Wednesday, June 13, 2018

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരും റവ. തോമസ് വൈറ്റ് ഹൗസും തമ്മിലുള്ള എഴുത്തുകുത്തുകള്‍




149. അയിലോന്ത രാജ്യം ഐടവാര്‍ലം ഏലീസെന്നു പേരായ ഒരു പാതിരി സായ്പ് 16 കൂട്ടം ചോദ്യം എഴുതി അതില്‍ ഇനാം വച്ച് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ആയത് ജയത്തിനുവേണ്ടി അഹമ്മതിയാല്‍ ആകയുംകൊണ്ട് അതില്‍ ചിലതിനു ഉത്തരം എഴുതി ആയതും ചില ചോദ്യങ്ങളും കൊടുത്തയച്ച് ഒരു വര്‍ഷം കഴിഞ്ഞാറെയും കാതോലിക്കാ ലയിമന്‍ എന്നു പേരായ അച്ചടിച്ച വര്‍ത്തമാന കടലാസ് കൊടുത്തയച്ചു വരുന്നതല്ലാതെ മറുപടി വരുന്നില്ല. ആയതു കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് ഇവിടെ പ്രസിദ്ധപ്പെടുത്തിയതാകയാല്‍ അയാള്‍ക്കു എഴുതി അയച്ചാറെയും മറുപടി വരുത്തി തരുന്നില്ല. കൊടുത്തയച്ച എഴുത്ത് വളരെ ആകയാല്‍ ചിലത് താഴെ കാണിക്കുന്നു.

പ്രസിദ്ധപ്പെടുത്തിയതായി കോട്ടയം മിഷന്‍ പ്രസ്സില്‍ കൊച്ചിയില്‍ മിഷന്‍ വൈറ്റ് ഹൗസ് മുഖാന്തിരം അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതു താഴെ പറ്റിച്ചു കാണിക്കുന്നു. .....

അയാള്‍ക്കു കൊടുത്തയച്ച ചില ഉത്തരങ്ങളും ചില ചോദ്യങ്ങളും തപാലില്‍ ഏല്‍പിച്ച വകയ്ക്കു തന്ന രസീത് താഴെ പറ്റിച്ചിരിക്കുന്നു. ആ സായിപ്പിനു കൊടുത്തയച്ച ഉത്തരങ്ങള്‍ പകര്‍പ്പ്.

... പിന്നീട് 1858 മത മെയ് മാസം 21-നും ജൂണ്‍ മാസം 5-നും 11-നും ആഗസ്റ്റ് മാസം 19-നും ആ സായ്പിനു എഴുത്തുകള്‍ കൊടുത്തയച്ചാറെയും മറുപടി വന്നിട്ടില്ല.
150. ഈ സംഗതി പ്രമാണിച്ച് കൊച്ചിയില്‍ പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി വൈറ്റ് ഹൗസ് സായിപ്പിനു എഴുതിയ എഴുത്തുകള്‍ക്കും അയാള്‍ അയച്ച മറുപടികള്‍ക്കും പകര്‍പ്പ്.

രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായിപ് അവര്‍കള്‍ക്കു കോട്ടയത്തു വല്യ പള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

എന്നാല്‍ 16 ചോദ്യമായി ബഹുമാനപ്പെട്ട ... ഐറീഷ് ചര്‍ച്ച് മിഷന്‍ ഓഫീസില്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ സായ്പ് അവര്‍കള്‍ മുഖാന്തിരം പ്രസിദ്ധപ്പെടുത്തിയതായും കോട്ടയത്തു മിഷന്‍ പ്രസില്‍ അച്ചടിച്ചതായും ഒരു ചോദ്യകടലാസ് എന്‍റെ പക്കല്‍ കിട്ടുകയും ആയത് താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ചതായി കേള്‍ക്കുകയും ചെയ്തു. ആയതു വായിച്ചുകേട്ടതിന്‍റെ ശേഷം എല്ലാ ക്രിസ്തുമതക്കാരും ഒരു വേദപുസ്തകം കൈക്കൊണ്ടിരിക്കുമ്പോള്‍ വിശ്വാസപ്രമാണവും ക്രമങ്ങളും മറ്റും പല മാതിരിയായി നടക്കുന്നതിനാല്‍ അതില്‍ പരമാര്‍ത്ഥം ഏതെന്നറിവാനുള്ള അത്യാഗ്രഹംകൊണ്ട് ഇപ്രകാരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതാകുന്നു എന്ന് എനിക്കു തോന്നുകകൊണ്ട് അതില്‍ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി ആയതും വിശ്വാസപ്രമാണങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്ന ഒരു കോപ്പിയും 1857 മത ഒക്ടോബര്‍ മാസം 28-നു തപാലില്‍ ഏല്‍പിച്ച് ആ സായ്പ് അവര്‍കള്‍ക്കു ഞാന്‍ കൊടുത്തയയ്ക്കയും ചെയ്തു. എന്നാറെ ഇതുവരെ ഏകദേശം ആറുമാസമായിട്ടും മറുത്തരം കിട്ടാത്തത് എന്തുകൊണ്ട് എന്നും ഞാന്‍ വിഷാദിക്കുന്നു. അതിനാല്‍ ആ സായ്പ് അവര്‍കള്‍ക്ക് താങ്കള്‍ എഴുതി അയച്ച് എനിക്ക് മറുപടി അയക്കാതെയിരിക്കുന്ന കാരണം അറിഞ്ഞ് എന്നെ അറിയിക്കണമെന്നും ഏറ്റവും താഴ്മയോടെ താങ്കളോടു ഞാന്‍ അപേക്ഷിക്കുന്നു.

1855 മത ഏപ്രില്‍ മാസം 24-നു കോട്ടയത്തു നിന്നും.

കത്തനാര്‍ ഏപ്രില്‍ മാസം 24-നു നമ്മുടെ പേര്‍ക്കു എഴുതി കൊടുത്ത യച്ച കത്ത് എത്തി വിവരങ്ങള്‍ ഒക്കെയും ഗ്രഹിക്കയും ചെയ്തു. കത്തനാര്‍ മിസ്റ്റര്‍ ഇല്ലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം എഴുതി അയച്ച സംഗതി ഇടപെട്ട് നമുക്ക് ഒരു എഴുത്തും അവിടെ നിന്നു വന്നുചേര്‍ന്നിട്ടില്ല. മിസ്റ്റര്‍ ഇലീസിനു എഴുതി അയച്ചതു നാം മുഖാന്തരം അല്ലാഞ്ഞതിനാല്‍ ഇപ്പോള്‍ ആ ദേഹത്തിനു ആ സംഗതി പ്രമാണിച്ച് ഇവിടെ നിന്നു എഴുതുവാന്‍ കഴിയുന്നതല്ല. എന്നാല്‍ ആ ചോദ്യങ്ങള്‍ യൂറോപ്പില്‍ മഹാ വിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാഞ്ഞവയാകുന്നുവെന്ന് കത്തനാര്‍ ഓര്‍ക്കണം. ആ ഉത്തരങ്ങള്‍ക്കു മറുപടി വരാഞ്ഞത് വിചാരിക്കുമ്പോള്‍ ആ ദേഹം മറുപടി എഴുതത്തക്കവിധം കത്തനാരുടെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കതല്ല എന്ന് വിചാരിക്കുന്നതിനേ നമുക്ക് ഇടയുള്ളു. താങ്കള്‍ക്കു എന്‍റെ സലാം.

ഇത് കോട്ടയത്ത് വല്യപള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍ക്കു എഴുതിയത്.

തോമസ് വൈറ്റ് ഹൗസ്

1858 മത ഏപ്രില്‍ മാസം 26-നു കൊച്ചിയില്‍ നിന്നും.

രാജശ്രീ റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്ക് ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

ഏപ്രില്‍ മാസം 26-നു താങ്കള്‍ എനിക്കു എഴുതി കൊടുത്തയച്ച മറുപടി കടലാസ് കിട്ടി വായിച്ചു കണ്ടുകൊള്‍കയും ചെയ്തു. എന്നാല്‍ റവറണ്ട് എഡ്വാര്‍ഡ് ഇലീസ് സായ്പ് അവര്‍കള്‍ എഴുതിയ ചില ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതിയ സംഗതി ഇടപെട്ട് ഒരു എഴുത്തും താങ്കള്‍ക്കു വന്നിട്ടില്ലെന്നും ആ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചത് താങ്കള്‍ മുഖാന്തരം അല്ലാത്തതിനാല്‍ മറുപടി വരാത്ത സംഗതി പ്രമാണിച്ച് എഴുതി അയപ്പാന്‍ താങ്കള്‍ക്കു കഴിയുന്നതല്ലെന്നും താങ്കളുടെ കത്തിന്‍റെ ആദ്യമടക്കില്‍ എഴുതിയിരിക്കുന്നുവല്ലോ.

എന്നാല്‍ അതിന്‍റെ മര്യാദ അങ്ങനെതന്നെ ആയിരിക്കും. എങ്കിലും ആ ചോദ്യങ്ങള്‍ താങ്കള്‍ മുഖാന്തിരം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയതായി കേള്‍ക്കയാല്‍ എഴുതി അയപ്പാന്‍ താങ്കള്‍ക്കു മുറയുണ്ടെന്നു നിരൂപിക്കകൊണ്ട് ഞാന്‍ താങ്കള്‍ക്കു എഴുതുവാന്‍ ഇടവന്നതാകുന്നു.

പിന്നെയും യൂറോപ്പില്‍ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ക്കു ഉത്തരം എഴുതുവാന്‍ കഴിയാത്തവയാകുന്നു എന്ന് ഞാന്‍ ഓര്‍ക്കണമെന്നും രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.

