Saturday, September 9, 2017

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന്‍റെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


62. 1843-ക്കു കൊല്ലം 1018-മാണ്ട് ഇടവമാസത്തില്‍ പാലക്കുന്നേല്‍ മത്തായി ശെമ്മാശു മെത്രാനായി വാണു കൊച്ചിയില്‍ വന്നിറങ്ങി കോട്ടയത്തു വന്ന് മിഷണറി പാതിരിമാരെയും കണ്ട് മാരാമണ്ണിനു പോകയും ചെയ്തു. ഇയാളോടുകൂടെ മൂസല്‍ എന്ന നാട്ടുകാരന്‍ റപ്പായേല്‍ എന്നു പേരായി ഒരു സുറിയാനിക്കാരനും വന്നിട്ടുണ്ടായിരുന്നു. അവന്‍ പത്ത് ആണ്ടിലധികം മലയാളത്തു പാര്‍ത്തു തിരികെ പോകയും ചെയ്തു. ഇയാള്‍ മാരാമണ്ണു ചെന്നാറെ അയാളുടെ കാരണവന്‍ അബ്രഹാം കത്തനാരു മുതല്‍പേരുണ്ടാക്കിയ പള്ളിക്രമം അയാളുംകൂടി ഉണ്ടാക്കിയതും അയാളും മറ്റും ചില ശെമ്മാശന്മാരും ഇംഗ്ലീഷ് മതത്തില്‍ ചേര്‍ന്നു നടന്നു വരുമ്പോള്‍ ഇയാളും പുത്തന്‍കാവില്‍ വറുഗീസു ശെമ്മാശും മദ്രാസില്‍ സൊസൈറ്റിക്കാരുടെ കൂടെ പോയി പാര്‍ത്തിരുന്നാറെ ഇയാള്‍ ചില കുറ്റം കാണിക്കയാല്‍ അവിടെ നിന്നും തള്ളിക്കളഞ്ഞയുടന്‍ പരദേശത്തിനു പോയതും ഇയാള്‍ മുതല്‍പേരു ഇംഗ്ലീഷ് മതത്തില്‍ ചേര്‍ന്ന വിവരത്തിനും ബാവാന്മാരെ അയക്കേണ്ടുന്നതിനും മുന്‍ മാറോഗി വശം മെത്രാപ്പോലീത്താ എഴുതികൊടുത്തയച്ചിരുന്നതില്‍ ഇയാള്‍ മുതല്‍പേരുടെ പേരുവിവരം കണ്ടെഴുതിയിരുന്നതിനാല്‍ പേരു വ്യത്യാസം വരുത്തി ഞങ്ങള്‍ അയക്കുന്ന മത്തിയൂസ് കത്തനാരെ മെത്രാനായിട്ടു വാഴിച്ചയയ്ക്കണമെന്നും എല്ലാ പള്ളിക്കാരുടെയും പേരുവച്ച് കള്ളയെഴുത്ത് ഉണ്ടാക്കി പാത്രിയര്‍ക്കീസ് ബാവായ്ക്കും കൊടുത്ത് ചണ്ഡാളരുടെ മേല്‍ തിന്മ മുഴുവനാകുമെന്നു ഏഴാം മസുമൂറില്‍ പറഞ്ഞിരിക്കുന്നപ്രകാരം വ്യാജമായിട്ടു സ്ഥാനം ഏറ്റുവന്നതും ആകയാല്‍ ഇയാള്‍ പള്ളിയകത്തു ചെന്നാല്‍ മെത്രാന്മാര്‍ക്കു ന്യായമാകുന്നതിന്മണ്ണം തമ്പുരാനെപെറ്റമ്മയുടെയും  പുണ്യവാളന്മാരുടെയും കുക്കിലിയോന്‍ ചൊല്ലാതെയിരിക്കയും ധൂപവും മെഴുകുതിരിയും വെയ്ക്കാതിരിക്കയും ചെയ്തതും അല്ലാതെ അയാളുടെ കാരണവന്‍റെ വിശ്വാസത്തിലും എടത്തൂട്ടിലും ഇയാളും പൂര്‍ണ്ണതയായിട്ടു മനസു വച്ചിരിക്കുന്നതിനാല്‍ എല്ലാ നടപ്പുകളും വികൃതിത്വമായിട്ടു തന്നെ നടന്നു വരുന്നു. കുര്‍ബ്ബാനയ്ക്കു മുമ്പ് ഊണു കഴിക്കയും മദ്യപാനം ചെയ്കയും