Saturday, September 9, 2017

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ ദേഹവിയോഗം


... മെലെഴുതിയ ആണ്ടു വൃശ്ചികം 12-നു ഈ മെത്രാപ്പോലീത്താ കാലം ചെയ്തു സെമ്മനാരിത്തന്നെ അടക്കുകയും ചെയ്തു. ഇദ്ദേഹം ബുദ്ധിയും ധൈര്യവും ദൈയ്വഭക്തിയും ഉള്ളവനും, ദ്രവ്യാഗ്രഹവും ചതിവും ഇല്ലാത്തവനും, ദൈയ്വകാര്യവും ലോകകാര്യവും നന്നായി അറിയുന്നവനും, നല്ല സംസാരിയും, ആരെയും ഭയം കൂടാത്തവനും, പക്ഷഭേദം ഇല്ലാത്തവനുമായിരുന്നു. അദ്ദേഹം 40 സംവല്‍സരം വരെ ചൊറു, നെയ്യു, പാല്‍, മല്‍സ്യമാംസം, മുതലായ്തു ഭക്ഷിക്കാതെ ഫലമൂലാദികള്‍ തിന്നുകൊണ്ടിരുന്നു...

(പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ ദേഹവിയോഗവേളയില്‍ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ രേഖപ്പെടുത്തിയ ചരമക്കുറിപ്പ്. ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

കോട്ടയത്തു സെമിനാരിയില്‍ വിദ്യാഭ്യാസം ആരംഭിച്ചത്


കോട്ടയത്തു സിമ്മനാരി പണിചെയ്യിച്ച് പഠിത്തം തുടങ്ങിയ വിവരത്തിനും പിന്നെ മതം ഇടപെട്ടുണ്ടായ വിവരത്തിനും കോട്ടയം ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരു ചുരുക്കത്തില്‍ എഴുതിപോരുന്ന രണ്ടാം പുസ്തകം.

1. ഞാനും മറ്റു വേറിട്ട ശെമ്മാശന്മാരും കൂടെ കോട്ടയത്തു ചെറിയപള്ളിയില്‍ വേങ്കിടത്തു ചാണ്ടി കത്തനാരുടെയും പുന്നത്ര കുര്യന്‍ കത്തനാരുടെയും കൂടെ പഠിച്ച് ശെമ്മാശായിട്ടു പാര്‍ക്കുമ്പോള്‍ സിമ്മനാരിയില്‍ പോയി പഠിക്കുന്നതിനു ഞങ്ങളെ വിട്ടയക്കുകയും ചെയ്തു. ഞങ്ങള്‍ അവിടെ പഠിച്ചു പാര്‍ക്കുമ്പോള്‍ മെത്രാപ്പോലീത്താ ചെല്ലുന്നതിനു മണ്‍റോ സായിപ്പിന്‍റെ എഴുത്തു വന്നു. മെത്രാപ്പോലീത്തായും പുന്നത്ര കുര്യന്‍ കത്തനാരും വേങ്കിടത്തു ചാണ്ടി കത്തനാരും മെത്രാന്‍റെ അനന്തിരവന്‍ ഇട്ടൂപ്പ് ശെമ്മാശും തെക്കേത്തലയ്ക്കല്‍ കുര്യന്‍ ശെമ്മാശും ഞാനും കൂടെ കൊല്ലത്തിനു പോയി. സായിപ്പിനെ കണ്ടാറെ സിമ്മനാരിയില്‍ കൂടെ പാര്‍ത്ത് മെത്രാപ്പോലീത്തായ്ക്കു വേണ്ടുന്ന സഹായം ചെയ്യുന്നതിനായിട്ടു മിഷണറി തോമസ് നോര്‍ട്ടന്‍ പാതിരിയെ വരുത്തിയിട്ടുണ്ടെന്നും അയാളെ സിമ്മനാരിയില്‍ കൂടെ പാര്‍പ്പിക്കണമെന്നും പറഞ്ഞശേഷം ഞങ്ങള്‍ രണ്ടു ജാതിയും രണ്ടു മതക്കാരും ആകകൊണ്ടു ഒന്നിച്ചു പാര്‍ക്കുക കഴിയുകയില്ലെന്നും മെത്രാപ്പോലീത്താ പറയുകയും ചെയ്തു.

അതിന്‍റെ ശേഷം അയാള്‍ ആലപ്പുഴയില്‍ പാര്‍ക്കട്ടെയെന്നും കൂടെകൂടെ സിമ്മനാരിയില്‍ വരുമെന്നും ആവശ്യമുള്ള കാര്യങ്ങള്‍ അയാളോടു പറഞ്ഞാല്‍ നമുക്കെഴുതി കൊടുത്തയച്ച് നിവൃത്തിച്ചു തരുമെന്നും സായ്പ് അവര്‍കള്‍ പറയുകയാല്‍ ആയതു കൊള്ളാമെന്നും മെത്രാപ്പോലീത്താ കല്പിച്ചു. അന്ന് മേലെഴുതിയ മിഷന്‍ പാതിരി അവിടെ ഉണ്ടായിരുന്നതിനാല്‍ അയാളെയും കണ്ടു. നന്ദിവാക്കും പറഞ്ഞ് പോരികയും ചെയ്തു. എന്നാല്‍ പോരുംവഴിക്ക് ബുക്കാനന്‍ പാതിരിയുടെയും മക്കാളെ സായിപ്പിന്‍റെയും കാലം തൊട്ടു തന്നെ കോഴിക്കുഞ്ഞിനെ കണ്ട ആനയറാഞ്ചനെപോലെ സുറിയാനിക്കാരായ നമ്മളുടെമേല്‍ ഇംഗ്ലീഷുകാര്‍ മനസുവെച്ചിരിക്കുന്നു എന്നും ദൈവം തന്നെ രക്ഷിക്കട്ടെയെന്നും മെത്രാപ്പോലീത്താ പറയുകയും ഇംഗ്ലീഷ് സായ്പന്മാരുമായിട്ടുള്ള ഐക്യതയ്ക്കു ആവശ്യമില്ലാഞ്ഞു എന്നു ഇവിടം മുതല്‍ മെത്രാപ്പോലീത്തായുടെ മനസില്‍ കരേറുകയും ഏറ്റവും വിഷാദം കൊള്ളുകയും ചെയ്തു. പിന്നത്തേതില്‍ സിമ്മനാരിയില്‍ പാര്‍ത്തു കാര്യങ്ങള്‍ വിചാരിക്കയും പട്ടക്കാരുടെ പെണ്‍കെട്ട് നടത്തുകയും ചെയ്തു. മേലെഴുതിയ മിഷനറി നോര്‍ട്ടന്‍ പാതിരി ആലപ്പുഴയില്‍ ചെന്നു പാര്‍ക്കുകയും കൂടെക്കൂടെ സിമ്മനാരിയില്‍ വരികയും ചെയ്തുകൊണ്ടിരുന്നു. ഈ പാതിരി പിന്നത്തേതില്‍ അയാളുടെ സ്ഥാനത്തിനു ചേരാത്തതിന്‍വണ്ണം കുറഞ്ഞൊരു സംവത്സരം ആലപ്പുഴ കോര്‍ട്ടില്‍ രണ്ടാം ജഡ്ജി ഉദ്യോഗം ഏറ്റ് മാസം ഒന്നുക്കു മുന്നൂറു രൂപാ വീതം ശമ്പളം വാങ്ങുകയും ചെയ്തു.

