Wednesday, July 18, 2018

പുലിക്കോട്ടില്‍ രണ്ടാമന് ക്നാനായ കമ്മിറ്റിയുടെ ആദരവും മംഗളപത്രവും (1890)


99. മേല്‍ 97-ാം ലക്കത്തില്‍ പറയുന്നതുപോലെ സെമിനാരി വ്യവഹാരം ഗുണമായി വിധിയുണ്ടായതിന്മേല്‍ അന്യായത്തിലെ വാദിയും അതില്‍ പ്രയാസപ്പെട്ടവനുമായ മാര്‍ യൗസേപ്പ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടുള്ള കൃതജ്ഞതയെ കാണിപ്പാന്‍ മലങ്കര യാക്കോബായ സുറിയാനി ക്നാനായ സമുദായക്കാരാകുന്ന തെക്കുംഭാഗരില്‍ ഉള്‍പ്പെട്ട എല്ലാ പള്ളിക്കാരും കൂടി പണം പിരിച്ചെടുത്ത് ഏകദേശം ഇരുനൂറു പണമിടയില്‍ മെത്രാന്മാര്‍ കയ്യില്‍ പിടിക്കുന്ന ഒരു പൊന്‍ സ്ലീബാ തീര്‍പ്പിച്ച് കല്ലുകള്‍ വച്ച് അതും അതോടുകൂടി മെത്രാപ്പോലീത്തായോടുള്ള നന്ദിയെ കാണിക്കുന്നതായ ഒരു മംഗളപത്രം തങ്കമഷിയില്‍ അച്ചടിപ്പിച്ചു ആയതും 1065 മകരം 3-നു 1890 ജനുവരി 20-നു തിങ്കളാഴ്ച വെളിയനാടു പള്ളിയില്‍ വച്ച് ഒരു യോഗം കൂടി മെത്രാപ്പോലീത്തായ്ക്കു കാഴ്ചയായി കൊടുത്തു. ഈ യോഗത്തില്‍ മെത്രാപ്പോലീത്തായും അനേകം കത്തങ്ങളും തെക്കുംഭാഗത്തിലുള്ള എല്ലാ പള്ളിക്കാരും ഹാജരുണ്ടായിരുന്നു. മംഗളപത്രം കൊടുക്കുന്നതിനു മെത്രാപ്പോലീത്തായെ വെളിയനാട്ടേക്കു കൊണ്ടുപോയത് ചുണ്ടന്‍, ചുരുളന്‍ മുതലായ അനേക വള്ളങ്ങള്‍, പൊന്‍, വെള്ളി മുതലായ കുടകള്‍ ഉള്‍പ്പെട്ട വളരെ ആഘോഷത്തോടു കൂടെയായിരുന്നു. സമുദായത്തിന്‍റെ അന്തസിനും അഡ്രസിനും (മംഗളപത്രത്തിനു) മെത്രാപ്പോലീത്താ കല്പിച്ചു തന്ന മറുപടിക്കു പകര്‍പ്പ് താഴെ ചേര്‍ത്തിരിക്കുന്നു. 

മംഗളപത്രത്തിന്‍റെ പകര്‍പ്പ്

നിര്‍ഭരോത്ഭാനം ദിവ്യശ്രീ മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി പേട്രണ്‍, മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സറിയുന്നതിനു.