ചെയ്തുംകൊണ്ട് നേരായിട്ടുള്ള കുര്‍ബാന തക്സായില്‍ നോക്കി അതില്‍നിന്നും അവര്‍ നീക്കിയിട്ടുള്ള തമ്പുരാനെപെറ്റമ്മയുടെയും പുണ്യവാളന്മാരുടെയും മരിച്ചവരുടെയും അപേക്ഷയൊഴികെ ശേഷമുള്ളത് ചൊല്ലിക്കൊണ്ടും വഞ്ചനയായിട്ടു കുര്‍ബാന ചൊല്ലി വരുന്നു എന്ന് സൂക്ഷ്മമായിട്ടു കേള്‍ക്കുന്നു. ഇയാളുടെ വരവില്‍ മെത്രാപ്പോലീത്താ ഏറ്റവും ഭയന്ന് നിരണത്ത് വരുത്തി കാണ്കയും പിന്നീട് കോട്ടയത്ത് വന്ന് എല്ലാ പള്ളിക്കാരും അടുത്ത ചിങ്ങ മാസം 10-നു കണ്ടനാട്ടു പള്ളിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതി അയച്ച് കൂടിയതിന്‍റെ ശേഷം ഞാന്‍ കൂടെ ചെല്ലത്തക്കവണ്ണം സാധനം വന്നാറെ ചെല്ലുന്നതിനു കഴികയില്ലെന്നും മറുപടി കൊടുത്തയയ്ക്കയും ചെയ്തു. പിന്നത്തേതില്‍ ആഞ്ഞൂര്‍ പാര്‍ക്കുന്ന ചെറിയ മെത്രാപ്പോലീത്തായും കോനാട്ട് മല്‍പാന്‍ മുതല്‍പേരും മുളന്തുരുത്തി പള്ളിയില്‍ പാര്‍ക്കുന്നതും ഞാന്‍ ചെല്ലാതെ കണ്ടനാട്ടു പള്ളിയിലേക്കു പോകുന്നതല്ലാത്തതും ആകയാല്‍ ഞാന്‍ കൂടെ ചെല്ലണമെന്നും അടിയന്തിരമായിട്ടു അവരുടെ എഴുത്ത് വരികകൊണ്ടും ഞാന്‍ കൂടെ ചെല്ലാഞ്ഞാല്‍ പാലക്കുന്നനു നടപ്പുവന്ന് മാര്‍ഗ്ഗനശിപ്പിനു ഇടവരുമെന്നു നിരൂപിക്കകൊണ്ടും 1839-ല്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന വന്നപ്പോള്‍ തൊട്ട് ഇനി മെത്രാപ്പോലീത്തായുടെ മുഖത്തെ കാണ്കയില്ലെന്നു നിശ്ചയിച്ചിരുന്ന നിശ്ചയത്തെ തള്ളി കണ്ടനാട്ടിനു പോകയും ചെയ്തു. അവിടെ ചെന്നു തിരക്കിയാറെയും വന്ന മെത്രാന്‍ സുറിയാനി മതത്തിനു വിരോധമായിട്ടു സംസാരിക്കുന്നപ്രകാരവും ആ പള്ളിയില്‍ ചെന്നാറെ ചട്ടത്തിന്‍പ്രകാരം തമ്പുരാനെപെറ്റമ്മയുടെ കുക്കിലിയോന്‍ ചൊല്ലാതെ തിങ്കളാഴ്ച കാലത്ത് മൂന്നാം മണി നേരത്തിന്‍റെ കുക്കോയായുടെ തേറ്റം മാത്രം ചൊല്ലിയപ്രകാരവും അറികയാലും മാര്‍ അത്താനാസ്യോസ് നുബദല്‍മൂസിവാ ബാവായ്ക്കു വിരോധമായിട്ടു ചേര്‍ന്നു നടന്നതിലും ഇംഗ്ലീഷ് മതത്തില്‍ ചേര്‍ന്നതിലും ചില തെക്കെ ദിക്കിലുള്ള ആളുകളും ഇയാളുടെ പക്കല്‍ ഉദ്യോഗം കൊടുപ്പിക്കുന്നതിനു കടലാസുണ്ടെന്നു ഭള്ളു ………………………….. ആഗ്രഹിച്ച തെക്കരില്‍ ചിലരും വന്നിട്ടുള്ളതു കൂടാതെയും അടങ്ങപ്പുറത്തു കത്തനാരും തുമ്പമണ്‍ കൊച്ചുകോശി അമീനാദാരും യെരവകേരില്‍ ശങ്കരമംഗലത്തു