കേട്ടാലും അപ്രകാരം ആരെങ്കിലും മുമ്പുകൂട്ടി എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു എങ്കില്‍ ഏറ്റം മഹാവിദ്വാനും, മഹാ വിദ്വാനും, വിദ്വാനും അല്ലാത്ത ഞാന്‍ ഉത്തരം എഴുതി കൊടുത്തയയ്ക്കാഞ്ഞേനേ. അതു തന്നെയുമല്ല, വളരെ മഹാവിദ്വാന്മാരായ റോമ്മാക്കാര്‍ ഇപ്പോള്‍ യൂറോപ്പില്‍ ഉണ്ടായിരിക്കും. എങ്കിലും മറ്റു രാജ്യക്കാര്‍ വിദ്വാന്മാരായി കൂടായെന്ന് യാതൊരുത്തരും വിലക്കിയിട്ടില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ വിദ്വാന്മാരില്ലെന്നും യാതൊരുത്തരും നിശ്ചയിച്ചു കൂടാത്തതാകുന്നു. അത് തന്നെയുമല്ല, യൂറോപ്പില്‍ മാത്രമേ വിദ്വാന്മാര്‍ ഉള്ളൂ എന്ന് താങ്കള്‍ക്കു നിശ്ചയമുണ്ടെങ്കില്‍ ആ ചോദ്യങ്ങള്‍ ഇവിടെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാന്‍ ആവശ്യമില്ലാത്തതും ആയിരുന്നു. അതു തന്നെയുമല്ല, മഹാവിദ്വാന്മാരായുള്ള ആളുകള്‍ ഒട്ടും വിദ്വാന്മാരല്ലാത്ത ആളുകള്‍ എന്നറിഞ്ഞുംകൊണ്ട് അങ്ങനെയുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ച് മടക്കി ജയിക്കുന്നത് സൂക്ഷ്മജയമെന്നും കാര്യത്തില്‍ ജയിച്ചുവെന്നും നിരൂപിച്ചു കൂടാത്തതാകുന്നു. അതു തന്നെയുമല്ല, മശിഹാ ദൈവമല്ലാഴികകൊണ്ട് മരിച്ചതു സത്യം തന്നെയെന്നു നിരൂപിച്ച ഒരു വിശ്വാസരീതിയില്‍ മരിച്ചെന്നെഴുതുവാനും മശിഹാ ദൈവമാക കൊണ്ട് മരിക്കുന്നതല്ലെന്നു നിരൂപിച്ച് ഒരു വിശ്വാസരീതിയില്‍ മരിച്ചുയെന്നു എഴുതാതെയിരിപ്പാനും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നുയെന്ന് എഴുതുവാനും അവന്‍റെ കൃപകൊണ്ട് അവന്‍ മനസായ്കപോലെ ദൈവമായ ക്രിസ്തു ജനിക്കയും മരിക്കയും അടക്കുകയും ജീവിച്ചെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുമ്പോള്‍ ദീര്‍ഘദര്‍ശിമാര്‍ എഴുതിയിരിക്കുന്നതുപോലെ ജനിക്കയും കഷ്ടതപ്പെടുകയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്ന് എഴുതുവാനും പൊതുവിലുള്ള റോമ്മാ പള്ളിയെന്ന് എഴുതുവാനും മെത്രാന്മാരും പട്ടക്കാരും വേണ്ടാ എന്നു വയ്പാനും പ്രായം ചെന്നിട്ട് മാത്രം മാമ്മൂദീസാ മുഴുകിയാല്‍ മതിയെന്നു നിശ്ചയിപ്പാനും, മറ്റൊരുത്തന്‍ ഉണ്ടാക്കിയ സ്തോത്രം ചെയ്തുകൂടായെന്നും ത്രിത്വമില്ലെന്നും നിശ്ചയിപ്പാനും, ഭൂമിയില്‍ മനുഷ്യമക്കള്‍ വര്‍ദ്ധിപ്പാന്‍വേണ്ടി ആദത്തെയും ഹവ്വായെയും സൃഷ്ടിച്ചതല്ലാതെ കാമവികാരത്തിനു വേണ്ടി സൃഷ്ടിച്ചതല്ലാതെയിരിക്കുമ്പോള്‍ പ്രസവകാലം കഴിഞ്ഞ പെണ്ണുങ്ങളെ അറിഞ്ഞുംകൊണ്ട് വിവാഹം ചെയ്യാമെന്ന് നിശ്ചയിപ്പാനും വിവാഹ ഭാര്യമാരെ വന്ദിക്കണമെന്നു നിശ്ചയിപ്പാനും രണ്ടാം വിവാഹം ചെയ്തവര്‍ക്കു ക്ലെര്‍ജി സ്ഥാനം കൊടുക്കാമെന്നും ക്ലെര്‍ജി സ്ഥാനത്ത് ആയശേഷം വിവാഹം ചെയ്യാമെന്നും പിന്നീട് ഭാര്യമാര്‍ മരിക്കുമ്പോള്‍ ഒക്കെയും വിവാഹം ചെയ്യാമെന്നും മറ്റും നിശ്ചയിപ്പാനും തക്ക വിദ്യാഴ്മ ആസിയായിലുള്ള ക്രിസ്തുമതക്കാരായ അറിവും പഠിത്വവും സംസര്‍ഗ്ഗവുമുള്ള വിദ്വാന്മാര്‍ക്കു ഇല്ലാഞ്ഞൂയെന്നു വരികിലും ദൈവമായ ക്രിസ്തുവും അപ്പോസ്തോലന്മാരും ഒരുമിച്ച് മുഖാമുഖമായി പ്രസംഗിച്ചതും ആദ്യസഭ ഉണ്ടായതും കണ്ടു പഠിത്വത്തിനു ഇടവന്നതും ആസ്യായില്‍ ആകയാല്‍ മതമര്യാദ ഉള്‍പ്പെട്ട കാര്യങ്ങളില്‍ മറ്റു ദിക്കുകാരെക്കാള്‍ ആസിയായിലുള്ള ആദ്യ ക്രിസ്തു മതക്കാര്‍ പരിചയമുള്ളവരാകുന്നുയെന്നു എല്ലാവര്‍ക്കും നിരൂപിപ്പാന്‍ ഇടയുണ്ട്. അതു തന്നെയുമല്ല, അവരവരുടെ ജനനമതമാകുന്ന നിര്‍ബന്ധ ഹൃദയത്തെയും ദ്രവ്യമോഹത്തെയും മാറ്റിവയ്ക്കാതെ സത്യവഴിയില്‍ യാതൊരുത്തര്‍ക്കും കണ്ണു പറ്റുന്നതല്ലെന്നും ന്യായത്തിന്‍റെ പിന്നാലെ ഇശ്ച ചെലുത്താതെ ഇശ്ചയുടെ പിന്നാലെ ദുര്‍ന്യായമുണ്ടാക്കി വലിച്ചു ചേര്‍ക്കുന്ന ചീത്തത്വമാകുന്നുയെന്നും ക്രിസ്തുവിന്‍റെ ജനനം ഓരോരുത്തര്‍ തമ്മില്‍ തര്‍ക്കിച്ച് ജയിപ്പാന്‍വേണ്ടി ഉണ്ടായതല്ലെന്നും എല്ലാ ക്രിസ്തുമതക്കാരും നിരൂപിക്കേണ്ടതാകുന്നു. അതു തന്നെയുമല്ല, ചോദ്യങ്ങള്‍ ചോദിച്ചോ ഉത്തരങ്ങള്‍ കൊടുത്തോ മടക്കുന്നവരുടെ പേരില്‍ സന്തോഷിക്കാതെ കര്‍ഷിക്കുന്നത് അധമത്തില്‍ അധമമാകുന്നു എന്ന് ഉത്തമന്മാര്‍ക്കു അറിയാവുന്നതാകുന്നു.

പിന്നെയും ഞാന്‍ എഴുതിയ ഉത്തരങ്ങള്‍ക്കു മറുപടി വരാത്തതുകൊണ്ട് താങ്കള്‍ വിചാരിച്ചാല്‍ മറുപടി എഴുതത്തക്കവിധം എന്‍റെ ഉത്തരങ്ങള്‍ പക്ഷേല്‍ വേണ്ടുംവണ്ണം മതിയാകത്തക്കവയല്ലെന്നു താങ്കള്‍ക്കു വിചാരിക്കുന്നതിനേ ഇടയുള്ളെന്നും മൂന്നാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നുവല്ലോ.

കണ്ടാലും എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവയല്ലെന്നു വരികിലും ആ വിവരം മറുപടി മുഖാന്തിരം എന്നെ അറിയപ്പെടുത്തുവാന്‍ മുറയായിരിക്കുമ്പോള്‍ അപ്രകാരം ചെയ്യാത്തത് ഞാന്‍ എഴുതിയ ഉത്തരം ചെന്നു ചേരാഴികകൊണ്ടോ ആയതു ശരി തന്നെയെന്നു സമ്മതം വരിക കൊണ്ടോ, ആലോചിച്ച് മറുപടി എഴുതുന്നതിനുള്ള താമസംകൊണ്ടോ ആകുന്നുയെന്ന് താങ്കള്‍ക്കു നിരൂപിപ്പാന്‍ ഇടയുള്ളതല്ലാതെ മറുപടിയുടെ താമസത്തെക്കുറിച്ച് താങ്കള്‍ നിരൂപിക്കുന്ന നിരൂപണ ശരിയായിട്ടുള്ളതല്ലെന്നു നല്ലതിന്മണ്ണം നിരൂപിച്ചാല്‍ താങ്കള്‍ക്കും അറിയാവുന്നതാകുന്നുയെന്നു എന്ന് ഞാന്‍ നിരൂപിക്കുന്നു.

എന്നാല്‍ താങ്കള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചോദ്യകടലാസ് ഞാന്‍ കണ്ടതിന്‍റെ ശേഷം ഒരു ക്രിസ്തുവിനെയും ഒരു വേദപുസ്തകത്തെയും അനുസരിച്ചുംകൊണ്ട് വിശ്വാസവും മതമര്യാദകളും പലവിധമായി നടക്കുന്നതിനാല്‍ അതില്‍ സൂക്ഷ്മം ഏത് എന്ന് അറിയുവാനുള്ള അത്യാഗ്രഹംകൊണ്ട് എന്നുംവച്ച് അച്ചടിപ്പിച്ചതായിരിക്കുമെന്ന് ഞാന്‍ നിരൂപിക്കയാല്‍ എന്‍റെ ആലോചന ആ സായ്പ് അവര്‍കളെ അറിയിക്കയും മറുപടിയാല്‍ ആ സായ്പ് അവര്‍കളുടെ ആലോചന എനിക്കു പഠിക്കയും ചെയ്യാന്‍ ഇടവരണമെന്നു കരുതി ഞാന്‍ ഉത്തരം എഴുതി കൊടുത്തയച്ചതായിരിക്കുമ്പോള്‍ അതിന്‍റെ മറുത്തരം അയയ്ക്കുന്നതിനു താമസം ചെയ്യുന്നത് പോരാത്തതാകുന്നു എന്ന് എനിക്ക് മാത്രമല്ല താങ്കള്‍ക്കും മറ്റ് എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു.

