Wednesday, July 18, 2018

അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ (1909)

197. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ട ശേഷം ഈജിപ്റ്റില്‍ എത്തി അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ രണ്ടാഴ്ചയോളം താമസിച്ചശേഷം ............ കമ്പനി വക എസ്. എസ്. ഈജിപ്റ്റ് എന്ന തപാല്‍ കപ്പലില്‍ പുറപ്പെട്ടു 1909 സെപ്റ്റംബര്‍ 24-നു 185 കന്നി 8-നു വെള്ളിയാഴ്ച ബോംബെയില്‍ വന്നിറങ്ങി. അപ്പോള്‍ ബാവായെ സ്വീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും കോനാട്ട് മാത്തന്‍ മല്പാനും എന്‍റെ ജ്യേഷ്ഠപുത്രന്‍ ഇ. എം. ഫീലിപ്പോസും വേറെ ചിലരും ബോംബെയില്‍ ഹാജരുണ്ടായിരുന്നു. ഇവര്‍ ബാവായെ എതിരേറ്റു ബാവായുമായി പ്രത്യേകം ശട്ടംകെട്ടിയിരുന്ന ബംഗ്ലാവില്‍ താമസിപ്പിച്ചു. ബോംബെ ഗവര്‍ണര്‍ ആ സമയം പൂനായില്‍ ആയിരുന്നതിനാല്‍ അവിടെ ചെല്ലുന്നതിനു എഴുത്തു വന്നതനുസരിച്ചു സെപ്റ്റംബര്‍ 27-നു എല്ലാവരും പൂനായ്ക്കു പുറപ്പെട്ടു 28-നു ബോംബെയില്‍ ഗവര്‍ണറെ കണ്ടു ഇന്ത്യാ സെക്രട്ടറിയുടെ എഴുത്തു കൊടുത്തു. .............വണ്ടി കയറി ആര്‍ക്കോണത്തു വന്നപ്പോള്‍ മദ്രാസില്‍ പഠിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചു ബാവായെ എതിരേല്ക്കയും ഒരു മംഗളപത്രം സമര്‍പ്പിക്കയും ചെയ്തു. അവിടെ നിന്നും ഒക്ടോബര്‍ 2-നു ഊട്ടക്കമണ്ടില്‍ എത്തി അവിടെ വച്ചു മദ്രാസ് ഗവര്‍ണരെ കണ്ടു സെക്രട്ടറിയുടെ എഴുത്തു കൊടുക്കയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കു എഴുത്തു വാങ്ങിക്കയും ചെയ്തു. മദ്രാസ് ബിഷപ്പിനെ ഇവിടെ വച്ചു കാണുകയുണ്ടായി. അവിടെ നിന്നു ഒക്ടോബര്‍ 6-നു പുറപ്പെട്ടു ഷൊര്‍ണൂര്‍ എത്തി ഒരു ദിവസം താമസിച്ചശേഷം പട്ടാമ്പി വഴി കുന്നംകുളം പള്ളിക്കാരുടെ എതിരേല്പോടുകൂടി ഒക്ടോബര്‍ 8-നു വെള്ളിയാഴ്ച കുന്നംകുളം പള്ളിയില്‍ എത്തി. ഇവിടെ ഒരാഴ്ച താമസിച്ചശേഷം ഒക്ടോബര്‍ 15-നു തൃശൂര്‍ വന്നു. ഇവിടെ വച്ചു കൊച്ചി രാജാവിനെയും റസിഡണ്ടിനെയും ചെന്നു കാണുകയും ഇവര്‍ പ്രതിദര്‍ശനം കഴിക്കയും  ചെയ്തു. അനന്തരം ഒക്ടോബര്‍ 17-നു ഞായറാഴ്ച തൃശൂര്‍ ഒരു പള്ളിക്കു മാര്‍ ഇഗ്നാത്യോസ് നൂറോനായുടെ നാമത്തില്‍ കല്ലിട്ടു വി. കുര്‍ബാന ചൊല്ലി. 18-നു ഉച്ചയ്ക്കു അവിടെ നിന്നും പുറപ്പെട്ടു കൊച്ചി രാജാവിന്‍റെ സാലൂണ്‍ വണ്ടിയില്‍ .......... 3 മണിക്കു എറണാകുളത്തു എത്തി. അവിടെ വടക്കര്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പുണ്ടായിരുന്നു. അന്ന് പോഞ്ഞിക്കര റസിഡണ്ട് ബംഗ്ലാവില്‍ ബാവാ താമസിച്ചശേഷം ഒക്ടോബര്‍ 19-നു ചൊവ്വാഴ്ച കാലത്തു പുറപ്പെട്ടു പ്രത്യേക തീബോട്ട് വഴി അന്നു നാലു മണിക്ക് കോട്ടയത്തു കോടിമത കടവില്‍ എത്തി പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ 6 മണിക്കു സെമിനാരിയില്‍ എത്തി അവിടെ താമസിക്കുന്നു.

