Saturday, September 9, 2017

കോട്ടയത്തു സെമിനാരിയില്‍ വിദ്യാഭ്യാസം ആരംഭിച്ചത്


കോട്ടയത്തു സിമ്മനാരി പണിചെയ്യിച്ച് പഠിത്തം തുടങ്ങിയ വിവരത്തിനും പിന്നെ മതം ഇടപെട്ടുണ്ടായ വിവരത്തിനും കോട്ടയം ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരു ചുരുക്കത്തില്‍ എഴുതിപോരുന്ന രണ്ടാം പുസ്തകം.

1. ഞാനും മറ്റു വേറിട്ട ശെമ്മാശന്മാരും കൂടെ കോട്ടയത്തു ചെറിയപള്ളിയില്‍ വേങ്കിടത്തു ചാണ്ടി കത്തനാരുടെയും പുന്നത്ര കുര്യന്‍ കത്തനാരുടെയും കൂടെ പഠിച്ച് ശെമ്മാശായിട്ടു പാര്‍ക്കുമ്പോള്‍ സിമ്മനാരിയില്‍ പോയി പഠിക്കുന്നതിനു ഞങ്ങളെ വിട്ടയക്കുകയും ചെയ്തു. ഞങ്ങള്‍ അവിടെ പഠിച്ചു പാര്‍ക്കുമ്പോള്‍ മെത്രാപ്പോലീത്താ ചെല്ലുന്നതിനു മണ്‍റോ സായിപ്പിന്‍റെ എഴുത്തു വന്നു. മെത്രാപ്പോലീത്തായും പുന്നത്ര കുര്യന്‍ കത്തനാരും വേങ്കിടത്തു ചാണ്ടി കത്തനാരും മെത്രാന്‍റെ അനന്തിരവന്‍ ഇട്ടൂപ്പ് ശെമ്മാശും തെക്കേത്തലയ്ക്കല്‍ കുര്യന്‍ ശെമ്മാശും ഞാനും കൂടെ കൊല്ലത്തിനു പോയി. സായിപ്പിനെ കണ്ടാറെ സിമ്മനാരിയില്‍ കൂടെ പാര്‍ത്ത് മെത്രാപ്പോലീത്തായ്ക്കു വേണ്ടുന്ന സഹായം ചെയ്യുന്നതിനായിട്ടു മിഷണറി തോമസ് നോര്‍ട്ടന്‍ പാതിരിയെ വരുത്തിയിട്ടുണ്ടെന്നും അയാളെ സിമ്മനാരിയില്‍ കൂടെ പാര്‍പ്പിക്കണമെന്നും പറഞ്ഞശേഷം ഞങ്ങള്‍ രണ്ടു ജാതിയും രണ്ടു മതക്കാരും ആകകൊണ്ടു ഒന്നിച്ചു പാര്‍ക്കുക കഴിയുകയില്ലെന്നും മെത്രാപ്പോലീത്താ പറയുകയും ചെയ്തു.