വിശേഷിച്ചും ആ സായ്പ് അവര്‍കള്‍ ചെയ്തിരിക്കുന്ന ചോദ്യങ്ങള്‍ക്കു യാതൊരുത്തരും ഉത്തരം കൊടുത്തില്ലെന്നു വരുത്തി ജയം കിട്ടണമെന്നു കരുതി ആ സായ്പ് അവര്‍കള്‍ ചോദ്യങ്ങള്‍ എഴുതിയതായിരിക്കുമെന്നും അപ്രകാരം തന്നെ താങ്കളും വിചാരിച്ചുംകൊണ്ട് ആ ചോദ്യങ്ങള്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായിരിക്കുമെന്നും ഒരുനാളും ഞാന്‍ നിരൂപിക്കുന്നില്ല. എങ്കിലും ആ ചോദ്യങ്ങള്‍ മലയാളഭാഷയില്‍ പരിഭാഷപ്പെടുത്തി ഇപ്പോള്‍ അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതില്‍ ആ സായ്പ് അവര്‍കളുടെ ഊരും പേരും തള്ളിയിരിക്കുന്നതും എനിക്ക് മറുപടി കിട്ടാത്തത് എന്‍റെ ഉത്തരം മതിയാകത്തക്കവയല്ലാത്തതുകൊണ്ട് ആയിരിക്കുമെന്നും യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ക്കും ഉത്തരം കൊടുപ്പാന്‍ കഴിയാത്തവയാകുന്നുയെന്നു ഞാന്‍ ഓര്‍ക്കണമെന്നു രണ്ടാം മടക്കില്‍ താങ്കള്‍ എഴുതിയിരിക്കുന്നതും കൊണ്ട് നിരൂപിച്ചു നോക്കിയാല്‍ ഈ ചോദ്യങ്ങള്‍ ഇടയില്‍ മറ്റ് ആരാണ്ട് ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് പ്രസിദ്ധപ്പെടുത്തായ്കയാല്‍ യാതൊരുത്തരും ഉത്തരം എഴുതി ആ സായ്പ് അവര്‍കളുടെ ഊരും പേരും വച്ച് എഴുതി കൊടുത്തയച്ചു പോകരുതെന്നും കരുതി ഊരും പേരും തള്ളി അച്ചടിപ്പിച്ചിരിക്കുന്നതാകുന്നു എന്ന് ചിലര്‍ക്കെങ്കിലും നിരൂപിപ്പാന്‍ ഇടയുണ്ട് എന്ന് ഞാന്‍ നിരൂപിക്കുന്നു. അതു തന്നെയുമല്ല, എന്‍റെ ഉത്തരങ്ങളെ ആക്ഷേപിച്ചു മറുപടി എഴുതി അയപ്പാന്‍ പക്ഷേല്‍ ആ സായ്പ് അവര്‍കളാല്‍ കഴിയാത്തതുകൊണ്ട് മറുപടി വരാത്തതായിരിക്കുമെന്നു സംശയിക്കാതെ എന്‍റെ ഉത്തരങ്ങള്‍ മതിയാകത്തക്കവ അല്ലാഴിക കൊണ്ട് മറുപടി വരാത്തതായിരിക്കുമെന്ന് താങ്കള്‍ നിരൂപിക്കുന്നു എങ്കില്‍ ആ സായ്പ് അവര്‍കളുടെ ചോദ്യങ്ങള്‍ മതിയാകത്തക്കവ അല്ലാത്തതുകൊണ്ട് യൂറോപ്പിലുള്ള മഹാവിദ്വാന്മാര്‍ ഉത്തരം എഴുതാത്തത് ആയിരിക്കുമെന്ന് താങ്കള്‍ നിരൂപിപ്പാനും കൂടെ ഇടയുള്ളതായിരിക്കുമ്പോള്‍ അപ്രകാരം നിരൂപിക്കാത്തതില്‍ ഏറ്റവും ഞാന്‍ അത്ഭുതപ്പെടുന്നു. ഇനി ആ സായ്പ് അവര്‍കള്‍ക്ക് ഒരിക്കല്‍ കൂടെ എഴുതി താങ്കള്‍ മുഖാന്തിരം കൊടുത്തയയ്ക്കണമെന്ന് നിരൂപിക്കകൊണ്ട് താമസിയാതെ എഴുതി താങ്കളുടെ അടുക്കല്‍ കൊടുത്തയക്കുന്നതാകയാല്‍ താങ്കള്‍ കൃപ തോന്നി കൊടുത്തയച്ച് മറുപടി വരുത്തി തരുമാറാകണമെന്നും അപേക്ഷിക്കുന്നു. ഈ കത്ത് താങ്കള്‍ക്കു കിട്ടിയ വിവരത്തിനും താങ്കള്‍ ദൈവകൃപയാല്‍ ദേഹസൗഖ്യത്തോടിരിക്കുന്ന വിവരത്തിനും കൊടുത്തയയ്ക്കുന്ന മറുപടി കാണ്മാന്‍ ഇപ്പോള്‍ തൊട്ടു ഞാന്‍ കാത്തിരിക്കുന്നു.

1858 മത മെയ് മാസം 14-നു കോട്ടയത്തു നിന്നും.

തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

തര്‍ക്കമുള്ള കാര്യങ്ങളെപ്പറ്റി എഴുത്തുകള്‍ എഴുതി കാലം പോക്കുന്നതില്‍ ഒരു ഗുണവും വരുന്നതല്ലാഴികകൊണ്ട് ആയതിനു തുനിയുവാന്‍ നമുക്ക് തീരെ മനസ്സില്ല. പിന്നെയും നമുക്ക് അനേകം ജോലികള്‍ ഉള്ളതുകൊണ്ട് ദൈവത്തിന്‍റെ മാര്‍ഗ്ഗത്തിനു യാതൊരു ഗുണവും വരുവാന്‍ പാടില്ലാതുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഇടയില്ല. താന്‍ മറുപടി നോക്കിപാര്‍ക്കുന്നുയെന്നു എഴുത്തില്‍ കണ്ടിരിക്കുന്നു. അതുകൊണ്ട് എത്രയും ചുരുക്കത്തില്‍ മറുപടി എഴുതുന്നതുമല്ലാതെ മേലെഴുതിയ കാരണങ്ങള്‍ മൂലം ഈ സംഗതിയെ സംബന്ധിച്ച് അങ്ങോട്ടും ഇങ്ങോട്ടും മേലാല്‍ എഴുത്തുകള്‍ എഴുതുന്നതിനു നമുക്കു മനസില്ല.