198. നവീകരണ തലവനായ തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ എന്നു പറയുന്ന ആള്‍ കുറെ മാസമായി പ്രമേഹരോഗത്തില്‍ കിടന്നശേഷം 1909 ഒക്ടോബര്‍ 20-നു 1085 തുലാ മാസം 4-നു ബുധനാഴ്ച കാലത്തു ആറര മണിക്കു തിരുവല്ലായില്‍ വച്ചു മരിച്ചുപോയിരിക്കുന്നു. ഇയാള്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മെത്രാന്‍റെ അനുജനാണ്. ഇയാളെ തിരുവല്ലായിലെ നവീകരണ പള്ളിയില്‍ തന്നെ അടക്കി.

199. പാത്രിയര്‍ക്കീസ് ബാവാ ഊട്ടക്കമണ്ടില്‍ എത്തിയപ്പോള്‍ മൈസൂര്‍ രാജാവിന്‍റെ വക ഒരു കൊട്ടാരത്തിലാണ് താമസിച്ചത്. അവിടുത്തെ സഞ്ചാരത്തിനു ഗവര്‍ണരുടെ കുതിരവണ്ടി കൊടുത്തിരുന്നു. കുന്നംകുളങ്ങര മുതല്‍ കൊച്ചി സംസ്ഥാനം കഴിയുന്നതു വരെ ബാവായുടെ സഞ്ചാരത്തിനു കൊച്ചി രാജാവിന്‍റെ കുതിരവണ്ടിയും മോട്ടോര്‍ വണ്ടിയും വിട്ടുകൊടുക്കയും എറണാകുളത്തെ എതിരേല്പിനു പട്ടാളവും ബാണ്ടും അയക്കയും ചെയ്തു.
200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം കാണ്മാന്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പോയിരുന്നു. ആ യാത്രയ്ക്കു വട്ടംകൂട്ടിയപ്പോള്‍ (മുറിമറ്റത്തു) മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം കല്പിക്കയുണ്ടായി. തീത്തോസിനെ കാണ്മാന്‍ പോകാന്‍ ഇപ്പോള്‍ ധൃതി വെച്ചിട്ടു കാര്യമില്ല. അയാള്‍ ഈയിടെ മരിക്കയില്ല. പാത്രിയര്‍ക്കീസ് ബാവാ ഇവിടെത്തുമ്പോള്‍ ഇസ്രായേലിനു പെസഹായും മിസ്രേംകാര്‍ക്കു കടിഞ്ഞൂല്‍ പുത്രന്മാരുടെ മരണവുമായിരിക്കും. അന്നേ അയാള്‍ മരിക്കത്തൊള്ളു. ഇങ്ങനെ ഒരു വാക്ക് മാര്‍ ഈവാനിയോസ് അന്നു പറഞ്ഞിരുന്നതു അക്ഷരപ്രകാരം ഒത്തിരിക്കുന്നു. ഇതൊരാശ്ചര്യം തന്നെ.

201. പാത്രിയര്‍ക്കീസ് ബാവാ കുറച്ചു ദിവസം കോട്ടയത്തു സെമിനാരിയില്‍ താമസിച്ച ശേഷം സുറിയാനി കണക്കില്‍ 1085 തുലാം 19-നു തെക്കന്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്‍പോടുകൂടെ പരുമല സെമിനാരിയില്‍ എഴുന്നള്ളുകയും അടുത്ത ദിവസമായ 20-നു കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മയില്‍ സംബന്ധിക്കയും ചെയ്തശേഷം നവംബര്‍ 4-നു വ്യാഴാഴ്ച അസ്തമിച്ചു പരുമല നിന്നു പുറപ്പെട്ടു 6-നു ശനിയാഴ്ച 4 മണിക്കു തിരുവനമ്പുരത്ത് എത്തി. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര സര്‍ക്കാര്‍ വക ബോട്ടിലായിരുന്നു. തിരുവനന്തപുരത്തു എതിരേല്‍പ് വളരെ കേമമായിരുന്നു. പത്തു മുന്നൂറു മുത്തുക്കുട, പൊന്‍, വെള്ളി കുരിശുകള്‍, മുപ്പതിന്മേല്‍ ഈവക സന്നാഹങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തു താമസത്തിനു  നക്ഷത്ര ബംഗ്ലാവ് സര്‍ക്കാരില്‍ നിന്നു ഒഴിഞ്ഞുകൊടുത്തിരുന്നു. നവംബര്‍ 8-ു തിങ്കളാഴ്ച ബാവാ മഹാരാജാവിനെയും റസിഡണ്ടിനെയും മുഖം കാണിച്ചു. ചൊവ്വാഴ്ച മഹാരാജാവും റസിഡണ്ടും ഇങ്ങോട്ടു വന്നു കണ്ടു. ഒരാഴ്ച അവിടെ താമസിച്ചശേഷം ബാവാ കോട്ടയത്തേക്കു തിരിച്ചുപോന്നു.

