Friday, December 17, 2021

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയും നാട്ടുചികിത്സയും ഇവിടെ ധാരാളം ചെയ്തശേഷം മദ്രാസില്‍ പോയി ഇംഗ്ലീഷ് ചികിത്സ ചെയ്തു. എങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല. കുറെ മൂത്തപ്പോള്‍ അദ്ദേഹം പാണമ്പടിക്കല്‍ വരികയും അവിടെ വച്ചും പല ചികിത്സകള്‍ ചെയ്തെങ്കിലും ദീനം ഒന്നിനൊന്നിനു വര്‍ദ്ധിക്കുകയാണ് ചെയ്തത്. കുറെ മാസങ്ങള്‍ ഇങ്ങനെ കിടന്നശേഷം 1917 ഡിസംബര്‍ 14-നു ഇരുപത്തിയഞ്ചു നോമ്പിന്‍റെ ആദ്യദിവസം സമാധാനത്താലെ കാലം ചെയ്തു. ഇദ്ദേഹത്തിന്‍റെ മരണകിടക്കയില്‍ വടക്കര്‍ മിക്ക പള്ളിക്കാരും ഇദ്ദേഹത്തെ വന്നു കണ്ടു കൈമുത്തുകയും അനുഗ്രഹങ്ങള്‍ വാങ്ങിക്കയും ചെയ്തു. മരണം ആസന്നമായതോടുകൂടി നി.വ.ദി.ശ്രീ. മാന്മാരായ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്നിവര്‍ പാണമ്പടിക്കല്‍ വന്നു താമസിച്ചുകൊണ്ടു വേണ്ട ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരുന്നു. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍ വലിയപള്ളിയില്‍ നിന്നു കൂടെക്കൂടെ പാണമ്പടിക്കല്‍ പോയി അന്വേഷിച്ചുകൊണ്ടുമിരുന്നു. മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് എത്രയും ഹൃദയംഗമായവിധത്തില്‍ ഒരു അന്ത്യകല്പന എഴുതി എല്ലാ പള്ളിക്കാര്‍ക്കും അയച്ചു കൊടുത്തു. ശവസംസ്കാരം മൂന്ന് മെത്രാന്മാരും അനേകം പട്ടക്കാരും ശെമ്മാശന്മാരും കൂടി 14-നു നാലു മണിയോടുകൂടി ഭംഗിയായി കഴിച്ചുകൂട്ടി. പാണമ്പടിക്കല്‍ പള്ളിയുടെ വടക്കുവശത്തു ഭിത്തിയോടു ചേര്‍ത്താണ് അടക്കിയത്. ഇദ്ദേഹം വലിയ ലുബ്ധനായിരുന്നുവെങ്കിലും ഭക്തനും സമര്‍ത്ഥനുമായിരുന്നു. പുറമെ അധികമൊന്നും ഭാവിക്കാത്ത ആളായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യം അടുത്തു പരിചയിച്ചിട്ടുള്ളവര്‍ക്കേ മനസ്സിലായിട്ടുള്ളു. കോട്ടയം പഴയസെമിനാരി പള്ളിയും പുരയിടവും ഇപ്പോഴത്തെ സ്ഥിതിയിലായതു ഇദ്ദേഹത്തിന്‍റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്. തിരുവനന്തപുരം പള്ളി ഇദ്ദേഹത്തിന്‍റെ നിത്യസ്മാരകമാണ്. വേറെയും പല പള്ളികള്‍ ഇദ്ദേഹത്തിന്‍റെ ഉത്സാഹംകൊണ്ടു പണിയപ്പെട്ടിട്ടുണ്ട്. അന്ത്യോഖ്യാ സിംഹാസനത്തോടു വളരെ ഭക്തിയുള്ള ആളായിരുന്നു. നോമ്പ്, നമസ്കാരം മുതലായ സഭയുടെ കല്പനകളെ കൃത്യമായി അനുഷ്ഠിക്കുന്നതില്‍ വലിയ നിര്‍ബന്ധക്കാരനായിരുന്നു. പറയത്തക്ക ദൂഷ്യങ്ങളൊന്നും ഇദ്ദേഹത്തിലില്ലായിരുന്നു. പാണമ്പടിക്കല്‍ പള്ളിക്കാര്‍ ഇദ്ദേഹത്തിന്‍റെ കബര്‍ വളരെ ഭംഗിയായി കെട്ടിക്കയും അതിരിക്കുന്ന വശത്തു ഒരു വരാന്ത പള്ളിയില്‍ നിന്നു ചാര്‍ത്തി കെട്ടുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ മുപ്പതാം ദിവസം അടിയന്തിരം പല പള്ളിക്കാരുടെ ചെലവില്‍ 1918 ജനുവരി 15-നു വളരെ ഭംഗിയായി കഴിഞ്ഞുകൂടി. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, October 1, 2020

കോനാട്ട് കോര മാത്തന്‍ കത്തനാര്‍ മരിച്ചു (1927 നവംബര്‍ 8)


120. പാമ്പാക്കുട കോനാട്ട് കോര മാത്തന്‍ കത്തനാര്‍ 1103 തുലാം 22-നു (1927 നവംബര്‍ 8) സ്വഭവനത്തില്‍ വച്ചു മരിച്ചു. ഒരു എലി കടിച്ചതില്‍ ഉണ്ടായ സുഖക്കേട് വര്‍ദ്ധിച്ചതാണ് മരണത്തിനു കാരണം. തലേ കന്നി 3-നു ഞാന്‍ അദ്ദേഹത്തെ സ്വഭവനത്തില്‍ ചെന്നു കണ്ടു. സുറിയാനി, മലയാളം എന്നീ ഭാഷകളില്‍ നല്ല വ്യുല്‍പത്തി ഉണ്ടായിരുന്നു. മിക്ക സുറിയാനി പള്ളിക്രമങ്ങളും അദ്ദേഹത്തിന്‍റെ വകയായ പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ്സില്‍ അച്ചടിച്ചു മലയാളത്തെ പള്ളിക്രമപുസ്തക ദാരിദ്ര്യം നീക്കി. ഇത് ഒരു വലിയ സേവനമായിരുന്നു. പാമ്പാക്കുട പ്രസ്സില്‍ നിന്നു ജീവനിക്ഷേപം എന്നൊരു മാസിക മലയാളത്തിലും സീമത്ഹായെ എന്നൊരു മാസിക സുറിയാനിയിലും അദ്ദേഹം വളരെനാള്‍ പ്രയോജനകരമായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു വലിയ സമുദായാഭിമാനിയും മലങ്കരസഭയിലെ വൈദിക ട്രസ്റ്റിയുമായിരുന്നു. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യ ആശ്വാസം കൊടുക്കട്ടെ.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Monday, August 17, 2020

ഗാന്ധിജിയുടെ കോട്ടയം സന്ദര്‍ശനം: ഓര്‍മ്മകള്‍ / ഇ. പി. മാത്യു ഇടവഴിക്കല്‍


1100 മീനം 2-നു (1925 മാര്‍ച്ച് 15) മഹാത്മാഗാന്ധി എന്ന ലോകപ്രസിദ്ധ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് കോട്ടയത്തു വരികയും അന്ന് വൈകുന്നേരം ആറു മണിക്കു പബ്ലിക്കിന്‍റെ വകയായി ഒരു മംഗളപത്രം സമര്‍പ്പിക്കുകയും അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഞാനും ആ യോഗത്തിനു പോയിരുന്നു. അദ്ദേഹം പതിവുപോലെ അര്‍ദ്ധനഗ്നനായിട്ടാണ് യോഗത്തില്‍ വന്നത്. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം

ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം

ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം യൂറോപ്പില്‍ ആരംഭിച്ചു ഇന്ത്യായിലേക്കു പരന്നു തിരുവിതാംകൂര്‍ നിറഞ്ഞിരിക്കുന്നു. ഇത് ഒരുതരം പനിയാണ്. മൂന്നുനാലു ദിവസത്തേക്കു മാത്രമേ പനി സാധാരണ കാണുകയുള്ളു. പനി വിടുന്നയുടനെ കുളിച്ചാല്‍ നിശ്ചയമായും പനി വീണ്ടും വരികയും മരിക്കയും ചെയ്യും. പനി വിട്ടു രണ്ടുമൂന്നു ആഴ്ച കഴിഞ്ഞിട്ടു          കുളിക്കാമെങ്കില്‍ ദോഷമൊന്നുമില്ല. ഈ പനിയുടെ കൂടെ ന്യൂമോണിയ വന്നാല്‍ രക്ഷപെടാന്‍ പ്രയാസം. പനി ഭേദമായാലുടന്‍ ഉണ്ടാകുന്ന ക്ഷീണം അതി കഠിനം. ഇത് വായുവില്‍ കൂടി പകരുന്നതാകകൊണ്ടു ഒരു പ്രദേശത്തു വന്നാല്‍ ക്ഷണനേരംകൊണ്ടു അവിടെയുള്ള എല്ലാവര്‍ക്കും ഉണ്ടാകും. 94 ചിങ്ങത്തില്‍ കോട്ടയത്തു വന്ന കൂട്ടത്തില്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഒരുപോലെ വന്നു. ഈ സമയത്തു ഞാന്‍ ചിങ്ങവനം തെക്കേപ്പള്ളിമുറിയില്‍ താമസിച്ചു ബി.എല്ലിനു പഠിക്കയായിരുന്നു. എനിക്കും അവിടെ വച്ചു ദീനം പിടിപെട്ടു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഇവിടെയും എല്ലാവരും ദീനമായി കിടക്കയായിരുന്നു. ദൈവകൃപയാല്‍ വലിയ ഉപദ്രവമൊന്നും കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും ദീനം സുഖമായി. സുഖക്കേട് എല്ലാവര്‍ക്കും വന്നതുകൊണ്ടു വളരെ കഷ്ടപ്പെട്ടതു മാത്രമേയുള്ളു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)

Monday, March 11, 2019

ശെമവൂന്‍ മാര്‍ അത്താനാസ്യോസ്


49. ഇതിന്‍റെ ശേഷം ബഹു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളുടെ കല്പനയാലെ മാര്‍ അത്താനാസ്യോസ് ശെമവൂന്‍ മെത്രാപ്പോലീത്താ എന്ന ദേഹം 1880-മാണ്ട് വൃശ്ചിക മാസം 30-നു ബോംബെയില്‍ എത്തി അവിടെ നിന്നും തീവണ്ടി വഴിയായി മദ്രാസില്‍ ചെന്ന് ബഹു. ഗവര്‍ണര്‍ സായ്പ് അവര്‍കളെ കണ്ടു മലയാളത്തുള്ള പള്ളികളില്‍ സഞ്ചരിക്കുന്നതിനു പാസ്പോര്‍ട്ടും വാങ്ങിക്കൊണ്ടു 1881-മാണ്ട് മകര മാസം 1-നു 1056-മാണ്ട് മകര മാസം 2-നു വ്യാഴാഴ്ച കൊച്ചിയില്‍ എത്തുകയും ചെയ്തു. കൂടെ സ്ലീബാ എന്നു പേരായ ഒരു ശെമ്മാശും (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ് - എഡിറ്റര്‍) ഉണ്ട്. ഉടനെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായും എത്തി ഒരുമിച്ചു കൊച്ചിയില്‍ താമസിക്കുന്നു. ഇപ്പോള്‍ വന്ന അത്താനാസ്യോസ് ശെമവൂന്‍ എന്ന ഈ ബാവാ മുന്‍ രണ്ടാം പുസ്തകം 89-ാം ലക്കത്തിലും പിന്നാലെയും പറയുന്ന മാര്‍ അത്താനാസ്യോസ് സ്തേഫാനോസ് എപ്പിസ്കോപ്പായോടു കൂടെ 1849-മാണ്ട് കുംഭ മാസം 3-നു കൊച്ചിയില്‍ വന്നിറങ്ങി മലയാളത്തു താമസിച്ചു തിരിച്ചുപോയ ശെമവൂന്‍ റമ്പാന്‍ ആകുന്നു. ഈ ദേഹം വന്നതിന്‍റെ പ്രധാന താല്‍പര്യം പാത്രിയര്‍ക്കീസ് ബാവായ്ക്കു ചെല്ലുവാനുള്ള റെശീസാ പിരിച്ചയക്കുന്നതിനു വേണ്ടിയാകുന്നു. ഇവിടത്തെ മെത്രാന്മാര്‍ക്കും പള്ളിക്കാര്‍ക്കും ആയിട്ട് പാത്രിയര്‍ക്കീസ് ബാവാ കൊടുത്തയച്ച കല്പനകള്‍ മകരം 30-നു വെട്ടിക്കല്‍ ദയറായില്‍ വച്ച് മെത്രാന്മാര്‍ക്കു കൊടുത്തു.  

54. മുന്‍ 49-മത് ലക്കത്തില്‍ പറയുന്ന അത്താനാസ്യോസ് ശെമവൂന്‍ ബാവാ വടക്കുള്ള പള്ളികളില്‍ സഞ്ചരിച്ചു പിരിച്ചുണ്ടായ റിശീസാ പണം 1882 മേട മാസത്തില്‍ കൊച്ചിയില്‍ വച്ച് ബോംബേയില്‍ ദാവീദ് സാസൂന്‍ മുഖാന്തിരം പാത്രിയര്‍ക്കീസ് ബാവായ്ക്കു കൊടുത്തയച്ചു. ആദ്യം കൊടുത്തയച്ചത് ആയിരം രൂപാ ആയിരുന്നു. കൊച്ചിയില്‍ നിന്നും തെക്കേ പള്ളികളില്‍ സഞ്ചരിച്ചു റിശീസാ പിരിച്ചു വരുന്നു. 

93. നാലാം പുസ്തകം 49-ാം ലക്കത്തില്‍ പറയുന്നതും 1056 മകര മാസത്തില്‍ മലയാളത്തു വന്ന ആളുമായ മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവായ്ക്കു മൂന്നു മാസത്തോളം കാലം വയറ്റിലും കാലിലും നീരായി രോഗത്തില്‍ കിടന്ന ശേഷം 1889 ജൂണ്‍ 11-നു 1064-മാണ്ടു ഇടവം 30-നു ചൊവ്വാഴ്ച പകല്‍ 11 മണിക്കു കോട്ടയത്തു സെമിനാരിയില്‍ വച്ച് കാലം ചെയ്തു. മരണസമയം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. അടുത്ത ദിവസമാകുന്ന ബുധനാഴ്ച സമീപമുള്ള പള്ളിക്കാര്‍ കൂടി ഒരുമിച്ച് ആഘോഷമായി കോട്ടയത്തു പുത്തന്‍പള്ളിയില്‍ വടക്കേ റാന്തലില്‍ കബറടക്കം ചെയ്തു. ഈ ദേഹം 1849-ല്‍ റമ്പാനായി മലയാളത്തു വന്നു താമസിച്ചു മടങ്ങിപോകയും പിന്നീട് 1881-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ എപ്പിത്രോപ്പാ എന്ന അധികാരത്തില്‍ മെത്രാനായി വന്നു മലയാളത്തു മരണത്തോളം താമസിക്കയും ചെയ്ത ആള്‍ ആണ്. ഈ ദേഹം ഒരു നല്ലവനും പരമാര്‍ത്ഥിയും ദ്രവ്യാഗ്രഹം ഇല്ലാത്തവനും സ്നേഹശീലനും കോപം ഇല്ലാത്തവനും സാധുവും ആയിരുന്നു. കാര്യത്രാണിയും മലയാളസൂത്രങ്ങളും കുറവുള്ളവന്‍ ആയിരുന്നു എങ്കിലും തന്നെ ഏല്പിക്കപ്പെട്ട സ്ഥാനത്തെ സത്യത്തോടെ വഹിച്ചവന്‍ ആയിരുന്നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എഴുതിയതില്‍ നിന്നും; മലങ്കരസഭാ ചരിത്രരേഖകള്‍, എഡി. ജോയ്സ് തോട്ടയ്ക്കാട്, സോഫിയാ ബുക്സ്, കോട്ടയം, 2019, പേജ് 222-223)

Monday, March 4, 2019

മാണിക്യവാചരുടെ വരവ്


മാലിയാംകരയിലും കോട്ടകായലിലും ഗോക്കമങ്ങലത്തും നിരണത്തും ചായലിലും കൊരക്കേണി കൊല്ലത്തും പാലൂരും ഈ ഏഴു ദിക്കില്‍ കുരിശുംവച്ച് ആകെ ............ പരുഷം മലനാട്ടില്‍ തന്നെ സഞ്ചരിക്കയും ചെയ്തു. പിന്നത്തേതില്‍ മാര്‍ത്തോമ്മാ പാണ്ടിനാട്ടില്‍ ചെന്നു മാര്‍ഗ്ഗം അറിയിച്ചുവരുമ്പോള്‍ ഒരു എമ്പ്രാന്‍ ശൂലം ചാണ്ടിക്കൊല്ലുക കൊണ്ട് മയിലാപ്പൂര്‍ എന്ന മലയില്‍ അവനെ അടക്കുകയും ഉറഹായില്‍ അവന്‍ പണിത പള്ളിയില്‍ അവനെ അടക്കണമെന്നു അപേക്ഷിക്കുകകൊണ്ട് മാലാഖമാര്‍ അവിടെനിന്നു ഉറഹായ്ക്കു അവനെ കൊണ്ടുപോകയും അവിടെ അടക്കയും ചെയ്തു. ഈ മാര്‍ത്തോമ്മാ പല അതിശയങ്ങള്‍ ചെയ്തിട്ടുള്ളതൊക്കെയും തിരക്കുകൊണ്ടു എല്ലാവര്‍ക്കും ഗ്രഹിപ്പാന്‍ ഇടയുണ്ട്. ഏറെ കാലംവരെ കൊരക്കേണി കൊല്ലം മുതല്‍ പാലൂര്‍ വരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ കൂദാശാ നേര്‍വഴിയെ നടന്നു. അന്നു പട്ടക്കാര്‍ ഇല്ലാഴികകൊണ്ടും മൂപ്പന്മാര്‍ തന്നെ മാമ്മോദീസാ മുക്കുകയും പെണ്ണുകെട്ടിക്കുകയും ചെയ്തുവന്നു. 

ഇങ്ങനെയിരിക്കുമ്പോള്‍ മാണിക്കവാചരെന്ന ഒരു ക്ഷുദ്രക്കാരന്‍ കൊരക്കേണിയിലും കൊല്ലം മുതല്‍ കൊട്ടാര്‍ വരെയും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കു അവന്‍റെ ക്ഷുദ്രംകൊണ്ടു ദീനങ്ങള്‍ ഉണ്ടാക്കയും അവന്‍റെ ഭസ്മം ധരിച്ചാല്‍ ശമിക്കുകയും ചെയ്ത കാരണത്താല്‍ ചിലര്‍ അവനു ചേരുകയും ചെയ്തു. 

അവരുടെ പേര്‍ മണിഗ്രാമക്കാരെന്നും ചിലര്‍ അവന്‍റെ ധരിക്കാതെ .......................ര്യമായിട്ടു പാര്‍ക്കുകയും ചെയ്തു. അവരുടെ പേര്‍ ധരിയായികള്‍ എന്നും ഇന്നുവരെ പറഞ്ഞുവരുന്നു.

കാതോലിക്കായോടു സ്വപ്നത്തില്‍ മാര്‍ തോമ്മാ പറയുകകൊണ്ട് ക്നാന്‍ എന്ന നാട്ടുകാരന്‍ കച്ചവടക്കാരനാകുന്ന തോമ്മായെ അയച്ചു മലയാളത്തില്‍ ക്രിസ്ത്യാനിമതം തീരെ മറഞ്ഞിട്ടില്ലാത്ത വിവരം അറിയിക്കുകകൊണ്ട് ഉണ്ടായ വിവരങ്ങള്‍ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനെ അറിയിച്ചു വേണ്ടുന്ന അനുവാദങ്ങളും വരുത്തി ഉറഹായുടെ യൗസേപ്പ് എപ്പിസ്കോപ്പായെയും രണ്ടു പട്ടക്കാരെയും ശെമ്മാശന്മാരെയും യാക്കോബായ സുറിയാനിക്കാരായ ഏറിയ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും മേല്‍പറഞ്ഞ കച്ചവടക്കാരന്‍ തോമ്മായോടുകൂടെ മലയാളത്തിനയക്കയും ചെയ്തു. അന്ത്യോഖ്യായുടെ മാര്‍ ഒസ്താത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കാലത്ത്.
അവര്‍ മൂന്നു കപ്പലിലായി മിശിഹാകാലം 365-ല്‍ കൊടുങ്ങല്ലൂര്‍ ചങ്ങലഅഴിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവര്‍ ചേരകോന്‍ പെരുമാള്‍ രാജാവിനെ ചെന്നു കണ്ടാറെ രാജാവിനു സന്തോഷമായി. പള്ളിയും പട്ടണവും വയ്ക്കുന്നതിനു ആനകോലാല്‍ .................. കോല്‍ ഭൂമിയും കല്പിച്ചു കൊടുത്തു. കൊടുങ്ങല്ലൂര്‍ നടയുടെ വടക്കുവശത്ത് തെക്കോട്ടു ദര്‍ശനമായി പട്ടണവും വച്ചു പാര്‍ക്കയും ചെയ്തു.
പിന്നത്തേതില്‍ രണ്ടു പന്തിയായിട്ടു പട്ടണം തീര്‍ന്നതിനാല്‍ തെക്കുംഭാഗമെന്നും വടക്കുംഭാഗമെന്നും രണ്ടുനാമം ക്രിസ്ത്യാനികളില്‍ ഉണ്ടായി.

ഇങ്ങനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍റെ വടക്കുവശത്തു പട്ടണവും പള്ളിയും വച്ചു പാര്‍ത്തുവരുമ്പോള്‍ ആ ദെഹിയുടെ

പട്ടണമെന്നു ഈ പട്ടണത്തെ വിളിച്ചുവന്നു. മലനാട്ടില്‍ മുമ്പേ രാജാവില്ലാത്തതിനാല്‍ പാണ്ടിയില്‍ നിന്നും ശോഷപെരുമാള്‍ രാജാവിന്‍റെ താവഴിയില്‍ നിന്നും ഓരോ രാജാക്കള്‍ പന്തീരാണ്ടുതോറും മാറി മാറി വന്നു മലനാട്ടില്‍ കാര്യം വിചാരിക്കയും തിരികെ പോകയും ചെയ്തുവന്നാറെ കാര്യവിചാരത്തിനു വന്നിരുന്ന ചേരകോന്‍ പെരുമാള്‍ രാജാവിനെ തിരികെ അയയ്ക്കാതെയും അതുകാരണത്താല്‍ പാണ്ടിയില്‍ നിന്നും വന്ന പട ഇവര്‍ ഒഴിച്ചയയ്ക്കയും മലനാട്ടിന്‍റെ ഉടയക്കാരാകുന്ന ബ്രാഹ്മണരില്‍ നിന്നു ഇവരുടെ ഉപായത്താല്‍ നശിച്ച ക്ഷേത്രങ്ങളും നാട്ടുവഴികളും രാജാവിനു ഒഴിഞ്ഞുകിട്ടി ചുങ്കം മുതലായതു കിട്ടുവാന്‍ ഇടവരികയും രാജധാനി ബലപ്പെടുത്തുകയും ചെയ്കകൊണ്ടു ഈ വംശക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും രാജധാനിയില്‍ ചെന്നാല്‍ ഇരുന്ന് തിരുമനസ്സറിയിച്ചുകൊള്ളത്തക്കവണ്ണം സമ്മതിച്ച് രാജയിഷ്ടന്മാര്‍ക്കു കല്പിച്ചു കൊടുത്തുവരുന്ന നാമധേയത്തില്‍ ഉയര്‍ന്നതായി മഹാപിള്ളമാരെന്നു പുരുഷന്മാര്‍ക്കും പെണ്‍പിള്ളമാരെന്നു സ്ത്രീകള്‍ക്കും പേര് കല്പിക്കുകയും ഇതു 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Saturday, February 2, 2019

തൊഴിയൂര്‍ പള്ളി വ്യവഹാരവും പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരും


122. 21 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം അഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ പാര്‍ത്തിരുന്ന കൂറിലോസ് ഗീവറുഗീസ് മെത്രാന്‍ 1856 മത മിഥുന മാസം 2-നു കൊല്ലം 1031-മാണ്ടു മിഥുന മാസം 2-നു ശനിയാഴ്ച മരിച്ചു ആ പള്ളിയില്‍ തന്നെ അടക്കുകയും ചെയ്തു. അന്ന് ഊര്‍ശ്ലേമിന്‍റെ ബാവാ തുമ്പമണ്‍ പള്ളിയിലും കൂറിലോസ് ബാവാ തിരുവല്ലാ പള്ളിയിലും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്താ നിരണത്തു പള്ളിയിലും ആയിരുന്നതിനാല്‍ ഉടനെ മെത്രാപ്പോലീത്താ ആഞ്ഞൂരെക്കു പോകയും പുറകെ കൂറിലോസ് ബാവായും പോകയും ചെയ്തു. 