അതിന്‍റെ ശേഷം അയാള്‍ ആലപ്പുഴയില്‍ പാര്‍ക്കട്ടെയെന്നും കൂടെകൂടെ സിമ്മനാരിയില്‍ വരുമെന്നും ആവശ്യമുള്ള കാര്യങ്ങള്‍ അയാളോടു പറഞ്ഞാല്‍ നമുക്കെഴുതി കൊടുത്തയച്ച് നിവൃത്തിച്ചു തരുമെന്നും സായ്പ് അവര്‍കള്‍ പറയുകയാല്‍ ആയതു കൊള്ളാമെന്നും മെത്രാപ്പോലീത്താ കല്പിച്ചു. അന്ന് മേലെഴുതിയ മിഷന്‍ പാതിരി അവിടെ ഉണ്ടായിരുന്നതിനാല്‍ അയാളെയും കണ്ടു. നന്ദിവാക്കും പറഞ്ഞ് പോരികയും ചെയ്തു. എന്നാല്‍ പോരുംവഴിക്ക് ബുക്കാനന്‍ പാതിരിയുടെയും മക്കാളെ സായിപ്പിന്‍റെയും കാലം തൊട്ടു തന്നെ കോഴിക്കുഞ്ഞിനെ കണ്ട ആനയറാഞ്ചനെപോലെ സുറിയാനിക്കാരായ നമ്മളുടെമേല്‍ ഇംഗ്ലീഷുകാര്‍ മനസുവെച്ചിരിക്കുന്നു എന്നും ദൈവം തന്നെ രക്ഷിക്കട്ടെയെന്നും മെത്രാപ്പോലീത്താ പറയുകയും ഇംഗ്ലീഷ് സായ്പന്മാരുമായിട്ടുള്ള ഐക്യതയ്ക്കു ആവശ്യമില്ലാഞ്ഞു എന്നു ഇവിടം മുതല്‍ മെത്രാപ്പോലീത്തായുടെ മനസില്‍ കരേറുകയും ഏറ്റവും വിഷാദം കൊള്ളുകയും ചെയ്തു. പിന്നത്തേതില്‍ സിമ്മനാരിയില്‍ പാര്‍ത്തു കാര്യങ്ങള്‍ വിചാരിക്കയും പട്ടക്കാരുടെ പെണ്‍കെട്ട് നടത്തുകയും ചെയ്തു. മേലെഴുതിയ മിഷനറി നോര്‍ട്ടന്‍ പാതിരി ആലപ്പുഴയില്‍ ചെന്നു പാര്‍ക്കുകയും കൂടെക്കൂടെ സിമ്മനാരിയില്‍ വരികയും ചെയ്തുകൊണ്ടിരുന്നു. ഈ പാതിരി പിന്നത്തേതില്‍ അയാളുടെ സ്ഥാനത്തിനു ചേരാത്തതിന്‍വണ്ണം കുറഞ്ഞൊരു സംവത്സരം ആലപ്പുഴ കോര്‍ട്ടില്‍ രണ്ടാം ജഡ്ജി ഉദ്യോഗം ഏറ്റ് മാസം ഒന്നുക്കു മുന്നൂറു രൂപാ വീതം ശമ്പളം വാങ്ങുകയും ചെയ്തു.

1816-ല്‍ കല്‍ക്കട്ടായുടെ ഇംഗ്ലീഷ് ഫോര്‍ട്ട് ബിഷപ്പ് മിഡില്‍ടണ്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായെയും കണ്ടു സന്തോഷവാക്കുകളും പറഞ്ഞുപോകയും ചെയ്തു. ഈ ബിഷപ്പ് ഏറ്റം നല്ലവനത്രെ. മേലെഴുതിയ ആണ്ട് വൃശ്ചികമാസം 12-നു ഈ മെത്രാപ്പോലീത്താ കാലം ചെയ്തു. സിമ്മനാരിയില്‍ തന്നെ അടക്കുകയും ചെയ്തു. ഇദ്ദേഹം ബുദ്ധിയും ധൈര്യവും ദൈവഭക്തിയും ഉള്ളവനും ദ്രവ്യാഗ്രഹവും ചതിയും ഇല്ലാത്തവനും ദൈവകാര്യവും ലോകകാര്യവും നന്നായി അറിയുന്നവനും നല്ല സംസാരിയും ആരെയും ഭയം കൂടാത്തവനും പക്ഷഭേദം ഇല്ലാത്തവനും ആയിരുന്നു. അദ്ദേഹം 40 സംവത്സരം വരെ ചോറ്, നെയ്, പാല്‍, മത്സ്യം, മാംസം മുതലായത് ഭക്ഷിക്കാതെ ഫലമൂലാദികള്‍ തിന്നുകൊണ്ടിരുന്നു.

ഇതിന്‍റെശേഷം 1817-ല്‍ കല്ലിക്കോട്ടു ശീമയില്‍ നിന്നും പീലക്സിനോസ് മെത്രാപ്പോലീത്താ സിമ്മനാരിയില്‍ വന്നു പാര്‍ത്തു പള്ളികള്‍ ഭരിച്ചുവരുമ്പോള്‍ ഈ ആണ്ടില്‍ ബഞ്ചമിന്‍ ബെയിലി എന്നു പേരായ ഒരു മിഷന്‍ പാതിരി കോട്ടയത്തു സിമ്മനാരിയില്‍ വന്നു പാര്‍ത്തു. സിമ്മനാരിയില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കണമെന്നു പറഞ്ഞ് പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു.
മേലെഴുതിയ ആണ്ടില്‍ തന്നെ കോട്ടയത്തു ചെറിയപള്ളിയില്‍ പുന്നത്ര കുര്യന്‍ കത്തനാരെ വിഗാരി ജനറാളായിട്ടു ആക്കുകയും അങ്ങനെ കുറഞ്ഞൊന്നു ചെന്നു ..........മാണ്ടു തുലാമാസം 5-നു ശനിയാഴ്ച റമ്പാനായിട്ടും 6-നു ഞായറാഴ്ച മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ച് വാഴിച്ചുംവച്ച് പീലക്സിനോസ് തിരിയെ പോകുകയും ഇദ്ദേഹം പള്ളികളെ ഭരിക്കുകയും പീലക്സിനോസ് വന്നും പോയും ഇരിക്കുകയും ചെയ്തുവരുന്നു.