അതൃര്‍ത്ഥപ്രാജ്ഞനായ പൂജ്യപിതാവേ, ദയാനിധിയും ദൈവിക കാര്യങ്ങളില്‍ സര്‍വ്വദാ പരിശ്രമശീലനുമായ തിരുമേനിയുടെ സംരക്ഷണയില്‍ ഭരമേല്പിക്കപ്പെട്ടിട്ടുള്ള സഭാതോട്ടത്തില്‍ സാത്താന്‍റെ പ്രേരണയാല്‍ മുളപ്പിക്കപ്പെട്ട കലഹം, വിശ്വാസത്യാഗം മുതലായ മുള്‍പ്പടര്‍പ്പുകളെ പറിച്ചു കളഞ്ഞു യോജ്യത, സമാധാനം മുതലായ ഒലിവുചെടികളെ നട്ടുവളര്‍ത്തുവാനും, പ്രധാന തോട്ടക്കാരനായി അന്ത്യോഖ്യാ അപ്പോസ്തോല സിംഹാസനത്തുമ്മേല്‍ വാഴുന്ന പരിശുദ്ധ പിതാവിന്‍റെ ദിവ്യാജ്ഞയെ നിശ്ചയം സ്ഥാപിപ്പാനും, ബാല്യകാലം മുതലുള്ള അവിടുത്തെ സുമഹത്തരങ്ങളായ പ്രയത്നങ്ങള്‍, സകലാഭിവൃദ്ധി പ്രദാനാവായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ സഫലീകൃതമായിരിക്കുന്ന ഈ ശുഭസന്ദര്‍ഭത്തില്‍, തിരുമേനിയെക്കുറിച്ച് ഞങ്ങളുടെ സമുദായത്തിനുള്ള ഉപകാരസ്മരണയെയും ഭയഭക്തി വിശ്വാസ ബഹുമാനാദികളെയും പ്രദര്‍ശിപ്പിക്കാന്‍ മംഗളപത്ര സമേതം തൃക്കയ്യില്‍ സമര്‍പ്പിച്ചുകൊള്ളുന്ന ഈ പ്രാഭുതത്തെ ദയാപൂര്‍വ്വം അംഗീകരിപ്പാറാകണമെന്നു അപേക്ഷിക്കുന്നു. 

പ്രത്യക്ഷത്തില്‍ ലഘുതരമെങ്കിലും ക്രിസ്ത്യാനികള്‍ക്കു രക്ഷയെ സമ്പാദിപ്പാന്‍ കര്‍ത്താവിനാല്‍ വഹിക്കപ്പെട്ട ആയുധവും തിരുമേനിക്കു ലബ്ധമായിരിക്കുന്ന അപ്പോസ്തോല സ്ഥാനപൂര്‍ണ്ണതയുടെ അടയാളവും പിശാചിനെയും ലോകത്തെയും ജയിപ്പാന്‍ അവിടന്നു ഉപയോഗിച്ചു വരുന്ന മൂര്‍ച്ചയുള്ള വാളും ഇതില്‍ അന്തര്‍ഭവിച്ചിരിക്കയാല്‍ സ്വര്‍ഗ്ഗീയ ദര്‍ശനത്താല്‍ വിളിക്കപ്പെട്ട കുസ്തന്തീനോസ് മഹാരാജാവ് എന്നപോലെ തിരുമേനി ഈ കാഴ്ചയെ ഉചിതമായി മതിക്കുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. 

ഇതുകൂടാതെ ഞങ്ങള്‍ അംഗങ്ങളായി പാലിച്ചുവരുന്ന കമ്മിറ്റിയില്‍ തിരുമേനി രക്ഷാധിപതിയായിരുന്ന് ചെയ്തിട്ടുള്ള സഹായത്താല്‍ ഇടക്കാലത്തു ഞങ്ങളുടെ സമൂഹത്തില്‍ മുളച്ചുണ്ടായ കക്ഷിഭേദവും മതമാത്സര്യാദികള്‍ അശേഷവും നശിച്ച് ഏകയോഗക്ഷേമമായിരിപ്പാന്‍ തക്കവിധത്തില്‍ സൗകര്യത്തെ പ്രാപിച്ചിരിക്കുന്നതിനാലും തിരുമേനിമേല്‍ ഞങ്ങള്‍ക്കു അത്യന്തമുള്ള കൃതജ്ഞതയെ ഈ വിധേന അല്‍പമെങ്കിലും ലക്ഷ്യപ്പെടുത്താതിരിപ്പാന്‍ ഞങ്ങളുടെ മനസാക്ഷി സമ്മതിക്കുന്നില്ല. 