1816-ല്‍ കല്‍ക്കട്ടായുടെ ഇംഗ്ലീഷ് ഫോര്‍ട്ട് ബിഷപ്പ് മിഡില്‍ടണ്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായെയും കണ്ടു സന്തോഷവാക്കുകളും പറഞ്ഞുപോകയും ചെയ്തു. ഈ ബിഷപ്പ് ഏറ്റം നല്ലവനത്രെ. മേലെഴുതിയ ആണ്ട് വൃശ്ചികമാസം 12-നു ഈ മെത്രാപ്പോലീത്താ കാലം ചെയ്തു. സിമ്മനാരിയില്‍ തന്നെ അടക്കുകയും ചെയ്തു. ഇദ്ദേഹം ബുദ്ധിയും ധൈര്യവും ദൈവഭക്തിയും ഉള്ളവനും ദ്രവ്യാഗ്രഹവും ചതിയും ഇല്ലാത്തവനും ദൈവകാര്യവും ലോകകാര്യവും നന്നായി അറിയുന്നവനും നല്ല സംസാരിയും ആരെയും ഭയം കൂടാത്തവനും പക്ഷഭേദം ഇല്ലാത്തവനും ആയിരുന്നു. അദ്ദേഹം 40 സംവത്സരം വരെ ചോറ്, നെയ്, പാല്‍, മത്സ്യം, മാംസം മുതലായത് ഭക്ഷിക്കാതെ ഫലമൂലാദികള്‍ തിന്നുകൊണ്ടിരുന്നു.

ഇതിന്‍റെശേഷം 1817-ല്‍ കല്ലിക്കോട്ടു ശീമയില്‍ നിന്നും പീലക്സിനോസ് മെത്രാപ്പോലീത്താ സിമ്മനാരിയില്‍ വന്നു പാര്‍ത്തു പള്ളികള്‍ ഭരിച്ചുവരുമ്പോള്‍ ഈ ആണ്ടില്‍ ബഞ്ചമിന്‍ ബെയിലി എന്നു പേരായ ഒരു മിഷന്‍ പാതിരി കോട്ടയത്തു സിമ്മനാരിയില്‍ വന്നു പാര്‍ത്തു. സിമ്മനാരിയില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കണമെന്നു പറഞ്ഞ് പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു.
മേലെഴുതിയ ആണ്ടില്‍ തന്നെ കോട്ടയത്തു ചെറിയപള്ളിയില്‍ പുന്നത്ര കുര്യന്‍ കത്തനാരെ വിഗാരി ജനറാളായിട്ടു ആക്കുകയും അങ്ങനെ കുറഞ്ഞൊന്നു ചെന്നു ..........മാണ്ടു തുലാമാസം 5-നു ശനിയാഴ്ച റമ്പാനായിട്ടും 6-നു ഞായറാഴ്ച മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ച് വാഴിച്ചുംവച്ച് പീലക്സിനോസ് തിരിയെ പോകുകയും ഇദ്ദേഹം പള്ളികളെ ഭരിക്കുകയും പീലക്സിനോസ് വന്നും പോയും ഇരിക്കുകയും ചെയ്തുവരുന്നു.