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു പേരിട്ടു കല്ലടയില്‍ ഏതാനും സ്ഥലം ചിലവു വകയ്ക്കു കൊടുക്കുകയും ചെയ്തു. പിന്നെ മാന്നാത്തു മണ്‍കോട്ട നിലം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചിലവുവകയ്ക്കു മിഷണറിമാര്‍ കാണമിടുകയും മുതല്‍ വര്‍ദ്ധിച്ചു സിമ്മനാരി പ്രബലപ്പെടുകയും ഉഭയം പലിശ മുതലായതില്‍ വളരെ അന്യായം ചെയ്കയും എല്ലാ വരവും ചിലവും കൂടി ബോധിച്ചിടുകയും ചെയ്തുവരുന്നു. 1817-ല്‍ മെത്രാപ്പോലീത്തായെയും പള്ളിക്കാരെയും മാവേലിക്കര കൂട്ടി മണ്‍റോ സായ്പ് അവര്‍കളും ബഞ്ചമിന്‍ ബയിലി പാതിരിയും ജോസഫ് ഫെന്‍ പാതിരിയും കൂടെ വന്ന് തമ്പുരാനെ പഴേകൂറ്റുപള്ളികളില്‍ ചിലതു എടുക്കണമെന്നു നിശ്ചയിച്ചുംകൊണ്ട് കോട്ടയത്തു വലിയ പള്ളിയും പിറവത്തു പള്ളിയും ആലപ്പുഴ പള്ളിയും ചങ്ങനാശ്ശേരി പള്ളിയും ഫെന്‍ സായിപ്പിനു ഒഴിഞ്ഞുകൊടുത്തിരിക്കുന്നപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ റാണിയോടു തീട്ടൂരം വാങ്ങിച്ചു. ഈ നാലു പള്ളിക്കു നീട്ടു വാങ്ങിച്ചത്, കോട്ടയത്തു വലിയ പള്ളിയിലും പിറവത്തു പള്ളിയിലും പുത്തനും പഴയതും കൂടി നടന്നുവരുന്ന പള്ളികള്‍ ആകയാല്‍ ആയത് എളുപ്പത്തില്‍ എടുക്കയും ആ ന്യായത്തിനു മറ്റേ പള്ളി രണ്ടും എടുക്കുകയും ചെയ്യണമെന്നും പ്രയാസം കൂടാതെ കിട്ടിയെങ്കില്‍ പിന്നെയും ചിലതു കൂടെ എടുക്കണമെന്നും കരുതി ആയിരുന്നു. കോട്ടയത്തു വലിയപള്ളിയില്‍ നിന്നും പിറവത്തു പള്ളിയില്‍ നിന്നും ന്യായമായി അവരെ ഒഴിച്ചു എങ്കിലും ചങ്ങനാശ്ശേരി പള്ളി ബലമായി പിടിക്കുന്നതിനായിട്ടു ഉത്തരവുപ്രകാരം സര്‍ക്കാര്‍ ആളുകളും സായ്പന്മാരും പാലക്കുന്നത്തു കത്തനാരു മുതലായ പുത്തന്‍കൂറ്റുകാരും കൂടി ചെന്നു പിടിച്ചു പഴേകൂറ്റു കത്തങ്ങള്‍ മുതല്‍പേരെ ഇറക്കി ഓടിക്കുകയും പുത്തന്‍കൂറ്റുകാരു കേറുകയും ചെയ്തതിന്‍റെ ശേഷം പഴേകൂറ്റുകാരു പുരുഷരും സ്ത്രീകളും കൂടി പുത്തന്‍കൂറ്റുകാരെ ഓടിക്കയാല്‍ ബെന്‍ സായ്പ് എഴുതി അയച്ചു പട്ടാളം വന്നു പള്ളിക്കു ചുറ്റില്‍ വീഴുകയും ഈ വിവരം കേട്ടു വന്ന പുത്തന്‍ചിറ ഗോവര്‍ണ്ണദോരെ പിടിച്ചു തടവില്‍ വെയ്ക്കുകയും ചെയ്തു. ഈ ബലങ്ങള്‍ വളരെ പ്രവൃത്തിച്ചാറെയും പഴേകൂറ്റിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധൈര്യം കാരണത്താല്‍ പള്ളി എടുപ്പാന്‍ കഴിഞ്ഞില്ല. റസിഡണ്ട് മണ്‍റോ സായ്പ് മാറിപോയത് വരെ പഴേകൂറ്റുകാര് വളരെ സങ്കടത്തില്‍ ആയിരുന്നു. അവരുടെ ധൈര്യത്തില്‍ അതു വരെ അവരു പള്ളി വിട്ടുകൊടുത്തില്ല. പിന്നീട് വന്ന റസിഡണ്ട് ഉത്തരവ് കൊടുത്ത് അവരുടെ സങ്കടം തീര്‍ക്കുകയും ചെയ്തു.