ഞങ്ങളുടെ സാമൂഹ്യചരിത്രം ആലോചിക്കപ്പെടുന്നതാകയാല്‍ ക്രിസ്താബ്ദം 345-ല്‍ ഞങ്ങളുടെ പൂര്‍വീകന്മാര്‍ ഈ നാട്ടില്‍ കുടിയേറിയ കാലം മുതല്‍ സുറിയാനി സഭയില്‍ ഒരു പ്രത്യേക സമുദായമായി ഇരുന്നു വരുന്നു എങ്കിലും പൂര്‍വകാലങ്ങളില്‍ സഭയില്‍ പൊതുവായി നേരിട്ടിട്ടുള്ള എല്ലാ വിവാദങ്ങളിലും അവര്‍ മേലദ്ധ്യക്ഷന്മാര്‍ക്കു സഹായികളായി ചെയ്ത പ്രവൃത്തികളെയും ഈ അടുത്ത കാലത്തില്‍ ഉണ്ടായ പൊതു വ്യവഹാരത്തില്‍ തിരുമേനിയോടുകൂടി ഞങ്ങളുടെ സമൂഹപ്രതിപുരുഷന്മാരായ രണ്ടാളുകള്‍ ആദ്യന്തം പ്രത്യേകമായി ചെയ്തിട്ടുള്ള അസാമാന്യ പ്രയത്നത്തെയും ഓര്‍ത്താല്‍ വിശേഷാനുഗ്രഹാഭിമാനാദികള്‍ക്കും ഞങ്ങളും ഞങ്ങളുടെ സമുദായവും പൊതുവെ പാത്രീഭവിച്ചിരിക്കുന്നു. 

ആകയാല്‍ ദൈവാനുഗ്രഹം കൊണ്ടു തിരുമേനിക്കു ഇപ്പോള്‍ ലബ്ധമായ ഭാഗ്യാവസ്ഥ നിമിത്തം ഞങ്ങളുടെ സമൂഹത്തിന്‍റെയും കമ്മിറ്റിയുടെയും ഐശ്വര്യാഭിവൃദ്ധികള്‍ക്കായി ആവശ്യപ്പെട്ട എല്ലാ പരിഷ്ക്കാര സഹായങ്ങളെയും ഏര്‍പ്പെടുത്തി തരികയും അവിടത്തെ അനുഗ്രഹങ്ങളെ ഞങ്ങളുടെമേല്‍ നിര്‍ഗ്ഗളം വര്‍ഷിപ്പിക്കയും ചെയ്യാറാകണമെന്നു അപേക്ഷിച്ചും തിരുമേനി ആരോഗ്യ സമ്പത്തോടും ഭാഗ്യാദികളോടും കൂടെ ചിരകാലം ആയുഷ്മാനായി ഭവിപ്പാന്‍ സര്‍വശക്തനായ ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടും ഈ മംഗളപത്രത്തെ വിനയപൂര്‍വ്വം സമര്‍പ്പിച്ചുകൊള്ളുന്നതു

അവിടുത്തെ വിശ്വസ്ത പുത്രന്മാരും മലങ്കര യാക്കോബായ സുറിയാനി ക്നാനായ സമുദായ പ്രതിനിധികളുമാകുന്ന മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി. 

വെളിയനാട്ടുപള്ളി
1890-മാണ്ട് കോന്നൂന്‍ഹ്റോയി മാസം 8-നു 

മറുപടി

(മുദ്ര)

മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റിക്കാരായ നമ്മുടെ പ്രിയ പുത്രന്മാരെ,