202. 1909 നവംബര്‍ 25-നു വൃശ്ചികം 22-നു സെമിനാരി ചാത്തദിവസവും അടുത്ത ദിവസങ്ങളിലും എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുസുന്നഹദോസ് സെമിനാരിയില്‍ കൂടണമെന്നു ബാവാ പള്ളികള്‍ക്കു കല്പന അയച്ചിരുന്നതനുസരിച്ചു സുന്നഹദോസ് കൂടി. പള്ളിക്കാര്‍ക്കു ആവശ്യമുള്ള സംഗതികള്‍ ആലോചിച്ചു ബാവായെ എഴുതി അറിയിക്കണമെന്നു കല്പിച്ചതുപോലെ പള്ളിക്കാര്‍ രണ്ടുമൂന്നു ദിവസം കൂടി പല സംഗതികളും ആലോചിച്ചു. അതോടുകൂടി റോയല്‍ കോര്‍ട്ട് വിധിയില്‍ ബാവായ്ക്കു നഷ്ടപ്പെട്ടുപോയ ലൗകികാധികാരം സുന്നഹദോസ് സമ്മതിക്കണമെന്നു ബാവാ മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം പറഞ്ഞയച്ചതു യോഗത്തില്‍ ആലോചിച്ചതില്‍ സുന്നഹദോസുകാര്‍ നിഷേധിച്ചു. മലങ്കര ഏഴ് ഇടവകയായിട്ടുള്ളതിനു മൂന്നു മെത്രാന്മാരും അവരില്‍ രണ്ടിടവകയ്ക്കു ഓരോ അസിസ്റ്റന്‍റുമാരും മതിയെന്ന് യോഗത്തില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. ഏഴ് മെത്രാന്മാര്‍ വേണമെന്നു ബാവായും വേറെ ചിലരും തര്‍ക്കിച്ചു. കടശ്ശി സുന്നഹദോസ് നടന്നില്ല. ഓരോ ഭാഗക്കാര്‍ അവരവര്‍ ആവശ്യപ്പെട്ടതു എഴുതി ബാവായുടെ പക്കല്‍ കൊടുത്തു യോഗം പിരിഞ്ഞു. സുന്നഹദോസ് കഴിഞ്ഞശേഷം ബാവാ കോട്ടയത്തു ചെറിയ പള്ളിയില്‍ എഴുന്നള്ളി രണ്ടാഴ്ച താമസിച്ച ശേഷം മലയാളം കണക്കില്‍ ധനുമാസം 10-നു വലിയ പള്ളിയില്‍ എഴുന്നള്ളുകയും മൂന്നു ദിവസം താമസിക്കയും ചെയ്തു. വലിയ പള്ളിയില്‍ നിന്നു ബാവായ്ക്കു 100 രൂപാ കൈമുത്തു കൊടുത്തു. അവിടെ നിന്നു ബാവാ പുതുപ്പള്ളിയിലേക്കു പോയി. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഈ ബാവായെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ നല്ല തൃപ്തിയും സന്തോഷവുമില്ല. അദ്ദേഹം വലിയ ദ്രവ്യാഗ്രഹിയാണെന്നും മറ്റുമുള്ള ഒരു ബോദ്ധ്യം നാടൊക്കെ വ്യാപിച്ചിരിക്കുന്നു. പള്ളിക്കാര്‍ ബാവായെ കൊണ്ടുപോകാന്‍ ഉത്സാഹവും കാണുന്നില്ല. ബാവായുടെ കൂടെ യോഹന്നാന്‍ (ഹന്നാ) എന്നും ഏലിയാസെന്നും രണ്ട് റമ്പാന്മാര്‍ ഉണ്ട്. ഇവര്‍ വളരെ സാധുക്കളും മര്യാദക്കാരുമാണ്. മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ ദീവന്നാസ്യോസ്       മെത്രാപ്പോലീത്തായും വലിയ ബാവായുടെ കൂടെ സഞ്ചരിക്കുന്നു. വലിയ ബാവായ്ക്കു ദീവന്നാസ്യോസിന്‍റെ മേല്‍ അശേഷം തൃപ്തിയില്ല. ലൗകികാധികാരം മുതലായി ബാവാ ആവശ്യപ്പെടുന്നവ ഒന്നും ദീവന്നാസ്യോസ് വിട്ടുകൊടുക്കില്ല. ഈവക അധികാരങ്ങള്‍ എങ്ങനെയും കൈക്കലാക്കണമെന്നു വച്ചു ഒസ്താത്യോസ് വളരെ ശ്രമിക്കുന്നുണ്ട് അതിനാല്‍ ഒസ്താത്യോസും ബഹുജനങ്ങളുടെ അതൃപ്തിക്കു പാത്രവാനായിരിക്കുന്നു. പ്രത്യേകം തെക്കന്‍ പള്ളിക്കാര്‍ രണ്ടു ബാവാന്മാരോടും വളരെ തൃപ്തികേടില്‍ ഇരിക്കുന്നു. വടക്കരുടെ ഇടയിലും നല്ല അഭിപ്രായമില്ല. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് വന്നു മലങ്കരയും അന്ത്യോഖ്യയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ഇവിടുത്തുകാര്‍ക്കു സിംഹാസനത്തോടു വളരെ ഭക്തിയും ഉണ്ടാക്കി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ ബുദ്ധിമോശം കൊണ്ടു മലങ്കരക്കാര്‍ക്കു അന്ത്യോഖ്യരോടുള്ള ഭക്തി വളരെ ക്ഷയിച്ചു പോയിരിക്കുന്നു. ബാവായെ ആക്ഷേപിച്ചു ഊരും പേരുമില്ലാതെ ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നു. റോമ്മാക്കാരുടെ പത്രങ്ങളില്‍ ഈ ബായാ റോമ്മായില്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചു പാപ്പായെയും റോമ്മാ സഭയെയും സമ്മതിച്ചും സുറിയാനി സഭയെ ദുഷിച്ചും എഴുതിയിട്ടുള്ള എഴുത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നു. മൊത്തത്തില്‍ ബാവാ ഈ വിശ്വാസത്തില്‍ അസ്ഥിരനും ദ്രവ്യാഗ്രഹിയും അധികാരമോഹമുള്ളവനും എന്നു ഒരു വലിയ ദുഷ്പേരും ആക്ഷേപവും നാടെല്ലാം പ്രസിദ്ധമായിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ചെന്നിട്ടും ഈ ബാവാ നല്ല പേരും മഹാന്മാരുടെ തൃപ്തിയും സമ്പാദിക്കാതെയും ദ്രവ്യസഹായമുണ്ടാകണമെന്നുള്ള ആഗ്രഹം സാധിക്കാതെയുമാണ് പോന്നത്. തിരുവനന്തപുരത്തു വച്ചു തിരുവിതാംകൂര്‍ മഹാരാജാവ് ബാവായ്ക്കു ഒരു സ്വര്‍ണ്ണമുദ്ര കൊടുക്കണമെന്നു കല്പിക്കയും ആയതു ബാവാ പുതുപ്പള്ളിയില്‍ ഇരിക്കുമ്പോള്‍ വന്നു ചേരുകയും ചെയ്തു.

204. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുന്ന മദ്ധ്യേ അങ്കമാലി പള്ളിയില്‍ വച്ചു 1910-മാണ്ടു ഈയോര്‍ (ഇടവ മാസം) 27-നു 1045 ഇടവം 27-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം അങ്കമാലി ഇടവകയില്‍ കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലി ഇടവകയുടെ മെത്രാനായി വാഴിച്ചു. അപ്പോള്‍ മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു എഴുത്തയയ്ക്കയോ അദ്ദേഹത്തെ അറിയിക്കയോ പോലും ചെയ്തില്ല. ..........

208. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലേക്കു കൊച്ചി മഹാരാജാവ് ഒരു മുദ്ര കൊടുക്കാമെന്നു സമ്മതിച്ചിരുന്നതു ബാവാ വടക്കന്‍ പള്ളികളില്‍ താമസിക്കുമ്പോള്‍ തീ.....ച്ചു കൊടുത്തയച്ചു ബാവായ്ക്കു കൊടുത്തു.

212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു ...........

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...