നാം തനിക്കു മുമ്പില്‍ അയച്ച എഴുത്തില്‍ വിദ്യയെയും വിദ്വാന്മാരെയും കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അത് ആസിയായിലുള്ളവര്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന ബുദ്ധിശക്തിയെ സംബന്ധിച്ച് പറഞ്ഞതല്ല. അവരില്‍ ഏറ്റവും ബുദ്ധിമാന്മാരായ ആളുകള്‍ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. എങ്കിലും സാക്ഷാല്‍ വിദ്യ എന്നുള്ളത് ആസ്യാക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നുയെന്ന് നാം ഇതുവരെ കേട്ടിട്ടില്ല. കിഴക്കേ സഭയിലുള്ള ക്രിസ്ത്യാനികള്‍ ഒരു സമയത്ത് വിദ്യയ്ക്കു കേള്‍വിപ്പെട്ടിരുന്നു. എന്നാല്‍ 1200 വര്‍ഷത്തിനിപ്പുറം അവരുടെ ഇടയില്‍ പ്രകാശിച്ചു വന്ന വിദ്യയ്ക്കു വീഴ്ച വന്ന് അത് ഒന്നിനൊന്നിനു കുറഞ്ഞുവരുന്നു. വായിപ്പാന്‍ കൊള്ളാവുന്ന ഒരു പുസ്തകവും പിന്നീട് എഴുതിയിട്ടുണ്ടെന്നും തോന്നുന്നില്ല. ഒരു ആശാരിക്കു വേണ്ടുന്ന പണിക്കോപ്പുകള്‍ ഇല്ലാഞ്ഞാല്‍ അവനു നല്ലവണ്ണം വേല ചെയ്വാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെ തന്നെ ഒരാള്‍ എത്ര ബുദ്ധിവിശേ ഷതയുള്ളവന്‍ ആയാലും അവനു മുമ്പില്‍ ഉണ്ടായിരുന്ന കൊള്ളാവുന്നവരും കേള്‍വിപ്പെട്ടവരുമായ ആളുകള്‍ ചെയ്തിരിക്കുന്ന വേലയെ കണ്ടു പഠിക്കാതെ അവനു ഒരു പ്രകാരത്തിലും വിദ്വാനായിത്തീരുവാന്‍ കഴിയുന്നതല്ല. സുറിയാനി പട്ടക്കാരില്‍ ചിലര്‍ തങ്ങള്‍ക്കുള്ള ഏതാനും പുസ്തകങ്ങള്‍ കൊണ്ട് നല്ല പ്രയോജനം വരുത്തുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ പടിഞ്ഞാറെ ക്രിസ്ത്യാനികളുടെ ഇടയില്‍ വര്‍ദ്ധിച്ചു പ്രകാശിച്ചു വരുന്ന വിദ്യയോടുകൂടി നോക്കുമ്പോള്‍ അത് ഏതുമില്ല. ഹിന്ദുക്കളുടെ ഉപായ തന്ത്രങ്ങള്‍ ഒക്കെയും വശമുള്ളവനും കഴിഞ്ഞ കാലങ്ങളിലും വരുംകാലത്തും ഉള്ള വിദ്യയെ അഭ്യസിച്ചവനും ആയ ഒരു റോമ്മാക്കാരനായ ജസ്യൂട്ടിനു പോലും ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ ഉത്തരം കൊടുപ്പാന്‍ കഴികയില്ല. അറിവും പഠിത്വവും ഇല്ലാത്ത ആളുകളെ അസത്യ യുക്തികൊണ്ട് സമ്മതിപ്പിക്കാം. എന്നാല്‍ അത് യൂറോപ്പില്‍ ആകുന്നുവെങ്കില്‍ കള്ളം തെളിയിച്ച് വെളിയില്‍ ആകുന്നതും ആകുന്നു. ക്രിസ്ത്യാനി മാര്‍ഗ്ഗത്തിന്‍റെ തുടസ്സം ആസിയായില്‍ ആകുന്നു സത്യം തന്നെ. എന്നാല്‍ തന്‍റെ എഴുത്തില്‍ കണ്ടിരിക്കുന്ന മതവിരോധങ്ങളില്‍ മിക്കവയും കിഴക്കേ സഭയില്‍ ഉത്ഭവിച്ചു താനും റോമ്മാ സഭയിലുള്ള തെറ്റുകള്‍ ഒന്നും വേദത്തിനു വിരോധമായുള്ളവ അല്ലെന്നു കാണിപ്പാനായിട്ടു താന്‍ നന്നായിട്ട് പ്രയാസപ്പെടുന്നുണ്ടല്ലോ. ആ തെറ്റുകള്‍ ഒക്കെയും ആ പിഴച്ചുപോയ സഭ പുതിയനിയമ വിശ്വാസപ്രമാണത്തോട് കൂട്ടിച്ചേര്‍ത്തവയാകുന്നു. താന്‍ എഴുതിയിരിക്കുന്ന ഉത്തരങ്ങള്‍ ദൈവത്തിന്‍റെ വചനത്തിനു ചേരുന്നതോ ചേരാത്തതോ, രണ്ടില്‍ ഒന്നു താന്‍ വിശ്വസിപ്പാന്‍ മുറയുണ്ട്. അവ തന്‍റെ തിരുവചനത്തിനു വിരോധമല്ല എന്നു താന്‍ വിശ്വസിക്കുന്നു എങ്കില്‍ അവ സത്യത്തിനു ചേരാത്ത യുക്തിപ്രയോഗം മാത്രം ആകുന്നു. അവയ്ക്കായിട്ട് വെറുതെ നേരം കളയുന്നതും ദോഷമാകുന്നു. താന്‍ അവയെ വിശ്വസിക്കുന്നു എങ്കില്‍ താന്‍ റോമ്മാ മാര്‍ഗ്ഗത്തില്‍ ചേര്‍ന്നു നടപ്പാനുള്ളതാകുന്നു. ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ നമുക്ക് ഒരു കാര്യവും ഇല്ല. നമ്മുടെ സ്നേഹിതന്‍ മിസ്റ്റര്‍ പീറ്റ് സായ്പ് അവയെ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിപ്പിച്ചപ്പോള്‍ മിസ്റ്റര്‍ ഈലീസാ സായ്പിന്‍റെ ഊരും പേരും വിട്ടിരിക്കണം. സ്നേഹിതാ, നാം ഇരുവരും സഭയുടെ തലവന്‍റെ മുമ്പാകെ താമസിയാതെ കാണപ്പെടുവാനുള്ളവരാകുന്നു. അപ്പോള്‍ നാം ദുഃഖത്തോടെ അല്ല, സന്തോഷത്തോടെ നമ്മുടെ കണക്ക് ബോധിപ്പിക്കേണ്ടുന്നതിനു വേണ്ടി നാം അവന്‍റെ തിരുവചനത്തോട് നല്ലപോലെ ചേര്‍ന്നുകൊണ്ട് അതിനെ നമ്മുടെ വാക്കുകളാലും നടപ്പിലും പ്രസിദ്ധപ്പെടുത്തുവാന്‍ നാം ശ്രമിക്കണം. അന്നു നമുക്കു ഗുണം വരുന്നത് ഉപായയുക്തിയാലും പ്രയോജനമില്ലാത്ത അറിവിനാലും അല്ല, നമ്മുടെ യജമാനന്‍റെ പഠിത്തത്തിനു നമ്മെ അനുസരണമുള്ളവരാക്കി തീര്‍ക്കുന്നത് ഹൃദയത്തിലെ ജീവനുള്ള വിശ്വാസത്താല്‍ അത്രെ. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ ഒടുക്കത്തെ ദിവസത്തില്‍ ന്യായം വിധിക്കും.

1858 മത ഇടവമാസം 18-നു കൊച്ചിയില്‍ നിന്നും.

മേല്‍ 18-നു ആ സായ്പ് എഴുതിയ മറുപടി ഇവിടെ വന്നു ചേരുന്നതിനു ഒരു ദിവസം മുമ്പ് അങ്ങോട്ട് കൊടുത്തയച്ച എഴുത്തിനു പകര്‍പ്പ്.

വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം.

ഈ മാസം 11-നു ഞാന്‍ താങ്കള്‍ക്കു എഴുതിയതില്‍ എഴുതിയിരിക്കുന്ന പ്രകാരം ഇലീസ സായ്പ് അവര്‍കള്‍ക്കു കൊടുത്തയയ്ക്കുന്നതിനു ഒരു കടലാസ് എഴുതി മുദ്രയിട്ടു മേല്‍വിലാസവും വച്ച് ഇതില്‍ അടക്കം ചെയ്തു കൊടുത്തയയ്ക്കുന്നു. മേല്‍വിലാസത്തില്‍ പേരുമാത്രം വച്ചിരിക്കകൊണ്ട് കൃപതോന്നി ദിക്കും നമ്പ്രും മുറപോലെ എഴുതി താങ്കള്‍ മുഖാന്തിരം വേഗത്തില്‍ കൊടുത്തയച്ച് ആ വിവരത്തിനു മറുപടി കൊടുത്തയപ്പാറാകണമെന്നും ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു.

1858 മത മെയ് മാസം 21-നു കോട്ടയത്തു നിന്നും.

റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

തന്‍റെ എഴുത്ത് ഇവിടെ വന്നുചേര്‍ന്നു. അതില്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്ക് കൊടുത്തയപ്പാന്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന എഴുത്ത് നമ്മുടെ ഒരു എഴുത്തോടുകൂടെ ഇനിയും ബിലാത്തി കത്തുകള്‍ പോകുമ്പോള്‍ അയയ്ക്കയും ചെയ്യാം. ചോദ്യകടലാസില്‍ കണ്ടിരിക്കുന്ന സമ്മാനം ലഭിക്കേണ്ടതിനായിട്ട് താന്‍ അത്ര പ്രയാസപ്പെടരുത്. ആ വക പണം റോമ്മാ കാതോലിക്കാ സഭക്കാര്‍ക്കു കൊടുക്കാമെന്നേ വിചാരിച്ചിട്ടുള്ളു. താന്‍ അവരുടെ സഭയിലുള്ള തെറ്റുകള്‍ സാക്ഷാല്‍ തെറ്റുകള്‍ അല്ലായെന്ന് കാണിപ്പാനായിട്ടു ശ്രമിക്കുന്നു എങ്കിലും താന്‍ ഒരു റോമ്മാക്കാരന്‍ അല്ലെന്നത്രെ നാം കേട്ടിരിക്കുന്നത്. അങ്ങനെയായിരിക്കുമ്പോള്‍ ആ സമ്മാനത്തെ ന്യായമായിട്ട് ആഗ്രഹിപ്പാന്‍ മുറയില്ല. പിന്നെയും താന്‍ റോമ്മാ സഭയിലെ ചില തെറ്റുകളെ വെളിപ്പെടുത്തി എഴുതിയിരിക്കുന്ന ഒരു പുസ്തകം നമുക്ക് കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ആ സഭക്കാര്‍ക്കു വിരോധമായിട്ടും പിന്നൊരു സമയത്ത് അവര്‍ക്ക് അനുകൂലമായും എഴുതുവാന്‍ തനിക്ക് ഏതുപ്രകാരം കഴിയും. ഇത് എങ്ങനെയോ നമുക്കു ഗ്രഹിപ്പാന്‍ പാടില്ല.

1858 മത ഇടവ മാസം 26-നു കൊച്ചിയില്‍ നിന്നും.

റവറണ്ട് വൈറ്റ് ഹൗസ് സായ്പ് അവര്‍കള്‍ക്കു ഫീലിപ്പോസ് കത്തനാര്‍ സലാം ചെയ്ത് എഴുതുന്നത്.

ഇനിയും ബിലാത്തി കത്തുകള്‍ പോകുന്ന സമയത്ത് റവറണ്ട് ഇലീസ സായ്പ് അവര്‍കള്‍ക്കു എന്‍റെ കത്തുംകൂടെ കൊടുത്തയയ്ക്കുമെന്ന താങ്കളുടെ മറുപടിയില്‍ എഴുതിയിരിക്കുന്നതിനാല്‍ ഏറ്റവും ഞാന്‍ സന്തോഷിക്കുന്നു. താങ്കളുടെ കൃപയ്ക്കു വളരെ സലാം.