123. കഴിഞ്ഞുപോയ മെത്രാനു പകരം ഒരാളെ മെത്രാനാക്കി തൊഴിയൂര്‍ പാര്‍പ്പിക്കണമെന്നു മെത്രാപ്പോലീത്താ ഭാവിച്ചാറെ ആയതിനു കൂറിലോസ് ബാവായ്ക്കു മനസ്സില്ലാതെ ബാവാ തന്നെ പാര്‍ത്തുകൊള്ളാമെന്നു പറകയാല്‍ ആയതിനു തമ്മില്‍ ചേരാതെ വിവദിക്കയും മെത്രാനെ ഉണ്ടാക്കണമെന്നു നിശ്ചയിച്ച ദിവസം ആയതു നടത്താതെയിരിക്കുന്നതിനുവേണ്ടി ബാവായും ഈയപ്പനും തമ്മില്‍ ചേര്‍ന്ന് വഴക്കിനു കുന്നംകുളങ്ങര നിന്നും ആള്‍ ശേഖരപ്പെട്ടു വന്നാറെ ആയതു മെത്രാപ്പോലീത്താ കണ്ടു കമ്പനി ചാവക്കാട്ടു താലൂക്കില്‍ ബോധിപ്പിച്ചു തഹസീല്‍ദാര്‍ മുതലായ ആളുകള്‍ വന്നു ശേഖരപ്പെട്ട് ആളുകളെ പിടിപ്പിച്ചു കൊണ്ടുപോയി വിസ്താരം ചെയ്കയും ചെയ്തു. 

124. തൊഴിയൂരെ മുതലിനു ബാവായ്ക്കു സംഗതി ആകുന്നുയെന്നും മറ്റും ബാവായും കുന്നംകുളങ്ങര പനയ്ക്കല്‍ ഈയപ്പന്‍ മുതല്‍പേരും കൂടി കോഴിക്കോട്ടു ഹര്‍ജി ബോധിപ്പിച്ചു രണ്ടുപക്ഷക്കാരും നാലഞ്ചു മാസം പാലക്കാട്ടുശേരില്‍ പോയി പാര്‍ത്തു വിസ്തരിച്ചു രണ്ടു പക്ഷക്കാരും ഏറിയ രൂപായും ചിലവിട്ടു വഴക്കു പറഞ്ഞാറെ മുന്‍ നടന്നുവന്നപ്രകാരം തൊഴിയൂര്‍ക്കാരു തന്നെ നടപ്പാനും ബാവായ്ക്കും മറ്റും അവകാശമുണ്ടെങ്കില്‍ സിവില്‍ എന്ന അദാലത്തായി ബോധിപ്പിപ്പാനും സംഗതിയെന്നു ജോയിന്‍റ് മജിസ്ട്രേറ്റ് തീര്‍ച്ചയാക്കി സെഷന്‍സ് കോര്‍ട്ട് അനുവദിക്കയും കൊണ്ടു മെത്രാപ്പോലീത്താ കോട്ടയത്തു പോരികയും ബാവാ വടക്കുതന്നെ പാര്‍ക്കയും ചെയ്തുവരുന്നു. 

130. തൊഴിയൂര്‍ പള്ളിയിലെ മുതല്‍ ഇടപെട്ടും മലയാളത്തെ മെത്രാന്‍റെ സ്ഥാനം ഇടപെട്ടും 1857 നു 1032 മാണ്ടു മീന മാസം 23-നു കൂറിലോസ് ബാവാ കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ എട്ടു പ്രതികളുടെ പേരില്‍ അന്യായം വച്ചു. 

ആവലാധിയിലുള്ള പ്രതികളുടെ പേരുവിവരം: 

ഒന്നാം പ്രതി അത്താനാസ്യോസ് മെത്രാപ്പോലീത്താ. സ്ഥാനത്തില്‍ നിന്നും നീക്കപ്പെട്ടിട്ടുള്ള പാലക്കുന്നത്ത് മത്തായി എന്നു. 

രണ്ടാം പ്രതി കൊച്ചിയില്‍ ശീമയില്‍ ..... കോവിലകത്തുംവാതുക്കല്‍ കുന്നംകുളങ്ങര പ്രവൃത്തിയില്‍ ആലത്തൂര്‍ മുറിയില്‍ ഉള്ള ആളായ ഇപ്പോള്‍ ... ആലത്തൂര്‍ അംശത്തില്‍ പാര്‍ക്കും പനയ്ക്കല്‍ ഇട്ടൂപ്പ് കത്തനാര്‍ (അതായത് 120 മത ലക്കത്തില്‍ കാണുന്നപ്രകാരം വാഴിച്ച പുത്തന്‍ മെത്രാന്‍ ആകുന്നു).

മൂന്നാം പ്രതി വാഴപ്പള്ളി യാക്കോബ് കത്തനാര്‍. 
നാലാം പ്രതി താന്നിക്കല്‍ പൗലോസ് കത്തനാര്‍.
അഞ്ചാം പ്രതി ചൊവ്വല്ലൂര്‍ ചുമ്മാര്‍.
ആറാം പ്രതി അയ്യംകുളങ്ങര വര്‍ഗീസ്.
ഏഴാം പ്രതി മണ്ടുമ്പാല്‍ ഗീവര്‍ഗീസ് കത്തനാര്‍.
എട്ടാം പ്രതി കുന്നംകുളങ്ങരെ വര്‍ഗീസ്.

മെത്രാപ്പോലീത്തായ്ക്കു വന്ന നോട്ടീസിനു പകര്‍പ്പ്.

കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ 1857-ല്‍ ആറാം നമ്പ്ര 1. 

അന്യായക്കാരന്‍ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ്           യൂയാക്കീം മെത്രാപ്പോലീത്താ. 

വക്കീല്‍ വെങ്കിടേശ്വരയ്യര്‍. 

പ്രതികള്‍: 1. പാലക്കുന്നത്ത് മത്തായി. വേറെ 7. 
തിരുവിതാംകോട് സംസ്ഥാനത്ത് കോട്ടയത്ത് മണ്ടപത്തുംവാതുക്കല്‍ കോട്ടയത്തു സെമിനാരിയില്‍ പാര്‍ക്കും പാലക്കുന്നത്ത് മത്തായിക്കു എഴുതിയ നോട്ടീസ്. ചാവക്കാട്ടു താലൂക്ക് പടയത്തൂര്‍ അംശത്തില്‍ പാര്‍ക്കും മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ. വക്കീല്‍ മുഖാന്തരം തന്‍റെയും മറ്റും മേല്‍പണ്ടങ്ങള്‍ മുതലായതിന്‍റെ വില വാങ്ങി കൊടുപ്പാനും വകകളിന്‍മേലും ചമയങ്ങളിന്‍മേലും ഉള്ള തേര്‍ച്ചപ്പെടുത്തുവാനും മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്ഥാപിപ്പാനും ഈ കോടതിയില്‍ വ്യവഹാരപ്പെട്ടിരിക്കുന്ന വിവരം തന്നെ അറിയിച്ചിരിക്കുന്നു. 

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

196. 188 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു രണ്ടാമതു നമ്പ്ര ..... വിസ്തരിച്ചാറെ ..... വാദിസാക്ഷികളും ........... തെളികയും പ്രതിസാക്ഷികളു ....... തെളിഞ്ഞു യോജിപ്പാകാതെ തീരുകയും ചെയ്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിലോട്ടുള്ള ശുപാര്‍ശ കൊണ്ടു സാക്ഷികള്‍, ആധാരങ്ങള്‍ മുതലായതിന്‍റെ തെളിവുകള്‍ വിധിയില്‍ കാണിക്കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വേദസംബന്ധമായും മറ്റും യാതൊരു അധികാരവും ഇല്ലെന്നു പ്രതികള്‍ ധിക്കരിച്ചു പറഞ്ഞിരിക്കുമ്പോള്‍ വാദിക്കു പാത്രിയര്‍ക്കീസില്‍ നിന്നു കിട്ടിയിരിക്കുന്ന മെത്രാപ്പോലീത്താ സ്ഥാനം തൊഴിയൂര്‍ പള്ളിയില്‍ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലായെന്നു മുതലിന്‍റെ അധികാരം സഭയ്ക്കു ആകുന്നു എന്നും 1862 മത മേട മാസത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു. 

202. 196 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു സിവില്‍ കോര്‍ട്ടില്‍ ഉണ്ടായ തീര്‍പ്പിനെക്കുറിച്ച് മദ്രാസ് സദര്‍കോര്‍ട്ടില്‍ 1862 മത 23 മത നമ്പ്രില്‍ അപ്പീല്‍ ചെയ്ത് പ്രതികളാകുന്ന പാലക്കുന്നന്‍ മുതല്‍പേര്‍ക്കു സമന്‍ വരികയും ചെയ്തു. ഈ വ്യവഹാര കാര്യത്തിനു ആദ്യം മുതല്‍ പ്രധാനമായിട്ടു അദ്ധ്വാനം ചെയ്യുന്നത് മൂന്നാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഇട്ടൂപ്പ് കത്തനാരുടെ അനന്തിരവനാകുന്ന പുലിക്കോട്ടില്‍ കൊച്ചു യൗസേപ്പ് കത്തനാര്‍ ആകുന്നു. 
208. 202 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മദ്രാസ് സദര്‍ കോടതിയില്‍ അപ്പീലായി ബോധിപ്പിച്ച് വിസ്തരിച്ചാറെ അവിടെയും സിവില്‍ കോര്‍ട്ടിലെ തീര്‍പ്പുപോലെ ആക്കുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍ 1031-ാമാണ്ട് അഞ്ഞൂര് പള്ളിയില്‍ ഉണ്ടായ വ്യവഹാരം കോഴിക്കോട്ട് സിവില്‍ കോര്‍ട്ടില്‍ വിസ്തരിച്ച് സാക്ഷിയായി കോട്ടയത്ത് വലിയപള്ളിയില്‍ എടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരച്ചനെയും കുറുപ്പംപടിക്കല്‍ എടവകയില്‍ വെളിയത്ത് കോരത് കത്തനാരച്ചനെയും മണ്ണത്തൂര്‍ പള്ളിയില്‍ തോലാനിക്കുന്നില്‍ ആദായി കത്തനാരച്ചനെയും കണ്ടനാട് പള്ളിയില്‍ തുകലന്‍ മത്തായി കത്തനാരച്ചനെയും ടി പള്ളിയില്‍ കരവട്ട് ശീമോന്‍ കത്തനാരച്ചനെയും ശ്രായിപള്ളിയില്‍ കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാരെയും തെക്കേ ദിക്കില്‍ ബാവാ സാക്ഷിബോധിപ്പിച്ചവരെയും കൂനപ്പള്ളി അബ്രഹാം കത്തനാരെയും കൊണ്ടുപോകുവാന്‍ കുന്നംകുളങ്ങര പനയ്ക്കല്‍ ഇയ്യപ്പന്‍റെ എഴുത്തോടുകൂടി പുലിക്കോട്ടില്‍ യോസേപ്പ് കത്തനാര്‍ വന്നു. 37-ാമാണ്ട് ധനു മാസം 15-ന് കൊച്ചിയില്‍ നിന്ന് കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാര്‍ ഒഴികെ ശേഷം പേരും പോകയും ചെയ്തു. 16-ന് കുന്നംകുളങ്ങര എത്തി 22-ന് അവിടെ നിന്നും കോയി (ഴി) ക്കോടിന് പോയി. ബാവാ കൂടെ ഇല്ലായ്കയാലും  മറ്റ് ചില കാരണത്താലും താമസം ഉണ്ടെന്ന് അറികയാല്‍ ആദായി കത്തനാരച്ചന്‍ കോഴിക്കോട് നിന്ന് തിരിച്ചു പോരികയും ശേഷം പേര്‍ അവിടെ ബാവാ വരുന്നതുവരെയും താമസിച്ചു. ബാവാ മകരമാസം 18-ന് അവിടെ എത്തി. 20-ന് തെക്കു നിന്നും സാക്ഷിയായി പോയവരും കുന്നംകുളങ്ങരെ നിന്ന് സാക്ഷിക്കായി  വന്ന പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ മുതലായി നാലു പേരും കോടതിയില്‍ ഹാജരായാറെ എടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചനും വെളിയത്ത് കോരത് കത്തനാരച്ചനും കരവട്ട് ശീമോന്‍ കത്തനാരച്ചനും പനയ്ക്കല്‍ യാക്കോബ് കത്തനാരച്ചനും  സാക്ഷി എഴുതുകയും അവര്‍ എഴുതിയതില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിന്‍കീഴ് സകല സുറിയാനിപ്പള്ളികളും ആകുന്നു എന്നും അഞ്ഞൂര്‍ പള്ളി ഗ്രിഗോറിയോസ് ബാവായുടെ മുതല്കൊണ്ട് കാട്ടുമങ്ങാടന്മാര്‍ പണിയിച്ചിരിക്കുന്നു എന്നും മേല്‍പറഞ്ഞ അഞ്ഞൂര്‍പള്ളി മുതലായ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയോടു കൂടെ വന്നിരിക്കുന്ന കൂറിലോസ് ബാവായുടെ കൈവശത്തില്‍ ഏല്പിക്കേണ്ടതാകുന്നു എന്നും ആയതിന് മനസ് അതത് സഭക്കാര്‍ക്ക് ഇല്ല എങ്കില്‍ പള്ളിയും പള്ളിവക വസ്തുക്കളും പാത്രിയര്‍ക്കീസിനോ അദ്ദേഹം നിയമിച്ച ആള്‍ക്കോ ഒഴിഞ്ഞ്കൊടുത്ത് മറ്റ് സഭയില്‍ അവര്‍ ചേരേണ്ടതാകുന്നു എന്നും ആയതല്ലാതെ അഞ്ഞൂര്‍ പള്ളിയുടെ മേലും മുതല്‍ മേലും സഭക്കാര്‍ക്കാകട്ടെ പാലക്കുന്നത്തു മെത്രാച്ചനാകട്ടെ ഇപ്പോള്‍ ആ പള്ളിയില്‍ മെത്രാനെന്ന് പറഞ്ഞിരിക്കുന്ന ആലത്തൂക്കാരനാകട്ടെ യാതൊരു അധികാരവും ഇല്ലെന്നും മറ്റും എഴുതി. ശേഷം പേരെഴുതാത്തത് നാല് സാക്ഷി മതി എന്ന് കോര്‍ട്ടില്‍ നിന്ന് കല്പിക്കയാലത്രേ എഴുതാഞ്ഞത്. ഇപ്രകാരം തന്നെ ബാവായും പാത്രിയര്‍ക്കീസ് മലയാളത്തില്‍ മെത്രാനായി നമ്മെ അയച്ചിരിക്കുന്നു എന്നും അതിനാല്‍ സുറിയാനി പള്ളികളും മുതലുകളും നമ്മുടെ കീഴ് ആകേണ്ടതാകുന്നു എന്നും മറ്റും എഴുതി അവിടെനിന്ന് എല്ലാവരും 21-ന് പോരികയും ചെയ്തു. അവിടെനിന്നും ബാവാ കൊച്ചിയില്‍ എത്തി താമസിച്ചു. ഇതിന്മണ്ണം പാലക്കുന്നത്ത് മെത്രാച്ചന്‍റെ ഭാഗത്തില്‍ നിന്ന് തെക്കു നിന്നും മാരാമണ്ണുകാരന്‍ ചെമ്പപൊളി .... അമീനദാരയും കോട്ടയത്ത് ചെറിയപള്ളിയില്‍ വേങ്കടത്ത് കൊച്ചുകത്തനാരച്ചനെയും കണ്ടനാട്ടുപള്ളിയില്‍ പാടത്തുകാരന്‍ അബ്രഹാം കത്തനാരച്ചനെയും മെത്രാച്ചന്‍റെ അനന്തരവന്‍ അയിരൂര്‍ ചെറുകര പീലിപ്പോസ് കത്തനാരച്ചന്‍ കൂട്ടികൊണ്ട് അഞ്ഞൂര് ചെന്ന് അവിടെനിന്നും ആലത്തൂക്കാരനും മണ്ടുമ്പാല കത്തനാരച്ചനും കോലാടി താവുവും കോട്ടയത്തുകാരന്‍  കുരിയന്‍ റൈട്ടരും പുത്തന്‍കാവ്കാരന്‍  വറീയത് എന്ന് പറയുന്ന ചാവക്കാട്  മുന്‍സിപ്പും കൂടെ കോഴിക്കോട്ട് ചെന്ന്  കുംഭം 18-ന് കോര്‍ട്ടില്‍ സാക്ഷിയ്ക്കായി ഇവര്‍ ഹാജരായി. സാക്ഷി ബോധിപ്പിച്ചതില്‍ സുറിയാനി പള്ളികള്‍ മുതലായ അഞ്ഞൂര്‍ പള്ളി മേലും വസ്തുക്കള്‍ മേലും പാത്രിയര്‍ക്കീസിനും ബാവായ്ക്കും യാതൊരു അധികാരവും ഇല്ലെന്നും പള്ളികളും വസ്തുക്കളും ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കയാല്‍ സഭക്കാരുടെ മനസുപോലെ നടക്കേണ്ടതാകുന്നു എന്നും അഞ്ഞൂര്‍ പള്ളിയില്‍ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും ഇല്ലെന്നും അഞ്ച് സാക്ഷിക്കാരും മെത്രാനെന്ന് പറയുന്ന ആലത്തൂക്കാരന്‍ സഭക്കാരുടെ സമ്മതത്താലും കഴിഞ്ഞുപോയ കൂറിലോസ് മെത്രാന്‍റെ നിയമത്താലും നമ്മെ മെത്രാനായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാന്‍ പട്ടംകെട്ടിയിരിക്കയാല്‍ നമുക്കല്ലാതെ പാത്രിയര്‍ക്കീസിനും കൂറിലോസ് ബാവായ്ക്കും ഈ  അഞ്ഞൂര്‍ പള്ളിമേല്‍ യാതൊരു അധികാരവും ഇല്ലെന്നും അയാളും എഴുതി 21-ന് അവരും കോഴിക്കോട്ട് നിന്ന് പോരികയും ചെയ്തു.

ഇപ്രകാരം വിസ്താരങ്ങളും പല പ്രകാരത്തിലും ഉള്ള ആധാരലക്ഷ്യങ്ങളും ബാവായുടെ ഭാഗത്തില്‍ നിന്ന് കാണിച്ചാറെ ആയതൊക്കെയും ജഡ്ജി സായിപ്പ് അവര്‍കള്‍ നോക്കാതെ മീനമാസം 14-ന് പാത്രിയര്‍ക്കീസിനാകട്ടെ കൂറിലോസ് ബാവായ്ക്കാകട്ടെ അഞ്ഞൂര്‍ പള്ളിമേലും പള്ളി വക വസ്തുക്കള്‍ മേലും യാതൊരു അധികാരവും ഇല്ലെന്നും ആ പള്ളിയില്‍ ഉള്ള സഭക്കാരുടെ മനസ്സ് പോലെ നടക്കേണ്ടതാകുന്നു എന്നും ചാവക്കാട് മുന്‍സിഫ് ആയിരിക്കുന്ന പുത്തന്‍കാവുകാരന്‍ വറീയതിന്‍റെ ശുപാര്‍ശപ്രകാരവും അന്‍ (യ്) മനത്തുകാരന്‍ ജോണ്‍ മുന്‍ഷിയുടെ ശുപാര്‍ശപ്രകാരവും സായിപ്പ് അവര്‍കള്‍ അവരുടെ പക്ഷത്തില്‍ നിന്ന് മേല്‍പ്രകാരം വിധിക്കുകയും ചെയ്തു. ...

അഞ്ഞൂര്‍ വ്യവഹാരം കോഴിക്കോട് വിധി ആയ ശേഷം ആ വിധി സമ്മതമല്ലെന്നും മറ്റും ബാവാ പിന്നെയും മദിരാസില്‍ ഹൈക്കോര്‍ട്ടില്‍ രണ്ടാമത് അപ്പീല്‍ ചെയ്താറെ കോഴിക്കോട് വിധിപ്രകാരം അന്യായക്കാരന്‍ നടക്കേണ്ടതാകുന്നു എന്നും നേരല്ലാതെ പ്രതിക്കാരെ ബുദ്ധിമുട്ടിച്ചതിന് പ്രതിക്കാര്‍ക്ക് 1900 രൂപ ചിലവുണ്ടെന്നും അതിനാല്‍ ചെലവുള്ള രൂപാ ഒരായിരത്തി തൊള്ളായിരവും അന്യായക്കാരനായ കൂറിലോസ് ബാവാ കെട്ടികൊടുക്കത്തക്കവണ്ണം കൊല്ലം 138-ാമാണ്ട് മിഥുന മാസം 16-ന് മദിരാസില്‍ നിന്ന് വിധിച്ചു. മേല്‍പറഞ്ഞ വിധി പ്രകാരം അവധിയ്ക്ക് രൂപാ കെട്ടി കൊടുക്കായ്കയാല്‍ 139-ാമാണ്ട് കന്നി മാസത്തില്‍ ചാലിശ്ശേരി പള്ളിയും പോര്‍ക്കുളത്തു പള്ളിയും  കൊച്ചികോട്ടയില്‍ പള്ളിയും ഈ പള്ളി മൂന്നും സര്‍ക്കാരില്‍ നിന്നും കണ്ടുകെട്ടി. ആ വിവരം ബാവാ കോട്ടൂര്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ അറികയാല്‍ ഇപ്രകാരം പറയിക്കുന്നതും ചെയ്യിക്കുന്നതും ശരി അല്ല എന്നും മറ്റും പനയ്ക്കല്‍ ഇയ്യപ്പനു എഴുതി കൊടുത്തയച്ചാറെ. അന്യായം തുടങ്ങിയ മുതല്‍ ഇതുവരെയും 15000 രുപ വരെയും എനിയ്ക്കു ചെലവുണ്ടെന്നും അതിനാല്‍ ഈ വക രൂപ 15000 ബാവാ കൊടുക്കേണ്ടതാകുന്നു എന്നും മറ്റും മറുപടി വന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍പറഞ്ഞ ആണ്ട് ധനു മാസം 5-ന് രണ്ടാമതും മേല്‍പറഞ്ഞ പള്ളികളില്‍ 29-ാം തിയ്യതിക്കകം രൂപ തീര്‍ത്തില്ലെങ്കില്‍ പള്ളികള്‍ ലേലത്തില്‍ വിറ്റ് മുതലാക്കുമെന്ന് പരസ്യം തറച്ചിരിക്കുന്നു.

(മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും)

Tuesday, December 25, 2018

ചെറിയാൻ ലൂക്കോസ് കത്തനാര്‍


40. എന്‍റെ പിതൃവ്യന്‍ ലൂക്കോസ് കശീശ്ശാ അവര്‍കള്‍ക്കു 1917 കന്നി മാസത്തില്‍ ഒരു സന്നിപാതജ്വരം ആരംഭിച്ചു. രോഗം വര്‍ദ്ധിച്ചു മരിക്കുമെന്നുള്ള നിലയിലെത്തി. എങ്കിലും ദൈവത്തിന്‍റെ കൃപയാല്‍ രക്ഷപെട്ടു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. ... ചാക്കോ അപ്പോത്തിക്കരിയായിരുന്നു പ്രധാനിയായി ചികിത്സിച്ചത്. അച്ചന്‍ ദീനം പൊറുത്ത് വീണ്ടും കുര്‍ബ്ബാന ചൊല്ലിയത് 1917 നവംബര്‍ 11-നു ആയിരുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)


Saturday, September 29, 2018

പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാരുടെ ഷഷ്ടിപൂര്‍ത്തി (1920)

56. മലങ്കര മല്പാന്‍ ദി. ശ്രീ. പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാര്‍ അവര്‍കളുടെ ഷഷ്ടിപൂര്‍ത്തി 1095 മീനം 17-നു പാമ്പാക്കുട പള്ളിയില്‍ വച്ച് സ്വശിഷ്യവര്‍ഗ്ഗത്തില്‍ ഭംഗിയായി നടത്തിയിരിക്കുന്നു. ഈ മല്പാന്‍ സുറിയാനി ഭാഷയുടെ പ്രചാരണത്തിനായി വളരെ പരിശ്രമിച്ചിട്ടുള്ള ഒരാളാകുന്നു. കൈയെഴുത്തായി കിടന്നിരുന്ന പല പള്ളിക്രമ പുസ്തകങ്ങളും ഇദ്ദേഹം സ്വന്ത ചെലവില്‍ സുറിയാനിയില്‍ അച്ചടിപ്പിച്ചിട്ടുണ്ട്. "ജീവനിക്ഷേപം" എന്നൊരു മാസിക നടത്തി പല സുറിയാനി ഗ്രന്ഥങ്ങളും തര്‍ജ്ജമ ചെയ്യുകയും സഭാംഗങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കയും ചെയ്തു. സമുദായ വഴക്കുണ്ടായതോടു കൂടി ആ മാസികയും നിന്നുപോയി. "സീമത്ഹായെ" എന്ന പേരില്‍ ഒരു സുറിയാനി മാസിക ആരംഭിച്ചിട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പ് അത് നിര്‍ത്തി കളഞ്ഞു. ഇദ്ദേഹം ഒരു നല്ല സുറിയാനി ഭാഷാ പണ്ഡിതനാണ്. മലയാളത്തിലും സാമാന്യം നന്നായി എഴുതുവാന്‍ കഴിയും.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Friday, September 28, 2018

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ എല്ലാ വാദങ്ങള്‍ക്കും അനുകൂലമായിട്ടാണ് വിധിച്ചത്. ഈ വിധിയില്‍ 4 മുതല്‍ 6 വരെ പ്രതികളെയും അവരുടെ സാക്ഷികളെയും കഠിനമായി ആക്ഷേപിച്ചിട്ടുമുണ്ട്. 

54. മേല്‍പറഞ്ഞ വട്ടിപ്പണക്കേസില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാന്‍ കൊടുത്ത മൊഴിയില്‍ തനിക്കു മലങ്കര മെത്രാന്‍ എന്ന നിലയ്ക്കു മലങ്കര സഭയില്‍ ആത്മികവും ലൗകികവുമായ സര്‍വ്വ അധികാരങ്ങളുമുണ്ടെന്നും മലങ്കരയുള്ള മറ്റു മെത്രാന്മാര്‍ തന്‍റെ കീഴുള്ളവരാണെന്നും അവരുടെ കര്‍മ്മം വിരോധിക്കാനും അനുവദിക്കാനും തനിക്കു അധികാരമുണ്ടെന്നും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അധികാര പ്രകടനത്താല്‍ അദ്ദേഹത്തിന്‍റെ സ്വന്ത കക്ഷികള്‍ക്കുപോലും അദ്ദേഹത്തോടു വിരോധമുണ്ടായി. ഇതിന്‍റെ ഫലമായി 1095 കന്നി മാസം മുതല്‍ "സുറിയാനിസഭ" എന്ന പേരില്‍ ഒരു മാസിക തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതില്‍ വൈദികന്മാര്‍ക്കു ഭരണവിഷയത്തില്‍ അയ്മേനികളേക്കാള്‍ കൂടുതലായി യാതൊരു അധികാരവുമില്ലെന്നും ഭരണാധികാരം വൈദികന്മാരുള്‍പ്പെടെ ജനത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും മെത്രാന്മാര്‍ പോലും പൊതുയോഗത്തിനു കീഴ്പെട്ടിരിക്കണമെന്നും വൈദികന്മാര്‍ക്കു ആത്മിക അധികാരവും ആത്മിക ചുമതലയും മാത്രമേയുള്ളുവെന്നും മറ്റും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സഭയിലെ എപ്പിസ്കോപ്പല്‍ ഭരണസമ്പ്രദായത്തെ ഇടിച്ചു ജനാധിപത്യത്തെ സ്ഥാപിക്കണമെന്നാണ് ഈ മാസിക പ്രവര്‍ത്തകന്മാരുടെ ഉദ്ദേശ്യം. ഈ അഭിപ്രായത്തില്‍ ദീവന്നാസ്യോസ് മെത്രാന്‍റെ ഉറ്റ കക്ഷിക്കാരായി നിന്നിരുന്ന കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ മുതലായ പല മഹാന്മാര്‍ യോജിക്കുന്നുണ്ട്. ചില വൈദികരും ഈ അഭിപ്രായക്കാരാണ്. ദീവന്നാസ്യോസ് മെത്രാനും ശേഷം മെത്രാന്മാരും ഈ മാസികയുടെ അഭിപ്രായത്തെ തീരെ നിഷേധിക്കയാണ്. മാസിക പ്രവര്‍ത്തകന്മാര്‍ മെസ്സേര്‍സ് പത്രോസ് മത്തായി എം.എ.ബി.എല്‍., പി. കെ. മാത്യു ബി.എ., ബി. എല്‍., എ. ജെ. ഡേവിഡ് ബി.എ. എന്നിവരാണ്.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ആചാര്യത്വത്തിന്‍റെ മാഹാത്മ്യം

കല്ലൂപ്പാറ മാരേട്ടുവീട്ടില്‍ നിന്നു കുറെ പൊന്‍പണ്ടങ്ങള്‍ മോഷണം പോയി. മോഷ്ടാവ് തുരുത്തിക്കാട് പള്ളി ഇടവകക്കാരനും മോഷണകുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുറെനാള്‍ കിടന്നശേഷം തടവുചാടി സ്വദേശത്തും സമീപസ്ഥലങ്ങളിലും ഒളിച്ചു നടന്നവനുമായ മാത്തന്‍ എന്ന കേഡിയാണെന്നു പരക്കെ സംശയം തോന്നി. ഏറെ താമസിയാതെ അവനെ ചിങ്ങവനത്തു വച്ചു പിടിച്ചു തിരുവല്ലാ സ്റ്റേഷനില്‍ അടച്ചു. ഇവന്‍ ഒളിച്ചു നടന്നപ്പോള്‍ ഇവനു അഭയം കൊടുക്കയും ഇവന്‍ മോഷ്ടിച്ച സാമാനങ്ങള്‍ വാങ്ങി എടുക്കയും ചെയ്തു എന്ന കുറ്റങ്ങള്‍ ആരോപിച്ചു ..... കുറിയാക്കോസ് കത്തനാരെ അറസ്റ്റു ചെയ്യാന്‍ പോലീസുകാരും അവരെ സഹായിക്കുവാന്‍ ടി കത്തനാരുടെ ചില ശത്രുക്കളും ഉദ്യമിച്ചു കുറെനാളുകള്‍ അന്വേഷിച്ചു നടന്നു. കേസിന്‍റെ ഗൗരവം കുറഞ്ഞു എന്നു വിചാരിച്ചു കുറെ മാസങ്ങളുടെ ശേഷം ടി കത്തനാര്‍ സ്വയമായി തിരുവല്ലാ മജിസ്ട്രേട്ടു കച്ചേരിയില്‍ ഹാജരായി. ഹാജരായാല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടുകൊള്ളാമെന്നു മജിസ്ട്രേട്ടു പത്മനാഭ പണിക്കരുടെ വാഗ്ദത്തം തിരുവല്ലാ കോടിയാട്ടു കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മുഖാന്തിരം വാങ്ങിച്ചുകൊണ്ടാണത്രെ ഹാജരായത്. എന്നാല്‍ ഹാജരായപ്പോള്‍ ജാമ്യത്തില്‍ വിടാന്‍ പാടില്ലെന്നു പറഞ്ഞു മജിസ്ട്രേട്ടു കുറിയാക്കോസ് കത്തനാരെ ജയിലില്‍ അടച്ചു. ഇത് 1092 തുലാം 18-നോ 19-നോ ആണ്. ഇങ്ങനെ കുറെനാളുകള്‍ - ഏകദേശം രണ്ടു മാസത്തോളം ജയിലില്‍ കിടന്നശേഷം കത്തനാരില്‍ നിന്നു തെളിവുകള്‍ ഒന്നും കിട്ടാഴികയാല്‍ അയാളെ ജാമ്യത്തില്‍ വിടുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. മോഷണകുറ്റത്തിനു കെ. ഡി. മാത്തനെ കോട്ടയം ജില്ലയിലേക്കു കമ്മിറ്റു ചെയ്തു എങ്കിലും നിര്‍ദോഷിയെന്നു ജില്ലാ ജഡ്ജി വിധിച്ചു. അതിനോടെ കുറിയാക്കോസ് കത്തനാരെയും തെളിവില്ലെന്നുള്ള കാരണത്തിന്മേല്‍ തിരുവല്ലാ മജിസ്ട്രേറ്റ് വിട്ടു. ഇതിനിടയ്ക്കു പല സംഭവങ്ങള്‍ നടക്കയുണ്ടായി. കുറിയാക്കോസ് കത്തനാര്‍ ജയിലില്‍ കിടന്നപ്പോള്‍ തൊണ്ടി കാണിച്ചുകൊടുക്കണമെന്നു പറഞ്ഞു തിരുവല്ലാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാമസ്വാമി അയ്യര്‍ എന്നയാള്‍ കത്തനാരെ കൈവിലങ്ങോടെ നടത്തി തുരുത്തിക്കാടിനു കൊണ്ടുപോയി. ഇങ്ങനെ ഒരു പട്ടക്കാരനെ അപമാനിച്ച ആള്‍ അധികം താമസിയാതെ മുന്‍പറഞ്ഞ മജിസ്ട്രേട്ടു പത്മനാഭപ്പണിക്കരുടെ വീട്ടില്‍ കല്ലെറിയുക മുതലായ ദ്രോഹങ്ങള്‍ ചെയ്തു എന്ന കുറ്റത്തില്‍ ജയിലില്‍ അകപ്പെട്ടു. ഹാജരായാല്‍ ജാമ്യത്തില്‍ വിടാം എന്നു കരാര്‍ ചെയ്തശേഷം ഹാജരായപ്പോള്‍ കത്തനാരെ ജാമ്യത്തില്‍ വിടാതെ രണ്ടു മാസത്തോളം ജയിലില്‍ വച്ച മജിസ്ട്രേറ്റു പത്മനാഭപ്പണിക്കര്‍ പോലീസുകാര്‍ തന്‍റെ വീട്ടില്‍ ദ്രോഹം ചെയ്ത കാരണം ഭ്രാന്തു പിടിച്ചു മരിച്ചു. കത്തനാരുടെ കേസ് നടത്തിയതും വിസ്തരിച്ചതും വേറെ ഇന്‍സ്പെക്ടരും വേറെ മജിസ്ട്രേറ്റുമായിരുന്നു. തടവുചാടിയ പുള്ളിക്കു അഭയം കൊടുക്കയും അവനോടു മോഷ്ടിച്ച പണ്ടങ്ങള്‍ വാങ്ങിക്കയും ചെയ്തതു ടി കത്തനാര്‍ തന്നെയാണെന്നാണ് ജനബോദ്ധ്യം. അത് വാസ്തവമായിരിക്കാന്‍ എളുപ്പമുണ്ട്. എങ്കിലും അനാവശ്യമായി ഒരു പുരോഹിതനെ ഉപദ്രവിച്ച ഇന്‍സ്പെക്ടറെയും മജിസ്ട്രേറ്റിനെയും ദൈവം ശിക്ഷിച്ചു. ഇതാണ് ആചാര്യത്വത്തിന്‍റെ മാഹാത്മ്യം.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍ മാപ്പിള ബി.എ., ..., രാ. രാ. പോള്‍ ദാനിയേല്‍ ബി.എ., എല്‍.റ്റി. അവര്‍കള്‍ .... എന്നിവര്‍ അംഗങ്ങളായും മുന്‍സിഫ് മിസ്റ്റര്‍ വര്‍ഗീസ് ചാണ്ടി ബി.എ., ബി.എല്‍. സെക്രട്ടറിയായും ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി നടന്നു പ്രധാനികളായ ക്രിസ്ത്യാനികളുടെ മൊഴി വാങ്ങിയശേഷം ഒരു നക്കല്‍ നിയമം എഴുതി നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കി. ഇതില്‍ മകള്‍ക്കു പിതാവിന്‍റെ സ്വത്തില്‍ അവകാശവും വിധവയ്ക്കും വിധുരനും മരിച്ചുപോയ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും സ്വത്തില്‍ ഓഹരിയും മറ്റും വച്ചിരിക്കുന്നതിനാല്‍ കോവൂര്‍ കത്തനാര്‍ ഇതില്‍ യോജിക്കാതെ ഒരു ഭിന്നാഭിപ്രായം എഴുതി ഗവര്‍മെന്‍റില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ ഒരു വലിയ ബഹളം അങ്കുരിച്ചു. കീഴ്നടപ്പിനെ അടിസ്ഥാനപ്പെടുത്തി നിയമമുണ്ടാക്കിയാല്‍ മതിയെന്നുള്ള കോവൂര്‍ കത്തനാരോടു തിരുവിതാംകൂറിലുള്ള എല്ലാ വക ക്രിസ്ത്യാനികളിലും ഭൂരപക്ഷം യോജിക്കയാല്‍ അവര്‍ യോഗം കൂടിയും പത്രമുഖേനയും ലഘുലേഖകള്‍ വഴിയായും ദിവാന്‍, മഹാരാജാവ്, റസിഡണ്ട്, മദ്രാസ് ഗവര്‍ണര്‍ മുതല്‍പേരുടെ അടുക്കല്‍ ഡപ്യൂട്ടേഷനായോ, ഹര്‍ജിയായോ തങ്ങളുടെ അഭിപ്രായവ്യത്യാസം പ്രസ്താവിച്ചു. കമ്മീഷന്‍റെ ബില്ലിനെ എതിര്‍ത്തു ചില മെത്രാന്മാര്‍ ഗവര്‍മെന്‍റിലേക്കു എഴുതുകയുണ്ടായി. ഇവരില്‍ ആദ്യം എഴുതിയത് മാര്‍ സേവേറിയോസ് തിരുമേനിയല്ലയോ എന്നു സംശയിക്കുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ തീയതി 1913 മെയ് 10 ആണ്. തിരുമനസ്സുകൊണ്ടു ഇങ്ങനെ എഴുതിയതു കൂടാതെ ക്നാനായ സമുദായത്തിനു പൊതുവെയുള്ള അഭിപ്രായം നിര്‍ണ്ണയിക്കാനായി 1916 ജൂണ്‍ 22, 23 തീയതികളില്‍ കൂടിയ ക്നാനായ പൊതുയോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ആലോചിക്കയും സമുദായം ഒരു പ്രത്യേക മെമ്മോറിയല്‍ തയ്യാറാക്കി തിരുമേനിയും വികാരി ജനറാളും എല്ലാ പള്ളികളിലെയും വികാരിമാരും ഈരണ്ടു പ്രതിനിധികള്‍ വീതവും ഒപ്പിട്ടു തിരുവിതാംകൂര്‍ മഹാരാജാവിനും ബ്രിട്ടീഷ് റസിഡണ്ട് വഴി മദ്രാസ് ഗവര്‍ണര്‍ക്കും അയച്ചുകൊടുത്തു. ഈ മെമ്മോറിയലിന്‍റെ താല്പര്യം ഇപ്പോള്‍ നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമം കേരളീയ സുറിയാനിക്കാരും പ്രത്യേകിച്ചു ക്നാനായ സുറിയാനിക്കാരുടെ കീഴ്നടപ്പിനും മര്യാദയ്ക്കും വിപരീതമാകയാല്‍ അതിനെ തള്ളിക്കളയുകയോ അല്ലാത്തപക്ഷം ക്നാനായ സമുദായത്തെ അതില്‍നിന്നു ഒഴിക്കയോ ചെയ്യണമെന്നാണ്. ഇതിനു മറുപടിയായി ബ്രിട്ടീഷ് റസിഡണ്ട് ആര്‍. എ. ഗ്രാനാം ഐ.സി.എസ്. അവര്‍കള്‍ 1916 സെപ്റ്റംബര്‍ 14-നു R.O.C. No. 1014/16 നമ്പരായി കരുപഠാന എന്ന സ്ഥലത്തുള്ള തന്‍റെ പാളയത്തില്‍ നിന്നു മെത്രാപ്പോലീത്താ തിരുമനസ്സിലേക്കു എഴുതിയ എഴുത്തില്‍ ഹര്‍ജിക്കാര്‍ ഒരു പ്രത്യേക സമുദായവും ഏകാഭിപ്രായക്കാരുമാണെങ്കില്‍ അവര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അടുക്കലാണ് ആദ്യം ബോധിപ്പിക്കേണ്ടതെന്നു താന്‍ അഭിപ്രായപ്പെടുന്നു എന്നു പ്രസ്താവിച്ചിരുന്നു. മഹാരാജാവ് തിരുമനസ്സില്‍ നിന്നു യാതൊരു മറുപടിയും അയച്ചില്ല. തിരുവിതാംകൂറിലുള്ള ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിന്‍റെ വിരോധത്തെ ഗവര്‍മെന്‍റില്‍ നിന്നും വകവച്ചില്ല. ദിവാന്‍ കൃഷ്ണന്‍ നായര്‍ മുതല്‍പേരെ എതിരഭിപ്രായക്കാരില്‍ ചിലര്‍ സ്വാധീനപ്പെടുത്തിയിരുന്നതിനാലോ എന്തോ 1916 ഡിസംബര്‍ 21-നു 92 ധനു 7-നു നിയമ നിര്‍മ്മാണ സഭയില്‍ നിന്നു കമ്മീഷന്‍ ഹാജരാക്കിയ നക്കലിനെ 109-ലെ രണ്ടാം റെഗുലേഷനായി പാസ്സാക്കി.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, August 30, 2018

തിരുവിതാംകൂറില്‍ മലയാള ഭാഷാ പഠനത്തിന് സ്ഥാപിച്ച വകുപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി (1916)


23. തിരുവിതാംകൂറിലെ ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള വിദ്യാഭ്യാസവും ഗവര്‍മെന്‍റില്‍ നിന്നും നടത്തി വരുന്നതു ഇപ്പോള്‍ അഞ്ചാറു വര്‍ഷങ്ങളായി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലാണ്. ഈ ഭരണത്തില്‍ മലയാള വിദ്യാഭ്യാസത്തിനു പ്രത്യേക നോട്ടം ചെല്ലാത്തതിനാല്‍ നാട്ടുഭാഷാ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ കീഴില്‍ നാട്ടു ഭാഷാഭ്യസനം വേര്‍തിരിച്ചു എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു പ്രത്യേക അംശമായി നിശ്ചയിക്കുകയും എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നാട്ടു ഭാഷാഭ്യസനത്തിന്മേലുള്ള അധികാരം നാമമാത്രമാക്കയും ചെയ്തു. ഇങ്ങനെ ആദ്യം നിയമിക്കപ്പെട്ട നാട്ടുഭാഷാ ഡയറക്ടര്‍ പി. രാമസ്വാമി അയ്യര്‍ ബി.എ. എന്ന ദേഹമാണ്. ഇദ്ദേഹത്തിന്‍റെ ഉത്സാഹത്താല്‍ നാട്ടു ഭാഷാഭ്യസനം തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ക്രമമായി നടത്തി തുടങ്ങിയിട്ടു 50 സംവത്സരങ്ങള്‍ തികയുന്നതിന്‍റെ സ്വര്‍ണ്ണ ജൂബിലി 1916 ഓഗസ്റ്റ് 30-നു ബുധനാഴ്ച (1092 ചിങ്ങം 15) രാജ്യമൊട്ടുക്കു വളരെ ആഘോഷമായി കൊണ്ടാടുകയുണ്ടായി.

(ഇടവഴിക്കല്‍ ഇ. പി. മാത്യുവിന്‍റെ ഡയറിക്കുറിപ്പില്‍ നിന്നും)

Sunday, August 19, 2018

ഇടവഴിക്കല്‍ ഡയറി 5:1-7

അഞ്ചാം പുസ്തകം

കൊല്ലവര്‍ഷം 1096 (എ.ഡി. 1914)

ഈ പുസ്തകത്തിന്‍റെ നാലാം ഭാഗം "കുര്യന്‍ എന്ന ഗീവര്‍ഗീസ് കത്തനാര്‍" (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) ആരംഭിച്ചു എങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്‍റെ മിക്കഭാഗവും ടി ഗീവര്‍ഗീസ് കത്തനാരുടെ പേരില്‍ എഴുതിവന്നിരുന്നത് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഇ. എം. ഫീലിപ്പോസായിരുന്നു. ഈ ഫീലിപ്പോസ് മേല്‍ നാലാം പുസ്തകം 284-ാം ലക്കം വരെ എഴുതിയ ശേഷം കര്‍ത്താവില്‍ നിദ്ര പ്രാപിക്കയാല്‍ മകന്‍ ഇ. പി. മാത്യു എഴുതിവരുന്ന അഞ്ചാം പുസ്തകം. ദൈവത്തിനു സ്തുതി. 

