ചങ്ങനാശ്ശേരിപള്ളി വിധി നടത്തിപ്പും എതിര്‍പ്പും (1821)

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു പേരിട്ടു കല്ലടയില്‍ ഏതാനും സ്ഥലം ചിലവു വകയ്ക്കു കൊടുക്കുകയും ചെയ്തു. പിന്നെ മാന്നാത്തു മണ്‍കോട്ട നിലം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചിലവുവകയ്ക്കു മിഷണറിമാര്‍ കാണമിടുകയും മുതല്‍ വര്‍ദ്ധിച്ചു സിമ്മനാരി പ്രബലപ്പെടുകയും ഉഭയം പലിശ മുതലായതില്‍ വളരെ അന്യായം ചെയ്കയും എല്ലാ വരവും ചിലവും കൂടി ബോധിച്ചിടുകയും ചെയ്തുവരുന്നു. 1817-ല്‍ മെത്രാപ്പോലീത്തായെയും പള്ളിക്കാരെയും മാവേലിക്കര കൂട്ടി മണ്‍റോ സായ്പ് അവര്‍കളും ബഞ്ചമിന്‍ ബയിലി പാതിരിയും ജോസഫ് ഫെന്‍ പാതിരിയും കൂടെ വന്ന് തമ്പുരാനെ പഴേകൂറ്റുപള്ളികളില്‍ ചിലതു എടുക്കണമെന്നു നിശ്ചയിച്ചുംകൊണ്ട് കോട്ടയത്തു വലിയ പള്ളിയും പിറവത്തു പള്ളിയും ആലപ്പുഴ പള്ളിയും ചങ്ങനാശ്ശേരി പള്ളിയും ഫെന്‍ സായിപ്പിനു ഒഴിഞ്ഞുകൊടുത്തിരിക്കുന്നപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ റാണിയോടു തീട്ടൂരം വാങ്ങിച്ചു. ഈ നാലു പള്ളിക്കു നീട്ടു വാങ്ങിച്ചത്, കോട്ടയത്തു വലിയ പള്ളിയിലും പിറവത്തു പള്ളിയിലും പുത്തനും പഴയതും കൂടി നടന്നുവരുന്ന പള്ളികള്‍ ആകയാല്‍ ആയത് എളുപ്പത്തില്‍ എടുക്കയും ആ ന്യായത്തിനു മറ്റേ പള്ളി രണ്ടും എടുക്കുകയും ചെയ്യണമെന്നും പ്രയാസം കൂടാതെ കിട്ടിയെങ്കില്‍ പിന്നെയും ചിലതു കൂടെ എടുക്കണമെന്നും കരുതി ആയിരുന്നു. കോട്ടയത്തു വലിയപള്ളിയില്‍ നിന്നും പിറവത്തു പള്ളിയില്‍ നിന്നും ന്യായമായി അവരെ ഒഴിച്ചു എങ്കിലും ചങ്ങനാശ്ശേരി പള്ളി ബലമായി പിടിക്കുന്നതിനായിട്ടു ഉത്തരവുപ്രകാരം സര്‍ക്കാര്‍ ആളുകളും സായ്പന്മാരും പാലക്കുന്നത്തു കത്തനാരു മുതലായ പുത്തന്‍കൂറ്റുകാരും കൂടി ചെന്നു പിടിച്ചു പഴേകൂറ്റു കത്തങ്ങള്‍ മുതല്‍പേരെ ഇറക്കി ഓടിക്കുകയും പുത്തന്‍കൂറ്റുകാരു കേറുകയും ചെയ്തതിന്‍റെ ശേഷം പഴേകൂറ്റുകാരു പുരുഷരും സ്ത്രീകളും കൂടി പുത്തന്‍കൂറ്റുകാരെ ഓടിക്കയാല്‍ ബെന്‍ സായ്പ് എഴുതി അയച്ചു പട്ടാളം വന്നു പള്ളിക്കു ചുറ്റില്‍ വീഴുകയും ഈ വിവരം കേട്ടു വന്ന പുത്തന്‍ചിറ ഗോവര്‍ണ്ണദോരെ പിടിച്ചു തടവില്‍ വെയ്ക്കുകയും ചെയ്തു. ഈ ബലങ്ങള്‍ വളരെ പ്രവൃത്തിച്ചാറെയും പഴേകൂറ്റിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധൈര്യം കാരണത്താല്‍ പള്ളി എടുപ്പാന്‍ കഴിഞ്ഞില്ല. റസിഡണ്ട് മണ്‍റോ സായ്പ് മാറിപോയത് വരെ പഴേകൂറ്റുകാര് വളരെ സങ്കടത്തില്‍ ആയിരുന്നു. അവരുടെ ധൈര്യത്തില്‍ അതു വരെ അവരു പള്ളി വിട്ടുകൊടുത്തില്ല. പിന്നീട് വന്ന റസിഡണ്ട് ഉത്തരവ് കൊടുത്ത് അവരുടെ സങ്കടം തീര്‍ക്കുകയും ചെയ്തു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Friday, October 13, 2017