ചോദ്യകടലാസില്‍ പറഞ്ഞിരിക്കുന്ന സമ്മാനത്തെക്കുറിച്ച് ഞാന്‍ താങ്കള്‍ക്ക് ഒന്നുംതന്നെ എഴുതിയിട്ടില്ലാതിരിക്കുമ്പോള്‍ അതില്‍ പറയുന്ന സമ്മാനം ലഭിപ്പാന്‍ ഞാന്‍ പ്രയാസപ്പെടേണ്ടായെന്നും അധികപ്രസംഗമായി താങ്കള്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് വിചാരിച്ചാറെ ഒരുത്തന്‍ തന്‍റെ മാതാവിന് ഭ്രഷ്ട് ഉണ്ടെന്നു ആരെങ്കിലും തെളിയിച്ചു കൊടുത്താല്‍ അവനു സമ്മാനം കൊടുക്കാമെന്നു എഴുതി പ്രസിദ്ധപ്പെടുത്തുകയും ആരെങ്കിലും തെളിയിച്ചു കൊടുക്കയും ചെയ്താല്‍ പിന്നീട് സമ്മാനം കൊടുക്കാമെന്നു പ്രസിദ്ധപ്പെടുത്തിയവന്‍ ഒരുനാളും കൊടുക്കുന്നതല്ലാത്തപ്രകാരം തന്നെ. ഇലീസ് സായ്പ് അവര്‍കള്‍ ചോദ്യകടലാസില്‍ എഴുതിയിരിക്കുന്ന സമ്മാനം ഉത്തരം എഴുതുന്നവനു കൊടുക്കുന്നതല്ലെന്നു താങ്കള്‍ നിശ്ചയിച്ചുംകൊണ്ട് സമ്മാനം ലഭിക്കുമെന്നു വച്ച് ഞാന്‍ പ്രയാസപ്പെടേണ്ടായെന്നു താങ്കള്‍ എനിക്കു എഴുതിയിരിക്കുന്നതും ആ ചോദ്യകടലാസ് ഇപ്പോള്‍ മലയാഴ്മയായി അച്ചടിപ്പിച്ചതില്‍ ലജ്ജ നിരൂപിക്കാതെ കൂട്ടിയും കുറച്ചും വ്യത്യാസമായി അച്ചടിപ്പിച്ചതും ഇലീസ സായ്പ് അവര്‍കള്‍ക്കു ഏറ്റവും അപമാനമുള്ളതാകുന്നുയെന്ന് നിങ്ങള്‍ നിരൂപിക്കാഞ്ഞതു എന്തുകൊണ്ടെന്നും ഞാന്‍ നിരൂപിക്കുന്നു.

പിന്നെയും നേരും ന്യായവും സത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഉള്ളപ്പോള്‍ ആ പഠിത്വം പുറകോട്ടു കിടക്കയും നേരുകേടും ന്യായകേടും അസത്യവും പഠിപ്പിക്കുന്നതിനു പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഇല്ലാതെയിരിക്കുമ്പോള്‍ ഈ പഠിത്വം മുമ്പോട്ടു കിടക്കയും ചെയ്യുന്നതിനെക്കുറിച്ച് ആരെങ്കിലും നിരൂപിച്ചാല്‍ ഈ വകയ്ക്കുള്ള പുസ്തകങ്ങളും ആശാന്മാരും പള്ളിക്കൂടവും ഏതെന്നു അറിയാവുന്നതാകുന്നു.

കടലില്‍ കിടക്കുന്ന ഉപ്പുവെള്ളവും കടയില്‍ നിന്നും പാത്രത്തില്‍ കോരിവച്ചിരിക്കുന്ന ഉപ്പുവെള്ളവും പുളിവെള്ളം തന്നെയെന്നു എനിക്കറിയാവുന്നതാകയാല്‍ ദ്രവ്യമോഹം കൊണ്ടു മറ്റു ചില ആളുകളെപോലെ പാപ്പുലതക്കാര്‍ മുതലായ പിഴച്ചുപോയ യാതൊരു സഭക്കാരുടെയും കൂടെ ഞാന്‍ ചേരുവാന്‍ ദൈവകൃപ എന്നോടു സമ്മതിക്കുന്നതല്ലെന്നു താങ്കള്‍ ഗ്രഹിച്ചിരിക്കട്ടെ.

പിന്നെയും നാലും മൂന്നും ആറാകുന്നു എന്ന് വല്യ മേലെഴുത്തു പിള്ള പറഞ്ഞാലും അത് തെറ്റാകുന്നു. അത് ഏഴാകുന്നുയെന്ന് പള്ളിക്കൂടത്തില്‍ ഇന്നു പഠിപ്പാന്‍ ആക്കിയ ഒരു പൈതല്‍ പറഞ്ഞാല്‍ അത് തെറ്റില്ലാത്തതാകുന്നു.

1858 മത ജൂണ്‍ മാസം 4-നു കോട്ടയത്തു നിന്നും.

റവറണ്ട് തോമസ് വൈറ്റ് ഹൗസ് സായ്പ്.

ഫീലിപ്പോസ് കത്തനാര്‍ക്കു സലാം.

ഈ മാസം 4-നു താന്‍ എഴുതി അയച്ച കത്ത് ഇവിടെ വന്നുചേര്‍ന്നു. അതിനു മുമ്പില്‍ ശീമ കത്തുകള്‍ പോയതിനാല്‍ അപ്പോള്‍ മിസ്റ്റര്‍ ഇലീസ സായ്പിന്‍റെ പേര്‍ക്കുള്ള തന്‍റെ എഴുത്ത് നമ്മുടെ ഒരു കത്തോടുകൂടെ അയയ്ക്കയും ചെയ്തു. ഇപ്രകാരം തര്‍ക്കമുള്ള സംഗതികളെ സംബന്ധിച്ച് എഴുത്തുകള്‍ എഴുതി കാലം പോക്കുവാന്‍ നമുക്ക് തീരെ മനസില്ലാത്തതിനാല്‍ ആയതിനു മേലാല്‍ താന്‍ തുനിയുകയില്ലല്ലോ.

1858 മത മിഥുന മാസം 12-നു കൊച്ചിയില്‍ നിന്നും.

Tuesday, June 12, 2018

വിവാഹ കൂദാശയിലെ പുതിയ പ്രവണതകള്‍ക്കെതിരെ ഒരു കത്ത്

143. 33 ഉം 53 ഉം ലക്കങ്ങളില്‍ പറയുന്ന കത്തങ്ങളില്‍ ഒരുത്തന്‍റെ മകനാകുന്ന കല്ലിച്ചേരില്‍ ചെമ്പകശ്ശേരില്‍ ഇട്ടിയവിരാ കത്തനാര്‍ കൈ പിടിപ്പിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം വഹിയായെന്നും പറകയും കൈപിടുത്തം കൂടാതെ നടത്തി തുടങ്ങുകയും ചെയ്കയില്‍ എഴുതിയതിനു പകര്‍പ്പ്. 

പണിയപ്പെട്ട പല പള്ളികളില്‍ മുമ്പിനാലെ ഒരു ഇടവകയായി നടന്നുവരുന്ന കോട്ടയം, കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ ഈ പള്ളികള്‍ക്കും ദൈവകൃപയാല്‍ ഇനിമേല്‍ സ്ഥാപിക്കപ്പെടുന്ന പള്ളികള്‍ക്കും ഒരു ഇടവകപട്ടക്കാരനായി കോട്ടയത്തു പാര്‍ക്കുന്ന ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ കുറി. 

മേലെഴുതിയ പള്ളികള്‍ക്കു ഇടവകപട്ടക്കാരനായി കല്ലിശ്ശേരി, റാന്നി, നീലംപേരൂര്‍ മുതലായ ദിക്കുകളില്‍ പാര്‍ത്തുവരുന്ന സഹോദരന്മാരായ പട്ടക്കാരും എണങ്ങരും കൂടെക്കണ്ടെന്നാല്‍,

തെക്കുംഭാഗരെന്നു കൊടുങ്ങല്ലൂര്‍ വച്ചു പേര്‍പെട്ടവരായ നമ്മുടെ പള്ളികളില്‍ പെണ്‍കെട്ടിനു സുറിയാനി വാക്കില്‍ മ്മക്കീറൂസായെന്നു പറയുന്ന കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയക്രമവും ബൂറക് എസ്ക്കസായെന്നു പറയുന്ന മോതിരം വാഴ്ത്തല്‍ ക്രമവും ബൂറക്ക്കീലീലായെന്നു പറയുന്ന കിരീടം വാഴ്ത്തല്‍ ക്രമവും മരിച്ചു ശവം പള്ളിയില്‍ വന്നാല്‍ യാതൊന്നും പട്ടക്കാര്‍ പറിച്ചെടുക്കാതെയുള്ള ശവം അടക്കലും മുന്‍പിനാലെ നമ്മുടെ പള്ളികളില്‍ നടന്നുവരുന്നതല്ലോ ആകുന്നു. 

എന്നാല്‍ പെണ്ണുങ്ങള്‍ മരിച്ചു ശവം പള്ളിയില്‍ കൊണ്ടുചെന്നാല്‍ കുമ്പളത്താലിയും പുരുഷന്മാര്‍ മരിച്ചു ചെന്നാല്‍ മറ്റൊന്നും പട്ടക്കാര്‍ക്കു അവകാശമുള്ളതാകുന്നുയെന്നും പറഞ്ഞു ഇപ്പോള്‍ ചിലര്‍ പറിച്ചെടുത്തുവരുന്ന പ്രകാരവും അതു കൂടാതെ മ്മക്കീറൂസാസെന്നു പറയുന്ന പെണ്‍കെട്ടു നിശ്ചയം ചെയ്യുന്ന സമയത്ത് ഇന്നവന്‍റെയും ഇന്നവളുടെയും മകനാകുന്ന ഇന്നവനെകൊണ്ടു ഇന്നവന്‍റെയും ഇന്നവളുടെയും മകളാകുന്ന ഇന്നവളെ കെട്ടിക്കത്തക്കവിധം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടു എന്നു പെണ്ണിന്‍റെയും ചെറുക്കന്‍റെയും തകപ്പന്മാരുടെ കൈകള്‍ തമ്മില്‍ കൂട്ടിപിടിച്ചുകൊണ്ട് പള്ളിനടയില്‍ വച്ചു പറഞ്ഞു മ്മക്കീറൂസാ തികച്ചുവരുന്നപ്രകാരം പറഞ്ഞു തികയ്ക്കുന്നതിനു ചിലര്‍ക്കു അവരുടെ ഭാര്യമാരെ വിശ്വാസമില്ലാത്തതിനാല്‍ ആ പള്ളിക്രമം മാറ്റണമെന്നും അല്ലെങ്കില്‍ അങ്ങനെ സംശയമുള്ള കത്തങ്ങളുടെ ആകട്ടെ, മാപ്പിളമാരുടെ ആകട്ടെ, ഭാര്യമാര്‍ക്കു അവരുതന്നെ മക്കളെ പെറ്റതിനു സംശയമില്ലാത്തതിനാല്‍ ഭാര്യമാരെ കൊണ്ടു കൈപിടിപ്പിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കേണ്ടതാകുന്നുയെന്നും നമ്മളില്‍ തന്നെ ചിലരു വാദിച്ചു പറയുന്നപ്രകാരം കേള്‍ക്കുന്നു. 