ഉമ്മമ്മനും ചുമതലപ്പെട്ടു വന്നിട്ടുള്ള വിവരം കണ്ടാറെ മതവിരോധത്തിനു തന്നെ മനസുവച്ച് വന്നിരിക്കുന്നു എന്നു നിശ്ചയം തോന്നുകകൊണ്ടും മത്തിയൂസ് കത്തനാര്‍ അവിടെ ചെന്നപ്രകാരവും അയാളെ മെത്രാനായിട്ടു ആക്കി അയയ്ക്കുന്നപ്രകാരവും സുസ്താത്തിക്കോനില്‍ എഴുതിയിരിക്കുന്നതിനാല്‍ വ്യാജം തെളിയുമെന്നു നിശ്ചയിച്ച് കത്തനാരെന്നുള്ള മൊഴി മായിച്ച് കാറോയായെന്ന് അതില്‍ എഴുതിയാറെ താഴെ വരുന്ന വാചകത്തിനു അത് ചേലല്ലെന്നു കണ്ട് പിന്നീട് അതിനെയും മായിച്ച് കത്തനാരെന്നു തന്നെ എഴുതിയപ്രകാരം അറികകൊണ്ടും സുസ്താത്തിക്കോന്‍ വായിച്ചു നടപ്പിനു ഇടവരുത്താതെ അയാളെ ഒഴിപ്പിച്ചയയ്ക്കയും ചെയ്തു. സ്താത്തിക്കോന്‍ വായിച്ചു അയാള്‍ പോരുംവഴി കല്ലുങ്കത്ര അടുത്ത് അയാളും കൂട്ടരും കൂടി ഒരു പടിയോല എഴുതി പിരിഞ്ഞു. ആ പടിയോലയുടെ പകര്‍പ്പ് നാലാം പുസ്തകം എട്ടാമത് ലക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഉടന്‍ ഈ വിവരങ്ങള്‍ക്കു മദ്രാസ് ഗവണ്മെന്‍റിലേക്കും മറ്റും മെത്രാന്‍ എഴുതുന്നതിനു ഒരു നക്കലുണ്ടാക്കി കൊടുത്തുംവച്ച് ഞാന്‍ പോന്നതിന്‍റെ ശേഷം അതിന്മണ്ണം മെത്രാപ്പോലീത്താ ഒന്നെഴുതിയതു കൂടാതെയും പള്ളിക്കാരുടെ എഴുത്തായിട്ടു …. 11 കത്തങ്ങളുടെ ഒപ്പായിട്ടും മാപ്പിളമാരുടെ ഒപ്പായിട്ടു വളരെ ഒപ്പും ….. ഇട്ട് കൊച്ചീല്‍ തപാല്‍ വഴി കൊടുത്തയച്ചാറെ ആയതു രണ്ടും ഗവണ്മെന്‍റില്‍ നിന്നും ഇണ്ടാസ് ചെയ്ത് റസിഡണ്ട് സായിപ്പ് മുഖാന്തിരം കോട്ടയം മണ്ടപത്തുംവാതുക്കല്‍ വരികയാല്‍ ഞാന്‍ രസീത് കൊടുത്ത് വാങ്ങിച്ച് മെത്രാപ്പോലീത്തായുടെ ഇണ്ടാസു മെത്രാപ്പോലീത്തായ്ക്കു കൊടുക്കയും ചെയ്തു. ഈ വിവരങ്ങള്‍ക്കു ഉടനെ ഞാന്‍ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കും എഴുതി കൊടുത്തയയ്ക്കാമെന്നും എഴുത്തുകളില്‍ മെത്രാപ്പോലീത്താ എഴുതിയിട്ടുണ്ട് എങ്കിലും പാലക്കുന്നന്‍ നടപ്പാകയും ബാവാന്മാരു വരികയും ചെയ്യരുതെന്ന മെത്രാപ്പോലീത്തായുടെ സൂക്ഷ്മനിരൂപണ ആകയാല്‍ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു മെത്രാപ്പോലീത്താ ഒന്നുംതന്നെ എഴുതുകയുണ്ടായിട്ടില്ല.

(ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരുടെ (1799-1867) ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...