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു പേരിട്ടു കല്ലടയില്‍ ഏതാനും സ്ഥലം ചിലവു വകയ്ക്കു കൊടുക്കുകയും ചെയ്തു. പിന്നെ മാന്നാത്തു മണ്‍കോട്ട നിലം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചിലവുവകയ്ക്കു മിഷണറിമാര്‍ കാണമിടുകയും മുതല്‍ വര്‍ദ്ധിച്ചു സിമ്മനാരി പ്രബലപ്പെടുകയും ഉഭയം പലിശ മുതലായതില്‍ വളരെ അന്യായം ചെയ്കയും എല്ലാ വരവും ചിലവും കൂടി ബോധിച്ചിടുകയും ചെയ്തുവരുന്നു. 1817-ല്‍ മെത്രാപ്പോലീത്തായെയും പള്ളിക്കാരെയും മാവേലിക്കര കൂട്ടി മണ്‍റോ സായ്പ് അവര്‍കളും ബഞ്ചമിന്‍ ബയിലി പാതിരിയും ജോസഫ് ഫെന്‍ പാതിരിയും കൂടെ വന്ന് തമ്പുരാനെ പഴേകൂറ്റുപള്ളികളില്‍ ചിലതു എടുക്കണമെന്നു നിശ്ചയിച്ചുംകൊണ്ട് കോട്ടയത്തു വലിയ പള്ളിയും പിറവത്തു പള്ളിയും ആലപ്പുഴ പള്ളിയും ചങ്ങനാശ്ശേരി പള്ളിയും ഫെന്‍ സായിപ്പിനു ഒഴിഞ്ഞുകൊടുത്തിരിക്കുന്നപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ റാണിയോടു തീട്ടൂരം വാങ്ങിച്ചു. ഈ നാലു പള്ളിക്കു നീട്ടു വാങ്ങിച്ചത്, കോട്ടയത്തു വലിയ പള്ളിയിലും പിറവത്തു പള്ളിയിലും പുത്തനും പഴയതും കൂടി നടന്നുവരുന്ന പള്ളികള്‍ ആകയാല്‍ ആയത് എളുപ്പത്തില്‍ എടുക്കയും ആ ന്യായത്തിനു മറ്റേ പള്ളി രണ്ടും എടുക്കുകയും ചെയ്യണമെന്നും പ്രയാസം കൂടാതെ കിട്ടിയെങ്കില്‍ പിന്നെയും ചിലതു കൂടെ എടുക്കണമെന്നും കരുതി ആയിരുന്നു. കോട്ടയത്തു വലിയപള്ളിയില്‍ നിന്നും പിറവത്തു പള്ളിയില്‍ നിന്നും ന്യായമായി അവരെ ഒഴിച്ചു എങ്കിലും ചങ്ങനാശ്ശേരി പള്ളി ബലമായി പിടിക്കുന്നതിനായിട്ടു ഉത്തരവുപ്രകാരം സര്‍ക്കാര്‍ ആളുകളും സായ്പന്മാരും പാലക്കുന്നത്തു കത്തനാരു മുതലായ പുത്തന്‍കൂറ്റുകാരും കൂടി ചെന്നു പിടിച്ചു പഴേകൂറ്റു കത്തങ്ങള്‍ മുതല്‍പേരെ ഇറക്കി ഓടിക്കുകയും പുത്തന്‍കൂറ്റുകാരു കേറുകയും ചെയ്തതിന്‍റെ ശേഷം പഴേകൂറ്റുകാരു പുരുഷരും സ്ത്രീകളും കൂടി പുത്തന്‍കൂറ്റുകാരെ ഓടിക്കയാല്‍ ബെന്‍ സായ്പ് എഴുതി അയച്ചു പട്ടാളം വന്നു പള്ളിക്കു ചുറ്റില്‍ വീഴുകയും ഈ വിവരം കേട്ടു വന്ന പുത്തന്‍ചിറ ഗോവര്‍ണ്ണദോരെ പിടിച്ചു തടവില്‍ വെയ്ക്കുകയും ചെയ്തു. ഈ ബലങ്ങള്‍ വളരെ പ്രവൃത്തിച്ചാറെയും പഴേകൂറ്റിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധൈര്യം കാരണത്താല്‍ പള്ളി എടുപ്പാന്‍ കഴിഞ്ഞില്ല. റസിഡണ്ട് മണ്‍റോ സായ്പ് മാറിപോയത് വരെ പഴേകൂറ്റുകാര് വളരെ സങ്കടത്തില്‍ ആയിരുന്നു. അവരുടെ ധൈര്യത്തില്‍ അതു വരെ അവരു പള്ളി വിട്ടുകൊടുത്തില്ല. പിന്നീട് വന്ന റസിഡണ്ട് ഉത്തരവ് കൊടുത്ത് അവരുടെ സങ്കടം തീര്‍ക്കുകയും ചെയ്തു.

പെറ്റ അമ്മയെ ഉപേക്ഷിക്കണമെന്നു പറകയാല്‍ ആയതു കഴികയില്ലെന്നു എല്ലാവരും കൂടി നിശ്ചയിച്ചു ബോധിപ്പിച്ച് പിരിയുകയും ചെയ്തു. ഇതുകൊണ്ടും ......................................................... ചില പള്ളികളില്‍ കേറി പ്രസംഗിക്കകൊണ്ടും മേലാല്‍ ഇത് ദൂഷ്യമായി വരുമെന്നു തോന്നുകകൊണ്ട് അന്ത്യോക്യായ്ക്കു എഴുതി ബാവാന്മാരെ വരുത്തണമെന്നു മെത്രാപ്പോലീത്താ അകമേ കരുതുകയും ചെയ്തു. പിന്നത്തേതില്‍ സുറിയാനി മതത്തിനു വിരോധമായിട്ടു ഒന്നുംതന്നെ പാതിരിമാര്‍ പറയാതെയും ..................................യായിക്കൊള്ളാമെന്നു വിചാരിച്ച് അവരും അങ്ങനെ പറയുന്ന സമയത്തു രണ്ടായിട്ടു തിരിഞ്ഞുകൊള്ളാമെന്നു മെത്രാപ്പോലീത്തായും ഇങ്ങനെ രണ്ടു കൂട്ടരും കരുതി പാര്‍ത്തു വരുമ്പോള്‍ 1831-ല്‍ മേലെഴുതിയിരിക്കുന്ന ബിഷപ് മിഡില്‍ടണ്‍ കൊച്ചിയില്‍ വന്നു മെത്രാപ്പോലീത്തായെയും കണ്ട് തിരികെ പോകയും ചെയ്തു. 1832-ല്‍ കല്‍ക്കത്തായുടെ മല്പാനാകുന്ന പാതിരി മില്‍സാ  .................... കോട്ടയത്തു വന്നു കണ്ടിട്ട് പോകയും ചെയ്തു.

എന്നാല്‍ മെത്രാപ്പോലീത്താ അന്ത്യോക്യായില്‍ നിന്നും ബാവാന്മാരെ അയക്കുന്നതിനു പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്ക് രണ്ട് കടലാസ് എഴുതി മുദ്രയിട്ടു ബിഷോപ്പ് മിഡില്‍ടണ്‍ വശവും മല്പാന്‍ പാതിരി മില്‍സാ വശവും കൊടുക്കയും ചെയ്തു. മാനത്തിനു വേണ്ടിയും ഉപകാരസാധ്യത്തിനു വേണ്ടിയും മിഷന്‍ പാതിരിമാരെ ഈ മെത്രാപ്പോലീത്താ പിടിച്ചുകൊണ്ടിരുന്നു. എങ്കിലും അവരുടെ മതം കൊള്ളാമെന്നുള്ള വിചാരവും ഉപായം കൊണ്ടല്ലാതെ സുറിയാനി മതത്തെ ബലഹീനത വരുത്തി ദ്രവ്യം സമ്പാദിക്കണമെന്നുള്ള മനസും ഇല്ലാഞ്ഞു. ഈ മെത്രാപ്പോലീത്തായോടു ഞാന്‍ കത്തനാരുപട്ടം ഏറ്റ കൊല്ലം 1005-മാണ്ടു കുംഭമാസം ഒന്നിന് ഞായറാഴ്ച പുത്തന്‍ കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പഴയസെമിനാരി സ്ഥാപനത്തിലേയ്ക്കു നയിച്ച സംഭവവികാസങ്ങള്‍