നിങ്ങള്‍ക്കും നിങ്ങളാല്‍ പ്രതിബിംബിക്കപ്പെട്ട സമുദായത്തിനും നമ്മുടെ മേലുള്ള കൃതജ്ഞതയെ പ്രത്യക്ഷപ്പെടുത്തുവാന്‍, മതവിഷയമായും സമൂഹപരമായും അനേക സംഭവങ്ങളെ ഓര്‍പ്പിക്കത്തക്കവിധത്തില്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട മംഗളപത്രവും കാഴ്ചയും നമ്മില്‍ അസാമാന്യ സന്തോഷത്തെ ജനിപ്പിച്ചിരിക്കയാല്‍ നന്ദിപൂര്‍വ്വം അവയെ നാം അംഗീകരിച്ചിരിക്കുന്നു. സഭയ്ക്കുവേണ്ടി നമ്മാല്‍ ചെയ്യപ്പെടുന്ന പരിശ്രമങ്ങളെ നിങ്ങള്‍ വാസ്തവമായി വിലമതിക്കുന്നു എന്ന് ഇതിനാല്‍ ലക്ഷ്യപ്പെടുത്തിയിരിക്കകൊണ്ടു നാം നിങ്ങള്‍ക്കു നന്ദി പറയുന്നു. 

മതവിഷയമായി ആലോചിക്കപ്പെടുമ്പോള്‍ കര്‍ത്താവിന്‍റെ കുരിശുമരണം, മാര്‍തോമാശ്ലീഹാ ഈ നാട്ടില്‍ വയ്പിച്ച ഏഴു കുരിശുകള്‍, സ്ലീബാ അടയാളത്താല്‍ കുസ്തന്തീനോസ് രാജാവിനുണ്ടായ മനസുതിരിവ്, അയാള്‍ മുഖാന്തിരം നിഖ്യായില്‍ കൂട്ടപ്പെട്ട ശുദ്ധസുന്നഹദോസില്‍ നിശ്ചയിക്കപ്പെട്ട സത്യവിശ്വാസം മുതലായ മഹിമയേറിയ അനേക സംഗതികളെ എന്നും ഓര്‍പ്പിക്കത്തക്കവിധം ഇപ്പോള്‍ വായിക്കപ്പെട്ട പത്രവും കാഴ്ചയായി വയ്ക്കപ്പെട്ട സ്ലീബായും ലഘുവായി വിചാരിക്കപ്പെടാവുന്നവയല്ല.

മംഗളപത്രത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന സാമൂഹ്യചരിത്രം ഓര്‍ക്കപ്പെടുമ്പോഴും നമ്മുടെ മതത്തില്‍ പ്രവേശിക്കുന്ന സംഭവങ്ങള്‍ അനല്പമാകുന്നു. മലയാളസഭ ഇടയനില്ലാതെ വലഞ്ഞു കിടന്നപ്പോള്‍ ക്നായി തോമ്മായും പരദേശ ക്രിസ്ത്യാനികളും ഈ നാട്ടില്‍ കുടിയേറി സഭയില്‍ ആത്മികമായും ലൗകികമായും ഉളവാക്കിയ ഗുണീകരണങ്ങള്‍ അവര്‍ണ്ണനീയങ്ങള്‍ ആകുന്നു. 

പിന്നീട് പറങ്കികളാലും റോമ്മാ മതക്കാരാലും നമ്മുടെ സഭ ആക്രമിക്കപ്പെട്ടപ്പോള്‍ സത്യവിശ്വാസത്തെ പാലിപ്പാനും ചെന്നായ്ക്കളുടെ വായില്‍ നിന്നു കുഞ്ഞാടിനെ വീണ്ടെടുപ്പാനും നമ്മുടെ കാരണവന്‍ ഒന്നാം മാര്‍തോമാ എപ്പിസ്കോപ്പായെ സഹായിക്കയും ധൈര്യം കൊടുക്കുകയും ചെയ്ത കല്ലിശ്ശേരി പള്ളി ഇടവകയില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കശീശായുടെ അസാധാരണ പരിശ്രമങ്ങളും ധീരതകളും സ്വകാര്യങ്ങളെ വെടിഞ്ഞു ചെയ്ത പോരാട്ടങ്ങളും ഒരിക്കലും മറക്കപ്പെടത്തക്കതല്ല. 

