Tuesday, August 14, 2018

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ (1911 സെപ്റ്റംബര്‍ 7)

224. മേല്‍ 217-ാം വകുപ്പില്‍ പറയുന്നപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരമുള്ള പൊതുയോഗം 1087 ചിങ്ങം 22-നു 1911 സെപ്റ്റംബര്‍ 7-നു വ്യാഴാഴ്ച കോട്ടയം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. തെക്കന്‍ പള്ളിക്കാര്‍ എല്ലാവരും വടക്കരില്‍ ഏതാനും പള്ളിക്കാരും ഉണ്ടായിരുന്നു. ആകെ ഇരുന്നൂറില്‍ അധികം പള്ളിക്കാര്‍ ഉണ്ടെന്നാണ് പറയുന്നത്. മെത്രാപ്പോലീത്തായുടെ അഗ്രാസനത്തിന്‍കീഴു യോഗം നടത്തി. സെമിനാരി ട്രസ്റ്റികളായ കോനാട്ട് മല്പാന്‍, സി. ജെ. കുര്യന്‍ ഇവരെ നീക്കി പകരം പാലപ്പള്ളില്‍ പൗലോസ് കത്തനാരെയും കോട്ടയത്തു പുത്തനങ്ങാടിയില്‍ ചിറക്കടവിലായ വളഞ്ഞാറ്റില്‍ അബ്രഹത്തിനെയും ട്രസ്റ്റികളായി നിയമിച്ചു. മേല്‍ 216-ാം വകുപ്പിലെ മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങളെയെല്ലാം സ്ഥിരപ്പെടുത്തി. മുടക്കു കല്പന സ്വീകരിക്കാന്‍ പാടില്ലെന്നു നിശ്ചയിച്ചു. സെക്രട്ടറിയായി കെ. വി. ചാക്കോ ബി.എ.,എല്‍.റ്റി. യെ സ്ഥിരപ്പെടുത്തി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് സ്വീകരിക്കണ്ട എന്നും അദ്ദേഹം ശപിക്കപ്പെട്ടവനാണെന്നും മറ്റും വിവരിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ദീവന്നാസ്യോേസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരു കല്പന ഈ യോഗത്തിനു രണ്ടു ദിവസം മുമ്പു വരികയും യോഗത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ആലുവാ യാക്കോബായ പള്ളി പ്രതിപുരുഷയോഗം (1911)