...മാര്‍ ദീവന്നാസ്യോസ് മെത്രാപൗലീത്തായുടെ അനന്തിരവനായിരിക്കുന്ന മാര്‍ത്തൊമ്മ അപ്പിസ്ക്കോപ്പ പള്ളികള്‍ വിചാരിച്ചു വരുമ്പോള്‍ മിഥുനമാസം 984-മാണ്ട ആ ദെഹത്തിന്‍റെ ശെഷക്കാരന്‍ തൊമ്മന്‍ കത്തനാരെ മെത്രാനായിട്ടു വാഴിച്ച കണ്ടനാട്ടു വച്ചു മരിച്ച കോലംചെരി പള്ളിയില്‍ അടക്കുകയും ചെയ്തു. ആ ദെഹം മെത്രാനായിട്ടു നടന്നുവരുമ്പോള്‍ പുലിക്കോട്ടു ഇട്ടൂപ്പു കത്തനാരു മെത്രാനൊട രണ്ടാമത റമ്പാന്‍സ്താനം ഏല്‍ക്കുകയും അയാളുടെ അനന്തരവന്‍ ഇട്ടൂപ്പിനെ ശെമ്മാശപട്ടം ഏല്പിക്കയും ചെയ്തു.

ഇങ്ങനെയിരിക്കുമ്പോള്‍ മൂവായിരം പൂവിരാകനു രൂപാ 10,500 ക്കു നൂറ്റുക്കു എട്ടു രൂപാ വീതം ആണ്ടൊന്നുക്കു 840 രൂപ വീതം പലിശയുള്ളതില്‍ ഒരു ആണ്ടക്ക വിരാകന്‍ 240 മെക്കാളി സായിപ്പിനൊടു മെത്രാന്‍ പറ്റുശീട്ടും എഴുതിക്കൊടുത്തു വാങ്ങിച്ചതുകൊണ്ട പയിതങ്ങളെയും ചെമ്മാശന്മാരെയും പടിപ്പിക്കുന്നതിനായിട്ട ഒരു സെമിനാരി പണി ചെയ്യിക്കണമെന്നു ഇട്ടൂപ്പറെമ്പാന്‍ പറഞ്ഞാറെ ആയ്തു മെത്രാന്‍ അനുസരിക്കാഴികയാല്‍ തമ്മില്‍ വിവാദിച്ചു മെത്രാനു സ്താനതികവില്ലെന്നും സുറിയാനിമര്യാദ നടത്തുന്നില്ലെന്നും അന്നു റെസഡണ്ടായിരുന്ന കര്‍ണ്ണല്‍ മണ്ട്രോ സായിപ്പ അവര്‍കളെ റമ്പാന്‍ ബോധിപ്പിച്ച. പള്ളിക്കാററെയുംകൂട്ടി കാര്യെങ്ങളെ കെട്ടു അറിയേണ്ടതിങ്കല്‍ 986-മാണ്ടു മിഥുന മാസത്തില്‍ എല്ലാപേരും പുതിയകാവു പള്ളിയില്‍ കൂടി. ബാവാന്മാരെ വരുത്തേണ്ടതിന്നു മെത്രാനും ശെഷംപെരും ചെര്‍ന്ന അന്ത്യോക്കിയായ്ക്കു അയക്കേണ്ടതിന്നുള്ള കുറി എഴുത്തിട്ടതിന്നെ മണ്ട്രേല്‍ സായ്പവര്‍കളുടെ കയ്യില്‍ കൊടുക്കുകയും ചെയ്തു.

987-മാം ആണ്ടില്‍ കല്ലിക്കട്ടുശീമയില്‍ ആഞ്ഞൂ പാര്‍ത്തിരുന്ന ശീരന്‍ മെത്രാന്‍ കുന്നംകുളങ്ങരെക്കാരന്‍ കെടങ്ങന്‍ വറുഗീസു കത്തനാരെ പീലയ്ക്കുസീനൊസു മെത്രാപൗലീത്താ എന്നു പേരു വിളിച്ചു വാഴിച്ചും വെച്ച് അയാള്‍ മരിക്കയും ചെയ്തു.

പിന്നത്തേതില്‍, ഇട്ടൂപ്പ് റമ്പാന്‍റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചില പള്ളിക്കാറരെക്കൊണ്ടും റമ്പാനെക്കൊണ്ടും പറ്റുചീട്ടി വാങ്ങിച്ചുംകൊണ്ട, 988-മാണ്ടു വരെയുള്ള വട്ടിപ്പണം പലിശ 960 വിരാകന്‍ റമ്പാന്‍റെ പക്കല്‍ കൊടുക്കയും, ആയ്തു ചിലവിട്ടു കൊട്ടയത്തു സെമിനാരി റമ്പാന്‍ പണിയിയ്ക്കുകയും ചെയ്തുവരുമ്പോള്‍ റമ്പാന്‍ കല്ലിക്കൊട്ടുശ്ശീമയില്‍ ചെന്നു പീലക്കുസീനോസിനൊട ദീവന്നാസ്യോസെന്ന പെരുവിളിച്ചു മെത്രാന്‍റെ സ്താനം ഏറ്റു കൊട്ടയത്തു സെമ്മിനാരിയില്‍ പാര്‍ത്തുവരുന്ന സങ്ങതിയിങ്കല്‍ 990-ല്‍ തൊമ്മന്‍ മെത്രാനു ദീനമായി. അയാളുടെ ശെഷക്കാരന്‍ എത്രയും വയസനാകുന്ന അയിപ്പു കത്തനാരെ മെത്രാനായിട്ടു വാഴിച്ചു മരിച്ചു പുത്തന്‍ഗാവു പള്ളിയില്‍ അടക്കുകയും ചെയ്തു. ഇതിന്‍റെ ശെഷം മെത്രാന്‍റെ വക മുതല്‍കാര്യങ്ങളും അന്തിയോക്കിയായില്‍ നിന്നും കൊണ്ടുവന്ന സഖല വസ്തുക്കളും തീര്‍പ്പുകള്‍ തിരുവെഴുത്തുകള്‍ ഒക്കയും 3000 പൂവിരാകന്‍റെ കടലാസുകളും ശെഷം ആധാരങ്ങളും സെമിനാരിയില്‍ വരുത്തി വയിപ്പിക്കുകയും അയിപ്പു മെത്രാനെ കടമറ്റത്തയക്കുകയും അയാള്‍ അവിടെ പാര്‍ത്തു കാലം കഴിക്കയും ചെയ്തു. കടമറ്റത്തു മാര്‍ത്തൊമ്മന്‍ മെത്രാന്മാര കാണം ഇട്ട 30 പറ കണ്ടം ഉണ്ടായിരുന്നതുകൊണ്ടത്രെ അദെഹം ചെലവു കഴിച്ചത.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ഇ. എം. ഫീലിപ്പോസ് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന് എഴുതിയ ഒരു കത്ത്