പറങ്കികളുടെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

കൊല്ലം 667-ാമതു ഇടവമാസം 9-ാം തീയതിക്കു 1498 .............. മെയ് മാസം  .........-ാം തീയതി ഞായറാഴ്ച ദിവസം പോര്‍ത്തുഗീസുകാരു ആദ്യം മലയാളത്തു വന്നു. അത് കോഴിക്കോട്ട് ആകുന്നു. പോര്‍ത്തുഗീസ് കപ്പിത്താന്‍റെ പേരു ഗാമ എന്നാകുന്നു. പോര്‍ത്തുഗല്‍ രാജാവ് മാനുവേലിന്‍റെ കല്പനയാല്‍ ആകുന്നു വന്നത്. നല്ല മുളകു കച്ചവടത്തിനായിട്ടാണു വന്നത്. കോഴിക്കോട്ടു രാജാവ് സാമൂതിരി ആയിരുന്നു. അതുവരെ അവിടെ കച്ചവടം ജോനക മാപ്പിളയ്ക്കും അറബികള്‍ക്കും പാര്‍സികള്‍ക്കും തുര്‍ക്കികള്‍ക്കും ആയിരുന്നു. പന്തലായിനിക്കു തുറമുഖത്താണ് നങ്കൂരം വച്ചത്. തിങ്കളാഴ്ച സാമൂതിരിയും കപ്പിത്താനും തമ്മില്‍ കൂടിക്കാഴ്ചയുണ്ടായി. മാനുവേല്‍ രാജാവ് അറബി ഭാഷയില്‍ എഴുതിയിരുന്ന എഴുത്ത് സാമൂതിരിക്കു കൊടുത്തു. ഇവരുടെ വരവ് ജോനകരുടെ കച്ചവടത്തിനു ദോഷം വരുമെന്നു വിചാരിച്ച് അവരു സാമൂതിരിയുമായി ചേര്‍ന്ന് ഗാമയുമായി  സന്തോഷമില്ലാതെ തീര്‍ന്നു. ഏതാനും ചരക്കും കിട്ടി. ഗാമ തിരികെ പോയി. 667 ................ ല്‍ കര്‍ക്കിടകമാസത്തില്‍ പോര്‍ത്തുഗലില്‍ എത്തുകയും ചെയ്തു. ഈ കപ്പലുകളില്‍ ചരക്കോടുകൂടെ കബ്രാല്‍ കപ്പിത്താനെ ..................... ആളോടും കൂടെ 1053-ാമത് മാര്‍ച്ച് മാസം 8-ാം തീയതി കൊല്ലം 637-ല്‍ രണ്ടാമതും അയച്ചു. അവരു കപ്പല്‍ ഓടി വരുമ്പോള്‍ കാറ്റു വിരോധംകൊണ്ടു ബ്രസീല്‍ എന്ന ഒരു പുതിയ ദിക്കു കൂടെ കണ്ടുപിടിപ്പാന്‍ ഇടവന്നു. ആ ബ്രസീല്‍ എന്ന നാട്ടില്‍ നിന്ന് കപ്പല്‍മാങ്ങ, കൈതചക്ക, ആത്തചക്ക, പേരയ്ക്ക, കപ്പ, മുളകു മുതലായതു ക്രമത്താല്‍ മലയാളത്തു വരുവാന്‍ സംഗതി വന്നു. കബ്രാല്‍ കപ്പിത്താന്‍ സാമൂതിരിയുമായി കണ്ടു തിരുമുല്‍ക്കാഴ്ച വച്ചു കച്ചവടം തുടങ്ങി എങ്കിലും അതു ഫലിച്ചില്ല. പിന്നെയും തമ്മില്‍ ശണ്ഠയുണ്ടായി. ഡിസംബര്‍ ................. പറങ്കികള്‍ കൊച്ചിയില്‍ എത്തി. നങ്കൂരം ഇട്ടു. ഉണ്ണിരാമ കോയില്‍ തിരുമുല്‍പാട് എന്ന കൊച്ചി രാജാവുമായിട്ടു കണ്ടു. ............. പവിഴവും വെള്ളിയും കാഴ്ചവച്ചു. സന്തോഷപ്പെട്ടു മുളകു കച്ചവടം ചെയ്തു. 20 ദിവസംകൊണ്ട് കപ്പല്‍ നിറച്ചു. 

കൊടുങ്ങല്ലൂര്‍ നിന്ന് യൗസേപ്പ്, മത്തായി ഇങ്ങനെ രണ്ടു നസ്രാണികള്‍ കപ്പിത്താനെ ചെന്നു കണ്ടു. കപ്പലില്‍ കൂടെ കയറി. റോമ്മാ മുതലായ ദിക്കുകളെയും ചെന്നു കണ്ടു. യെറുശലേമിനു പോകുന്നതിനു മനസ്സുണ്ടെന്ന് കപ്പിത്താനോടു പറഞ്ഞു. കപ്പിത്താന്‍ ഇവരുടെ വസ്തുതയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു കേള്‍പ്പിച്ചതു എങ്ങനെ എന്നാല്‍, തോമ്മാശ്ലീഹാ ഈ രാജ്യത്തു വന്നു പള്ളികള്‍ ഉണ്ടാക്കി എന്നു കേട്ടിരിക്കുന്നു. ഞങ്ങളുടെ പള്ളികളില്‍ ബിംബമില്ല, കുരിശേ ഉള്ളൂ. ............... അയച്ചു വരുന്നതു സുറിയാനിക്കാരുടെ കാതോലിക്കാ ആകുന്നു. പട്ടക്കാര്‍ക്കു ................ പട്ടക്കാരാകുന്നു. കുട്ടികളെ .............. നാള്‍ വേണം. മരിച്ചാല്‍ എട്ടാം ദിവസത്തില്‍ പുല നീക്കും. നോമ്പു വളരെ ഉണ്ട്. ജൂലൈയില്‍ തോമസിന്‍റെ പെരുന്നാള്‍ പ്രധാനം. വേദപുസ്തകങ്ങള്‍ മുതലായതു ഉണ്ട്. ഈ കൊടുങ്ങല്ലൂരില്‍ തന്നെ ........ ഞങ്ങള്‍ കുടിയേറിയിരിക്കുന്നു. യൂദന്മാരും മിസ്രക്കാരും അറബിക്കാരും പാര്‍സിക്കാരും മുതലായ കച്ചവടക്കാറരും ഉണ്ട്. ഞങ്ങള്‍ക്കും കച്ചവടം തന്നെ പ്രവൃത്തി. കൊടുങ്ങല്ലൂര്‍ രാജാവിനു ഞങ്ങള്‍ കപ്പം കൊടുക്കുന്നു. ഇങ്ങനെയുള്ള പഴമകള്‍ ഒക്കെയും കപ്പിത്താന്‍ കേട്ടു സന്തോഷിച്ചു. അവരെ കൂടെ കൊണ്ടുപോകാമെന്നു നിശ്ചയിക്കയും ചെയ്തു. കപ്പിത്താന്‍ ചരക്കു കേറ്റി പോയി. യൗസേപ്പിനെയും മത്തായിയെയും കൂടെ കൊണ്ടുപോയി. അതില്‍ ഒരുവന്‍ ലിസബോന്‍ നഗരത്തില്‍ വച്ചു മരിച്ചു. ഒരുവന്‍ പോര്‍ത്തുഗലില്‍ എത്തി. അതിന്‍റെശേഷം നോവ എന്ന ഒരുത്തന്‍ നാലു കപ്പലോടുകൂടെ വന്നു. അവരില്‍ മൂന്നു പറങ്കികളെ കണ്ണന്നൂര്‍ കച്ചവടത്തിനു പാര്‍പ്പിച്ചും വച്ച് ചരക്കു കേറ്റി പോകയും ചെയ്തു. പിന്നീട് കോഴിക്കോട്ടു രാജാവിനെ തോല്‍പ്പിക്കേണ്ടുന്നതിനും ജോനകരുടെ കച്ചവടം നിറുത്തേണ്ടുന്നതിനും വേണ്ടി ഗാമ കപ്പിത്താന്‍ 20 കപ്പലും ഹിന്തു സമുദ്രപതി എന്ന സ്ഥാനവും കൊടുത്ത് 1532-ല്‍ മലയാളത്തിലേക്കു അയച്ചു. അവരു ഏഴിമലയ്ക്കു സമീപിച്ചപ്പോള്‍ മുന്നൂറില്‍ അധികം ആളുള്ള ഒരു ഹാജി കപ്പല്‍ കണ്ടതിനെ ആളുകളോടും കൂടി ചുട്ടു. അതില്‍നിന്നു ലിസബാന്‍ നഗരത്തിലെ പള്ളിയില്‍ സന്യാസികളായി വളര്‍ത്തേണ്ടുന്നതിനു 20 കുട്ടികളെ എടുത്തു. 1532-ാമത് ........... 8-ാം തീയതി തിങ്കളാഴ്ച ആയിരുന്നു അവരെ നശിപ്പിച്ചത്. ആ സമയം തന്നെ കോഴിക്കോട്ടു രാജാവോടു യുദ്ധം ഉണ്ടായി. പലയിടവും നശിപ്പിച്ചു. പറങ്കികളുടെ കൂടെ വന്നിരുന്നതില്‍ രണ്ടു ഇത്തലയന്മാര്‍ സാമൂതിരിയോടു ചേര്‍ന്ന് വല്യതോക്ക് ഉണ്ടാക്കി കൊടുത്തു. അതിന്‍റെ ശേഷം കപ്പല്‍ ഓടി നവംബര്‍ മാസം കൊച്ചിയില്‍ എത്തി. പെരുമ്പടപ്പും പറങ്കികളും തമ്മില്‍ സന്തോഷമാകയും തമ്മില്‍ തമ്മില്‍ സഹായം ചെയ്കയും ചെയ്തുകൊണ്ടിരുന്നു. അത് എന്തുകൊണ്ടെന്നാല്‍ പെരുമ്പടപ്പിന്‍റെ മേല്‍ സാമൂതിരിക്കു മേല്‍കോയ്മയുണ്ടായിരുന്നു. കപ്പവും ഉണ്ടായിരുന്നു.

