ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍.
74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും ചെയ്തു. അതില്‍ യൂയാക്കീമെന്നു പേരാകുന്ന കൂറിലോസ് മെത്രാപ്പോലീത്തായെ അയച്ചിരിക്കുന്നപ്രകാരവും മറ്റും എഴുതിയിരിക്കുന്നു.
75. മേലെഴുതിയ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ അയച്ചിരിക്കുന്ന സംഗതി ഇടപെട്ടും മറ്റും പാത്രിയര്‍ക്കീസ് ബാവാ എഴുതിയ കടലാസും പോന്നിരിക്കുന്ന മാര്‍ കൂറിലോസ് ബാവായുടെ കടലാസും തപാല്‍വഴി ഈ ആണ്ട് കന്നി മാസം 17-നു വന്നുചേരുകയും ആയതിന്‍റെ മറുപടി എഴുതി തുലാമാസം 16-നു തപാലില്‍ ഏല്‍പിച്ചു കൊടുത്തയയ്ക്കുകയും ചെയ്തു. പിന്നെയും ചിലവിനു ഏറ്റവും ബുദ്ധിമുട്ടാകുന്നുയെന്നും വടിയും സ്ലീബായും കാപ്പകൂട്ടവും പണയം വച്ചു എന്നും അനുജന്‍ മക്കുദിശാ ഗബറിയേലിനെ വില്‍പാന്‍ അന്വേഷിച്ചു വരുന്നുയെന്നും എഴുതിവരികയാല്‍ കോനാട്ടു മല്‍പാനച്ചന്‍ മുഖാന്തിരം 23 രൂപായും പുതുപ്പള്ളില്‍ മാളിയേക്കല്‍ ചെറിയ കത്തനാരു .... രൂപായും കല്ലന്‍പറമ്പില്‍ മാമ്മന്‍ 100 രൂപായും കോലത്തുകളത്തില്‍ പുന്നൂസ് മുതല്‍പേരു 78 രൂപായും ഇതിന്മണ്ണം 778 രൂപായില്‍ 518 രൂപാ ബോംബെയില്‍ എത്തിക്കയും ശേഷം രൂപാ പിന്നീട് കൊടുക്കയും ചെയ്തു.
76. ഈ ബാവാ കൊടുത്തയച്ച പാത്രിയര്‍ക്കീസിന്‍റെ കടലാസില്‍ മത്തിയൂസ് മെത്രാനെ മഹറോന്‍ ചൊല്ലിയിരിക്കുന്നപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് ഈ ബാവാ എന്‍റെ പേര്‍ക്കും പള്ളിക്കാരുടെ പേര്‍ക്കും ആയി മെസ്രേനില്‍ കെയ്റോയില്‍ നിന്നു 1845-മതു തുലാമാസം 7-നു എഴുതിയ കടലാസില്‍ മത്തിയൂസ് മെത്രാന്‍റെ പേര്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ വാഴ്വിന്‍റെ കടലാസ് എഴുതി കയ്യില്‍ വന്നു ചേര്‍ന്നിരിക്കകൊണ്ട് വരുമ്പോള്‍ കൊണ്ടുവരുമെന്നും മറ്റും എഴുതിയിട്ടുണ്ടായിരുന്നു. പിന്നത്തേതില്‍ വാഴ്വിന്‍റെ കടലാസ് ഉണ്ടെന്നും 500 രൂപ കൊടുത്തയക്കണമെന്നും മത്തിയൂസ് മെത്രാന്‍റെ പേര്‍ക്ക് എഴുതിയ കടലാസ് ആ ദേഹത്തിനു കിട്ടുകയും ചെയ്തു.
77. പിന്നീടും ബാവാ ബോംബെയില്‍ വന്നശേഷം ഞാനും ദീവന്നാസ്യോസും മറ്റു കത്തങ്ങളും കൊച്ചിയില്‍ പോയി പാര്‍ക്കയും ചെയ്തു. അവിടെ പാര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ മുഖാന്തിരം എഴുത്തുകള്‍ അയച്ച് ബാവാ വരുന്നതാകകൊണ്ടും വരുന്നതില്‍ ദീവന്നാസ്യോസിനു ഒട്ടും സന്തോഷമില്ലാഴികകൊണ്ടും ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ അത്രെ പാര്‍ത്തിരുന്നത്.