... ഞാന്‍ ഇന്നലെ ഇവിടെ വന്നപ്പോള്‍ വടക്കുനിന്ന് എന്‍റെ പേര്‍ക്ക് ഒരു കമ്പി പുലയന്‍കാട്ടില്‍ അച്ചന്‍റേതായി വന്നിട്ടുണ്ടായിരുന്നു. അതിലെക്കാര്യം ഞാന്‍ വെള്ളിയാഴ്ച തന്നെ വടകര എത്തണമെന്നു ബാവാ നിര്‍ബന്ധമായി കല്പിച്ചിരിക്കുന്നു എന്നാണ്. അതിന്‍റെ ഉദ്ദേശം എന്നെ സാക്ഷി നിര്‍ത്തണമെന്നുള്ളതാണെന്നു തീര്‍ച്ചയാണ്. അതിനാല്‍ എന്നെ അകപ്പെടുത്തണമെന്നുള്ള മനപ്പൂര്‍വ്വം ഉണ്ടെന്നു വ്യക്തമായിരിക്കുന്നു. ഏതായാലും പോകാതിരിപ്പാന്‍ പാടില്ല.

ഞാന്‍ ഒഴിയാന്‍ കഴിയുന്നതു നോക്കും. ഏതായാലും നിവൃത്തിയില്ലാതെ വന്നാല്‍ എന്തു വേണ്ടു എന്നറിയുന്നില്ല. എന്നെ അകപ്പെടുത്തുന്നപക്ഷം അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ അകപ്പെടുത്താതിരിപ്പാന്‍ മുന്‍കരുതലായി ഒരു രാജി ഹര്‍ജി തിരുമനസിലെ കയ്യില്‍ സൂക്ഷിപ്പാന്‍ ഇതു സഹിതം അയക്കുന്നു. ആവശ്യപ്പെട്ടാല്‍ ഇതു പ്രയോഗിക്കാം. ഇതിന്‍റെ പകര്‍പ്പു ഞാന്‍ കൊണ്ടുപോകുന്നുണ്ട്. എന്നെ ഉള്‍പ്പെടുത്തിയാല്‍ വിചാരിക്കുന്ന ഫലമില്ലെന്നു കാണിപ്പാന്‍ പകര്‍പ്പ് ഉപയോഗപ്പെടുത്താമെന്നു വിചാരിക്കുന്നു.

ഒരു കാര്യം തിരുമനസുകൊണ്ട് ഉറപ്പായി വിശ്വസിച്ചുകൊള്ളണം. അതായതു തിരുമനസിലേക്കെതിരായി വല്ലതും പ്രവര്‍ത്തിക്കണമെന്നോ പൊതു സമുദായത്തില്‍നിന്നും വേര്‍തിരിയണമെന്നോ ഉദ്ദേശമില്ല. ഞങ്ങളെ പ്രത്യേക ഇടവകയായിട്ടു ബാവാ തിരിക്കുകയാണെങ്കില്‍  നിരണം, തുമ്പമണ്‍ എന്നിങ്ങനെ പോലെ ഇതും മലങ്കര മഹാ ഇടവകയുടെ ഉപ ഇടവകയായിട്ടും അസോസ്യേഷനില്‍ ബന്ധിച്ചും ഇരിക്കണമെന്നുമല്ലാതെ മറ്റ് ഉദ്ദേശമൊന്നുമില്ലെന്ന് തീര്‍ച്ചയായി വിശ്വസിച്ചുകൊള്ളണം....

(ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസിനെ വാഴിക്കുന്നതിന് തൊട്ടു മുമ്പ് ചിങ്ങം 9-ന്  വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസിന് അയച്ച കത്ത്)

ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലി: കഥാപാത്രത്തിന്‍റെ ചരമശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്

മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍: ഒരു സഹയാത്രികന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ / ഡോ. എം. കുര്യന്‍ തോമസ്