പറങ്കിയോടു ചേര്‍ന്നാല്‍ അതിനു ......... വരുത്താമെന്നു കരുതി ആണ് ഇവരു തമ്മില്‍ ചേര്‍ന്നത്. ജോനകരും പറങ്കികളും തമ്മിലാണ് അധികം ശത്രുതയുണ്ടായിരുന്നത്. ഗാമ കപ്പിത്താന്‍ പോര്‍ത്തുഗലില്‍ നിന്നും കൊണ്ടുവന്നിരുന്ന പൊന്‍മുടി മുതലായവ സമ്മാനമായി പെരുമ്പടപ്പു രാജാവിനു കൊടുത്തു. വീരചങ്ങല, തോള്‍വള മുതലായ സമ്മാനങ്ങള്‍ രാജാവ് കപ്പിത്താനും കൊടുത്തു. ജോനകരു ഗോമാംസം കപ്പലില്‍ കൊണ്ടുചെന്നു കൊടുക്കുന്ന വിവരം രാജാവ് അറിഞ്ഞു കപ്പിത്താനോടു വിരോധിച്ചു. അതിന്‍റെശേഷം ഗോമാംസവും കൊണ്ടുചെന്ന മൂന്നു ജോനകരെ കപ്പിത്താന്‍ പിടിച്ചു രാജാവിന്‍റെ അടുക്കല്‍ അയച്ചു. അവരെ രാജാവ് തൂക്കി കൊന്നു.
കൊടുങ്ങല്ലൂരില്‍ നിന്നു നസ്രാണികള്‍ കോഴികളും പഴങ്ങളും കൊണ്ടുചെന്നു പറങ്കികള്‍ക്കു സമ്മാനം കൊടുത്തു. നിങ്ങളുടെ വരവ് ഞങ്ങള്‍ക്കു സന്തോഷമെന്നും പണ്ട് ഈ രാജ്യത്തു ഞങ്ങളുടെ വംശത്തില്‍ ഒരു തമ്പുരാന്‍ ഉണ്ടായിരുന്നു. അവനു പുരാണ പെരുമാക്കന്മാര്‍ കൊടുത്ത ചെങ്കോലും രാജ്യപത്രികയും ഇതാ നിങ്ങള്‍ക്കു തരുന്നു എന്നും പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ...................... പേരോളം ഉണ്ടെന്നും പറഞ്ഞു. ചെങ്കോല്‍ എന്നു പറഞ്ഞതു ചുമന്നും രണ്ടു വെള്ളി വളകളും ഒരു വളയില്‍ മൂന്നു വെള്ളിമണികളും ഉള്ളതും ആകുന്നു. കൊടുങ്ങല്ലൂര്‍ ഒരു കോട്ട ഉണ്ടാക്കിയാല്‍ ഹിന്ദുരാജ്യം മുഴുവനും കരസ്ഥമാക്കുവാന്‍ സംഗതി വരുമെന്നും പറഞ്ഞു. കൊടുങ്ങല്ലൂര്‍ അന്ന് പടിഞ്ഞാറ്റെടം എന്ന ഷെത്രിയ സ്വരൂപം വാണിരുന്നു. ആ സ്വരൂപത്തിന്‍റെ മേല്‍ സാമൂതിരിക്കു മേല്‍കോയ്മയും കപ്പവും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ യൂദന്മാര്‍ക്കു മുമ്പിനാലെ അഞ്ചുവണ്ണം എന്ന ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാരവും ചേരമാന്‍ പെരുമാളിന്‍റെ കല്പനയാല്‍ തലവന്‍ യൗസേപ്പ് റമ്പാന്‍ മുഖാന്തിരം കിട്ടിയിട്ടുണ്ടായിരുന്നു. അപ്രകാരം തന്നെ നസ്രാണികള്‍ക്കും മഹാദേവര്‍ പട്ടണവും ഉണ്ടായിരുന്നു. പാര്‍സി ക്രിസ്ത്യാനിക്കാരായ മണിഗ്രാമക്കാരും മുസല്‍മാന്മാരും അവിടെ ഉണ്ടായിരുന്നു. വലിയ കപ്പല്‍ കച്ചവടവും ഉണ്ടായിരുന്നു. ചെട്ടികള്‍, യൂദന്മാര്‍, നസ്രാണികള്‍, മുസല്‍മാന്മാര്‍ ഇങ്ങനെ നാലു വകക്കാരുള്ളതില്‍ നാല് അധികാരികളെ എടുത്ത് അവരവരുടെ കാര്യങ്ങള്‍ അതാതു അധികാരത്തില്‍ നടത്തിച്ചു വന്നു. തിരുപള്ളികുളം എന്നു പേരുള്ള കൊടുങ്ങല്ലൂരെ അഴിമുഖം നികന്നതു ................കയും കോഴിക്കോട്ടു ജോനകരുടെ വല്യ കച്ചവടം ഉണ്ടാകയും കൊണ്ടു കൊടുങ്ങല്ലൂരെ കച്ചവടം കുറഞ്ഞു. പറങ്കികളും പെരുമ്പടപ്പും കൂടി കൊടുങ്ങല്ലൂര്‍ എടുക്കണമെന്നു നിശ്ചയിച്ചതിനാല്‍ സാമൂതിരിയുടെ കപ്പല്‍ പ്രമാണിയായ മയിമാനി എണ്‍പതു പടകുകളോടു കൂടെ കൊടുങ്ങല്ലൂര്‍ പുഴയില്‍ പാര്‍ത്തു. നമ്പിയാതിരി ഏറിയ സൈന്യങ്ങളോടുകൂടെ പള്ളിപ്പുറത്തു ചെന്നു. പറങ്കികളാകുന്ന പശകും സൂവറസും പടകു വഴിയായി രാത്രികാലത്ത് പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊടുങ്ങല്ലൂരിലേക്കു ചെന്നു. നിരുവിക്കാത്ത സമയം പട തുടങ്ങി. കപ്പല്‍ പ്രമാണിയുടെ വീരന്മാരായ രണ്ടു മക്കളോടുകൂടെ പൊരുതി മരിച്ചു. പോര്‍ത്തുഗീസുകാര്‍ അങ്ങാടിക്കു തീ കൊടുത്തു. അന്ന് രാത്രിയില്‍ ഉണ്ടായ സങ്കടം പറഞ്ഞുകൂടാ. ഊര്‍ശ്ലേമിന്‍റെ വലിയ നാശം പോലെ തന്നെ. 1534-ാമത് ഒക്ടോബര്‍ മാസത്തില്‍ ആയിരുന്നു ഇത്. നസ്രാണികള്‍ ഈശോമിശിഹാ നാമത്തില്‍ വലിയ നിലവിളിയും മുറയും ചെയ്തതു കൂടാതെ കബ്രാലും ഗാമയും ആയ രണ്ടു കപ്പിത്താന്മാരു ഞങ്ങളോടു അഭയം ചൊല്ലിയിരുന്നുവല്ലോ എന്നും കൂടെ നിലവിളിച്ചു. അത് പറങ്കികള്‍ കേട്ടു നസ്രാണികളുടെ പട്ടണത്തിലെ തീയെ കെടുത്തി രക്ഷിപ്പാന്‍ നോക്കി, എങ്കിലും അത് സാധിച്ചില്ല. വസ്തുവകകളെ കുത്തിവാരി എടുത്തു. ഇതൊക്കെയും ചെയ്തതു പറശകു കപ്പിത്താനും പെരുമ്പടപ്പും കൂടെ ആയിരുന്നു. അവരു സന്തോഷിച്ചു തിരികെ കൊച്ചിക്കു പോയി. ഉടനെ സാമൂതിരിയും ത........ന്തൂരിലെ വെട്ടത്തു കോയിലും തമ്മില്‍ ശണ്ഠ ഉണ്ടായി. അതിനു പറങ്കികള്‍ കാഞ്ഞൂരില്‍ ചെന്നു സഹായിക്കേണ്ടി വന്നു. പശകു കപ്പിത്താന്‍ കാഞ്ഞൂരില്‍ പട്ടണത്തില്‍ മതിയായ ആളുകളെ പാര്‍പ്പിച്ചുംവച്ചു ചരക്കുകളെയും കേറ്റി പെരുമ്പടപ്പിനോടു യാത്രയും പറഞ്ഞു പോര്‍ത്തുഗലിനു പോയി. അവന്‍റെ യാത്രാസമയം കൊച്ചി രാജാവ് പശകിന്‍റെ വിക്രമങ്ങളെ സ്തുതിച്ചു പോര്‍ത്തുഗല്‍ രാജാവിനു ഒരു കത്ത് കൊടുത്തതു കൂടാതെ ഒരു ചെമ്പേടും കൊടുത്തു. അത് ആണിത്: "കെരുള ഉണ്ണിരാമന്‍ കോയില്‍ തിരുമുമ്പാടു കൊച്ചി രാജാവ് വൈപ്പീല്‍ അടവില്‍ ചെറുവൈപ്പില്‍ നടുങ്ങനാടും വാഴുന്നോര്‍. അരുളിചെയ്ക. 637-ാം ആണ്ട് മീനമാസത്തില്‍ കുന്നലെ കോനാതിരി രാജാവ് പട തുടങ്ങിയപ്പോള്‍ പശെകു നിത്യം ചെറുത്ത് ജയം കൊണ്ടു നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു. അതിനാല്‍ അവനും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേല്‍ അവന്‍ തോല്പിച്ച രാജാക്കന്മാര്‍ അഞ്ചിന്‍റെ പൊന്‍മുടികളും സാമൂതിരിയോട് ഉണ്ടായ ഏഴു യുദ്ധങ്ങളുടെ കുറയുള്ള ആയുധചിത്രങ്ങളും എഴുതികൊടുത്തിരിക്കുന്നു. ചിരികണ്ടന്‍ കയ്യെഴുത്ത്." 

