ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം യൂറോപ്പില്‍ ആരംഭിച്ചു ഇന്ത്യായിലേക്കു പരന്നു തിരുവിതാംകൂര്‍ നിറഞ്ഞിരിക്കുന്നു. ഇത് ഒരുതരം പനിയാണ്. മൂന്നുനാലു ദിവസത്തേക്കു മാത്രമേ പനി സാധാരണ കാണുകയുള്ളു. പനി വിടുന്നയുടനെ കുളിച്ചാല്‍ നിശ്ചയമായും പനി വീണ്ടും വരികയും മരിക്കയും ചെയ്യും. പനി വിട്ടു രണ്ടുമൂന്നു ആഴ്ച കഴിഞ്ഞിട്ടു കുളിക്കാമെങ്കില്‍ ദോഷമൊന്നുമില്ല. ഈ പനിയുടെ കൂടെ ന്യൂമോണിയ വന്നാല്‍ രക്ഷപെടാന്‍ പ്രയാസം. പനി ഭേദമായാലുടന്‍ ഉണ്ടാകുന്ന ക്ഷീണം അതി കഠിനം. ഇത് വായുവില്‍ കൂടി പകരുന്നതാകകൊണ്ടു ഒരു പ്രദേശത്തു വന്നാല്‍ ക്ഷണനേരംകൊണ്ടു അവിടെയുള്ള എല്ലാവര്‍ക്കും ഉണ്ടാകും. 94 ചിങ്ങത്തില്‍ കോട്ടയത്തു വന്ന കൂട്ടത്തില്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഒരുപോലെ വന്നു. ഈ സമയത്തു ഞാന്‍ ചിങ്ങവനം തെക്കേപ്പള്ളിമുറിയില്‍ താമസിച്ചു ബി.എല്ലിനു പഠിക്കയായിരുന്നു. എനിക്കും അവിടെ വച്ചു ദീനം പിടിപെട്ടു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഇവിടെയും എല്ലാവരും ദീനമായി കിടക്കയായിരുന്നു. ദൈവകൃപയാല്‍ വലിയ ഉപദ്രവമൊന്നും കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും ദീനം സുഖമായി. സുഖക്കേട് എല്ലാവര്‍ക്കും വന്നതുകൊണ്ടു വളരെ കഷ്ടപ്പെട്ടതു മാത്രമേയുള്ളു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)
No comments:
Post a Comment