പില്‍ക്കാലത്ത് സഭയുടെ അംഗങ്ങളില്‍ ഒന്നില്‍ നിന്നും ഉപദ്രവം നേരിട്ടപ്പോള്‍ സത്യവിശ്വാസത്തിനു വേണ്ടിയും അന്ത്യോഖ്യാ സിംഹാസനത്തിനു വേണ്ടിയും മേല്‍പ്രകാരം വയസുകാലത്തെ ചിലവഴിക്കയും നാം തന്നെയും ഈ സ്ഥാനത്തില്‍ പ്രവേശിച്ചു പൊതുമനുഷ്യനായി തീരുവാന്‍ നമ്മെ ഉത്സാഹിപ്പിക്കയും വഴികാട്ടുകയും ചെയ്ത കോട്ടയത്തു ഇടവഴിക്കല്‍ ഫീലിപ്പോസ് കശീശായെയും നമ്മുടെ സ്നേഹിതന്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പായെയും ഈ സന്ദര്‍ഭത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിപ്പാന്‍ പാടില്ല.

വര്‍ത്തമാനകാലത്തു ദൈവാനുഗ്രഹത്താല്‍ നാം വിജയം പ്രാപിച്ചിരിക്കുന്നു. സെമിനാരി വ്യവഹാരത്തില്‍ നമ്മോടുകൂടെ ആദ്യന്തം പ്രവര്‍ത്തിച്ച നമ്മുടെ പുത്രന്മാരായ മാലിത്ര ഏലിയാസ് കത്തനാര്‍ക്കും ഇടവഴിക്കല്‍ ഫീലിപ്പോസിനും ഈ അവസരത്തില്‍ നാം മനപൂര്‍വ്വം നന്ദി പറയുന്നു. നമുക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും അവര്‍ സഹിച്ച പ്രയാസങ്ങളെ ഒരിക്കലും മറന്നുകളയുന്നതല്ല. 

ആകയാല്‍ ഭൂതവര്‍ത്തമാന കാലങ്ങളിലെ നിങ്ങളുടെ സാമൂഹ്യചരിത്രം ആരാഞ്ഞു പരിശോധിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു പ്രത്യേക സംഘമായി ഇരുന്നു വരുന്നു എങ്കിലും, സഭയുടെ പൊതുകാര്യങ്ങളില്‍ നിങ്ങള്‍ എല്ലാ കാലത്തും തീക്ഷ്ണതയുള്ളവരും കത്തുന്ന ദീപങ്ങളുമായി കാണപ്പെടുന്നതു ശ്ലാഘനീയം തന്നെ. സഭയില്‍ നേരിട്ട എല്ലാ വിപത്തുകളില്‍ നിന്നും അതിനെ ഉദ്ധാരണം ചെയ്വാന്‍ തുനിഞ്ഞിട്ടുള്ള ധീരന്മാരുടെ ഇടയില്‍ നിങ്ങള്‍ മങ്ങിയിട്ടില്ല. ഇപ്രകാരം അത്യുത്സാഹവും സഹനശീലവും നിറഞ്ഞ സരുഷന്മാരെ ജനിപ്പിച്ച സമുദായത്തിനു നാം വളരെ നന്ദി പറയുന്നു.  

നിങ്ങള്‍ .......... വരുന്ന കമ്മിറ്റിയുടെ പരിശ്രമത്താല്‍ മതമത്സര്യാദികള്‍ നിങ്ങളില്‍ നിന്നു നശിച്ചുപോയതു വളരെ സന്തോഷിക്കേണ്ടതു തന്നെ. ഇതുപോലെ അനേക പൊതുഗുണങ്ങള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാക്കപ്പെടുന്നപ്രകാരം നാം അറിയുന്നു. എന്നാല്‍ കമ്മിറ്റിയില്‍ ഉളവാക്കപ്പെട്ട സുന്നസറൊ .......... കള്‍ക്കു ..... നാടിസ്ഥാനമായി ഒരു പൊതുമുതല്‍ ഉണ്ടാകേണ്ടതു ആവശ്യമാകുന്നു. എത്രത്തോളം നിങ്ങള്‍ ഇതിനെ സാധിച്ചിട്ടുണ്ടെന്നു നാം അറിയുന്നില്ല. സാധിച്ചിട്ടില്ലെങ്കില്‍ പൊതുമുതല്‍ ശേഖരിപ്പാന്‍ ഉടനെ ആരംഭിപ്പാനും സമുദായം മുഴുവന്‍ അതിലേക്കു ..........നും നാം ഗുണദോഷിക്കുന്നു. 