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ കല്പനകള്‍


1

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി ചെയ്യിച്ച് ശെമ്മാശന്മാരെയും പൈതങ്ങളെയും വരുത്തി നമ്മളുടെ വേദമര്യാദകള്‍ പഠിപ്പിച്ചു വരുമ്പോള്‍ ഈ സിമ്മനാരിയില്‍ ഇംഗ്ലീഷ് മുതലായ ഭാഷകളും കൂടെ അഭ്യസിപ്പിക്കണമെന്നും അവര്‍ക്ക് ആഗ്രഹമുള്ളപ്രകാരം ഇംഗ്ലീഷ് മിഷണറിമാര്‍ അപേക്ഷിക്കകൊണ്ട് ആയതുകൂടെ പഠിപ്പിക്കുന്നതിനു സമ്മതിച്ച് അപ്രകാരം നടന്നുവരുന്ന സംഗതിയിങ്കല്‍ നമ്മളുടെ മര്യാദയ്ക്കു വിരോധമായിട്ടുള്ള പഠിത്വങ്ങള്‍ ശെമ്മാശന്മാരു മുതലായ ആളുകളെ പഠിപ്പിക്കുകയും പള്ളികളില്‍ മുമ്പിനാലെ നടന്നുവരുന്ന മര്യാദകള്‍ക്കും ചട്ടത്തിനും വിരോധമായിട്ടു സംസാരിക്കുകയും തമ്മില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുന്നതിനു ശ്രമിക്കയും ചെയ്തുവരുന്നതുമല്ലാതെ സുറിയാനി മര്യാദപ്രകാരം ഉള്ള കുര്‍ബ്ബാന, നമസ്കാരം മുതലായതു വ്യത്യാസം വരുത്തി നടക്കണമെന്നും മിഷണറിമാരും ലോര്‍ഡ് ബിഷപ്പ് അവര്‍കളും കൂടി പറഞ്ഞാറെ ആയതു അസാധ്യമെന്നു നിശ്ചയിച്ചതു കാരണത്താല്‍ അവര്‍ നമുക്കും സുറിയാനി മതത്തിനും വിരോധികളായി ചമഞ്ഞും ചില പ്രദേശങ്ങളില്‍ ബുദ്ധിഹീനന്മാരായിട്ടുള്ള ആളുകളെ പറഞ്ഞു കബളിപ്പിച്ച് പള്ളികളില്‍ കലഹങ്ങളും അഴിമതികളും ഉണ്ടാക്കുകയും അവരുടെ മതത്തില്‍ ചേര്‍ക്കയും ചെയ്തുവരുന്ന സംഗതികള്‍ ഇടപെട്ടു തിരുമനസറിയിച്ചാറെ കീഴ്മര്യാദപ്രകാരം എല്ലാ കാര്യങ്ങളും വിചാരിച്ചു നടത്തികൊള്ളണമെന്നും കല്പനയായിരിക്കുന്നതു കൂടാതെയും ഈ സംഗതികള്‍ക്കും സിമ്മനാരി വക ആധാരങ്ങള്‍ മുതലായതു സിമ്മനാരിയില്‍ തന്നെ വച്ചുപൂട്ടി നമ്മുടെ പക്കല്‍ താക്കോലിരിക്കുമ്പോള്‍ മിഷണറിമാര്‍ ബലാല്‍ക്കാരമായിട്ടു താഴുപറിച്ച് ആധാരങ്ങള്‍ മുതലായതു എടുത്തുകൊണ്ടുപോയിരിക്കുന്ന സംഗതിക്കും കൂടെ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ബംഗാളം, മദ്രാസ് ഈ രണ്ടു ഗവര്‍ണര്‍ കൗണ്‍സലിലേക്കും എഴുതി ബോധിപ്പിച്ചാറെ മിഷണറിമാര്‍ നമ്മുടെ കര്‍ത്തവ്യത്തെ അതിക്രമിച്ചതുപ്രകാരമുള്ള അഴിമതികള്‍ ചെയ്തിരിക്കുന്നതിനാല്‍ അവര്‍ കുറ്റപ്പെട്ടിരിക്കുന്നു എന്നും അവരു ചെയ്തിരിക്കുന്ന അക്രമങ്ങള്‍ ഈ സംസ്ഥാനത്തുള്ള ലോക്കല്‍ ത്രിബുനാല്‍ കോര്‍ട്ടില്‍ വച്ച് വിസ്തരിക്കുന്നതിനും പള്ളി മതമര്യാദ ഉള്‍പ്പെട്ട കാര്യാദികള്‍ വ്യത്യാസം വരുത്തുന്നതിനു സുപ്രീംഗവര്‍ണര്‍ ജനറല്‍ക്കു പോലും ഏര്‍പ്പെടുവാന്‍ കഴിയുന്നതല്ലെന്നും 1836-മാണ്ടു വക 2010 നമ്പരിലും 1837-മാണ്ടു വക 183-ാം നമ്പരിലും 187-ാം നമ്പരിലും എഴുതിയ കല്‍പനകള്‍ നമുക്കു വന്നിരിക്കുന്നതിനാല്‍ നാം നിങ്ങളെ അറിയപ്പെടുത്തുന്നതു. ആഴ്ചതോറും മാസംതോറും കത്തങ്ങള്‍ മാറി മാറി വികാരിത്വം നടക്കുന്നതിനാല്‍ ദൈവകാര്യം ജനങ്ങളെ പഠിപ്പിക്കുന്നതിനും പള്ളി മത മര്യാദ ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിച്ചു നടത്തുന്നതിനും കത്തങ്ങള്‍ക്കു താല്‍പര്യകുറവായിട്ടു തീര്‍ന്നിരിക്കകൊണ്ട് അറിവും പഠിത്വവും പ്രാപ്തിയുമുള്ള കത്തങ്ങളെ തിരഞ്ഞെടുത്ത് വികാരിമാരായിട്ടു താമസിയാതെ എല്ലാ പള്ളികളിലും നിയമിച്ച് ചട്ടപ്പെടുത്തുന്നതാകകൊണ്ടു മേലെഴുതിയപ്രകാരം ഉള്ള അഴിമതികള്‍ നടക്കാതെയിരിക്കേണ്ടുന്നതിനു
ഒന്നാമത്, യാക്കോബായ സുറിയാനിക്കാരായ നമ്മളുടെ മതമര്യാദപ്രകാരം എല്ലാ പള്ളികളിലും നടന്നുവരുന്ന നോമ്പ്, നമസ്കാരം മുതലായ നന്മപ്രവൃത്തികളിലും പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും കത്തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നുകൊള്‍കയും ജനങ്ങളെ താല്‍പര്യപ്പെടുത്തികൊള്‍കയും
രണ്ടാമത്, മിഷണറിമാരുടെ മതത്തില്‍ ചേരുന്നവരെയും നമ്മളുടെ മതത്തിനു വിരോധമായി സംസാരിക്കുന്നവരെയും പള്ളിയില്‍ നിന്നു തിരിച്ചുകൊള്‍കയും
മൂന്നാമത്, അങ്ങിനെയുള്ള ആളുകള്‍ക്കു വിവാഹത്തിനു പെണ്‍ കൊടുക്കാതെയും അവരോടുകൂടെ യാതൊരു ഗുണദോഷത്തില്‍ കൂടാതെയും കൂട്ടാതെയും ഇരുന്നുകൊള്‍കയും
നാലാമത്, മിഷണറിമാര്‍ എങ്കിലും അവരുടെ മതത്തില്‍ ചേര്‍ന്നിട്ടുള്ള യാതൊരുത്തര്‍ എങ്കിലും നമ്മുടെ പള്ളിയില്‍ കയറി യാതൊരു കാര്യവും ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും ബലാല്‍ക്കാരമായിട്ടു ചെയ്യുന്നു എങ്കില്‍ ഉടന്‍ നമ്മെ എഴുതി ബോധിപ്പിച്ചുകൊള്‍കയും
അഞ്ചാമത്, മൂന്നുമ്മേല്‍ കുര്‍ബ്ബാന മുതലായ അടിയന്തിരങ്ങള്‍ക്കു വേറുവിട്ടു കത്തങ്ങള്‍ കൂടെ വേണമെന്നുണ്ടായിരുന്നാല്‍ അടുത്ത പള്ളികളില്‍ നിന്നും കത്തങ്ങളെ വരുത്തി അടിയന്തിരം കഴിച്ചുകൊള്ളുന്നതല്ലാതെ ഒരു പള്ളിയിലുള്ള കത്തങ്ങള്‍ മറുപള്ളികളില്‍ കയറി നമ്മുടെ അനുവാദം കൂടാതെ യാതൊരു കാര്യവും ചെയ്യാതെയും ചെയ്യിക്കാതെയും ഇരുന്നുകൊള്‍കയും വേണം.
ഇത് 1010-മാണ്ടു മീനമാസം 13-നു പുതുപ്പള്ളി പള്ളിയില്‍ നിന്നും എഴുത്ത്.