പെറ്റ അമ്മയെ ഉപേക്ഷിക്കണമെന്നു പറകയാല്‍ ആയതു കഴികയില്ലെന്നു എല്ലാവരും കൂടി നിശ്ചയിച്ചു ബോധിപ്പിച്ച് പിരിയുകയും ചെയ്തു. ഇതുകൊണ്ടും ......................................................... ചില പള്ളികളില്‍ കേറി പ്രസംഗിക്കകൊണ്ടും മേലാല്‍ ഇത് ദൂഷ്യമായി വരുമെന്നു തോന്നുകകൊണ്ട് അന്ത്യോക്യായ്ക്കു എഴുതി ബാവാന്മാരെ വരുത്തണമെന്നു മെത്രാപ്പോലീത്താ അകമേ കരുതുകയും ചെയ്തു. പിന്നത്തേതില്‍ സുറിയാനി മതത്തിനു വിരോധമായിട്ടു ഒന്നുംതന്നെ പാതിരിമാര്‍ പറയാതെയും ..................................യായിക്കൊള്ളാമെന്നു വിചാരിച്ച് അവരും അങ്ങനെ പറയുന്ന സമയത്തു രണ്ടായിട്ടു തിരിഞ്ഞുകൊള്ളാമെന്നു മെത്രാപ്പോലീത്തായും ഇങ്ങനെ രണ്ടു കൂട്ടരും കരുതി പാര്‍ത്തു വരുമ്പോള്‍ 1831-ല്‍ മേലെഴുതിയിരിക്കുന്ന ബിഷപ് മിഡില്‍ടണ്‍ കൊച്ചിയില്‍ വന്നു മെത്രാപ്പോലീത്തായെയും കണ്ട് തിരികെ പോകയും ചെയ്തു. 1832-ല്‍ കല്‍ക്കത്തായുടെ മല്പാനാകുന്ന പാതിരി മില്‍സാ  .................... കോട്ടയത്തു വന്നു കണ്ടിട്ട് പോകയും ചെയ്തു.

എന്നാല്‍ മെത്രാപ്പോലീത്താ അന്ത്യോക്യായില്‍ നിന്നും ബാവാന്മാരെ അയക്കുന്നതിനു പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്ക് രണ്ട് കടലാസ് എഴുതി മുദ്രയിട്ടു ബിഷോപ്പ് മിഡില്‍ടണ്‍ വശവും മല്പാന്‍ പാതിരി മില്‍സാ വശവും കൊടുക്കയും ചെയ്തു. മാനത്തിനു വേണ്ടിയും ഉപകാരസാധ്യത്തിനു വേണ്ടിയും മിഷന്‍ പാതിരിമാരെ ഈ മെത്രാപ്പോലീത്താ പിടിച്ചുകൊണ്ടിരുന്നു. എങ്കിലും അവരുടെ മതം കൊള്ളാമെന്നുള്ള വിചാരവും ഉപായം കൊണ്ടല്ലാതെ സുറിയാനി മതത്തെ ബലഹീനത വരുത്തി ദ്രവ്യം സമ്പാദിക്കണമെന്നുള്ള മനസും ഇല്ലാഞ്ഞു. ഈ മെത്രാപ്പോലീത്തായോടു ഞാന്‍ കത്തനാരുപട്ടം ഏറ്റ കൊല്ലം 1005-മാണ്ടു കുംഭമാസം ഒന്നിന് ഞായറാഴ്ച പുത്തന്‍ കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...