78. ഇങ്ങനെ പാര്‍ത്തിരിക്കുമ്പോള്‍ ബോംബെ ഗവണ്മെന്‍റ് സെക്രട്ടറി അവര്‍കളുടെ ഒരു കടലാസ് ബാവായുടെ പേര്‍ക്കായിട്ടു തപാലില്‍ വന്നത് ദീവന്നാസ്യോസ് വാങ്ങിച്ച് മുദ്ര പൊട്ടിച്ച് അറിഞ്ഞ് ആവലാതി ബോധിപ്പിക്കുന്നതിനു നിശ്ചയിക്കയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോള്‍ 1846 മത ചിങ്ങമാസം 16-നു ബാവാ കൊച്ചിയില്‍ മാലിപ്പറത്ത് വന്നുചേരുകയും ചെയ്തു. അതിന്‍റെ ശേഷം എല്ലാവരും അവിടെ എത്തി കരയിറങ്ങിയതിന്‍റെശേഷം മുന്‍ 1835 മത വന്ന ബാവായെ ഈ മെത്രാന്‍ മുഖാന്തിരം കയറ്റി അയച്ചിരിക്കകൊണ്ട് അതിന്മണ്ണം വരാതിരിപ്പാന്‍വേണ്ടി ദീവന്നാസ്യോസിനെ കൊണ്ട് ഒഴിഞ്ഞ് എഴുതിക്കണമെന്നും ആയതിനു കടലാസ് മുദ്ര പൊട്ടിച്ച കാര്യം ഭയത്തിനു ഹേതുവാക്കി തീര്‍ക്കത്തക്കവണ്ണം ഞാന്‍ നിശ്ചയിച്ചുംകൊണ്ട് മുദ്ര പൊട്ടിച്ച കടലാസ് ദീവന്നാസ്യോസിനോടു വാങ്ങിച്ചു പോകരുതെന്നും മാലിപ്പറത്തു വച്ചു കുറിച്ചു ബാവായുടെ കയ്യില്‍ കൊടുക്കയും ചെയ്തു.
79. ബാവായും അനുജന്‍ ഗബറിയേല്‍ മക്കുദിശായും ഇരുമീശെ പള്ളിയില്‍ വന്നു ദീവന്നാസ്യോസുമായി കണ്ടതിന്‍റെശേഷം മുദ്ര പൊട്ടിച്ച കടലാസ് ഞാന്‍ പറഞ്ഞതിന്മണ്ണം ദീവന്നാസ്യോസില്‍ നിന്നും വാങ്ങിച്ചതുമില്ല. പിന്നത്തേതില്‍ ബാവാ വന്ന വിവരത്തിനും മറ്റും എല്ലാ സ്ഥലങ്ങളിലും എഴുതണമെന്നും ദീവന്നാസ്യോസിനോടു പറഞ്ഞാറെ ആയതു അനുസരിക്കാഴികകൊണ്ടു കടലാസ് മുദ്ര പൊട്ടിച്ച സംഗതിക്കു തക്ക പോലെ വിചാരിക്കുമെന്നും മറ്റും നല്ലതിന്മണ്ണം ഭയപ്പെടുത്തി പറയുകയും പിന്നീട് എഴുതുകയും ചെയ്തു. ...
മഹാരാജമാന്യരാജശ്രീ റസിഡണ്ട് സായിപ്പവര്‍കളുടെ സമക്ഷത്തിലേക്കു മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുതി ബോധിപ്പിക്കുന്നത്.