ആയതുകൊണ്ട് വിചാരിച്ചാറെ കുമ്പളത്താലി മുതലായതു പട്ടക്കാര്‍ക്കു അവകാശമാകുന്നുയെന്നു പറഞ്ഞുംകൊണ്ട് പറിച്ചെടുക്കുന്നവന്‍ കാലക്രമം കൊണ്ടു ശാപത്തിന്‍റെ വസ്ത്രങ്ങള്‍ ഒക്കെയും പറിച്ചെടുപ്പാനും നഗ്നമായി ശവം അടക്കം ചെയ്വാനും ഇടവരുമെന്നു നിരൂപിക്കുന്നു. 

മ്മക്കീറൂസായെന്നു പറയുന്ന പള്ളിക്രമം അവന്‍റെ ഭാര്യയെ ഉള്ള അവിശ്വാസംകൊണ്ടു ആവശ്യമില്ലെന്നു പറയുന്നവന്‍ കാലക്രമം കൊണ്ടു കാട്ടുപോത്ത്, നാട്ടുപോത്ത്, കാട്ടുപന്നി, നാട്ടുപന്നി മുതലായ മൃഗങ്ങള്‍ക്കും ചാക്കന്മാരും പതിയാന്മാരും മുതലായ ആളുകള്‍ക്കും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയവും കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടും ഇല്ലാതെ സന്തതികള്‍ ഉണ്ടായി കണ്ടുവരുന്നതിനാല്‍ ഇപ്രകാരമുള്ള വികൃതികള്‍ ചെയ്തിട്ടു ആവശ്യമില്ലെന്നും ഏവന്‍ഗേലിയോനിലും കുറികളിലും ശ്ലീഹന്മാരുടെ കൈയൊപ്പും മുദ്രയും ഇല്ലാത്തതിനാല്‍ ആയതു വിശ്വസിച്ചു കൂടാത്തതാകുന്നുയെന്നും പറയുവാനും ഇടവരുമെന്നും ഞാന്‍ നിരൂപിക്കുന്നു. 

എന്നാല്‍ ചൊറിയണ വൃക്ഷത്തില്‍ നിന്നുണ്ടാകുന്ന കായ ആ വൃക്ഷത്തെക്കാള്‍ കടിക്കുന്നതാകുന്നുയെന്നും കരിമ്പില്‍ നിന്നുണ്ടാകുന്ന ശര്‍ക്കരയില്‍ ചിലതു മധുരം കുറഞ്ഞിരിക്കും എങ്കിലും കൈക്കുന്നതായി തീരുന്നതല്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. 

യൂദാ സ്കറിയോത്താ യൂദന്മാരോടു പണം വാങ്ങിച്ചുംകൊണ്ട് മശിഹാ കര്‍ത്താവിനെ ഒറ്റുവാനും തന്നത്താന്‍ കെട്ടിച്ചാടി ചാകുവാനും ഇടവരാതെ പീലാത്തോസിനോടു സ്ത്രീധനം വാങ്ങിച്ചുംകൊണ്ട് വയസ്സുകാലത്തില്‍ അറപ്പുകെട്ടു പെണ്ണുകെട്ടുവാനും ഒരു കൊച്ച് യൂദാ സ്കറിയോത്താ ഉണ്ടാകുവാനും ഇടവരാഞ്ഞതുകൊണ്ട് നിരൂപിച്ചാല്‍ ഇത് കുറെ ആശ്വാസം തന്നെ ആകുന്നുയെന്നു സന്തോഷിപ്പാനേ ഇടയുള്ളു. 

എന്നാല്‍ പറങ്കികള്‍ ബലംകൊണ്ട് പള്ളിക്രമങ്ങള്‍ മാറ്റിയ കാലത്തും പെണ്‍കെട്ടു നിശ്ചയത്തിന്‍റെ കൈപിടുത്തം മാറ്റുവാന്‍ സമ്മതിക്കാതെ മശിഹാകാലം 325-ല്‍ ഉറഹാ എന്ന നാട്ടില്‍ നിന്നും നമ്മുടെ കാരണവന്മാരു വന്ന നാള്‍മുതല്‍ ഇതുവരെ നമ്മളുടെ പള്ളികളിലും ബഹുമാനപ്പെട്ട നമുക്കുള്ള വേദപിതാക്കന്മാരുടെ പിതാവാകുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ വിചാരത്തില്‍ ഉള്‍പ്പെട്ടു പരദേശത്തുള്ള പള്ളികളിലും മേലെഴുതിയപ്രകാരം നടന്നു വരുന്നതായിരിക്കുമ്പോള്‍ ഒരു കത്തനാര്‍ക്കോ മാപ്പിളയ്ക്കോ തന്‍റെ ഭാര്യമേല്‍ തോന്നുന്ന സംശയം നിമിത്തം കൈപിടിച്ചിട്ടുള്ള പെണ്‍കെട്ടു നിശ്ചയം മാറ്റുവാനും സംശയമുള്ളവന്‍റെ ഭാര്യയെകൊണ്ടു കൈപിടിപ്പിപ്പാനും ഇടയുള്ളതല്ലെന്നു എല്ലാവര്‍ക്കും അറിയാവുന്നതാകുന്നു. എങ്കിലും സംശയമുള്ള കത്തനാരോ മാപ്പിളയോ ഉണ്ടെങ്കില്‍ ഒത്തുകല്യാണത്തിനു മുമ്പ് പള്ളിയില്‍ വന്നു അവന്‍റെ ഭാര്യമേല്‍ തോന്നിയിട്ടുള്ള സംശയത്തെക്കുറിച്ചു ഒരു വര്യോല എഴുതി കയ്യൊപ്പിട്ടു നട മുഖേനേ വച്ചതിന്‍റെ ശേഷം അവന്‍റെ ഭാര്യയെ വരുത്തി അവന്‍റെ ഉറപ്പിനു വേണ്ടി അവളെകൊണ്ടു സത്യം ചെയ്യിച്ചു ഉറപ്പു വരുത്തി കൊടുത്ത് പിന്നീട് പള്ളിയില്‍ വന്നു കീഴുമര്യാദപ്രകാരം കൈപിടിച്ചു പെണ്‍കെട്ടു നിശ്ചയം കഴിക്കത്തക്കവിധം ഒരു പുതുചട്ടം കൂട്ടി വെയ്പാന്‍ ഇടയുള്ളതായി കാണുന്നു. എങ്കിലും കീഴ്മര്യാദയായി  പൊതുവില്‍ നടന്നുവരുന്ന കാര്യം ഒരാള്‍തന്നെ നിശ്ചയിച്ചു കൂട്ടുകയും കുറയ്ക്കയും ചെയ്യുന്നത് ഏറ്റവും മഹാ വല്യ ചണ്ടാഴ്മയാകകൊണ്ട്    താമസിയാതെ ദൈവകൃപയ്ക്കു തക്കവണ്ണം ഞാന്‍ അങ്ങോട്ടു വരുന്നതാകയാല്‍ അപ്പോള്‍ കൂടി നിശ്ചയിച്ചു ഏതുപ്രകാരം വേണ്ടൂയെന്ന് ഉറച്ചുകൊള്‍കയുമാകാം. 

വിശേഷിച്ചും മശിഹാകാലം 52-ല്‍ മലയാളത്തില്‍ വന്നു മാര്‍ഗ്ഗം അറിയിച്ച ശ്ലീഹാ ആകുന്ന മാര്‍ തോമ്മായെയും 325-ല്‍ വന്നു മാര്‍ഗ്ഗം നടത്തിയ ക്രിസ്ത്യാനിയാകുന്ന തോമ്മായെയും 1653 മത മകര മാസം 3-നു വെള്ളിയാഴ്ച നാള്‍ വീണുപോയ നമ്മുടെ സുറിയാനി മതത്തെ നിലനിര്‍ത്തിയ കത്തനാരാകുന്ന തോമ്മായെയും നാം എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ടതും അവരുടെ പിന്നടിയില്‍ കൂടെ നടക്കേണ്ടതും ആകുന്നു. 

കൊല്ലം 1033-മാണ്ട് കര്‍ക്കടകമാസം 3-നു മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം എഴുത്തു. 

രണ്ടാംകെട്ടുകാരനായ ശെമ്മാശനെ കത്തനാരാക്കുന്നു





125. 121 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ഊര്‍ശ്ലേമിന്‍റെ ബാവാ തെക്കേ ദിക്കിലുള്ള പള്ളികളില്‍ ഈ സമയം സഞ്ചരിക്കയും എല്ലാ പള്ളികളില്‍ നിന്നും ജനങ്ങള്‍ വരിയിട്ടു ഏറിയ രൂപ കൊടുക്കയും ചെയ്ത് പുതുപ്പള്ളി പള്ളിയില്‍ വന്നിരിക്കുമ്പോള്‍ ആ പള്ളിയില്‍ കാരാപ്പുഴ ഇട്ടി കത്തനാരുടെ മകന്‍ ശെമ്മാശ് ഒന്നാമത് കെട്ടിയിരുന്നവള്‍ മരിച്ചതിന്‍റെ ശേഷം രണ്ടാമത് കെട്ടിയ വിവരം ബാവാ അറിഞ്ഞാറെ ആയതു സുറിയാനി മര്യാദയ്ക്കു വിരോധമാകയാല്‍ ഇനി കത്തനാരുപട്ടം ഏല്‍ക്കരുതെന്നു വിരോധിക്കയും അപ്പോള്‍ ബാവായെ കാണുന്നതിനു മെത്രാപ്പോലീത്താ വരികയാല്‍ ഈ ശെമ്മാശിനു കത്തനാരുപട്ടം കൊടുക്കരുതെന്നും ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ ഉണ്ടാക്കുന്നത് മര്യാദ അല്ലാഴിക കൊണ്ട്  തൊഴിയൂരേക്കു ഒരു മെത്രാനെ ഉണ്ടാക്കരുതെന്നും വിരോധിക്കയും ചെയ്തു.