2

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ ........ പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
ബാഗ്ദാദില്‍ നിന്നും വന്നവരുടെ പക്കല്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കലേക്കു വേണ്ടുംപ്രകാരം എഴുത്ത് കൊടുത്ത് വേഗത്തില്‍ അയക്കണമെന്നു നാം നിശ്ചയിച്ചിരിക്കകൊണ്ട് അവര്‍ക്ക് ഇവിടെ നിന്നും ബാബേല്‍ എത്തുന്നതിനു മാത്രമുള്ള ചിലവ് ഇപ്പോള്‍ കൊടുത്ത് ഈ മാസം 15-ാം തീയതിക്കു ഉരുവില്‍ കയറത്തക്കവണ്ണം അയക്കുന്നതിനു അടിയന്തിരമാകയാല്‍ ആ പള്ളിയില്‍ നിന്നും 25 കലിയന്‍ ഈ വരുന്ന ആളിന്‍വശം കൊടുത്തയച്ച് ആ വസ്തുതയ്ക്കു എഴുതി വരികയും വേണം. ശേഷം വിവരം നിങ്ങള്‍ ഇവിടെ വരുമ്പോള്‍ പറകയും ചെയ്യാം.
1014-മാണ്ടു മീന മാസം 5-നു കായങ്കുളത്തു പള്ളിയില്‍ നിന്നും.

3

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
നമ്മുടെ ..... പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍.
പെരികെ പെരികെ ബഹുമാനപ്പെട്ടതും സ്തുതിക്കപ്പെട്ടതും സ്തുതികളാലെ പ്രഭല്ല്യപ്പെട്ടതും ദൈവീകത്തിനടുത്ത നന്മകള്‍ ഒക്കെയും നിറയപ്പെട്ടതുമായ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പന കഴിഞ്ഞ മീന മാസത്തില്‍ നമുക്കു വന്നതില്‍ 1001-മാണ്ടു ഇവിടെ വന്നുപോയ അത്താനാസ്യോസ് മെത്രാപ്പോലീത്താ മലയാളത്തു വഴക്കുകള്‍ ഉണ്ടാക്കിയ സംഗതിക്കും കുറ്റം ചൊല്ലി പിന്നീട് കല്‍ക്കിദൂനാക്കാരുടെ മതത്തില്‍ ചേര്‍ന്നതിനാല്‍ ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും സുന്നഹദോസില്‍ നിന്നും മഹറോനേല്‍ക്കപ്പെട്ടു എന്നും ആ വിവരം മലയാളത്തുള്ള ഇടവകകളില്‍ നാം അറിയിച്ചുകൊള്ളണമെന്നും കണ്ടിരിക്കകൊണ്ടും ഇനിമേല്‍ ആയാളിന്‍റെ നാമം കുര്‍ബ്ബാന, നമസ്കാരം മുതലായ ദൈവശുശ്രൂഷകളില്‍ ഓര്‍ക്കപ്പെടുകയും അരുത്.
1014-മാണ്ടു ഇടവമാസം 7-നു ചേപ്പാട്ടു പള്ളിയില്‍ നിന്നും എഴുത്തു.

