Friday, July 13, 2018

ഉണര്‍വ് എന്നൊരു പുതിയ വേദം / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

73. ഇക്കാലത്ത് ഉണര്‍വ് എന്നൊരു പുതിയ വേദം തെക്കേ ദിക്കിലുള്ള  സുറിയാനിക്കാരുടെ ഇടയില്‍ വന്നുകൂടി. അതിന്‍റെ പ്രകാരം എങ്ങിനെയെന്നാല്‍ ചിലയാളുകള്‍ ഓരോ വീടുകളില്‍ കൂട്ടംകൂടുകയും പരിശുദ്ധാത്മാവ് ഓരോരുത്തന്‍റെമേല്‍ ഇറങ്ങിയെന്നും പറഞ്ഞ് തന്നത്താന്‍ അടിക്കയും ഇടിക്കയും ഉരുണ്ടുവീഴുകയും മറ്റും ഓരോ ഗോഷ്ടികള്‍ ചെയ്കയാകുന്നു. ഇത് കോട്ടയത്തുള്ള ഇംഗ്ലീഷ് മിഷനറികളില്‍ നിന്ന് പ്രത്യേകമായി ഉത്ഭവിച്ചതല്ലെന്നു വരികിലും പാണ്ടിയിലുള്ള ഒരു വക സായ്പന്മാരില്‍ നിന്നു വന്നതാകുന്നു. ഈ ഉപദേശം സുറിയാനിക്കാരുടെ ഇടയില്‍ പരക്കുന്നതു ഇംഗ്ലീഷ് മിഷനറികള്‍ക്കും പാലക്കുന്നന്‍ വകക്കാര്‍ക്കും സന്തോഷമാകുന്നു. തിരുവിതാംകൂര്‍ സദര്‍കോര്‍ട്ടില്‍ രണ്ടാം ജഡ്ജിയായിരുന്ന കോലഫ് സായ്പ് മുന്‍ ഒരു പട്ടാണി കെട്ടിയിരുന്ന പട്ടാണിച്ചിയെ മുമ്പേതന്നെ എടുത്തു പാര്‍പ്പിച്ച് അഞ്ചെട്ടു മക്കള്‍ ഉണ്ടായതിന്‍റെ ശേഷം പട്ടാണിച്ചിയെ വിവാഹം ചെയ്കയും മക്കളെ മാമ്മൂദീസാ മുക്കുകയും ചെയ്തിരുന്നു. ആ വക മക്കളില്‍ ഒരുത്തനായ ദാനിയേല്‍ കോലഫും ഈ ഉണര്‍വുകാരോടുകൂടെ ചേര്‍ന്നു തുമ്പമണ്‍ പള്ളിയുടെ പടിപ്പുര മാളികയില്‍ താമസിക്കയും കൂട്ടുകാരോടുകൂടെ വീടാന്തോറും നടന്ന് ഉപദേശിക്കയും ചെയ്തുവരുന്ന വേളയില്‍ കടക്കാട്ടു മുറിയില്‍ ശങ്കരത്തില്‍ വടക്കേലെന്ന വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി കൂടിയ സമയം ആ വീട്ടിലെ അന്ന എന്ന സ്ത്രീയുടെ മകള്‍ ചേച്ചകുഞ്ഞെന്ന പെണ്ണ് തല്‍ക്കാലം ഭര്‍ത്താവിനോട് ഒന്നു മുഷിഞ്ഞ് ആ വീട്ടില്‍ വന്നു പാര്‍പ്പുണ്ടായിരുന്നു. അവളെ കെട്ടിയിരുന്നത് പുന്നലപള്ളി ഇടവകയില്‍ വാഴേനത്തു ഇടിക്കുളയുടെ മകന്‍ ആയിരുന്നു. അവളെ ഈ സായ്പ് കെട്ടിക്കൊള്ളത്തക്കവണ്ണം തമ്മില്‍ പറഞ്ഞു ബോധിച്ചു കൂടി ശങ്കരത്തില്‍ വടക്കേലെന്ന വീട്ടില്‍ വച്ച് ഒരു വ്യാഴാഴ്ച രാത്രി തുമ്പമണ്‍ കരിങ്ങാട്ടില്‍ കത്തനാരുടെ മകന്‍ കൊച്ചു കത്തനാര്‍ രൂപാ വാങ്ങിച്ചുംകൊണ്ട് വിവാഹം കഴിച്ചു കൊടുത്തിരിക്കുന്നു. ആ വിവാഹം വാസ്തവമുള്ളതല്ലെന്നു വരികിലും വിവാഹം ചെയ്തു എന്ന ഒരു പഴി ആയിരിക്കുന്നു. ടി ചേച്ചകുഞ്ഞിന്‍റെ ഭര്‍ത്താവ് പാലക്കുന്നന്‍റെ അടുക്കല്‍ ചെന്ന് ഈ വിവരം പറഞ്ഞതിന്‍റെ ശേഷം ഈ കാര്യത്തില്‍ അയാള്‍ താല്‍പര്യപ്പെടാതെ ഉപായത്തില്‍ ഇട്ടിരിക്കുന്നതേയുള്ളു. അങ്ങിനെ അതില്‍ ഉപായം പറയുന്നതിനെ അയാള്‍ക്കു പാടുള്ളു. കരിങ്ങാട്ടില്‍ കത്തനാരും മകന്‍ കത്തനാരും പാലക്കുന്നന്‍റെ അടുത്ത മവതക്കാര്‍ ആകുന്നു. ഈ പുതിയ വേദത്തിന്‍റെ ഫലം ഇതൊക്കെയും ആകുന്നു. ഇതും പാലക്കുന്നന്‍റെ വേദത്തോടു ചേര്‍ന്നതു തന്നെ.