126. ഉടന്‍ മെത്രാപ്പോലീത്താ പുതുപ്പള്ളിയില്‍ നിന്നും സെമിനാരിയില്‍ എത്തി മേലെഴുതിയ കാരാപ്പിഴെ ശെമ്മാശിനും മറ്റു ശെമ്മാശന്മാര്‍ക്കും കത്തനാരുപട്ടം കൊടുത്തും വച്ച് തൊഴിയൂര്‍ പള്ളിയില്‍ പോയി കഴിഞ്ഞുപോയ ഗീവറുഗീസ് കൂറിലോസ് മെത്രാന്‍റെ കൂടെ പാര്‍ത്തിരുന്ന ആലത്തൂക്കാരന്‍ യൗസേപ്പ് കത്തനാരെ 1857 മാണ്ടു (1032) മകര മാസം 20-നു കൂറിലോസെന്നു പേരിട്ടു മെത്രാനാക്കുകയും ചെയ്തു. അതു കൂടാതെ .... യിട്ടും തെറ്റായിട്ടും മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിക്കുകയും ചെയ്തു. കുന്നംകുളങ്ങര ഈയപ്പന്‍ മുതലായവര്‍ കൂടിയതുമില്ല. മെത്രാപ്പോലീത്താ ഉണ്ടാക്കിയ കൂറിലോസ് യൗസേപ്പ് മെത്രാനെ ഉടനെ സെമിനാരിയില്‍ കൊണ്ടുവരികയും കുംഭ മാസം 2-നു സെമിനാരിയില്‍ പെരുന്നാള്‍ ദിവസം ഓക്സിയോസ് ചൊല്ലി ഉയര്‍ത്തുകയും ചെയ്തു. കൂറിലോസ് ബാവാ വിവദിച്ചത് തൊഴിയൂരെ മുതല്‍കാര്യങ്ങളെ പറ്റിയല്ലാതെ സുറിയാനി മതത്തെയും കാനോനിനെയും പാത്രിയര്‍ക്കീസ് ബാവായെയും സ്നേഹിച്ചല്ല.



(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പാലക്കുന്നത്ത് അത്താനാസ്യോസും യൂയാക്കിം മാര്‍ കൂറിലോസും ഒന്നിക്കുന്നു

120. കൂറിലോസ് ബാവാ വടക്കേ ദിക്കില്‍ നിന്നും കോനാട്ട് മല്പാന്‍ മുതല്‍പേരു അറിയാതെ 1856 മത കുംഭ മാസം 3-നു കോട്ടയത്തു സെമിനാരിയില്‍ വന്നു മെത്രാപ്പോലീത്തായുമായിട്ടു ഇണക്കമായിട്ടു പാര്‍ത്തുവരുന്നു. അതും അല്ലാതെ പള്ളികള്‍ക്കു ഒരുമിച്ചു സാധനവും എഴുതിവരുന്നു. 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ദീവന്നാസ്യോസിനോടു കൂറിലോസ് ബാവാ വാങ്ങിച്ചിരുന്ന വെള്ളി കാപ്പാ കോതമംഗലത്തു ചെറിയപള്ളിക്കാര്‍ക്കു വിറ്റു വില വാങ്ങിക്കയും ചെയ്തു.

ക്രിസ്തുമതത്തില്‍ ചേരുന്നവരുടെ 'ജാതി' പ്രശ്നം (1850)



117. മാവേലിക്കര പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി റവ. പീറ്റ് വേദത്തില്‍ ചേര്‍ത്ത ഈഴവര്‍ കീഴ്മര്യാദപ്രകാരം തീണ്ടുതിരിവായിട്ടും തന്നെ നടക്കണമെന്നു മാവേലിക്കര കൊട്ടാരത്തില്‍ തമ്പുരാക്കന്മാരും ഏതാനും ശൂദ്രരും കൂടെ തര്‍ക്കിച്ചു കോയിമ്മയില്‍ വ്യവഹാരമുണ്ടായി എല്ലാ ദിക്കിലും ചേരുന്ന ഈഴവര്‍ തീണ്ടു തിരിവായിട്ടും തന്നെ നടക്കണമെന്നു ഉത്തരവ് പുറപ്പെടുകയാല്‍ സുറിയാനി വേദത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കു തീണ്ടലില്ലെന്നും അതിനാല്‍ ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കും തീണ്ടുതിരിവിനു ആവശ്യമില്ലെന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെക്കൊണ്ടു എഴുതിക്കയും ഇംഗ്ലീഷ് പാതിരിമാരു മദ്രാസ് കമ്മിട്ടിയില്‍ സങ്കടം ബോധിപ്പിക്കയും ചെയ്കയാല്‍ ഈ കാര്യത്തിന്‍റെ ന്യായം നിശ്ചയം വരേണ്ടുന്നതിനു വേണ്ടി സുറിയാനി മതത്തില്‍ ചേരുന്ന ഹീനജാതിക്കാരുടെ നടപ്പ് എങ്ങനെയെന്നും ഇംഗ്ലീഷ് മതത്തില്‍ കൂടുന്ന ഹീനജാതിക്കാരെ ഏതുപ്രകാരം നടത്തുവാന്‍ ന്യായമെന്നും മറ്റും മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടി ആലോചിച്ചു അഭിപ്രായത്തോടുകൂടെ മറുപടി ബോധിപ്പിക്കണമെന്ന് ദിവാന്‍ കൃഷ്ണരായരു അവര്‍കളുടെ ഉത്തരവോടുകൂടി ചോദ്യകടലാസും കൊണ്ടു ഹജൂര്‍ പോലീസ് ശിരസ്തദാരു ശങ്കുണ്ണി മേനവന്‍ 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന 1853 മത മീന മാസത്തില്‍ പള്ളിക്കാര്‍ സെമിനാരിയില്‍ കൂടിയ സമയത്തു വരികയാല്‍ മെത്രാപ്പോലീത്തായും ശേഷംപേരും കൂടി നിശ്ചയിച്ചു സുറിയാനി വേദത്തില്‍ കൂടുന്ന ഈഴവര്‍ മുതലായവര്‍ക്കു ഹീനത്വമുണ്ടെന്നും ഇംഗ്ലീഷില്‍ കൂടുന്ന ഹീനജാതിക്കാര്‍ (പറങ്കികളുടെ വേദത്തില്‍ ചേര്‍ന്ന എഴുന്നൂറ്റിക്കാരു മുതലായ) ഏറിയ കാലമായിട്ട് ഇതുവരെ തീണ്ടുതിരിവായിട്ടു നടന്നുവരുന്നപ്രകാരം ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഈഴവര്‍ മുതലായവരു തീണ്ടുതിരിവായിട്ടു തന്നെ നടപ്പാന്‍ ന്യായമെന്നും മറുപടി എഴുതി മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടെ കൊടുക്കയും ചെയ്തു. സുറിയാനി വേദത്തില്‍ ഹീനജാതിക്കാര്‍ കൂടിയവരല്ലാതെ സ്വതേ ഉള്ളവര്‍ ചുരുക്കമാകകൊണ്ടു സുറിയാനി വേദത്തിലും ഇംഗ്ലീഷിലും കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതിയാല്‍ സുറിയാനിക്കാര്‍ മിക്കവരും ഹീനന്മാര്‍ ആകുന്നുയെന്നു തെളിഞ്ഞു സുറിയാനിക്കാര്‍ക്കും തീണ്ടലിനു ഇട വരുമെന്നും ചില പള്ളിക്കാര്‍ പറഞ്ഞു തര്‍ക്കിച്ചു ഒപ്പിടുകയും പ്രത്യേകമായിട്ടു ചെങ്ങൂര്‍ പള്ളിക്കാര്‍ തര്‍ക്കിച്ചു അവര്‍ ഈഴവരു മുതലായ ഹീനജാതിക്കാര്‍ കൂടിയവരാകുന്നു എന്ന് പറഞ്ഞ് ഒപ്പിടാഴികയാല്‍ അവരുടെ പേര് ചുരണ്ടികളയുകയും ചെയ്തു. പിന്നീട് ശിരസ്തദാര്‍ വരാപ്പിഴെ ചെന്നാറെ ആ മെത്രാപ്പോലീത്തായും മേലെഴുതിയപ്രകാരം തന്നെ വേദത്തില്‍ കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതികൊടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കോട്ടയം വലിയപള്ളി – ചെറിയപള്ളി പെരുന്നാള്‍ തര്‍ക്കം (1850)

116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു പകര്‍പ്പ്.

വല്യപള്ളിയില്‍ വികാരിയും കൈക്കാരും കൂടെ എഴുതി ബോധിപ്പിക്കുന്നത്.