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (............) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തലചുറ്റും തളര്‍ച്ചയും ഉണ്ടായതുപോലെ തോന്നുകയും എന്‍റെ അമ്മയുടെ സഹായത്താല്‍ ഉടനെതന്നെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കിടക്കയും ചെയ്തു. തളര്‍ച്ചയോടു കൂടെ ഒരു മണിക്കൂറോളം കിടന്നപ്പോള്‍ ബോധം മറഞ്ഞു പോയി. അപ്പോത്തിക്കരി വന്നു കണ്ടപ്പോള്‍ ദീനം ആപല്‍ക്കരമെന്നു കണ്ടു വിനാഗിരി കൊണ്ടു തല കഴുകിയാല്‍ മാത്രം മതിയെന്നു പറഞ്ഞേച്ചു തിരുവനന്തപുരത്തായിരുന്ന എന്‍റെ പേര്‍ക്ക് കമ്പിയടിക്കാന്‍ ഗുണദോഷിച്ചു. പിതാവ് ബോധംകെട്ട സ്ഥിതിയില്‍ കിടന്നപ്പോഴാണ് ഉപ്രിശുമായും മറ്റും എത്തിയത്. തലേദിവസം (ഞായറാഴ്ച) കുമ്പസാരിച്ചു വി. കുര്‍ബ്ബാന കൈക്കൊണ്ടിരുന്നതിനാല്‍ കുര്‍ബ്ബാന കൈക്കൊണ്ടില്ലല്ലോ എന്ന മനസ്താപത്തിനു ഇടയുണ്ടായില്ല. ഇങ്ങനെ ബോധമില്ലാത്ത സ്ഥിതിയില്‍ രാത്രി മുഴുവന്‍ കിടന്നശേഷം ചൊവ്വാഴ്ച രാവിലെ ആറു മണിയോടു കൂടി താന്‍ സേവിച്ചു വന്നിരുന്ന കര്‍ത്താവിന്‍റെ അടുക്കലേക്കു വാങ്ങി. അന്നു വൈകുന്നേരം ശവം ആഘോഷപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോയി എങ്കിലും എനിക്ക് അന്ന് കോട്ടയത്തു വന്നുചേരുവാന്‍ സാധിക്കാഞ്ഞതിനാല്‍ അന്ന് ശവമടക്ക് ഉണ്ടായില്ല. പിറ്റേദിവസം (ബുധനാഴ്ച) രാവിലെ ഞാന്‍ വന്നുചേരുകയും ദിവ്യശ്രീ പള്ളിക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍, കരോട്ടു തോമസ് കത്തനാര്‍, ഒറ്റത്തൈക്കല്‍ തോമസ് കത്തനാര്‍ എന്നീ പട്ടക്കാരുടെ മൂന്നുമ്മേല്‍ കുര്‍ബ്ബാനയുടെ ശേഷം ഏകദേശം 11 മണിയോടു കൂടെ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍ വലിയപള്ളിയുടെ തെക്കുവശത്തു പ്രത്യേകം കെട്ടപ്പെട്ട കബറില്‍ അടക്കപ്പെടുകയും ചെയ്തു. ശവസംസ്കാര ശുശ്രൂഷയില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള ഇടവകകളിലെ മിക്ക പട്ടക്കാരും പള്ളിപ്രമാണികളും കൂടാതെ ഈ കോട്ടയത്തുള്ള നാനാജാതി മതസ്ഥന്മാരും സംബന്ധിച്ചിരുന്നു. ശുശ്രൂഷയില്‍ സംബന്ധിച്ചവര്‍ക്കു കഞ്ഞിയും സാധുക്കള്‍ക്കു കോടിയും പണവും കൊടുക്കയുണ്ടായി. ശവപ്പെട്ടി മുതലായ സാമാനങ്ങള്‍ അച്ചാച്ചന്‍റെ ഒരു ഉറ്റസ്നേഹിതനായിരുന്ന എറികാട്ടു മാത്തു സ്കറിയാ അവര്‍കളുടെ പേര്‍ക്കും കോടി (35 രൂപായ്ക്കു) മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കും ആയിരുന്നു. 10-ാം തീയതിയിലെ മനോരമ പത്രത്തില്‍ ഒരു ദീര്‍ഘമായ പ്രസംഗം അച്ചാച്ചന്‍റെ സ്വഭാവഗുണങ്ങളെപ്പറ്റിയും മറ്റും വിസ്തരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മരണത്തെപ്പറ്റി ഒരു അറിയിപ്പ് ഇംഗ്ലീഷില്‍ അടിപ്പിച്ചു അച്ചാച്ചന്‍റെ സ്നേഹിതന്മാരും പരിചയക്കാരുമായി മലയാളത്തും ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള അനേകം മഹാന്മാര്‍ക്കു ഞാന്‍ അയച്ചുകൊടുക്കയും അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചും അച്ചാച്ചന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിച്ചും എനിക്ക് നൂറോളം അനുശോചന കമ്പികളും എഴുത്തുകളും പലരില്‍ നിന്നു കിട്ടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ കൂറിലോസ് മെത്രാച്ചന്‍, മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ മുടക്കപ്പെട്ടവരായ മാര്‍ ദീവന്നാസ്യോസ്, മാര്‍ പീലക്സിനോസ് എന്നീ മെത്രാന്മാര്‍, പനയ്ക്കല്‍ പാത്തപ്പന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, ഫാ പി. റ്റി. ഗീവര്‍ഗീസ് എം.എ., പി. എം. ചാക്കോ ബി.എ. (പള്ളം), കെ. സി. ചാക്കോ എം.എ. (ബാംഗ്ലൂര്‍), റവ. എല്‍. എ. ഡെറോന്‍ എം.എ., വൈ.എം.സി.എ., പ്രാക്കുളം ഡി. പത്മനാഭപിള്ള, തേരകത്തു കൊച്ചുകോശി മുതലാളി, തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍, റവ. സി. ജോസ് ചാണ്ടി (റോമന്‍ ബിഷപ്പ് ഓഫ് കോട്ടയം), എം. പി. ജേക്കബ്, .., ജോര്‍ജ് ഏബ്രഹാം, പാവുണ്ണി, എം. ...... വികാരി ജനറല്‍, ചങ്ങനാശ്ശേരി, ........ (ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)

മരണം മുതല്‍ 57 ദിവസത്തേക്കു നിത്യ കുര്‍ബാനയും 3, 9, 30, 40 ദിവസങ്ങളില്‍ മുന്നുമ്മേല്‍ കുര്‍ബാനയും അച്ചന്മാര്‍ക്കു കഞ്ഞിയും വൈകിട്ട് സദ്യയും ഉണ്ടായിരുന്നു. 57-ാം ദിവസവും അച്ചന്മാര്‍ക്കു കഞ്ഞി കൊടുത്തു. 40-ാം ദിവസം (40 കന്നി 17-ാം തീയതി) ദൈവകൃപയാല്‍ വളരെ ഭംഗിയായി കഴിഞ്ഞുകൂടി. അതിനു 75 പറ അരിയും നൂറോളം രൂപായും ചിലവായി. നമ്മുടെ കൂട്ടത്തിലും വടക്കുംഭാഗത്തിലുമുള്ള ചിലരുടെ സ്വല്പമായ സഹായങ്ങളും ഉണ്ടായി. നമ്മുടെ കൂട്ടത്തില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള എല്ലാ അച്ചന്മാരും മിക്ക ഇടവകയിലെയും പ്രമാണികളും ഹാജരായിരുന്നതു കൂടാതെ വടക്കുംഭാഗത്തിലും പലരുണ്ടായിരുന്നു. അനേകം സാധുക്കള്‍ (ആയിരത്തോളം) വന്നിരുന്നവര്‍ക്കു തൃപ്തിയായി ഭക്ഷണം കൊടുത്തു. ഈ അടിയന്തിരം ശനിയാഴ്ച കഴിച്ചതുകൊണ്ടു സ്ഥലത്തുള്ള റോമന്‍ കത്തോലിക്കരാരും വന്നില്ല. വേറെ സൗകര്യമായ ദിവസമില്ലാഞ്ഞതു കൊണ്ടായിരുന്നു ശനിയാഴ്ച കഴിച്ചത്. റോമാക്കാര്‍ക്കു അന്ന് ഇറച്ചിക്കു പകരം മുട്ട കറിയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എങ്കിലും അസൂയയും ദുര്‍വാശിയും നിമിത്തമെന്നു തോന്നുന്നു അവരിലാരും വന്നില്ല. അവരുടെ അറിവില്ലാഴിക എന്നല്ലാതെ എന്തു പറയേണ്ടു. ദൈവം അറിവും ജ്ഞാനവും അവര്‍ക്കു കൊടുത്ത് അവര്‍ ഇത്തരം മൂഢത്തം ഇനിയെങ്ങും കാണിക്കാതിരിക്കട്ടെ. പരിപ്പില്‍ തണ്ണാകുരിയിലെയും തയ്യിലെയും ആളുകളും കൈനടിയില്‍ പള്ളിത്താനത്തു ലൂക്കാ മത്തായി അവര്‍കളും വന്ന് ഇറച്ചിക്കു പകരം മുട്ട കൂട്ടി ഉണ്ടതിനാലാണ് ഇവിടുത്തുകാരുടെ പ്രവൃത്തി മൂഢത എന്നു പറഞ്ഞത്. അച്ചാച്ചന്‍ അവരില്‍ ഓരോരുത്തര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങളും, ഒരു പുരയിടകേസ് സംബന്ധിച്ച് അവരുടെ സമുദായം ഇപ്പോഴും ഇവിടുത്തെ പിടിയില്‍ ഇരിക്കുന്ന സംഗതിയും പുത്തന്‍കൂറ്റുകാര്‍ പഴയതിലേക്കു ചേരുന്നതിനു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഓര്‍ത്താല്‍ ഈ സ്വല്പകാര്യത്തില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നത് അറിവില്ലാഴിക കൊണ്ടല്ലയോ. ഏതെങ്കിലും നമുക്ക് അവരോട് യാതൊരു വിരോധവുമില്ല. ദൈവം അവരോടു ക്ഷമിക്കയും അവര്‍ക്കു വേണ്ട ജ്ഞാനം കൊടുക്കയും ചെയ്വാന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതേയുള്ളു. 

2. 1914 ഓഗസ്റ്റ് മാസം മുതല്‍ യൂറോപ്പില്‍ ഭയങ്കരമായ യുദ്ധം നടന്നു വരുന്നു. ജര്‍മ്മനിയും ഓസ്ട്രിയായും ഒരു ഭാഗത്തും റഷ്യാ, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഇവര്‍ മുഖ്യമായി മറ്റേ ഭാഗത്തും നിന്നാണ് യുദ്ധം ചെയ്യുന്നത്. കാരണങ്ങള്‍ പലതുണ്ടെങ്കിലും ജര്‍മ്മനിയുടെ വലിയ ഉയര്‍ച്ച കണ്ടു മറ്റുള്ളവര്‍ക്കുണ്ടായ അസൂയയാണ് മുഖ്യ കാരണം. യുദ്ധത്തിനുള്ള ഉടന്‍ കാരണം ഓസ്ട്രിയായിലെ കിരീടാവകാശിയെ സേര്‍വിയായിലെ ഒരു സ്ലാവുകാരന്‍ ജൂണ്‍ 28-നു കൊന്നതാണ്. ഓസ്ട്രിയാ സേര്‍വിയായോടു യുദ്ധത്തിനു ഭാവിച്ചപ്പോള്‍ സ്ലാവു വര്‍ഗ്ഗക്കാരായ റഷ്യക്കാര്‍ സേര്‍വിയരോടു ചേരുകയും ജര്‍മ്മന്‍കാര്‍ ഓസ്ട്രിയരോടു ചേരുകയും ചെയ്തു. ജര്‍മ്മന്‍കാര്‍ യുദ്ധത്തിനു ഒരുങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ ഭയന്നു അവരും യുദ്ധത്തിനു ഒരുങ്ങയും അവരോടു കൂടെ .... എന്ന ഉടമ്പടിയില്‍ ചേര്‍ന്നിരുന്ന ഫ്രഞ്ചുകാരും ചേരുകയുമാണ് ചെയ്തത്. ഏതെങ്കിലും ഓഗസ്റ്റ് 13-ാം തീയതിയോടു കൂടെ എല്ലാ യൂറോപ്യന്‍ മഹത്ശക്തികളും ഓരോ വശത്തു ചേര്‍ന്ന് യുദ്ധപ്രഖ്യാപനം ചെയ്തു കഴിഞ്ഞു. ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത ഒരു മഹാ ഭയങ്കരമായ യുദ്ധമാണിത്. ഇതില്‍ ഇംഗ്ലണ്ടിനെ സഹായിപ്പാനായി കാനഡാ, ഓസ്ട്രിയ മുതലായ കോളനികളില്‍ നിന്നും ഇന്ത്യായില്‍ നിന്നും സൈന്യങ്ങളെ അയച്ചുകൊടുക്കുന്നുണ്ട്. യുദ്ധം കൊണ്ടു ഇന്ത്യയിലെ കച്ചവടത്തിനു വളരെ ദോഷം ഭവിച്ചിട്ടുണ്ട്. കൊപ്രാ, കയര്‍, കുരുമുളക്, ചുക്ക് മുതലായ നാട്ടിലെ സാമാനങ്ങള്‍ യൂറോപ്പിലേക്കു പോകാഴികയാല്‍ നൂറ്റുക്കു ആറു രൂപാ വരെ വിലയുണ്ടായിരുന്ന തേങ്ങായ്ക്കു ഒട്ടും വിലയില്ലാതെയാകയും മറ്റു സാമാനങ്ങളും കയറിപ്പോകാതെയും ഇരിക്കുന്നു. ആളുകള്‍ വളരെ കഷ്ടപ്പെടുന്നു. 

3. നാലാം പുസ്തകം 280-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന മാക്കിയില്‍ മെത്രാന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന കുമരകത്തു ചൂളപറമ്പില്‍ ചാണ്ടിയച്ചനെ നിയമിച്ചു 1914 സെപ്റ്റംബര്‍ 16-നു കമ്പി വരികയുണ്ടായി. പുതിയ മെത്രാന്‍ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവനും പരിഷ്കൃതമാനസനുമായ ഒരു ചെറുപ്പക്കാരനാണ്. 

4. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ (ലഃ ജമൃശേമൃരവ) വീണ്ടും പാത്രിയര്‍ക്കീസായി സിംഹാസനത്തില്‍ പ്രവേശിപ്പിച്ചെന്നും മറ്റും അദ്ദേഹത്തിന്‍റെ ഒരു കല്പന മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനു വന്നതായി മനോരമയില്‍ കാണുന്നു. ഇത് വാസ്തവമല്ലെന്നും അബ്ദല്‍ മശിഹാ റോമായില്‍ നിന്നു തിരിയെ സുറിയാനി സഭയില്‍ ചേരുകയും അദ്ദേഹത്തോടു കൂടെ ഊര്‍ശ്ലേമിലെ മെത്രാനായിരുന്ന മുടക്കപ്പെട്ട ഈവാനിയോസ് ഏലിയാസും റോമ്മായില്‍ നിന്നു തിരിയെ വരുകയും ഇവരുടെ തിരിച്ചുവരവില്‍ സന്തോഷിച്ചു മര്‍ദീനിലെ സുറിയാനിക്കാര്‍ ഇവരെ മുടിയനായപുത്രനെപ്പോലെ ആഘോഷപൂര്‍വ്വം എതിരേറ്റു സ്വീകരിച്ചു കുര്‍ക്കുമായുടെ ദയറായില്‍ ഒരു മുറി കൊടുത്തു അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചു അദ്ദേഹത്തിന്‍റെ കല്പന വരുന്നതുവരെ അവരെ അവിടെ തല്‍ക്കാലത്തേക്കു താമസിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നും ബാവായുടെ കക്ഷിക്കാര്‍ പറയുന്നു. 

5. കേരളീയരില്‍ വച്ച് ഇദംപ്രഥമമായി ഐ.സി.എസ്. പരീക്ഷാ വിജയം സമ്പാദിച്ച ആളും എന്‍റെ ഒരു കൂട്ടു വിദ്യാര്‍ത്ഥിയുമായിരുന്ന കെ. പി. പത്മനാഭപിള്ള എം.എ., ഐ.സി.എസ്. അവര്‍കളുടെ പിതാവും ഈ കുടുംബത്തോടു വളരെ സ്നേഹത്തില്‍ ഇരുന്ന ആളുമായ പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍ 1090 കന്നി 18-നു പരലോക പ്രാപ്തനായിരിക്കുന്നു. ഇയാളുടെ പേര്‍ക്ക് ഇംഗ്ലീഷില്‍ എഴുത്തുകള്‍ ശീമയിലേക്കു എഴുതിക്കൊടുത്തുകൊണ്ടിരുന്നതുകൊണ്ടാണ് അച്ചാച്ചനും ഇയാളും തമ്മില്‍ വലിയ സ്നേഹമുണ്ടായത്. അച്ചാച്ചനു പല സമ്മാനങ്ങള്‍ പലപ്പോഴായി കൊടുത്തിട്ടുള്ളതു കൂടാതെ എന്നെപ്പറ്റി ദിവാന്‍ജിയുടെ അടുക്കല്‍ വേണ്ട ശുപാര്‍ശകള്‍ പറഞ്ഞു എനിക്കു ഒരു നല്ല ഉദ്യോഗം വാങ്ങിച്ചു തരാമെന്നു വാഗ്ദത്തം ചെയ്തിരുന്നപ്പോഴാണ് അച്ചാച്ചനും ഇയാളും മരിച്ചത്. ഇയാള്‍ ജീവിച്ചിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നു. സര്‍ക്കാരില്‍ അത്രയ്ക്കു സ്വാധീനമുള്ള ആളായിരുന്നു പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍. 

6. മേല്‍ 3-ാം വകുപ്പില്‍ പറയുന്ന ചൂളപ്പറമ്പില്‍ ചാണ്ടിയച്ചനെ 1914 നവംബര്‍ 1-നു ഞായറാഴ്ച കാണ്ടായില്‍ വച്ചു ദലഗാദും വേറെ രണ്ടു ശീമ മെത്രാന്മാരും കൂടി (ഈജിപ്തില്‍ എന്നു തോന്നുന്നു) സൂസിറാസു എന്ന സ്ഥലത്തെ മെത്രാനും കോട്ടയം മിസ്സത്തിന്‍റെ വികാരി അപ്പോസ്തോലിക്കായുമായി വാഴിക്കയും അദ്ദേഹത്തെ സ്വന്ത സമുദായക്കാര്‍ നവംബര്‍ 19-നു വ്യാഴാഴ്ച കുമരകത്തു നിന്നു ആഘോഷസമേതം എതിരേറ്റു സ്ഥലത്തെ എടക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചെയ്തു. സമുദായത്തിന്‍റെയും കോട്ടയത്തുള്ള റോമാക്കാരുടെയും വകയായി രണ്ടു മംഗളപത്രങ്ങള്‍ സ്വീകരിക്കയും പള്ളിയില്‍ വച്ചു ബൂളാ വായിക്കയും ചെയ്തശേഷം തിരുനക്കരയുള്ള അദ്ദേഹത്തിന്‍റെ അരമനയിലേക്കു കരമാര്‍ഗ്ഗം എതിരേറ്റു കൊണ്ടുപോയി. അവിടെ വച്ചു വൈകുന്നേരം സ്ഥലത്തുള്ള നാനാജാതിക്കാരായ യോഗ്യന്മാരെ ക്ഷണിച്ചു ഒരു തേയില സല്‍ക്കാരം കൊടുക്കുകയുണ്ടായി. അതില്‍ ഞാനും പങ്കെടുത്തു. അനേകര്‍ വരികയും മെത്രാനെ സ്തുതിച്ചു ചിലര്‍ പ്രസംഗിക്കയും മെത്രാന്‍ ഭംഗിയായി മറുപടി പറയുകയും ചെയ്തു. ഇദ്ദേഹം കോട്ടയത്തു ഒരു സമ്മതനാണ്. 

7. മലബാര്‍ കൃഷി വ്യവസായ കമ്പനിയുടെ മൂന്നാമത്തെ പൊതുയോഗം 1090 ധനു 4-നു കുറിച്ചിയില്‍ പള്ളിക്കൂടത്തില്‍ വച്ചു കൂടുകയും ടി കമ്പനിയുടെ സെക്രട്ടറിയായിരുന്ന അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചു ഒരു നിശ്ചയം പാസ്സാക്കയും പകരം സെക്രട്ടറിയായി അടുത്ത പൊതുയോഗം വരെ എന്നെ നിയമിക്കയും ചെയ്തു. 

ഇടവഴിക്കല്‍ ഡയറി 4:241-284

241. നീലംപേരൂര്‍ പള്ളി ഇടവകയില്‍ ചേര്‍ന്ന വാലടിയില്‍ തേര്‍വാലടി ആനക്കാട്ടു ഈ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട വീട്ടുകാരുടെ ശ്രമത്താല്‍ തുരുത്തിയില്‍ മുളയ്ക്കാംതുരുത്തിപാറ എന്ന സ്ഥലത്തു ഒരു പള്ളി 1912 ഈയോര്‍ 3-നു 1087 ഇടവം 3-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം എന്നാല്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍) കല്ലിടപ്പെടുകയും കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി സ്ഥാപിച്ചത് ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ആകുന്നു. 

242. മേല്‍ 237-ാം വകുപ്പില്‍ പറയുന്നപ്രകാരം കോട്ടയത്തു ചെറിയപള്ളിയും പുത്തന്‍പള്ളിയും പുത്തനങ്ങാടി കുരിശുപള്ളിയും സെമിനാരി പള്ളിയും പൂട്ടിയ ശേഷം മുറയ്ക്കു രണ്ടു മാസം കഴിയുമ്പോള്‍ തുറന്നു കൊടുക്കാന്‍ മജിസ്ട്രേറ്റിനു ചുമതലയുണ്ടെങ്കിലും തുറന്നാല്‍ കലഹമുണ്ടാകുമെന്നുള്ള കാരണത്താല്‍ ഇരുകക്ഷികളും തമ്മില്‍ രാജിപ്പെടുകയോ ഒരു സിവില്‍ വ്യവഹാരത്താല്‍ തീര്‍ച്ചപ്പെടുകയോ ചെയ്യുന്നതുവരെ ഈ പള്ളികള്‍ തുറക്കുവാന്‍ പാടില്ലെന്നു ഹജൂര്‍ അനുവാദപ്രകാരം 1087 മേടമാസത്തില്‍ ഗവര്‍മെന്‍റ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

243. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിന്‍റെ മകന്‍ ഇ. പി. മാത്യു 1911 ഏപ്രില്‍ മാസത്തില്‍ നടന്ന ബി.എ. പരീക്ഷയില്‍ മലയാളം, ചരിത്രം ഈ രണ്ടു വിഷയങ്ങളിലും ചേരുകയും ജയിക്കയും ചെയ്തു. പിന്നീട് 1912 ഏപ്രില്‍ മാസത്തിലെ പരീക്ഷയില്‍ ഇംഗ്ലീഷിലും അവന്‍ ജയിച്ചിരിക്കയാല്‍ ഇപ്പോള്‍ മുഴുവന്‍ ബി.എ. ക്കാരനായിരിക്കുന്നു. ദൈവത്തിനു സ്തുതി.  

244. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിങ്കല്‍ ഉണ്ടായ മലയാളത്തെ മേല്‍ വിവരിച്ചിട്ടുള്ള കുഴപ്പങ്ങളുടെ ഫലമായി മുടക്കപ്പെട്ട മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാന്‍റെയും ആ കക്ഷികളുടെയും ശ്രമത്താല്‍ മേല്‍ 176-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായെ മലയാളത്തേക്കു ക്ഷണിച്ചു വരുത്തിയിരിക്കുന്നു. ഇവര്‍ തങ്ങളുടെ പാത്രിയര്‍ക്കീസായിട്ടു ഇദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മുടക്ക് അസാധുവാണെന്നും മറ്റും മുമ്പ് കമ്പിയും കല്പനകളും അയച്ചിട്ടുള്ളതുമായി വിവരിച്ചിട്ടുണ്ടല്ലോ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിനു വേണ്ടി ദീവന്നാസ്യോസും കൂട്ടരും നൂറു പവന്‍ അദ്ദേഹത്തിനു അയച്ചിട്ടുണ്ട്. അതനുസരിച്ചു അദ്ദേഹം പുറപ്പെട്ട് 1912 ഇടവ മാസത്തില്‍ ബാഗ്ദാദില്‍ എത്തുകയും അവിടെ നിന്നു പുറപ്പെട്ടതായി കമ്പി അടിക്കയും ചെയ്തു. പിന്നീട് ആ മാസത്തില്‍ തന്നെ അദ്ദേഹം കറാച്ചി തുറമുഖത്തു വന്നിറങ്ങിയതായി കമ്പി വരികയാല്‍ അദ്ദേഹത്തെ എതിരേറ്റു കൊണ്ടുവരുവാന്‍ ഇവിടെ നിന്നു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ബോംബേയ്ക്കു പോയിരിക്കുന്നു. ഇദ്ദേഹം ഈ നാട്ടില്‍ വന്നാല്‍ വളരെ കലഹം ഉണ്ടാകുന്നതാകകൊണ്ടു ഇവിടെ പ്രവേശിപ്പിക്കരുതെന്നും മറ്റും കൂറിലോസ് മെത്രാനും കൂട്ടരും ഹര്‍ജിയും കമ്പിയും മദ്രാസിനും മഹാരാജാവ് മുതല്‍പേര്‍ക്കും അയച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ഹര്‍ജിക്കു ഗവര്‍മെന്‍റ് നിഷ്പക്ഷമായിരിക്കയേ ഉള്ളൂ എന്ന് റസിഡണ്ട് മറുപടി കൊടുത്തതായി കേള്‍ക്കുന്നു. 

245. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് കറാച്ചിയില്‍ നിന്നും ബോംബെയില്‍ എത്തുകയും അവിടെ വച്ചു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ചെന്നു കാണുകയും ഒരുമിച്ചു ബോംബെയില്‍ നിന്നും 1912 ജൂണ്‍ 8-നു പുറപ്പെട്ട് പട്ടാമ്പി വഴി കുന്നംകുളങ്ങരയില്‍ എത്തുകയും അവിടെ കുറച്ചു ദിവസം താമസിച്ചശേഷം കൊച്ചിയില്‍ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍ നിന്നു തെക്കന്‍പറവൂര്‍, മുളന്തുരുത്തി ഈ പള്ളികളിലേക്കു പോയിരിക്കുന്നു. 

246. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇവിടെ നിന്നു പോയശേഷം ഈജിപ്റ്റില്‍ കെയ്റോ പട്ടണത്തില്‍ എത്തി. അവിടെ ഏഴെട്ടു മാസമായി താമസിച്ചു വരുന്നു. അവിടെ ഇത്ര അധികം താമസിക്കുന്നതിന്‍റെ കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ല എങ്കിലും ഈജിപ്റ്റില്‍ ഉള്ള ഒരു ഇറ്റാലിയന്‍ ബാങ്കില്‍ പാത്രിയര്‍ക്കീസിന്‍റെ പണം ഇട്ടിട്ടുള്ളത് സമുദായം വകയാണെന്നും പലിശയല്ലാതെ മുതല്‍ പാത്രിയര്‍ക്കീസിനു കൊടുത്തു കൂടാ എന്നു തുര്‍ക്കിയിലെ മെത്രാന്മാര്‍ ബാങ്കുകാര്‍ക്കു നോട്ടീസ് അയച്ചിട്ടുള്ളതിനാല്‍ ബാവാ അതിനെ ഭേദപ്പെടുത്തുവാന്‍ വേണ്ടി ഈജിപ്റ്റില്‍ താമസിക്കുന്നതാണെന്നും കേള്‍ക്കുന്നു. ബാവായ്ക്കു അവിടെവച്ചു വാതത്തിന്‍റെ ദീനം പിടിപെട്ടിരിക്കുന്നു എന്നും കേള്‍വിയുണ്ട്. 

247. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ പാസ്പോര്‍ട്ട് മനോരമയില്‍ പ്രസിദ്ധപ്പെടുത്തി കാണുന്നു. പഴയസുറിയാനിക്കാരുടെ പാത്രിയര്‍ക്കീസ് എന്ന് അതില്‍ ബാവായുടെ പേര്‍ വര്‍ണ്ണിച്ചിരിക്കുന്നത് കൂടാതെ ആത്മീയാധികാരം നടത്താന്‍ വരുന്നതില്‍ ആരും തടയരുതെന്നും പറയുന്നുണ്ട്. ഇത് ശരിയായ പാസ്പോര്‍ട്ടാണോ എന്നു സംശയമുണ്ട്. 

248. മേല്‍ 232-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നതുപോലെ വട്ടിപ്പണക്കാര്യം മദ്രാസ് ഗവര്‍മെന്‍റില്‍ ആലോചിച്ച ശേഷം കൂറിലോസ് മെത്രാനും ട്രസ്റ്റികള്‍ക്കും കൂടി രണ്ടു വര്‍ഷത്തെ പലിശ റസിഡണ്ട് കൊടുത്തതു അവരെക്കൊണ്ടു തിരിയെ കെട്ടി വെയ്പ്പിച്ചു പലിശ കോര്‍ട്ടില്‍ കെട്ടി വച്ചു രണ്ടു കക്ഷികളെയും പ്രതി ചേര്‍ത്ത് റസിഡണ്ട് ഒരു ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം ചെയ്യണമെന്നു മദ്രാസ് ഗവര്‍മെന്‍റില്‍ നിന്നും 1912 ജൂലൈ മാസത്തില്‍ തീര്‍ച്ച ചെയ്തിരിക്കുന്നു. അതിനാല്‍ കെട്ടി വാങ്ങിച്ച രണ്ടു വര്‍ഷത്തെ പലിശ തിരിച്ചു റസിഡണ്ടാപ്പീസില്‍ ഏല്പിക്കണമെന്ന് റസിഡണ്ട് കൂറിലോസ് മെത്രാനും കൂട്ടു ട്രസ്റ്റികള്‍ക്കും നോട്ടീസയച്ചിരിക്കുന്നു. 

249. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുള്ളവര്‍ 1088 ചിങ്ങം 12-നു ചൊവ്വാഴ്ച പരുമല സെമിനാരിയില്‍ ഒരു യോഗം കൂടിയിരുന്നു. അവിടെ എന്തെല്ലാം നിശ്ചയിച്ചു എന്ന് പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ കിഴക്കിന്‍റെ കാതോലിക്കാ (മഫ്രിയാനാ) ആയിട്ടു വാഴിക്കണമെന്നും പുന്നൂസ് റമ്പാന്‍, വാകത്താനത്തു കാരുചിറ റമ്പാന്‍ മുതലായി നാലഞ്ചു പേരെ മെത്രാന്മാരായി വാഴിക്കണമെന്നും തീര്‍ച്ചയാക്കയും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ അതിനെ സമ്മതിക്കയും ചെയ്തു. 

250. 1912 സെപ്റ്റംബര്‍ മാസം 8-നു 1088 ചിങ്ങം 24-നു ഞായറാഴ്ച പരുമല സെമിനാരി പള്ളിയില്‍ വച്ച് കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനെ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് വാഴിച്ചിരിക്കുന്നു. അപ്പോള്‍ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. ഈ ഗ്രീഗോറിയോസ് കുറിച്ചി പള്ളി ഇടവകയില്‍ ഉള്‍പ്പെട്ട കല്ലാശ്ശേരില്‍ ഉലഹന്നന്‍റെ മകന്‍ ആകുന്നു. 

251. മേല്‍ 249-ാം വകുപ്പില്‍ പറയുന്നപ്രകാരം മുറിമറ്റത്തില്‍ മാര്‍ പൗലോസ് ഈവാനിയോസ് മെത്രാപ്പോലീത്തായെ മാര്‍ ബസേലിയോസ് എന്ന പേരില്‍ കിഴക്കിന്‍റെ കാതോലിക്കാ എന്ന സ്ഥാനത്തില്‍ മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് 1088-മാണ്ടു ചിങ്ങം 31-നു 1912 സെപ്റ്റംബര്‍ 15-നു ഈലൂല്‍ 2-നു ഞായറാഴ്ച നിരണത്തു പള്ളിയില്‍ വച്ച് വാഴിച്ചിരിക്കുന്നു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പുതിയ മെത്രാന്‍ മാര്‍ ഗ്രീഗോറിയോസും ഉണ്ടായിരുന്നു.

252. തുര്‍ക്കി ഗവര്‍മെന്‍റ് അംഗീകരിച്ചിരിക്കുന്ന ന്യായമായ പാത്രിയര്‍ക്കീസ് അബ്ദുള്ളാ ആണെന്നും അബ്ദല്‍ മശിഹാ സ്ഥാനത്തില്‍ നിന്നു തള്ളപ്പെട്ടവനാണെന്നും ആ വിവരം ഇവിടെ അറിയിക്കണമെന്നും തുര്‍ക്കി ഗവര്‍മെന്‍റിന്‍റെ ലണ്ടനിലെ അംബാസിഡര്‍ ഇംഗ്ലീഷ് ഗവര്‍മെന്‍റിനെ അറിയിച്ചിരിക്കുന്നതായി ഇംഗ്ലീഷ് ഗവര്‍മെന്‍റ് തിരുവിതാംകൂര്‍, കൊച്ചി ഗവര്‍മെന്‍റുകളെ അറിയിക്കയും ഹജൂരില്‍ നിന്നും പേഷ്ക്കാരന്മാര്‍ക്കും ഡിവിഷനില്‍ നിന്നും താലൂക്കുകളിലേക്കും എഴുതിയയ്ക്കയും ചെയ്തിരിക്കുന്നു. 

253. പാമ്പാക്കുട ചെറിയപള്ളിയില്‍ വികാരിയായ പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍ മാര്‍ അബ്ദുള്ളാ പാത്രിയക്കീസ് ബാവായ്ക്കു വിരോധമായി മുടക്കപ്പെട്ട മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കൂടെ ചേര്‍ന്ന കാരണത്താലും കോനാട്ട് മല്പാന്‍റെ പ്രേരണയാലും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ടി പൗലോസ് കത്തനാരെ മുടക്കുകയും ആ പള്ളിക്കു വേറെ കത്തങ്ങളെ നിയമിക്കയും ചെയ്തു. അതെപ്പറ്റി തര്‍ക്കിച്ചു പള്ളിയുടെ കൈവശത്തെപ്പറ്റി മൂവാറ്റുപുഴ താലൂക്ക് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ ഒരു സമരി കേസ് വിസ്താരം നടന്നതില്‍ സമാധാന ലംഘനമുണ്ടാകുമെന്നു കണ്ടു ഒരു സിവില്‍ വ്യവഹാര തീര്‍ച്ച വരെ പള്ളി പൂട്ടിയിടാന്‍ ഒരു വിധിയുണ്ടായി. ഈ വിധിയിന്മേല്‍ പൗലോസ് കത്തനാര്‍ ഹൈക്കോര്‍ട്ടില്‍ പരിശോധന അപ്പീല്‍ കൊടുത്തതില്‍ പള്ളി ടി പാലപ്പള്ളി കത്തനാരുടെയും കൈക്കാരന്മാരുടെയും കൈവശമാണെന്നു അഭിപ്രായപ്പെട്ടു. മജിസ്ട്രേറ്റ് വിധിയെ അസ്ഥിരപ്പെടുത്തി അവര്‍ക്കു നടത്തി കൊടുപ്പാന്‍ 1088 ചിങ്ങത്തില്‍ വിധിച്ചിരിക്കുന്നു.

254. മേല്‍ 238-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന കുലപാതക കേസ്  കോട്ടയം സെഷന്‍സ് കോര്‍ട്ടിലേക്കു കമ്മിറ്റു ചെയ്തശേഷം അവിടെ 1087-ല്‍ 29-ാം നമ്പരായി വിസ്തരിച്ചു 1088 കന്നി 26-നു വിധി പറഞ്ഞിരിക്കുന്നു. പിടികിട്ടിയ പ്രതികള്‍ 11 പേര്‍ക്കും ജീവപര്യന്തം തടവാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. അക്കര പാപ്പച്ചന്‍ മുതലായി പിടികിട്ടാനുള്ള ശേഷം  പ്രതികളെ ഉടനെ പിടിപ്പിക്കാന്‍ ആജ്ഞാപിച്ചിട്ടുമുണ്ട്. പ്രതികള്‍ക്കു അപ്പീല്‍ ഉണ്ട്.

255. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ എന്നെ സിവില്‍ നിയമപ്രകാരം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നതായി 1088 കന്നി മാസം 30-നു തിരുവിതംകൂര്‍ ഗവര്‍മെന്‍റ് ഗസെറ്റിന്‍റെ 1962-ാം പുറത്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഗസെറ്റിന്‍റെ ഇംഗ്ലീഷ് 1912 ഒക്ടോബര്‍ മാസം 15-ാം തീയതിയും നോട്ടീസിന്‍റെ നമ്പര്‍ ജെനറല്‍ നമ്പ്ര 6961 ഉം ആകുന്നു. നോട്ടീസിന്‍റെ പകര്‍പ്പ്. 
(ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)
മേല്‍പ്രകാരം അനുവദിച്ച വിവരത്തിനു കോട്ടയം താലൂക്കില്‍ നിന്നും 1088 തുലാം 21-നു 923-ാം നമ്പ്രില്‍ എനിക്കു ഇണ്ടാസും കിട്ടിയിരിക്കുന്നു.

256. കരിനാട്ടു പള്ളി ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കു 1088 തുലാം 16-നു ഞായറാഴ്ച കോട്ടയത്തു വലിയപള്ളിയില്‍ വച്ചു ഞാന്‍ മ്സമ്രോനാ പട്ടം കൊടുത്തിരിക്കുന്നു. 

257. മേല്‍ 254-ാം വകുപ്പില്‍ പറയുന്ന കുലപാതക കേസില്‍ സെഷന്‍സ് കോര്‍ട്ടിലെ വിധിയിന്മേല്‍ പ്രതികള്‍ അപ്പീല്‍ ചെയ്തു. ഹൈക്കോര്‍ട്ടില്‍ 1088-ല്‍ 38 മുതല്‍ 45 വരെ ..... ചെയ്തു. ചീഫ് ജസ്റ്റീസ് കൃഷ്ണന്‍ നായരും ജസ്റ്റീസ് മുത്തുനായരും പിള്ളയും ചേര്‍ന്ന ബഞ്ചില്‍ ഈ കേസ് കേട്ടു ഒന്നും രണ്ടും മൂന്നൂം പ്രതികളായ മുഹമ്മദീയരുടെ മേല്‍ കുറ്റം സ്ഥാപിച്ചു കീഴ്കോടതി വിധി സ്ഥിരപ്പെടുത്തുകയും ശേഷം പ്രതികളെ വിട്ടയക്കയും ചെയ്തതായി 1088 വൃശ്ചിക മാസം 13-നു വിധി പറഞ്ഞതായി കമ്പി വന്നിരിക്കുന്നു. ഈ കേസ് ഹൈക്കോര്‍ട്ടില്‍ സെഷന്‍സ് അപ്പീല്‍ 1088-ല്‍ 38 മുതല്‍ 45 വരെ നമ്പ്രാണ്. 

258. ഇന്ത്യായില്‍ ഇംഗ്ലീഷ് സഭ പല സ്ഥലത്തും സ്ഥാപിച്ചിട്ടുള്ളതും അതിനു പ്രത്യേകം ബിഷപ്പന്മാരെ നിയമിച്ചിട്ടുള്ളതുമാണെങ്കിലും യൂറോപ്യന്മാര്‍ മാത്രമാണ് ഇതേവരെ ഈ സ്ഥാനത്തില്‍ ഇരുന്നിട്ടുള്ളു. ഇപ്പോള്‍ ഒരു നാട്ടുകാരനെ ഇദംപ്രഥമമായി നിശ്ചയിച്ചിരിക്കുന്നു. ആദ്യത്തെ നാട്ടു ബിഷപ്പായി വാഴിക്കപ്പെട്ടതു തിരുനല്‍വേലി ജില്ലയില്‍ ജനിച്ചുവളര്‍ന്ന റവറണ്ട് വി. എസ്. അസ്സറിയാ എന്ന പാദ്രിയാണ്. ഇയാളെ 1912 ഡിസംബര്‍ 29-നു കല്‍ക്കത്തായില്‍ വച്ചു വാഴിച്ചിരിക്കുന്നു. മദ്രാസ് ബിഷപ്പിന്‍റെ അസിസ്റ്റന്‍റായിട്ടാണത്രെ. 

259. നീലംപേരൂര്‍ പള്ളി പരുത്തിക്കാട്ടു കുടുംബക്കാരാല്‍ സ്ഥാപിക്കപ്പെട്ടതും ആ കുടുംബക്കാര്‍ കൈസ്ഥാനം ഭരിച്ചു വരുന്നതും ഇടവകക്കാരായ മറ്റാളുകള്‍ക്കു തൃപ്തിയില്ലാതെ അവര്‍ക്കും കൈസ്ഥാനവും പട്ടവും കിട്ടണമെന്നു ആവശ്യപ്പെട്ടിട്ടു സമ്മതിക്കാതിരിക്കയാല്‍ 241-ാം വകുപ്പില്‍ പറയുന്ന തുരുത്തിയില്‍ പാറയില്‍ പള്ളി സ്ഥാപിക്കാന്‍ ഇടയായി. ഈ കാരണത്താല്‍ തന്നെ കുറിച്ചി മുറിയിലുള്ള നീലംപേരൂര്‍ പള്ളി ഇടവകക്കാര്‍ ചേര്‍ന്നു ചങ്ങനാശ്ശേരി താലൂക്ക് മഞ്ചാടിക്കര പ്രവൃത്തിയില്‍ കുറിച്ചി മുറിയില്‍ പാറപറമ്പു പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിക്കയും അവിടെ 1913 മകരം (സുറിയാനി കണക്കില്‍) 15-നു 1088 മകരം 16-നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം കല്ലിട്ടു കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി മാര്‍ ഇഗ്നാത്യോസ് നൂറോനോ സഹദായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു.  

260. ഇരവിപേരൂര്‍ ഇടവകയില്‍ കല്ലുകുഴിയില്‍ ഇട്രിയോക്കന്‍റെ മകന്‍ പുന്നൂസ് എന്ന ചെറുക്കനു കോറൂയോയായി 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച കോട്ടയത്തു വച്ചു ഞാന്‍ പട്ടം കൊടുത്തു. 

261. കല്ലിശ്ശേരി പള്ളി ഇടവകക്കാരായി വെമ്പാല മുതലായ സ്ഥലങ്ങളിലുള്ളവര്‍ സര്‍ക്കാര്‍ അനുവാദപ്രകാരം തിരുവല്ലാ പ്രവൃത്തിയില്‍ തെങ്ങേലി മുറിയില്‍ .......... പുരയിടത്തില്‍ നമ്മുടെ അനുവാദപ്രകാരം ഒരു തല്‍ക്കാല കെട്ടിടം ഉണ്ടാക്കി കുരിശ് വച്ചു 1913 മകരം 20-നു ഞായറാഴ്ച (1088 മകരം 21-നു) കുര്‍ബാന ചൊല്ലിയിരിക്കുന്നു. ഈ പള്ളി പ്രതിഷ്ഠിക്കാന്‍ അനുവദിച്ചതു ദൈവമാതാവിന്‍റെ നാമത്തില്‍ ആകുന്നു. 

262. വാകത്താനത്തു കാരുചിറ ഗീവര്‍ഗീസ് റമ്പാനെയും കണ്ടനാട്ടു കരോട്ടുവീട്ടില്‍ യൂയാക്കീം റമ്പാനെയും 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ചു മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ മെത്രാന്മാരായി വാഴിച്ചിരിക്കുന്നു. പാത്രിയര്‍ക്കീസിനോടു കൂടെ മുറിമറ്റത്തില്‍ ബസേലിയോസ് കാതോലിക്കായും മെത്രാന്മാരായ ദീവന്നാസ്യോസും ഗ്രീഗോറിയോസും ഉണ്ടായിരുന്നു. ഇവരില്‍ ഗീവറുഗീസ് റമ്പാനു പീലക്സിനോസ് എന്നും യൂയാക്കീം റമ്പാനു ഈവാനിയോസ് എന്നും സ്ഥാനപ്പേര്‍ നല്‍കിയിരിക്കുന്നു. 

263. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് തെക്കന്‍ പള്ളികളില്‍ സഞ്ചരിച്ചശേഷം കോട്ടയം ഡിവിഷനിലുള്ള പള്ളികളില്‍ സഞ്ചരിക്കാന്‍ കോട്ടയം പേഷ്ക്കാര്‍ അനുവദിച്ചില്ല. ലഹളയുണ്ടാകുമെന്ന് എതിര്‍കക്ഷികളുടെ ഹര്‍ജി ഉണ്ടായിരുന്നതുകൊണ്ടാണ് പേഷ്ക്കാര്‍ അനുവദിക്കാഞ്ഞത്. ബാവാ 1913 മാര്‍ച്ച് 3-നു 1088 കുംഭം 20-നു തിങ്കളാഴ്ച രാത്രി പരുമല നിന്നും എറണാകുളത്തേയ്ക്കും ഉടനെ തന്നെ അവിടെ നിന്നു തീവണ്ടി മാര്‍ഗ്ഗം ബോംബേയ്ക്കും പോയി. ആ വഴി സ്വദേശത്തേക്കു മടങ്ങുകയാണ്. ഊര്‍ശ്ലേം വഴിക്കാണ് പോകുന്നത്. 

264. തൃശിനാപ്പള്ളിയില്‍ താമസിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഒരു സുറിയാനി പട്ടക്കാരന്‍ തൃശിനാപള്ളിയില്‍ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്നതിനു മദ്രാസ് ബിഷപ്പ് അനുവദിച്ചതനുസരിച്ച് രാമംഗലത്തു പെലയന്‍കാട്ടില്‍ യോഹന്നാന്‍ കത്തനാര്‍ 1913 മാര്‍ച്ച് 2-നു ഞായറാഴ്ച തൃശിനാപ്പള്ളിയിലെ ഇംഗ്ലീഷ് പള്ളിയില്‍ സുറിയാനി കുര്‍ബാന ചൊല്ലിയിരിക്കുന്നു. 

265. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു കണ്ണു കാണാനും ചെവി കേള്‍ക്കാനും പാടില്ലാത്തവിധത്തില്‍ പൂനിക്കിയില്‍ താമസിക്കുന്നു എന്നു അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുകള്‍ വന്നിരിക്കുന്നതായി ആ കൂട്ടര്‍ പറയുന്നു. വാസ്തവം ദൈവത്തിനറിയാം. 

266. കിടങ്ങൂര്‍ പ്രവൃത്തിയിലുള്ള പത്തു കരകളും കിടങ്ങൂര്‍ ദേവനും അവിടത്തെ ഊരാണ്മക്കാരായ ബ്രാഹ്മണര്‍ക്കും സങ്കേതമായി കിട്ടിയിട്ടുള്ളതാകയാല്‍ അവിടെ ക്രിസ്ത്യാനി പള്ളികള്‍ സ്ഥാപിച്ചു കൂടാ എന്ന് തര്‍ക്കമുണ്ട്. അതില്‍പെട്ട പുറയാര്‍ കരയില്‍ ഒരു പള്ളി വെയ്ക്കാന്‍ 1054-ല്‍ അപേക്ഷിച്ചിട്ടു ദിവാന്‍ ശങ്കര സുബ്ബയ്യര്‍ സങ്കേതം കാരണം പറഞ്ഞു അനുവദിച്ചില്ല. 1904-ല്‍ വീണ്ടും ക്രിസ്ത്യാനികള്‍ അവിടെ ഒരു പള്ളിക്കു അപേക്ഷിച്ചു. ഈ വക അപേക്ഷകള്‍ 60 ദിവസത്തിനകം അനുവദിക്കയോ നിഷേധിക്കയോ ചെയ്യാതിരുന്നാല്‍ പള്ളി വെയ്ക്കാമെന്നു വിളംബരം ഉണ്ട്. ഈ അവധിക്കകം ഈ അപേക്ഷയ്ക്കു തീരുമാനം ഉണ്ടാകാഞ്ഞതിനാല്‍ 60 ദിവസം കഴിഞ്ഞ ഉടനെ ക്രിസ്ത്യാനികള്‍ പള്ളി സ്ഥാപിച്ചു. അതിനെപ്പറ്റി നമ്പൂതിരിമാര്‍ ഹജൂരില്‍ ബോധിപ്പിച്ചതില്‍ ക്രിസ്ത്യാനികള്‍ തിരുവെഴുത്തു വിളംബരത്തിനു വിരോധം ചെയ്തിട്ടില്ലാത്തതിനാല്‍ ഹര്‍ജി തള്ളി. അപ്പോള്‍ ഊരാണ്മക്കാര്‍ വാദികളായും മാക്കില്‍ മെത്രാന്‍, വികാരി, കൈക്കാരന്മാര്‍ മുതലായവരെയും ഗവര്‍മെന്‍റിനെയും പ്രതികളാക്കിയും ഒരു സിവില്‍ വ്യവഹാരം കോട്ടയം ജില്ലയില്‍ 1086-ല്‍ സിവില്‍ 39-ാം നമ്പ്രായി ഫയല്‍ ചെയ്തു. ദേവസ്വത്തിലേക്കു സങ്കേതാവകാശം ഉള്ളതായി തെളിവുണ്ടെങ്കിലും അവ ഓരോന്നോരോന്നായി നശിച്ചു വേദം നാമമാത്രമായി തീര്‍ന്നിരിക്കുന്നു എന്നും സങ്കേതാവകാശം ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തെ തടയത്തക്കതല്ലെന്നും അങ്ങനെയുള്ള ഒരു അവകാശ സ്ഥാപനം, പരിഷ്ക്കാര കാലത്തെ നടപടികള്‍ക്കും സ്വാതന്ത്ര്യത്തിനും മതവിഷയത്തിലുള്ള ഗവര്‍മെന്‍റിന്‍റെ നയത്തിനും എതിരാകയാല്‍ ഒരു കോടതിക്കു അനുവദിക്കാന്‍ പാടില്ലെന്നും പറഞ്ഞു അന്യായം തള്ളി വിധിച്ചിരിക്കുന്നു. 1088 കുംഭം ഒടുവിലാണ് ഈ വിധി. 

267. ഊര്‍ശ്ലേമിലെ സുറിയാനി മെത്രാപ്പോലീത്തായായിരുന്ന മാര്‍ ഏലിയാസ് ഈവാനിയോസിനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുമ്പില്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ മുടക്കുകയുണ്ടായി. പിന്നീട് മലയാളത്തേക്കു വരുംവഴി ഈ മുടക്ക് തീര്‍ത്തതായി കേട്ടിട്ടുണ്ട് എങ്കിലും ഊര്‍ശ്ലേം ഇടവക അദ്ദേഹത്തിനു കൊടുക്കാതെ അവിടെ ഗ്രീഗോറിയോസ് അപ്രേം എന്നൊരു മെത്രാനെ നിയമിച്ചു. മേല്‍പറഞ്ഞ ഈവാനിയോസ് മെത്രാപ്പോലീത്തായും പൂനിക്കിലേക്കു മാര്‍ അബ്ദുള്ളാ ബാവാ വാഴിച്ച ...........യോലിയോസ് അബ്രഹാം മെത്രാപ്പോലീത്തായും കൂടി യാക്കോബായ സഭ വിട്ടു മക്കുബായ എന്നു പറയപ്പെടുന്ന റോമ്മാ സഭയ്ക്കു കീഴുള്ള പാത്രിയര്‍ക്കീസിനോടു ചേര്‍ന്നതായി അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുവന്നതായി പറയുന്നു. 

268. വെളിയനാട്ടു പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബക്കാരാല്‍ പണിയിക്കപ്പെട്ടതാണ്. അവിടെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പുതിയ പ്രമാണികള്‍ക്കു പള്ളിയില്‍ കൈസ്ഥാനവും പ്രമാണത്വവും കിട്ടാത്തതുകൊണ്ടു അവര്‍ വെളിയനാട്ടു പ്രവൃത്തിയില്‍ കുന്നാകരി മുറിയില്‍ കുന്നങ്കരി ബേതലഹേം പള്ളി എന്ന പേരില്‍ ഒരു പള്ളി പണിയിക്കയും അത് 1913 മീനം (ഓദോര്‍) 30-നു 1088 മീനം 30-നു ശനിയാഴ്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തില്‍ പ്രതിഷ്ഠിക്കയും ചെയ്തു. ഈ പള്ളിയുടെ സ്ഥാപകന്മാരില്‍ പ്രധാനികള്‍ വലിയ പറമ്പന്‍, കണ്ണോത്തുകാര്‍, പുത്തന്‍കളവന്‍ മുതല്‍പേരാണ്. 

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും അവിടെ വച്ചു നീസോന്‍ മാസം 19-നു 1088 മേടം 20-നു വെള്ളിയാഴ്ച (മെയ് മാസം 2-നു) കാലം ചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയോസ് യൂയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാനും പോയിരുന്നു. 

270. എന്‍റെ ജ്യേഷ്ഠപുത്രന്‍ ലൂക്കോസ് കത്തനാരുടെ രണ്ടാമത്തെ മകന്‍ തോമ്മായ്ക്കു 1088 മേടം 25-നു 1913 മേടം (നീസോന്‍) 24-നു പെരുനാള്‍ ദിവസം കോട്ടയത്തു വലിയപള്ളിയില്‍ വച്ച് യവ്പദ്യക്കിനോ എന്ന ശെമ്മാശുപട്ടം ഞാന്‍ കൊടുത്തു. 

271. മാര്‍ ബസേലിയോസ് കാതോലിക്കായും കല്ലാശ്ശേരി ഗ്രീഗോറിയോസ്, വാകത്താനം പീലക്സിനോസ്, കരോട്ടുവീട്ടില്‍ ഈവാനിയോസ്  ഈ മെത്രാന്മാരും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും സ്ഥാനം ഏറ്റതു സാധുവല്ലെന്നും ഇവരെ മുടക്കിയിരിക്കുന്നു എന്നും മറ്റും കാണിച്ചു അബ്ദുള്ളാ പാത്രിയര്‍ക്കീസ് കല്പന അയച്ചിരിക്കുന്നു. 1913 മീനത്തില്‍ പൂനിക്കില്‍ നിന്ന് എഴുതിയ കല്പനയാണ് ഇത്. 

272. മേല്‍ 263-ാം വകുപ്പില്‍ പറയുന്നപ്രകാരം മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ ബാവാ ഇന്ത്യയില്‍ നിന്ന് ഊര്‍ശ്ലേമിലേക്കു പോയശേഷം കുറച്ചു ദിവസം അവിടെയുള്ള മര്‍ക്കോസിന്‍റെ ദയറായില്‍ താമസിച്ചു. അവിടെ നിന്നും മെസപ്പത്തോമിയായിലേക്കു പോകുന്നു എന്നുള്ള ഭാവേന ഇറങ്ങി ഊര്‍ശ്ലേമിലുള്ള റോമ്മാ ലത്തീന്‍ മെത്രാന്‍റെ അടുക്കല്‍ ചെന്നു എഴുതി വച്ചു റോമ്മാ സഭയില്‍ ചേര്‍ന്നിരിക്കുന്നതായി റോമ്മായില്‍ നിന്നും പ്രസിദ്ധപ്പെടുത്തുന്ന ഒരു പത്രത്തില്‍ കണ്ടിരിക്കുന്നു. 
273. ബസേലിയോസ് കാതോലിക്കായുടെ നാല്പതാം ദിവസം അടിയന്തിരം പാമ്പാക്കുട ചെറിയപള്ളിയില്‍ വച്ച് 1088 ഇടവം 18-നു ശനിയാഴ്ച കഴിച്ചിരിക്കുന്നു. 

273 എ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ട ബസേലിയോസ് കാതോലിക്കായും ഗ്രീഗോറിയോസ്, ഈവാനിയോസ്, പീലക്സിനോസ് ഈ മെത്രാന്മാരും മെത്രാന്മാര്‍ അല്ലെന്നും അവരെ അയ്മേനികളായിട്ടു മാത്രമേ വിചാരിക്കാവൂ എന്നും മറ്റും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ അയച്ച കല്പനയുടെ തര്‍ജ്ജമ 1088 ഇടവ മാസത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 

274. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ പൂനിക്കിയില്‍ താമസിക്കയായിരുന്നല്ലോ. ഇദ്ദേഹത്തെയും പാത്രിയര്‍ക്കാ സ്ഥാനത്തില്‍ നിന്നു മര്‍ദ്ദീനിലെ മജിലിസ് (കമ്മിറ്റിക്കാര്‍) നീക്കി സഭാകാര്യം അന്വേഷിപ്പാന്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഈവാനിയോസ് എന്ന രണ്ടു മെത്രാന്മാരെ നിയമിച്ചിരിക്കുന്നു എന്ന് 1913 ജൂലൈ 19-ലെ മലയാള മനോരമയില്‍ ഒരു മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടിയ അറിവ് എവിടെ നിന്നെന്നും പറഞ്ഞിട്ടില്ല.

275. മാര്‍ ഒസ്താത്യോസ് ബാവായെയും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെയും കോനാട്ട് മല്പാനെയും മുടക്കിയിരിക്കുന്നതായി അബ്ദല്‍ മശിഹാ തന്‍റെ യാത്രാസമയം എഴുതിയ കല്പനയുടെ തര്‍ജ്ജമ എന്നു പറഞ്ഞു ഒരു മുടക്കു കല്പന ഒരു കൂട്ടര്‍ എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. 1088 മിഥുനത്തിലാണ് ഇത് ഇങ്ങനെ പരസ്യം ചെയ്തത്.

276. മേല്‍ 248-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്നപ്രകാരം സുറിയാനിക്കാരുടെ വക വട്ടിപ്പണത്തിന്‍റെ പലിശയെപ്പറ്റിയുള്ള ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം 1088-ല്‍ സിവില്‍ 94-ാം നമ്പ്രായി സ്റ്റേറ്റ് സെക്രട്ടറി വാദിയും  പകരം മദ്രാസ് ഗവര്‍മെന്‍റ് ചീഫ് സെക്രട്ടറി ഓണറബിള്‍ എ. ജി. കാര്‍ഡു ഒപ്പിട്ടു തിരുവനന്തപുരം ജില്ലയില്‍ ഫയല്‍ ചെയ്തിരിക്കുന്നു. അന്യായത്തിന്‍റെ തീയതി 1913 ജൂണ്‍ 4 ആണ്. പ്രതികള്‍: 1. മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ. 2. പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍. 3. ചിറക്കടവില്‍ കോരുള അബ്രഹാം. 4. മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ. 5. കോനാട്ട് കോര മാത്തന്‍ കത്തനാര്‍. 6. സി. ജെ കുര്യന്‍ ഇവരാണ്. .......... 1912 ഡിസംബര്‍ ഒന്നിനു വരെ കുടിശിഖയായി കിടപ്പുള്ള പലിശ ബ്രിട്ടീഷ് രൂപാ 3360-നു സര്‍ക്കാര്‍ രൂപ 3420. ഇത് മാര്‍ ജോസഫ് ദീവന്നാസ്യോസ് പറ്റിയതിനു പിമ്പുള്ള നാലു വര്‍ഷത്തെ പലിശയാണ്. 

277. മേല്‍ 274-ാം വകുപ്പില്‍ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസിനെ സ്ഥാനഭ്രഷ്ടനാക്കി എന്നു പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും അദ്ദേഹവും ജനങ്ങളില്‍ ചിലരും തമ്മില്‍ ചില തൃപ്തികേടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്‍റെ സ്ഥാനത്തിനു ഒരു ന്യൂനതയും വന്നിട്ടില്ലെന്നും പിന്നീട് അറിവ് കിട്ടിയിരിക്കുന്നു. എന്നാലും പാത്രിയര്‍ക്കീസിന്‍റെ പ്രതിപുരുഷനായി സമുദായക്കാര്‍ ഒരു മെത്രാനെ മര്‍ദ്ദീനില്‍ കുര്‍ക്കുമാ ദയറായില്‍ നിയമിച്ചിട്ടുണ്ടെന്നറിയുന്നു. പാത്രിയര്‍ക്കീസ് ബാവാ കുറെ നാളായി ഊര്‍ശ്ലേമില്‍ തന്നെ താമസിക്കുന്നു. മലയാളത്തു നിന്നു പോയിട്ടു ഇതുവരെ മര്‍ദ്ദീനിലേക്കു പോയിട്ടില്ല (1913 ധനു). 

278. ഇംഗ്ലണ്ടില്‍ നിന്നു സ്കൂള്‍ വകയ്ക്കു എന്നു പറഞ്ഞു ഒരു പണപ്പിരിവിനു പാത്രിയര്‍ക്കീസ് ബാവാ ഇംഗ്ലണ്ടില്‍ വച്ചു പരിശ്രമിച്ചിട്ടു ഫലമില്ലാതെയാണ് അവിടെനിന്നു തിരിച്ചുപോന്നത്. എന്നാല്‍ 1913-ല്‍ ബാവാ ഊര്‍ശ്ലേമില്‍ താമസിക്കുമ്പോള്‍ മൂസല്‍കാരന്‍ അപ്രേം ബര്‍സൂം എന്നു പേരായ ഒരു റമ്പാനെ ടി പണപ്പിരിവിനായി കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ്, ലണ്ടന്‍ ബിഷപ്പ് മുതലായ മഹാന്മാര്‍ക്കു എഴുത്തുകളും കൊടുത്തു ഇംഗ്ലണ്ടിലേക്കയച്ചു. ഈ റമ്പാന്‍ ഇംഗ്ലണ്ടില്‍ സഞ്ചരിച്ചിട്ടു യാതൊരു സഹായവും ലഭിച്ചില്ല. ആര്‍ച്ച് ബിഷപ്പ് മുതല്‍പേര്‍ അയാളുടെ കല്പനയ്ക്കു ഒരു മറുപടി പോലും കൊടുക്കാതെ അപേക്ഷ സാധിക്കാന്‍ നിവൃത്തിയില്ലെന്നു വാക്കാല്‍ പറഞ്ഞയച്ചതേയുള്ളു. ഈ റമ്പാന്‍ ചുറ്റിത്തിരിഞ്ഞു തിരിച്ചുപോകാന്‍ പോലും പണമില്ലാതെ ഡോക്ടര്‍ ബാബായുടെ അതിഥിയായി താമസിച്ചശേഷം ഡോക്ടര്‍ ബാബായുടെ ഔദാര്യത്തിന്മേല്‍  ലണ്ടനില്‍ നിന്നും പാരീസിലേയ്ക്കു തിരിച്ചു പോയിരിക്കുന്നു. ഇത് 1913 ഒടുവില്‍ ആയിരുന്നു. പാത്രിയര്‍ക്കീസ് ബാവായുടെ ലണ്ടന്‍ യാത്രയില്‍ ബാവായെക്കുറിച്ചു ഇംഗ്ലീഷ് ബിഷപ്പന്മാര്‍ക്കും മറ്റും ഉണ്ടായ ചീത്ത അഭിപ്രായമാണ് അന്നു തന്നെ ബാവായ്ക്കു ഒരു സഹായവും ലഭിക്കാതിരിപ്പാനുള്ള കാരണം. പിന്നെയും ഒരു റമ്പാനെ അയച്ചതുകൊണ്ടു കുറെക്കൂടെ ലജ്ജാവഹമായി തീര്‍ന്നതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. 

279. വെളിയനാട്ടു പഴയപള്ളി ഇടവക പുത്തന്‍ പുരയ്ക്കലായ മൊഴച്ചേരില്‍ കോരക്കുഞ്ഞിന്‍റെ മകന്‍ ജോര്‍ജിനും മാന്നാത്തു ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കും 1914 ......... 8-നു മാര്‍ സ്തേഫാനോസ് സഹദായുടെ പെരുനാള്‍ ദിവസം ഞാന്‍ കോറൂയോ പട്ടം കൊടുത്തു.

280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്‍റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ കോട്ടയത്തുള്ള തന്‍റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍ കാണപ്പെട്ടു. ആദ്യം നിസ്സാരമായി വിചാരിച്ചു എങ്കിലും അത് കലശലായി 1914 ജനുവരി 26-നു 1089 മകരം 13-നു തിങ്കളാഴ്ച പകല്‍ അഞ്ചു മണിക്കു കാലം ചെയ്തു. സ്ഥലത്തെയും ചങ്ങനാശ്ശേരിയിലെയും ഡോക്ടര്‍മാര്‍ വന്നു ചികിത്സ ചെയ്തു. അവരുടെയെല്ലാം അഭിപ്രായത്തില്‍ ദീനം വസൂരി തന്നെയെന്നാണ് തീര്‍ച്ചപ്പെടുത്തിയത്. പുറമെ കുരുക്കള്‍ ഇറങ്ങിയില്ല. അകത്തു ഒതുങ്ങുകയാണ് ചെയ്തത്. വസൂരി എന്നുള്ള സംശയം കൊണ്ട് അത്യന്തം താല്പര്യക്കാര്‍ അല്ലാതെ വളരെ ആള്‍ക്കൂട്ടമൊന്നും ഉണ്ടായില്ല. മൃതശരീരം പെട്ടിയില്‍ വച്ചു അടച്ചു ആണി തറച്ചു ആഘോഷമൊന്നും കൂടാതെ രാത്രിയില്‍ കോട്ടയത്തു എടയ്ക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചൊവ്വാഴ്ച റാസ മുതലായ ശുശ്രൂഷകള്‍ കഴിച്ചു ഇടയ്ക്കാട്ടുപള്ളി മദ്ബഹായില്‍ കബറടക്കം ചെയ്കയും ചെയ്തു. കബറടക്കത്തിനു മുമ്പായി പല പള്ളിക്കാര്‍ പള്ളി സാമാനങ്ങളോടുകൂടി വന്നു ഇതില്‍ സംബന്ധിച്ചു. 

281. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു തിരിച്ചു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ വളരെ നാളായി യെറുശലേമില്‍ താമസിച്ചു വരുന്നു. കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ലെങ്കിലും ബാവായും സഭയും തമ്മില്‍ നല്ല രസമില്ലെന്നു മിക്കവാറും തീര്‍ച്ചയാകുന്നു. അതിന്‍റെ ഫലമെന്നു തോന്നുന്നു സഭാകാര്യങ്ങള്‍ നടത്താന്‍ മെത്രാന്മാരും അയ്മേനികളും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തി തുര്‍ക്കി ഗവര്‍മെന്‍റില്‍ നിന്നു വിളംബരം ചെയ്തിരിക്കുന്നതായി 1914 ജനുവരി മാസം ഒടുവില്‍ ഇംഗ്ലണ്ടില്‍ നിന്നു കിട്ടിയ ഒരെഴുത്തില്‍ കാണുന്നു. ഇതുകൊണ്ട് പാത്രിയര്‍ക്കീസിന്‍റെ സ്വാതന്ത്ര്യാധികാരം പൊയ്പോയിരിക്കണം.

മേല്പറഞ്ഞ കമ്മിറ്റിയെ നിശ്ചയിച്ചു വിളംബരം ചെയ്ത സംഗതി ശരിയാണെന്നു പിന്നീട് തുര്‍ക്കിയില്‍ നിന്നു വന്ന ചില എഴുത്തുകള്‍ കൊണ്ടും അറിയുന്നു.

282. മുടക്കപ്പെട്ട ഗീവര്‍ഗീസ് ദീവന്നാസ്യോസിന്‍റെ സംഗതിയെക്കുറിച്ചും മലയാളത്തെ കുഴപ്പങ്ങളെക്കുറിച്ചും ആലോചിക്കാന്‍ ഡയര്‍ബക്കറില്‍ (ആമ്മീദില്‍) നൂറില്‍ അധികം ആളുകള്‍ ചേര്‍ന്ന ഒരു യോഗം കൂടി എന്നും ദീവന്നാസ്യോസിന്‍റെ മുടക്ക് തീര്‍ക്കണമെന്നു അവര്‍ ബാവായ്ക്കു എഴുത്തയച്ചു എന്നും മറ്റും കപ്പൂര്‍ത്തിലെ മെത്രാന്‍ അബ്ദല്‍ നൂര്‍ ദീവന്നാസ്യോസും ആമ്മീദില്‍ പാത്രിയര്‍ക്കാ പ്രതിനിധിയായിരിക്കുന്ന മെത്രാന്‍ തോമ്മാ അത്താനാസ്യോസും അയച്ച എഴുത്തുകള്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനു 1914 ഫെബ്രുവരി മാസത്തില്‍ കിട്ടിയിരിക്കുന്നു. 

283. ..........

284. തുറബ്ദീനില്‍ മാര്‍ അബ്ദല്‍ ആഹാദ് പീലക്സിനോസ് എന്നു പേരായ ഒരു മെത്രാന്‍റെ എഴുത്ത് 1914 ഇടവ മാസത്തില്‍ വന്നതില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ കണ്ണുകള്‍ പോയി എന്നും അകത്തും വെളിക്കും ഇറക്കുന്നതു കൈയ്ക്കു പിടിച്ചു വേണമെന്നും പറഞ്ഞിരിക്കുന്നു. 