എന്നാല്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്ത് അബ്രഹാം കത്തനാരും അയാളുടെ അനന്തിരവന്‍ മത്തായി ശെമ്മാശു മുതലായിട്ടു ചില ആളുകളും സുറിയാനി മതമര്യാദകളെ വിട്ട് അവരുടെ സ്വമേധയാല്‍ ചില മതമര്യാദകളും പള്ളിക്രമങ്ങളും ഉണ്ടാക്കി നടക്കയാല്‍ അവരെ സുറിയാനി സഭയില്‍നിന്നും തള്ളി ആ വിവരത്തിനു എല്ലാ സുറിയാനി മെത്രാപ്പോലീത്തന്മാരുടെയും മേലധികാരിയാകുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചു അറിയപ്പെടുത്തിയിരിക്കുമ്പോള്‍ മലയാളത്തിലുള്ള സുറിയാനി സഭക്കാരുടെ എഴുത്തായിട്ടു ഒരു കള്ള എഴുത്ത് എഴുതിയുണ്ടാക്കിയുംകൊണ്ട് അയാള്‍ പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ ചെന്നു ഒന്നിനൊന്നായിട്ടും പെരുമാറ്റമായിട്ടും വ്യാപ്തികള്‍ ബോധിപ്പിച്ചു മെത്രാനായി വന്നു തൊന്തരവുകള്‍ ഉണ്ടാക്കുന്ന സംഗതികൊണ്ട് ഇതിനു മുമ്പില്‍ എഴുതി ബോധിപ്പിച്ചിട്ടുള്ളതല്ലോ ആകുന്നു. അയാളുടെ സംഗതി പ്രമാണിച്ചു ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ എഴുതി ബോധിപ്പിച്ചാറെ സുറിയാനിക്കാരുടെ വേദമര്യാദപ്രകാരം പള്ളികള്‍ ഭരിക്കുന്നതിനും മതമര്യാദ നടത്തുന്നതിനും ആയിട്ടു തുറബ്ദീന്‍ രാജ്യത്തുള്ള ബഹുമാനപ്പെട്ട മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്തായെ സ്താത്തിക്കോനും കൊടുത്തയയ്ക്കയും ഈ മാസം 16-നു വന്നുചേരുകയും കൊണ്ടു ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ സ്താത്തിക്കോനില്‍ എഴുതിയിരിക്കുന്നപ്രകാരം മലയാളത്തിലുള്ള സുറിയാനി പള്ളികള്‍ ഭരിച്ചു വേദമര്യാദകള്‍ നടത്തികൊള്ളുന്നതിനും കോട്ടയത്ത് സിമ്മനാരി ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിച്ചു നടത്തിക്കൊള്ളുന്നതിനും സമ്മതിച്ചു ബഹുമാനപ്പെട്ട മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വശം ഏല്‍പിച്ചിരിക്കുന്നു. അതിനാല്‍ സുറിയാനി പള്ളികള്‍ ഉള്‍പ്പെട്ടും സിമ്മനാരി ഉള്‍പ്പെട്ടും അയയ്ക്കേണ്ടി വരുന്ന ഉത്തരവുകള്‍ ഒക്കെയും ബഹുമാനപ്പെട്ട മാര്‍ യൂയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു കൊടുത്തയപ്പാറാകണം.
എന്ന് 1846 മത (കൊല്ലം 1020-മാണ്ട്) ചിങ്ങമാസം 20-നു കൊച്ചിയില്‍ പള്ളിയില്‍ നിന്നും.
ഇതിന്മണ്ണം തിരുവിതാംകൂര്‍, കൊച്ചി രണ്ട് മഹാരാജാക്കന്മാരുടെ പേര്‍ക്കും ദിവാന്‍ജിമാരുടെ പേര്‍ക്കും സായിപ്പിന്‍റെ പേര്‍ക്കും എഴുതി കൊച്ചി തപാലില്‍ ഏല്‍പിച്ചു കൊടുത്തയയ്ക്കയും ചെയ്തു. ....
ഈ വിവരങ്ങള്‍ക്കും തമ്മില്‍ കാണേണ്ടുന്ന സംഗതി ഇടപെട്ടും റസിഡണ്ട് വില്യം കല്ലന്‍ അവര്‍കള്‍ അന്ന് കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ അയാളുടെ പേര്‍ക്ക് ബാവായും എഴുതി കൊടുത്തയക്കയും ചെയ്തു.
No comments:
Post a Comment