പോയാണ്ട് മേടമാസത്തില്‍ വസന്തദീനത്തിന്‍റെ കലശല്‍ കൊണ്ടു ഒരു വസന്ത പെരുനാള്‍ കഴിക്കുന്ന വകയ്ക്കു അനുവദിക്കണമെന്നും തിരുമനസ്സുകൊണ്ടു മുളന്തുരുത്തി പള്ളിയില്‍ ഇരിക്കുമ്പോള്‍ ചെറിയപള്ളിക്കാര്‍ എഴുതി ബോധിപ്പിച്ചാറെ ആ മാസത്തില്‍ ഈ പള്ളിയില്‍ ഒരു പെരുന്നാള്‍ ആഘോഷിച്ചുവരുന്ന വിവരം കല്‍പിച്ചു അറിഞ്ഞിട്ടില്ലാത്തതിനാല്‍ ആയാണ്ടില്‍ ഒരു വസന്ത പെരുനാള്‍ കഴിച്ചുകൊള്ളുന്നതിനു അനുവദിക്കയും അതിനാല്‍ ശുദ്ധമാന പള്ളിയുടെ നീതിക്കും ചട്ടത്തിനും കീഴ്മര്യാദയ്ക്കും വിരോധമായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ മറുതല തൂക്കം കഴിച്ചുവരുന്നവിധം ദിവസമാറ്റം എങ്കിലും ചെയ്യാതെ തമ്പുരാനെ പെറ്റമ്മയുടെ ഈ പള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന പെരുനാളിനു മറുതല പെരുനാളായി ആ ദിവസം തന്നെ തമ്പുരാനെ പെറ്റമ്മയുടെ നാമത്തിലുള്ള ചെറിയപള്ളിയില്‍ മറുതല പെരുനാള്‍ കഴിക്കയും വാദ്യഘോഷത്തോടുകൂടെ പള്ളിപ്രദക്ഷിണം കഴിക്കയും ചെയ്തിരിക്കുന്ന വിവരം തിരുമനസറിയിച്ചിട്ടുള്ളതല്ലോ ആകുന്നു. ഇന്നേ ദിവസം പകല്‍ 12 മണി കഴിഞ്ഞതിന്‍റെ ശേഷം പല മേല്‍പട്ടക്കാര്‍ ഒരുമിച്ചു പള്ളിയില്‍ എത്തിയാല്‍ വേണ്ടുന്ന ക്രമത്തില്‍ അധികമായിട്ടു ചെറിയപള്ളിയില്‍ കൂട്ടമണി, വെടി വാദ്യങ്ങള്‍ തകര്‍ക്കയാല്‍ ആയതു എന്തൊരു കാരണമെന്നും തിരക്കിയാറെ ഈയാണ്ടിലും മറുതല പെരുനാള്‍ കഴിക്കുന്ന വകയ്ക്കു കൊടി ഏറ്റുന്നതിനു ഒരു വരട്ടു കപ്ലങ്ങ മണി, വാദ്യഘോഷത്തോടു കൂടെ കൊണ്ടുവരികയത്രെ ചെയ്തു എന്നു കേള്‍ക്കയും ചെയ്തു. പള്ളി എന്തിനു ആകുന്നുയെന്നും മണി തൂക്കിയിരിക്കുന്നത് എന്തിനു ആകുന്നുയെന്നും ഏതെല്ലാം സമയത്ത് മണി അടിക്കേണ്ടതാകുന്നു എന്നും അറിവാന്‍ പ്രാപ്തിയില്ലാതെ വരണ്ട കവുങ്ങ് കൊണ്ടുവരുമ്പോഴും കാട്ടുപന്നിയെ വെടിവച്ചു കൊണ്ടുവരുമ്പോഴും മറ്റും മണി അടിക്കുന്ന അവസ്ഥ കൊണ്ടു വിചാരിച്ചാറെ ഇവരു മറുതല പെരുനാള്‍ കഴിക്കുന്നതില്‍ അത്ഭുതപ്പെടുവാന്‍ ഇല്ലെന്നു സ്ഥിരം വന്നിരിക്കുന്നു. അതിനാല്‍ കുംഭമാസം 8-നു ചെറിയപള്ളിയില്‍ കഴിച്ചുവരുന്ന നെസ്തോര്‍ അവുപ്പന്‍റെ ചാത്തത്തിനു മറുതലയായി അറിയോസ് മൂപ്പന്‍റെ ചാത്തം കഴിക്കണമെന്നു വിചാരിച്ചാറെ ശുദ്ധമാന പള്ളിയില്‍ കാണിക്കുന്ന വികൃതിക്കു പകരം വികൃതികള്‍ കാണിക്കുന്നത് യുക്തമല്ലെന്നും നിരൂപിച്ചു വേണ്ടായെന്നു വെയ്ക്കയും ചെയ്തു. മുന്‍ ഒരാണ്ടില്‍ അന്നു ചെറിയപള്ളിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മേടമാസം 24-നു കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ഒരു മറുതല പെരുനാള്‍ കഴിക്കയാല്‍ അന്നു ഞങ്ങളുടെ കാരണവന്മാര്‍ കോയ്മയില്‍ ബോധിപ്പിച്ചു ചെറിയപള്ളിയില്‍ കൈക്കാരന്മാര്‍ മുതലായവരെ വരുത്തി അതു വീണ പെരുന്നാളാകുന്നു എന്ന് നിശ്ചയിച്ചു പിഴയേറ്റു എഴുതി വെപ്പിച്ചു 326 പണം പ്രായശ്ചിത്തവും കെട്ടി വെയ്പിച്ചു മേലാല്‍ ഗബറിയേല്‍ മെത്രാപ്പോലീത്തായുടെ ചാത്തവും അമ്പതു നോമ്പ് വീടലും ഒഴികെ മേട മാസം 24-നു വാദ്യഘോഷത്തോടു കൂടെ യാതൊരു പെരുനാളും കഴിച്ചു കൂടായെന്നും മറ്റും ചട്ടം വച്ചു ഉടമ്പടി ചെയ്ത് അപ്രകാരം പിന്നെയും ഏറിയകാലമായിട്ടു ഇന്നുവരെ നടന്നുവരുമ്പോള്‍ ആയതിനു വിരോധമായി ഇന്നു ചെറിയപള്ളിയില്‍ ഉള്ള ആളുകള്‍ മറുതല പെരുനാള്‍ കഴിപ്പാന്‍ തുടങ്ങിയിരിക്കുന്നതാകുന്നു. ദാഹമുള്ള മക്കള്‍ തന്‍റെ മാതാവിന്‍റെ മുലപ്പാല്‍ വന്നു കുടിച്ചു പ്രാണനെ രക്ഷിപ്പാന്‍ വേണ്ടി വാത്സല്യമക്കളെ മാതാവ് വിളിക്കുന്നപ്രകാരം മാതാവായ ശുദ്ധമാന പള്ളിയില്‍ അതിന്‍റെ മക്കള്‍ വന്നു ശുദ്ധമുള്ള രഹസ്യങ്ങളിലും മറ്റും സംബന്ധിച്ചു ആത്മത്തെ രക്ഷിപ്പാനായികൊണ്ടു വിളിക്കുന്ന മാതാവായ ശുദ്ധമാന പള്ളിയുടെ വിളിയാകുന്ന മണിഅടിപ്പിനെ കലഹ തമ്പേറായി വരട്ടു കവുങ്ങുകൊണ്ട് വരുമ്പോഴും മറ്റും അനാവശ്യ സമയങ്ങളിലും സമീപെയുള്ള ഈ ചെറിയപള്ളിയില്‍ മണി അടിക്കുന്നത് മറുതല പെരുനാളിനേക്കാള്‍ ഒന്നുകൂടെ വഷളായിട്ടുള്ളതാകകൊണ്ട് അതില്‍ ഏറ്റവും ലജ്ജ തോന്നുന്നു. അതിനാല്‍ തിരുമനസുണ്ടായിട്ടു പള്ളിയും മണിയും പട്ടക്കാരും ഇന്നവകയ്ക്കാകുന്നുയെന്നും ചെറിയപള്ളിയിലുള്ള കത്തനാരച്ചന്മാരു മുതലായവരു പഠിപ്പാന്‍ ഇടവരുത്തുകയും കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി വീണപെരുനാള്‍ തുടങ്ങുവാന്‍ എന്തെന്നും മുന്‍ ഒരാണ്ടില്‍ ഇപ്രകാരം തുടങ്ങിയാറെ നടപ്പില്ലാതെ തീരുവാന്‍ കാരണം എന്തെന്നും കല്‍പിച്ചു ചോദിക്കയും ചെയ്ത് ഇപ്രകാരമുള്ള വികൃതികള്‍ ചെയ്യാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടം കെട്ടി ആ വിവരത്തിനു മുന്‍ ഇപ്രകാരമുള്ള മറുതലപെരുന്നാള്‍ തുടങ്ങിയാറെ കോയ്മയില്‍ ബോധിപ്പിച്ചു നില വരുത്തിയിരിക്കുന്നപ്രകാരം ഇപ്പോഴും ബോധിപ്പിച്ചു നില വരുത്തണമെന്നു നിശ്ചയിച്ചിരിക്കകൊണ്ടു ആയതിനും വേണ്ടുന്ന കല്‍പനകള്‍ കൊടുത്തയപ്പാറാകണമെന്നും അപേക്ഷിക്കുന്നു.

1020 മാണ്ട് മേട മാസം 18-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം (1850)


114. 102-ാമതു ലക്കത്തില്‍ 158-ാമതു ....... നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു രൂപത വിചാരിച്ചിരുന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് വരാപ്പിഴെ സെമിനാരിയില്‍ ഇരുന്ന ഒരു ആളിനെ കൊല്ലത്തു രൂപതയ്ക്കു നിയമിക്കയും ആയതിനു വിളംബരം വരികയും ചെയ്തു. 

നമ്പ്ര 1027-മത
വിളംബരം
രായസം 

എന്തെന്നാല്‍ കൊല്ലത്തെ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു നിയമിച്ചിരുന്ന മാരീശ എന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് അതിനു പകരം റോമ്മായിലെ എഴുത്തിന്‍പ്രകാരം വരാപ്പിഴെ സിമ്മനാരിയില്‍ സെക്രട്ടറി ആയിരുന്ന റവറണ്ട് പ്രെകാളെ  സദെസാന്ത എന്ന ആളിനെ നിശ്ചയിച്ചിരിക്കുന്നു എന്നും വരാപ്പിഴെ ബിഷപ്പിന്‍റെ എഴുത്തു വന്നിരിക്കുന്ന സംഗതി ഇടപെട്ടു ബ്രിട്ടീഷ് റസിഡണ്ട് 1854-ാം പരുഷം ഡിസംബര്‍ മാസം 5-നു എഴുതിയ കായസം വന്നിരിക്കകൊണ്ടും പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ ഈ രാജ്യത്ത്  പാര്‍ക്കുന്നതില്‍ കൊല്ലത്തു രൂപതയില്‍ ചേര്‍ന്നു നടക്കുന്ന ആളുകള്‍ ഒക്കെയും മതസംബന്ധമായുള്ള കാര്യങ്ങള്‍ക്കു മേലെഴുതിയ റവറണ്ട് പ്രെകാളെര്‍സ ദെസാന്ത എന്ന ആളിന്‍റെ ആജ്ഞയില്‍ ഉള്‍പ്പെട്ടു കീഴുമര്യാദ പോലെ നടന്നുകൊള്‍കയും വേണം. 

എന്ന് 1020-മാണ്ട് തുലാ മാസം 24-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...