1534-ല്‍ അവനും സൂവറസും പോകുന്ന സമയം പന്തലാനി കൊല്ലത്തു അറബി, തുര്‍ക്കി, മിസ്ര മുതലായവരുടെ വക കിടന്നിരുന്ന കപ്പലുകള്‍ ചുട്ടും വച്ചാണെ പോയത്. അപ്പോള്‍ മുസല്‍മാന്മാര്‍ക്കു വാശി മുഴുത്ത് മിസ്രയില്‍ വാഴുന്ന സുല്‍ത്താന്‍ ഖാന്‍ ഹസ്സനെ ചെന്നു കണ്ടു. സാമൂതിരി മുതല്‍ചിലവു ചെയ്തുകൊള്ളും താനും കൂടി തോക്കും പടജനത്തെയും അയച്ചു പറുങ്കികളെ ഓടിക്കണമെന്നു അപേക്ഷിച്ചു. ഇവരോടു യുദ്ധത്തിനായിട്ട് മാനുവല്‍ രാജാവ് ......... കപ്പലുകളെ അയച്ചു. ഇതു നടത്തുവാന്‍ ഒരു കപ്പിത്താന്‍ പോരായെന്നു കണ്ടു കേരളത്തിലെ പറങ്കികള്‍ക്കു ഒന്നാം രാജാധികാരി ആയി പ്രാഞ്ചിസ അന്‍റൈദാ എന്ന വീരനെ നിയമിച്ചു. .................-ല്‍ മാര്‍ച്ച് .................. അയച്ചു. സെപ്റ്റംബര്‍ .....................നു വന്നുചേര്‍ന്നു. അള്‍മൈദ കണ്ണൂരിലെ കോലത്തിരിയെ കണ്ടു. ഒരു കോട്ട കെട്ടുവാന്‍ അനുവാദം വാങ്ങി ഒക്ടോബര്‍ .........നു പണി തുടങ്ങി. സന്ത അഞ്ചലൊ എന്നു പേരിട്ടു. ലൊരഞ്ചുപ്രീതൊ എന്നവനെ 350 ആളോടുകൂടെ അവിടെ ആക്കി. കൊല്ലത്തു പാര്‍പ്പിച്ചിരുന്ന ഹൊമന്‍ കപ്പിത്താനും ആ ദിക്കുകാരും വേണാടു രാജാവും തമ്മില്‍ ശണ്ഠയുണ്ടായാറെ ഈ പറങ്കികളേ ഉണ്ടായിരുന്നുള്ളു. അവരു ഭഗവതി ക്ഷേത്രത്തില്‍ കയറി ഒളിച്ചു. കൊല്ലക്കാര്‍ ചുറ്റും വിറകു കൂട്ടി തീ ഇട്ടു. ................. പേരും ദഹിച്ചു. അന്‍റൈദാ ഇതു കേട്ടപ്പോള്‍ തന്‍റെ മകന്‍ ലൊരഞ്ചിനെ അയച്ചു. അവന്‍ വന്നു കൊല്ലത്തോടു ദോഷം ചെയ്തു. അതുകഴിഞ്ഞ് അവന്‍ സീഹള അല്ലെങ്കില്‍ ഈഴനാട് എന്നു പറയുന്ന സ്ഥലത്തു ചെന്നു. അവന്‍ കടല്‍വഴി സഞ്ചരിച്ചു കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ മുസല്‍മാന്മാരുടെ കച്ചവടത്തെ നശിപ്പിച്ചുകൊണ്ടിരുന്നു. ഈ സമയം പെരുമ്പടപ്പില്‍ രാജഗ്രഹത്തില്‍ ഒരു ഛിദ്രം ഉണ്ടായി. ഉണ്ണി കോതചമ്മര രാജാവിനു വയസ്സുചെന്നു രാജത്വം ഉപേക്ഷിച്ചു ക്ഷേത്രവാസം ചെയ്യണമെന്നു വിചാരിച്ചപ്പോള്‍ നേരെ അനന്തിരവരു രണ്ട് ആള്‍ ഉള്ളവരു മൂന്നു ആണ്ടിനു മുമ്പുണ്ടായ പടയില്‍ സാമൂതിരിയോടു ചേര്‍ന്ന് പോയിരുന്നു. അതിനാല്‍ മൂത്തവനായ ഇളയിടത്തില്‍ പടിമഠത്തില്‍ കോയിലെ വാഴിപ്പാന്‍ വിചാരിച്ചാറെ ഈ തള്ളിയ അനന്തിരവരു മൊരിങ്ങൂര്‍, മൊടിയ്ക്കുര, മൊറിഞ്ഞൂട, ........................ പ്രഭുക്കളുടെ സഹായത്താല്‍ പട തുടങ്ങി. അതും അന്‍റൈദാ .................ഘോഷത്തോടെ വാഴ്ച നടത്തി. ഉണ്ണിരാമ കോയില്‍ എന്നും ............................ ധരിപ്പിച്ചു. പെരുമ്പടപ്പു എന്നും പോര്‍ത്തുഗല്‍കീഴ് വസിക്കാമെന്നു സത്യവും ചെയ്തു. 