223. മേല്‍ 218-ാം വകുപ്പില്‍ പറയുന്നപ്രകാരം 1087 ചിങ്ങം 14-നു ബുധനാഴ്ച പള്ളിക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടി. വടക്കന്‍ പള്ളിക്കാര്‍ മിക്കവാറും ഉണ്ടായിരുന്നു. തെക്കു നിന്നു നാലാറു പള്ളികളില്‍ നിന്നു മാത്രം ചിലര്‍ ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അഗ്രാസനം വഹിച്ചു. 14-നു ബുധനാഴ്ച പള്ളിക്കാരുടെ സമ്മതപത്രം വാങ്ങിക്കയും ബാവാ പ്രസംഗിക്കയും ചെയ്തു. അടുത്ത ദിവസമായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊണ്ടു യോഗം അവസാനിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി അസോസിയേഷനെ പരിഷ്ക്കരിച്ചതാണ് യോഗത്തിലെ പ്രധാന നടപടി. പള്ളികളില്‍ നിന്നു അധികാരപ്പെടുത്തി അയക്കുന്നവരുടെ യോഗം പൊതുയോഗമെന്നും പൊതുയോഗം തിരഞ്ഞെടുക്കുന്നവരായി 32 പട്ടക്കാരും 64 അയ്മേനികളും ട്രസ്റ്റികളും മെത്രാന്മാരും ചേരുന്ന യോഗം അസോസിയേഷന്‍ എന്നും ഇവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരായി 4 പട്ടക്കാരും 24 അയ്മേനികളും ചേര്‍ന്ന യോഗം മാനേജിംഗ് കമ്മിറ്റിയായും സഭാഭരണത്തിന്‍റെ ഘടന നിശ്ചയിച്ചു. കമ്മിറ്റി പ്രസിഡണ്ടും മലങ്കര മെത്രാപ്പോലീത്തായുമായി മാര്‍ പൗലോസ് കൂറിലോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. അസോസിയേഷന്‍ മെമ്പറന്മാരെ പൊതുയോഗം തിരഞ്ഞെടുക്കണം. ഭരണാധികാരം അസോസിയേഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മിറ്റിക്കു ചില്ലറ സംഗതികള്‍ അല്ലെങ്കില്‍ ....... മാത്രം ചെയ്യാനേ അധികാരമുള്ളു. മെത്രാന്മാരുടെ തീരുമാനത്തിന്‍റെ അപ്പീല്‍ അസോസിയേഷനില്‍ ഉണ്ട്. പാത്രിയര്‍ക്കീസ് ബാവായുടെ അധികാരത്തെക്കുറിച്ചു ചെയ്തിട്ടുള്ള നിശ്ചയം ഇപ്രകാരമാണ്: "മെത്രാന്മാരും പട്ടക്കാരും മറ്റു ഭരണക്കാരും പള്ളികളിലും ജനങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നുണ്ടോ എന്ന് അന്വേഷിപ്പാനും ശരിയല്ലെങ്കില്‍ ശരിപ്പെടുത്തി തീരുമാനിക്കാനും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേയ്ക്കു മുമ്പിനാലെ ഉള്ള അധികാരം എപ്പോഴും ഇന്നും ഉണ്ടായിരിക്കേണ്ടതു മലങ്കരസഭയുടെ ക്ഷേമത്തിനു ആവശ്യമാണെന്നു ഈ യോഗം നിശ്ചയിച്ചു" ഇങ്ങനെയാണ്. ഒസ്താത്യോസ് (അന്ത്യോഖ്യാ പ്രതിനിധി) ബാവായ്ക്കുള്ള അധികാരം റെശീസാ പിരിക്കുക, അന്ത്യോഖ്യായ്ക്കു എഴുത്തുകുത്തു ചെയ്ക മുതലായതു മാത്രമായിട്ടാണ് ഈ യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗനിശ്ചയം ശരിയായി കോടതി സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സെമിനാരി വട്ടശ്ശേരില്‍ തിരുമേനിക്ക് നടത്തി കൊടുക്കുന്നു (1911)

222. മേല്‍ 220-ാം വകുപ്പില്‍ പറയുന്ന സമരി കേസ് 187 ചിങ്ങം 19-നു 1911 സെപ്റ്റംബര്‍ 4-നു കോട്ടയം ഡിവിഷ്യന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു ഗുണമായും അദ്ദേഹത്തിന്‍റെ കൈവശം സ്ഥാപിച്ചും വിധി പ്രസ്താവിച്ചിരിക്കുന്നു. അടുത്ത ദിവസം ഉത്തരവുംപ്രകാരം സെമിനാരിയുടെ മുദ്ര എടുത്തു മെത്രാപ്പോലീത്തായ്ക്കു കൈവശപ്പെടുത്തി കൊടുത്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Friday, August 10, 2018

പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാലം ചെയ്യുന്നു (1913)

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും അവിടെ വച്ചു നീസോന്‍ മാസം 19-നു 1088 മേടം 20-നു വെള്ളിയാഴ്ച (മെയ് മാസം 2-നു) കാലം ചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയോസ് യൂയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാനും പോയിരുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ ദീര്‍ഘദര്‍ശനങ്ങള്‍ / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്