പ്രിയമുള്ളവരെ, നിങ്ങളുടെ .............. നമ്മാല്‍ കഴിയുന്ന എല്ലാ സഹായങ്ങളെയും ചെയ്തു തരുവാന്‍ നാം സന്നദ്ധനായിരിക്കുന്നു. 

ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളുടെ മേലും ഈ കമ്മിറ്റിമേലും നിങ്ങളുടെ സമുദായത്തുമ്മേലും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. 

എന്ന് മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി പേട്രണ്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്) 

1890-മാണ്ട് കോനൂന്‍ഹ്റോയി മാസം 8-നു. 

100. മേല്‍ വകുപ്പില്‍ വിവരിച്ച മംഗളപത്രത്തെയും മറുപടിയെയും കോട്ടയത്തു മലയാള മനോരമ എന്നു പേരായ വര്‍ത്തമാന പത്രത്തോടു കൂടെ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതില്‍ വച്ചു വടക്കുംഭാഗരില്‍ ചിലര്‍ക്കു വളരെ അതൃപ്തി ഉണ്ടാകയും അതെപ്പറ്റി ടി വര്‍ത്തമാനപത്രത്തില്‍ പല ചോദ്യങ്ങള്‍ ചോദിക്കയും ചെയ്കയാല്‍ കുറഞ്ഞതായ ഉത്തരം പ്രസിദ്ധം ചെയ്കയാല്‍ അതില്‍ വച്ചു .... മുഷിഞ്ഞു തെക്കുംഭാഗരെ വളരെ ആക്ഷേപിച്ചു 1890 മെയ് മാസത്തില്‍ ഒരു പത്രം അച്ചടിച്ചു പ്രസിദ്ധം ചെയ്തു. അതിനു മറുപടി എഴുതി അയച്ചാറെ മേല്‍പറഞ്ഞ മനോരമ പത്രക്കാര്‍ അച്ചടിക്കാതെ തള്ളിക്കളഞ്ഞതിനാല്‍ മിഷന്‍ പ്രസില്‍ ഏല്‍പിച്ചു വേല നടന്നുവരുമ്പോള്‍ അവര്‍ അവിടെയും ശുപാര്‍ശ ചെയ്തു തടസ്സപ്പെടുത്തി. അതിന്‍റെശേഷം ആലപ്പുഴ അയച്ചു അച്ചടിപ്പിച്ചു പരസ്യം ചെയ്യിച്ചു. .........

104. മേല്‍ 101-ാം വകുപ്പുപ്രകാരം ഉള്ള തര്‍ക്കപുസ്തകത്തിനു ഉത്തരമായി വടക്കുംഭാഗരില്‍ കോട്ടയത്തു കുന്നുംപുറത്തു ഉലഹന്നാന്‍ കുര്യന്‍ മുതല്‍പേര്‍ ഒരു പുസ്തകം അച്ചടിപ്പിച്ചു കൊച്ചിയില്‍ നിന്നു കൊണ്ടുവന്നു. അതില്‍ വളരെ അസഭ്യങ്ങളും ആഭാസങ്ങളും പ്രസ്താവിച്ചിരുന്നതിനാല്‍ അതിനു ഉത്തരമായി ഒരു പുസ്തകം ക്നാനായ പ്രദീപിക അച്ചുകൂടത്തില്‍ നിന്നു അച്ചടിപ്പിച്ചു. കൊച്ചിയില്‍ നിന്നു അച്ചടിപ്പിച്ചുവന്ന പുസ്തകത്തിനു പേര് 'ക്നാനായൊത്ഭവം' എന്നും അതിന് ഇവിടെ നിന്നു അച്ചടിച്ച ഉത്തര പുസ്തകത്തിനു പേര്‍ 'ക്നാനായൊത്ഭവകൃത്തിപ്പ' എന്നും ആകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...