....... മാസത്തില്‍ ...... കപ്പലില്‍ ചരക്കു കേറ്റി അയച്ചു. അപ്പോള്‍ ഒരു ആനയെയും കൂടെ കപ്പലില്‍ അയച്ചു. യൂറോപ്പില്‍ ആദ്യം ചെന്ന ആന അതാകുന്നു.

സാമൂതിരിയോടും ഇളയ രാജാവായ നമ്പിയാതിരിയോടും ചേര്‍ന്നു വലിയ തോക്ക് മുതലായതു ഉണ്ടാക്കയും ഇത്തല്യാര്‍, യുദ്ധീശ എന്ന സായിപ്പുമായി രഹസ്യത്തില്‍ കാണ്മാനും തിരികെ പൊയ്ക്കളയാമെന്നു പറഞ്ഞു ബോധിപ്പാനും അത് സാമൂതിരി അറിവാനും ഇടവന്നതിനാല്‍ അവരുടെ വീട് വളഞ്ഞു അവരെ കൊന്നു. ഒരുത്തന്‍റെ പേരു ജുവാന്‍, മറ്റവന്‍റെ പേര് അന്തോണി. 1536 മാര്‍ച്ച് 5-നു മുതല്‍ ലൊരഞ്ചു 83 പറങ്കികളോടുകൂടെ ........................ കപ്പലുമായി കണ്ണൂരിന്‍റെ നേരെ ജോനകരോടു വളരെ യുദ്ധം ചെയ്തു നശിപ്പിച്ചു. അന്‍റൈദാ കൊച്ചിയില്‍ വലിയ കോട്ട കെട്ടിച്ചു. മാനുവേല്‍ കോട്ടയെന്നു പേര്.