200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം കാണ്മാന്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പോയിരുന്നു. ആ യാത്രയ്ക്കു വട്ടംകൂട്ടിയപ്പോള്‍ (മുറിമറ്റത്തു) മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം കല്പിക്കയുണ്ടായി. തീത്തോസിനെ കാണ്മാന്‍ പോകാന്‍ ഇപ്പോള്‍ ധൃതി വെച്ചിട്ടു കാര്യമില്ല. അയാള്‍ ഈയിടെ മരിക്കയില്ല. പാത്രിയര്‍ക്കീസ് ബാവാ ഇവിടെത്തുമ്പോള്‍ ഇസ്രായേലിനു പെസഹായും മിസ്രേംകാര്‍ക്കു കടിഞ്ഞൂല്‍ പുത്രന്മാരുടെ മരണവുമായിരിക്കും. അന്നേ അയാള്‍ മരിക്കത്തൊള്ളു. ഇങ്ങനെ ഒരു വാക്ക് മാര്‍ ഈവാനിയോസ് അന്നു പറഞ്ഞിരുന്നതു അക്ഷരപ്രകാരം ഒത്തിരിക്കുന്നു. ഇതൊരാശ്ചര്യം തന്നെ. 

234. മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞ ഒരു ദീര്‍ഘദര്‍ശനത്തിന്‍റെ നിവര്‍ത്തി മേല്‍ 200-ാം വകുപ്പില്‍ എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം ഈയ്യിടെ പറഞ്ഞ വേറൊരു ദീര്‍ഘദര്‍ശനം താഴെ ഓര്‍മ്മയ്ക്കായി പകര്‍ത്തുന്നു. 1087 വൃശ്ചിക മാസത്തില്‍ അദ്ദേഹം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരെഴുത്തില്‍ പാമ്പാക്കുട കോനാട്ട് കഴിഞ്ഞുപോയ അബ്രഹാം മല്പാനും യോഹന്നാന്‍ മല്പാനും സുറിയാനി സഭയ്ക്കു വളരെ ദോഷം ചെയ്തവരാണെന്നും ആ കുടുംബത്തില്‍ ഇപ്പോള്‍ ഉള്ള മാത്തന്‍ മല്പാന്‍ അവരെപ്പോലെ തന്നെ ഈ സഭയെ വളരെ ഉപദ്രവിക്കുന്നു എന്നും ഈ മാത്തന്‍ മല്പാന്‍ 39 മാസവും പത്തു ദിവസവും തികയുന്നതിനകം മരിച്ചുപോകുമെന്നും പാമ്പാക്കുട പള്ളി മാരാമണ്‍ പള്ളി ഇടിഞ്ഞുവീണതുപോലെ ഇടിഞ്ഞു വീഴുമെന്നും എഴുതിയിരിക്കുന്നു. ഓര്‍മ്മയ്ക്കായി ഇതെഴുതുന്നു. ഇതുപോലെ തന്നെ വേറെയും ചില ദീര്‍ഘദര്‍ശനങ്ങള്‍ അദ്ദേഹം ബലമായി പറയുന്നു. അതായത് കൂറിലോസ് മെത്രാച്ചന്‍ കുരുടനാകുമെന്നും സി. ജെ. കുര്യന് പല കുടുംബനാശങ്ങള്‍ വരുമെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ സിംഹാസനം പ്രാപിക്കയില്ല എന്നും മറ്റുമാണ്. ഇതിന്‍റെ ഒക്കെയും ഫലം കാണ്മാന്‍ ഇത് എഴുതുന്നു എന്നേ ഉള്ളു.

265. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു കണ്ണു കാണാനും ചെവി കേള്‍ക്കാനും പാടില്ലാത്തവിധത്തില്‍ പൂനിക്കിയില്‍ താമസിക്കുന്നു എന്നു അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുകള്‍ വന്നിരിക്കുന്നതായി ആ കൂട്ടര്‍ പറയുന്നു. വാസ്തവം ദൈവത്തിനറിയാം.

274. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ പൂനിക്കിയില്‍ താമസിക്കയായിരുന്നല്ലോ. ഇദ്ദേഹത്തെയും പാത്രിയര്‍ക്കാ സ്ഥാനത്തില്‍ നിന്നു മര്‍ദ്ദീനിലെ മജിലിസ് (കമ്മിറ്റിക്കാര്‍) നീക്കി സഭാകാര്യം അന്വേഷിപ്പാന്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഈവാനിയോസ് എന്ന രണ്ടു മെത്രാന്മാരെ നിയമിച്ചിരിക്കുന്നു എന്ന് 1913 ജൂലൈ 19-ലെ മലയാള മനോരമയില്‍ ഒരു മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടിയ അറിവ് എവിടെ നിന്നെന്നും പറഞ്ഞിട്ടില്ല.

284. തുറബ്ദീനില്‍ മാര്‍ അബ്ദല്‍ ആഹാദ് പീലക്സിനോസ് എന്നു പേരായ ഒരു മെത്രാന്‍റെ എഴുത്ത് 1914 ഇടവ മാസത്തില്‍ വന്നതില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ കണ്ണുകള്‍ പോയി എന്നും അകത്തും വെളിക്കും ഇറക്കുന്നതു കൈയ്ക്കു പിടിച്ചു വേണമെന്നും പറഞ്ഞിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇടവഴിക്കല്‍ ഡയറി






1835 - 1875 കാലഘട്ടത്തില്‍ മലങ്കരസഭയില്‍ നിന്നും അന്ത്യോഖ്യന്‍ സഭയുമായി കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്ന ഫീലിപ്പോസ് കത്തനാര്‍, മകന്‍ ഫീലിപ്പോസ് കോറി എന്നിവരുടെയും ഫീലിപ്പോസ് കത്തനാരുടെ മറ്റൊരു പുത്രനായ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്, ഫീലിപ്പോസ് കത്തനാരുടെ മറ്റൊരു പുത്രനായ മാത്തുവിന്‍റെ മകന്‍ മലങ്കരസഭ കണ്ട ഏറ്റവും പ്രഗത്ഭനായ അസോസിയേഷന്‍ സെക്രട്ടറി ഇ. എം. ഫിലിപ്പോസ്, അദ്ദേഹത്തിന്‍റെ മകന്‍ ഇ. പി. മാത്യു എന്നിവരുടെയും മലങ്കരസഭാ ചരിത്ര പ്രധാനമായ ‍‍ഡയറിക്കുറിപ്പുകള്‍. 1845-1920 കാലത്തെ കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിന്‍റെ ദൃക്സാക്ഷി വിവരണം.

Saturday, August 4, 2018

ഒരു ധര്‍മ്മക്കാരന്‍റെ വരവ് (1869)

37. ഗാലത്തിയാ എന്ന നാട്ടില്‍ കപ്പൂര്‍ത്ത എന്ന ദിക്കുകാരന്‍ ബഹനാം എന്ന ഒരു സുറിയാനിക്കാരന്‍ ധര്‍മ്മത്തിനായിട്ടു പാത്രിയര്‍ക്കീസ് ബാവായുടെ ഒരു കല്പനയും കൊണ്ടുവരികയും 1869 മത് ധനു മാസം 4-നു പാലക്കുന്നന്‍ മണര്‍കാട് പള്ളിയില്‍ ഇരിക്കുമ്പോള്‍ അവന്‍ അവിടെ ചെന്നു കല്പന കടലാസ് കാണിച്ചാറെ അയാള്‍ അത് വാങ്ങിച്ചു അതിന്മേല്‍ തുപ്പുകയും കാലുകൊണ്ടു ചവിട്ടുകയും ആസനത്തില്‍ വച്ച് തൂക്കുകയും പാത്രിയര്‍ക്കീസ് ഞാന്‍ തന്നെ എന്നും മറ്റും വളരെ നാട്യങ്ങള്‍ സംസാരിക്കുകയും ചെയ്ത് അവനു യാതൊരു സഹായവും ചെയ്യാതെ കല്പന കടലാസ് തിരികെ കൊടുക്കയും ചെയ്തു. അതിനാല്‍ അവന്‍ ആ കല്പന കടലാസും മാര്‍ കൂറിലോസ് ബാവായുടെ ഒരു സാധനവും കൊണ്ടു പള്ളികളില്‍ സഞ്ചരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...