4

മദ്രാസില്‍ ആലോചനസഭയില്‍ എത്രയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ സായിപ്പവര്‍കളുടെ സന്നിധാനത്തുങ്കലേക്കു മലയാളത്തുള്ള സുറിയാനിക്കാരുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുതി ബോധിപ്പിക്കുന്നത്.
എന്നാല്‍ മലയാളത്തിലുള്ള യാക്കോബായ സുറിയാനിക്കാരായ ഞങ്ങളുടെ മതമര്യാദകളുടെ അലശലുകളും പഠിത്വകുറച്ചിലും മറ്റും പൂര്‍ത്തി ആക്കി തരേണ്ടുന്നതിനായിട്ടും മലയാളത്തില്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്ത് അബ്രഹാം കത്തനാരും അയാളുടെ അനന്തിരവന്‍ മത്തായി ശെമ്മാശും വെറുംവിട്ടു ചില ആളുകളും കുറഞ്ഞോരു സംവത്സരം മുമ്പേ തന്നെ സുറിയാനി വേദത്തെയും മതമര്യാദകളെയും വിട്ടുപിരിഞ്ഞ് അവരുടെ സ്വയമ്പാല്‍ ചില പള്ളിക്രമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി നടന്നുവരുന്നതിനാല്‍ ആ വിവരം ബോധിച്ചിരിക്കേണ്ടുന്നതിനായിട്ടു ബഹുമാനപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു ഞങ്ങള്‍ എഴുതി അയച്ച് അവിടെനിന്നും മറുപടി വന്നിരിക്കുന്ന സംഗതിയിങ്കല്‍ ഈയാണ്ടു ഇടവമാസത്തില്‍ മേലെഴുതിയ മത്തായി ശെമ്മാശു ഇവിടെ വന്ന് പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ പോയിരുന്നു എന്നും മലയാളത്തിലേക്കു മെത്രാപ്പോലീത്തായായി അയാളെ ചട്ടംകെട്ടി സുസ്താത്തിക്കോനും കൊടുത്തയച്ചിരിക്കുന്നു എന്നും പറകയാല്‍ സുറിയാനി മതത്തില്‍ നിന്നും ഇയാളും ഇയാളുടെ കാരണവനും വേര്‍തിരിഞ്ഞ് നടന്നു വരികയും ആ വിവരത്തിനു എഴുതി അറിയിക്കയും ചെയ്തിരിക്കുമ്പോള്‍ അങ്ങനെ വരുവാന്‍ ഇടയില്ലെന്നും ഏതെങ്കിലും വ്യാജമുണ്ടെന്നും എങ്കിലും എല്ലാ പള്ളിക്കാരും കൂടി സുസ്താത്തിക്കോന്‍ കണ്ട് വ്യാജം തെളിയിച്ച് കൊള്ളാമെന്നും നിശ്ചയിച്ച് ഞാനും പള്ളിക്കാരും ഇപ്പോള്‍ മെത്രാനായിട്ടു വന്നിരിക്കുന്ന ആളും കഴിഞ്ഞമാസം 10-നു ഈ പള്ളിയില്‍ എത്തിയാറെ കുറഞ്ഞോരു സംവത്സരമായിട്ടു സുറിയാനി മത മര്യാദയില്‍ നിന്നും അയാള്‍ വേര്‍തിരിഞ്ഞ് വേര്‍പെട്ട് ഇംഗ്ലീഷ് മതത്തില്‍ നടന്നുവരുമ്പോള്‍ പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെല്ലുവാനും സ്ഥാനം ഏല്‍പ്പാനും എന്തെന്നു ചോദിച്ചാറെ ആയതിനു ഉത്തരം പറയാതെയും സുസ്താത്തിക്കോന്‍ എടുത്തു കാണണമെന്നു പറഞ്ഞാറെ കാണിക്കാതെയും പോയിരിക്കുന്നതും പിന്നീട് വിചാരിച്ചാറെ സുറിയാനി മതത്തില്‍ നിന്നും ഇയാള്‍ വേര്‍പിരിഞ്ഞ് പോയ വിവരം പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ എഴുതി അയച്ചിരിക്കുന്നതിനാല്‍ ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരെന്നും, മത്തായി എന്ന പേരായിരിക്കുമ്പോള്‍ മത്തിയൂസെന്നും ആള്‍മാറ്റമായിട്ടു ബോധിപ്പിച്ച് സ്ഥാനം ഏറ്റിരിക്കുന്നു എന്നും അയാള്‍ കൊണ്ടുവന്നിരിക്കുന്ന സുസ്താത്തിക്കോനില്‍ പല വെട്ടിത്തിരുത്തും ചുരണ്ടി എഴുത്തും ഉണ്ടെന്നും അതിനാല്‍ കാണിക്കാതെ കൊണ്ടുപോയിരിക്കുന്നു എന്നും സൂക്ഷ്മമായിട്ടു കേള്‍ക്കുന്നതും ഇയാളുടെ ദുര്‍നടപ്പിന്‍റെ വിവരം പാത്രിയര്‍ക്കീസിനു എഴുതി അയച്ചിരിക്കുമ്പോള്‍ ഒരു പ്രകാരത്തിലും ഇയാളെ മെത്രാനായിട്ടു ആക്കി അയപ്പാന്‍ ഇടയില്ലാത്തതും എന്‍റെ പേര്‍ക്കു തിരുവിതാംകൂര്‍ - കൊച്ചി ഈ രണ്ട് സംസ്ഥാനത്തും നിന്നും വിളംബരം പ്രസിദ്ധപ്പെടുത്തി നടന്നുവരുമ്പോള്‍ ഇങ്ങനെയുള്ള വ്യാജങ്ങള്‍ ചെയ്ത് തൊന്തരവുകള്‍ ഉണ്ടാക്കുന്ന സംഗതിക്കു രണ്ടു സംസ്ഥാനത്തെയും റെസിഡണ്ട് സായിപ്പവര്‍കള്‍ക്കും ദിവാന്‍ജി അവര്‍കള്‍ക്കും എഴുതി അയച്ചിരിക്കുന്നതു കൂടാതെ ഈ വിവരത്തിനു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനു ഉടനെ എഴുതി അയക്കുന്നതും ആകയാല്‍ ഇങ്ങനെയുള്ള ചെയ്തികള്‍ കൊണ്ടുനടന്ന് എന്‍റെ വിചാരത്തില്‍ ഉള്‍പ്പെട്ട പള്ളികളില്‍ തന്നിതങ്ങളും കലഹങ്ങളും വേദവിപരീതങ്ങളും ഉണ്ടാക്കാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടംകെട്ടി തരുന്നതിനു ഗവണ്മെന്‍റിലെ കൃപാകടാക്ഷമുണ്ടായിട്ടു റെസിഡണ്ട് സായിപ്പ് അവര്‍കള്‍ക്കു കല്‍പന കൊടുത്തയച്ച് എന്നെയും എന്‍റെ വിചാരത്തില്‍ ഉള്‍പ്പെട്ട സുറിയാനിക്കാരെയും രക്ഷിച്ചുകൊള്ളുമാറാകണമെന്നു ഏറ്റവും സങ്കടത്തോടുകൂടെ ഞാന്‍ അപേക്ഷിക്കുന്നു.
എന്‍റെ സങ്കടം താങ്കളുടെ അടുക്കല്‍ എത്തി റെസിഡണ്ട് സായിപ്പ് അവര്‍കള്‍ക്കു കല്‍പന കൊടുത്തയയ്ക്കുന്ന വിവരത്തിനു മറുപടി കല്‍പന വന്നു കിട്ടി കാണ്മാന്‍ വീണ്ടും താങ്കളുടെ ബഹുമാനത്തോടു ഞാന്‍ അപേക്ഷിക്കുന്നു.
എന്ന് 1843 കന്നി മാസം 7-നു കണ്ടനാട് പള്ളിയില്‍ നിന്നും.

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...