53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന് മുതല്പേരുടെ എല്ലാ വാദങ്ങള്‍ക്കും അനുകൂലമായിട്ടാണ് വിധിച്ചത്. ഈ വിധിയില്‍ 4 മുതല്‍ 6 വരെ പ്രതികളെയും അവരുടെ സാക്ഷികളെയും കഠിനമായി ആക്ഷേപിച്ചിട്ടുമുണ്ട്.
54. മേല്പറഞ്ഞ വട്ടിപ്പണക്കേസില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാന് കൊടുത്ത മൊഴിയില്‍ തനിക്കു മലങ്കര മെത്രാന് എന്ന നിലയ്ക്കു മലങ്കര സഭയില്‍ ആത്മികവും ലൗകികവുമായ സര്‍വ്വ അധികാരങ്ങളുമുണ്ടെന്നും മലങ്കരയുള്ള മറ്റു മെത്രാന്മാര് തന്റെ കീഴുള്ളവരാണെന്നും അവരുടെ കര്‍മ്മം വിരോധിക്കാനും അനുവദിക്കാനും തനിക്കു അധികാരമുണ്ടെന്നും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അധികാര പ്രകടനത്താല്‍ അദ്ദേഹത്തിന്റെ സ്വന്ത കക്ഷികള്‍ക്കുപോലും അദ്ദേഹത്തോടു വിരോധമുണ്ടായി. ഇതിന്റെ ഫലമായി 1095 കന്നി മാസം മുതല്‍ "സുറിയാനിസഭ" എന്ന പേരില്‍ ഒരു മാസിക തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതില്‍ വൈദികന്മാര്‍ക്കു ഭരണവിഷയത്തില്‍ അയ്മേനികളേക്കാള്‍ കൂടുതലായി യാതൊരു അധികാരവുമില്ലെന്നും ഭരണാധികാരം വൈദികന്മാരുള്‍പ്പെടെ ജനത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും മെത്രാന്മാര് പോലും പൊതുയോഗത്തിനു കീഴ്പെട്ടിരിക്കണമെന്നും വൈദികന്മാര്‍ക്കു ആത്മിക അധികാരവും ആത്മിക ചുമതലയും മാത്രമേയുള്ളുവെന്നും മറ്റും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സഭയിലെ എപ്പിസ്കോപ്പല്‍ ഭരണസമ്പ്രദായത്തെ ഇടിച്ചു ജനാധിപത്യത്തെ സ്ഥാപിക്കണമെന്നാണ് ഈ മാസിക പ്രവര്ത്തകന്മാരുടെ ഉദ്ദേശ്യം. ഈ അഭിപ്രായത്തില്‍ ദീവന്നാസ്യോസ് മെത്രാന്റെ ഉറ്റ കക്ഷിക്കാരായി നിന്നിരുന്ന കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ മുതലായ പല മഹാന്മാര് യോജിക്കുന്നുണ്ട്. ചില വൈദികരും ഈ അഭിപ്രായക്കാരാണ്. ദീവന്നാസ്യോസ് മെത്രാനും ശേഷം മെത്രാന്മാരും ഈ മാസികയുടെ അഭിപ്രായത്തെ തീരെ നിഷേധിക്കയാണ്. മാസിക പ്രവര്ത്തകന്മാര് മെസ്സേര്‍സ് പത്രോസ് മത്തായി എം.എ.ബി.എല്‍., പി. കെ. മാത്യു ബി.എ., ബി. എല്‍., എ. ജെ. ഡേവിഡ് ബി.എ. എന്നിവരാണ്.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)