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914)



1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (............) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തലചുറ്റും തളര്‍ച്ചയും ഉണ്ടായതുപോലെ തോന്നുകയും എന്‍റെ അമ്മയുടെ സഹായത്താല്‍ ഉടനെതന്നെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കിടക്കയും ചെയ്തു. തളര്‍ച്ചയോടു കൂടെ ഒരു മണിക്കൂറോളം കിടന്നപ്പോള്‍ ബോധം മറഞ്ഞു പോയി. അപ്പോത്തിക്കരി വന്നു കണ്ടപ്പോള്‍ ദീനം ആപല്‍ക്കരമെന്നു കണ്ടു വിനാഗിരി കൊണ്ടു തല കഴുകിയാല്‍ മാത്രം മതിയെന്നു പറഞ്ഞേച്ചു തിരുവനന്തപുരത്തായിരുന്ന എന്‍റെ പേര്‍ക്ക് കമ്പിയടിക്കാന്‍ ഗുണദോഷിച്ചു. പിതാവ് ബോധംകെട്ട സ്ഥിതിയില്‍ കിടന്നപ്പോഴാണ് ഉപ്രിശുമായും മറ്റും എത്തിയത്. തലേദിവസം (ഞായറാഴ്ച) കുമ്പസാരിച്ചു വി. കുര്‍ബ്ബാന കൈക്കൊണ്ടിരുന്നതിനാല്‍ കുര്‍ബ്ബാന കൈക്കൊണ്ടില്ലല്ലോ എന്ന മനസ്താപത്തിനു ഇടയുണ്ടായില്ല. ഇങ്ങനെ ബോധമില്ലാത്ത സ്ഥിതിയില്‍ രാത്രി മുഴുവന്‍ കിടന്നശേഷം ചൊവ്വാഴ്ച രാവിലെ ആറു മണിയോടു കൂടി താന്‍ സേവിച്ചു വന്നിരുന്ന കര്‍ത്താവിന്‍റെ അടുക്കലേക്കു വാങ്ങി. അന്നു വൈകുന്നേരം ശവം ആഘോഷപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോയി എങ്കിലും എനിക്ക് അന്ന് കോട്ടയത്തു വന്നുചേരുവാന്‍ സാധിക്കാഞ്ഞതിനാല്‍ അന്ന് ശവമടക്ക് ഉണ്ടായില്ല. പിറ്റേദിവസം (ബുധനാഴ്ച) രാവിലെ ഞാന്‍ വന്നുചേരുകയും ദിവ്യശ്രീ പള്ളിക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍, കരോട്ടു തോമസ് കത്തനാര്‍, ഒറ്റത്തൈക്കല്‍ തോമസ് കത്തനാര്‍ എന്നീ പട്ടക്കാരുടെ മൂന്നുമ്മേല്‍ കുര്‍ബ്ബാനയുടെ ശേഷം ഏകദേശം 11 മണിയോടു കൂടെ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍ വലിയപള്ളിയുടെ തെക്കുവശത്തു പ്രത്യേകം കെട്ടപ്പെട്ട കബറില്‍ അടക്കപ്പെടുകയും ചെയ്തു. ശവസംസ്കാര ശുശ്രൂഷയില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള ഇടവകകളിലെ മിക്ക പട്ടക്കാരും പള്ളിപ്രമാണികളും കൂടാതെ ഈ കോട്ടയത്തുള്ള നാനാജാതി മതസ്ഥന്മാരും സംബന്ധിച്ചിരുന്നു. ശുശ്രൂഷയില്‍ സംബന്ധിച്ചവര്‍ക്കു കഞ്ഞിയും സാധുക്കള്‍ക്കു കോടിയും പണവും കൊടുക്കയുണ്ടായി. ശവപ്പെട്ടി മുതലായ സാമാനങ്ങള്‍ അച്ചാച്ചന്‍റെ ഒരു ഉറ്റസ്നേഹിതനായിരുന്ന എറികാട്ടു മാത്തു സ്കറിയാ അവര്‍കളുടെ പേര്‍ക്കും കോടി (35 രൂപായ്ക്കു) മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കും ആയിരുന്നു. 10-ാം തീയതിയിലെ മനോരമ പത്രത്തില്‍ ഒരു ദീര്‍ഘമായ പ്രസംഗം അച്ചാച്ചന്‍റെ സ്വഭാവഗുണങ്ങളെപ്പറ്റിയും മറ്റും വിസ്തരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മരണത്തെപ്പറ്റി ഒരു അറിയിപ്പ് ഇംഗ്ലീഷില്‍ അടിപ്പിച്ചു അച്ചാച്ചന്‍റെ സ്നേഹിതന്മാരും പരിചയക്കാരുമായി മലയാളത്തും ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള അനേകം മഹാന്മാര്‍ക്കു ഞാന്‍ അയച്ചുകൊടുക്കയും അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചും അച്ചാച്ചന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിച്ചും എനിക്ക് നൂറോളം അനുശോചന കമ്പികളും എഴുത്തുകളും പലരില്‍ നിന്നു കിട്ടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ കൂറിലോസ് മെത്രാച്ചന്‍, മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ മുടക്കപ്പെട്ടവരായ മാര്‍ ദീവന്നാസ്യോസ്, മാര്‍ പീലക്സിനോസ് എന്നീ മെത്രാന്മാര്‍, പനയ്ക്കല്‍ പാത്തപ്പന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, ഫാ പി. റ്റി. ഗീവര്‍ഗീസ് എം.എ., പി. എം. ചാക്കോ ബി.എ. (പള്ളം), കെ. സി. ചാക്കോ എം.എ. (ബാംഗ്ലൂര്‍), റവ. എല്‍. എ. ഡെറോന്‍ എം.എ., വൈ.എം.സി.എ., പ്രാക്കുളം ഡി. പത്മനാഭപിള്ള, തേരകത്തു കൊച്ചുകോശി മുതലാളി, തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍, റവ. സി. ജോസ് ചാണ്ടി (റോമന്‍ ബിഷപ്പ് ഓഫ് കോട്ടയം), എം. പി. ജേക്കബ്, .., ജോര്‍ജ് ഏബ്രഹാം, പാവുണ്ണി, എം. ...... വികാരി ജനറല്‍, ചങ്ങനാശ്ശേരി, ........ (ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)
മരണം മുതല്‍ 57 ദിവസത്തേക്കു നിത്യ കുര്‍ബാനയും 3, 9, 30, 40 ദിവസങ്ങളില്‍ മുന്നുമ്മേല്‍ കുര്‍ബാനയും അച്ചന്മാര്‍ക്കു കഞ്ഞിയും വൈകിട്ട് സദ്യയും ഉണ്ടായിരുന്നു. 57-ാം ദിവസവും അച്ചന്മാര്‍ക്കു കഞ്ഞി കൊടുത്തു. 40-ാം ദിവസം (40 കന്നി 17-ാം തീയതി) ദൈവകൃപയാല്‍ വളരെ ഭംഗിയായി കഴിഞ്ഞുകൂടി. അതിനു 75 പറ അരിയും നൂറോളം രൂപായും ചിലവായി. നമ്മുടെ കൂട്ടത്തിലും വടക്കുംഭാഗത്തിലുമുള്ള ചിലരുടെ സ്വല്പമായ സഹായങ്ങളും ഉണ്ടായി. നമ്മുടെ കൂട്ടത്തില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള എല്ലാ അച്ചന്മാരും മിക്ക ഇടവകയിലെയും പ്രമാണികളും ഹാജരായിരുന്നതു കൂടാതെ വടക്കുംഭാഗത്തിലും പലരുണ്ടായിരുന്നു. അനേകം സാധുക്കള്‍ (ആയിരത്തോളം) വന്നിരുന്നവര്‍ക്കു തൃപ്തിയായി ഭക്ഷണം കൊടുത്തു. ഈ അടിയന്തിരം ശനിയാഴ്ച കഴിച്ചതുകൊണ്ടു സ്ഥലത്തുള്ള റോമന്‍ കത്തോലിക്കരാരും വന്നില്ല. വേറെ സൗകര്യമായ ദിവസമില്ലാഞ്ഞതു കൊണ്ടായിരുന്നു ശനിയാഴ്ച കഴിച്ചത്. റോമാക്കാര്‍ക്കു അന്ന് ഇറച്ചിക്കു പകരം മുട്ട കറിയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എങ്കിലും അസൂയയും ദുര്‍വാശിയും നിമിത്തമെന്നു തോന്നുന്നു അവരിലാരും വന്നില്ല. അവരുടെ അറിവില്ലാഴിക എന്നല്ലാതെ എന്തു പറയേണ്ടു. ദൈവം അറിവും ജ്ഞാനവും അവര്‍ക്കു കൊടുത്ത് അവര്‍ ഇത്തരം മൂഢത്തം ഇനിയെങ്ങും കാണിക്കാതിരിക്കട്ടെ. പരിപ്പില്‍ തണ്ണാകുരിയിലെയും തയ്യിലെയും ആളുകളും കൈനടിയില്‍ പള്ളിത്താനത്തു ലൂക്കാ മത്തായി അവര്‍കളും വന്ന് ഇറച്ചിക്കു പകരം മുട്ട കൂട്ടി ഉണ്ടതിനാലാണ് ഇവിടുത്തുകാരുടെ പ്രവൃത്തി മൂഢത എന്നു പറഞ്ഞത്. അച്ചാച്ചന്‍ അവരില്‍ ഓരോരുത്തര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങളും, ഒരു പുരയിടകേസ് സംബന്ധിച്ച് അവരുടെ സമുദായം ഇപ്പോഴും ഇവിടുത്തെ പിടിയില്‍ ഇരിക്കുന്ന സംഗതിയും പുത്തന്‍കൂറ്റുകാര്‍ പഴയതിലേക്കു ചേരുന്നതിനു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഓര്‍ത്താല്‍ ഈ സ്വല്പകാര്യത്തില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നത് അറിവില്ലാഴിക കൊണ്ടല്ലയോ. ഏതെങ്കിലും നമുക്ക് അവരോട് യാതൊരു വിരോധവുമില്ല. ദൈവം അവരോടു ക്ഷമിക്കയും അവര്‍ക്കു വേണ്ട ജ്ഞാനം കൊടുക്കയും ചെയ്വാന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതേയുള്ളു. 
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇടവഴിക്കല്‍ ഡയറി 4:220-240

220. മേല്‍ 213-ാം വകുപ്പില്‍ പറയുന്ന മുടക്ക് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സെമിനാരി ട്രസ്റ്റികളായ കുന്നുംപുറത്തു ഉലഹന്നന്‍ കുര്യനും കോനാട്ട് മാത്തന്‍ മല്പാനും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുമായി വിരുദ്ധപ്പെടുകയും സെമിനാരിയുടെ കൈവശം കൈക്കലാക്കാന്‍ വേണ്ടി ഇവര്‍ സെമിനാരിയിലെ റൈട്ടരില്‍ നിന്നു നെല്‍പ്പുരയുടെയും മറ്റും താക്കോല്‍ കൈക്കലാക്കിക്കൊണ്ടു സെമിനാരിയുടെ കൈവശത്തെക്കുറിച്ചു ഒരു തര്‍ക്കം പുറപ്പെടുവിക്കയാല്‍ പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ 1086-ല്‍ സമരി 58-ാം നമ്പ്രായി വിചാരണ തുടങ്ങി ഉലഹന്നന്‍ കുര്യനും മാത്തന്‍ മല്പാനും ഹര്‍ജിക്കാരും ദീവന്നാസ്യോസ് മെത്രാനും സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാരും എതിര്‍ ഹര്‍ജിക്കാരായും വിസ്താരം നടന്നു വരുന്നു. 

221. ദീവന്നാസ്യോസ് മെത്രാനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയതിനെ സംബന്ധിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്ക് ദീവന്നാസ്യോസിന്‍റെ കൂട്ടര്‍ കമ്പി അടിച്ചതിനു മറുപടിയായി അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും താഴെ പറയുംപ്രകാരം ഒരു മറുപടി കമ്പി വന്നിരിക്കുന്നു.  ...........
222. മേല്‍ 220-ാം വകുപ്പില്‍ പറയുന്ന സമരി കേസ് 187 ചിങ്ങം 19-നു 1911 സെപ്റ്റംബര്‍ 4-നു കോട്ടയം ഡിവിഷ്യന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു ഗുണമായും അദ്ദേഹത്തിന്‍റെ കൈവശം സ്ഥാപിച്ചും വിധി പ്രസ്താവിച്ചിരിക്കുന്നു. അടുത്ത ദിവസം ഉത്തരവുംപ്രകാരം സെമിനാരിയുടെ മുദ്ര എടുത്തു മെത്രാപ്പോലീത്തായ്ക്കു കൈവശപ്പെടുത്തി കൊടുത്തു.

223. മേല്‍ 218-ാം വകുപ്പില്‍ പറയുന്നപ്രകാരം 1087 ചിങ്ങം 14-നു ബുധനാഴ്ച പള്ളിക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടി. വടക്കന്‍ പള്ളിക്കാര്‍ മിക്കവാറും ഉണ്ടായിരുന്നു. തെക്കു നിന്നു നാലാറു പള്ളികളില്‍ നിന്നു മാത്രം ചിലര്‍ ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അഗ്രാസനം വഹിച്ചു. 14-നു ബുധനാഴ്ച പള്ളിക്കാരുടെ സമ്മതപത്രം വാങ്ങിക്കയും ബാവാ പ്രസംഗിക്കയും ചെയ്തു. അടുത്ത ദിവസമായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊണ്ടു യോഗം അവസാനിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി അസോസിയേഷനെ പരിഷ്ക്കരിച്ചതാണ് യോഗത്തിലെ പ്രധാന നടപടി. പള്ളികളില്‍ നിന്നു അധികാരപ്പെടുത്തി അയക്കുന്നവരുടെ യോഗം പൊതുയോഗമെന്നും പൊതുയോഗം തിരഞ്ഞെടുക്കുന്നവരായി 32 പട്ടക്കാരും 64 അയ്മേനികളും ട്രസ്റ്റികളും മെത്രാന്മാരും ചേരുന്ന യോഗം അസോസിയേഷന്‍ എന്നും ഇവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരായി 4 പട്ടക്കാരും 24 അയ്മേനികളും ചേര്‍ന്ന യോഗം മാനേജിംഗ് കമ്മിറ്റിയായും സഭാഭരണത്തിന്‍റെ ഘടന നിശ്ചയിച്ചു. കമ്മിറ്റി പ്രസിഡണ്ടും മലങ്കര മെത്രാപ്പോലീത്തായുമായി മാര്‍ പൗലോസ് കൂറിലോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. അസോസിയേഷന്‍ മെമ്പറന്മാരെ പൊതുയോഗം തിരഞ്ഞെടുക്കണം. ഭരണാധികാരം അസോസിയേഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മിറ്റിക്കു ചില്ലറ സംഗതികള്‍ അല്ലെങ്കില്‍ ....... മാത്രം ചെയ്യാനേ അധികാരമുള്ളു. മെത്രാന്മാരുടെ തീരുമാനത്തിന്‍റെ അപ്പീല്‍ അസോസിയേഷനില്‍ ഉണ്ട്. പാത്രിയര്‍ക്കീസ് ബാവായുടെ അധികാരത്തെക്കുറിച്ചു ചെയ്തിട്ടുള്ള നിശ്ചയം ഇപ്രകാരമാണ്: "മെത്രാന്മാരും പട്ടക്കാരും മറ്റു ഭരണക്കാരും പള്ളികളിലും ജനങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നുണ്ടോ എന്ന് അന്വേഷിപ്പാനും ശരിയല്ലെങ്കില്‍ ശരിപ്പെടുത്തി തീരുമാനിക്കാനും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേയ്ക്കു മുമ്പിനാലെ ഉള്ള അധികാരം എപ്പോഴും ഇന്നും ഉണ്ടായിരിക്കേണ്ടതു മലങ്കരസഭയുടെ ക്ഷേമത്തിനു ആവശ്യമാണെന്നു ഈ യോഗം നിശ്ചയിച്ചു" ഇങ്ങനെയാണ്. ഒസ്താത്യോസ് (അന്ത്യോഖ്യാ പ്രതിനിധി) ബാവായ്ക്കുള്ള അധികാരം റെശീസാ പിരിക്കുക, അന്ത്യോഖ്യായ്ക്കു എഴുത്തുകുത്തു ചെയ്ക മുതലായതു മാത്രമായിട്ടാണ് ഈ യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗനിശ്ചയം ശരിയായി കോടതി സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. 

224. മേല്‍ 217-ാം വകുപ്പില്‍ പറയുന്നപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരമുള്ള പൊതുയോഗം 1087 ചിങ്ങം 22-നു 1911 സെപ്റ്റംബര്‍ 7-നു വ്യാഴാഴ്ച കോട്ടയം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. തെക്കന്‍ പള്ളിക്കാര്‍ എല്ലാവരും വടക്കരില്‍ ഏതാനും പള്ളിക്കാരും ഉണ്ടായിരുന്നു. ആകെ ഇരുന്നൂറില്‍ അധികം പള്ളിക്കാര്‍ ഉണ്ടെന്നാണ് പറയുന്നത്. മെത്രാപ്പോലീത്തായുടെ അഗ്രാസനത്തിന്‍കീഴു യോഗം നടത്തി. സെമിനാരി ട്രസ്റ്റികളായ കോനാട്ട് മല്പാന്‍, സി. ജെ. കുര്യന്‍ ഇവരെ നീക്കി പകരം പാലപ്പള്ളില്‍ പൗലോസ് കത്തനാരെയും കോട്ടയത്തു പുത്തനങ്ങാടിയില്‍ ചിറക്കടവിലായ വളഞ്ഞാറ്റില്‍ അബ്രഹത്തിനെയും ട്രസ്റ്റികളായി നിയമിച്ചു. മേല്‍ 216-ാം വകുപ്പിലെ മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങളെയെല്ലാം സ്ഥിരപ്പെടുത്തി. മുടക്കു കല്പന സ്വീകരിക്കാന്‍ പാടില്ലെന്നു നിശ്ചയിച്ചു. സെക്രട്ടറിയായി കെ. വി. ചാക്കോ ബി.എ.,എല്‍.റ്റി. യെ സ്ഥിരപ്പെടുത്തി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് സ്വീകരിക്കണ്ട എന്നും അദ്ദേഹം ശപിക്കപ്പെട്ടവനാണെന്നും മറ്റും വിവരിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ദീവന്നാസ്യോേസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരു കല്പന ഈ യോഗത്തിനു രണ്ടു ദിവസം മുമ്പു വരികയും യോഗത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. 

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു. ആ സമയം സമാധാന മാര്‍ഗ്ഗമാലോചിക്കാനെന്നുള്ള ഭാവത്തില്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എറണാകുളത്തു എത്തി ഒരു വീട് കൂലിക്കെടുത്തു എട്ടു പത്തു ദിവസത്തോളം അവിടെ താമസിച്ചുംകൊണ്ടു കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ, ചെറിയമഠത്തില്‍ കത്തനാര്‍ മുതലായ ദൂതന്മാരെ ബാവായുടെ അടുക്കല്‍ അയച്ചതില്‍ ലൗകികാധികാരം സമ്മതിച്ചു ഉടമ്പടി കൊടുക്കയും മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു ഒരു ഇടവക മെത്രാന്‍സ്ഥാനം സ്വീകരിക്കുകയും സെമിനാരിയുടെ കൈവശം ഒഴിഞ്ഞു കൂറിലോസ് മെത്രാനെ ഏല്പിക്കയും ചെയ്യുന്നപക്ഷം മുടക്ക് തീര്‍ക്കാമെന്നു ബാവാ കല്പിക്കയാല്‍ ദീവന്നാസ്യോസ് അതിനു സമ്മതമില്ലാതെ തമ്മില്‍ കാണാതെ പിരിഞ്ഞു. യാത്രദിവസങ്ങളില്‍ പലരും വന്നു ബാവായ്ക്കു പണം വച്ചു കൈ മുത്തി കടശ്ശി 1911 ഒക്ടോബര്‍ 14-നു 1087 കന്നി 28-നു ബാവാ ആലുവായില്‍ നിന്നു ബോംബേയ്ക്കു തീവണ്ടിമാര്‍ഗ്ഗം പുറപ്പെട്ടു. പള്ളിയില്‍ നിന്നു സ്റ്റേഷന്‍ വരെ വളരെ വെള്ളിക്കുരിശ്, കൊട, കൊടി മുതലായ ആഘോഷങ്ങളോടുകൂടെയാണ് ബാവായെ യാത്രയയച്ചത്. രണ്ടു മൂവായിരം ജനങ്ങളും ഹാജരുണ്ടായിരുന്നു. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിനെ ബാവായെ യാത്രയയപ്പാന്‍ എന്‍റെ പ്രതിപുരുഷനായി അയച്ചിട്ടുണ്ടായിരുന്നു. അവന്‍ ഷൊര്‍ണ്ണൂര്‍ വരെ പോയി ബാവായെ അയച്ചേച്ചു തിരിച്ചു പോന്നു. ഫ്രാന്‍സില്‍ തയിപ്പിച്ചതും ഏകദേശം അഞ്ചു പവന്‍ വിലയുള്ളതുമായ ഒരു കസവിന്‍റെ വേലയുള്ള ശീലമുടി എന്‍റെ സമ്മാനമായി ഈ സമയത്തു ടി ഫീലിപ്പോസിന്‍റെ പക്കല്‍ ഞാന്‍ കൊടുത്തയയ്ക്കയും അത് ബാവായ്ക്കു കൊടുക്കയും ചെയ്തു. ബാവായ്ക്കു അത് വളരെ തൃപ്തിപ്പെട്ടതായി കല്പിക്കയും എനിക്കു മറുപടി അയക്കയും ചെയ്തു. എന്‍റെ സ്ഥാത്തിക്കോനും ഈ സമയത്ത് ഫീലിപ്പോസ് വശം ബാവാ കൊടുത്തയച്ചു. പഴയ സെമിനാരി കേസില്‍ പാലക്കുന്നത്തു മെത്രാനോടു സ്ഥാനചിഹ്നങ്ങള്‍ ഒഴിപ്പിച്ചു വാങ്ങിയപ്പോള്‍ അവര്‍ വെച്ചൊഴിഞ്ഞ ഒരു ചെറിയ വെള്ളി അംശവടി ബാവായുടെ കൈവശം വന്നത് ഞാന്‍ സ്ഥാനമേറ്റപ്പോള്‍ തല്‍ക്കാല ഉപയോഗത്തിനായി ഞാന്‍ ബാവായോടു വായ്പ വാങ്ങിച്ചിരുന്നു. എങ്കിലും ബാവായുടെ യാത്രസമയം അത് തിരിച്ചുവാങ്ങാതെ ഞാന്‍ ഉപയോഗിച്ചുകൊള്ളുന്നതിനു അനുവദിച്ചു എനിക്ക് വിട്ടുതന്നു. ബാവാ ബോംബെയില്‍ നിന്നു കപ്പല്‍ കയറുന്നതു അടുത്ത ശനിയാഴ്ച (അതായതു 1911 ഒക്ടോബര്‍ 21-നു) ആകുന്നു. ഈ ബാവായുടെ വരവുകൊണ്ടു മലങ്കരസഭയില്‍ ഒരു വലിയ ഭിന്നതയും കക്ഷിവഴക്കും മേല്‍ വലിയ വ്യവഹാരങ്ങള്‍ക്കുള്ള അടിസ്ഥാനവും ഇട്ടു എന്നല്ലാതെ യാതൊരു ഗുണവും മലങ്കരയ്ക്കു ഉണ്ടായെന്നു പറയാനില്ല. എനിക്കു തന്നിരിക്കുന്ന സ്ഥാത്തിക്കോന്‍ മലങ്കരയുള്ള ക്നാനായ സമുദായത്തിലെ പള്ളികള്‍ക്കും ടി സമുദായത്തില്‍ മേല്‍ ഉണ്ടാകുന്ന പള്ളികള്‍ക്കുമായിട്ടാകുന്നു. എന്‍റെ ഇടവകയുടെ പേര്‍ മലങ്കര കോട്ടയം ക്നാനായ ഇടവക എന്നാകുന്നു. 

226. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ ചങ്ങനാശ്ശേരി (റോമ്മാ) വികാരി അപ്പോസ്തോലിക്കായായി ഭരിച്ചു വരുമ്പമ്പോള്‍ ആ ഇടവകയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗര്‍ തങ്ങളുടെ സ്വജാതിയില്‍ ഒരു മെത്രാനെ കിട്ടണമെന്നു റോമ്മായ്ക്കു ഹര്‍ജികള്‍ അയക്കയും യോഗങ്ങള്‍ നടത്തുകയും പല ബഹളങ്ങള്‍ ഉണ്ടാക്കയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അതുകൊണ്ടു ഒരു ഫലവുമില്ലാതെയിരുന്നു എങ്കിലും 1911 മേടത്തില്‍ മാക്കിയില്‍ മെത്രാന്‍ റോമ്മായ്ക്കു പോയി പാപ്പായെ കാണുകയും വടക്കുംഭാഗരെയും തെക്കുംഭാഗരെയും പ്രത്യേകം ഇടവകകളായി തിരിച്ചു വേറെ വേറെ മെത്രാനെ കൊടുക്കണമെന്നു മാക്കിയില്‍ മെത്രാന്‍ തന്നെ അപേക്ഷിക്കയും അതിനായി ശുപാര്‍ശ ചെയ്കയും ചെയ്തതുകൊണ്ടു ചങ്ങനാശ്ശേരി, എറണാകുളം ഈ രണ്ട് വികാരിയത്തിലുമുള്ള റോമ്മാ തെക്കുംഭാഗ പള്ളികളെ വേര്‍തിരിച്ചു അത് ഒരു മെത്രാസന ഇവകയാക്കി അതിലേക്കു മാക്കിയില്‍ മെത്രാനെ നിയമിക്കയും ചങ്ങനാശ്ശേരി വികാരിയത്തിലെ വടക്കുംഭാഗ പള്ളികളെ തിരിച്ചു ഒരു പ്രത്യേക ഇടവകയാക്കി അതിലേക്കു ചമ്പക്കുളം ഇടവകയില്‍ കുര്യാളശേരില്‍ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കുന്നതിനു അനുവദിക്കയും ചെയ്തിരിക്കുന്നു. ഇതിലേക്കുള്ള ബൂളാകള്‍ റോമ്മായില്‍ നിന്നും 1911 ഒക്ടോബര്‍ മാസത്തില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇയാളുടെ സ്ഥാനപ്പേേര്‍ പെല്ലായുടെ മെത്രാനും ചങ്ങനാശ്ശേരി വികാരി അപ്പോസ്തോലിക്കായും എന്നാകുന്നു. മാക്കിയില്‍ മെത്രാന്‍ മേല്‍ കോട്ടയം വികാരി അപ്പോസ്തോലിക്കാ എന്ന സ്ഥാനപ്പേര്‍ ധരിക്കുന്നതാണ്. വടക്കുംഭാഗരെയും തെക്കുംഭാഗരെയും വേര്‍തിരിച്ചു രണ്ടു മെത്രാസനമാക്കാന്‍ പാടില്ലെന്നു ഡെലിഗേറ്റ് മെത്രാന്‍ ബലമായി എഴുതിയയച്ചിരുന്നു. മെത്രാന്‍മാരെ നിയമിക്കുന്നതു ജാതി തിരിച്ചല്ലെന്നും റീത്തിനു മാത്രമേ ഒരു സ്ഥലത്തു പ്രത്യേകം പ്രത്യേകം മെത്രാന്മാരെ കൊടുക്കയുള്ളു എന്നുമാണ് റോമ്മായിലെ നിയമം. ഈ ക്രമത്തിനു തെക്കുംഭാഗരെയും വടക്കുംഭാഗരെയും രണ്ടുജാതികളായി വേര്‍തിരിക്കുന്നതു പാടില്ലെന്നായിരുന്നു ഡെലിഗേറ്റിന്‍റെ അഭിപ്രായം. ഇപ്പോള്‍ വേര്‍തിരിച്ചതു ജാതി രണ്ടെന്നുള്ള നിലയില്‍ അല്ല. തെക്കുംഭാഗര്‍ പരദേശത്തു നിന്നു വന്നു ഇവിടെ കുടിയേറി പാര്‍ക്കുന്ന ഒരു പ്രത്യേക കോളനിയും വടക്കുംഭാഗര്‍ നാട്ടു ക്രിസ്ത്യാനികളുമാണെന്നുള്ള ന്യായത്തിന്മേലാണ് തിരിക്കാന്‍ അനുവദിച്ചത്.

227. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ മുടക്കിനെ ഗണ്യമാക്കാതെ 1911 ഒക്ടോബര്‍ 22-നു 1087 തുലാം 6-നു ഞായറാഴ്ച സെമിനാരി പള്ളിയില്‍ കുര്‍ബാന ആദ്യം ചൊല്ലിയിരിക്കുന്നു. മുടക്ക് വകവയ്ക്കണ്ടാ എന്ന അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പന ഉണ്ടെന്നുള്ള ന്യായത്തിന്മേലാണ് ഇങ്ങനെ ചൊല്ലിയത്. അതിന്‍റെ ശേഷം തുലാം 20-നു ചാത്തത്തിനു പരുമലയും ചൊല്ലുകയും അടുത്ത ഞായറാഴ്ച ആറേഴു പേര്‍ക്ക് കശീശാ മുതലായ പട്ടം കൊടുക്കയും ചെയ്തു. 

228. മേല്‍ 222-ാം വകുപ്പില്‍ പറയുന്ന സെമിനാരി സമരികേസിലെ വിധിയിന്മേല്‍ ഹര്‍ജിക്കാരായ സി. ജെ. കുര്യനും കോനാട്ടു മല്പാനും ഹൈക്കോര്‍ട്ടില്‍ പരിശോധന അപ്പീല്‍ കൊടുത്തിരിക്കുന്നു. 1087 തുലാ മാസത്തിലാണ് അപ്പീല്‍ കൊടുത്തത്. 

229. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന എറണാകുളം മിസ്സത്തിന്‍റെ റോമ്മാ മെത്രാന്‍ ളൂയിസിനു പ്രായാധിക്യമാണെന്നു എഴുതി ബോധിപ്പിക്കയാല്‍ അദ്ദേഹത്തിന്‍റെ സഹായിയായി ചെമ്പില്‍ പള്ളി ഇടവകയില്‍ കണ്ടത്തില്‍ ആഗസ്റ്റീന്‍ കത്തനാരെ മെത്രാനായി വാഴിക്കാന്‍ റോമ്മായില്‍ നിന്നു അനുവദിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെയും കുര്യാളശ്ശേരിയുടെയും വാഴ്ച 1911 നവംബര്‍ 3-നു ഞായറാഴ്ച കാണ്ടിയില്‍ വച്ചു ദെലഗാദിനാല്‍ നടത്തപ്പെട്ടു. കുര്യാളശ്ശേരി മെത്രാനെ വലിയ ആഘോഷത്തോടു കൂടെ ആയാണ്ടു ഡിസംബര്‍ 15-നു ചങ്ങനാശ്ശേരിയിലേക്കു എതിരേറ്റു.

230. കോട്ടയത്തു ചെറിയപള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഭാഗക്കാരും ദീവന്നാസ്യോസ് മെത്രാന്‍റെ ഭാഗക്കാരും തമ്മില്‍ കുറെ നാളായി തര്‍ക്കിച്ചു കിടക്കയായിരുന്നു. വേങ്കടത്ത് അലക്സന്ത്രയോസ് കത്തനാര്‍ മിക്കവാറും ബാവായുടെ ഭാഗത്തും എരുത്തിക്കല്‍ ദാനിയേല്‍ കത്തനാര്‍ മെത്രാന്‍റെ ഭാഗത്തുമായി നടന്നുവരുമ്പോള്‍ ദാനിയേല്‍ കത്തനനാര്‍ 1087 വൃശ്ചികത്തില്‍ മരിച്ചുപോയി. മെത്രാന്‍റെ ഭാഗത്തു വേറെ പട്ടക്കാര്‍ ഇല്ലാഴികയാല്‍ അവര്‍ ആറ്റുമാലില്‍ സ്കറിയാ കത്തനാരെ കൊണ്ടു ചൊല്ലിക്കാന്‍ വരികയാല്‍ 1087 വൃശ്ചികം 25-നു 1911 ഡിസംബര്‍ 10-നു ഞായറാഴ്ച പള്ളിയില്‍ വച്ച് രണ്ടു കക്ഷികളും തമ്മില്‍ ലഹളയും അടികലശലും ഉണ്ടായി. അതുമൂലം അന്ന് കുര്‍ബാന ഉണ്ടായില്ല. പിറ്റേ ഞായറാഴ്ചയ്ക്കു മജിസ്ട്രേറ്റില്‍ നിന്നും ചെറിയപള്ളി പൂട്ടിച്ചു കക്ഷികള്‍ തമ്മില്‍ രാജിപ്പെട്ടു ബോധിപ്പിക്കയോ സിവില്‍ അന്യായം കൊടുത്തു വിധി സമ്പാദിക്കയോ ചെയ്യുന്നതുവരെ രണ്ടു മാസത്തേക്കു ആരും കുര്‍ബാന ചൊല്ലിക്കൂടാ എന്ന ഒരു നോട്ടീസ് പരസ്യപ്പെടുത്തിയിരിക്കുന്നു. ഇതു മുതല്‍ ചെറിയപള്ളി കുര്‍ബാന ഇല്ലാതെ പൂട്ടികിടക്കയാണ്. പിന്നീട് കുംഭം 6-ന് പള്ളി തുറന്നു കുര്‍ബാന ചൊല്ലി. 

231. മേല്‍ 228-ാം വകുപ്പില്‍ പറയുന്ന സെമിനാരി സമരിക്കേസിന്മേല്‍ ട്രസ്റ്റികള്‍ ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരിശോധന ഹര്‍ജി 1087-ല്‍ 146-ാം നമ്പ്രായി പതിഞ്ഞു. എതിര്‍കക്ഷിക്കു നോട്ടീസ് കൊടുത്തു വാദം കേട്ടശേഷം സെമിനാരി മെത്രാന്‍റെയും ഹര്‍ജിക്കാരായ രണ്ടു കൂട്ടുട്രസ്റ്റികളുടെയും കൂട്ടുകൈവശമിരിക്കുന്നതാണെന്നും ഇതില്‍ ക്രിമിനല്‍ നടപടി ..... കോര്‍ട്ടിനു അധികാരമില്ലെന്നും അഭിപ്രായപ്പെട്ട് മജിസ്ട്രേറ്റിലെ വിധിയെ അസ്ഥിരപ്പെടുത്തി പ്രൊസിഡിങ്ങ്സ് ഹൈക്കോര്‍ട്ടില്‍ ഒന്നാം ജഡ്ജി കൃഷ്ണന്‍ നായരും ജഡ്ജി രാമചന്ദ്രരായരും കൂടി പ്രസിദ്ധപ്പെടുത്തി. ഈ വിധി പരസ്യപ്പെടുത്തിയത് 1087 ധനു 4-നു ആയിരുന്നു.

232. സുറിയാനിക്കാരുടെ വക വട്ടിപ്പണത്തിന്‍റെ പലിശ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കും ട്രസ്റ്റികളായ കുന്നുംപുറത്തു കുര്യന്‍, കോനാട്ട് മാത്തന്‍ മല്പാന്‍ ഇവര്‍ക്കും കൊടുക്കണമെന്നു പാത്രിയര്‍ക്കീസ് ബാവാ തന്‍റെ യാത്രയ്ക്കു മുമ്പ് റസിഡണ്ടിന് എഴുതി അയയ്ക്കയും ഇവര്‍ അപേക്ഷിക്കയും ചെയ്തതനുസരിച്ചു മുടങ്ങിക്കിടന്ന ഒന്നു രണ്ടു വര്‍ഷത്തെ പലിശ രൂപ 1680 ടി മെത്രാപ്പോലീത്തായ്ക്കും കൂട്ടുട്രസ്റ്റികള്‍ക്കും 1087 വൃശ്ചികത്തില്‍ റസിഡണ്ടാപ്പീസില്‍ നിന്നു കൊടുത്തു. അതു ന്യായമല്ലെന്നും വട്ടിപ്പണത്തിന്‍റെ കടപത്രവും പണം വിനിയോഗിക്കേണ്ട സെമിനാരിയും തന്‍റെ കൈവശമാണെന്നും കാണിച്ചു ദീവന്നാസ്യോസ് മെത്രാപ്പോലീത്താ റസിഡണ്ട് സായ്പിനു എഴുതിയയച്ചതിനു സിവില്‍ വ്യവഹാരം കൊണ്ടു അവകാശം സ്ഥാപിക്കുന്നതുവരെ മേലാല്‍ ആര്‍ക്കും കൊടുക്കയില്ലെന്നു റസിഡണ്ട് മറുപടി കൊടുത്തിരിക്കുന്നു. 

233. 1087 വൃശ്ചികം 18-നു 1911 ഡിസംബര്‍ 3-നു ഞായറാഴ്ച വെളിയനാട്ടു പള്ളിയില്‍ വച്ചു പള്ളത്തു ഒറ്റത്തൈക്കല്‍ തോമ്മാ ശെമ്മാശിനു ഞാന്‍ ആദ്യമായി കശീശാപട്ടം കൊടുത്തു. പിറ്റേ ഞായറാഴ്ച (വൃശ്ചികം 25-നു ഡിസംബര്‍ 10-നു) റാന്നിയില്‍ പള്ളിയില്‍ വച്ചു തുരുത്തിക്കാട്ടു എരണയ്ക്കല്‍ കുറിയാക്കോസ് ശെമ്മാശനും കശീശാപട്ടം ഞാന്‍ കൊടുത്തു. 

234. മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞ ഒരു ദീര്‍ഘദര്‍ശനത്തിന്‍റെ നിവര്‍ത്തി മേല്‍ 200-ാം വകുപ്പില്‍ എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം ഈയ്യിടെ പറഞ്ഞ വേറൊരു ദീര്‍ഘദര്‍ശനം താഴെ ഓര്‍മ്മയ്ക്കായി പകര്‍ത്തുന്നു. 1087 വൃശ്ചിക മാസത്തില്‍ അദ്ദേഹം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരെഴുത്തില്‍ പാമ്പാക്കുട കോനാട്ട് കഴിഞ്ഞുപോയ അബ്രഹാം മല്പാനും യോഹന്നാന്‍ മല്പാനും സുറിയാനി സഭയ്ക്കു വളരെ ദോഷം ചെയ്തവരാണെന്നും ആ കുടുംബത്തില്‍ ഇപ്പോള്‍ ഉള്ള മാത്തന്‍ മല്പാന്‍ അവരെപ്പോലെ തന്നെ ഈ സഭയെ വളരെ ഉപദ്രവിക്കുന്നു എന്നും ഈ മാത്തന്‍ മല്പാന്‍ 39 മാസവും പത്തു ദിവസവും തികയുന്നതിനകം മരിച്ചുപോകുമെന്നും പാമ്പാക്കുട പള്ളി മാരാമണ്‍ പള്ളി ഇടിഞ്ഞുവീണതുപോലെ ഇടിഞ്ഞു വീഴുമെന്നും എഴുതിയിരിക്കുന്നു. ഓര്‍മ്മയ്ക്കായി ഇതെഴുതുന്നു. ഇതുപോലെ തന്നെ വേറെയും ചില ദീര്‍ഘദര്‍ശനങ്ങള്‍ അദ്ദേഹം ബലമായി പറയുന്നു. അതായത് കൂറിലോസ് മെത്രാച്ചന്‍ കുരുടനാകുമെന്നും സി. ജെ. കുര്യന് പല കുടുംബനാശങ്ങള്‍ വരുമെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ സിംഹാസനം പ്രാപിക്കയില്ല എന്നും മറ്റുമാണ്. ഇതിന്‍റെ ഒക്കെയും ഫലം കാണ്മാന്‍ ഇത് എഴുതുന്നു എന്നേ ഉള്ളു. 

235. മേല്‍ 230-ാം വകുപ്പില്‍ പറയുംപ്രകാരം കോട്ടയത്തു ചെറിയപള്ളി തുറന്നു കുംഭം 6-നു വേങ്കടത്ത് കത്തനാര്‍ കുര്‍ബാന ചൊല്ലിയതു മൂപ്പന്‍ കത്തനാരായ ഉപ്പൂട്ടില്‍ യാക്കോബ് കത്തനാര്‍ക്കു പകരമാണെന്നുള്ള സങ്കല്പത്തിന്മേല്‍ അടുത്ത 13-നു വേങ്കടത്തു കത്തനാര്‍ വീണ്ടും ചൊല്ലി. പിന്നീട് 20-നു ഞായറാഴ്ച ആറ്റുമാലില്‍ കത്തനാരുടെ അവധിയാണെന്നുള്ള സങ്കല്പത്തിന്മേല്‍ അയാളെക്കൊണ്ടു ചൊല്ലിക്കുവാന്‍ മെത്രാന്‍ കക്ഷികളും ചൊല്ലിക്കാതിരിക്കാന്‍ ബാവായുടെ കക്ഷികളും ആള്‍ശേഖരമായി കൂടി എങ്കിലും ആറ്റുമാലില്‍ ചൊല്ലുകയും ബാവായുടെ കക്ഷികള്‍ പിന്മാറുകയും ചെയ്തു. പിന്നീട് 27-നു ഞായറാഴ്ചയും രണ്ടു കക്ഷികളും ആള്‍ശേഖരിച്ചു കൂടി എങ്കിലും ആരും ചൊല്ലിയില്ല. 

236. സെമിനാരി സമരികേസില്‍ കൂട്ടുകൈവശം വിധിച്ചതനുസരിച്ചു 1087 കുംഭ മാസത്തില്‍ ട്രസ്റ്റികളായ കോനാട്ട് മല്പാനും സി. ജെ. കുര്യനും കൂടി ആള്‍ശേഖരത്തോടു കൂടി ഒരു ദിവസം സെമിനാരിയില്‍ ചെന്നു തേങ്ങാ ഇടുവിക്കയും തെങ്ങിനു പൊത്തിടുവിക്കയും ചെയ്തു. ആ സമയം സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍ ചെന്നു വിരോധിക്കയാല്‍ അയാളെ മറ്റെ കക്ഷി അടിച്ചു ഹേമദണ്ഡം ചെയ്തു. പിറ്റേ ഞായറാഴ്ച മെത്രാന്‍ കക്ഷികള്‍ സെമിനാരിയില്‍ ചെന്നു തേങ്ങാ ഇടുകയും പൊത്തു പൊളിക്കയും ചെയ്തു. ഇങ്ങനെ വഴക്കു മുറയ്ക്കു നടക്കുന്നു.

237. മേല്‍ വകുപ്പുകളില്‍ വിവരിക്കുന്ന കുഴപ്പങ്ങള്‍ മൂത്തു വരികയാല്‍ കോട്ടയത്തു സെമിനാരി പള്ളി, ചെറിയപള്ളി, പുത്തന്‍പള്ളി, പുത്തനങ്ങാടി കുരിശുപള്ളി ഈ നാലു പള്ളികളും 1087 മീനം 5-നു ഞായറാഴ്ച കാലത്തു ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് വന്ന് പൂട്ടിയിരിക്കുന്നു. അതിനാല്‍ കുര്‍ബാന മുടങ്ങിയിരിക്കുന്നു. 

238. മേല്‍ വിവരിച്ച കഴപ്പങ്ങളും തര്‍ക്കങ്ങളും നിമിത്തം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കാവലിനായി തെക്കു നിന്നു ചിലര്‍ വന്നു സെമിനാരിയില്‍ താമസിച്ചു വരുമ്പോള്‍ അവരില്‍ ഒരുവനായ കാരയ്ക്കല്‍ക്കാരന്‍ വര്‍ക്കി എന്നവനെ 1047-മാണ്ടു ഓശാനയുടെ തലേ ദിവസമായ ശനിയാഴ്ച സെമിനാരി മണല്‍പുറത്തു വച്ചു ഇവിടത്തുകാര്‍ കുറെ ജോനകര്‍ ചേര്‍ന്ന് ഭയങ്കരമായി അടിച്ച് കൊന്നിരിക്കുന്നു. ജോനകര്‍ക്കു വിശേഷാല്‍ വഴക്ക് ഉണ്ടായിട്ടല്ല. മെത്രാന്‍റെ ആളുകളെ ഉപദ്രവിക്കുവാന്‍ സി. ജെ. കുര്യന്‍ മുതല്‍പേര്‍ ജോനകരെ ശട്ടംകെട്ടിയിട്ടാണെന്നാണ് സംസാരം. ഇത് മിക്കവാറും വാസ്തവമാണെന്നു വിചാരിപ്പാന്‍ ന്യായവുമുണ്ട്. ഇതിനെക്കുറിച്ചു പോലീസ് അന്വേഷണം നടന്നു വരുന്നു. സി. ജെ. കുര്യന്‍റെ ജ്യേഷ്ഠപുത്രന്‍ പെരാട്ടു പാപ്പച്ചന്‍ എന്നവനെ കൂടെ അന്യായത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

239. മേല്‍ 237-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന കാരണത്താല്‍ കോട്ടയത്തു പുത്തനങ്ങാടി കുരിശുപള്ളിയില്‍ പതിവുള്ള പുതുഞായറാഴ്ച ആഘോഷം 1087-ല്‍ മുടങ്ങിയിരിക്കുന്നു. 

240. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കശീശായുടെയും എന്‍റെ ജ്യേഷ്ഠന്‍ കോറി ഫീലിപ്പോസിന്‍റെയും സ്മാരകമായി കോട്ടയത്തു വലിയപള്ളിയില്‍ രണ്ടു നിലയില്‍ ഒരു മുറി ഞാന്‍ പണിയിക്കയും അതിനു അവരുടെ പേരിന്‍ പ്രകാരം 'കസ് ആന്‍ഡ് കോറി ഫീലിപ്പോസ് മെമ്മോറിയല്‍ ഹാള്‍' എന്നു പേര് കൊടുക്കയും ചെയ്തതിനു പുറമെ ഈ പിതാക്കന്മാരുടെ ഓര്‍മ്മ മാര്‍ബിളില്‍ കൊത്തിയ ഒരു കല്ല് കാലംചെയ്ത മാര്‍ യൗസേഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ താല്പര്യത്താല്‍ 1908-ല്‍ വരുത്തി വച്ചിരുന്നത് മേല്‍പ്പറഞ്ഞ മുറിയുടെ രണ്ടാംനിലയില്‍ ഭിത്തിമേല്‍ സ്ഥാപിച്ചിരിക്കുന്നു. ഇത് സ്ഥാപിച്ചത് 1912 മീനത്തില്‍ ആണ്. 

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...