1537-ല്‍ ഏപ്രില്‍ മാസം 7-നു മുതല്‍ കണ്ണൂര്‍ കോട്ടയോടു കോലത്തിരി യുദ്ധം ചെയ്കയും പറങ്കികള്‍ വളരെ വിഷമിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം .............. തീയതി അകുഞ്ഞ കപ്പിത്താന്‍ കപ്പലോടു കൂടെ ബിലാത്തിയില്‍ നിന്നു വന്നു. അവരു കണ്ണൂര്‍ അങ്ങാടിക്കു തീയിട്ടു. കോലനാട്ടു കോലത്തിരിയുമായി രമ്യപ്പെടുകയും ചെയ്തു. അകുഞ്ഞ പോകുന്നതിനു മുമ്പേ സാമൂതിരിയോടു ഒരു യുദ്ധം കൂടെ ചെയ്യണമെന്നു നിശ്ചയിച്ചു. പൊന്നാനിക്കു നേരെ വലിയ യുദ്ധം ഉണ്ടായി. ...............കളും ചത്തു.  ഡിസംബര്‍ 6-ാം തീയതി അകുഞ്ഞ ചരക്കു കേറ്റി മടങ്ങിപോയി. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, October 12, 2017

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ രാജി / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍.

74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും ചെയ്തു. അതില്‍ യൂയാക്കീമെന്നു പേരാകുന്ന കൂറിലോസ് മെത്രാപ്പോലീത്തായെ അയച്ചിരിക്കുന്നപ്രകാരവും മറ്റും എഴുതിയിരിക്കുന്നു.
75. മേലെഴുതിയ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ അയച്ചിരിക്കുന്ന സംഗതി ഇടപെട്ടും മറ്റും പാത്രിയര്‍ക്കീസ് ബാവാ എഴുതിയ കടലാസും പോന്നിരിക്കുന്ന മാര്‍ കൂറിലോസ് ബാവായുടെ കടലാസും തപാല്‍വഴി ഈ ആണ്ട് കന്നി മാസം 17-നു വന്നുചേരുകയും ആയതിന്‍റെ മറുപടി എഴുതി തുലാമാസം 16-നു തപാലില്‍ ഏല്‍പിച്ചു കൊടുത്തയയ്ക്കുകയും ചെയ്തു. പിന്നെയും ചിലവിനു ഏറ്റവും ബുദ്ധിമുട്ടാകുന്നുയെന്നും വടിയും സ്ലീബായും കാപ്പകൂട്ടവും പണയം വച്ചു എന്നും അനുജന്‍ മക്കുദിശാ ഗബറിയേലിനെ വില്‍പാന്‍ അന്വേഷിച്ചു വരുന്നുയെന്നും എഴുതിവരികയാല്‍ കോനാട്ടു മല്‍പാനച്ചന്‍ മുഖാന്തിരം 23 രൂപായും പുതുപ്പള്ളില്‍ മാളിയേക്കല്‍ ചെറിയ കത്തനാരു .... രൂപായും കല്ലന്‍പറമ്പില്‍ മാമ്മന്‍ 100 രൂപായും കോലത്തുകളത്തില്‍ പുന്നൂസ് മുതല്‍പേരു 78 രൂപായും ഇതിന്മണ്ണം 778 രൂപായില്‍ 518 രൂപാ ബോംബെയില്‍ എത്തിക്കയും ശേഷം രൂപാ പിന്നീട് കൊടുക്കയും ചെയ്തു.
76. ഈ ബാവാ കൊടുത്തയച്ച പാത്രിയര്‍ക്കീസിന്‍റെ കടലാസില്‍ മത്തിയൂസ് മെത്രാനെ മഹറോന്‍ ചൊല്ലിയിരിക്കുന്നപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് ഈ ബാവാ എന്‍റെ പേര്‍ക്കും പള്ളിക്കാരുടെ പേര്‍ക്കും ആയി മെസ്രേനില്‍ കെയ്റോയില്‍ നിന്നു 1845-മതു തുലാമാസം 7-നു എഴുതിയ കടലാസില്‍ മത്തിയൂസ് മെത്രാന്‍റെ പേര്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ വാഴ്വിന്‍റെ കടലാസ് എഴുതി കയ്യില്‍ വന്നു ചേര്‍ന്നിരിക്കകൊണ്ട് വരുമ്പോള്‍ കൊണ്ടുവരുമെന്നും മറ്റും എഴുതിയിട്ടുണ്ടായിരുന്നു. പിന്നത്തേതില്‍ വാഴ്വിന്‍റെ കടലാസ് ഉണ്ടെന്നും 500 രൂപ കൊടുത്തയക്കണമെന്നും മത്തിയൂസ് മെത്രാന്‍റെ പേര്‍ക്ക് എഴുതിയ കടലാസ് ആ ദേഹത്തിനു കിട്ടുകയും ചെയ്തു.
77. പിന്നീടും ബാവാ ബോംബെയില്‍ വന്നശേഷം ഞാനും ദീവന്നാസ്യോസും മറ്റു കത്തങ്ങളും കൊച്ചിയില്‍ പോയി പാര്‍ക്കയും ചെയ്തു. അവിടെ പാര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ മുഖാന്തിരം എഴുത്തുകള്‍ അയച്ച് ബാവാ വരുന്നതാകകൊണ്ടും വരുന്നതില്‍ ദീവന്നാസ്യോസിനു ഒട്ടും സന്തോഷമില്ലാഴികകൊണ്ടും ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ അത്രെ പാര്‍ത്തിരുന്നത്.
78. ഇങ്ങനെ പാര്‍ത്തിരിക്കുമ്പോള്‍ ബോംബെ ഗവണ്മെന്‍റ് സെക്രട്ടറി അവര്‍കളുടെ ഒരു കടലാസ് ബാവായുടെ പേര്‍ക്കായിട്ടു തപാലില്‍ വന്നത് ദീവന്നാസ്യോസ് വാങ്ങിച്ച് മുദ്ര പൊട്ടിച്ച് അറിഞ്ഞ് ആവലാതി ബോധിപ്പിക്കുന്നതിനു നിശ്ചയിക്കയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോള്‍ 1846 മത ചിങ്ങമാസം 16-നു ബാവാ കൊച്ചിയില്‍ മാലിപ്പറത്ത് വന്നുചേരുകയും ചെയ്തു. അതിന്‍റെ ശേഷം എല്ലാവരും അവിടെ എത്തി കരയിറങ്ങിയതിന്‍റെശേഷം മുന്‍ 1835 മത വന്ന ബാവായെ ഈ മെത്രാന്‍ മുഖാന്തിരം കയറ്റി അയച്ചിരിക്കകൊണ്ട് അതിന്മണ്ണം വരാതിരിപ്പാന്‍വേണ്ടി ദീവന്നാസ്യോസിനെ കൊണ്ട് ഒഴിഞ്ഞ് എഴുതിക്കണമെന്നും ആയതിനു കടലാസ് മുദ്ര പൊട്ടിച്ച കാര്യം ഭയത്തിനു ഹേതുവാക്കി തീര്‍ക്കത്തക്കവണ്ണം ഞാന്‍ നിശ്ചയിച്ചുംകൊണ്ട് മുദ്ര പൊട്ടിച്ച കടലാസ് ദീവന്നാസ്യോസിനോടു വാങ്ങിച്ചു പോകരുതെന്നും മാലിപ്പറത്തു വച്ചു കുറിച്ചു ബാവായുടെ കയ്യില്‍ കൊടുക്കയും ചെയ്തു.