.........

7. മൂന്നാം പുസ്തകം 73 മത് ലക്കത്തില്‍ പറയുന്നപ്രകാരം ഉണര്‍വ് വേദത്തില്‍ മുഖ്യനായിരിക്കുന്ന വിദ്വാന്‍കുട്ടിയെന്നു പറയുന്ന യൂസ്തൂസ് യൗസേപ്പ് ഒരു പ്രസിദ്ധം ചെയ്തിരിക്കുന്നതിന്‍റെ വിവരം. 1875-മാണ്ട് ഇടവം മുതല്‍ ഇനി ആറു വര്‍ഷം തികയുമ്പോള്‍ ഒടുക്കത്തിലുള്ള കര്‍ത്താവിന്‍റെ വരവ് ഉണ്ടാകുമെന്നും ഏഴാം വര്‍ഷം അവസാനിക്കുമെന്നും ആകുന്നു. ഈ യൗസേപ്പ് മുന്‍പേ ബ്രാഹ്മണന്‍ ആയിരുന്നു. എന്തോ പിഴയാല്‍ ചര്‍ച്ച് മിഷന്‍കാരുടെ വേദത്തില്‍ കൂടി കണ്ണീറ്റില്‍ പള്ളിയുടെ ഒരു പാതിരി ആയി ഇപ്പോള്‍ ഇരിക്കുന്നവനാകുന്നു. ഇതു കൂടാതെ പാപത്തെക്കുറിച്ചു ഉറക്കെ സഭയില്‍ വിളിച്ചു പറയണമെന്നു തുടങ്ങിയിരിക്കുന്നതിനാല്‍ മിഷണറികളുമായിട്ടു വിവദിച്ചിരിക്കുന്നു.

...........

12. മേല്‍ ഏഴാമതു ലക്കത്തില്‍ പറയുന്ന യൗസേപ്പ് പാദ്രിയുടെ ഉണര്‍വ് വേദം മുഴുത്ത് മദ്രാസ് ബിഷപ്പ് മുതല്‍പേരോടു പിണങ്ങി പ്രൊട്ടസ്റ്റന്‍റ് വേദത്തില്‍ നിന്നു പിരിഞ്ഞ് വേറെ ഒരു വക വേദക്കാരായി നടന്നുവരുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...