79. ബാവായും അനുജന്‍ ഗബറിയേല്‍ മക്കുദിശായും ഇരുമീശെ പള്ളിയില്‍ വന്നു ദീവന്നാസ്യോസുമായി കണ്ടതിന്‍റെശേഷം മുദ്ര പൊട്ടിച്ച കടലാസ് ഞാന്‍ പറഞ്ഞതിന്മണ്ണം ദീവന്നാസ്യോസില്‍ നിന്നും വാങ്ങിച്ചതുമില്ല. പിന്നത്തേതില്‍ ബാവാ വന്ന വിവരത്തിനും മറ്റും എല്ലാ സ്ഥലങ്ങളിലും എഴുതണമെന്നും ദീവന്നാസ്യോസിനോടു പറഞ്ഞാറെ ആയതു അനുസരിക്കാഴികകൊണ്ടു കടലാസ് മുദ്ര പൊട്ടിച്ച സംഗതിക്കു തക്ക പോലെ വിചാരിക്കുമെന്നും മറ്റും നല്ലതിന്മണ്ണം ഭയപ്പെടുത്തി പറയുകയും പിന്നീട് എഴുതുകയും ചെയ്തു. ...
മഹാരാജമാന്യരാജശ്രീ റസിഡണ്ട് സായിപ്പവര്‍കളുടെ സമക്ഷത്തിലേക്കു മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുതി ബോധിപ്പിക്കുന്നത്.
എന്നാല്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്ത് അബ്രഹാം കത്തനാരും അയാളുടെ അനന്തിരവന്‍ മത്തായി ശെമ്മാശു മുതലായിട്ടു ചില ആളുകളും സുറിയാനി മതമര്യാദകളെ വിട്ട് അവരുടെ സ്വമേധയാല്‍ ചില മതമര്യാദകളും പള്ളിക്രമങ്ങളും ഉണ്ടാക്കി നടക്കയാല്‍ അവരെ സുറിയാനി സഭയില്‍നിന്നും തള്ളി ആ വിവരത്തിനു എല്ലാ സുറിയാനി മെത്രാപ്പോലീത്തന്മാരുടെയും മേലധികാരിയാകുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചു അറിയപ്പെടുത്തിയിരിക്കുമ്പോള്‍ മലയാളത്തിലുള്ള സുറിയാനി സഭക്കാരുടെ എഴുത്തായിട്ടു ഒരു കള്ള എഴുത്ത് എഴുതിയുണ്ടാക്കിയുംകൊണ്ട് അയാള്‍ പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ ചെന്നു ഒന്നിനൊന്നായിട്ടും പെരുമാറ്റമായിട്ടും വ്യാപ്തികള്‍ ബോധിപ്പിച്ചു മെത്രാനായി വന്നു തൊന്തരവുകള്‍ ഉണ്ടാക്കുന്ന സംഗതികൊണ്ട് ഇതിനു മുമ്പില്‍ എഴുതി ബോധിപ്പിച്ചിട്ടുള്ളതല്ലോ ആകുന്നു. അയാളുടെ സംഗതി പ്രമാണിച്ചു ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ എഴുതി ബോധിപ്പിച്ചാറെ സുറിയാനിക്കാരുടെ വേദമര്യാദപ്രകാരം പള്ളികള്‍ ഭരിക്കുന്നതിനും മതമര്യാദ നടത്തുന്നതിനും ആയിട്ടു തുറബ്ദീന്‍ രാജ്യത്തുള്ള ബഹുമാനപ്പെട്ട മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്തായെ സ്താത്തിക്കോനും കൊടുത്തയയ്ക്കയും ഈ മാസം 16-നു വന്നുചേരുകയും കൊണ്ടു ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ സ്താത്തിക്കോനില്‍ എഴുതിയിരിക്കുന്നപ്രകാരം മലയാളത്തിലുള്ള സുറിയാനി പള്ളികള്‍ ഭരിച്ചു വേദമര്യാദകള്‍ നടത്തികൊള്ളുന്നതിനും കോട്ടയത്ത് സിമ്മനാരി ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിച്ചു നടത്തിക്കൊള്ളുന്നതിനും സമ്മതിച്ചു ബഹുമാനപ്പെട്ട മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വശം ഏല്‍പിച്ചിരിക്കുന്നു. അതിനാല്‍ സുറിയാനി പള്ളികള്‍ ഉള്‍പ്പെട്ടും സിമ്മനാരി ഉള്‍പ്പെട്ടും അയയ്ക്കേണ്ടി വരുന്ന ഉത്തരവുകള്‍ ഒക്കെയും ബഹുമാനപ്പെട്ട മാര്‍ യൂയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു കൊടുത്തയപ്പാറാകണം.
എന്ന് 1846 മത (കൊല്ലം 1020-മാണ്ട്) ചിങ്ങമാസം 20-നു കൊച്ചിയില്‍ പള്ളിയില്‍ നിന്നും.
ഇതിന്മണ്ണം തിരുവിതാംകൂര്‍, കൊച്ചി രണ്ട് മഹാരാജാക്കന്മാരുടെ പേര്‍ക്കും ദിവാന്‍ജിമാരുടെ പേര്‍ക്കും സായിപ്പിന്‍റെ പേര്‍ക്കും എഴുതി കൊച്ചി തപാലില്‍ ഏല്‍പിച്ചു കൊടുത്തയയ്ക്കയും ചെയ്തു.  ....
ഈ വിവരങ്ങള്‍ക്കും തമ്മില്‍ കാണേണ്ടുന്ന സംഗതി ഇടപെട്ടും റസിഡണ്ട് വില്യം കല്ലന്‍ അവര്‍കള്‍ അന്ന് കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ അയാളുടെ പേര്‍ക്ക് ബാവായും എഴുതി കൊടുത്തയക്കയും ചെയ്തു.

വിദേശ മെത്രാന്മാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്

വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്.

നമ്പ്ര് 1612-മത്.

ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍  പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. 

ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പാലക്കുന്നത്ത് അത്താനാസ്യോസിനു ലഭിച്ച തിരുവെഴുത്ത് വിളംബരം


നമ്പ്ര് 249-മത്.

രായസം

ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം. 

എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.  

എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Tuesday, October 10, 2017

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / ഗീവറുഗീസ് മാര്‍ സേവേറിയോസ് ഇടവഴീക്കല്‍


പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. 

ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ് കശീശാ (പിന്നീട് ക്നാനായ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ 1927 ല്‍ കാലം ചെയ്ത ഗീവറുഗീസ് മാര്‍ സേവേറിയോസ് തിരുമേനി) യുടെ നാളാഗമത്തില്‍ (ഡയറി) നിന്ന് ശ്രീ. ഇ.എ. ഫിലിപ്പ് എഴുതിയെടുത്തു തന്നതാണ് ഈ വിവരം. 

"പാത്രിയര്‍ക്കീസു ബാവായാല്‍ പുത്തനായിട്ടു വാഴിച്ചു നിരണം മുതലായ പള്ളികള്‍ക്കു അധികാരപ്പെടുത്തിയ മെത്രാനും പരുമലെ സിമ്മനാരിയില്‍ പഠിത്വവെല നടത്തിച്ചുവരുന്ന ആളുമായ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗൊറിയൊസ ഗീവറുഗീസ മെത്രാപൊലീത്താ വലിയ ദൈവഭക്തനും നൊമ്പുകാരനുമാകുന്നു. ഇദ്ദെഹത്തിന്‍റെ അടുക്കല്‍ ഒരു പിശാചു പരീക്ഷിപ്പാനായി ആള്‍ രൂപത്തില്‍ കാണപ്പെട്ട പ്രകാരം സൂക്ഷ്മമായി അറിവു കിട്ടിയിരിക്കുന്നു. പിശാചു കാണപ്പെട്ടതു താഴെപ്പറയും പ്രകാരമായിരുന്നു. 

1880-ാമാണ്ട വൃശ്ചികമാസം 27-നു ക്കു മലയാം 26-നു സന്ധ്യ കഴിഞ്ഞു നമസ്ക്കാരശെഷം മൂന്നു നാലു നാഴിക ഇരുട്ടിയ സമയം അദ്ദെഹം സിമ്മനാരി മുറ്റത്തു ലാസുന്ന സമയം വെള്ള വസ്ത്രം ധരിച്ചതായ ഒരാള്‍ വെലിയ്ക്കു പുറത്തു നില്ക്കുന്നതു കണ്ടു. ആര്‍ എന്നു ചൊദിച്ചാറെ മിണ്ടാഴികയാല്‍ അടുത്തു ചെന്നു ചൊദിച്ചപ്പോള്‍ "ഞാന്‍ നിന്‍റെ പിതാവാണന്നും നീ വീണു എന്നെ വന്ദിച്ചാല്‍ നിനക്കു രക്ഷ കിട്ടുമെന്നും" അവന്‍ പറകയും "ദൈവം മാത്രം എന്‍റെ പിതാവെന്നും നീ എന്‍റെ പിതാവല്ലെന്നും" മറ്റും അദ്ദെഹം കല്പിച്ചപ്പൊള്‍ "നിന്നെ രക്ഷിപ്പാനും ശിക്ഷിപ്പാനും ഇനിക്കു അധികാരമുണ്ടെന്നും" മറ്റും അവന്‍ പറഞ്ഞാറെ ഈയൊബിന്‍റെ സംഗതി അദ്ദേഹം പറഞ്ഞും കൊണ്ട് ഈശൊമിശിഹായുടെ നാമത്തില്‍ നീ പൊക എന്നു അവനൊടു പറഞ്ഞു അദ്ധെഹം ദൈവത്തൊടു അപെക്ഷിച്ചു കുരിശുവരച്ചു. ഉടന്‍ അവന്‍ മാഞ്ഞുപൊകയും ചെയ്തു. ഇപ്രകാരം ഉണ്ടായി എന്നു സൂക്ഷമായി കെട്ടു. അദെഹം ഒരിയ്ക്കലും വ്യാജം പറയുന്നതല്ലന്നു സര്‍വ്വസമ്മതമാകയാല്‍ എല്ലാവരും ഇതു വിശ്വസിക്കുന്നു."

തൃപ്പൂണിത്തുറ മൂക്കഞ്ചേരി പൈലി വര്‍ക്കി എഴുതി മലയാള മനോരമ 1903 ല്‍ പ്രസിദ്ധപ്പെടുത്തിയ "മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ" എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഇതാണ് പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് പ്രസിദ്ധീകൃതമായ ആദ്യ കൃതി. ഈ സംഭവത്തെപ്പറ്റി ആദ്യമായി പരാമര്‍ശിക്കുന്നത് ഫാദര്‍ ഇ. ജെ.ഏബ്രഹാം എഴുതിയ ജീവചരിത്രഗ്രന്ഥത്തിലാണ്. പരിഷ്കരിച്ച പതിപ്പിന്‍റെ (1988) 40, 41 പേജുകളില്‍ ഈ സംഭവം വിവരിക്കുന്നു. ഇതിന്‍റെ ആദ്യപതിപ്പ് പ്രസിദ്ധപ്പെടുത്തിയത് 1938 ലാണ്. "മാര്‍ ഗ്രിഗോറിയോസ് വിയോഗം പൊന്‍ ജൂബിലി സൂവെനീര്‍" (1952) 39 - ാം പേജിലും ഈ സംഭവം വിവരിക്കുന്നുണ്ട്. ഇസഡ്. എം. പാറേട്ട് "പരുമല പുണ്യവാളന്‍" എന്ന ചരിത്രോപാഖ്യാനത്തില്‍ (1965) ഈ സംഭത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ട് (പേജ് 266). തിരുമേനിയുടെ ജീവിതവിശുദ്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിന് ചിലര്‍ ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ കെട്ടുകഥയായി അദ്ദേഹം ഇതിനെ കാണുന്നു. 

തലമുറകളായി എഴുതിവന്ന ഇടവഴീക്കല്‍ നാളാഗമത്തില്‍ (ഡയറി) നിന്ന് 19-ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ നടന്ന സംഭവങ്ങളുടെ തല്‍സമയ വിവരണം ലഭ്യമാണ്. ആ നിലയ്ക്ക് ഇത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണെന്ന് വെളിവാകുന്നു. 

സമ്പാദകന്‍: വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...